Showing posts with label നര്‍മ്മം. Show all posts
Showing posts with label നര്‍മ്മം. Show all posts

Sunday, July 5, 2009

66.മബുവിനും ലൈസന്‍സ്‌ കിട്ടി..

രാത്രി അല്പം താമസിച്ചുകിടന്നതുകൊണ്ടാവാം വെളുപ്പിനെ ഫോണ്‍ ബെല്ലുകെട്ടപ്പോള്‍ അല്പം ദേഷ്യം വന്നു..അറിയാവുന്ന ഇരുപതു തെറികളെ മുറിച്ചു നാല്പതാക്കി മനസ്സില്‍ പറഞ്ഞുകൊണ്ട് ഫോണ്‍ എടുത്തു..

"അളിയാ. ഒരു വിവരവുമില്ലല്ലോ..?"

ഒന്ന് ഞെട്ടി. ശെടാ... എനിക്ക് വിവരം ഇല്ലെന്നത് സത്യമാണെങ്കിലും വെളുപ്പിന് വിളിച്ചുണര്‍ത്തി പറയേണ്ട കാര്യമുണ്ടോ. നമ്പര്‍ നോക്കി. പരിചയം ഇല്ലല്ലോ. ഇപ്പോള്‍ എനിക്ക് വിവരമില്ലെന്നകാര്യം കേരളത്തില്‍ പത്രത്തിലും വന്നോ. അറിയാത്ത നമ്പരില്‍നിന്നൊക്കെ ഫോണ്‍ വരുന്നു. ഈ പത്രക്കാരെ കൊണ്ട് തോറ്റു. എന്തായാലും ഈ മാരണത്തെ ഒന്ന് പരിചയപ്പെടണമല്ലോ. ഒന്ന് തിരിച്ചു വിളിച്ചു..

"എനിക്ക് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിയില്ല. തിരക്കാണ്. താങ്കളുടെ നമ്പര്‍ തരുക. തിരിക വിളിക്കാം.."

അമ്പട..! വോയിസ്‌ മെയിലില്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദേഷ്യം അരിച്ചു കയറി. ഇതാര്.. ഇത്രയും വൃത്തികെട്ട ശബ്ദമുള്ള കൂട്ടുകാര്‍ ആരും ഇല്ലല്ലോ. ആദ്യം ഇരുപതു തെറികളെ അരച്ചുക്കൂട്ടി ഒരു നീളന്‍ തെറി മെസ്സേജ് ആയി വിട്ടു. ഇത് കിട്ടുമ്പോള്‍ വീണ്ടും വിളിക്കും.
ഊഹം തെറ്റിയില്ല. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു.

" മാഷേ... ഞാനാ മബു..(ഈ മബുവിനെ പണ്ടൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു..) എനിക്ക് ലൈസന്‍സ്‌ കിട്ടി..."

ഓ.. ഇത് നമ്മുടെ മബുവാണല്ലോ.. ഇവന്‍ ടെസ്റ്റ്‌ എഴുതാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാവുന്നത് അല്പം പ്രയാസമാണ്. കാശ് കൊടുത്ത് കാര്യം സാധിക്കാനാവില്ല. (അഥവാ അങ്ങനെ സാധിക്കുമെങ്കില്‍ ഒരു കമന്റ് ഇടുക.. ഞാന്‍ തരാം. എനിക്കും പാസ്സാകണം) അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുന്നത് ഒരു ലോട്ടറി അടിക്കുന്നത് പോലെയാണ്.

"എല്‍" ലൈസന്‍സ്‌ വെച്ചും വണ്ടി ഓടിക്കാമെങ്കിലും മോട്ടര്‍വേയില്‍ ഓടിക്കാന്‍ കഴിയില്ല. തന്നെയുമല്ല ഫുള്‍ ലൈസന്‍സ്‌ ഉള്ള അണ്ണന്‍മാരുടെ മുമ്പില്‍ ഒരു ബഹുമാനത്തോടെ ഒക്കെ പോകണം. പ്രത്യേകിച്ചും മലയാളികളുടെ മുമ്പില്‍. എന്നാല്‍ "എല്‍" ലൈസന്‍സ്‌കാരന്‍ റോഡില്‍ അല്പം മണ്ടത്തരങ്ങള്‍ കാണിച്ചാല്‍ പയ്യനല്ലേ എന്നുകരുതി ആളുകള്‍ അത്ര വലിയ തെറി വിളിക്കില്ല എന്നൊരു ആശ്വാസവും ഉണ്ട്.

ഇനി നേരെ കാര്യത്തിലേക്ക് . മബു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായത് ഒരു ചരിത്ര സംഭവമാണ്. മബു വണ്ടിയെടുത്തത് തന്നെ സംഭവം ആണ്. മബു വണ്ടിയും കൊണ്ട് വരുന്നത് കണ്ടാല്‍ തന്നെ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ആളുകളും വണ്ടികൊണ്ട് മാറി നില്‍ക്കും. മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും. അതുകൊണ്ട് തന്നെ മബു താമസിക്കുന്ന സ്ട്രീറ്റിലെ എല്ലാവര്‍ക്കും അതിശമായിരുന്നു മബുവിന്റെ ടെസ്റ്റ്‌ വിജയം. ഇതില്‍ മബുവിനു അല്പം വിഷമം വന്നു ആശ്വാസത്തിനായി ആണ് എന്നെ വിളിച്ചത്.

ടെസ്റ്റ്‌ ദിവസം ഒന്ന് വിശദീകരിക്കാം. രാവിലെ കുളിച്ചു ദുര്‍വ്വാസാവ്‌ മഹര്‍ഷിയെപ്പോലെ എവിടെല്ലാം ചന്ദനവും കുങ്കുമവും ഭസ്മവും തേക്കാം അവിടെല്ലാം തേച്ചു കുറിയിട്ട് മബു ടെസ്റ്റ്‌ അടിക്കാന്‍ ചെന്നപ്പോഴേ പരീക്ഷകന് എന്തോ പന്തികേട്‌ തോന്നി.

(ലോകത്തില്‍ കേവലം മുപ്പതു പേര് മാത്രം സംസാരിക്കുന്ന ഭാഷയാതിനാല്‍ ഇംഗ്ലീഷില്‍ ഞാന്‍ ഈ സംസാരം എഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ല. ഇവിടെ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എഴുതുന്നു.)

പരീക്ഷകന്‍: " ഡേയ്..! എന്തര് ടെസ്റ്റ്‌ തന്നയെല്ല വന്നത്. അതോ പൂജയ്ക്കോ?"

മബു : "രക്ഷിക്കണം. മൂന്നാമത്തെ തവണയാ ടെസ്റ്റിനു വരുന്നത്.. രക്ഷിക്കണം"

മബു വണ്ടി മുമ്പോട്ട് എടുത്തു..

പരീക്ഷകന്‍ " ഇന്ത്യയില്‍ ഇപ്പോഴും കാളവണ്ടികള്‍ ഒത്തിരി ഉണ്ടല്ലേ അപ്പീ.."

മബു" തോനെ ഉണ്ടല്ലോ അണ്ണാ എങ്ങനെ അറിയാം .."

പരീക്ഷകന്‍" ഈ ഓട്ടീര് കണ്ടപ്പോള്‍ തോന്നിയപ്പീ .."

തലവെട്ടിച്ചുള്ള മബുവിന്റെ നോട്ടം കണ്ടപ്പോള്‍ പരീക്ഷകന് കാര്യം മനസ്സിലായി. ചുറ്റും അല്പവസ്ത്രധാരിണികളായ മദാമ്മമാരെയാണ് നോക്കുന്നത്..

പരീക്ഷകന്‍: "ഡേയ് .അപ്പീ.എനിക്ക് എനിക്ക് കൂടും കുടുംബവും ഉണ്ട്. നേരെ നോക്കീ ഓട്ടീര് ..അല്ലെങ്കില്‍ എന്റെ മൂക്കില്‍ പഞ്ഞിവേക്കേണ്ടി വരും.. ഇപ്പോള്‍തന്നെ പറഞ്ഞു വിടും..പറഞ്ഞില്ലെന്നു വേണ്ട"

മബു " അണ്ണാ .... ചതിക്കല്ലേ. ഇനി ടെസ്റ്റാണ് എന്ന് പറഞ്ഞാല്‍ എല്ലാവരും എന്നെ കൊല്ലും.. എനിക്ക് പാസാവണം.."

പരീക്ഷകന്‍.."തന്നെ... പക്ഷെ എനിക്ക് ജീവിക്കണം .നേരെ നോക്കീ ഓടിയ്ക്ക് .."

എന്തായാലും കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ കഴിഞ്ഞു അവസാനം പരീക്ഷകന്‍ ചോദിച്ചു..

"അപ്പീ.. ഇവിടെ ജ്വാലിയൊക്കെ ആയോ.."

മബു "എവിടെ അണ്ണാ.. ഈ ലൈസന്‍സ്‌ എടുത്തു മൂന്നു മാസം കഴിഞ്ഞാല്‍ ഞാന്‍ ഓസ്ട്രലിയയില്‍ പോവും.. ഇവിടെ ജ്വാലി ഒന്നും ആയില്ല."

എന്തായാലും ഇത് കേട്ടപ്പോള്‍ പരീക്ഷകന്‍ മബുവിനു ലൈസന്‍സ്‌ കൊടുത്തു.. പോകാന്‍ നേരം പ്രത്യേക ഉപദേശവും

" അപ്പീ.. തീര്‍ച്ചയായും ഓസ്ട്രലിയയില് പോവകണം.. കാരണം ഈ ലൈസന്‍സും എടുത്തു അധികം ഇവിടെ കറങ്ങണ്ടാ.. ഇവിടുത്തുകാര്‍ക്കും ജീവിക്കേണ്ടേ...!"

എന്തായാലും നാണം കെട്ടായാലും ലൈസന്‍സ്‌ കിട്ടി. പക്ഷെ തന്റെ ഡ്രൈവിങ്ങിനുള്ള കഴിവ്‌ കൂട്ടുകാരോ ഇപ്പോള്‍ ഇയാളോ അംഗീകരിക്കുന്നില്ല എന്നാ വിഷമം തീര്‍ക്കാനാണ് എന്നെ വിളിച്ചത്..ഞാന്‍ അധികം ആരെയും വിഷമിപ്പിക്കില്ല എന്നതുകൊണ്ട്‌ ഒരു അഭിനന്ദനം പ്രതീക്ഷിച്ചു.. എന്തായാലും ഞാന്‍ നനായി അഭിനന്ദിച്ചു..വളരെ പതിയെ തിരിച്ചു ചോദിച്ചു..

"ആ പരീക്ഷകന്റെ പേരെന്താ.."

മബു "അതെന്താ ദീപക്കേ..!?"

"അല്ല നീ പാസായല്ലോ.. ഇനിയിപ്പോള്‍ എനിക്ക് ധൈര്യമായി പോകാം. ഇനി ഞാന്‍ ഫെയില്‍ ആവില്ല എന്ന് തോന്നുന്നു.. "
എന്തായാലും മബു തിരികെ പറഞ്ഞ തെറി ഇവിടെ എഴുതാന്‍ പറ്റില്ല.. ഞാന്‍ ഇരുപതു നാല്പതാക്കി കൊടുത്തത് അരച്ച് കലക്കി ഒന്നായി തിരികെ തന്നു..

ശെടാ.. മബുവിനെ ആരെങ്കിലും ഒന്ന് അനുമോദിച്ചിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു..

Monday, June 1, 2009

65.പരേതന്റെ ഭൂമീവാസം

പരേതനെ കുറിച്ച് അറിയാത്തവര്‍ പരേതന്‍ ബ്ലോഗ്‌ വായിക്കുക. പരേതന്‍ നിര്‍ത്തിയതിനാല്‍ ആ ബ്ലോഗില്‍ എഴുതാതെ ഇതില്‍ എഴുതി എന്നുമാത്രം.

പരലോകത്തുനിന്നു വന്നതില്‍പിന്നെ ഭൂമിയിലെ ജീവിതത്തില്‍ വല്ല്യ പ്രതിപത്തി തോന്നിയിരുന്നില്ല. ശാന്തമ്മയും നളിനാക്ഷിയും ഇടയ്ക്കിടെ തന്നെ ഭര്‍ത്താവിന്റെ കടമകള്‍ ഓര്‍മ്മിപ്പിച്ചിട്ടും എന്തോ ഒന്നിനും ഒരു താല്പര്യം ഉണ്ടായില്ല. ഒരു പക്ഷെ ഷക്കീലയുടെയും സില്‍ക്ക് സ്മിതയുടെയും മറ്റു അപ്സരസുകളുടെയും സൌന്ദര്യം ഇവര്‍ക്കില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ഒരു താല്‍പര്യവും തോന്നുന്നില്ല. സ്കോച്ച് അടിച്ചവനു കുതിര റം ഇഷ്ടപ്പെടാത്തതിലെ ന്യായം ഇവര്‍ക്കെങ്ങനെ മനസ്സിലാവും. തന്റെ സ്റ്റാമിനയും പോരെന്നാണ് പറയുന്നത്. കൊള്ളാം തന്നെ കുതിര രാവുണ്ണിയെന്നുവരെ വിളിച്ചവര്‍ ഉണ്ട്. ഇവര്‍ക്കെന്തറിയാം.

യമലോകത്തെപ്പറ്റി ഓര്‍ത്തിട്ടു ഒരു സമാധാനവും കിട്ടുന്നില്ല.എന്തോരം കാഴ്ചകളായിരുന്നു. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രമെന്നപോലുള്ള കാഴ്ചകള്‍. അമ്പോ. ഇനി ഇഹലോകം മടുത്തൂന്നു പറഞ്ഞു കയറിചെന്നാല്‍ ഉള്ള വിലയും പോവും.

ഭൂമിയില്‍ വന്നതില്‍ പിന്നെ തന്റെ മിക്ക കൂട്ടുകാരും അല്പം ഭയത്തോടെയാണ് നോക്കുന്നത്. ഒരുപക്ഷെ പണ്ട് പ്രേതമായി നടന്നവന്‍ വീണ്ടും ആളായി വന്നതിന്റെ ഭയമായിരിക്കും. കൈപ്പുഴ കല്യാണിയും തന്നെ കാണുമ്പോള്‍ ഓടുന്നതുകാണുമ്പോള്‍ തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മനുഷ്യര്‍ ജീവിച്ചിരിക്കുന്നവരെ പേടിച്ചാല്‍ മതിയെന്നുള്ള സത്യം തനിക്കല്ലേ അറിയൂ. മരിച്ചവര്‍ ആരെയും ഒന്നും ചെയ്യാറില്ലല്ലോ. പക്ഷെ മരിച്ചു ജീവിച്ച തന്നെപ്പോലുള്ളവരുടെ കഥ ആര്‍ക്കറിയാം. അതാവും ഈ പ്രയാണങ്ങളുടെ കാരണം.

മരിച്ചു തിരുച്ചുവന്നപ്പോള്‍ എന്തോരം ജനക്കൂട്ടം ആയിരുന്നു. പത്രങ്ങളും ടിവിക്കാരും എന്നുവേണ്ട ആകെ ജകപോക.മിക്കവര്‍ക്കും സ്വര്‍ഗമാണോ നരകമാണോ നല്ലത് എന്നറിയാനുള്ള വെമ്പല്‍ ആയിരുന്നു. എന്നിട്ട് വേണമല്ലോ ഇനിയുള്ള ജീവിതം പ്ലാന്‍ ചെയ്യാന്‍. പക്ഷെ ഷക്കീലയും സില്‍ക്കും നരകത്തില്‍ വാസമാണെന്ന് അറിഞ്ഞതില്‍ പിന്നെ എല്ലാവര്‍ക്കും നരകത്തില്‍ പോകാനാണല്ലോ ആഗ്രഹം. ആ ഷക്കീലയും സില്‍ക്കും രാവുണ്ണിയാര്‍ന്നു പറഞ്ഞാല്‍ വാലാട്ടി പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും അസൂയ. ചിലര്‍ക്കൊക്കെ താന്‍ വെറും പുളുവടിയ്ക്കുകയായിരുന്നോ എന്നും സംശയം ഉണ്ട്.

തറവാട്ടിലെ ആനയെ വിറ്റു കഴിഞ്ഞിട്ടാണല്ലോ തന്റെ പുനരവതാരം. താന്‍ വന്നതിനു തൊട്ടുമുമ്പേ എവിടുന്നോ ഒരു വിത്തുകാളയെ നളിനാക്ഷി വാങ്ങിയിരുന്നു. അല്പം വരുമാനം ഉണ്ടാക്കാനാണത്രേ. ശേ! എന്ത് പറയാന്‍. കലികാലം അല്ലാതെന്താ പറയുക. ആനയെ വളര്‍ത്തിയ മുറ്റത്തു ഒരു കാള. ഏതായാലും ചവിട്ടിക്കുകയും മറ്റും നടത്തുന്നത് നളിനാക്ഷി തന്നെയാണ്. ഇടയ്ക്കിടെ കാളയുടെ നോട്ടം കാണുമ്പോള്‍ അവന്റെ കണ്ണ് കുത്തി പൊട്ടിക്കാന്‍ തോന്നും. വഷളന്‍. നാട്ടിലെ പശുക്കളെ മുഴുവന്‍ പെഴപ്പിച്ച് ഒരു ബലാസംഗവീരനായി നില്‍ക്കുന്ന ക്രിമിനല്‍ അല്ലാതെന്താ. എന്നിട്ടും അവന്റെ അഹങ്കാരം.

ഒരു ദിവസം രാവിലെ ഒരു പയ്യന്‍ പശുവിനെക്കൊണ്ട് വരുന്നത് കണ്ടുകൊണ്ടാണ്
മുറ്റത്തെക്കിറങ്ങിയത്.

"എന്താടാ ... രാവിലെ കൊണ്ടിറങ്ങിയോ. വെറുതെ രാവിലെതന്നെ ഈ വൃത്തികേടുകള്‍ കാണിക്കാന്‍ തന്നെയാ പുറപ്പാട്‌ അല്ലെ.?"

"അല്ല അമ്മാവാ. ഞാന്‍ ഒരാഴ്ചയായി വരുന്നു. പക്ഷെ ഞാന്‍ വരുന്നതിനു മുമ്പ് തന്നെ ആരെങ്കിലും കാര്യം സാധിപ്പിച്ചു സ്ഥലം വിടും. അതുകൊണ്ടാ ഞാന്‍ ഇത്ര വെളുപ്പിന് ഇങ്ങു വരുന്നത്."

പയ്യന്‍ വിഷമത്തോടെ പറഞ്ഞു.

"ഹ ഹ ഹ ഹ ...! കൊള്ളാം. എടാ ചെറുക്കാ. ഇതിനോക്കെയല്ലേ ഞാന്‍ ഇവിടെയിരിക്കുന്നത്. അതിനൊരു ട്രിക് ഉണ്ട്. ഞാന്‍ ഇതെത്ര പയറ്റിയതാ... അതുകൊണ്ടല്ലേ ഈ രാവുണ്ണിയാരെ ചിലരൊക്കെ കുതിര രാവുണ്ണിയെന്നും കോഴി രാവുണ്ണിയെന്നും ഒക്കെ വിളിച്ചിരുന്നത്. ഇപ്പോള്‍ ചത്തു തിരിച്ചു വന്നതില്‍ പിന്നെ എല്ലവര്‍ക്കും പരേതന്‍ രാവുണ്ണി മാത്രം. "

പയ്യന്‍ കൌതുകത്തോടെ അടുത്തെത്തി. അവന്റെ ചെവിയില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തു. എന്താലും പയ്യന്‍ പശുവിനെയും കൊണ്ട് അടുക്കള ഭാഗത്തേക്ക് പോകുന്നത് കണ്ടു. തിരികെ വരുമ്പോള്‍ ചിരിച്ചുകൊണ്ട് വരുന്ന പയ്യനെ നോക്കിചിരിച്ചപ്പോള്‍

"അമ്മാവന്‍ പുലിയാണ് കേട്ടോ. കാര്യം നടന്നു. ചേച്ചി ഞാന്‍ ഇതൊക്കെ എങ്ങനെ പഠിച്ചു എന്ന് ചോദിച്ചു. പക്ഷെ ഞാന്‍ അമ്മാവന്‍ പറഞ്ഞപോലെ അമ്മാവന്റെ പേര് പറഞ്ഞില്ല.."

ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം പഴയ കാര്യക്കാരന്‍ വാസു നായര്‍ എത്തി വിളിച്ചു..

"രാവുണ്ണി അങ്ങേത്തെ ....?"

പതിയെ പതിയെ എഴുന്നേറ്റു ചെന്നൂ.

"എന്താ നായരെ ... "

"എന്റെ മോന്‍ പറഞ്ഞിട്ടാ ഞാന്‍ വന്നത്, അവന്‍ കുറെദിവസം പശുവിനെ ചവിട്ടിക്കാന്‍ ഇവിടെ വന്നിരുന്നു, പക്ഷെ എന്നും താമസിക്കുന്നതും കൊണ്ട് വീണ്ടും വീണ്ടും വന്നതും പിന്നെ അങ്ങേത്തു എന്തോ പറഞ്ഞു കാര്യം നടത്തിയെന്നും അവന്‍ പറഞ്ഞു. അതിനൊരു നന്ദി പറയാന്‍ വന്നതാ."

"ഭ..! ആ നായിന്റെ മോന്‍ നിന്റെ സന്തതി ആയിരുന്നോ.. അവനോടു പറഞ്ഞു കൊടുത്തത് എന്റെ മൂക്കീല്‍ പഞ്ഞി വെയ്ക്കാന്‍ ചെയ്യിച്ചത് പോലെയായി. ഇപ്പോള്‍ എന്റെ പെണ്ണുമ്പിള്ള ആ ടെക്നിക് പ്രയോഗിച്ചു എന്റെ നടുവൊടിഞ്ഞു. അവനു പറഞ്ഞു കൊടുത്തത് വേലിയേല്‍ കിടന്ന പാമ്പിനെ പിടിച്ചു ന്യൂ ഡല്‍ഹിയില്‍ വെച്ചപോലായി."

"ഹി ഹി ഹി ഹി. ഞാന്‍ പോണു..ങാ അങ്ങുത്തെ.. ഇപ്പോള്‍ വീണ്ടും ചാകാറായി കേട്ടോ. ഇക്കണക്കിനു ടെക്നിക്ക്‌ പ്രയോഗിച്ചാല്‍ വീണ്ടും പരേതനാവും" നായര്‍ തിരിഞ്ഞു നടന്നു.
നായരുടെ ചിരി കണ്ടപ്പോള്‍ ദേഷ്യം നുരപോന്തി വന്നു.
"എടീ കമാലാക്ഷീ. ആ വടിയിങ്ങേടുത്തെ... നടക്കാന്‍ വയ്യാ.."

"എന്നാലും ആ നായരുടെ മോന്‍ ആളൊരു കൊച്ചു മിടുക്കനാ അല്ലെ.."

വടികൊണ്ടുവന്ന കമലാക്ഷിയുടെ ചോദ്യം കേട്ടപോഴാ ഓര്‍ത്തത്. അടികൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും.

"പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.. അത് പണമായാലും അറിവായാലും.."

Tuesday, April 21, 2009

63.കുതിരയെ ഒണ്ടാക്കുന്നവന്‍

കഴിഞ്ഞ വളിപ്പന്‍ പോസ്റ്റിനു മാപ്പ് പറഞ്ഞിട്ട് തന്നെ ഐശ്വര്യമായി തുടങ്ങട്ടെ. കഴിഞ്ഞ പോസ്റ്റിനു കിട്ടിയ തെറിവിളി മൂലം കുഴിയില്‍ കിടന്നു തുമ്മി തുമ്മി വശംകെട്ടുവെന്നു എന്റെ പരേതനായ മുതുമുത്തച്ഛന്‍ സ്വപ്നത്തില്‍ അറിയിച്ചു.

ഈ സംഭവം നടന്നത് തൊണ്ണൂറുകളില്‍ ആണ്. ഞാന്‍ അന്ന് സകുടുംബം എന്ന് വച്ചാല്‍ മാതാപിതാക്കളോടൊപ്പം സസുഖം വാഴുന്ന ഡല്‍ഹിയില്‍ വാഴുന്ന കാലം. ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്ന് ഒരു ഫോണ്‍കോള്‍. നാട്ടില്‍ നിന്ന് പിതാശ്രീയുടെ ഒരു ബന്ധുവാണ്. അദ്ദേഹത്തിന്‍റെ സ്വപുത്രന്‍ ആസ്ട്രേലിയായിലെക്കുള്ള യാത്രാമധ്യേ ന്യൂ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും അവനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചു വീണ്ടും മേല്‍ബണിലേക്കുള്ള വിക്ഷേപണത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നായിരുന്നു ബന്ധുവിന്റെ ആവശ്യം.

എന്റെ പിതാശ്രീ ആകെ സന്തോഷവാനായി. കാരണം പൊതുവേ മാതാശ്രീയുടെയും പിതാശ്രീയുടെയും കുടുംബങ്ങള്‍ അത്ര നല്ല സഹകരണത്തില്‍ അല്ല. പിതാശ്രീയുടെ കുടുംബത്തില്‍ പൊതുവേ ഉന്നത വിദ്യഭാസം ചെയ്തവര്‍ കുറവായതുകൊണ്ട് ഞങ്ങള്‍ എല്ലാം കളിയാക്കാറൂണ്ടായിരുന്നുവേന്നതും ഈ വരുന്ന വേന്ദ്രന്‍ മൃഗഡോക്ടര്‍ ആണെന്നതും ഉപരിപഠനത്തിനായി കങ്കാരുവിന്റെ നാട്ടില്‍ പോവുന്നത് കാണിക്കാന്‍ എന്റെ പിതാശ്രീയ്ക്കുണ്ടായിരുന്ന അവസരമായിരുന്നു ഇത്. ഇതുകേട്ടാല്‍ പിതാവിന്റെ വീട്ടുകാര്‍ മുഴുവന്‍ സ്കൂള്‍ കാണാത്തവര്‍ ആണെന്നൊരു തോന്നല്‍ വരുന്നവരോട് ഇത്രയും പറയാം. അല്ല അവര്‍ എല്ലാം സ്കൂള്‍ കണ്ടിട്ടുണ്ട്. എല്ലാ പ്രാവശ്യവും ഇലക്ഷന്‍ സ്കൂളില്‍ വച്ച് നടന്നിരുന്നതുകൊണ്ടും പതിനാറു എം.എം. സിനിമകള്‍ സ്ഥിരമായി സ്കൂളില്‍ വന്നിരന്നതുകൊണ്ടും എങ്ങനെ സ്കൂള്‍ കാണാതെയിരിക്കും. പിന്നെ വെള്ളപ്പൊക്കകാലത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്കൂളിലല്ലാതെ അമ്പലത്തില്‍ വെയ്ക്കാന്‍ പറ്റില്ലല്ലോ.

