Wednesday, May 6, 2009

64.ആലീസിന്റെ അമാവാസിപൂജ

ഗ്രാമത്തിന്റെ സൗന്ദര്യമായിരുന്നു ആലീസ്‌. ആലീസ്‌ അങ്ങനെ ലീസിനു കിട്ടുന്നതോ "ലിസില്‍" ചേര്‍ന്നതോ അല്ല. വെറും സാധാരണക്കാരിയായ ഗ്രാമീണസുന്ദരി. അതും ചവറ്റുകര നാടിന്റെ മാത്രമല്ല ഭാരതത്തിന്റെയും ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും വരെ ചലനങ്ങളും തുടര്‍ചലനങ്ങളും അവളുടെ നിതംബ ചലനങ്ങളില്‍ ആണെന്ന് ചവറ്റുകരക്കാര്‍ വിശ്വസിച്ചുപോന്നു.

ആരോടും അധികം സംസാരിക്കാന്‍ പോകാത്ത ആരോടും വഴക്കടിക്കാത്ത അസൂയയില്ലാത്ത ആലീസിനെ കണ്ടുപഠിക്കാന്‍ ഗ്രാമത്തിലെ മാതാപിതാക്കള്‍ കുട്ടികളോടുപദേശിക്കുക പതിവായിരുന്നു.
പക്ഷെ കണ്ടു പഠിയ്ക്കാന്‍ തയ്യാറായ ചെറുപ്പക്കാരുടെ ഒരു വല്ല്യ കൂട്ടം ഉണ്ടെങ്കിലും ആരോടും അധികം മിണ്ടാട്ടം കാണിക്കാത്ത ആലീസിനെ കണ്ടു പഠിക്കാനുള്ള ശ്രമം കളഞ്ഞിട്ടു കേവലം കാണലില്‍ ഒതുങ്ങി.

എന്നും രാവിലെയും ഉച്ചയ്ക്കും മില്‍മയില്‍ പാലുംകൊണ്ടുള്ള അവളുടെ വരവ്‌ പ്രതീക്ഷിച്ചു ചെറുപ്പക്കാരുടെ കണ്ണുകള്‍ എണ്ണയും പാമോയിലും ഒഴിച്ച് കാത്തിരുന്നു. രണ്ടായി പിന്നിയിടുന്ന മുടിയുടെ ലക്ഷണം ആരോടെങ്കിലും ഇഷ്ടമുണ്ടെന്നും അതിലൊന്ന് മുമ്പോട്ടിട്ടാല്‍ അതെന്നോട്‌ ആണെന്നും രണ്ടും മുമ്പോട്ടിട്ടാല്‍ ഓടാനാണെന്നും അര്‍ത്ഥം എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുള്ളതിനാല്‍ (പുള്ളി പറഞ്ഞിട്ടില്ല എന്ന് കരുതുന്നവര്‍ ആശാന്റെ പെണ്ണും മുടിയും ലക്ഷണവും എന്നാ കവിത വായിക്കുക) ആരും പിന്നിയ രണ്ടുമുടിക്കെട്ടും മുമ്പോട്ടിട്ടു വരുന്ന ആലീസിനെ കയറി തോണ്ടാന്‍ ധൈര്യം കാണിച്ചിട്ടില്ല.

ചരിത്രാതീത കാലം മുതലേ ആലീസ്‌ ആഗ്രമത്തില്‍ താമസിക്കുന്നുണ്ടെന്നും അതല്ല ആലീസ്‌ ഏതോ മഴയില്‍ ആലിപ്പഴത്തിന്റെ രൂപത്തില്‍ പെയ്തുവീണ് ഗ്രാമത്തിന്റെ പുണ്യമായതാണെന്നും അതല്ല ഗ്രാമത്തിന്റെ ഐശ്വര്യമായി അവതരിച്ചതാണെന്നും വിശ്വാസമുണ്ട്‌. ആലീസിന്റെ പേരില്‍ അമ്പലം പണിയാനും പള്ളിയില്‍ പ്രത്യേക വഞ്ചി സ്ഥാപിക്കാനും ആവശ്യങ്ങളും സമരങ്ങളും നടന്നെങ്കിലും ആലീസിന്റെ സൌന്ദര്യത്തോടു വിരോധമുള്ള നാട്ടിലെ കാക്കക്കറമ്പികള്‍ക്കുള്ള ഇഷ്ടക്കേട് കാരണം നടന്നില്ല.

എന്നാല്‍ ഉരമരുന്നിന്റെ മണം മാറാത്ത കുട്ടികളുടെ മുതല്‍ കോട്ടന്‍ചുക്കാതി കുഴമ്പിന്റെ മണമുള്ള കെഴവന്റെ വരെ കൈയില്‍ ആലീസിന്റെ ഒരു ഫോട്ടോ എങ്ങനെയെങ്കിലും ഉണ്ടായിരിക്കും. അതിനെ രാവിലെ മുതല്‍ നോക്കിയിരുന്നാല്‍ പുണ്യം കിട്ടുമെന്നും അതല്ല സ്വര്‍ഗരാജ്യം താനേ വാതില്‍ തുറന്നു ഫോട്ടോയുടെ ഉടമയെ കൊണ്ടുപോകുമെന്നുമുള്ള വിശ്വാസം എല്ലാവര്‍ക്കുമുണ്ടായിരുന്നു.

