Wednesday, January 14, 2009

41.ഒരു കണ്ണിറുക്കല്‍ പുരാണം

വര്‍ഷങ്ങള്‍ക്കു മുമ്പെ നടന്ന ഒരു സംഭവം ഇപ്പോള്‍ ആകസ്മികമായി അഗ്രജന്‍ എന്ന ബ്ലോഗറുടെ ബ്ലോഗ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

നീണ്ട ബസ് യാത്രകള്‍ പണ്ടേന്‍റെ ജീവിതത്തില്‍ വളരെ കുറവായിരുന്നു. പക്ഷെ ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മാതാശ്രീയുടെ ഉടപ്പിറന്നവന്‍റെ വീട്ടിലേക്ക് ഒരു യാത്രതരപ്പെട്ടു. ഇന്നു വിമാനയാത്രയും ബോറടിച്ചു തുടങ്ങിയെങ്കിലും അന്ന് പത്തനംതിട്ടയ്ക്കപ്പുറം ബസ് യാത്ര എന്ന് പറഞ്ഞാല്‍ ഒരു സംഭവം ആണെന്ന് കൂട്ടിക്കോ.തന്നെയുമല്ല മാതാശ്രീ വരുന്നില്ലയെന്നൊരു ബോണസും ഒപ്പമുണ്ട്.

മാതുലന്‍റെ വീട്ടില്‍ ചെല്ലണം.. മേപ്പടിയാന്‍റെ ഭാര്യ (എന്‍റെ അമ്മാവി) ശരീരസുഖമില്ലാതെ കിടക്കുന്നു.അല്പം സീരിയസ് ആണ്. അതിന് വേണ്ടിയുള്ളതാണ് യാത്ര.എന്‍റെ ഒപ്പം ഒരു കസിനും മറ്റൊരു കാരണവരും ഉണ്ട്.. കാരണവരെ സഹിക്കുക എന്നാല്‍ നമ്മുടെ ഡോ.സുകുമാര്‍ അഴീകൊടിന്‍റെ പ്രസംഗം സഹിക്കുന്നതിനുമപ്പുറം തന്നെ.. ലോകത്തിലെ എല്ലാ കാര്യത്തിലും തന്നെ വിചാരവീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അദ്ദേഹത്തെ എങ്ങനെ സഹിക്കും എന്ന് കരുതിയ എന്നെ എന്‍റെ കസിന്‍റെ സാന്നിധ്യം അല്പം മനസമാധാനം തന്നൂ എന്നതാണ് വാസ്തവം.

പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ മുതല്‍ നമ്മുടെ കസിന്‍ തന്‍റെ ലീലാ വിലാസങ്ങള്‍ കാട്ടിതുടങ്ങി.. (കസിന്‍ എന്നെക്കാള്‍ അഞ്ചു വയസ്സിനു മൂത്തതും പേരിലും സ്വഭാവത്തിലും ശ്രീകൃഷ്ണന്‍റെ പര്യായവും ആണ്..)പത്തനംതിട്ട കോളേജില്‍ പഠിക്കുന്നതും അതേപോലെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമുള്ളവനും ആയതിനാല്‍ ബസ്സ്റ്റാണ്ടില്‍ വന്നുകൊണ്ടിരുന്ന മിക്ക തരുണീമണികളും,കോളേജ് കുമാരികളും ഇഷ്ടനെ നോക്കി പുഞ്ചിരിതൂകുന്നുണ്ടായിരുന്നു. (ഇഷ്ടന്‍റെ ഭാഷയില്‍ റേഞ്ചുള്ള സ്ഥലം ആയതിനാല്‍ കടാക്ഷങ്ങള്‍ക്കും പുഞ്ചിരികള്‍ക്കും ക്ഷാമമില്ല..)

എന്നാല്‍ ആവശ കലാകാരന്മാര്‍ക്കും ബ്ലോഗര്‍മാര്‍ക്കും ആരാധകരില്ല എന്ന് പറയുന്നതുപോലെ ഈ പാവത്തിനെ ആരും നോക്കുന്നില്ല.. കടാക്ഷം,പുഞ്ചിരി എന്നിവയുടെ ദൌര്‍ബല്യം കുറെ നേരത്തേക്ക് എന്നെ ഭൌതികലോകത്തിന്‍റെ നിരര്‍ഥതയും ഒപ്പം അത്മീയത്തിലെക്കുള്ള തുറിച്ചുനോട്ടത്തിലുംവരെയെത്തിച്ചു എന്ന് വേണമെങ്കില്‍ പറയാം.