ഈ വരുന്ന വേന്ദ്രന്റെ വീട്ടുകാരോട് എനിക്കും വലിയ പ്രതിപത്തിയില്ലാ. കാരണം കുടുംബത്തിലെ വിദ്യസമ്പന്നായ ഇവന്റെ വീട്ടുകാര്‍ പൊതുവേ അല്പം ജാടക്കാര്‍ ആയിരുന്നു. പക്ഷെ ആ വീട്ടില്‍ ഒരു വേലക്കാരന്‍ ഉണ്ടായിരുന്നു. ഒരു മാധവന്‍ പിള്ള. അയാളെയും ആ വീട്ടില്‍ ഉണ്ടായിരുന്ന ഒരു പട്ടിയേം മറക്കാന്‍ കഴിയില്ല. മാധവന്‍ പിള്ളയുടെ പ്രത്യേകത എന്ന് പറഞ്ഞാലും "ഓ " എന്നും പറഞ്ഞു ഓടി വരുമായിരുന്നു. ഈ ഓ യ്ക്ക് പല അര്‍ത്ഥങ്ങള്‍ ഉണ്ട്. "വിളിക്കുന്നവന്‍ കരുതുന്നത് "ഓ" ശരി ഇപ്പോള്‍ ശരിയാക്കാം " എന്നാണെന്നും "ഓ " എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഒപ്പിച്ചു തരാം എന്നാണെന്നും ഇനി അതല്ല ചെയ്തില്ലെങ്കില്‍ "ഒലത്തി" കളയുമോ എന്നാണെന്നും ഒരു തോന്നല്‍ ഉളവാക്കാന്‍ ഈ "ഒ"യ്ക്ക് കഴിഞ്ഞിരുന്നു. എന്നിരുന്നാലും കേരള കോണ്‍ക്രസ് ഉള്ളിടത്തോളം കാലം ഗ്രൂപ്പുകളും കാണും എന്ന് പറയുന്നതുപോലെ പിള്ളയുടെ "ഓ" യും എന്നും ഒപ്പം ഉണ്ടായിരുന്നു.

അതെന്തായാലും അവിടെ ചെല്ലുമ്പോള്‍ എന്നും കാപ്പിയിട്ടു തരുന്ന പിള്ളയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഞാന്‍ പട്ടിയെ കാണാന്‍ ചെല്ലുമ്പോള്‍ " എടാ ചെറുക്കാ നിന്റെ പാക്ക് ഈ പട്ടി കടിച്ചു പറിക്കും" എന്ന് പറയുന്ന പിള്ള നല്ല സ്നേഹം ഉള്ളവനായിരുന്നു. പക്ഷെ രാജപാളയം ഇനത്തിലെ കൃശഗാത്രനായ പട്ടിയ്ക്കെന്തേ പിള്ള ഭക്ഷണം കൊടുക്കാതെ ഉണങ്ങിയിരിക്കുന്നത് എന്ന് പലപ്രാവശ്യം ഞാന്‍ പിള്ളയോട് ചോദിച്ചിട്ടുണ്ട്.
"ഈ നായിന്റെ മോന്‍ ഒരു നന്ദിയില്ലാത്തവനാ. ഒരു ചെമ്പ് അരിയുടെ ചോറ് കേറ്റിയാലും ചൂല് പോലെ ഇരിക്കൂ. മനുഷ്യനെ പറയിപ്പിക്കാന്‍ കൊണ്ടുവന്ന നശൂലം."
ഈയിനം അധികം വണ്ണം വെയ്ക്കുന്ന ഇനമാല്ലെന്നു പിന്നീടാണ് മനസ്സിലായത്. പാവം പിള്ള ചോറ് കൊടുക്കാത്തതല്ല കാരണം എന്ന് പിന്നീട് മനസ്സിലായി.

വൈശാലി സിനിമയില്‍ വിഭാണ്ഡക മഹര്‍ഷി തന്റെ പുത്രനെ "ഋഷിസൃംഗോ " എന്ന് കൂവി വിളിക്കുന്നത്‌ പോലെ എയര്‍പോര്‍ട്ടില്‍ വിളിച്ചുകൂവാതിരിക്കാന്‍ പിതാശ്രീ ജോലിയ്ക്കുപോവുന്നതിനു മുമ്പേ അതിഥിയുടെ ഒരു ഫോട്ടോ എന്റെ കൈവശം തന്നു. (കാരണം ഞാന്‍ ഈ പാര്‍ട്ടിയെ കണ്ടിട്ട് ദശാബ്ദം കഴിഞ്ഞിരുന്നു.) ആല്‍ബത്തില്‍ ഒട്ടിച്ച സ്കൂള്‍ പഠനകാലത്തെ ഫോട്ടോ കണ്ടപ്പോള്‍ എന്നാല്‍ പിന്നെ അരഞ്ഞാണം കേട്ടാല്‍ ചടങ്ങിനു എടുത്ത ഫോട്ടോ തന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും പ്രൊഡ്യൂസര്‍ ആണെന്ന് കരുതി ക്ഷമിച്ചു നാക്ക്‌ ഡപ്പിയില്‍ ഇട്ടു. ഏതായാലും ചെറിയ മുറുമുറുപ്പോടെ ഫോട്ടോയും വാങ്ങി പോക്കറ്റില്‍ ഇട്ടു നേരെ വിമാനത്താവളം ലക്ഷ്യമാക്കി വിട്ടു.

വിമാനത്താവളത്തില്‍ എന്റെ കണ്ണ് കുതിരയുടെ വിഷയത്തില്‍ ഉന്നത വിദ്യാഭാസം തേടി വിദേശത്തു പോകുന്ന ബന്ധുവിനെ തിരയുന്ന തിരക്കിലായിരുന്നു. നല്ല ഉയരവും കുതിരയുടെ പുഞ്ഞി പോലെ നീണ്ട മുടിയും കുതിച്ചുകുതിച്ചു നടക്കുന്നതുമായ ഒരു കരുത്തനെ പ്രതീക്ഷിച്ച എന്റെ ആകെ അമ്പരപ്പിച്ചു പമ്പരവിഡ്ഢിയെന്നു ചെണ്ടക്കൊട്ടിപ്പാടുന്ന മുഖത്തോടു കൂടിയ ശ്രീമാന്‍ ദീപക്കല്ലേ എന്നാ ചോദ്യവുമായി വന്നപ്പോള്‍ തന്നെ ആകെ വ്യാകുലമാതാവ് വിചാരിച്ചാലും എന്റെ വ്യാകുലതകള്‍ മാറില്ലെന്ന് മനസ്സിലായി. വന്നയുടനെ ട്രോളിയില്‍ നിന്ന് ഒരു പെട്ടി എടുത്ത്‌ എന്റെ കൈയില്‍ തന്നു. ഒരെണ്ണം ആശാനും പിടിച്ചു. പെട്ടി പിടിച്ചു ഒരു കൂലിയെപ്പോലെ നടക്കുന്ന എന്നെ കണ്ടു എന്റെ സുഹൃത്ത് ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍ ആകെ എന്റെ കോപം മുപ്പത്താറു ഇരട്ടിയായി. യാത്രയിലുടനീളം നമ്മുടെ കുതിര ഡോക്ടര്‍ എന്നെ ക്ഷമയെ എങ്ങനെ പരീക്ഷിക്കാം എന്നുള്ളതിന്റെ പരിശീലനമായിരുന്നു. ഒടുവില്‍ തന്റെ കോഴ്സിനെയും കുതിരയേയും പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ തലവേദനയുടെ ട്രിക്കില്‍ കണ്ണുംപ്പൂട്ടി മെല്ലെ കിടന്നു.
വീട്ടിലെത്തിയപ്പോഴേക്കും പിതാശ്രീയുടെ ചില കൂട്ടുകാരും ചില ബന്ധുക്കളും (പിതാശ്രീയുടെ കുടുംബത്തിലെ ) ടിയാനെ കാണാന്‍ എത്തിയിരുന്നു.

ഏതായാലും നവംബര്‍ മാസത്തെ തണുപ്പുകൊണ്ടാവം വന്നു തല്‍ക്കാലം കുളിയോന്നും വേണ്ടായെന്ന മറുപടിയോടെ പുള്ളിക്കാരന്‍ എല്ലാവരെയും പരിചയപ്പെടാന്‍ അടുത്തുകൂടി. ഏതായാലും ഈ കത്തി എന്റെ തലയില്‍ നിന്ന് വിരുന്നുകാരുടെ തലയിലോട്ടു മാറിയതില്‍ ഞാന്‍ അത്യന്തം സന്തോഷവാനായി. പിതാശ്രീയുടെ ഒരു കൂട്ടുകാരന്‍ നമ്മുടെ കുതിരഡോക്ടറോട് എന്ത് ചെയ്യുന്നുവെന്നോ എന്ത് പഠിക്കാന്‍ ഓസ്ട്രലിയയില്‍ പോകുന്നുവെന്നോ എന്തോ ചോദിച്ചു. ചോദ്യം ഇംഗ്ലീഷില്‍ ആയിരുന്നുവെങ്കിലും പണ്ടെങ്ങോ സ്കൂളിലോ കോളെജിലോ പഠിയ്ക്കുന്ന സമയത്ത് ഭോപാലില്‍ എന്‍.സി.സി. ക്യാമ്പില്‍ പോയി പഠിച്ച ഹിന്ദിയുടെ ബലത്തില്‍ ഇഷ്ടന്‍ തട്ടിവിട്ടു.

"മേം ഘോഡ ബനാത്താ ഹൈ.."

എന്തുദ്ധെശിച്ചാണ് പറഞ്ഞത് എന്നറിയില്ല പക്ഷെ പറഞ്ഞു വന്നപ്പോള്‍ ഞാന്‍ കുതിരയെ ഉണ്ടാക്കുന്നു എന്നാണ് അര്‍ഥം വന്നത്. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി ചിരിയടക്കുന്നതു കണ്ടപ്പോള്‍ തന്നെ ഞാന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഇതുവരെ എത്ര കുതിരയെ ഉണ്ടാക്കിയെന്ന് മലയാളത്തില്‍ ചോദിച്ചപ്പോഴാണ് ആശാന് താന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കിയത്.എന്റെ ചിരി സത്യത്തില്‍ അവിടെ ഒരു ചിരിയുടെ മാലപ്പടക്കത്തിനു തീകൊളുത്തിയത് കുതിര ഡോക്ടര്‍ അത്ര രസത്തോടെയല്ല കണ്ടത്.

വീണ്ടും പരസ്പരം പാരവെച്ചും കളിയാക്കിയും മൂന്നു ദിവസം പോയപ്പോള്‍ ഒരു ദിവസം എന്നോട് ഒന്ന് ചുറ്റിക്കാണിക്കാന്‍ സുജിത് (കുതിര ഡോക്ടര്‍) ആവശ്യപ്പെട്ടു.
ഞാന്‍ അവനെയും കൂട്ടി ഷക്കൂര്‍ ബസ്തിയിലെത്തി. തിരിച്ചു വരുമ്പോള്‍ അല്പം മീന്‍ വാങ്ങുകയെന്ന ഉദ്ദേശമാണ് അവിടെചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞങ്ങള്‍ അവിടെ മീന്‍ വില്‍ക്കുന്ന ബീഹാറിയുടെ മുമ്പില്‍ എത്തി. ഈ ബീഹാറിയുടെ ഭാര്യ അതീവസുന്ദരിയാണ്. മുമ്പൊരിക്കല്‍ അവരെ സൂക്ഷിച്ചു നോക്കിയപ്പോള്‍ "എന്താണ് സഹോദര ഇങ്ങനെ നോക്കുന്നത്. താങ്കള്‍ ഇതിനു മുമ്പേ സ്ത്രീജനങ്ങളെ ദര്‍ശിച്ചിട്ടില്ലേ എന്ന് ചോദിക്കുകയുണ്ടായി." ഇതിന്റെ " എടാ ഡാഷ് മോനെ. നീയെന്തേ പെണ്ണുങ്ങളെ കണ്ടിട്ടില്ലെട പന്നീ" എന്നാണെന്ന് അത്ര ഹിന്ദി അറിയില്ലാത്ത അന്ന് എന്റെ കൂടെ വന്ന സുഹൃത്ത്‌ തര്‍ജ്ജമ ചെയ്യുകയുണ്ടായി. പക്ഷെ എന്റെ വിശ്വസിക്കില്ല. ആരെങ്കിലും അങ്ങനെ ചോദിക്കുമോ. അതും എന്നെ പോലെ നിഷ്കളങ്കനായ ഒരു യുവത്വവും കൌമാരവും തമ്മില്‍ കിളിത്തട്ട് കളിക്കുന്ന പ്രായത്തില്‍ ഉള്ള ഒരാളോട്. പൊതുവേ ആ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ എല്ലാവരും സ്ത്രീകളെ സഹോദരികളായി മാത്രമേ കാണാറുള്ളൂ വന്നത് ലോകര്‍ക്കൊക്കെ അറിയാവുന്ന സത്യം. അല്ല പിന്നെ.

എന്റെ രണ്ടുകിലോ മീനും വാങ്ങി സുജിത്തിനെ അടുത്തുള്ള ഒരു മുച്ചീട്ടുകളി കേന്ദ്രത്തില്‍ എത്തിച്ചു.ഞങ്ങള്‍ രണ്ടുപേരും കുറെ നേരം നോക്കിനിന്നപ്പോള്‍ കുറെ പേര്‍ ചുറ്റും കൂടി. ഞങ്ങള്‍ രണ്ടാളും നോക്കി നില്‍ക്കുന്നതിനിടയില്‍ ചിലരൊക്കെ തങ്ങളുടെ ഭാഗ്യം പണമായി വാരുന്നത് കണ്ടപ്പോള്‍ എനിക്കും ചെറിയ ആഗ്രഹം. എന്റെ പതിയെ സുജിത്തിനെ തോണ്ടി. എന്തായാലും ഞാന്‍ ഒരു ചീട്ടിന്റെ മുകളില്‍ ഇരുപതു രൂപ വെച്ചു. എന്റെ ഭാഗ്യത്തിനോ ഭാഗ്യദോഷത്തിനോ സംഭവം അടിച്ചു. എന്തായാലും എനിക്ക് കാശുകിട്ടിയപ്പോള്‍ സുജിത്ത് വീണ്ടും ഉത്തെജിതനായി.

എനിക്ക് കാശ് കിട്ടിയപ്പോള്‍ സുജിത്തിനും കാശുവെക്കാന്‍ ഒരു മോഹം. കളത്തില്‍ രൂപ വെക്കാന്‍ മുച്ചീട്ടുകാരന്‍ വീണ്ടും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അവസാനം സുജിത് രണ്ടു വിരല്‍ കാണിച്ചു. ഇതുപത് എന്ന് കാണിച്ചത് മുച്ചീട്ടുകാരന്‍ ഇരുന്നൂറാണോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ പതിയെ പിന്നിലോട്ടു വലിഞ്ഞു. പക്ഷെ മുച്ചീട്ടുകാരന്‍ ചീട്ടുപോക്കി കാണിച്ചപ്പോള്‍ സാധനം നമ്പര്‍. സുജിത്തിന്റെ പണം പോയി. പണം ചോദിച്ചു മുച്ചീട്ടുകാരന്‍ പൊങ്ങിയപ്പോള്‍ സുജിത് ഇരുപതു രൂപ എടുത്ത്‌ കൊടുത്തതും അയാള്‍ ക്രുദ്ധനായി.

"ഇരുപതല്ല സഹോദരാ ഇരുന്നൂറാണ് തരേണ്ടത്‌" എന്നോ "നായിന്റെ മോനെ നീ ആളെ കളിയാക്കുന്നോ. കളിക്കാതെ ഇരുന്നൂറു രൂപാ താടാ" എന്നോ അയാള്‍ പറഞ്ഞതിനെ തര്‍ജ്ജമ ചെയ്യാം. എന്തായാലും അതുകെട്ടപ്പോഴേ ഞാന്‍ വിട്ടു.

അരകിലോമീറ്റര്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ ഓടിയതിന്റെ റിക്കോഡ്‌ അങ്ങനെ എന്റെ പേരിലായി. പക്ഷെ പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ സുജിത് പതിയെ നടന്നു നടന്നു വന്നു.
"എന്നാലും നീ ഒരു മറ്റേ പണിയാണല്ലോ കാണിച്ചത്. നീ വിട്ടുകളഞ്ഞല്ലോ." സുജിത്ത് കരഞ്ഞുകൊണ്ടാണോ ദേഷ്യപ്പെട്ടാണോ പറഞ്ഞതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
പക്ഷെ ഈ കാര്യം വീട്ടില്‍ പറയില്ല എന്ന് ഞാന്‍ വാക്ക് കൊടുത്തു. അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി.

ഞാന്‍ ഇത് വീട്ടില്‍ പറയില്ല എന്ന് പറഞ്ഞപ്പോള്‍ സുജിത് തന്റെ അപ്പന് പറ്റിയ മണ്ടത്തരം എന്നോട്
പറഞ്ഞു. അദ്ദേഹം പണ്ട് ആദ്യമായി മുംബെയില്‍ പോയപ്പോള്‍ (ഒരു ബന്ധുവിന്റെ ഗള്‍ഫിലേക്ക് വിമാനം കയറ്റി വിടാന്‍ പോയാതാണ്) എയര്‍പോര്‍ട്ടില്‍ നിന്നൊരു വാച്ച് വാങ്ങിച്ചത്രേ. ഒരു ഗള്‍ഫ് മലയാളി അവിടെ വിറ്റുകൊണ്ടിരുന്ന വാച്ചാണ് പോലും ഇഷ്ടന്‍ വാങ്ങിയത്. വില്‍പ്പനക്കാരന്‍ പറഞ്ഞത് അയാള്‍ ഗള്‍ഫില്‍ നിന്ന് വന്നതാണെന്നും പണമില്ലാത്തതിന്റെ പേരില്‍ വിറ്റതാണെന്നും എന്നൊക്കെയാണ്. പക്ഷെ ഈ വാച്ചും വാങ്ങി മുംബയിലുള്ള മറ്റൊരു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ (ഇഷ്ടന്‍ അവിടെയാണ് മുംബൈയില്‍ വന്നപ്പോള്‍ തങ്ങിയത്) ഈ വാച്ചുകാരന്‍ പതിനഞ്ച് വര്‍ഷമായി മുംബെയില്‍ ഇങ്ങനെ വാച്ച് വില്‍ക്കുന്നതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നും ഗള്‍ഫില്‍ നിന്ന് പോയി വന്നു വാച്ച് വില്‍ക്കാന്‍ അയാളെന്താ വിശാല മനസ്കനാണോ.അതോടെ ഈ മണ്ടത്തരം സുജിത്തിന്റെ കുഴപ്പം കൊണ്ടല്ല പാരമ്പര്യമായി കിട്ടിയതാണെന്ന് മനസ്സിലായി. പക്ഷെ ഇങ്ങനെയൊരു പൈതൃകത്തിന്റെ ഗമ ഏതായാലും പുള്ളിയ്ക്കില്ല.

(കാരണം വിശാലമനസ്കന്‍ മാത്രമേ കൊടകരയില്‍ നിന്ന് ജബല്‍ അലിയ്ക്ക് ഡയ്ലി പോയി വരാറുള്ളൂ.)

എന്തായാലും കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ സുജിത് ഓസ്ട്രലിയയിലേക്ക് പോയി. കൂടുതല്‍ മണ്ടത്തരങ്ങള്‍ എഴുതാന്‍ നിര്‍വാഹമില്ല. കാരണം ഇപ്പോള്‍ ബ്രിസ്ബേനില്‍ സകുടുംബം താമസിക്കുന്ന സുജിത് അവിടെ ഒരു ലാബോറട്ടറിയില്‍ ആന്റിവെനം ഉണ്ടാക്കുന്ന റിസര്‍ച്ച് ഒക്കെ ചെയ്തു (പാമ്പിന്‍വിഷത്തിനു മറുമരുന്നു) കാലം കഴിക്കുകയാണ്. ഞാനും താമസിയാതെ അങ്ങോട്ടേക്ക് താമസം മാറ്റുന്നതിനാല്‍ കൂടുതല്‍ എഴുതിയാല്‍ പിന്നെ എന്റെ കാര്യം കോഞ്ഞാട്ടയാവും

Saturday, April 18, 2009

62.ഷഡ്ജം വൃത്തികേടായി

പതിവിനു വിപരീതമായി ചില ഫലിതങ്ങള്‍ (അങ്ങനെ ഇതിനെ വിളിക്കാമോ എന്നറിയില്ല) പോസ്റ്റ് ചെയ്യാം എന്ന് കരുതി. ചിരിച്ചില്ലെങ്കിലും തെറി വിളിക്കല്ലേ.
__________________________________________________________

അച്ചന്‍ കപ്യാരോട് :

"മത്തായി ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമാണെന്നു കേള്‍ക്കുന്നു. നമുക്കും എടുത്താലോ.?"

"എന്തിനാ അച്ചോ ഒള്ള കഞ്ഞിയില്‍ പാറ്റായിടുന്നത്. ഇപ്പോള്‍ തലതെറിച്ച പിള്ളാരുടെ കുമ്പസാരം കേള്‍ക്കുന്നതാ അച്ചന് ആകെയുള്ള ആശ്വാസം. ഇന്റര്‍നെറ്റ് വന്നാല്‍ അവര്‍ കുമ്പസാരം ഇമെയില്‍ ആയിട്ട് അയക്കും."
_______________________________________________________

മകനോട്‌ അപ്പന്‍ എന്തിനാടാ ഇപ്പോള്‍ ഇന്റര്‍നെറ്റ് എടുക്കാന്‍ നീ വാശിപിടിക്കുന്നത്.
"അപ്പാ ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. എന്ത് കാര്യങ്ങള്‍ സാധിക്കണമെങ്കിലും ഇന്റര്‍നെറ്റ് വേണം."

"എങ്കില്‍ നിനക്ക് ഒരു പുതിയ അമ്മയെ തരാന്‍ നീ ഇന്റര്‍നെറ്റിനോട് പറ. പിന്നെ നമ്മുടെ സമയമുള്ളപ്പോള്‍ നമ്മുടെ പശുനെ കുളിപ്പിക്കാനും തെങ്ങില്‍ കയറി തേങ്ങാ ഇടാനും പറയാന്‍ ഇന്റര്‍നെറ്റിനോട് മറക്കേണ്ട.."

________________________________________________________

മാധവന്‍ ദൈവത്തോട്

:എത്ര നാളായി നിന്നോട് എന്റെ പ്രയാസങ്ങള്‍ പറയുന്നു. ഇതുവരെ എന്റെ കാര്യം നീ കേട്ടോ. ഇതാ പറയുന്നത് നീ ഇപ്പോഴും പഴഞ്ചന്‍ ആണെന്ന്. സലീമിന്റെയും വര്‍ക്കിയുടെയും ദൈവം എല്ലാം ഇന്റെര്‍നെറ്റിലൂടെ പരിഹാരം ഉണ്ടാക്കി ഉടനെ അവരുടെ പ്രയാസം തീര്‍ക്കും. നിനക്കെന്നും താമസം. :

ദൈവം: അല്ലടാ മാധവാ. എന്റെ സിസ്റ്റത്തില്‍ ആകെ വൈറസ് കേറിയതുകൊണ്ട് നിന്റെ പ്രശ്നങ്ങള്‍ അനലൈസ് ചെയ്യാന്‍ കഴിയുന്നില്ലാ."
_______________________________________________________

സംഗീതാധ്യാപകന്‍ രാമുവിനോട്

:രാമു മാത്രം എന്താ ഇങ്ങനെ. ഷഡ്ജം ഉപയോഗിക്കുന്ന ശീലമില്ലേ അല്ലെ.

:ഉണ്ട് സാറേ. ഇന്ന് രാവിലെ പഴം കഞ്ഞി കുടിച്ചപ്പോള്‍ വയറു കേടായി. അങ്ങനെ സംഗതി വന്നു ഷഡ്ജം വൃത്തികെടായതുകൊണ്ടാ ഊരിക്കളഞ്ഞിട്ടു ക്ലാസില്‍ വന്നത്.

________________________________________________________

സംഗീതപ്രിയനായ മോഹനന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വന്നപ്പോള്‍ പിതാവ്
എന്താ മോഹനാ . അവര്‍ വല്ലതും ചെയ്തോ.

"ഇല്ലച്ചാ. അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. പക്ഷെ ഇന്നലെ രാത്രി രൂപക താളത്തില്‍ ഒന്ന് കൊട്ടി നോക്കിയതെയുള്ളൂ. പുറം പന്തുവരാളി പോലെയായി."

________________________________________________________

Tuesday, April 7, 2009

61.ത്രികാല ജ്ഞാനി

"ണിം.ണിം.ണിം.."

സൈക്കിളിന്റെ ബെല്ല് കേട്ട് തിരിഞ്ഞുനോക്കി. പോസ്റ്റ്മാന്‍ ആണ്.

"ശര്‍ങ്ങധരന്‍ പിള്ളയ്ക്കൊരു രജിസ്റ്റര്‍ ഉണ്ട്."

പോസ്റ്റുമാന്റെ മുഖത്തെ അമ്പരപ്പിനെക്കാള്‍ തന്റെ മുഖത്താണ് അമ്പരപ്പ് വന്നത്.തനിക്കാരാണാവോ എഴുത്തയക്കാന്‍. അതും രജിസ്റ്റര്‍. പത്താം തരം ജയിച്ചത്‌ മുതല്‍ ജോലിയ്ക്കപേക്ഷകള്‍ അയച്ചിരുന്നുവെങ്കിലും ആരും മറുപടി വിട്ടിരുന്നില്ല. പിന്നീട് അവസാനം തന്റെ പൂര്‍ണ്ണവലിപ്പത്തിലുള്ള ഓരോ കളര്‍ ഫോട്ടോയും അയച്ചു കൊടുത്ത് തുടങ്ങി. ഒരിക്കല്‍ ആരോ തന്റെ ഫോട്ടോ കണ്ടു ഭയന്ന് പനിപിടിച്ചുവെന്നും പറഞ്ഞു ഒരു കത്ത് വന്നതോടെ ആ പതിവും മുടക്കി.

പിന്നെ ഒരിക്കലും ആരുടേയും കത്തോ മറുപടിയോ കിട്ടിയിട്ടില്ല.
പതിയെ കത്ത് തുറക്കുന്നതിനിടയില്‍ പോസ്റ്റ്മാനെ മുഖമുയര്‍ത്തി നോക്കി.
അയാള്‍ അതിശയത്തോടെ തിരിഞ്ഞു നോക്കി നോക്കി നടക്കുന്നത് കണ്ടു.

"അമ്മേ അമ്മേ.."

അമ്മാ ഓടിയിറങ്ങി വന്നു.

"എന്താടാ കാലാ കിടന്നു കീറുന്നത്. ഞാന്‍ ആകെ പേടിച്ചു പോയല്ലോ."