പക്ഷെ ക്രിസ്ത്യാനിയായ ആലീസ്‌ പള്ളിയിലോ അമ്പലത്തിലോ എങ്ങും പോവാറില്ലായിരുന്നു. പക്ഷെ എല്ലാ അമാവാസിനാളിലും പുറത്തിറങ്ങി ഒരു കൈയില്‍ തൂശനില മടക്കിപിടിച്ചതും മറുകൈയില്‍ വെള്ളം നിറച്ചകിണ്ടിയുമായി പോകാറുണ്ടായിരുന്നു. എന്തിനു പോകുന്നെന്നോ എവിടെപോകുന്നുവെന്നോ ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. വികസനം ബസിന്റെ രൂപത്തിലോ ഇലക്ട്രിസിറ്റിയുടെ രൂപത്തിലോ ടെലഫോണിന്റെ രൂപത്തില്‍ പോലുമോ കടന്നുവരാത്ത ചവറ്റുകരയില്‍ ഇതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം ഉള്ള ആരും ഉണ്ടായില്ലെന്നാണ് സത്യം.

പക്ഷെ ആലീസ്‌ പോയ വഴികളിലൂടെ പിറ്റേന്ന് വെളുപ്പിന് ചിലര്‍ പോലീസ്‌ നായയെ പോലെപോയി നോക്കിയെങ്കിലും ചിലപ്പോള്‍ അടുത്തുള്ള ഭഗവതിക്കാവിലെ പാറക്കെട്ടില്‍ കിട്ടിയ ചിലപൂക്കള്‍ ആല്ലാതെ ഒന്നും കിട്ടിയിരുന്നില്ല. പക്ഷ കാവില്‍ മുല്ലചെടികള്‍ ഇല്ലാതിരുന്നിട്ടും കിട്ടിയ മുല്ലപ്പൂക്കള്‍ ആലീസിന്റെ ആണെന്ന് കരുതി ചിലരെടുത്തു നിധിപോലെ സൂക്ഷിച്ചിരുന്നു.

എന്തായാലും അത് ആലീസിന്റെ ആണെന്നോ അല്ലെങ്കില്‍ ആണോന്നോ ചോദിക്കാനോ അല്ലെങ്കില്‍ ക്രിസ്ത്യാനിയായ ആലീസ് എന്തിനു കാവില്‍ കയറിയെന്നോ തിരക്കാന്‍ ഇന്നത്തെപോലെ മതഭ്രാന്തന്‍ ആരുമാവിടെ ഉണ്ടായിരുന്നില്ലല്ലോ.

ആലീസ്‌ മില്‍മയില്‍ കൊടുക്കാന്‍ വരുന്നതുപോലെ പാലും കൊണ്ട് തങ്ങളുടെ വീട്ടില്‍ വരാന്‍ വേണ്ടി പാലുകുടി തുടങ്ങാന്‍ തയ്യാറായ ആളുകളുടെ മോഹങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചു ആലീസ്‌ ആരുടേയും വീട്ടില്‍ പാല് കൊടുക്കില്ലെന്ന് പറഞ്ഞപ്പോഴുണ്ടായ സങ്കടം തീര്‍ക്കാന്‍ ഭാരതപ്പുഴയില്‍ വെള്ളപ്പോക്കകാലത്ത് മഴപെയ്യുന്നതുപോലെ ആളുകള്‍ തങ്ങളുടെ സങ്കടം കരഞ്ഞു തീര്‍ത്തു.
എന്നിട്ടും ആരുടെയും വികാരങ്ങള്‍ മാനിക്കാത്ത ആര്‍ക്കും പാല് വീട്ടില്‍ കൊണ്ടുകൊടുക്കാത്ത ആലീസിനെ വെറുക്കാനോ അവളെ തെറിവിളിക്കാനോ ആരും മെനക്കെട്ടില്ല. അവള്‍ക്കു അതിനുള്ള കാരണങ്ങള്‍ ഉണ്ടെന്നു കരുതി സമാധാനിക്കായിരുന്നു എല്ലാവര്‍ക്കും മോഹം.
ഗ്രാമത്തിലുള്ള ഭ്രാന്തന്‍ എല്ലാവരുടെയും ആലീസ്‌ ഭ്രാന്തിനെ കളിയാക്കി ചിരിച്ചു ആര്‍ത്തട്ടഹസിച്ചു ഓടിനടക്കുന്നുണ്ടായിരുന്നു. ആലീസിനെ കളിയാക്കുന്ന ഭ്രാന്തനെ കല്ലെറിയാന്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ടായിരുന്നു. ആളുകള്‍ എറിയുന്ന കല്ലുകള്‍ പറക്കി വീണ്ടും ആകാശത്തോട്ടു എറിയുന്ന ഭ്രാന്തന്‍ ആലീസിനെ പ്രാകിക്കൊണ്ടിരിരുന്നു.