അന്നും ഏകദേശം അഞ്ചരയടിയില്‍ മേല്‍ ഉയരം ഉണ്ടായിരുന്നുവെങ്കിലും ഉദ്ദേശം നാല്പതുകിലോയില്‍ മേല്‍ പോകാത്ത ശരീരം സോമാലിയയില്‍ നിന്നുവന്ന അഭയാര്‍ത്ഥി എന്നൊരു ഇമേജ് തന്നിരുന്നുവെന്നു പിന്നീട് വിവരം വച്ചപ്പോള്‍ മനസ്സിലായി. എന്തായാലും അത്രയും കറുത്ത നിറം കിട്ടാത്തതില്‍ മാതാപിതാക്കളോടുള്ള അകൈതവമായ നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ഭാരതത്തിലെ യുവത്വവും കൌമാരവും പോഷകാഹാര ദൗര്‍ബല്യംമൂലം ഇങ്ങനെ ആയി എന്നും പറഞ്ഞു ലോകബാങ്കില്‍ നിന്നും ലോണ്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ സാമ്പിള്‍ ആയി കാണിക്കാന്‍ കൊള്ളാവുന്ന രൂപത്തിലുള്ള എന്നെ പെണ്‍കുട്ടികള്‍ എന്തിന് അല്ലെങ്കില്‍ എങ്ങനെ നോക്കും എന്നതായിരുന്നു സത്യം.

എന്തായാലും ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ പാലക്കാട്ടേക്ക് പോകാനുള്ള സൂപ്പര്‍ ഫാസ്റ്റ് വന്നു.(ഇന്നും അതെ സമയംതന്നെ എന്ന് തോന്നുന്നു.) ഏതാണ്ട് രാത്രി എട്ടു മണിക്കേ ഈ ആനവണ്ടി പാലക്കാട്ടെത്തൂ..ഞങ്ങള്‍ മൂവരും ബസില്‍ കയറി. ഞാന്‍ പ്രായത്തില്‍ കുറഞ്ഞവെന്ന കാരണം പറഞ്ഞു എന്നെ ജനാലയക്കരുകില്‍ ഇരുത്തി.. എന്നാല്‍ ഇടയിലൂടെ പോകുന്നവരെ കൈകൊണ്ടു മുട്ടാനുള്ള സൂത്രമാണ് ഇതെന്ന് നമ്മുടെ കസിന്‍ പിന്നീടാണ് എനിക്ക് പറഞ്ഞു തന്നത്.നമ്മുടെ കാരണവര്‍ ആകട്ടെ മറ്റൊരു സൈഡ് സീറ്റ് പിടിച്ചു ഉറങ്ങാനുള്ള ശ്രമത്തിലും.ബസ് അങ്ങനെ പത്തനംതിട്ടവിട്ടു.. ഇതിനിടയില്‍ പത്തനംതിട്ടയില്‍ നിന്നു കയറിയ ചിലപെങ്കുട്ടികളെ കണ്ണും കൊണ്ടുള്ള അഭ്യാസത്താല്‍ നമ്മുടെ കസിന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നു.