അമ്മയുടെ സ്ഥിരം പ്രതികരണം ഒട്ടും മടുപ്പുണ്ടാക്കിയില്ല.

"അമ്മെ . എനിക്ക് ഒരു ഇന്റര്‍വ്യൂ ലെറ്റര്‍ കിട്ടി. വരുന്ന തിങ്കളാഴ്ച കൊച്ചിയിലാ ഇന്റര്‍വ്യൂ.ഒരു ഫാമിലെ മാനജര്‍ ആയിട്ടാ ജോലി."

"ഹഹഹഹഹ .. എനിക്ക് ചിരിക്കാന്‍ വയ്യാ. നിന്നെ ജോലിയ്ക്ക്‌ വിളിക്കാന്‍ തന്നെ ബുദ്ധിഭ്രമം ഉള്ളവരും ജീവനോടെയുണ്ടോ. നിന്നെ ജോലിയെക്കെടുക്കാന്‍ അയാളെന്താ മന്ദബുദ്ധിയാണോ. അതോ മന്ദബുദ്ധിയെ മാത്രമേ എടുക്കൂന്നു അയാള്‍ക്ക് വല്ല നേര്‍ച്ചയും ഉണ്ടോ.?"

അമ്മയുടെ ചോദ്യം അല്പം ദേഷ്യം വരുത്തിയെന്നത് സത്യം.പക്ഷെ അമ്മയല്ലേ.എന്ത് പറയാനാ.താന്‍ അമ്മയുടെ ഏകമകനാണ്. എട്ടാം മാസത്തില്‍ പെറ്റതിനാണത്രേ തനിക്കു കടിഞ്ഞൂല്‍ പോട്ടനെന്നുള്ള സ്ഥാനപ്പേര് കിട്ടാന്‍ കാരണം. അതോടൊപ്പം തന്റെ പ്രവര്‍ത്തികളും സ്വഭാവവും ആ പേര് ആസ്ഥാന പേരായി അംഗീകരിച്ചു തരാന്‍ കാരണമായി. ഒപ്പം ശര്‍ങ്ങധരന്‍ പിള്ള എന്നൊരു പേരും കൂടി അമ്മ തന്നപ്പോള്‍ പിന്നെ ആളുകള്‍ക്ക് ചിരിക്കാന്‍ വേറൊന്നും വേണ്ടായെന്നായി.പക്ഷെ ഇതുവരെ മനസ്സിലാവാത്ത കാര്യമാ, എട്ടാം മാസത്തില്‍ പെറ്റത് ഞാന്‍ പറഞ്ഞിട്ടാണോ? അമ്മ ധൃതി കാണിച്ചതിന് ഞാനെന്തു പിഴച്ചു?

ശര്‍ങ്ങധരന്‍ പിള്ള എന്നാ പേരിന്റെ കാരണം അമ്മയുടെ ചെറുപ്പത്തിലെ മരിച്ച അച്ഛന്റെ പേര് ഇതായിരുന്നത്രേ. എന്തായാലും ആ നശൂലം പേര് തന്റെ കൂടെ കൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഉല്പലാക്ഷന്‍ എന്നാണു അപ്പന്റെ പേര്. അങ്ങനെ ഒപ്പം ഇനിഷ്യല്‍ യൂ കൂടെ കൂടി. അതുവഴി മുഴുവന്‍ പേര് ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍.
നേരെ മുറിയില്‍ കയറി തന്റെ ഇഷ്ടനടന്‍ കുഞ്ചന്റെ ഫോട്ടോ നോക്കി സങ്കടം പറഞ്ഞു.കുഞ്ചന്‍ ചേട്ടന്റെ കോട്ടയം കുഞ്ഞച്ചന്‍ എന്നാ സിനിമയിലെ "പരിഷ്കാരി" എന്നാ കഥാപാത്രമാണ് തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്. പിന്നീട് പരിഷ്കാരി ശര്‍ങ്ങധരന്‍ എന്നാ ഇരട്ടപേരും കൂടി നാട്ടുകാരുടെ സ്നേഹത്തിന്റെ ഫലമായി കിട്ടിയപ്പോള്‍ തന്റെ ജന്മം ഒരു പാഴ്ജന്മം ആയോ എന്ന് തോന്നി.

ഇന്റെര്‍വ്യൂവിന് എന്തുചൊദിക്കുമെന്നു ഒരു പിടിത്തവുമില്ല. വീട്ടിലിരിക്കുന്ന സിനിമാ മംഗളവും നാനയും ബാലരമയും ആകെയൊന്നു ഓടിച്ചു നോക്കി. അഥവാ പോതുവിജ്ഞ്ഞാനത്തില്‍ നിന്നുവല്ലതും ചോദിച്ചാല്‍ പറയാമല്ലോ.പത്രം വായന പണ്ടേയില്ല. ഇനി ഇതിനുവേണ്ടി തുടങ്ങിയാലും വല്ല്യ ഗുണമുണ്ടെന്നു തോന്നുന്നില്ല.

തിങ്കളാഴ്ച രാവിലെ തന്നെ ഇന്റര്‍വ്യൂ നടക്കുന്ന ഓഫീസില്‍ എത്തി. വിസിറ്റിംഗ് റൂമില്‍ എത്തി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ തന്നെ പകുതി ജീവന്‍ പോയി. മിക്കവാറും ആളുകള്‍ നഗരത്തിന്റെ സന്താനങ്ങള്‍ തന്നെ. അടിപൊളി വേഷങ്ങള്‍ കണ്ടപ്പോള്‍ തന്നെ തന്നെപോലെ പട്ടികാട്ടുകാരനെ ജോലിയ്ക്കെടുക്കുമോ എന്നൊരു സന്ദേഹം ഉണ്ടായി. പക്ഷെ അവിടെ ഇരുന്ന എല്ലാവരും തന്നെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തന്നിലുണ്ടെന്ന് മനസ്സിലായി. എന്തായാലും പച്ച പാന്റ്സും ചുവപ്പ് ഷര്‍ട്ടും നല്ല വെളിച്ചെണ്ണ തേച്ചു പറ്റിച്ചു ചീകിയ മുടിയും പഴുതാര മീശയുമുള്ള തന്നെ അസൂയയോടാണോ നോക്കുന്നതെന്നും സംശയമില്ലാതില്ല.

പ്യൂണ്‍ വന്നു ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ എന്നാ പേര് വിളിച്ചപ്പോള്‍ തന്നെ മിക്കവരും അടക്കി ചിരിക്കുന്നത് കണ്ടു.തന്റെയീ പേരിനു കാരണമായ എല്ലാവരെയും പ്രാകികൊണ്ട്‌ ഉള്ളിലേക്ക് കാലെടുത്തുവെച്ചു.
നേരെ മുമ്പിലെ കസേരയിലിരിക്കുന്ന മനുഷ്യനെ അല്പം കൌതുകത്തോടെയാണ് നോക്കിയത്. സഹാറ മരുഭൂമിപോലെയുള്ള ചാണത്തല. മന്നവേന്ദ്ര വിളങ്ങുന്നു നിന്മുഖം ചന്ദ്രനെപോല്‍ എന്നത് മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ തല ചന്ദ്രനെപോലെ എന്നുമാറ്റിയാല്‍ തന്നെ ധാരാളമായി.
കസേരയുടെ അടുത്ത്‌ ചെന്നിട്ടു തന്റെ സ്വതസിദ്ധമായ കാക്കസ്വനത്തില്‍ "ഗുഡ് മോര്‍ണിംഗ് സര്‍" എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത്‌ കണ്ട ഭാവം വേര്‍തിരിച്ചറിയാന്‍ കഴിയില്ലെന്ന് തോന്നി.

"ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ ഇരിക്കൂ."

ഞാന്‍ ഇരുന്നു.

"മിസ്റ്റര്‍ പിള്ളേ. ഞങ്ങളുടെ ഫാമിലേക്ക് ഇതുവരെ എട്ടു മാനജര്‍മാരെ നിയമിച്ചു. ഓരോ മാസം തികയ്ക്കും മുമ്പേ അവരെ ഓരോരുത്തരെയും ടെര്‍മിനെറ്റും ചെയ്തു. അതുകൊണ്ട് തന്നെ ഇനി ആള്‍ തീര്‍ത്തും സമര്‍ത്ഥന്‍ ആണെങ്കില്‍ മാത്രമേ ജോലിയ്ക്കെടുക്കൂ. അതുകൊണ്ട് ഉദ്യോഗാര്‍ഥി സമര്‍ത്ഥനും സത്യസന്ധനും ആയിരിക്കണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്."

"സാര്‍. ഞാന്‍ സത്യസന്ധന്‍ ആണ് സാര്‍. സമര്‍ത്ഥന്‍ ആണോ എന്ന് സാര്‍ തന്നെ തീരുമാനിക്ക്."

"മിസ്റ്റര്‍ പിള്ളേ. ഭ്രാന്ത് ഉള്ളവര്‍ എനിക്ക് ഭ്രാന്ത് ഇല്ലായെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ വിശ്വസിക്കില്ലെന്ന് പറയുന്നപോലെ സത്യസന്ധര്‍ താന്‍ സത്യസന്ധന്‍ ആണെന്ന്പറഞ്ഞാലും ആരും വിശ്വസിക്കില്ല. അത് ബോദ്ധ്യംവരണം."

"സര്‍. ഇവിടെ ഇന്റര്‍വ്യൂവിനു വന്ന ആളുകളെ കണ്ടപ്പോള്‍ എന്റെ കാര്യം ശരിയാവില്ലായെന്നു തോന്നിയതാ. പക്ഷെ സാറിന്റെ ആവശ്യം കേട്ടപ്പോള്‍ എനിക്ക് ചാന്‍സ് ഉണ്ടെന്നു തോന്നുന്നു."

മുമ്പിലിരിക്കുന്ന ആളുടെ മുഖത്തെ വികാരം എന്നതെന്ന് പറയാന്‍ കഴിഞ്ഞില്ല.

"മിസ്റ്റര്‍ പിള്ളേ. എന്തായാലും ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം.ഉത്തരം പറയാമോ എന്ന് നോക്കുക. ഈ സാമ്പത്തിക മാന്ദ്യത്തെപറ്റി താങ്കള്‍ എന്ത് പറയുന്നു."

"അറിയില്ല സര്‍.പക്ഷെ ഈ ജോലികിട്ടിയാല്‍ എന്റെ സാമ്പത്തിക മാന്ദ്യം തീരും സാറേ."

"ആട്ടെ. താങ്കളുടെ ഹോബീസ് എന്തൊക്കെയാണ് ?"

"അങ്ങനൊന്നും ഇല്ല സര്‍. ഞാന്‍ വളരെ നല്ല മനുഷ്യനാണ് സര്‍. പണക്കാരുടെ യാതൊരു ദുശ്ശീലവും ഇല്ല സര്‍."

"ഹഹഹഹ .. പിള്ള പാട്ടൊക്കെ പാടുമോ.വെറുതെ ചോദിച്ചതാ .."

"പിന്നെ.. ഞാന്‍ നല്ല പാട്ടുകാരനാ. പക്ഷെ ആരും ഇതുവരെ പറഞ്ഞിട്ടില്ല. അല്ലെങ്കിലും അങ്ങനാ സാറെ. കഴിവുല്ലവനെ ആരും അംഗീകരിക്കില്ല. നമ്മള്‍ മലയാളികള്‍ മരണശേഷമല്ലേ ആരെങ്കിലും അംഗീകരിക്കൂ."

"അപ്പോള്‍ യേശുദാസ് മരിച്ചുവേന്നാണോ പിള്ള പറയുന്നത്."

ഒരു നിമിഷം എന്തുപറയണം എന്നറിയാതെ ഇരുന്നു..

"അല്ല സാറേ യേശുദാസ് മരിച്ചോ.? ഞാന്‍ അറിഞ്ഞില്ല കേട്ടോ."

ചോദ്യകര്‍ത്താവ് ഒരു നിമിഷം സ്തബ്ദനായെന്നു തോന്നി. അയാള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു.

"പിള്ള പത്രമൊന്നും വായിക്കാറില്ലേ.?"

"എല്ലാം വെറും തട്ടിപ്പല്ലേ സാറെ. ചുമ്മാതെ മരണവും കൊലപാതകവും കൊള്ളയും മാത്രം. വെറുതെ കാശുകൊടുത്തു വാങ്ങിച്ചു എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്. ഞാന്‍ നാനയും സിനിമ മംഗളവും ഒക്കെയാ വായിക്കുന്നത്."

"ആട്ടെ താങ്കളുടെ മണ്ഡലത്തിലെ എം.എല്‍.എ. മന്ത്രിയാകുന്നു എന്ന് കരുതുക. താങ്കള്‍ക്കെന്തു തോന്നും?"

"സര്‍. എങ്കില്‍ ആ എം.എല്‍.എ.സീറ്റ് ഒഴിവാകില്ലേ.ആ സീറ്റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പ് വീണ്ടും സര്‍ക്കാരിനു ബാധ്യതയുണ്ടാക്കില്ലേ.?"

മറുപടി കേട്ടപ്പോള്‍ തുടങ്ങിയ പൊട്ടിച്ചിരി നിര്‍ത്താന്‍ ചോദ്യകര്‍ത്താവ് കുറെ പണിപ്പെട്ടു.

"മിസ്റ്റര്‍ പിള്ളേ . താങ്കളോട് കൂടുതല്‍ ഒന്നും ചോദിക്കേണ്ട എന്ന് തോന്നുന്നു. എന്തായാലും താങ്കളെപോലെ മിടുക്കനും സത്യസന്ധനും ആയ ഒരാളെ മാത്രം നിയമിക്കാന്‍ എനിക്ക് തോന്നുന്നു. താങ്കള്‍ റിസപ്ഷനില്‍ പോയി അപ്പോയിന്റ്മെന്റ് ലെറ്റര്‍ വാങ്ങിക്കോളൂ."

ഒരു നന്ദി പറഞ്ഞു തിരിച്ചു നടന്നു.
വാതില്‍ തുറന്നു പുറത്തു വന്നപ്പോള്‍ ചുറ്റും ഇരിക്കുന്ന ഉദ്യോഗാര്‍ഥികളെ നോക്കിയൊന്നു പുഞ്ചിരിച്ചു. ഇനി നിങ്ങളാരും മിനക്കെടേണ്ട ആ കരിക്കലം ഞാന്‍ തന്നെ കഴുകി എന്നൊരു ലാഞ്ചന ആ പുഞ്ചിരിയിലുണ്ടായിരുന്നു.
വക്രിച്ച ഒരു ചിരിയുമായി പ്യൂണ്‍ എത്തി.

"എന്തായി."

അയാളുടെ ചോദ്യം കേട്ടപ്പോള്‍ നന്നായി ദേഷ്യം തോന്നി. തന്റെ പേര് ഇന്റെര്‍വ്യൂവിന് വിളിച്ചപ്പോള്‍ അയാളുടെ മുഖം ശ്രദ്ധിച്ചിരുന്നു. ഒരു പുച്ഛം. തന്നെ സെലക്റ്റ് ചെയ്തുവെന്നും ഇനി മുതല്‍ സാര്‍ എന്ന് വിളിക്കണമെന്നും വിളിച്ചുപറയാന്‍ തോന്നി. താന്‍ വെറും ഉപ്പലാച്ചന്‍ അല്ലെന്നും ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ ആണെന്നും വിളിച്ചുപറയണം അല്ലാതെ പിന്നെ.

"എടൊ പ്യൂണേ. എന്നെ സെലക്റ്റ് ചെയ്തു. ഇനി മുതല്‍ ഞാന്‍ ആണ് ഈ ഫാമിന്റെ മാനജര്‍. വേണ്ട ബഹുമാനം തന്നോണം."

"ഹഹഹഹ... "

പ്യൂണ്‍ പൊട്ടിച്ചിരിച്ചു.

"എന്തെ. തന്റെ സമനില തെറ്റിയോ.ഞെട്ടിപ്പോയി അല്ലെ. ഞാന്‍ വെറും ഉപ്പലാച്ചന്‍ ആണെന്ന് കരുതി അല്ലെ."

"അല്ല അതല്ല. സാര്‍ ഈ ഇന്റര്‍വ്യൂ തുടങ്ങിയിട്ട് കുറെനാളായി. ഏതെങ്കിലും അട്ടപാടിക്കാരന്‍ മന്ദബുദ്ധിയെ മാത്രമേ സെലക്റ്റ് ചെയ്യൂ എന്ന് പറഞ്ഞിരുന്നു. കാരണം വിവരമുള്ളവരെ വെച്ചപ്പോള്‍ അവരെല്ലാം ഒരു മാസം തെകയുന്നതിനു മുമ്പേ റിസൈന്‍ ചെയ്തു സ്ഥലം വിട്ടു. അപ്പോള്‍ സാറിന് മാത്രമല്ല എനിക്കും ആളെ തെറ്റിയില്ലല്ലോ എന്നോര്‍ത്ത് ചിരിച്ചതാ."

പ്യൂണിന്റെ മറുപടികേട്ട് ഈജോലി കളയണോ അതോ സ്വീകരിക്കണോ എന്നറിയാതെ നിന്നുപോയി. അമ്മപറഞ്ഞ ഒരു കാര്യം ഓര്‍ത്തു. "നിന്നെ ജോലിയെക്കെടുക്കാന്‍ അയാളെന്താപോരാന്‍ നേരം മന്ദബുദ്ധിയാണോ. അതോ മന്ദബുദ്ധിയെ മാത്രമേ എടുക്കൂന്നു അയാള്‍ക്ക് വല്ല നേര്‍ച്ചയും ഉണ്ടോ.?"അപ്പോള്‍ ഈ കാര്യം എങ്ങനെ അമ്മയറിഞ്ഞു. അമ്മ സത്യമായിട്ടും ത്രികാല ജ്ഞ്ഞാനിയാണോ. അമ്മെ ഭഗവതി.

Wednesday, March 18, 2009

59.ലിസിയുടെ ഭര്‍ത്താവ്

ഗള്‍ഫന്‍ ആകാനുള്ള അടങ്ങാത്ത കൊതിയുമായി കുവൈറ്റില്‍ എത്തിയ കാലം. അധികമോന്നുമായിട്ടില്ല ഇപ്പോഴും ആദ്യമായി വിദേശത്തു വന്നിറങ്ങിയതിന്റെ ത്രില്‍ ഇന്നലെയെന്നവണ്ണം മായാതെ നില്‍ക്കുന്നു. വന്നു അധികം കഴിയാതെ തന്നെ ക്യാമ്പ് ജീവിതമായി പൊരുത്തപ്പെടുന്നതിന്റെ നിരവധി പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. സ്റ്റാഫ് കാറ്റഗറിയില്‍ നല്ല സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അല്‍പ്പം കര്‍ക്കശക്കാരനായ ജയില്‍ വാര്‍ഡന്റെ മുഖമുള്ള ക്യാമ്പ് ബോസ്സ് നാട്ടില്‍ നിന്നും അര്‍മാദിച്ചു തിമിര്‍ത്തുവന്ന എന്റെ സ്വാതന്ത്ര്യമോഹത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്നതാണ് വാസ്തവം. അതും പോരാഞ്ഞ് രാവിലെ ക്യാമ്പില്‍ നിന്ന് ഓഫീസിലേക്കുള്ള അരമണിക്കൂര്‍ യാത്രയില്‍ നാരീദര്‍ശന സൌഭാഗ്യം തന്നെ അത്യപൂര്‍വ്വം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം എന്നാ ഭാരതീയ അന്തരീക്ഷത്തില്‍ നിന്ന് പൂത്തത് പോയിട്ട് ഒണക്ക മരങ്ങള്‍ പോലുമില്ലാത്ത ഡ്രൈ അന്തരീക്ഷത്ത്‌ താമസിക്കേണ്ടി വന്നത് ജീവിതത്തില്‍ അല്പം വിരസതകള്‍ വീഴ്ത്തി.

സിവില്‍ ഐ.ഡി.കൈവശം കിട്ടിക്കഴിഞ്ഞാണ് അല്പം സ്വാതന്ത്ര്യം കിട്ടിയത്. ഒഴിവു ദിവസങ്ങളില്‍ നേരെ അബ്ബാസിയയിലോട്ടു മുങ്ങും.പിന്നെ വ്യാഴം വെള്ളി രണ്ടു ദിവസം അര്‍മാദിച്ചു തിരികെ വരും. ക്യാമ്പ് ബോസ്സില്ലാത്ത ഈ അബ്ബാസിയ ജീവിതം വളരെയിഷ്ടമാണെങ്കിലും അങ്ങോട്ട്‌ സ്ഥിരതാമസം മാറ്റല്‍ ഓഫീസിലേക്കുള്ള ദൂരവും,വെളിയിലെ താമസവും പിന്നെ ശമ്പളം നാട്ടിലേക്കു "ചവിട്ടി"ക്കഴിഞ്ഞാല്‍ പിന്നെ ക്ഷയരോഗ ബാധിതനെപ്പോലെ കൃശഗാത്രനാവുന്ന പേഴ്സും അത്തരം അതിമോഹങ്ങളില്‍ നിന്നെന്നെ വിലക്കി.

പതിവ് പോലെ ഒരു വ്യാഴാഴ്ച വൈകിട്ട് അബ്ബാസിയയിലോട്ടു തിരിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച അരദിവസം വെള്ളിയാഴ്ച്ച മുഴുദിവസവും ഒഴിവു തന്നെ.
അബ്ബാസിയയില്‍ നിറയെ കൂട്ടുകാരുണ്ട്. മിക്കവാറും നാട്ടുകാരും പരിചയക്കാരുമായതിനാല്‍ വീണ്ടുമൊരു സന്തോഷ സുദിനം സ്വപ്നം കണ്ടു നേരെ ബസില്‍ കയറി ഫഹഹീലില്‍ എത്തി ബംഗാളി ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഷെയറിംഗ് ടാക്സി പിടിച്ചു അബ്ബാസിയയില്‍ എത്തി.
നേരെ കൂട്ടുകാരുടെ മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ ആരും വാതില്‍ തുറക്കുന്നില്ല.. സെല്‍ഫോണില്‍ വിളിച്ചു എത്തിയകാര്യം പറഞ്ഞപ്പോള്‍ അകത്ത് നിന്ന് ആരോ ഓടിവരുന്ന ശബ്ദം കേട്ടു.

പേടിച്ചു വാതില്‍ തുറന്നു ചുറ്റും നോക്കി മുയലിനെ ചെവിയില്‍ തൂക്കി എറിയുന്നതുപോലെ എന്നെ അകത്തേക്ക് വലിച്ചിട്ടു കൂട്ടുകാരന്‍ വാതില്‍ അടച്ചപ്പോള്‍ ഞാന്‍ ഞെട്ടി.കാരണം അകത്തെന്തോ തരികിട പരിപാടികള്‍ നടക്കുന്നതുപോലെ ഒരു തോന്നല്‍.വല്ല പെണ്ണ് കേസുമാണെങ്കില്‍ ദൈവമേ ചതിച്ചു. മുടിമോട്ടയടിച്ചു കുവൈറ്റ് എയര്‍വേസ്‌ വിമാനത്തില്‍ ഇരിക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പോലും വയ്യ. ഫാമിലി വിസയും,സല്‍സ്വഭാവിയുമായ സുന്ദരന് വിവാഹ കമ്പോളത്തില്‍ കിട്ടുന്ന ഡിമാണ്ട് നല്ലവണ്ണം അറിയാം. വല്ല പെണ്ണ് കേസിലും കുടുങ്ങി പി.ജെ.ജോസഫായി നാട്ടില്‍ വന്നാല്‍ ഡിമാണ്ട് പോയിട്ട് പെണ്ണ് കിട്ടില്ലെന്ന് മാത്രമല്ല സത്യം ഷെയര്‍ പോലെ ഒരു പട്ടിയ്ക്കും വേണ്ടാത്ത അവസ്ഥയില്‍ നട്ടം തിരിയേണ്ടി വരും.

ജീന്‍സിന്റെ പോക്കെറ്റില്‍ കൈയിട്ടു പി.റ്റി.ഉഷയെ പോലെ ഓടാന്‍ നില്‍ക്കുന്ന എന്നെ നോക്കി സുഹൃത്ത് ചോദിച്ചു..

"എന്താടാ നീയിങ്ങനെ ഓടാന്‍ തയ്യാറായി നില്‍ക്കുന്നെ.അകത്തെന്താ തൃശ്ശൂര്‍ പൂരത്തിന് തീകൊടുക്കുന്നുണ്ടോ.."

ശെടാ. ഓടാന്‍ അങ്ങനെയും ഒരു കാരണം ഉണ്ടല്ലേ.
ഞാന്‍ മുറിയില്‍ ചുറ്റും നോക്കി.ഒരു പ്രത്യേക മണം. മുമ്പോങ്ങും ഇവിടെ വന്നപ്പോള്‍ അനുഭവപ്പെടാത്ത ആ മണത്തിന്റെ ശ്രോതസ്സ് നോക്കി മൂക്കിന്റെ റെഡാര്‍ സെറ്റ് ചെയ്തപ്പോള്‍ കൂട്ടുകാരന്‍ എന്റെ ശ്വാസം നിലയ്ക്കുന്ന ആ വാര്‍ത്ത പറഞ്ഞു.
അകത്ത് സോമരസ നിര്‍മ്മാണമാണത്രേ.പച്ച മലയാളത്തില്‍ ചാരായം വാറ്റ്. എന്റെ നാട്ടില്‍ വളരെ നല്ലപോലെ പല ചെറുകിട ഭാഗ്യന്വേഷികളും പയറ്റുന്ന കാര്യം പക്ഷെ ഇവിടെ കേട്ടപ്പോള്‍ ഞെട്ടി.കാരണം പുറത്തോ ചന്തിയ്ക്കോ (ചന്തിയെന്ന വാക്ക് ചീപ് ആയെന്നു തോന്നുന്നവര്‍ക്ക് പൃഷ്ടത്തില്‍) അടികിട്ടുമെന്നു കേട്ടിട്ടുണ്ട്. പക്ഷെ എത്രയെന്നോ എവിടെ വെച്ചെന്നോ എന്നൊന്നും കേട്ടിട്ടില്ല. അതിന്റെ മണം വരാതിരിക്കാനാണത്രേ മുറിയില്‍ ഡറ്റൊളും റൂം ഫ്രെഷ്ണരും അടിച്ചു നശിപ്പിച്ചു മണം മനസ്സിലാക്കാത്ത രീതിയില്‍ ആക്കിയിരിക്കുന്നത്. ഞാന്‍ പതിയെ അടുക്കളയിലേക്കു അതായത് താല്‍ക്കാലിക ചാരായം നിര്‍മ്മാണ ശാലയിലേക്ക് കാലെടുത്തു വെച്ചു. നവവധു വരന്റെ ഗൃഹത്തിലേക്ക് പരിഭ്രമത്തോടെ കാലെടുത്തു വെയ്ക്കുന്ന അതെ രീതിയിലുള്ള എന്റെ വരവ് കണ്ടിട്ട് അകത്ത് വേറെ ചില കൂട്ടുകാരന്മാര്‍ ചെറിയ ചിരി ചിരിച്ചു.