"യെക്ഷിയാണ് ... ആലീസ്‌ യെക്ഷിയാണ്."

അതുകേട്ട ജനം വീണ്ടും വീണ്ടും ഭ്രാന്തനെ കല്ലെറിഞ്ഞു കൊണ്ടിരുന്നു.

അന്നും അമാവാസിയായിരുന്നു.
പതിവുപോലെ ആലീസ്‌ ത്രിസന്ധ്യയ്ക്ക്‌ ഒരു കൈയില്‍ തൂശനിലയും മറുകൈയില്‍ ജലം നിറച്ച കിണ്ടിയുമായി പുറത്തിറങ്ങി. അവളുടെ കാലുകള്‍ നിലത്ത്‌ ഉറപ്പിച്ചാണോ നടന്നിരുന്നത്.? അവളുടെ പുറം പോള്ളയായിരുന്നോ.? അവളുടെ അഴിച്ചിട്ട കൂന്തല്‍ അവളുടെ നിതംബം മറച്ചുകിടക്കുന്നതിനാല്‍ പുറം ദൃശ്യമാല്ലായിരുന്നു. പക്ഷെ കാവ്യാത്മകമായി ചലിപ്പിച്ചുള്ള നിതംബ ചലനം തന്നെ ഭൂമിയുടെ ചലനമെന്നും ആര്‍ക്കും തോന്നുമായിരുന്നു. പക്ഷെ നേരിയ ഒരു വസ്ത്രം മാത്രം ധരിച്ചുനടക്കുന്ന ആലീസ്‌ നടക്കുകയാണോ അതോ ഒഴുകുകയാണോ എന്നും നോക്കുന്നവര്‍ക്ക് തോന്നുമായിരുന്നു. ശാന്തമായ സമുദ്രം പോലെയുള്ള അവളുടെ കണ്ണില്‍ നിന്നും അഗ്നിപര്‍വതം പോട്ടുന്നതിനുമുമ്പുള്ള ശാന്തതയാണോ എന്നും സംശയം തോന്നുമായിരുന്നു.

കടഞ്ഞെടുത്ത രൂപഭംഗിയുള്ള ആ പെണ്‍കുട്ടിയുടെ ശരീരം ഏതു പരമശിവന്റെയും തപസ്സ്‌ ഉണര്‍ത്താന്‍ പ്രാപ്തമായിരുന്നു.അങ്ങനെ അനന്തതയിലെന്നവണ്ണം ആലീസ്‌ നടന്നു നടന്നു അപ്രത്യക്ഷമായി.

പിറ്റേന്ന് രാവിലെ ആലീസിനെ മില്‍മയില്‍ പാലുകൊടുക്കാന്‍ വരാഞ്ഞത് കണ്ടപ്പോഴാണ് അന്വേഷണം തുടങ്ങിയത്. അവസാനം പതിവ്‌ പോലെ ഭഗവതിക്കാവില്‍ നോക്കിയപ്പോള്‍ ആലീസിന്റെ പിച്ചിച്ചീന്തപ്പെട്ട ശരീരം പാറക്കെട്ടില്‍ കാണപ്പെട്ടു. ചുറ്റും മുല്ലപ്പൂക്കളും ചരിഞ്ഞുകിടക്കുന്ന കിണ്ടിയും. ദാന്തക്ഷതങ്ങള്‍ നിറയെ കാണപ്പെട്ട ശരീരത്ത് നോക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആയിരം വട്ടം കാണാന്‍ കൊതിച്ച ശരീരമാണെങ്കിലും ഇങ്ങനെയൊരു അവസരത്തില്‍ നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായില്ല. എല്ലാവരുടെയും തകര്‍ന്ന ഹൃദയങ്ങള്‍ക്ക്‌ ഇതെങ്ങനെ എന്നൊരു ചോദ്യം വന്നെങ്കിലും ആരും ഈ പാതകം ചെയ്യാന്‍ തക്ക ക്രൂരതയുള്ളവര്‍ ഉണ്ടെന്നു കരുതാന്‍ കഴിഞ്ഞില്ല.

പക്ഷെ കാവിനു പുറത്തു പതിവ്പോലെ ആലീസിനെ തെറിവിളിച്ചു ഭ്രാന്തന്‍ നടക്കുന്നുണ്ടായിരുന്നു. ഇത്തവണ ആകാശേത്തെക്കെറിയാന്‍ അയാളുടെ കൈയില്‍ മുല്ലപ്പൂവുകള്‍ ഉണ്ടായിരുന്നു.