അങ്ങനെ ബസ് മുമ്പോട്ട്‌ പോയി കുറെ കഴിഞ്ഞു ഒരു സ്ഥലം എത്തിയപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയും അല്പം പ്രായമുള്ള കാരണവരും നില്ക്കുന്നത് കണ്ടു..നമ്മുടെ കസിന്‍ പുറകിലോട്ടു തിരിഞ്ഞു പെണ്‍കുട്ടിയെ നോക്കുന്നത് കണ്ടു.പക്ഷെ ഈ സ്ഥലം പുള്ളിയുടെ റേഞ്ചില്‍ പെട്ടതല്ല എന്ന തിരിച്ചറിവുകൊണ്ടായിരിക്കും കൂടുതല്‍ സാഹസത്തിനു പോകാതെ വേറെ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ടിരുന്നു..പക്ഷെ ഈ യാത്രയുടെ ആദ്യം മുതലേ ഇതെല്ലം കണ്ടുംകേട്ടും ആതിപൂതിയിളകി അന്തംവിട്ടുകണ്ണുംതള്ളി വികാരവിജ്രംഭിതനായി ഇരുന്ന ഞാന്‍ ഒരു കടുംകൈ ചെയ്യാന്‍ തീരുമാനിച്ചു. നേരെ ആ കുട്ടിയെ നോക്കി ഒന്നു കണ്ണിറുക്കി.പക്ഷെ എന്തോ ഏറ്റില്ലയെന്നു കരുതി വീണ്ടും ഇറുക്കിയപ്പോള്‍ വെറുപ്പോടെ പെണ്‍കുട്ടി മുഖം തിരിച്ചപ്പോള്‍ സംഭവം ചെന്നു കൊണ്ടു എന്ന് മനസ്സിലായി.

പക്ഷെ എന്‍റെ കഷ്ടകാലത്തിന് കോട്ടയം ബസ്സ്റ്റാന്റിന് വെളിയില്‍ വെച്ചാണിത് സംഭവിച്ചത്.. കോട്ടയം ബസ്സ്റ്റാണ്ട് ആയെന്നോ ഇതു അതിന് വെളിയില്‍ ആണെന്നോ ഒന്നും എലിയെതാ,പന്നിയെതാ,ട്രാന്‍സ്ഫോര്‍മര്‍ ഏതാ എന്നറിയാത്ത ഞാന്‍ ഉണ്ടോ അറിയുന്നു.. പക്ഷെ കഷ്ടകാലത്തിന് കല്ലെറിഞ്ഞാല്‍ അതും കാളയ്ക്കിട്ടു കൊള്ളും എന്ന് അന്നറിഞ്ഞു. ആ പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന കാരണവരും സ്റ്റാന്‍ഡില്‍ വെച്ചു ഞങ്ങളുടെ ബസില്‍ കയറി. എന്‍റെ നേരെ മുന്നിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ച ശേഷം "ആലത്തൂര്‍ രണ്ടു ടിക്കറ്റ്" എന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ തലയില്‍ വെള്ളിടി വെട്ടി.കാരണം എനിക്കിറങ്ങാനുള്ള സ്റ്റോപ്പും അതുതന്നെ.

അങ്ങനെ നല്ലകുട്ടിയായി ഞാന്‍ ആലത്തൂര്‍ വരെയിരുന്നു.ആലത്തൂര്‍ എത്തി ഞങ്ങള്‍ ഓട്ടോ വിളിച്ചു മാതുലന്‍റെ വീട്ടില്‍ ചെല്ലുന്നവരെ ഞാന്‍ ഉള്ളില്‍ അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു. പക്ഷെ മാതുലന്‍റെ വീട്ടില്‍ എത്തി പിറ്റേന്ന് വൈകിട്ട് മാതുലപുത്രി എന്നെ അതിന്‍റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ആ കുട്ടിയുടെ വിവാഹ നിശ്ചയമായിരുന്നു അടുത്ത ദിവസം..

ആ വീട്ടിലെത്തി കൂട്ടുകാരിയെ കണ്ട എന്നെ ശരീരത്തെ രോമങ്ങള്‍ തുടക്കക്കാരന്‍റെ ബ്ലോഗില്‍ വിശാലമനസ്കന്‍ കമന്‍റ് ഇട്ടാല്‍ ബ്ലോഗര്‍ക്കുണ്ടാവുന്ന അമ്പരപ്പ് പോലെ എഴുന്നേറ്റു നിന്നു.. ജെല്ല് പുരട്ടിയാലും ഇരിക്കില്ലായെന്ന മട്ടിലെ രോമങ്ങളുടെ പ്രതികരണങ്ങള്‍ക്ക് കാരണം ആ കൂട്ടുകാരി തലേന്ന് ഞാന്‍ കണ്ണിറുക്കിയ സുന്ദരിയായിരുന്നു. തലേന്ന് അച്ഛനുമൊത്ത് കോട്ടയത്തുള്ള ബന്ധുവിനെ വിവാഹ നിശ്ചയത്തിനു ക്ഷണിക്കാന്‍ പോയതായിരുന്നു ആകുട്ടി..