ഞാന്‍ വിശദമായി ഒന്ന് നോക്കി. ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ചാരായ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. താഴെ ചെറിയ ഒരു പാത്രത്തില്‍ ചാരായം കളക്റ്റ് ചെയ്യുന്നുണ്ട്. എന്തായാലും എനിക്കവിടെ നില്‍ക്കാന്‍ അല്പം പേടിയുള്ളതു കൊണ്ട് മുകളിലെ നിലയില്‍ താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടിലേക്കു ചെന്നു. ചെന്നപ്പോള്‍ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്ക് പോവാന്‍ ഒരുങ്ങുന്നു കൂട്ടുകാരന്‍ കിച്ചണില്‍ നിന്നിറങ്ങി വന്നു. ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ടാണെന്നു തോന്നുന്നു പുള്ളി വളരെ സന്തോഷവാനായി കാണപ്പെട്ടു. കൂട്ടുകാരന്റെ ഭാര്യയുടെ പതിവ് കുശലം കഴിഞ്ഞു ഞാന്‍ സോഫയില്‍ ഇരുന്നു അധികം കഴിയുന്നതിനു മുമ്പേ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്കു പോയി.
അതുകഴിഞ്ഞ് കൂട്ടുകാരന്‍ വളരെ സന്തോഷത്തോടെ താഴെ സോമരസം നിര്‍മ്മിക്കുന്ന കാര്യം എന്നോട് പറഞ്ഞു.
ഞാന്‍ അവിടെ പോയിട്ട് വന്നകാര്യം പറഞ്ഞപ്പോള്‍ അല്പം പതിയെ ആ പ്രോജക്ടില്‍ കാശ് മുടക്കുന്നത് ഇഷ്ടനാണ് എന്നറിയിച്ചു. ഭാര്യപോയതിന്റെ സന്തോഷത്തിലാണ് ആശാന്‍. കാരണം ഇനി വാമഭാഗം പിറ്റേന്ന് രാവിലെ മാത്രമേ വരുള്ളൂ എന്നറിയാം.അപ്പോള്‍ രാത്രി മുഴുവന്‍ അടിച്ചു പൊളിക്കാനുള്ള പദ്ധതിയില്‍ മത്തുപിടിച്ചിരിക്കുന്ന കൂട്ടുകാരനെ കണ്ടു എനിക്ക് ചിരിവന്നു. ചിലപ്പോഴൊക്കെ ഇദ്ദേഹത്തിന്റെ ഭാര്യ ഉള്ളപ്പോള്‍ ബാച്ചിലര്‍ കൂട്ടുകാരുടെ വരുന്ന ഇയാളെ ഭാര്യ മൂത്രമൊഴിക്കാന്‍ തുടല്‍ അഴിച്ചുവിട്ടതാണെന്ന് പറഞ്ഞു വളരെ കളിയാക്കുക പതിവായിരുന്നു.ഭാര്യ അല്പം സ്ട്രിക്റ്റ് ആയതിനാല്‍ ഇഷ്ടനെ അധികം കറങ്ങാന്‍ വിടില്ലായിരുന്നു.പ്രത്യേകിച്ച് താഴത്തെ നിലയില്‍ താമസിക്കുന്ന ബാച്ചികളുടെ കൂടെ.

അതുകൊണ്ട് തന്നെ ഭാര്യയുടെ ഓഫ് ദിവസങ്ങളില്‍ അവരുടെ കണ്ണുവെട്ടിച്ചു താഴത്തെ നിലയിലെ ബാച്ചികളുടെ മുറിയില്‍ വരുന്ന സുഹൃത്തിന്റെ മുള്ളാന്‍ അഴിച്ചു വിട്ടതാണോഡാ എന്നും പറഞ്ഞു പ്രകോപിക്കല്‍ പതിവായിരുന്നു. പക്ഷെ പതിവിനു വിപരീതമായി താഴത്തെ നിലയില്‍ നിന്നും നമ്മുടെ സോമരസ നിര്‍മ്മാതാക്കള്‍ മൂന്നുപേരും ഒരു കുപ്പി പൊതിഞ്ഞു മുകളില്‍ വന്നു. അവിടെ ഇരുന്നു അവര്‍ ആദ്യ പ്രൊഡക്ടിന്റെ ഉത്ഘാടനം നടത്തി. മദ്യം വിഷമാണ് അതുണ്ടാക്കരുത് കൊടുക്കരുത്‌ കുടിക്കരുതെന്ന സിദ്ധന്തകാരനായ ഞാന്‍ മാത്രം കൂട്ടത്തില്‍ കൂടിയില്ല.

പക്ഷെ കുടിച്ചു അരമണിക്കൂര്‍ കഴിഞ്ഞു വൈകിട്ട് വല്ലതും കഴിക്കണമെന്ന ചിന്ത തലപൊക്കി. അവസാനം "ഫൈവ് സ്റ്റാര്‍ തട്ടുകടയില്‍" നിന്നും വല്ലതും വാങ്ങാമെന്ന നിര്‍ദ്ദേശം തലപൊക്കി.
അങ്ങനെ ഞങ്ങള്‍ അഞ്ചുപേരും കൂടി അബ്ബാസിയക്കാരുടെ പ്രിയ ഭക്ഷണശാലയായ ഫൈവ് സ്റ്റാര്‍ തട്ടുകടയിലേക്ക്‌ വിട്ടു. പക്ഷെ മദ്യപിച്ച നാലുപേരുടെ കൂടെ പോകാന്‍ അല്പം പേടിയുണ്ടെങ്കിലും വിട്ടു നിന്നില്ല. ഒരു ചെറിയ വാനരപ്പടയുടെ കൂട്ട് ഞങ്ങള്‍ റോഡിലെത്തി.
സമയം ഏകദേശം ഒമ്പത് മണി. നൈറ്റ് ഡ്യൂട്ടികാരായ മലയാളി നേഴ്സ്മാരെക്കൊണ്ട് റോഡ് നിറഞ്ഞു. ഈ സുന്ദരീകളുടെ ദര്‍ശനവും അബ്ബാസിയ യാത്രയുടെ ഒരു ഹിഡന്‍ അജണ്ട ആണ്. അവിവാഹിതനും സുന്ദരനും സര്‍വ്വോപരി ഒരു വിവാഹ കമ്പോളത്തിലെ ഉദ്യോഗാര്‍ഥിയുമായ ഞാന്‍ ഇടയ്ക്കിടെ എനിക്ക് പറ്റിയ ഉരുപ്പടികള്‍ ആ കൂട്ടത്തിലുണ്ടോ എന്നൊക്കെ ചെറിയ നിരീക്ഷണങ്ങള്‍ നടത്തിയെന്നതും ഇതിന്റ കൂടെ പറയാം.

ഈ അരയന്നങ്ങളെ കണ്ടപ്പോള്‍ (മാടപ്രാവ് എന്നൊക്കെ പറയുന്നത് കുറച്ചിലാണ് . ഗള്‍ഫിലെ കോഴിയും കാളയും കഴിച്ചു തടിവേച്ച ഇവരെ കുറഞ്ഞപക്ഷം അരയന്നം എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ ദൈവദോഷം കിട്ടും.) എന്റെ കൂടെ വന്ന ഒരാള്‍ക്ക്‌ അല്പം ഉത്തേജനം കൂടി. ആശാന്‍ അല്പം കൈവീശി ഈ അരയന്നങ്ങളെഎങ്ങനെ ഇമ്പ്രെസ്സ് ചെയ്യുമെന്ന കാര്യത്തില്‍ ഓരോന്ന് ആലോചിച്ചു തുടങ്ങി.ഞങ്ങള്‍ അഞ്ചു പേരുണ്ടെങ്കിലും നാലുപേരും അക്യൂട്ട് ,ക്രോണിക് തുടങ്ങിയ വിഭാഗങ്ങളില്‍ പെടുത്താവുന്ന ബാച്ചികളാണ്.
പെട്ടെന്ന് എന്റെ കൂടെ വന്ന ഒരു സഹോദരന് ഒരു ബുദ്ധി തോന്നി. കഷ്ടകാലത്തു കാളകൂടം കുടിക്കാനും ബുദ്ധി തോന്നുമെന്ന് കേട്ടിട്ടുണ്ട്.
അവിടെ ഒരു മൂലയില്‍ വച്ചിരിക്കുന്ന വലിയ വെസ്റ്റ് ഡ്രമ്മില്‍ കല്ലെറിയാം പോലും.അതില്‍ മിക്കപ്പോഴും പൂച്ചകളുണ്ടാവും. ഏറു കൊണ്ട് പൂച്ചകളുടെ കരച്ചില്‍ കേള്‍ക്കാനുള്ള ഒരു രസം. അതോടൊപ്പം അവിടെയും ഇവിടെയും നില്‍ക്കുന്ന തരുണീമണികളും നോക്കും. പറഞ്ഞു തീര്‍ന്നില്ല അതിനു മുമ്പേ ഏറു പറ്റിച്ചു.

ഞങ്ങളെ അഞ്ചു പേരെയും അമ്പരപ്പിച്ചു ബംഗാളിഭാഷയില്‍ സൂപ്പര്‍ തെറി വിളികേട്ടു. ആ ഭാഷയിലെ തെറികള്‍ പരിചയമുള്ളതുകൊണ്ട് കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ ഞാന്‍ ഓടി.പക്ഷെ വിപദി ധൈര്യം അത്ര പെട്ടെന്ന് കിട്ടഞ്ഞതുകൊണ്ടാവും അവര്‍ ആരും ഓടിയില്ല. പിന്നീട് ഉണ്ടായ കാര്യങ്ങള്‍ കേട്ടത് പറയാം.ബംഗാളിയുടെ തെറി വിളികേട്ടു മറ്റു ബംഗ്ലാദേശി സഹോദരങ്ങള്‍ ഒത്തുകൂടി. ആകെ പ്രക്ഷുബ്ദമായി എന്നുവേണം പറയാന്‍. അവസാനം ബംഗാളികള്‍ നമ്മുടെ സുഹൃത്തുകളെ കൈവേക്കുമെന്ന സ്ഥിതിയില്‍ എത്തി. നമ്മുടെ ചേട്ടന്മാരുടെ മലയാളവും ഇംഗ്ലീഷും ബംഗാളി മാത്രം അറിയാവുന്ന ചേട്ടന്മാര്‍ക്ക് മനസ്സിലായില്ല.അവസാനം അവിടെ നിന്ന ഒരു മലയാളി നേഴ്സ് അറബി അറിയാവുന്നതുകൊണ്ട്‌ ക്ഷമ പറഞ്ഞു ചേട്ടന്മാരെ മോചിപ്പിച്ചു.പക്ഷെ പ്രശ്നം അവിടെ കൊണ്ട് തീര്‍ന്നില്ല ആ നേഴ്സ് ചേച്ചിയ്ക്ക് നമ്മുടെ വിവാഹിതന്‍ സുഹൃത്തിന്റെ ഭാര്യയെ അറിയാം.അതുകൊണ്ട് പോവാന്‍ നേരം "ലിസിയുടെ ഹസ്" അല്ലെ എന്നൊരു ചോദ്യം ചോദിച്ചിട്ടാണ് വിട്ടത്.

മറ്റു ക്രോണിക്.അക്യൂട്ട് ബാച്ചികള്‍ പ്രശ്നം കുഴപ്പമില്ലാതെ പിരിഞ്ഞതില്‍ സന്തോഷത്തോടെ പോയെങ്കിലും ലിസിയുടെ ഭര്‍ത്താവ് പേടിച്ചു പേടിച്ചു രാത്രി കഴിച്ചു കൂട്ടി. എന്തായാലും പിറ്റേന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ അത്യന്തം അപകടകാരിയായ പൊടിക്കാറ്റ്പോലെ ലിസിയെത്തി. രാജ്യം വിട്ടാലും കളയാത്ത മലയാളികളുടെ ബി.ബി.സി. നെറ്റ് വര്‍ക്ക് രാത്രി തന്നെ ലിസിയെ വിവരം അറിയിച്ചു കഴിഞ്ഞിരുന്നു.

ഈ സംഭവങ്ങള്‍ ഒന്നും അറിയാതെ അതായത് ലിസിയുടെ മാനസിക,ശാരീരിക (?) പീഡനങ്ങള്‍ സഹിച്ചു മൃതപ്രായനായ ലിസിയുടെ ഭര്‍ത്താവിനെ തിരക്കി ഞാന്‍ അവരുടെ മുറിയിലെത്തി. പീഡനമുറകള്‍ ഞാന്‍ ചെന്നിട്ടാണ് അറിഞ്ഞത്. "ഞാന്‍ ശരിക്ക് കൊടുത്തിട്ടുണ്ട് ദീപക്കിന്റെ കൂട്ടുകാരന് " എന്ന് ലിസി പറഞ്ഞപ്പോള്‍ ശാരീരിക മര്‍ദ്ദനം ഉണ്ടെന്നു ഞാന്‍ ഊഹിച്ചതാണ്‌ അല്ലാതെ എന്റെ കൈയില്‍ സോളിഡ് പ്രൂഫ് ഒന്നുമില്ല.പക്ഷെ കൂട്ടുകാരന്റെ കിടപ്പ് കണ്ടപ്പോള്‍ എന്റെ ഊഹത്തിനു ബലം കൂടിയെന്ന് മാത്രം.എന്നെ കണ്ടു അവശനായി ഒന്ന് ചിരിച്ചപ്പോള്‍ വീണ്ടും അവനു മര്‍ദ്ദനം ഏറ്റു എന്നുള്ള സംശയം ബലപ്പെട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്ന് എനിക്ക് ഒരു ഗ്ലാസ് ചായയുമായി വന്ന ലിസി വീണ്ടും താടക വേഷമണിഞ്ഞു.

"നാണമില്ലാല്ലോ ഇങ്ങനെ കിടക്കാന്‍. താഴെ ആ പിള്ളേര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്കു കൂടെ തുള്ളാന്‍ പോയിരിക്കുന്നു.സീന പറഞ്ഞപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി."

തൊലി ഉരിഞ്ഞുപോകാന്‍ ഇവളെന്താ പാമ്പാണോ എന്നൊരു സംശയം എന്റെ മനസ്സില്‍ രൂപപ്പെട്ടെങ്കിലും സാഹചര്യത്തിലെ പ്രതികൂലാവസ്ഥ കണ്ടപ്പോള്‍ സംശയത്തില്‍ ഉടലെടുത്ത ചോദ്യം വിഴുങ്ങി. തികട്ടി വന്ന സംശയം വീണ്ടും വിഴുങ്ങി.

"നോക്ക് ദീപക്കിനെ കണ്ടു പടിക്ക്. അവനും ബാച്ചി അല്ലെ നിങ്ങളുടെ കൂട്ട് തോന്ന്യവാസം കാണിക്കാന്‍ വന്നോ.പയ്യന്‍ ആണെങ്കിലും അവനു വിവരം ഉണ്ട്.അതാണ്‌ നിങ്ങള്‍ക്കില്ലാതെ പോയതും."

എന്റെ അതെ ക്ലാസ്സില്‍ പഠിച്ചെങ്കിലും അവന്‍ നേരത്തെ കാലത്തേ പെണ്ണ് കെട്ടിയതുകൊണ്ട് ഞാന്‍ പയ്യന്‍ ആയതിന്റെ ലിസിയുടെ വായില്‍നിന്നു ആനന്ദദായകമായ വാക്കുവന്നല്ലോ എന്നൊരു സന്തോഷം തോന്നിയെങ്കിലും അത് അവന്റെ സങ്കടത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചെന്നു വേണം കരുതാന്‍.

ഏതായാലും അതില്‍ പിന്നെ ലിസിയുടെ ഭര്‍ത്താവിന്റെ സ്നേഹിതന്‍ ആകാനുള്ള അവകാശം എന്നില്‍ മാത്രം നിക്ഷിപ്തമായി. പക്ഷെ ലിസി ഡ്യൂട്ടിയ്ക്ക് പോവുമ്പോള്‍ നിയമപരമല്ലാതെ ബാച്ചികളുടെ ഫ്ലാറ്റില്‍ തെണ്ടി നടക്കുന്ന ലിസിയുടെ ഭര്‍ത്താവിനെ കുറിച്ച് ചില വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ അതില്‍ പിന്നെ അവര്‍ ഒരിക്കലും വെസ്റ്റ് ഡ്രമ്മില്‍ എറിഞ്ഞു കളിച്ചിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

(സമര്‍പ്പണം: ക്യാമ്പുകളില്‍ വിരസമായ ജീവിതം ജീവിക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും)

Saturday, March 7, 2009

57.യാത്രയ്ക്കുള്ള ഉത്തമ കണി വേശ്യ തന്നെ...

(കഥയില്‍ അല്പം ആഭാസം ഉണ്ട്.വായനക്കാര്‍ പ്രകോപിതരാവരുത്.ഒപ്പം എനിക്കെതിരെ കേസും കൊടുക്കരുത്‌.എന്റെ മറ്റൊരു ബ്ലോഗായ പരേതനിലെ രാവുണ്ണി നായരുടെ അളിയനായി വരും ഇതിലെ നായകന്‍.അതുകൊണ്ട് തന്നെ ഇതിലെ നായകനും അല്പം ആഭാസന്‍ തന്നെ. പ്രായപൂര്‍ത്തിയായവരും അശ്ലീലം ഇഷ്ടപ്പെടുന്നവരും മാത്രം തുടര്‍ന്ന് വായിക്കുക.)

"എടീ.വിലാസിനീ."

ശങ്കരന്‍ എമ്പ്രാന്തിരി നീട്ടി വിളിച്ചു.

"ഓ.."

വിളി കേട്ട് ഭാര്യ ഓടിയെത്തി.

"എടീ.ഞാന്‍ പട്ടണത്തില്‍ വരെ പോയി പെട്ടെന്ന് മടങ്ങാം."

"ഓ ."

ഇവള്‍ക്കെന്താ "ഓ" ന്നു മാത്രേ അറിയാവുള്ളൂ. പക്ഷെ എന്തായാലും ഇവളെ കണ്ടിട്ടെവിടെയെങ്കിലും പോയാല്‍ പോയ കാര്യം ഭംഗിയാവും.അതുകൊണ്ട് തന്നെ യാത്രപോവുമ്പോള്‍ ഇവളെ ഒന്ന് കണ്ടു കൊണ്ടേ പോവാറുള്ളൂ. വേശ്യദര്‍ശനം യാത്രയ്ക്ക് ശുഭമായ കണിയെന്നറിയാം. ഇനി ഇവള്‍ വല്ല ഞാനറിയാത്ത ഏര്‍പ്പാടുകളും ഉണ്ടോ.നേരിട്ട് ചോദിച്ചാല്‍ ഉപ്പു മാങ്ങ കുറ്റി പോലുള്ള അവളുടെ കൈയെടുത്ത് ഒന്ന് തന്നാല്‍ മുറ്റത്തു നില്‍ക്കുന്ന മാവ് വെട്ടി തന്നെ അങ്ങ് ചിതയിലോട്ടെടുത്താല്‍ മതി.അപ്പോള്‍ പിന്നെ ചോദ്യമോഴിവാക്കുന്നതാവും ബുദ്ധി.

ഉത്തരത്തില്‍ കിടന്ന കാലന്‍ കുടയുമെടുത്ത് കവലയിലേക്ക് വലിച്ചു വെച്ച് നടന്നു.
അധികം നില്‍ക്കേണ്ടി വന്നില്ല."ഷീബ" വന്നു. ഷീബ പട്ടണത്തിലേക്കുള്ള ബസാണ്. ഷീബയെന്ന പെരുള്ളതുകൊണ്ടാണോ എന്നറിയില്ല.എന്നും നല്ല തിരക്കാണ്. പത്തു വര്‍ഷം മുമ്പെങ്ങോ മാത്രമേ സീറ്റ് കിട്ടി ഇരുന്നതായി ഓര്‍മയുള്ളൂ.

ആരും ഇറങ്ങുവാനുണ്ടായില്ല.പിന്നിലെ ഫുട്ട് ബോര്‍ഡിലെ ഒരിഞ്ചു സ്ഥലവും ഒഴിവില്ല.ഒരുവിധത്തില്‍ വലിഞ്ഞു കയറി.കയറിയെന്ന് പറയാനാവില്ല കമ്പിയില്‍ തൂങ്ങി കിടന്നു.
ഒരു കണക്കില്‍ പെണ്ണായി ജനിച്ചാല്‍ മതിയാര്‍ന്നു.അതാവുമ്പോള്‍ മുമ്പിലെ "കിളി" വീഴാതെ താങ്ങുമല്ലോ.ഇവിടെ വീണാല്‍ താങ്ങുവാന്‍ ആരും വരില്ല.
വണ്ടിമുമ്പോട്ടു പോയപ്പോള്‍ കണ്ടക്ടര്‍ കൂവി വിളിച്ചു.

"കാര്‍ന്നോരെ .. ഇങ്ങോട്ട് കേറി വാ.അകത്ത് നിയമസഭ കൂടാന്‍ സ്ഥലം ഉണ്ടല്ലോ."

"എടൊ ..എങ്കില്‍ താന്‍ നിയമ സഭ കൂടിക്കോ.ഞാന്‍ വോട്ടു ചെയ്യുന്നവനല്ല."

തന്റെ മറുപടി കേട്ടപ്പോള്‍ കോളേജ് പയ്യന്മാര്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ ചെറിയ രസം തോന്നി.
പക്ഷെ ചമ്മിയ കണ്ടക്ടര്‍ വീണ്ടും പറഞ്ഞു.

"മൂപ്പീന്നെ..റോഡില്‍ വീണു ചത്താല്‍ പിന്നെ എന്റെ ട്രിപ്പ്‌ മുടങ്ങും."

" എന്റെ മോനെ ഞാന്‍ കുറെ നേരെമായി തെള്ളിക്കൊണ്ടിരിക്കുകയാണ് .അങ്ങോട്ട്‌ കയറാന്‍ പറ്റുന്നില്ല.പണ്ടത്തെ പോലെ പറ്റുന്നില്ല."

കോളേജ് പിള്ളേര്‍ ആര്‍ത്തു ചിരിച്ചു.അത് കേട്ടപ്പോള്‍ വീണ്ടും അല്പം ഉശിര് കിട്ടിയെന്നു തോന്നി.
ചുറ്റും നോക്കി.തൊട്ടു മുമ്പേ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു.തോളില്‍ വലിയ ബാഗും തൂക്കി നില്‍ക്കുന്നത് കൊണ്ടാണ് തനിക്കു അകത്തേക്ക് കയറാന്‍ പറ്റാത്തത്.

"എടീ കൊച്ചെ..നീ ഇങ്ങനെ നിന്നാല്‍ എങ്ങനാ.ഞാന്‍ ഒന്ന് കേറട്ടെ..."

പറഞ്ഞത് കേട്ട് പെണ്‍കുട്ടി ദേഷ്യത്തോടോന്നു നോക്കി.
പെട്ടെന്ന് ബസ് ഒന്ന് ചവിട്ടി നിര്‍ത്തി. വീഴാന്‍ പോയപ്പോള്‍ പിടികിട്ടിയത് പിടികിട്ടിയത് പെണ്ണിന്റെ വയറില്‍ ആണ്. പെണ്ണ് ദേഷ്യത്തോടെ ഒരെണ്ണം തന്നു.
പൊടുന്നനെ എല്ലാവരും ചുറ്റും കൂടി.

"എന്താ.എന്താ."

കോളേജ് കുമാരന്മാര്‍ പെണ്ണിനും ചുറ്റും രക്ഷകന്മാരായി അവതരിച്ചു.

"ഈ കെളവന്‍ എന്നെ കേറി പിടിച്ചു."

പെണ്ണ് മൂക്ക് ചീറ്റി പറഞ്ഞത് കേട്ട് ഇടനെഞ്ചില്‍ ഒരു കത്തല്‍ കയറിയെന്ന് തോന്നി.എവിടെന്നൊക്കെ കൈ പുറത്തു വീണെന്നറിഞ്ഞില്ല.
പൊടുന്നനെ രംഗം മാറി.

"രാജീവേ.. വണ്ടി സ്റ്റേഷനിലേക്ക്..ഇത് സംഭവം വേറെയാ.പീഢനം.എര്‍ത്ത് വെയ്ക്കല്‍.പെണ്ണിനെ ചൊറിഞ്ഞ കേസാ..വണ്ടി വിട്."

എന്റെ ദൈവമേ.. ആ കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതാ.പോലീസ് സ്റ്റെഷനിലേക്ക് വണ്ടി വിടാന്‍. ഇനി എന്ത് ചെയ്യും.
ചെറിയ തലകറക്കം. വണ്ടിയില്‍ തലകറങ്ങി വീണിട്ടും ചിലയിടത്തുനിന്നോക്കെ കൈയും കാലും ശരീരത്ത് വീഴുന്നത് അറിയുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ താന്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണും കൊണ്ട് പെണ്ണ് നില്‍പ്പുണ്ടായിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ബസ്സും ആള്‍ക്കാരും പുറത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.ചിലരൊക്കെ ജനാലയിലൂടെ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ തന്നെ ഒരെണ്ണം കിട്ടി.എസ്.ഐ.യുടെ വക.

"എടൊ ...... മോനെ നീ ഈ പെണ്ണിനെ പീഡിപ്പിച്ചോ..?"

"ഇല്ല സാറേ ... ഞാന്‍ വീഴാന്‍പോയപ്പോള്‍ ഇങ്ങനെ പിടിച്ചതാ."

അടുത്ത അടിയ്ക്ക് എസ്.ഐ.കൈ ഉയര്‍ത്തിയപ്പോള്‍ എന്തോ സംശയത്തോടെ ഒന്ന് നോക്കി.

"എടൊ താന്‍ അകത്തേക്ക് വാ."

എസ്.ഐ. തന്നെയും കൂട്ടി അകത്തേക്ക് പോയി.

"താന്‍ ശങ്കരന്‍ എമ്പ്രാന്തിരി അല്ലെ.വാരികയില്‍ വാരഫലം എഴുതുന്ന ആള്.."

"അതെ സാര്‍. പക്ഷെ ഈ ഏടാകൂടം ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നില്ല."

ഇന്‍സ്പെക്ടര്‍ ഒരു നിമിഷം സൂക്ഷിച്ചു നോക്കി.

"എടൊ എമ്പ്രാന്തിരി ഞാന്‍ എല്ലാ ആഴ്ചയും തന്റെ വാരഫലം മുടങ്ങാതെ വായിക്കും. തന്റെ പ്രവചനങ്ങള്‍ എന്റെ ജീവിതത്തില്‍ അച്ചട്ടാ.മൂന്നു മാസം മുമ്പ് എനിക്ക് വിദേശയാത്രയും കുടുംബകലഹവും മാനഹാനിയും കുടുംബത്തില്‍ അശാന്തിയും തിരികെ ജോലിയില്‍ കയറ്റവും ഒക്കെ താന്‍ വാരഫലത്തില്‍ പറഞ്ഞിരുന്നല്ലോ."

