Monday, August 3, 2009

67.ബ്ലോഗില്‍ ഒരുവര്‍ഷം.

കഴിഞ്ഞ സെപ്റ്റമ്പറില്‍ ആണ് ബ്ലോഗെഴുത്ത് തുടങ്ങിയത്. ഈ സെപ്റ്റമ്പറില്‍ നാട്ടില്‍ ആവുമെന്നതിനാല്‍ അഡ്വാന്‍സായി ഒരുവര്‍ഷം ആഘോഷിക്കാമെന്ന് വെച്ചു. അതോടൊപ്പം ബ്ലോഗില്‍ നിന്ന് ഒരു താല്‍ക്കാലിക വിരമിക്കലും.

അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ ലഭിച്ച അധികസമയം ചിലവിടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്ന ബ്ലോഗിംഗ് ഒട്ടേറെ സുഹൃത്തുകളെ തന്നു. പ്രശസ്തനാകാനൊ പ്രസക്തനാകാനോ ഒട്ടും താല്പര്യവുമില്ല ആയതുമില്ല. നേരംകൊല്ലികള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം വായിച്ചപ്പോള്‍ പിന്നീട് എപ്പോഴോ ആണ് എന്റെ ഓര്‍ക്കുട്ട് വലയില്‍ വെളിയില്‍ ഉള്ള വായനക്കാരുടെ കാര്യം അറിയുകയും പിന്നീട് ചിന്തയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തത്. അഗ്രിഗേറ്ററുകളെകുറിച്ചൊന്നും അറിയില്ലായിരുന്നു. ഒപ്പം വായിക്കാനായി ബൂലോഗത്തുള്ളവരെയും കുറിച്ചൊരു പിടിയുമില്ലായിരുന്നു.

പിന്നീട് ചിലപ്പോഴെപ്പോഴോ അല്പം കൈപ്പേറിയ അനുഭവങ്ങളും ഉണ്ടായി എന്നതൊഴിച്ചാല്‍ ഞാന്‍ ആഗ്രഹിച്ചതില്‍ എത്രയോ കൂടുതല്‍ ഈ ചെറിയ ബ്ലോഗ്‌ വളര്‍ന്നിരിക്കുന്നു. ഇതിനോടൊപ്പം ഞാന്‍ തുടങ്ങിയ പരേതന്‍, പട്ടികള്‍, ഇന്ത്യന്‍പട്ടികള്‍, നാടന്‍ ഫുഡ്‌, ബ്രഹ്മാസ്ത്രം പിന്നെ ഞാന്‍ വല്ലപ്പോഴും എടുക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്യുന്ന ദീപ്ഫോട്ടോസ് അങ്ങനെ ഇഷ്ടപ്പെടാനും മറക്കാതിരിക്കാനും ഒരുപിടി നല്ല ഓര്‍മ്മകള്‍. ആദ്യം എനിക്കറിയില്ലായിരുന്ന അഗ്രിയുടെ ടെക്നിക്കിന്റെ ക്ഷീണം മാറ്റാന്‍ സ്വന്തം മലയാളം ബ്ലോഗ്കുട്ട്. ഒപ്പം എന്റെ പ്രതികരണം അറിയിക്കാന്‍ എന്റെ കമന്റുകളും.

ആരുടേയും പേര് എടുത്ത്‌ പറയുന്നില്ല. കാരണം ഓര്‍ക്കുട്ടിലും ബ്ലോഗിലുമായി ധാരാളം നല്ല ചങ്ങാതികള്‍. കമന്റിലൂടെയും സ്ക്രാപ്പിലൂടെയും മെയിലിലൂടെയും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക്‌ ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഇതിനു ഞാന്‍ അര്‍ഹന്‍ ആണോ എന്നുപോലും സംശയം ഉണ്ട്. എന്റെ പരേതന്‍ എന്നാ ബ്ലോഗ്‌ തന്റെ ബ്ലോഗ്‌ തുടങ്ങാന്‍ കാരണമായി എന്ന് പറഞ്ഞ സുഹൃത്തിനെയും കുളത്തുമണ്‍ ബ്ലോഗ്‌ തന്റെ ബ്ലോഗിന്റെ തുടക്കത്തിന്റെ കാരണവും ആയെന്നു പറഞ്ഞ സുഹൃത്തുകളുടെ അഭിപ്രായം എന്റെ നേട്ടമായി കരുതുന്നു. എന്നും വിവാദ വിഷയങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹിറ്റ്‌റേറ്റ്‌ ധാന്യം തരില്ലെന്ന തിരിച്ചറിവ്‌ അത്തരം വിവാദങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാന്‍ കാരണമായി എന്നും പറയാം.

എന്തായാലും ഒരിടവേള ആവശ്യമാണ്. ശരീരത്തിന് ഒരു പുത്തന്‍ ഉണര്‍വ്‌ ആവശ്യമെന്ന് തോന്നുന്നു. ഒരുപക്ഷെ ഈ നീണ്ട ഓട്ടങ്ങള്‍ തന്ന ക്ഷീണമാവാം കാരണം. ഒരു ആയുര്‍വേദ ചികിത്സ നടത്തി വീണ്ടും ചുറുചുറുക്ക് വീണ്ടെടുക്കാമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ഒരിടവേള ആവശ്യമാണ്‌. ബ്ലോഗെഴുത്ത് തുടരോമോ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇത്രനാളും എനിക്ക് ബ്ലോഗെഴുത്ത് ആത്മസംതൃപ്തി തന്നെന്ന് വേണം പറയാന്‍. അതിന്റെ കാരണമാകട്ടെ എന്റെ ഏറ്റവും പ്രീയപ്പെട്ട വായനക്കാരും.

ഇക്കാലമത്രയും .എന്നെ സഹിക്കുകയും നേര്‍വഴി കാണിക്കുകയും വിമര്‍ശിക്കുകയും അനുമോദിക്കുകയും ചെയ്ത എല്ലാവരോരും എന്റെ കടപ്പാട്‌ അറിയിച്ചുകൊള്ളട്ടെ.
ഒരുവര്‍ഷം തികഞ്ഞ ഈ വേളയില്‍ അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളട്ടെ

സ്നേഹത്തോടെ
(ദീപക് രാജ്)