പക്ഷെ എന്നെ മനസ്സിലായില്ല എന്നതാണോ അതോ അല്പം തറവാടിത്തം ഉണ്ടായിരുന്നതിലാണോ എന്തോ എന്നെ ആ പെണ്‍കുട്ടി നാറ്റിച്ചില്ല. എന്‍റെ സ്വഭാവഗുണത്തെ പറ്റി മാതുല പുത്രി വാഴ്ത്തിയപ്പോള്‍ മെഴുകില്ലാതെ തിരിമാത്രം കത്തിച്ചാല്‍ എന്നതുപോലെ ഞാന്‍ പെട്ടെന്ന് കത്തിതീര്‍ന്നു..

പക്ഷെ "അന്നേപോയീ രാതൂറ്റല്‍" എന്നതുപോലെ പിന്നീട് ജീവിതത്തില്‍ ഒരു പെണ്ണിനേയും കണ്ണിറുക്കി കാട്ടിയിട്ടില്ല.

21 comments:

ദീപക് രാജ്|Deepak Raj said...

പക്ഷെ "അന്നേപോയീ രാതൂറ്റല്‍" എന്നതുപോലെ പിന്നീട് ജീവിതത്തില്‍ ഒരു പെണ്ണിനേയും കണ്ണിറുക്കി കാട്ടിയിട്ടില്ല.

Sureshkumar Punjhayil said...

Athokondippo Randu kannum jeevanodeyundallo..!! Valare rasakaram. Ishttamayi ... Bhavukangal...!!!

saju john said...

ദീപക്,
“തുടക്കക്കാരന്‍റെ ബ്ലോഗില്‍ വിശാലമനസ്കന്‍ കമന്‍റ് ഇട്ടാല്‍ ബ്ലോഗര്‍ക്കുണ്ടാവുന്ന അമ്പരപ്പ് പോലെ എഴുന്നേറ്റു നിന്നു...” ഈ ഒരു വാചകം മതി ഈ പോസ്റ്റ് മുതലാവാന്‍.

അങ്ങിനെ വന്ന് വന്ന് താനോരു സംഭവമായി വരികയാ‍ണല്ലോ...ബൂലോകത്തില്‍

പോസ്റ്റിന്റെ എണ്ണത്തിലും ക്വാളിറ്റിയിലും, സ്വഭാവത്തിലും വച്ച് നോക്കുകയാണെങ്കില്‍, “ബെര്‍ളിത്തര”ങ്ങള്‍ക്ക് “ബ്ലോഗനയില്‍” ഉണ്ടായ കുട്ടികള്‍ പോലെ......

ആഹ്.....ബെര്‍ളിത്തരങ്ങളുടെ ഒരു കടുത്ത ആരാധകന്‍ അല്ലേ......

സ്നേഹത്തോടെ......നട്ടപിരാന്തന്‍

എം.എസ്. രാജ്‌ | M S Raj said...

കണ്ടോ കണ്ടോ നിശ്ശബ്ദമായി ഒരു വിപ്ലവം തന്നെ നടന്നു.

പിന്നെ, അതിന്റെ മറുവശം - അന്ന്‍ ആ പെണ്‍കുട്ടി ഒന്നു ‘മനസ്സുവെച്ചിരുന്നെന്കില്‍’ ഇന്ന് ഇത്ര ഗ്ലാമറോടെ ഇരിക്കില്ലായിരുന്നു. എന്താണെങ്കിലും മിസ്സിസ് ദീപകിന്റെ പുണ്യം. :)

സസ്നേഹം,
എം.എസ്.രാജ്

jyothi said...

ദീപക് നന്നായിട്ടുണ്ടു..സംഭവം നടന്നതു തന്നെയോ അതോ?...ഹഹഹ....രണ്ടായാലും കലക്കി!

മാണിക്യം said...

എന്റെ ഒരു കസിന്‍
രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍
ഒരു ദിവസം ഓടി വന്നു ചോദിച്ചു
“ഇച്ചേയിയെ ഒരു കണ്ണു കൊച്ചാക്കണം മറ്റേക്കണ്ണ് വല്യതാക്കണം.പറ്റുവ്വോ?....”