ദൈവമേ അത് കേട്ട് വീണ്ടും ഒന്ന് ഞെട്ടി.ഇനി ഇയാള്‍ അതൊക്കെ പറഞ്ഞു വീണ്ടും അടിക്കാനുള്ള പുറപ്പാടാണോ.

"ഞാന്‍ ആദ്യം അതൊക്കെ വായിച്ചിട്ട് വെറുതെയെന്നൊക്കെ കരുതി. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തില്ല.എന്നിട്ട് ഞാന്‍ എന്റെ ഭാര്യയുടെ അടുത്തേക്ക്‌ പോയി.അവള്‍ അങ്ങ് ജെര്‍മ്മനിയില്‍ ആണ്.അങ്ങനെ വിദേശയാത്ര ശരിയായി."

ഓ സമാധാനമായി.ഒന്നെങ്കിലും ഒത്തല്ലോ.അപ്പോള്‍ അടി കുറവായിരിക്കും.

"എന്നിട്ട് .."

ഞാന്‍ നല്ലൊരു കേള്‍വിക്കാരനായി.

"എന്നിട്ട് ഞാന്‍ അവളുടെ കൂട്ടുകാര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നേഴ്സ്മാര്‍ തേനീച്ചകള്‍ ആണെന്ന് ഒന്ന് പറഞ്ഞുപോയി. അവര്‍ ഹോസ്പിറ്റലിനു ചുറ്റും തേനീച്ച പോലെ താമസിക്കുമെന്നും ഇപ്പോഴും തേനീച്ച പോലെ മൂളി കൊണ്ടിരിക്കുമെന്നും ഒക്കെ അങ്ങ് പറഞ്ഞു.ഒരു തമാശ പോലെ പറഞ്ഞതാ. പക്ഷെ സംഭവം അങ്ങ് കൊളമായി."

"എന്നിട്ട് എന്ത് പറ്റി.. "

"എന്തോ പറ്റാനാ.. തേനീച്ച മൂളുക മാത്രമല്ല കുത്തുകയും ചെയ്യുമെന്ന് എന്റെ ഭാര്യ തെളിയിച്ചു തന്നു.അത് വലിയ ഇഷ്യൂ ആയി.അവസാനം എമ്പ്രാന്തിരി പറഞ്ഞപോലെ കുടുംബ വഴക്കും ഒക്കെയായി.ഞാന്‍ തിരികെ വന്നു ജോലിയിലും കയറി."

"സര്‍.. ഞാന്‍ ഇങ്ങനെ ദൈവകാര്യം ഒക്കെയായി ജീവിക്കുന്ന ഒരാള്‍ ആണ്. ഈ കേസില്‍ നിന്നെന്നെ ഊരി തരണേ."

ഇന്‍സ്പെക്ടര്‍ ഒരു നിമിഷം ഒന്ന് നോക്കി.

"താന്‍ പേടിക്കേണ്ട..ഞാന്‍ എല്ലാം പറഞ്ഞു ശരിയാക്കാം"

ഇന്‍സ്പെക്ടര്‍ എല്ലാം പറഞ്ഞു പെണ്ണിനെ സമാധാനിച്ചു പറഞ്ഞയച്ചു.

" പിന്നെ എമ്പ്രാന്തിരി .ഞാന്‍ തന്റെ വീട്ടില്‍ വരുന്നുണ്ട്.എന്റെ വിവാഹ ജീവിതം ആകെ പ്രശ്നമായി ഇരിക്കുകയാണ് .എല്ലാം വിശദമായി ഒന്ന് നോക്കണം.ഞാന്‍ ഞാറാഴ്ച അവിടെ വരാം."

കാര്യങ്ങള്‍ എല്ലാം രമ്യമായി പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ പട്ടണത്തിലേക്ക് പോവാതെ നേരെ വീട്ടിലേക്ക് നടന്നു.
പക്ഷെ നടന്നപ്പോള്‍ യാത്ര തുടങ്ങിയപ്പോഴത്തെ സംശയം വീണ്ടും തലപൊക്കി.
ഭാര്യ അപ്പോള്‍ വേശ്യ അല്ല.കാരണം പോയ കാര്യം നടന്നില്ല.പക്ഷെ ഇത്രയും വലിയ കുഴപ്പങ്ങള്‍ നടന്നിട്ടും ഒന്നും സംഭവിക്കാതെ തലയൂരി പോയല്ലോ.അപ്പോള്‍ ഇനി അവള്‍ ശരിക്കും ..................................................ആണോ... കാരണം വേശ്യദര്‍ശനമുണ്ടെങ്കില്‍ യാത്രയിലെ കുഴപ്പങ്ങള്‍ മാറി എല്ലാം ഭംഗിയാവുമെന്നാണല്ലോ.

Wednesday, January 28, 2009

50.കമലഹാസനും മാധവനും പിന്നെ ഞാനും

"പ്രീയപ്പെട്ടവരെ ഇതെന്‍റെ അമ്പതാമത്തെ പോസ്റ്റ് ആണ്.
ഇത്രയും കാലം എന്നെ സഹിച്ചവരോട് നന്ദി പറയട്ടെ.
എനിക്കു പറ്റിയ ഒരൊ അമളികളും ഞാന്‍ തമാശയായി
എടുക്കുമെങ്കിലും ഇതെനിക്ക് അത്ര തമാശയായ് എടുക്കുവാനായില്ല.
എന്നാലും നിങ്ങളുമായി പങ്കു വയ്ക്കുന്നു.."

ഞാന്‍ അബുദാബിയില്‍ നിന്നു അയര്‍ലണ്ടില്‍ പോകാന്‍ തീരുമാനിച്ചപ്പൊള്‍
വീണുകിട്ടിയ രണ്ടുമാസത്തെ ഇടവേളയില്‍ (വിസയ്ക്കും മറ്റുമായി) വെറുതെനാട്ടില്‍ വായില്‍നോക്കിനടക്കാതെ കാരീയര്‍ എന്‍ഹാസിനായി എന്തെങ്കിലും കൊഴ്സ് പഠിയ്കാന്‍ തീരുമാനിച്ചു. അല്ലെങ്കിലും ഗള്‍ഫ്കാരന്‍ രണ്ടുമാസത്തില്‍ കൂടുതല്‍
നാട്ടില്‍ നില്‍ക്കുമ്പൊള്‍

“ലവന്‍ ഇനി തിരികെ പോകുമോടെ...? അതോ കട്ടയും പടവും
മടക്കി നാട്ടില്‍ കുറ്റിയടിക്കുമൊ..?"


എന്ന മട്ടിലുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നതിലും നല്ലത് എന്തെങ്കിലും കോഴ്സിനായി പോകുന്നതാണെന്നു തോന്നി.

പക്ഷെ ജോലിയുമായി ബന്ധമുള്ള കൊഴ്സ് ചെന്നയിലും ബാംഗളൂരും ഉണ്ടെന്നു മനസിലായിയെങ്കിലും ചെന്നൈ തന്നെ തെരഞ്ഞെടുത്തു. അല്പം തമിഴ് അറിയാം എന്നുള്ളതു തന്നെ കാരണം. അങ്ങനെ ഇന്‍സ്റ്റിട്യൂട്ടില്‍ വിളിച്ചു ഞാന്‍ വരുന്ന കാര്യം അറിയിച്ചു. മദ്രാസ് മെയിലില്‍ അങ്ങനെ ഞാനും ചെന്നയില്‍ എത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് കോടമ്പാക്കത്താണ്.നമ്മുടെ സിനിമാക്കാരുടെ മായികലോകം.
നമ്മുടെ ഷക്കീല ചേച്ചിയൊക്കെ താമസിക്കുന്ന കോടമ്പാക്കം.
ടാക്സിക്കാരന്‍ എന്നെ എങ്ങും അധികം കറക്കാതെ നേരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടെത്തിച്ചു.

ഗള്‍ഫില്‍ നിന്നും വന്നിട്ടു ഒരാഴ്ചപൊലും ആയിട്ടില്ല എന്നതും തമിഴ്നാട്ടില്‍ ആദ്യം പൊകുന്നു എന്നതും കൊണ്ട് അല്പം അഴകിയ രാവണന്‍ ആയിത്തന്നെ ഓഫീസില്‍ കയറി ചെന്നു.

റിസപ്ഷനില്‍ ഇരിക്കുന്ന തമിഴ്പെണ്‍മണിയൊട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ ഫീസും വാങ്ങി അഡ്മിഷനും തന്നു. എന്നിട്ടു എനിക്കു താമസ സൗകര്യം എന്‍റെ കൊഴ്സ് റ്റ്യൂട്ടറും കൂടിയായ
മാഷ് ശരിയാക്കിതരുമെന്നറിയിച്ചു. (താമസ്സം ഏര്‍പ്പെടുത്തും എന്നു മുമ്പെ സമ്മതിച്ചിരുന്നു) ഇതിനിടെ നമ്മുടെ തമിഴ് പൊണ്‍കൊടി വെറെ ഒരൊന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു . സംസാരത്തില്‍
നിന്ന് പെണ്ണൊരു സംസ്സാരപ്രിയയാണെന്നു മനസ്സിലായി.അതൊ ഇനി റിസപ്ഷനില്‍ ഇരിക്കുന്നതുകൊണ്ട്
അങ്ങനെ സംസാരിക്കുന്നതാണൊ.. അറിയില്ല.. അതിനിടയില്‍ ചിരിച്ചുകൊണ്ട് എന്നൊട് പറഞ്ഞു.

“ഊങ്കളെ പാത്താല്‍ മാധവന്‍ മാതിരി ഇറുക്കെ..”

എന്നെ ഊതാന്‍ പറഞ്ഞതാണോ?. ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി.
ഇനി അധവാ മാധവന്‍ കേട്ടാല്‍ മാനഹാനിയ്ക്കു കേസ് കൊടുക്കുമോ എന്നൊരു പേടിയും ഇല്ലാതില്ല.

അവസാനം എന്നെ പഠിപ്പിക്കാനുള്ല മാഷും വന്നു. ഒരു ചുള്ളന്‍.അദ്ദേഹം എന്നെയും കൂട്ടി അടുത്തുള്ള നല്ലൊരു ലൊഡ്ജില്‍ പൊയി.അവിടുത്തെ അല്പം പൊഷ് ആയ ലൊഡ്ജ് ആണ്. മലയാളത്തിലെ വളരെയെറെ നടന്മാര്‍ കോടമ്പാക്കത്തു വരുമ്പൊള്‍ താമസിക്കുന്ന ലോഡ്ജ് ആണ്.
അതുപൊലെ തമിഴിലെയും ബി.ഗ്രെഡ് നടന്മാരും നടികളും സംവിധായകരും താമസിക്കുന്ന ലോഡ്ജ് ആണത്. (അവിടെ വച്ച് ചില മലയാള നടന്മാരെയും കാണാന്‍ കഴിഞ്ഞു.)

പിറ്റേന്നു ക്ലാസ്സില്‍ യാദൃശ്ചികമായി നമ്മുടെ മാഷ് തമിഴ് സിനിമയെ പറ്റി പറഞ്ഞു. പുള്ളി തമിഴ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയന്‍ മെംബറാണ്. നമ്മുടെ ശിവാജിയിലും അന്ന്യനിലും ഒക്കെ ചിന്ന ചിന്ന വേഷങ്ങള്‍ ചെയ്തതുമാണ്.
ഇതൊക്കെപറഞപ്പൊള്‍ ഞാന്‍ പതിയെ എന്‍റെ അഭിനയമോഹം ഒന്നുപറഞു. അഥവാ വല്ലതും നടന്നാല്‍
ഒത്തില്ലെ. പോയാല്‍ ഒരു വാക്കു.കിട്ടിയാല്‍ എന്റമ്മെ.. പറയാന്‍ വയ്യ ..ആകെ രോമാഞ്ചം,.

പക്ഷെ പുള്ളിക്കാരന്‍ ആകെയൊന്നു നോക്കി.
എന്നിട്ടു എന്നൊട് യൂണിയന്‍ മെമ്പര്‍ഷിപ്പിനെയും മറ്റും പറഞ്ഞു
നമ്മള്‍ എന്തിനും എതിനും സമ്മതം.
അന്നു വെള്ളിയാഴ്ചയായിരുന്നു.ഞായറാഴ്ച പുള്ളിയുടെ ഒരു പരിചയക്കാരനെ കാണണം എന്ന തീരുമാനമായി..

ഞാന്‍ അതിനുമുമ്പെ അല്പം ഒരുക്കങ്ങള്‍ ഒക്കെ നടത്തി. ഒരു ആയിരത്തിനാന്നൂറ് രൂപ കൊടുത്തു ഒരു
ഗൊള്‍ഡന്‍ ഫേഷ്യല്‍. അവിടുത്തെ മുന്തിയ സലൂണീല്‍ ഒരു ഹെയര്‍ സ്റ്റൈലിങ്. ആവകയിലും അഞ്ഞൂറ് രൂപ
ചീറ്റി കിട്ടി.(മുടിവെട്ട്,ഷേവിംഗ്. അല്ലറ ചില്ലറ സൂത്രങള്‍)
പിന്നീട് എപ്പൊഴും കൈയില്‍ കൊണ്ടുനടക്കുന്ന പെന്‍ ഡ്രൈവില്‍ നിന്നും ഒരു നാലു ഫൊട്ടൊ വലുതായി പ്രിന്‍റ്
എടുപ്പിചു. അതില്‍ ഒന്നു ഇവിടെ ഞെക്കിയാല്‍ കാണാം.അങാനെയും ഒരു എഴുനൂറു രൂപ ചീറ്റി.

ഞായറാഴ്ച അണിഞൊരുങി ഫെരാരി പെര്‍ഫ്യൂം ഒക്കെയടിച്ചു നേരേ നമ്മുടെ മാഷ് പറഞ്ഞ ആളെ കാണാന്‍ അവിടുത്തെ അല്പം നല്ല ഹൊട്ടലില്‍ ചെന്നു. നല്ലൊരു കട്ടബൊമ്മന്‍ പാണ്ടിയും നമ്മുടെ മാഷും അവിടെ എന്നെ പ്രതീക്ഷിച്ച് ഇരിപ്പുണ്ട്‌. എന്നെ കണ്ടു നമ്മുടെ പാണ്ടി വെളുക്കെ ചിരിച്ചു.

കേരളത്തിലെ ഹോട്ടലുകളില്‍ പാത്രം കഴുകുന്ന പാണ്ടികളെ അപ്പൊള്‍ ഓര്‍മ്മ വന്നു.അദ്ദേഹത്തിന്‍റെ മുമ്പില്‍ ഭവ്യതയൊട് ഇരുന്നു ഒരു വണക്കം അടിച്ചു. കൊണ്ടുപൊയ ഫോട്ടോകള്‍ എല്ലാം
തുറന്നുകാട്ടി. അതുകണ്ടപ്പോള്‍

“ഇതെല്ലം യേതുക്ക് അയ്യ,.. ഒന്നും തെവയില്ല ..ഇവന്‍ എല്ലാം സൊല്ലിയിരുക്കു..”

നമ്മുടെ മാഷിനെ ചൂണ്ടി സിനിമാ പാണ്ടി പറഞ്ഞപ്പോള്‍ മാഷും തലകുലുക്കി. ഞാന്‍ ഒന്നു ഞെട്ടി. എന്‍റെ ഫോട്ടൊ വേണ്ടായോ.. അപ്പൊള്‍ ഇനി വല്ല ഷക്കീല പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണൊ
ദൈവമെ..
“ഒന്നാമതെ കല്യാണം ഒക്കെ കഴിഞു.പണ്ട് ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.. ഇപ്പൊല്‍ വല്ല എടാ കൂടത്തിലും
അഭിനയിച്ചാല്‍ കഴിഞ്ഞു.. അവസാനം ഞാന്‍ ഗതികെട്ടു ചോദിച്ചു,.

അപ്പൊ.. അയ്യ ഞാന്‍ എന്ന പണ്ണണം

“ഒന്നും ഇല്ല....ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയനില്‍ ചേരണം.അത് താന്‍. അപ്പുറം ഏതാവത് ചിന്ന ചിന്ന റോള്‍ ഇരുന്നാല്‍ കണ്ടിപ്പാ ഊങ്കളെ കൂപ്പിടും .. "

അപ്പോള്‍ ഈ നാശം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ എര്‍പ്പാട് ചെയ്യുന്ന കോര്‍ഡിനേറ്റര്‍ ആണെന്നു പിന്നീടാണു മനസിലായത്‌...
ഏതായാലും ആ പാണ്ടിയ്ക്കും നമ്മുടെ വാധ്യാര്‍ക്കും പാര്‍ട്ടി കൊടുത്ത വകയില്‍ കൈയില്‍ നിന്നും
പൊയതെത്ര എന്നു പറയുന്നില്ല .

കൂടുതല്‍ വിഡ്ഡിത്തരം വിളമ്പാന്‍ വയ്യാ..
ഹോട്ടലില്‍ നിന്നു റൂമിലെക്കു നടക്കുന്നതിനിടയില്‍ വഴിവക്കില്‍ ഒട്ടിച്ചിരിക്കുന്ന ദശാവതാരത്തിന്‍റെ പോസ്റ്ററില്‍
ഇരുന്നുകൊണ്ട് നമ്മുടെ കമലഹാസന്‍റെ പത്തുതലകളും എന്നെ നോക്കി കൊഞ്ഞണം കുത്തുന്നതുപൊലെ തോന്നി.

അതൊടെ എന്‍റെ സിനിമാ മോഹത്തിന്‍റെയും അവസാനമായി..

വാല്‍ക്കഷ്ണം: എന്ന് കരുതി ആരെങ്കിലും അഭിനയിക്കാന്‍ വിളിച്ചാല്‍ ഇനിയും വയ്യെടാ എന്ന് പറയത്തക്ക അഹങ്കാരമോ നിന്ദയോ എനിക്കില്ല കേട്ടോ..

Monday, January 19, 2009

45.ചെങ്കീരിയെ കൊന്ന കീരി..

ആല്‍ത്തറയിലെ എന്‍റെ ആദ്യപോസ്റ്റ് വായിച്ചവരുടെ മനസ്സില്‍ പൊന്തിവന്ന പ്രമുഖമായ സംശയം ആട്ടിന്‍പാലിന്‍ നൈര്‍മ്മല്യവും വെള്ളരിപ്രാവിന്‍റെ ഹൃദയവും ഉള്ള നിഷ്കളങ്കനായ ദീപക്കിന് ഇങ്ങനെ ഒരു പണികൊടുക്കുവാന്‍ സാധിക്കുമോ.? ആ പണിയെകുറിച്ചു വായിക്കാത്തവര്‍ കഴിഞ്ഞ പോസ്റ്റിലെ ലിങ്ക് നോക്കിവായിക്കണേ..ഞാന്‍ അങ്ങനെ ആയതല്ല എന്നെ ആക്കിയതാണ്. ആ ക്രൂരകഥയുടെ ചുരുളഴിയുകയാണ്‌ ഇവിടെ..

ഇതും ഡല്‍ഹിവാസത്തില്‍ സംഭവിച്ചത് തന്നെ.എന്‍റെ ഒരു അടുത്ത സുഹൃത്ത് നാട്ടില്‍നിന്നും എത്തുന്നതോടെ കഥതുടങ്ങുന്നു.
ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ ചരിത്രംപോലെ ആശാനെ ഹരിപ്പാട്ടു നിന്നു ഡല്‍ഹിയിലേക്കു വീട്ടുകാര്‍ ഒന്നു വിക്ഷേപിച്ചിരുന്നു. എന്നാല്‍ യന്ത്രതകരാറില്‍ റോക്കെറ്റ്‌ വീഴുമെങ്കില്‍ കൈയിലിരുപ്പിന്‍റെ തകരാറുകൊണ്ടു സഹോദരന്‍ ഇദ്ദേഹത്തെ കേരളത്തിലേക്ക് തിരികെ വിക്ഷേപിക്കുകയായിരുന്നു. അല്ലെങ്കില്‍ പതിമൂന്നു വര്‍ഷം കൊണ്ടു ഇദ്ദേഹത്തിന്‍റെ സഹോദരന്‍ പടുത്തുണ്ടാക്കിയ അന്തസ്സും പേരും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പോലെ തകര്‍ന്നടിയുമെന്നു വീഴുമെന്നുള്ള തിരിച്ചറിവായിരുന്നു.

പിന്നെന്തിനു ഇയാളെ വീണ്ടും ഒരു പി.വി.എസ്.എല്‍.വി. പോലെ പരീക്ഷണം പരാജയപ്പെട്ടിട്ടും വീണ്ടും വിക്ഷേപിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിച്ചു എന്നതാണ് ഈ പോസ്റ്റിന്‍റെ ക്ലൈമാക്സ്.
പക്ഷെ ഡല്‍ഹിയിലേക്കു ഇറക്കുന്നതില്‍ വളരെ പ്രതിരോധം നടത്തിയ ഇദ്ദേഹത്തിന്‍റെ സഹോദരനോട് വീട്ടുകാര്‍ പറഞ്ഞ മറുപടി ഇതായിരുന്നു..

"ജീവിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മറുനാടന്‍ പ്രവാസി മലയാളികള്‍ ഇവനെ എന്തായാലും കൊന്നുകളയില്ല. പക്ഷെ നാട്ടില്‍ ഇവനെ ആരെങ്കിലും തല്ലികൊന്നു ഏതെങ്കിലും പാര്‍ട്ടിയുടെ രക്തസാക്ഷിയാക്കും.അത്യാവശ്യം മേദസ്സുള്ള ശരീരമായതിനാല്‍ ആരെങ്കിലും തല്ലികൊന്നു വല്ല തെങ്ങിനും വളമാക്കിയാലും അതിശയപ്പെടേണ്ട കാര്യമില്ല..എല്ലാം കൈയിലിരിപ്പിനു കിട്ടേണ്ട പ്രതിഫലങ്ങള്‍ തന്നെ..."

എന്തായാലും ഒരേ ഉദരത്തില്‍ ജനിച്ചതിന്‍റെ കടപ്പാട് തീര്‍ക്കാന്‍ സഹോദരന്‍ ഈ മുള്‍ക്കിരീടം ഏറ്റുവാങ്ങിയെന്ന് പറയുന്നതാവും ഭംഗി. ഇതെല്ലാം ഫ്ലാഷ്ബാക്ക്. ഞാന്‍ പിന്നീട് അറിഞ്ഞവ..ഇനി സംഭവത്തിലേക്ക്.
ഇദ്ദേഹം വന്ന അന്ന് തുടങ്ങി തന്‍റെ നേരത്തെയുള്ള വിക്ഷേപണത്തിന്‍റെ തനിയാവര്‍ത്തനങ്ങള്‍. (പഴയവിക്ഷേപണം നാലുമാസം ദൈര്‍ഘ്യം)
എന്തിലും ഇതിലും അഭിപ്രായം പറയുക എന്നല്ല ഉപദേശം തരുക എന്നതാണ് ഇഷ്ടന്‍റെ രീതി. ചോദിക്കേണ്ട ആവശ്യമില്ല തരും എന്ന പ്രത്യേകത ഒക്കയുണ്ട്.ടയറിന്‍റെ പഞ്ചര്‍ ഒട്ടിച്ചു ജീവിക്കുന്നവനോട് സൊല്യൂഷന് പകരം റബ്ബര്‍ പാല്‍ ഒട്ടിച്ചാലോ ഫെവികൊളോ ഒട്ടിച്ചാല്‍ മതിയെന്നും (തുപ്പല്‍ പുരട്ടാനോ ചോറ് പുരട്ടാനോ പറയാത്തത് ഭാഗ്യം.) കാസറ്റ് കട നടത്തുന്ന ചേട്ടനോട് വിവിധ റിക്കോഡിംഗ് മാര്‍ഗങ്ങളും സ്കൂട്ടര്‍ റിപ്പയറില്‍ വയറിന്‍റെ വിശപ്പകറ്റുന്നവനോട് അവിടെ നടത്തേണ്ട മാറ്റങ്ങളും ഒക്കെയായി എല്ലാവരെയും ജീവിക്കാന്‍ സമ്മതിക്കാത്ത സ്ഥിതി ഉണ്ടായപ്പോള്‍ എന്‍റെ അടുത്ത സുഹൃത്ത് (ജിനു) എന്നെ ഈ പുലിയുടെ ഇരയാക്കാന്‍ തീരുമാനിച്ചു.

സത്യത്തില്‍ ഇവന്‍റെ പരാക്രമങ്ങള്‍ അറിഞ്ഞിരുന്നില്ലാത്ത ഞാന്‍ നേരിടേണ്ടി വരാന്‍ പോക്കുന്ന ദുരന്തത്തെപറ്റി ഒരറിവും ഇല്ലാതെ ചെന്നുവെന്നാണ് സത്യം.അവിടെ ചെന്നപ്പോള്‍ ഇവന്‍റെ സഹോദരന്‍ പതിവുള്ള ജോഗിങ്ങിനായി പാര്‍ക്കിലേക്ക് പോയിരുന്നു. ഇവന്‍റെ ശല്യം മൂലമായിരുന്നോ ജോഗിംഗ് നടത്തിയിരുന്നതെന്നും ഇപ്പോള്‍ സംശയം ഇല്ലാതില്ല..എന്‍റെ കൂടെ വാന്ന ജിനു എന്നെ ഈ വ്യാഗ്രത്തിന്‍റെ വായിലേക്ക് എറിഞ്ഞുകൊടുത്തിട്ടു സഹോദരനെ കാണാന്‍ പാര്‍ക്കിലേക്ക് നടന്നു.

പക്ഷെ എന്തോ ഇവനെ കണ്ടപ്പോള്‍ ഒരു പരിചയം തോന്നിയ ഞാന്‍ പക്ഷെ ആളെത്തിരിച്ചറിഞ്ഞു.അപ്പോള്‍ തന്നെ ആളെ മനസ്സിലായ ഞാന്‍ (ഡല്‍ഹിയിലെ ക്രൂരകൃത്യങ്ങള്‍ അപ്പോഴും അറിഞ്ഞില്ല) പതിയെ പുലിയെ അവന്‍റെ ഇഷ്ടത്തിന് വിളയാടാന്‍ വിട്ടു.എന്നോടുള്ള ആദ്യം ഞാന്‍ ഡല്‍ഹിയില്‍ വന്നിട്ടെത്ര നാളായി എന്നതായിരുന്നു.

"ഒരാഴ്ച.."