ഞാന്‍ അന്ന് ഹൈസ്കൂളിലാ, പറയുന്നത് ഇവനായകൊണ്ട് ഒരു പിടീം കിട്ടില്ലാ..
ഞാന്‍ കൈകൊണ്ട് ഒരു കണ്ണിന്റെ കണ്‍പോള വലിച്ചു തുറക്കന്‍ നോക്കുമ്പോള്‍ അവന്‍ ഒറ്റചിരി എന്നിട്ട്‍ ശഡ് ശഡേന്ന് അവന്‍ ‘സൈറ്റ്’അടിച്ചു കാണിച്ചു. ഇന്നാളില്‍ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു...‘ഡാ ഒരു കണ്ണു കൊച്ചാക്കണം മറ്റേക്കണ്ണ് വല്യതാക്കണം.പറ്റുവ്വോ?....’
അവന് ഇന്ന് മൂന്ന് ആണ്‍മക്കളുണ്ട്..പിന്നെ പഴങ്കഥ വിളമ്പി അതിപ്പൊള്‍ ഓര്‍ത്തു.....

ഓരോ സൈറ്റുകള്‍ പോണ വഴിയേ!!

Senu Eapen Thomas, Poovathoor said...

എര്‍ത്തിംഗ്‌ അന്നും ഇന്നും എന്നും ഉണ്ട്‌. ബസ്സില്‍ കയറിയാല്‍ എര്‍ത്തിംഗ്‌, വയലിന്‍ വായന അങ്ങനെ വെളിയില്‍ പറയാന്‍ പറ്റാത്ത പലതിനു ഈ കണ്ണുകളും സാക്ഷി ആയിട്ടുണ്ട്‌. ഒരു പഴമ്പുരാണം എഴുതിയതുമാണു. പക്ഷെ ഒടുക്കം അത്‌ പ്രസിദ്ധീകരിക്കാതെ ഇപ്പോഴും എന്റെ ഫയലില്‍ ഉറങ്ങി കിടക്കുന്നു.

കുന്നാണെന്ന് കരുതി കന്നേല്‍ തൂറി..അന്നേ നിര്‍ത്തി ആ രാ തൂറു എന്നാണു ആ പഴഞ്ചൊല്ല്.

ഇനിയും പോരട്ടെ...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Neena Sabarish said...

മെഴുകില്ലാതെ കത്തുന്നൊരു തിരിപോലെ....എനിക്കുവയ്യ....എന്താ ഉപമ....

mini//മിനി said...

ഏതായാലും അടി കിട്ടിയില്ലല്ലൊ,ഭാഗ്യം.

smitha said...

"യുവത്വവും കൌമാരവും പോഷകാഹാര ദൗര്‍ബല്യംമൂലം ഇങ്ങനെ ആയി എന്നും പറഞ്ഞു ലോകബാങ്കില്‍ നിന്നും ലോണ്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ സാമ്പിള്‍ ആയി കാണിക്കാന്‍ കൊള്ളാവുന്ന രൂപത്തിലുള്ള എന്നെ"
നല്ല ഉപമകള്‍,നല്ല അവതരണം
എന്തയാലും അന്നത്തൊടെ നിര്‍ത്തിയതു നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

എനിക്കാദ്യം ഈ രാതൂറല്‍ മനസ്സിലായില്ല,ഞങ്ങളൊക്കെ തൂറാറുണ്ട്.പിന്നെ“കുന്നാണെന്ന് കരുതി കന്നേല്‍ തൂറി..അന്നേ നിര്‍ത്തി ആ രാ തൂറു എന്നാണു ആ പഴഞ്ചൊല്ല്. “ എന്ന Senu Eapen Thomasന്റെ കമന്റില്‍ നിന്നാണു കാര്യം മനസ്സിലായത്.പിന്നെ ഈ എര്‍തിങ്ങ് പണ്ട് നല്ലൊരു പരിപാടിയായിരുന്നു.ഇപ്പോള്‍ അതൊക്കെ പോയി.ആ പഴയ നല്ല കാലം ഓര്‍ത്തു പോയി.നല്ല കഥ.അന്നൊക്കെ കൊല്ലങ്കോടു രജാവിനെപ്പൊലെ ഈ കലാ പരിപാടി കാണാനും ആളുകളുണ്ടായിരുന്നു.ചില കണ്ടക്ടര്‍മാരിക്കാര്യത്തില്‍ ബഹു വീരന്മാരായിരുന്നു.ഇനിയും പോന്നോട്ടെ ഇത്തരം കഥകള്‍.

ഇന്നൂസ് said...

എവിടെയോ കേട്ടു മറന്ന ഒരു സംഭവം പോലെ...!

ധനേഷ് said...

ദീപക്,
വളരെ നല്ല എഴുത്ത്..
ഒന്നാന്തരം ഉപമകള്‍. ഇതു വരെ ദീപക്കിന്റെ അധികം പോസ്റ്റുകള്‍ വായിച്ചിട്ടില്ലായിരുന്നു..

ഞാ‍നിതാ ഇന്നു മുതല്‍ ഈ ബ്ലോഗിന്റെ ഒരു സ്ഥിരം കുറ്റിയായതായി ഉറക്ക പ്രഖ്യാപിക്കുന്നു..

(‘ആ ലോകബാങ്ക് പ്രയോഗം തകര്‍ത്തു കേട്ടോ’)

smitha adharsh said...

എന്നാലും..ആ പരേതനെ ഇങ്ങേരാണോ പടച്ചു വിട്ടത്?
ഒന്നു നേരില്‍ കാണാന്‍ വല്ല വഴിയും ഉണ്ടോ?
ഞാന്‍ പക്ഷെ,ആദ്യമേ സംശയിച്ചിരുന്നു..ഇയാളെ..കാരണം,പോസ്റ്റ് heading നോടൊപ്പം നമ്പറും ..രണ്ടു ബ്ലോഗ്ഗിലും ഒരുപോലെ..കണ്ടതുകൊണ്ടു ഉണ്ടായ സംശയം മാത്രമാണേ...ചോദിക്കാന്‍ ധൈര്യമില്ലായിരുന്നു..എന്തായാലും സംഭവം കലക്കി..


നാട്ടില്‍ പോകുന്നു...
തിരക്കിലാണ്..
ബാക്കി വന്നിട്ട് വായിക്കാം..
എഴുത്ത് നടക്കട്ടെ..

mads said...

കണ്ണിറുക്കി കണ്ണിറുക്കി

അവളെ ഞാന്‍ വളച്ചെടുത്തു

കണ്ണിറുക്കി കണ്ണിറുക്കി

കരളു ഞാന്‍ കവര്‍ന്നെടുത്തു

നവരുചിയന്‍ said...

ഇതാണ് കാരണവന്മാര്‍ പറയുന്നത് ....

കണ്ണ് ഇറുക്കികില്‍ കണ്ണാടിയോട് മാത്രം .....

എന്ന് വെച്ചാല്‍ ... കണ്ണാടിയില്‍ നോക്കി മാത്രം കണ്ണ് ഇറുക്കുക അല്ലെങ്കില്‍ പലരും നമ്മളെ കേറി ഇറുക്കും.

വേറെ ഒരു വഴി ആലോചിച്ചാല്‍ .... കണ്ണാടി വെച്ചിടു (കളര്‍ ഉള്ളത് ) മാത്രം കണ്ണ് ഇറുക്കുക .

ദീപക് രാജ്|Deepak Raj said...

പ്രിയ സുരേഷ്കുമാര്‍ പുഞ്ഞയില്‍

സത്യം.. അതുകൊണ്ട് രക്ഷപ്പെട്ടു..

പ്രിയ നട്ടപിരാന്തന്‍ ചേട്ടാ.

അങ്ങനെ ഒന്നും ഇല്ലെന്നെ.. നമ്മള്‍ വെറും തുടക്കകാരന്‍ മാത്രം.
ബെര്‍ളി തോമസിന്‍റെ മാത്രമല്ല.. താങ്കളുടെ,കൈപ്പള്ളിയുടെ,വിശാലമനസ്കന്‍റെഅങ്ങനെ പോകുന്നു ആ നിര.. പക്ഷെ താങ്കളുടെയും ബെര്‍ലിയുടെയും ചങ്കൂറ്റം അതെന്നെ ഒത്തിരി ആകര്‍ഷിച്ചു എന്നതാണ് സത്യം.. പിന്നെ ചേട്ടന്‍ തിരക്ക് മൂലമാവാം പോസ്റ്റുകളില്‍ പിശുക്കത്തരം കാട്ടുന്നില്ലെയെന്നു മാത്രമൊരു സംശയം മാത്രം..