എന്‍റെ മറുപടി പെട്ടെന്നായിരുന്നു. പക്ഷെ ഡല്‍ഹിയില്‍ ഒരു ദശാബ്ദം തികഞ്ഞിരുന്നുവേന്നത് സത്യം.
പതിയെ നാലുമാസം പരിചയമുള്ള ഇഷ്ടന്‍ പതിയെ ഡല്‍ഹി പുരാണവും നിയമങ്ങളും തുടങ്ങി ഡല്‍ഹിയില്‍ ജീവിക്കേണ്ട രീതികളും മാത്രമല്ല ഭാഷയും എല്ലാം ഉള്‍പ്പടെ ഒരു ഗംഭീര ക്ലാസ് നടത്തി. ഇവന്‍ കത്തിയല്ല അറക്കവാള്‍ അന്നെന്നു മനസ്സിലായ പക്ഷെ എല്ലാം തലകുലുക്കി കേട്ടു.(ഡല്‍ഹി രാജ്യം അല്ലാത്തത് ഭാഗ്യം.. അല്ലെങ്കില്‍ അവിടെ പൌരത്വം എടുക്കേണ്ട മാര്‍ഗ്ഗവും പറഞ്ഞു തന്നേനെ..) ട്രാഫിക് നിയമങ്ങള്‍,ആളുകളുടെ സ്വഭാവം തുടങ്ങി ഒരു എന്‍സൈക്ലോപീടിയ ഇവന്‍ തുറന്നുവന്നു പറഞ്ഞാല്‍ മതിയല്ലോ.

എന്നാല്‍ ഇര പാവമാണ് എന്ന് തോന്നിയ ഇഷ്ടന്‍ അടുത്തുള്ള കടയിലേക്ക് എന്നെ ക്ഷണിച്ചു. ഒരു ലിംക വാങ്ങി തരുകയായിരുന്നു ലക്ഷ്യം. കടയില്‍ ചെന്നു ലിംക വാങ്ങി ഞാന്‍ പണം കൊടുത്തപ്പോള്‍ എന്നെ തടഞ്ഞു കൊണ്ടു പൈസ കൊടുത്തുകൊണ്ട് ഒരു കമന്‍റ്.

"ഇന്നലെ വന്ന തന്നെകൊണ്ടു പണം കൊടുപ്പിച്ചാല്‍ പിന്നെ എന്ത് മര്യാദ.."

പക്ഷെ തിരക്കിനിടയില്‍ എന്നെ ശ്രദ്ധിക്കാഞ്ഞ കടയുടമ പഞ്ചാബി എന്നെ (നേരത്തെ അറിയാം) കണ്ടു ചോദിച്ചു..

"ഓ പുത്തര്‍ സസ്രീയകാല്‍ .കീ ഗാല്‍ ഹേ.."

"പാജി ചങ്ക.. തുസ്സി ദസ്സോ കി ഗാല്‍ ഹേ."

ഒരു നിമിഷം കൊണ്ടു വിളറിപ്പോയ നമ്മുടെ പുലി എന്‍റെ നേരെ തിരിഞ്ഞു..

"നിങ്ങള്‍ കഴിഞ്ഞ ആഴ്ച വന്നൂ എന്നല്ലേ പറഞ്ഞതു.ഇതെല്ലം എങ്ങനെ അറിയാം.."

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..

"മാഷേ .. ഞാന്‍ നാട്ടില്‍ നിന്നു ലീവില്‍ വന്നൂ എന്ന പറഞ്ഞതു."

പണികിട്ടിയെന്നു മനസ്സിലാക്കിയ ഇഷ്ടനോട് വേറൊന്നും കൂടി പറഞ്ഞു..

"മാഷേ നിങ്ങളെ അജിത്തിനോടൊപ്പം തിരുവല്ല ചിലങ്കയില്‍ നിന്നും പോക്കിയതെനിക്കറിയാം..മറ്റേ പൂവാലന്‍മാരെ പിടിച്ച കേസിന്.."

ഒന്നും മിണ്ടാതെ പിറുപിറുത്തു തിരികെ പോയ ഇഷ്ടന്‍റെ ഈ കഥ ഞാന്‍ അങ്ങ് പാട്ടാക്കി. അതോടെ പുലി മടയില്‍നിന്നു പുറത്തിറങ്ങിയുള്ള ആക്രമങ്ങള്‍ ഒഴിവാക്കിയെന്നത് ചരിത്രം.

(ഇതുകേള്‍ക്കുന്നവര്‍ക്ക് തോന്നും ഇത്ര വലിയ പുലി ഒരു പഞ്ചാബി കേട്ടു മുട്ട് മടക്കിയോ എന്ന്. എന്നാല്‍ അതല്ല കാര്യം.ഈ പുലിയേം എന്‍റെ ഒരു സുഹൃത്തിനെയും പെണ്ണുങ്ങളെ കമന്‍റ് അടിച്ചതിനും ശല്യം ചെയ്തതിനും തിരുവല്ലയില്‍ നിന്നു പോലീസ് പിടിച്ചു പെറ്റികേസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ കേസുള്ള ഇയാള്‍ക്ക് ഡല്‍ഹിയില്‍ നിന്നും ഒരു പാസ്പോര്‍ട്ട് എടുപ്പിച്ചു ഡല്‍ഹിയില്‍ നിന്നും ഗള്‍ഫിലേക്ക് റീലോഞ്ച് ചെയ്യാനാണ് വീട്ടുകാര്‍ വീണ്ടും ഡല്‍ഹിയിലേക്കു വീണ്ടും വിക്ഷേപണം നടത്തിയത്.എന്നാല്‍ ഈ പൂവാല കേസ് ഡല്‍ഹിയിലെ സഹോദരനോട് പറഞ്ഞിരുന്നില്ല..)

എന്നാല്‍ നാട്ടിലെത്തിയ ഞാന്‍ ഇതിലെ കൂട്ടുപ്രതിയുടെ ആല്‍ബത്തില്‍ നിന്നും ഇയാളെ മനസ്സിലാക്കിയിരുന്നുവെന്നു ചരിത്രം.എന്നാല്‍ എന്‍റെ കൂട്ടുകാരന്‍ (കൂട്ടുപ്രതി) അതോടെ ദുബായ് വഴി ഇപ്പോള്‍ അയര്‍ലണ്ടില്‍ എത്തി.. ഈ പുലിയും ഡല്‍ഹി പാസ്പോര്‍ട്ട് എടുത്ത്‌ കുവൈറ്റില്‍ എത്തി..പക്ഷെ എങ്ങനോ ഇയാളെ അബ്ബാസിയയില്‍ ചെന്നുകണ്ട എന്നെ കണ്ടു പുലിയായല്ല പൂച്ചയായാണ് എതിരേറ്റത്.

പക്ഷെ ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം.ജിനു എന്നെ ഈ പുലിയുടെ ഇരയാവാന്‍ എന്തിന് കൊടുത്ത് എന്നതാണ്. ഒരുപക്ഷെ എന്നില്‍ ഉറങ്ങിയിരുന്ന വില്ലനെ കണ്ടിരുന്നതുകൊണ്ടാണോ അതോ ഒരു ഇരയെ പുലിയെ നിവേദിച്ചതാണോ. ഏതായാലും അതോടെ ജയന്റ് കില്ലര്‍ എന്നും കീരി ചെങ്കീരി പിടിച്ചെന്നും ഒക്കെയായി ഞാനും വില്ലന്മാരുടെ ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടു. എന്നാല്‍ സാമൂഹിക പ്രശ്നം കൈകാര്യം ചെയ്ത ചാരിതാര്‍ത്ഥ്യം മാത്രമെ എനിക്കുള്ളൂ..

എനിക്കുള്ള കീരി എവിടെയാണാവോ..??

Friday, January 16, 2009

42.ഒരു പരീക്ഷണ ആദ്യരാത്രി (ഫ്ലോപ്പ്)

ജീവിതത്തില്‍ ഒരു ഗള്‍ഫ്കാരന്‍ ആയിട്ടെ പെണ്ണ് കെട്ടൂ എന്നൊരു ഭഗീരഥ പ്രതിജഞ എടുത്തിട്ടുണ്ടായിരുന്നതിനാല്‍ അല്പം താമസിച്ചാണ് വെളികെട്ട് നടന്നത്. ഇന്നു പ്രവാസികളെ തെറിവിളിക്കുന്നവര്‍ ഉണ്ടെങ്കിലും ഒരു പ്രവാസിയാവാന്‍ എത്ര നേര്‍ച്ചനേര്‍ന്നുവെന്നെനിക്കെ അറിയൂ.. ഒരു പക്ഷെ പിതാശ്രീ ഗള്‍ഫില്‍ പോവാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മകനിലൂടെ ആ ശ്രമം പൂവണിയിക്കാന്‍ നോക്കിയതുകൊണ്ട് എന്‍റെ വഴി അല്പം ലളിതമായി എന്ന് മാത്രം.

ഗള്‍ഫില്‍ നിന്നും വരുന്ന ബന്ധുക്കള്‍ കൊണ്ടുവന്നിരുന്ന ബ്രൂട്ടും,ടീഷര്‍ട്ടും,യാഡ് ലി ടാല്‍കം പൌഡറും ഒപ്പം ഗള്‍ഫ്കാരന്‍റെ പെട്ടി തുറക്കുമ്പോഴുണ്ടാകുന്ന മണവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.. സത്യത്തില്‍ ഗള്‍ഫ്കാരന്‍റെ ഒട്ടക, എണ്ണപാട, ഗോള്‍ഡ് സൂക്, പേര്‍ഷ്യന്‍ കഥകള്‍ക്കും ഞാന്‍ എന്ന ശ്രോതാവ് ഏത് പാതിരാത്രിയിലും റെഡി ആയിരുന്നതിനാല്‍ ഗള്‍ഫന്‍മാര്‍ക്കും എന്നോട് പ്രത്യേകഅടുപ്പം ഉണ്ടായിരുന്നു. എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ചിക്കന്‍ ബിര്യാണി വെള്ളിയാഴ്ച്ചതോറും ക്യാമ്പുകളില്‍ ഫ്രീ ആയി വാങ്ങികഴിക്കുന്ന ഗള്‍ഫ്കാരനോട് അല്പം അസൂയയും ഉണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ കള്ളമല്ല.

അങ്ങനെ ഞാനും വളരെ ശ്രമങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ എത്തി. ചെറുതെങ്കിലും എണ്ണ സമ്പന്നമായ കുവൈറ്റില്‍.എന്നാല്‍ വന്നു രണ്ടു വര്‍ഷം ആയപ്പോഴേക്കും നമ്മുടെ പഴയ ശപഥം ഓര്‍മ്മ വന്നു. ഗള്‍ഫില്‍ വന്നെങ്കിലും ഗള്‍ഫന്‍ ആയി കല്യാണം കഴിക്കണമെന്ന ശപഥം.. രണ്ടു വര്‍ഷം തോറും പുതുക്കുന്ന കോണ്ട്രാക്റ്റ് അഥവാ പുതുക്കിയില്ലെങ്കില്‍ നാട്ടില്‍ ചെന്നു വീണ്ടും തിരിച്ചുവന്നു കല്യാണം കഴിക്കുമ്പോഴേക്കും മൂക്കില്‍ പല്ലുകിളിക്കും.

ദൈവസഹായത്താല്‍ ഓഫീസിലെ ജോലിയും ഇഷ്ടംപോലെ ഇന്‍റര്‍നെറ്റും കൈയില്‍ ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നതിനാല്‍ ശാദി,കേരളമാട്രിമോണി,ജീവന്‍സാഥി തുടങ്ങി ആരെയും പിണക്കിയില്ല.. അല്ലെങ്കില്‍ നമ്മളെന്തിനു പന്തിയില്‍ പക്ഷഭേദം കാട്ടണം.. എവിടൊക്കെ പേരു രെജിസ്ടര്‍ ചെയ്യാമോ അവിടെല്ലാം ചെയ്തു. അവസാനം എന്നും രാവിലെ ചെക്ക് ഡാമില്‍ ചൂണ്ട വച്ചിട്ട് പിറ്റേന്ന് രാവിലെ മീനുണ്ടോ എന്ന് നോക്കുന്നവനെപോലെ ഞാനും ആരെങ്കിലും കൊത്തിയോ എന്ന് നോക്കി തുടങ്ങി..അവസാനം ഒരെണ്ണം കൊത്തി.

ഇതിനിടയില്‍ ഒന്നേ കൊത്തിയുള്ളോ എന്ന് ചോദിച്ചാല്‍ അല്ല.. ഇഷ്ടം പോലെ കൊത്തി. നമ്മള്‍ക്കിഷ്ടപെട്ട ഒന്നേ കൊത്തിയുള്ളൂ. അങ്ങനെ 2008 ജനുവരിയില്‍ കൊത്തിയ ഈ മീനുമായി പതിയെ പ്രണയത്തിലായി. (അതിനെ തന്നെ താലി കെട്ടി കേട്ടോ..)പക്ഷെ അയര്‍ലണ്ടിലെ നമ്മുടെ കക്ഷി കുവൈറ്റില്‍ ഫോണ്‍ വിളിച്ചപ്പോള്‍ കുവൈറ്റ് മൊബൈല്‍ കമ്പനികള്‍ ഇന്‍കമിങ്ങിലൂടെ എന്‍റെ കുടുംബം കൊഞാട്ടയാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അന്ന് കുവൈറ്റില്‍ ഇന്‍കമിംഗ് കോളുകള്‍ക്കും പണം കൊടുക്കണം..ഇപ്പോള്‍ നിര്‍ത്തിയെന്നു കേട്ടപ്പോള്‍ നെഞ്ചുതകരുന്നു.

അങ്ങനെ പ്രേമം ഊര്‍ജ്ജിതമായി മുമ്പോട്ട്‌ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വിവാഹശേഷമുള്ള ജീവിതത്തെയും ആദ്യരാത്രിയെയും പറ്റി ഭാവിഭാര്യയുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.ജീവിതത്തില്‍ ഒരിക്കല്‍ വരുന്ന ആദ്യരാത്രി അല്പം വെത്യസ്തമാക്കണം എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഗാന്ധര്‍വവിവാഹം എന്നൊരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും അതിന് തയ്യാറാകാത്ത പെണ്‍കുട്ടികളും അങ്ങനെ നടന്നാല്‍ ഉണ്ടാകാവുന്ന ഭവിഷത്തും നേരിടാന്‍ വയ്യായിരുന്നുവെങ്കിലും ഒരു മുറിയില്‍ അടച്ചു പൂട്ടി ആദ്യരാത്രി എന്നുള്ളതിനോട് അല്പം വിയോജിപ്പ്‌ ഉണ്ടായിരുന്നു.

ആദ്യരാത്രി വീടിന്‍റെ ടെറസില്‍ പൂനിലാവിനോടും കാറ്റിനോടും നിശയോടും മന്ത്രിച്ചു പ്രകൃതിയെ സാക്ഷി നിര്‍ത്തി ജീവിതംതുടങ്ങാമെന്ന ആഗ്രഹം കേട്ട ഭാവിഭാര്യ പക്ഷെ എന്തോ അങ്ങ് സമ്മതിച്ചു..ഒരു പുതുജീവിതം തുടങ്ങുമ്പോള്‍ ഫ്രെഷ്എയറില്‍. പൂനിലാവിനോട് കിന്നാരം ചൊല്ലി.. നക്ഷത്രങ്ങളോട് കഥപറഞ്ഞു.പാതിരാപുള്ളിനോടും രാക്കിളികളോടും പോകുവാന്‍ പറഞ്ഞു. അവസാനം കാലത്ത് ഈ പാട്ടും പാടണം എന്ന് ഭാര്യയോടു പറഞ്ഞു..

"പുലരാറായപ്പോള്‍ പൂങ്കോഴികൂവിയപ്പോള്‍ പുതുമണവാളനോന്നുറങ്ങിയപ്പോള്
‍കണ്ണോടു കണ്ണും നോക്കി ചിരിച്ചും കൊണ്ടിരിപ്പായി
വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം..."

എന്നാല്‍ ഈ ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഭൂമികുലുക്കം. ഇതേതോ ഭയാനകം എന്നമട്ടില്‍ ആരും അതിനോട് നന്നായി പ്രതികരിച്ചില്ല.. പക്ഷെ കൊതുകുണ്ട്‌. ആളുകള്‍ കാണില്ലേ തുടങ്ങിയ ദുര്‍ബ്ബലമായ പ്രതിരോധംകൊണ്ട് ഒതുക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ ഓഡോമോസിന്‍റെയും ഉയര്‍ന്ന പാരപെറ്റിന്‍റെയും കാര്യം പറഞ്ഞു ഒതുക്കി എന്ന് വേണം പറയാന്‍.

അങ്ങനെ വിവാഹത്തിന്‍റെ തലേന്ന് തന്നെ ടെറസ് വൃത്തിയാക്കി.. അങ്ങനെ ജിവിതത്തിലെ ആഗ്രഹങ്ങള്‍ ഓരോന്നും മനോഹരമായി പര്യവസാനിക്കുന്നത് കാണുന്നത് അല്പം പുളകത്തോടെ നോക്കിനിന്നുവെന്നു വേണം പറയാന്‍. വിവാഹം കോട്ടയത്ത് വച്ചായതിനാല്‍ (അങ്ങോട്ടുംഇങ്ങോട്ടും കൂടി ഇരുനൂറ്റിഅമ്പത് കിലോമീറ്റര്‍) വിവാഹം കഴിഞ്ഞുവന്നപ്പോള്‍ സന്ധ്യയായി..

ബന്ധുക്കള്‍ വേഗം തന്നെ സ്ഥലം വിട്ടതുകൊണ്ടു വേഗം ആദ്യരാത്രി തുടങ്ങാം എന്ന് കരുതി ടെറസിലേക്ക് മെത്തയുമായി നടക്കാന്‍ തുടങ്ങിയ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ മഴ തുടങ്ങി.. മഴ എന്നുവെച്ചാല്‍ ഇടിച്ചുകുത്തി നല്ല സൂപ്പര്‍മഴ..അപ്പോള്‍ മാതാശ്രീ പിറുപിറുക്കുന്നത് കേട്ടു..

" ഇവന്‍റെ തോന്നിയവാസങ്ങള്‍ക്ക് ഞങ്ങള്‍ സമ്മതിച്ചാലും ദൈവം സമ്മതിക്കുമോ...?"

ഒന്നും മിണ്ടാതെ ഞങ്ങള്‍ രണ്ടും നേരെ മുറിക്കുള്ളിലേക്കും പോന്നു.

Wednesday, January 14, 2009

41.ഒരു കണ്ണിറുക്കല്‍ പുരാണം

വര്‍ഷങ്ങള്‍ക്കു മുമ്പെ നടന്ന ഒരു സംഭവം ഇപ്പോള്‍ ആകസ്മികമായി അഗ്രജന്‍ എന്ന ബ്ലോഗറുടെ ബ്ലോഗ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

നീണ്ട ബസ് യാത്രകള്‍ പണ്ടേന്‍റെ ജീവിതത്തില്‍ വളരെ കുറവായിരുന്നു. പക്ഷെ ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മാതാശ്രീയുടെ ഉടപ്പിറന്നവന്‍റെ വീട്ടിലേക്ക് ഒരു യാത്രതരപ്പെട്ടു. ഇന്നു വിമാനയാത്രയും ബോറടിച്ചു തുടങ്ങിയെങ്കിലും അന്ന് പത്തനംതിട്ടയ്ക്കപ്പുറം ബസ് യാത്ര എന്ന് പറഞ്ഞാല്‍ ഒരു സംഭവം ആണെന്ന് കൂട്ടിക്കോ.തന്നെയുമല്ല മാതാശ്രീ വരുന്നില്ലയെന്നൊരു ബോണസും ഒപ്പമുണ്ട്.

മാതുലന്‍റെ വീട്ടില്‍ ചെല്ലണം.. മേപ്പടിയാന്‍റെ ഭാര്യ (എന്‍റെ അമ്മാവി) ശരീരസുഖമില്ലാതെ കിടക്കുന്നു.അല്പം സീരിയസ് ആണ്. അതിന് വേണ്ടിയുള്ളതാണ് യാത്ര.എന്‍റെ ഒപ്പം ഒരു കസിനും മറ്റൊരു കാരണവരും ഉണ്ട്.. കാരണവരെ സഹിക്കുക എന്നാല്‍ നമ്മുടെ ഡോ.സുകുമാര്‍ അഴീകൊടിന്‍റെ പ്രസംഗം സഹിക്കുന്നതിനുമപ്പുറം തന്നെ.. ലോകത്തിലെ എല്ലാ കാര്യത്തിലും തന്നെ വിചാരവീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അദ്ദേഹത്തെ എങ്ങനെ സഹിക്കും എന്ന് കരുതിയ എന്നെ എന്‍റെ കസിന്‍റെ സാന്നിധ്യം അല്പം മനസമാധാനം തന്നൂ എന്നതാണ് വാസ്തവം.

പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ മുതല്‍ നമ്മുടെ കസിന്‍ തന്‍റെ ലീലാ വിലാസങ്ങള്‍ കാട്ടിതുടങ്ങി.. (കസിന്‍ എന്നെക്കാള്‍ അഞ്ചു വയസ്സിനു മൂത്തതും പേരിലും സ്വഭാവത്തിലും ശ്രീകൃഷ്ണന്‍റെ പര്യായവും ആണ്..)പത്തനംതിട്ട കോളേജില്‍ പഠിക്കുന്നതും അതേപോലെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമുള്ളവനും ആയതിനാല്‍ ബസ്സ്റ്റാണ്ടില്‍ വന്നുകൊണ്ടിരുന്ന മിക്ക തരുണീമണികളും,കോളേജ് കുമാരികളും ഇഷ്ടനെ നോക്കി പുഞ്ചിരിതൂകുന്നുണ്ടായിരുന്നു. (ഇഷ്ടന്‍റെ ഭാഷയില്‍ റേഞ്ചുള്ള സ്ഥലം ആയതിനാല്‍ കടാക്ഷങ്ങള്‍ക്കും പുഞ്ചിരികള്‍ക്കും ക്ഷാമമില്ല..)

എന്നാല്‍ ആവശ കലാകാരന്മാര്‍ക്കും ബ്ലോഗര്‍മാര്‍ക്കും ആരാധകരില്ല എന്ന് പറയുന്നതുപോലെ ഈ പാവത്തിനെ ആരും നോക്കുന്നില്ല.. കടാക്ഷം,പുഞ്ചിരി എന്നിവയുടെ ദൌര്‍ബല്യം കുറെ നേരത്തേക്ക് എന്നെ ഭൌതികലോകത്തിന്‍റെ നിരര്‍ഥതയും ഒപ്പം അത്മീയത്തിലെക്കുള്ള തുറിച്ചുനോട്ടത്തിലുംവരെയെത്തിച്ചു എന്ന് വേണമെങ്കില്‍ പറയാം.

അന്നും ഏകദേശം അഞ്ചരയടിയില്‍ മേല്‍ ഉയരം ഉണ്ടായിരുന്നുവെങ്കിലും ഉദ്ദേശം നാല്പതുകിലോയില്‍ മേല്‍ പോകാത്ത ശരീരം സോമാലിയയില്‍ നിന്നുവന്ന അഭയാര്‍ത്ഥി എന്നൊരു ഇമേജ് തന്നിരുന്നുവെന്നു പിന്നീട് വിവരം വച്ചപ്പോള്‍ മനസ്സിലായി. എന്തായാലും അത്രയും കറുത്ത നിറം കിട്ടാത്തതില്‍ മാതാപിതാക്കളോടുള്ള അകൈതവമായ നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ഭാരതത്തിലെ യുവത്വവും കൌമാരവും പോഷകാഹാര ദൗര്‍ബല്യംമൂലം ഇങ്ങനെ ആയി എന്നും പറഞ്ഞു ലോകബാങ്കില്‍ നിന്നും ലോണ്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ സാമ്പിള്‍ ആയി കാണിക്കാന്‍ കൊള്ളാവുന്ന രൂപത്തിലുള്ള എന്നെ പെണ്‍കുട്ടികള്‍ എന്തിന് അല്ലെങ്കില്‍ എങ്ങനെ നോക്കും എന്നതായിരുന്നു സത്യം.

എന്തായാലും ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ പാലക്കാട്ടേക്ക് പോകാനുള്ള സൂപ്പര്‍ ഫാസ്റ്റ് വന്നു.(ഇന്നും അതെ സമയംതന്നെ എന്ന് തോന്നുന്നു.) ഏതാണ്ട് രാത്രി എട്ടു മണിക്കേ ഈ ആനവണ്ടി പാലക്കാട്ടെത്തൂ..ഞങ്ങള്‍ മൂവരും ബസില്‍ കയറി. ഞാന്‍ പ്രായത്തില്‍ കുറഞ്ഞവെന്ന കാരണം പറഞ്ഞു എന്നെ ജനാലയക്കരുകില്‍ ഇരുത്തി.. എന്നാല്‍ ഇടയിലൂടെ പോകുന്നവരെ കൈകൊണ്ടു മുട്ടാനുള്ള സൂത്രമാണ് ഇതെന്ന് നമ്മുടെ കസിന്‍ പിന്നീടാണ് എനിക്ക് പറഞ്ഞു തന്നത്.നമ്മുടെ കാരണവര്‍ ആകട്ടെ മറ്റൊരു സൈഡ് സീറ്റ് പിടിച്ചു ഉറങ്ങാനുള്ള ശ്രമത്തിലും.ബസ് അങ്ങനെ പത്തനംതിട്ടവിട്ടു.. ഇതിനിടയില്‍ പത്തനംതിട്ടയില്‍ നിന്നു കയറിയ ചിലപെങ്കുട്ടികളെ കണ്ണും കൊണ്ടുള്ള അഭ്യാസത്താല്‍ നമ്മുടെ കസിന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നു.

അങ്ങനെ ബസ് മുമ്പോട്ട്‌ പോയി കുറെ കഴിഞ്ഞു ഒരു സ്ഥലം എത്തിയപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയും അല്പം പ്രായമുള്ള കാരണവരും നില്ക്കുന്നത് കണ്ടു..നമ്മുടെ കസിന്‍ പുറകിലോട്ടു തിരിഞ്ഞു പെണ്‍കുട്ടിയെ നോക്കുന്നത് കണ്ടു.പക്ഷെ ഈ സ്ഥലം പുള്ളിയുടെ റേഞ്ചില്‍ പെട്ടതല്ല എന്ന തിരിച്ചറിവുകൊണ്ടായിരിക്കും കൂടുതല്‍ സാഹസത്തിനു പോകാതെ വേറെ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ടിരുന്നു..പക്ഷെ ഈ യാത്രയുടെ ആദ്യം മുതലേ ഇതെല്ലം കണ്ടുംകേട്ടും ആതിപൂതിയിളകി അന്തംവിട്ടുകണ്ണുംതള്ളി വികാരവിജ്രംഭിതനായി ഇരുന്ന ഞാന്‍ ഒരു കടുംകൈ ചെയ്യാന്‍ തീരുമാനിച്ചു. നേരെ ആ കുട്ടിയെ നോക്കി ഒന്നു കണ്ണിറുക്കി.പക്ഷെ എന്തോ ഏറ്റില്ലയെന്നു കരുതി വീണ്ടും ഇറുക്കിയപ്പോള്‍ വെറുപ്പോടെ പെണ്‍കുട്ടി മുഖം തിരിച്ചപ്പോള്‍ സംഭവം ചെന്നു കൊണ്ടു എന്ന് മനസ്സിലായി.