നന്ദി..

പ്രിയ എം.എസ്.രാജെ..

സത്യത്തില്‍ അവളുടെ പ്രാര്‍ത്ഥന ദൈവം കേട്ടതിനാല്‍ ആണെന്ന് തോന്നുന്നു എന്നെ ഒരു കുഴപ്പവും ഇല്ലാതെ ദൈവം വച്ചിരുന്നു..
നന്ദി..

പ്രിയ ജ്യോതിര്‍മയി..

സത്യം.. നടന്നത് തന്നെ.. എന്‍റെ ജീവ ചരിത്രം എഴുതിയാല്‍ ഒരു പക്ഷെ എന്നെ പ്രസ്ഥാനം എന്ന് വിളിക്കേണ്ടി വരും.. അത് കൊണ്ടു തുനിയുന്നില്ല.. വരണം.. നന്ദി..

പ്രിയ മാണിക്യം ചേച്ചി..

കണ്ണടയ്ക്കല്‍ അല്പം മെനക്കെടുള്ള പണിയാണ്.. കുറെ കഷ്ടപ്പെട്ട് ഒന്നു സ്വായത്തമാക്കാന്‍.. പക്ഷെ ഇപ്പോള്‍ ഉപയോഗം വരുന്നില്ല എന്നൊരു വിഷമമേ ഉള്ളൂ..
നന്ദി..
പ്രിയ സെനൂ ഈപ്പന്‍ അച്ചായ..
രണ്ടു തവണ തൂറ്റല്‍ ഒഴിവാക്കാന്‍ അവനെ ഒന്നു മുറിച്ചതാ.
പിന്നെ ഞാന്‍ മറുപടി ഇട്ടിരുന്നു.. വേണമെങ്കില്‍ അവനെ ഒന്നു പോസ്റ്റിക്കൂടെ..
നന്ദി..
പ്രിയ നീന ശബരീഷ്..

നന്ദി.. ഏതോ പാട്ടില്‍ പറയുന്നതു പോലെ. അങ്ങനെ പല പല കാര്യങ്ങള്‍..അത്രേയുള്ളൂ... വീണ്ടും വരണം.

പ്രിയ ചാണക്യ...
ഒരു ഒന്നേമുക്കാല്‍ ചിരി ആണെന്നറിയാം.. വീണ്ടും വരണം ചിരിക്കണം,.നന്ദി..(മിണ്ടാതെ പോകുന്നവരെക്കള്‍ ചിരിക്കുന്നവരെയാണ് എനിക്കിഷ്ടം )

പ്രിയ മിനി..
അതെ അതെ..
അല്ലെങ്കില്‍ ഈ ഗ്ലാമര്‍ (ഉണ്ടോ..അറിയില്ല..) എല്ലാം പോയേനെ..

പ്രിയ സ്മിത,..
സത്യത്തില്‍ അതോടു ഞാന്‍ നന്നായി എന്ന് വേണം പറയാന്‍.. കാരണം..ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നല്ലതിനെന്ന് പഠിപ്പിച്ച ഒരു പാഠം ആയിരുന്നു അത്.. വീണ്ടും വരണം..

പ്രിയ മുഹമ്മദ് കുട്ടിഇക്ക..
രണ്ടു തവണ തൂറ്റല്‍ ഒഴിവാക്കാന്‍ ഒന്നു മുറിച്ചതായിരുന്നു.. തെക്കന്‍ കേരളത്തില്‍ വളരെ പ്രചാരത്തില്‍ ഉള്ള പ്രയോഗം ആയതിനാല്‍ സെനൂ അച്ചായന്‍ പിടിച്ചെടുത്തു.. ഇനി അങ്ങനത്തെ പ്രയോഗങ്ങള്‍ മുറിക്കില്ല..

ദീപക് രാജ്|Deepak Raj said...

പ്രിയ ഇന്നൂസ്..

സത്യത്തില്‍ മറന്നു പോയൊരു കാര്യമായിരുന്നു.. വീണ്ടും അഗ്രജന്‍റെ പോസ്റ്റ് വായിച്ചപ്പോള്‍ ഓര്‍മിച്ചു എന്ന് മാത്രം.പൊതുവെ അക്കിടികള്‍ മറക്കാന്‍ ശ്രമിക്കുന്നവനാ ഞാന്‍..ഇപ്പോള്‍ ബ്ലോഗ് എഴുതുന്നതുകൊണ്ട് ഓര്‍ക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രം..

പ്രിയ ധനേഷ്..
നന്ദി...വീണ്ടും വരണം.. പോസ്റ്റുകള്‍ ഇവിടെ ചറ പറ പോസ്റ്റ് ചെയ്യും എന്ന് വാക്കു തരുന്നു.. പ്രോല്‍സാഹനവും വിമര്‍ശനവും തരിക..

പ്രിയ സ്മിത ആദര്‍ശ്..

നന്ദി.. അതെ പരേതന്‍ ഞാന്‍ തന്നെ എഴുതിയ ബ്ലോഗ് ആയിരുന്നു.. എപ്പോഴെങ്കിലും ദൈവം സഹായിച്ചാല്‍ കാണാം.. പിന്നെ നാട്ടില്‍ പോയി അടിച്ച് പൊളിച്ചു വരണം. വന്നിട്ട് വീണ്ടും വായിക്കണം.

പ്രിയ മാഡ്‌സ്

അങ്ങനെ തന്നെ വളചെട്ക്കാന്‍ നോക്കിയില്ല..ചുമ്മാതെ അറിയുന്ന വിദ്യ പ്രയോഗിച്ചു ആളാവാന്‍ നോക്കി.. പക്ഷെ അതൊന്നും ആളാകലല്ല വെറും ചീപ് പരിപാടികള്‍ ആയിരുന്നുവെന്നു ഇപ്പോള്‍ മനസ്സിലായി..

എല്ലാവരും വീണ്ടും വരണം..നിങ്ങളുടെ പ്രോല്‍സാഹനവും വിമര്‍ശനവും വീണ്ടും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നുവെന്ന് മറക്കരുത്..

സ്നേഹത്തോടെ
ദീപക് രാജ്

ദീപക് രാജ്|Deepak Raj said...

പ്രിയ നവരുചിയ

സത്യം തന്നെ..അതുകൊണ്ടാണ് ഇപ്പോള്‍ കളറുള്ള കണ്ണട കൂടുതല്‍ ചിലവാകുന്നത്. (അതേപോലെ ബീച്ചില്‍ പോകും ആരെയും നോക്കാമെന്നും ഉപയോഗമുണ്ടെന്ന് കേട്ടു.)
ഞാന്‍ ഉപയോഗിച്ചിട്ടില്ല.. അപ്പോള്‍ കരുണാനിധി പുലി തന്നെ..
തമിഴന്മാര്‍ കേക്കണ്ട..

വീണ്ടും വരുമല്ലോ.. നന്ദി..

Mohamedkutty മുഹമ്മദുകുട്ടി said...

പിന്നെ ദീപകെ,ബ്ലോഗിലെ കമന്റിനുള്ള മറുപടികളും മറ്റൊരു ബ്ലോഗുപോലെ വായിക്കാന്‍ രസമുണ്ട്.സത്യത്തില്‍ ഞാന്‍ ഈ ബ്ലോഗില്‍ വലിയ താല്പര്യമില്ലാത്ത ആളായിരുന്നു.ഇപ്പൊഴാണു അതിന്റെ സുഖമറിയുന്നത്.

ദീപക് രാജ്|Deepak Raj said...

പ്രിയ മുഹമ്മദ്കുട്ടി ഇക്ക.

വളരെ നന്ദി.. സത്യത്തില്‍ വായനക്കാരോട് വെറുതെ ഒരു നന്ദി പറയാന്‍ താത്പര്യം ഇല്ല.. അവരാണ് ഈ ബ്ലോഗിന്‍റെ ശക്തി എന്ന് തിരിച്ചറിയുന്ന ഒരാള്‍ എന്നനിലയ്ക്ക്‌ ഞാന്‍ എല്ലാവര്‍ക്കും മറുപടി കൊടുക്കാന്‍ ശ്രമിക്കാറുണ്ട്,.

വീണ്ടും വരണം.