പക്ഷെ എന്‍റെ കഷ്ടകാലത്തിന് കോട്ടയം ബസ്സ്റ്റാന്റിന് വെളിയില്‍ വെച്ചാണിത് സംഭവിച്ചത്.. കോട്ടയം ബസ്സ്റ്റാണ്ട് ആയെന്നോ ഇതു അതിന് വെളിയില്‍ ആണെന്നോ ഒന്നും എലിയെതാ,പന്നിയെതാ,ട്രാന്‍സ്ഫോര്‍മര്‍ ഏതാ എന്നറിയാത്ത ഞാന്‍ ഉണ്ടോ അറിയുന്നു.. പക്ഷെ കഷ്ടകാലത്തിന് കല്ലെറിഞ്ഞാല്‍ അതും കാളയ്ക്കിട്ടു കൊള്ളും എന്ന് അന്നറിഞ്ഞു. ആ പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന കാരണവരും സ്റ്റാന്‍ഡില്‍ വെച്ചു ഞങ്ങളുടെ ബസില്‍ കയറി. എന്‍റെ നേരെ മുന്നിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ച ശേഷം "ആലത്തൂര്‍ രണ്ടു ടിക്കറ്റ്" എന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ തലയില്‍ വെള്ളിടി വെട്ടി.കാരണം എനിക്കിറങ്ങാനുള്ള സ്റ്റോപ്പും അതുതന്നെ.

അങ്ങനെ നല്ലകുട്ടിയായി ഞാന്‍ ആലത്തൂര്‍ വരെയിരുന്നു.ആലത്തൂര്‍ എത്തി ഞങ്ങള്‍ ഓട്ടോ വിളിച്ചു മാതുലന്‍റെ വീട്ടില്‍ ചെല്ലുന്നവരെ ഞാന്‍ ഉള്ളില്‍ അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു. പക്ഷെ മാതുലന്‍റെ വീട്ടില്‍ എത്തി പിറ്റേന്ന് വൈകിട്ട് മാതുലപുത്രി എന്നെ അതിന്‍റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ആ കുട്ടിയുടെ വിവാഹ നിശ്ചയമായിരുന്നു അടുത്ത ദിവസം..

ആ വീട്ടിലെത്തി കൂട്ടുകാരിയെ കണ്ട എന്നെ ശരീരത്തെ രോമങ്ങള്‍ തുടക്കക്കാരന്‍റെ ബ്ലോഗില്‍ വിശാലമനസ്കന്‍ കമന്‍റ് ഇട്ടാല്‍ ബ്ലോഗര്‍ക്കുണ്ടാവുന്ന അമ്പരപ്പ് പോലെ എഴുന്നേറ്റു നിന്നു.. ജെല്ല് പുരട്ടിയാലും ഇരിക്കില്ലായെന്ന മട്ടിലെ രോമങ്ങളുടെ പ്രതികരണങ്ങള്‍ക്ക് കാരണം ആ കൂട്ടുകാരി തലേന്ന് ഞാന്‍ കണ്ണിറുക്കിയ സുന്ദരിയായിരുന്നു. തലേന്ന് അച്ഛനുമൊത്ത് കോട്ടയത്തുള്ള ബന്ധുവിനെ വിവാഹ നിശ്ചയത്തിനു ക്ഷണിക്കാന്‍ പോയതായിരുന്നു ആകുട്ടി..

പക്ഷെ എന്നെ മനസ്സിലായില്ല എന്നതാണോ അതോ അല്പം തറവാടിത്തം ഉണ്ടായിരുന്നതിലാണോ എന്തോ എന്നെ ആ പെണ്‍കുട്ടി നാറ്റിച്ചില്ല. എന്‍റെ സ്വഭാവഗുണത്തെ പറ്റി മാതുല പുത്രി വാഴ്ത്തിയപ്പോള്‍ മെഴുകില്ലാതെ തിരിമാത്രം കത്തിച്ചാല്‍ എന്നതുപോലെ ഞാന്‍ പെട്ടെന്ന് കത്തിതീര്‍ന്നു..

പക്ഷെ "അന്നേപോയീ രാതൂറ്റല്‍" എന്നതുപോലെ പിന്നീട് ജീവിതത്തില്‍ ഒരു പെണ്ണിനേയും കണ്ണിറുക്കി കാട്ടിയിട്ടില്ല.

Sunday, January 4, 2009

38.കരണ്ടി കിടയ്ക്കുമാ....??

(സാധാരണ ഞാന്‍ ഓരോ കൂട്ടുകാരുടെ അമളികളെപറ്റിയാണ് പറയുന്നതെങ്കില്‍ ഇത്തവണ കളം മാറി ചവിട്ടുന്നു.. വനിതാ സംവരണം നടപ്പാക്കുന്ന ഈ കാലത്ത് അവരേക്കുറിച്ചും പറയേണ്ടേ.. ഇതില്‍ നടന്നതും സംഭവകഥ തന്നെ..ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ക്കാനും കഴിയില്ല.. കാരണവും കഥാപാത്രത്തെയും അവസാനം പരിചയപ്പെടുത്താം.)

ഇതു നടന്നത് ദൂരെ ദൂരെ ഒരു കൊച്ചു ഗ്രാമത്തില്‍. എന്ന് വെച്ചാല്‍ കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമം.. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിര്‍വാഹമില്ല.. നമ്മുടെ കഥാനായികയുടെ വീടിനടുത്തായി ഒരു വീടുപണി നടക്കുന്നുണ്ട്.. പണിക്കാര്‍ മുഴുവനും പാണ്ടികള്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന തമിഴന്മാര്‍.

പണിക്കാര്‍ തമിഴന്‍സ് എല്ലാം വെപ്പും കുടിയും പണിസൈറ്റില്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വെള്ളം കോരാന്‍ നമ്മുടെ കഥാനായികയുടെ വീട്ടിലാണ് വന്നത്.. ഒരു ദിവസം രാവിലെ ഒരു ചിന്നപാണ്ടി(മൈക്കാട് പണിചെയ്യുന്ന പാണ്ടിപയ്യന്‍) കഥാനായികയുടെ വീട്ടില്‍ എത്തി ഒരു കരണ്ടി ചോദിച്ചു... (കരണ്ടി എന്നാല്‍ തവി എന്നര്‍ത്ഥം.. ചോറ് കോരാന്‍ തവി വേണം.) ചോദിച്ചത് ഇങ്ങനെ

" അക്ക ഒരു കരണ്ടി കിടയ്ക്കുമാ.?"

തമിഴില്‍ വല്ല്യ ഗ്രാഹ്യം ഇല്ലാതെ പെണ്‍കൊടി ആദ്യം ഒന്നാലോചിച്ചു... മേസ്തിരി പണിയ്ക്കുപയോഗിക്കുന്ന കരണ്ടി എന്തായാലും ചോദിക്കില്ല.. കാരണം അവരുടെ കൈയില്‍ കാണുമല്ലോ.. കുറേനേരം ആലോചിച്ചപ്പോള്‍ ട്യുബ് ലൈറ്റ് കത്തിയ പെണ്‍കൊടി അല്പം അകലെയുള്ള ഒരു വീട് ചൂണ്ടിക്കാട്ടി അവിടെ കിട്ടുമെന്ന് പറഞ്ഞു കുട്ടിപാണ്ടിയെ അങ്ങോട്ടയച്ചു.. അവിടെ ചെല്ലുന്നതിനു മുമ്പെ തന്നെ പയ്യന്‍ വന്നാല്‍ കരണ്ടി കൊടുക്കാന്‍ നമ്മുടെ കഥാനായിക ഫോണ്‍ വിളിചേര്‍പ്പാടും ചെയ്തു..തന്‍റെ കടമ നിര്‍വഹിച്ചതില്‍ സന്തുഷ്ടയായ പെണ്‍കൊടി മറ്റുപണികളില്‍ ഏര്‍പ്പെടുകയും ചെയ്തു..

പക്ഷെ അവിടെ ചെന്ന പാണ്ടിപയ്യനെ കാത്തിരുന്നത് "പാതാളകരണ്ടി" എന്ന കിണറ്റില്‍ തോട്ടിയും കയറും വീഴുമ്പോള്‍ എടുക്കുന്ന ചുറ്റും കൊളുത്തുകള്‍ ഉള്ള കുണ്ടാമാണ്ടിയായിരുന്നു..ഇതു കണ്ടു ഭയന്ന പാണ്ടിപയ്യന്‍ നേരെ നമ്മുടെ പെണ്‍കൊടിയുടെ വീട്ടില്‍ എത്തി തന്നെ കളിയാക്കി എന്നും പറഞ്ഞു പൂരതെറിവിളിയായിരുന്നു.. (പിന്നീട് വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ഈ സംഭവത്തിലെ പറയുവാന്‍ കൊള്ളാവുന്ന ഭാഗം ഇത്രമാത്രം..)

ആദ്യത്തേതില്‍ പാണ്ടിപയ്യന്‍ ഭാഷാപ്രശ്നം എന്ന വിധിയുടെ ക്രൂരവിളയാട്ടത്തിന് ഇരയായെങ്കില്‍ രണ്ടാമത്തേതില്‍ മറ്റൊരു തമിഴ്നാട്ടുകാരന്‍ തന്നെ വീണ്ടും ഇരയാകേണ്ടി വന്നത് മറ്റൊരു വിധിയുടെ കളിയാട്ടമെന്നാല്ലാതെ എന്ത് പറയാന്‍..

ഇത്തവണ ഈ ഗ്രാമത്തില്‍ തുണി ഇന്‍സ്റ്റാള്‍മെന്‍റ് കൊടുക്കുന്ന തമിഴ്നാട്ടുകാരന്‍റെ സഹായിയായിരുന്നു ഇര. തുണി കൊടുത്തിരുന്ന തമിഴ്നാട്ടുകാരന്‍ ബൈക്ക് ആക്സിഡന്റില്‍ കാലൊടിഞ്ഞു കിടപ്പായതിനാല്‍ തന്‍റെ സഹായിയെ ആണ് ഒരു മാസമായി കളെക്ഷന് വിട്ടിരുന്നത്.. നാടും നാട്ടാരെയുമായി വല്യപരിചയമില്ലാത്ത കളെക്ഷന്‍ പയ്യന്‍ വീട് തെറ്റി നമ്മുടെ കാഥാനായികയുടെ വീട്ടിലേക്ക് വന്നു..

പക്ഷെ ഈ സമയം ഡല്‍ഹിയില്‍ നഴ്സിംഗ് പഠിത്തം കഴിഞ്ഞു അവധിയില്‍ നാട്ടിലെത്തിയിരുന്ന പെണ്‍കൊടി രാവിലെ ഉറക്കം എഴുന്നേറ്റപടി അടുക്കളയില്‍ ഇരുന്നു കട്ടന്‍കാപ്പി കുടിക്കുകയായിരുന്നു.. ഉറക്കച്ചവിടോടെ കണ്ടതിനാലകം ഈ പയ്യനെ തന്‍റെ കസിനായ (ഇവനെ കണ്ടാല്‍ കസിനെ പോലെയാണെന്ന് പിന്നീട് പെണ്‍കുട്ടിയുടെ പിതാവും സഹോദരിയും എന്നോട് സാക്ഷ്യപ്പെടുത്തുകയുണ്ടായി..) മണിയന്‍ ആണെന്ന് കരുതി മണിക്കുട്ടാ എന്നും വിളിച്ചോണ്ട് ഓടിചെല്ലുകയും ഭയന്നോടിയ കളെക്ഷന്‍ പാണ്ടി ഇവരുടെ കയ്യാലയില്‍ നിന്നു വീണു കാല്‍ ഉളുക്കുകയും ചെയ്തു..

അതോടെ അവന്‍ കളെക്ഷന്‍ പണി നിര്‍ത്തിയെന്നും കേട്ടു.. (ഈ പെണ്‍കുട്ടിയുടെ അടുത്തുള്ള വീട്ടിലെ സ്ത്രീയ്ക്ക് ഭ്രാന്തിന്‍റെ അസുഖമുള്ളതാണ്.. അവരാണോ എന്നും കരുതിയാണ് ഓടിയതെന്ന് പയ്യന്‍ പിന്നീട് പറഞ്ഞത്രേ...)ഏതായാലും ഈ രണ്ടു തമിഴന്മാരുടെയും ജീവിതത്തില്‍ പേടിയുടെ വിത്ത് വിതച്ച ഈ പെണ്‍കുട്ടിയെപ്പറ്റി അതും കോട്ടയം ജില്ലക്കാരിയെ പറ്റി പത്തനംതിട്ടക്കാരനായ എനിക്കെങ്ങനെ അറിയാം എന്ന നിങ്ങളുടെ ചോദ്യം തീര്‍ത്തും ന്യായമാണ്....

അറിയാം എന്ന് മാത്രമെ പറയാനൊക്കൂ.കാരണം അവളെന്‍റെ ഭാര്യയാണ്..ഇനി അടുത്തപോസ്റ്റ് ഇടാന്‍ താമസിച്ചാല്‍ ഈ പോസ്റ്റിന്‍റെ അന്തരഫലങ്ങള്‍ ആണെന്ന് കരുതിയാല്‍ മതി..

ഒന്നും ഉണ്ടാവിതിരിക്കാന്‍ കുറവിലങ്ങാട്‌ പള്ളിയില്‍ മെഴുകുതിരി കത്തിച്ചേക്കാം..

Friday, December 19, 2008

33.കൈക്കാരനും ശ്മശാനത്തിലെ പ്രേതവും.

ചെറുപ്പത്തിലെ മകനെ അച്ചനാക്കാന്‍ വീട്ടുകാര്‍ നേര്‍ന്നിരുന്നു. പക്ഷെ വളര്‍ന്നുവന്നപ്പോള്‍ മകന്‍റെ മുഖത്തെ രൂപവും ഭാവവും കണ്ടു മാതാപിതാക്കള്‍ നേര്‍ച്ച മാറ്റി. അതിന് പകരം പള്ളിയ്ക്ക് ഒരു മണിവാങ്ങികൊടുത്തു നേര്‍ച്ച കൊടുക്കാത്തതിന്‍റെ പാപത്തില്‍ നിന്നു രക്ഷനേടാന്‍ ആ പാവങ്ങള്‍ ശ്രമിച്ചു..

പക്ഷെ അവര്‍ക്കുണ്ടോ അറിയൂ ... ഇവനെ അച്ചനാക്കാതിരിക്കാന്‍ കര്‍ത്താവിനും നേര്‍ച്ചയുണ്ടായിരുന്നു. കാരണം ഈ മാന്യദേഹം അച്ചനായാല്‍ കര്‍ത്താവിന്‍ പ്രതിരൂപമാണല്ലോ അച്ചന്‍ എന്ന വകയില്‍ അച്ചനിലൂടെ കര്‍ത്താവിനും വേണ്ടുവോളം തെറി കിട്ടും. ഭൂമിയിലെ പാപികള്‍ ചെയ്ത പാപത്തിനു കുരിശു വരിച്ച കര്‍ത്താവിനു ഇനിയും ശമുവേലിന്‍റെ രൂപത്തില്‍ മറ്റൊരു കുരിശ് ചുമക്കാന്‍ പദ്ധതിയില്ലായിരുന്നു എന്നതാണ് വാസ്തവം.

പക്ഷെ കര്‍ത്താവിനെയും നമ്മുടെ കഥാനായകന്‍റെ മാതാപിതാക്കളുടെയും നേര്‍ച്ചയെ പറ്റി അറിയുമായിരുന്ന ദൈവം പക്ഷെ വിധിയുടെ രൂപത്തില്‍ വന്നു കഥാനായകനെ പള്ളിയിലെ കൈക്കാരന്‍ ആക്കി മാറ്റി..അങ്ങനെ ദൈവം കര്‍ത്താവിനോടും ടിയാന്‍റെ മാതാപിതാക്കളോടും ഒരു സമദൂരം പാലിച്ചു എന്ന് പറഞ്ഞാല്‍ മതി.

ഇനി കഥാനായകനെ പരിചയപ്പെടാം.പേരു ശമുവേല്‍.. പേരിന്‍റെ വാലില്‍ ഒരു വേല്‍ ഉണ്ടെങ്കിലും മാന്യദേഹത്തിനു പളനി ശ്രീമുരുകനുമായോ അദ്ദേഹത്തിന്‍റെ വേലുമായോ യാതൊരു ബന്ധവും ഇല്ല.. അഥവാ ആരെങ്കിലും ഉണ്ടെന്നു പറഞ്ഞാല്‍ ശമുവേല്‍ മിണ്ടില്ലെങ്കിലും ശ്രീമുരുകന്‍ തന്‍റെ വേലിനെ അപകീര്‍ത്തിപെടുത്തി എന്ന് പറഞ്ഞു കേസുകൊടുക്കും..ആന മണ്ടത്തരങ്ങളുടെ ആകെ തുകയെന്നോ മണ്ടത്തരങ്ങളുടെ പര്യായം എന്നോ ചില ദോഷൈകദൃക്കുകള്‍ വിളിക്കുമെങ്കിലും ചില വിവരദോഷത്തിന് മണ്ടത്തരങ്ങള്‍ എന്ന പേരു കൊടുത്താല്‍ ശമുവേല്‍ എന്ത് ചെയ്യും..

ഇനി കഥയുടെ റൂട്ട് മാറുന്നു... നേരെ കാര്യത്തിലേക്ക് കടക്കട്ടെ.. കഥതുടങ്ങുന്നത് ഇങ്ങനെ.. ആകെപ്പാടെ ഇരുപതു വീടുകള്‍ മാത്രമുള്ള ഇടവകയിലേക്ക് പുതിയതായി എത്തിയാതാണ് ഫാദര്‍ തെക്കുംമൂടന്‍ എന്നറിയപ്പെടുന്ന ജോണ്‍ അച്ചന്‍.ചെറുപ്പക്കാരനും ടൌണിലെ കോളേജില്‍ മലയാളം വായിക്കുന്നവനും (റീഡര്‍ എന്ന് ആംഗലേയം) ആയ ജോണ്‍ അച്ചന്‍ പ്രേത കഥകളുടെ സ്ഥിരംവായനക്കാരന്‍ ആയിര‌ുന്നു. പരേതന്‍,കുറുമാന്‍ തുടങ്ങിയവരുടെ ബ്ലോഗും വായിക്കുമത്രേ.ഒപ്പം തന്‍റെ വിശാലമായ വായനകൊണ്ട്‌ കിട്ടുന്ന പ്രേതാനുഭവങ്ങള്‍ ശമുവേലിന്‍റെ തുടങ്ങി പലരുടെയും പേരില്‍ പ്രേതനോവലുകള്‍ ആക്കി മംഗളം,മനോരമ വാരിക തുടങ്ങിയ "മ" പ്രസിദ്ധീകരങ്ങളിലും അച്ചടി മഷി പുരട്ടുമായിരുന്നത്രേ..

ശമുവേലിന്‍റെ പേരില്‍ തങ്ങളുടെ കഥകള്‍ പ്രസിദ്ധീകരിച്ചതിനാല്‍ പ്രേതങ്ങള്‍ക്കും ശമുവേലിനോട് ഒരു നീരസം ഉണ്ടെന്നത് ഇതിനിടെ ശമുവേല്‍ തിരിച്ചറിഞ്ഞു..നമ്മുടെ അച്ചന്‍ കൊണ്ടു വച്ചിരുന്ന മുഴുവന്‍ പ്രേതകഥകളും വാരികകളില്‍ എഴുതുന്ന പ്രേതനോവലുകളും വായിക്കുകയായിരുന്നു നമ്മുടെ ശമുവേലിന്‍റെ പകല്‍സമയങ്ങളിലെ വിനോദം.അല്ലാതെ പ്രത്യേകിച്ച് പള്ളിയില്‍ പണിയും ഇല്ല. പിന്നെ വായിച്ചു മടുക്കുമ്പോള്‍ വിശാലമായി ഉറങ്ങി ബോറടി മാറ്റുന്നതും ചെറിയ വിനോദങ്ങളില്‍പ്പെടുന്നു.

കുഗ്രാമം ആയിരുന്നതും പ്രത്യേകിച്ച് പള്ളിയ്ക്ക് തെമ്മാടിക്കുഴി ഇല്ലായിരുന്നതിന്നത് കൊണ്ടും എല്ലാവരെയും ഒരേ സെമിത്തേരിയില്‍ ആയിരുന്നു അടക്കിയിരുന്നത്‌.. അതുകൊണ്ട് തന്നെ തൂങ്ങി മരിച്ചവരും വിഷമടിച്ചു നരകലോകം പ്രാപിച്ചവരും മാന്യമായി കര്‍തൃസന്നിധിയില്‍ പോയവരും തമ്മില്‍ പ്രശ്നമുണ്ടാകാതെ ഒരേ സെമിത്തേരിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

അന്നൊരു വെള്ളിയാഴ്ച.. കഥകളില്‍ പറയുന്ന പോലെ പ്രേതങ്ങള്‍ ഇറങ്ങി വിഹരിക്കുന്ന ദിവസം.. ശമുവേല്‍ മുറ്റത്തു മുള്ളാന്‍ ഇറങ്ങിയപ്പോള്‍ ശവക്കോട്ടയില്‍ ഒരനക്കം.. കണ്ണ് തിരുമ്മി നോക്കി... ഇനി കുറുമാന്‍റെയോ പരേതന്‍റെയോ പ്രതങ്ങള്‍ കഥകളില്‍ നിന്നു വന്നതാണോ.. അതോ ഇനി ജോണ്‍ അച്ചന്‍ സൃഷ്‌ടിച്ച പ്രേതങ്ങളാണോ..? അതോ ഇനി വെറും തോന്നലാണോ..??അല്ല സത്യമായും കല്ലറയില്‍ അനക്കം ഉണ്ട്..കണ്ടിട്ട് ഒന്നിലധികം പ്രേതങ്ങള്‍ ഉണ്ടെന്നു തോന്നുന്നു... നല്ലവണ്ണം വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും പ്രേതങ്ങളെ ഓടിയ്ക്കാന്‍ തന്നെ തീരുമാനിച്ചു..

"കര്‍ത്താവിന്‍റെ നാമത്തില്‍ ശക്തിയായി നിന്നോട് കല്‍പ്പിക്കുന്നു..പോ..പോ സാത്താനെ.."

പക്ഷെ അച്ചന്‍ പറയാതെ കൈക്കാരന്‍ പറഞ്ഞാല്‍ പ്രേതമുണ്ടോ പോകുന്നു...അല്ലെങ്കില്‍ തന്നെ കൈക്കാരന്‍ കടമറ്റത്ത്‌ കത്തനാരകാന്‍ ശ്രമിച്ചാല്‍ പ്രേതങ്ങള്‍ കേള്‍ക്കുമോ ..?? പ്രേതങ്ങള്‍ക്കും അതിന്‍റെതായ നിലവാരം ഇല്ലേ.. ആപ്പയും ഊപ്പയും പറഞ്ഞാല്‍ കേള്‍ക്കാന്‍ പ്രേതങ്ങള്‍ എന്താ രാഷ്ട്രീയക്കാരനോ..

ശമുവേല്‍ അച്ചനെ നീട്ടി വിളിച്ചു..

"അച്ചാ,..............."

പക്ഷെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി..അവസാനം അടുത്ത സുഹൃത്തും പണ്ടു കാലത്തു ഷാപ്പിലെ സ്ഥിരം കൂട്ടു കുടിയനുമായിരുന്ന സദാശിവന്‍ പഠിപ്പിച്ച വേലയിലേക്ക് തിരിഞ്ഞു.. സാത്താനെ മുണ്ടുപൊക്കി കാണിച്ചു...കൈ വെള്ളയില്‍ മൂത്രം ഒഴിച്ച് സാത്താന് നേരെ എറിഞ്ഞു..ഒപ്പം

"അര്‍ജുനന്‍,ഫല്‍ഗുനന്‍ തുടങ്ങിയ നാമങ്ങളും.."

ഏതായാലും വിദ്യ ഫലിച്ചു..ഒരു പക്ഷെ ഹിന്ദു പ്രേതങ്ങള്‍ ആണെന്ന് തോന്നുന്നു .. വഴിമാറി കേറിയതാവം. പ്രേതങ്ങളെ കണ്ടില്ല. പോയെന്ന് തോന്നി.പ്രേതങ്ങളെ ഓടിച്ചു കഴിഞ്ഞപ്പോള്‍ വന്ന ധൈര്യവും കൊണ്ടു ശമുവേല്‍ നേരെ കുഴിമാടത്തില്‍ ചെന്നു.. പുതിയതായി ഒരാളെ മറവു ചെയ്ത കുഴിമാടത്തിലെ മണ്ണ് അല്പം ഇളകി കിടന്നിടത്ത് എന്നതോ കിടന്നു തിളങ്ങുന്നു..ശമുവേല്‍ കുനിഞ്ഞു ആ സാധനം കൈയിലെടുത്തു നേരെ അച്ചന്‍റെ അടുത്തേക്ക് നടന്നു..

പക്ഷെ ശമുവേല്‍ അച്ചന്‍റെ അടുത്ത് വരുന്നതിനു മുമ്പെ അച്ചന്‍ മുറി തുറന്നു ശമുവേലിന്‍റെ അടുത്തേക്ക്‌ വന്നു..വന്ന പാടെ അച്ചന്‍ ചോദിച്ചു...

"എന്താടോ രാത്രിയില്‍ ശവക്കോട്ടയില്‍ നിന്നു വരുന്നതു.. എന്തിനാ വെറുതെ തൊള്ള തുറന്നു കൂവിയത് .."

"അച്ചോ ഞാന്‍ ശവക്കല്ലറയില്‍..."

അച്ചന്‍ ദേഷ്യത്തോടെ ആക്രോശിച്ചു..

" എന്താടോ ഇത്..ഒന്നാമതെ അച്ചന്മാരും സഭയും പേരുദോഷം കേട്ടിരിക്കുകയ.. ഇനി ഇപ്പോള്‍ കൈക്കാരനും തുടങ്ങിക്കോ..നാണം ഇല്ലാതെ..."

"അച്ചാ പ്രേതം....ഞാന്‍ കല്ലറയില്‍..."

ഒരു വിധത്തില്‍ ശമുവേല്‍ പറഞ്ഞൊപ്പിച്ചു..

"പ്രേതം ആയിരുന്നെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യം എന്തായിരുന്നു...."

കൈയിലിരുന്ന സാധനത്തെ ചൂണ്ടി അച്ചന്‍ ചോദിച്ചപ്പോള്‍ ശമുവേല്‍ അച്ചന്‍റെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ തന്‍റെ കൈയില്‍ ഇരുന്ന സാധനം നോക്കി... ഒരു കോണ്ടം......

"പറഞ്ഞപോലെ പ്രേതങ്ങള്‍ക്കു ഇതെന്തിനാ അച്ചോ..??"

പതിയെ ശമുവേല്‍ ചോദിച്ചു

പിറുപിറുത്തുകൊണ്ട് നടക്കുന്ന അച്ചന്‍റെ പിന്നാലെ നടക്കുന്ന ശമുവേലിന്‍റെയും സംശയം പിന്നെയും അതുതന്നെയായിരുന്നു..

"പ്രേതങ്ങള്‍ക്കെന്തിനാ ........."

പാവം ശമുവേലിനോട് കര്‍ത്താവേ പൊറുക്കണം.. അറിയാത്ത കാര്യത്തിനു ശമുവേലിനെ തെറിപറഞ്ഞ അച്ചനോടും..

Thursday, December 18, 2008

32.കൂടോത്രം സോഫ്റ്റ് വേയര്‍ v1.0 (Beta)

"അപ്പോള്‍ അടുത്തത് എന്താ രാജേ...? മൊത്തത്തില്‍ പ്രശ്നം ആണെന്നാ കേട്ടത്."

ഗോപിയുടെ ചോദ്യം കേട്ടെങ്കിലും പെട്ടെന്നൊരു മറുപടി കൊടുക്കാനായില്ല. എക്കണോമിക് ക്രൈസിസ് ആണെത്രേ.. ഈയാഴ്ചയില്‍ തന്നെ മുന്നൂറിലധികം ജോലിക്കാരെയാ പിരിച്ചുവിട്ടത്.. രണ്ടു വര്‍ഷം മുമ്പ് ബാഗ്ലൂര്‍ എന്ന സോഫ്റ്റ് വെയര്‍ തൊഴിലാളികളുടെ സ്വര്‍ഗം എന്ന ഈ നാട്ടില്‍ വരുമ്പോള്‍ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഇരുപതിനായിരത്തിലധികം രൂപ ശമ്പളം. കമ്പനിയുടെ ഹോസ്റ്റല്‍ ..പക്ഷെ കിട്ടിയതില്‍ അധികം പബ്ബിലും ക്രെഡിറ്റ് കാര്‍ഡിലും ചെലവാക്കി.. ഒന്നു പച്ചപിടിച്ചു വരുമ്പോള്‍ ആണ് ഈ കഷ്ടകാലം..

"അപ്പോള്‍ അടുത്ത പ്ലാന്‍ എന്താ."

ഗോപി വിടാന്‍ ഉദ്ദേശമില്ല.. ഗോപി തട്ടുകട നടത്തുകയാണ്. ലോകത്തില്‍ സാമ്പത്തിക മാന്ദ്യം ആയാലും ഇറാക്കില്‍ അണുബോംബ് വീണാലും ഇവനെന്താ.. ജീവിതം സുഖം..

"ഗോപി ..സത്യത്തില്‍ എനിക്കൊരു പേടിയും ഇല്ല..ആകെയുള്ള വിഷമം നാട്ടില്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്ന ബിസിനസ് കളഞ്ഞാ ഇവിടെ വന്നതെന്നാ.. ഇനിയും അവിടെ ചെന്നാല്‍ പഴയ ആളുകളെ ഒക്കെ ഒന്നു പിടിക്കാനാ പ്രശ്നം.."

"അതെയോ ..അപ്പോള്‍ അവിടെ നല്ല ബിസിനസ് കളഞ്ഞിട്ടാണോ വന്നത്..."

ഗോപിയ്ക്ക് ആശ്ചര്യം.

"ഞാന്‍ കാട്ടില്‍ നിന്നു തേന്‍ എടുത്തു കട്ടപ്പന ചന്തയില്‍ വില്‍ക്കുമായിരുന്നല്ലോ.. ഇനി..പുതിയ തെനീച്ചകൂട്ടങ്ങളെ തപ്പി കണ്ടു പിടിക്കണം..."

ഗോപിയുടെ മുഖത്തെ പുശ്ചം കണ്ടില്ലാന്നു നടിച്ചു...

"അപ്പോള്‍ നാട്ടില്‍ പോയാല്‍ വീണ്ടും തേന്‍ എടുപ്പ് തന്നെ.അല്ലെ..?"

ഗോപി വിടാന്‍ ഉദ്ദേശമില്ല..

"അല്ല ഗോപി.. അച്ഛന്‍ എനിക്ക് ജീവിക്കാന്‍ ഉള്ള വക ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷെ ഞാന്‍ അച്ഛനെ കേള്‍ക്കാതെയാ പോന്നത്.."

"അതെന്താ.."

"ഗോപി... ആറു കിലോയുടെ ഒരു തൂമ്പ(മണ്‍വെട്ടി) അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്...ജീവിക്കാന്‍ അതുമാത്രം ധാരാളം.."

ഗോപിയോടെ കൂടുതല്‍ഒന്നും പറയാതെ ഇരുപതുരൂപ എടുത്തു കൊടുത്തിട്ട് തിരികെ നടന്നു.. ഗോപി കാര്‍ക്കിച്ചു നീട്ടിതുപ്പുന്നത് കേട്ടു...

പിറ്റേന്ന് രാവിലെ ഓഫീസില്‍ ചെന്നു അരമണിക്കൂര്‍ കഴിഞ്ഞപ്പോഴെക്ക്‌ പ്യൂണ്‍ വന്നു വിളിച്ചു..

"പന്തന്‍ ചാലെക്കനിയാണ്.." കമ്പനിയുടെ എം.ഡി.

ഡോര്‍ മുട്ടാനോന്നും പോയില്ല..സ്വതവേ വളിപ്പന്‍ മുഖമുള്ള പന്തന്‍ അല്പം വികൃതമായി ചുണ്ടുകള്‍ കൊട്ടികൊണ്ടു പറഞ്ഞു..

"ലുക്ക് മിസ്റ്റര്‍ രാജ്. .. വീ ആര്‍ ഗോയിംഗ് ത്രൂ എ ടഫ്‌ ടൈം.. എന്താ പറയുക എന്നറിയുക എന്നറിയില്ല.. വീ ഹാവ് ടൂ റെഡ്യൂസ് അവര്‍ വര്‍ക്ക്ഫോഴ്സ്.. സോ...യു നോ വാട്ട് ഐ മീന്‍."

അപ്പോള്‍ എന്‍റെ കുറി വീണു കഴിഞ്ഞു ..

"അപ്പോള്‍ രാജ് എന്തെങ്കിലും പറയാനുണ്ടോ.."

"ഉണ്ട്..സര്‍.."

ഒരു നിമിഷം ആലോചിച്ചു...എന്താ പറയുക... മുണ്ടല്ല ഉടുത്തിരുന്നത്.. അല്ലെങ്കില്‍ പൊക്കികാണിക്കാമായിരുന്നു..

"സാര്‍ ഇത്രയേ ഉള്ളൂ.."

കൈയുടെ നടുവിരല്‍ പൊക്കിക്കാണിച്ചു കസേരയ്ക്കു ഒരു ചവിട്ടുകൊടുത്തു ഇറങ്ങി നടന്നു..കാബിനില്‍ പന്തന്‍ ബുള്‍ഡോഗിനെപോലെ കുരയ്ക്കുന്നത് കേട്ടു.അങ്ങനെ ജോലി പോയി അടുത്തത് എന്തെന്ന് അറിയില്ല..ഒരു നിമിഷം ബാല്യകാലം ഓര്‍മവന്നു.. എന്തെങ്കിലും ദേഷ്യം വന്നാല്‍ ആളുകളെ പ്രാകുന്ന തന്നെ കൂടോത്രക്കാരന്‍ എന്നുആളുകള്‍ വിളിച്ചിരുന്നു..തലയിലൂടെ പലവിധചിന്തകള്‍ പാഞ്ഞുപോയി..താമസിക്കുന്ന റൂമില്‍ വന്നപ്പോള്‍ അടുത്തത് എന്തെന്ന് എന്നതിന് പകരം പന്തനു കൂടോത്രം ചെയ്താലോ എന്നായിരുന്നു..

പക്ഷെ രാത്രി ഒത്തിരി താമസിച്ചു ഉറങ്ങിയപ്പോളെക്കും മനസ്സില്‍ അടുത്തത് എന്ത് ചെയ്യും എന്നവ്യക്തമായ തീരുമാനം ഉണ്ടായിരുന്നു..തീരുമാനം ഒരു പത്രപരസ്യമായി അടുത്ത ദിവസത്തെ പത്രത്തില്‍ വന്നു..

"നിങ്ങള്‍ക്കും കാണില്ലേ ഒരു ശത്രു.. നിങ്ങളുടെ ജീവിതത്തെ താറുമാറാക്കാന്‍ നടക്കുന്ന ഒരുവന്‍.. പക്ഷെ അവനെ നേരിടാന്‍ നിങ്ങള്‍ക്കാവുമോ.. എന്തിന് ഒരു മന്ത്രവാദിയെകാണണം.. നിങ്ങളുടെ ആവശ്യം എന്തുമാവട്ടെ.. ശത്രുസംഹാരമോ പ്രേമമോ എന്തും .... ഞങ്ങളുടെ കമ്പനി മാര്‍ക്കെറ്റില്‍ എത്തിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ വാങ്ങുക.. കൂടോത്രം ചെയ്യാനുള്ള ഏറ്റവും പുതിയാ മാര്‍ഗം.. കള്ളന്മാരായ മന്ത്രവാദികളുടെ കെണിയില്‍ പെടാതിരിക്കുക.. നിങ്ങളുടെ വീട്ടില്‍ സ്വന്തം സ്വകാര്യതയുടെ മറവില്‍ കൂടോത്രം ചെയ്യാനുള്ള മാര്‍ഗം.സോഫ്റ്റ് വെയര്‍ വിലയായി രണ്ടായിരം രൂപയുടെ ഡി.ഡി.അയക്കുക.."

വലിയ പ്രതീക്ഷ ഇല്ലായിരുന്നു.. പക്ഷെ അയല്‍വാസികള്‍ നന്നാകുന്നതിലുള്ള മലയാളികളുടെ അസ്കിത...അതുമാത്രമായിരുന്നു ആകെ പ്രതീക്ഷ..ഒരാഴ്ച അങ്ങനെ കടന്നുപോയി.. അതിനിടയില്‍ കൂടോത്രത്തിനു ഒരു സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു..ഇതിനിടയില്‍ വാങ്ങിയിരുന്ന സി.ഡി. ഡൂപ്ലിക്കെറ്ററില്‍ സി.ഡി.കള്‍ നൂറു കണക്കിന് കോപ്പി ചെയ്തുകൊണ്ടിരുന്നു..

പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആകെ പേടിയായി.. ദൈവമേ കേരളത്തില്‍ എല്ലാവര്‍ക്കും മാനസാന്തരമായോ..ആര്‍ക്കും അയലവക്കകാരനെ ദ്രോഹിക്കാന്‍ ആഗ്രഹം ഇല്ലേ.. ഇതെന്നാ മാവേലിനാടായോ..മുറ്റത്ത്‌ ഒരു ട്രക്ക് വന്നു നില്ക്കുന്നത് കണ്ടു..വാതില്‍ തുറന്നു..

"എന്‍ ബെകു.."

വാതില്‍ തുറന്നു.. മുമ്പില്‍ നില്ക്കുന്ന കറുത്ത്കുറിയആളോടു അല്പം ദേഷ്യത്തിലാണ് ചോദിച്ചത്..

"സാറേ ഞാന്‍ മലയാളിയാ..ഞാന്‍ ടി.വി.എസ്.പാഴ്സല്‍ സര്‍വീസില്‍ നിന്നു വരികയാ...ആ ട്രാക്കില്‍ കിടക്കുന്നത് മുഴുവന്‍ സാറിനുള്ള പാര്‍സലുകള്‍ ആണ്.."

ട്രക്ക് കാലിചെയ്യാന്‍ ഞാനും ഡ്രൈവറെയും കൊറിയര്‍മാനെയും സഹായിച്ചു..കൊറിയര്‍മാന് നൂറു രൂപ കൊടുത്തു..വാതില്‍ അടച്ചു കുറ്റി ഇട്ടു.പാര്‍സല്‍ ഓരോന്നായി തുറന്നു നോക്കി..എല്ലാം സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ടുള്ള ഡി.ഡി.പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം പെട്ടെന്നായിരുന്നു..സൈക്കിളില്‍ നിന്നു ബി.എം.ഡബ്ല്യു.കാറില്‍ പെട്ടെന്ന് മാറി..

ഇടയ്ക്കെപ്പോഴോ പണ്ടു പഠിച്ച ഓലപ്പീപ്പി ഊതി ചെയ്തുകൂട്ടുന്ന പാപങ്ങളില്‍ നിന്നു രക്ഷനേടാന്‍ ഓരോ വൃഥാശ്രമം നടത്തി.. പക്ഷെ അപ്പന്‍ വാങ്ങി വച്ചിരിക്കുന്ന മണ്‍വെട്ടിയുമായി ഇനി മണ്ണിനോട് മല്ലിടാന്‍ വയ്യ.. എന്താ ചെയ്യുക...

ആവശ്യം ലക്ഷ്യത്തെ സാധൂകരിക്കുമല്ലോ.പക്ഷെ ഏത് ദുര്‍കര്‍മ്മങ്ങള്‍ക്കും ഒരവസാനം ഉണ്ടാവുമല്ലോ..അഥര്‍വവേദം തന്നെച്ചതിച്ചു തുടങ്ങിയെന്നു മനസ്സിലായത് പിന്നീടാണ്.. ദുര്‍മന്ത്രവാദികള്‍ എന്നും അതിന്‍റെ ഭവിഷ്യത്ത് അനുഭവിച്ചിട്ടും ഉണ്ട്..

പക്ഷെ വിവാഹിതനാകാത്തത്‌ കൊണ്ടു ദോഷങ്ങള്‍ ആദ്യം ബാധിച്ചത് വീട്ടിലെ പട്ടിയെ ആണ്.. എന്‍റെ ഡിറ്റി.. ഇപ്പോള്‍ വീട്ടുകാരെ കാണുമ്പോള്‍ കലിയാണ്.. നാട്ടുകാരോട് പ്രശ്നമില്ല..പക്ഷെ വീട്ടുകാരോട് ദേഷ്യം..എന്താ ചെയ്യുക.. എന്‍റെതായ രീതിയില്‍ സാമ്പത്തികമാന്ദ്യത്തിനു എന്‍റെ ജീവിതത്തില്‍ പരിഹാരം കണ്ടാല്‍ അതിനും ദൈവകൊപമോ.. വേണ്ടാ..എല്ലാം നിര്‍ത്തണം...

ഇനി എന്‍റെ ജീവിതത്തില്‍ ഓലപ്പീപ്പി മാത്രം മതി.. ഈ പണം മുഴുവന്‍ പാവങ്ങള്‍ക്ക് ദാനമായി നല്‍കണം.. ആ തേന്‍ശേഖരണവും മണ്‍വെട്ടിയും എന്‍റെ പീപ്പിയും മതി...

അപ്പോഴും ഡിറ്റി വെളിയില്‍ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.. അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു..

Sunday, December 14, 2008

31.പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...

(നയന്‍താരയുടെ ജട്ടി എന്ന സൂപ്പര്‍ഹിറ്റ് പോസ്റ്റിനുശേഷം ദീപക് രാജ് ഒരുക്കിയ അടുത്ത മെഗാഹിറ്റ് പോസ്റ്റ് -ചുമ്മാതെ ഒരു പോലുപ്പിക്കാന്‍ സിനിമസ്റ്റൈലില്‍ കിടന്നോട്ടെ..ചെലവില്ലല്ലോ-. വായനക്കാരുടെ ചെരുപ്പേറുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലായിപ്പോഴും സ്വന്തം മണ്ടത്തരങ്ങള്‍ വല്ലവന്‍റെ തലയിലോ കൂട്ടുകാരുടെ നെഞ്ചത്തോ കയറ്റിവച്ചു സ്വയം ആളാകുന്നവന്‍ എന്ന ദുഷ്പേര് മാറ്റാന്‍ ഈ പോസ്റ്റിലെ കഥ എന്നെകുറിച്ചു തന്നെയാണ്.. ഞാന്‍ ഉള്‍പ്പെട്ട കഥ.. മാനിപ്പുലേറ്റട്, ഫാബ്രിക്കേറ്റട് എന്നൊന്നും പറയല്ലേ..വല്ലതും സാദൃശ്യങ്ങള്‍ തോന്നിയാല്‍ യാദൃശ്ചികം മാത്രമല്ല പരമാര്‍ത്ഥം ആണ്.. അപ്പോള്‍ തുടങ്ങട്ടെ..)


പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...

പടുക്ക..പേരു കേട്ടിട്ട് ഞെട്ടേണ്ട..എന്‍റെ നാട്ടില്‍ ശബരിമലയ്ക്ക് പോകാനായി കെട്ട് മുറുകുന്ന ചടങ്ങിനു ഇങ്ങനെയൊരു പേരുണ്ട്..ഇനി അഥവാ നിങ്ങളുടെ നാട്ടിലും ഇങ്ങനെതന്നാ പറയുന്നതില്‍ അങ്ങനെ കിടന്നോട്ടെ..ഇനി അഥവാ അല്ലെങ്കില്‍ ഞാന്‍ എന്നാചെയ്യാനാ.പേരു മാറ്റാനൊന്നും പോകേണ്ട..വെറുതെ എന്തിനാ ഒരുപാമ്പിനെ എടുത്തു ഡിക്കിയില്‍ വെയ്ക്കുന്നെ..

അപ്പോള്‍ നമ്മുടെ പടുക്കയെക്കുറിച്ച് പറയാം.. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പെ... കൃത്യമായ നാളോ തീയതിയോ പറയാന്‍ പറ്റില്ല.. പണ്ട്പണ്ട് എന്ന് പറയാന്‍ അദാമിന്‍റെയും ഹവ്വചേച്ചിയുടെയും കാലത്തൊന്നുമല്ല ഏതാണ്ട് ആറേഴു വര്‍ഷം മുമ്പ്.. ഞാന്‍ മൂന്നു തവണ ശബരിമലയില്‍ പോയ ആളാണ്..പക്ഷെ അതിനെകുറിച്ചു പറഞ്ഞാല്‍ ഒരുപക്ഷെ വിശ്വഹിന്ദു പരിഷത്ത് സാറന്മാരുടെ അടി എന്‍റെ പൊറത്തൂന്നു ഒഴിഞ്ഞനേരം കാണില്ല എന്നത്കൊണ്ടു പറയാന്‍പറ്റില്ല..


എന്‍റെ ചെറുപ്പത്തിലെ എ.ടി.കോവൂര്‍.,ഇടമറുക് തുടങ്ങിയ ചെകുത്താന്മാരും സനല്‍ ഇടമറുക് എന്ന കുട്ടിച്ചാത്തനും ബാധിച്ചതുകൊണ്ട്‌ ദൈവ വിശ്വാസം അല്പം കുറവായിരുന്നു. അപ്പോള്‍ വിശ്വാസം ഉണ്ടാകാനും മേല്‍പ്പറഞ്ഞവരുടെ ബാധയകറ്റാനും എന്നെ ഇത്തരം ചടങ്ങുകളില്‍ വീട്ടില്‍ നിന്നു നിര്‍ബന്ധിച്ചു വിടുക പതിവായിരുന്നു..

അങ്ങനെ എന്നെ തള്ളി വിടുന്നതില്‍ എന്‍റെ പ്രീയപ്പെട്ട മാതാശ്രീ ആയിരുന്നു മുമ്പില്‍.

അതിന് മുമ്പെ മാതാശ്രീയെപ്പറ്റി രണ്ട് വാക്കു.

ചെറുപ്പത്തിലെ അപാരമായ മുഖ സൌന്ദര്യത്തിനുടമയായ ഞാന്‍ കുളിക്കുന്നതിനു മുമ്പെ എന്‍റെ വീടിന്‍റെ ടെറസില്‍ അല്പം കടുകെണ്ണയൊക്കെ പുരട്ടി വ്യായാമമെന്ന പേരില്‍ ചില നമ്പറുകള്‍ നടത്തിയിരുന്നു.. വീടിന്‍റെ മുമ്പിലൂടെയുള്ള റോഡിലൂടെപോകുന്ന സുന്ദരികളായ തരുണീമണികളെ കാണിക്കാനാണ് അഭ്യാസം എന്ന് മാതാശ്രീ പറയുമെങ്കിലും മാന്യനായ ഞാന്‍ ആരോഗ്യമുള്ള ശരീരം പുഷ്ടിപ്പിക്കാനാണ് നില്ക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

എന്‍റെ നില്‍പ്പിനെ പറ്റി കവിതകള്‍ വരെ ഉണ്ടായി.. അത് പെണ്‍കുട്ടികള്‍ പാടി നടക്കുമായിരുന്നു. പിന്നെ ഏതോ വൃത്തികെട്ടവന്മാര്‍ ആ പാട്ടു സിനിമയില്‍ ഉപയോഗിച്ചെന്നു കെട്ടു..

ഏതായാലും പാട്ടിതാണ്.

"കളരി വിളക്ക് തെളിഞ്ഞതാണോ
കുന്നത് സൂര്യന്‍ ഉദിച്ചതാണോ
മാനത്ത് നിന്നെങ്ങാന്‍ വന്നതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ.."

സത്യം..!! പെണ്‍കുട്ടികള്‍ പാടിനടക്കുമായിരുന്നു.. അതില്‍ ഒരു വരി എന്നോട് ചോദിച്ചിട്ടുകൂടി ഉണ്ട്...

" നീയെന്താ മാനത്ത് നിന്നെങ്ങാന്‍ വന്നതാണോടാ..??

അപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ കള്ളം പറയില്ലെന്ന്..മാതാശ്രീ വളരെ അച്ചടക്കത്തിലെ വളര്‍ത്തിയതാ എന്ന് പറയാന്‍ കാരണം ഉണ്ട്.. പ്രേമിച്ചേ ഞാന്‍ കെട്ടൂ എന്ന് എന്‍റെ ജാതകത്തില്‍ ഉണ്ടായിരുന്നു പോലും.. (ഒടുവില്‍ സംഭവിച്ചതും അങ്ങനെ തന്നെ..)

ഞാന്‍ പെണ്‍കുട്ടികളെ നോക്കാനോ സംസാരിക്കാനോ ഉള്ള സാഹചര്യങ്ങള്‍ പ്രിയ മാതാശ്രീ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു..അതിന് കാരണമായി പറയുന്നതു..

"ഒരുനോട്ടം ..പലനോട്ടം.. ,പലനോട്ടം... ഒരുപുഞ്ചിരി...
ഒരുപുഞ്ചിരി..... പലപുഞ്ചിരി... പലപുഞ്ചിരി.... ഒരുടച്ച്..
ഒരുടച്ച്.....പലടച്ച്............ പലടച്ച് .......ഒരുകൊച്ച്....."

അങ്ങനെ വെറുതെ കുഴപ്പം ഒഴിവാക്കുകായായിരുന്നത്രേ..
അപ്പോള്‍ കാര്യങ്ങള്‍ കാടുകയറാതെ നേരെ നമ്മുടെ പടുക്കയിലേക്ക് പോകാം.. എന്നെ ഉന്തി തെള്ളി ആ പടുക്കയില്‍ വിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അല്ലെങ്കില്‍ തന്നെ മൈക്ക് സെറ്റ് വെച്ചു നാട്ടാരെ കിടത്തി ഉറക്കാതെ ആ വീട്ടുകാര്‍ തങ്ങള്‍ ശബരിമലയ്ക്ക് പോകുന്നത് നാട്ടുകാര്‍ക്ക് വേണ്ടിയാണെന്നമട്ടില്‍ അഭ്യാസങ്ങള്‍ തുടങ്ങിയിരുന്നു...

അങ്ങനെ ഞാനും പ്രസ്തുത ചടങ്ങില്‍ പങ്കാളിയായി.ഭക്തന്‍മാര്‍ ആര്‍പ്പു വിളിച്ചും കൈകൊട്ടിയും അവിടെ ഇരുപ്പുണ്ട്‌.. ഒരു സൈഡില്‍ മാറ്റി വച്ചിരുന്ന നാടന്‍ വാറ്റ്ചാരായവും.(സംഭവം ഇവിടെ സുലഭമാണ്).. ഈ വിശിഷ്ട പാനീയം അടുത്തുതന്നെ കന്നാസില്‍ വച്ചിട്ടുണ്ടാവും.. ബാറ്ററി,ഇഞ്ചാ പട്ട, തുടങ്ങി അമോണിയം വരെ ഇട്ടു വാറ്റിയ പേയം പാനം ചെയ്യാനാണ് മിക്ക പുരുഷ ഭക്തജനവും ഇവിടെ വരിക..കാരണം കുപ്പിയ്ക്ക് നൂറു രൂപയ്ക്ക് കിട്ടുന്ന ഈ ഔഷധം ഈയവസരത്തില്‍ ഓസിനു കിട്ടുമെന്ന് മാത്രമല്ല കൂടെ കപ്പപ്പുഴുക്ക്,മുളക് ചമ്മന്തി, മുതലായവയും കിട്ടും.


ചില യുവാക്കളും ഓസിനു കിട്ടിയ ഈ പാനീയം അടിച്ച് പ്രസ്തുത വീട്ടിലെ അയ്യപ്പന്മാരെ തങ്ങളുടെ വരവ് അറിയിച്ചിരുന്നു..
ഈപടുക്ക പരിപാടി ജനകീയമാക്കാനും നാട്ടിലെ കുട്ടിഭക്തന്മാരെ ആകര്‍ഷിക്കാനും അവരെകൂടി ഉള്‍പെടുത്തി പടുക്ക വന്‍വിജയം ആക്കാന്‍ അരിപായസവും ഉണ്ടാക്കിയിട്ടുണ്ട്.. അതുകുടിച്ചു എഴുനേറ്റു പോകാന്‍ വയ്യാത്ത കുട്ടികള്‍ അടുത്ത് തന്നെ ഒരു പായയില്‍ കിടക്കുന്നുണ്ട്‌.. എഴുന്നേറ്റു വരുമ്പോള്‍ വീണ്ടും കുടിയ്ക്കാന്‍ കണ്ണ് പായസംവച്ചിരിക്കുന്ന പാത്രത്തില്‍ നിന്നെടുക്കാതെയാണ് ഇവരുടെ കിടപ്പ്.

ഏതാണ്ട് സമയം ഏഴരയായി. കെട്ട്മുറുക്കുമ്പോള്‍ ഏകദേശം പതിനൊന്നു മണിയാവും.. ശബരിമലയിലേക്ക് പോകാന്‍ ഉള്ള ജീപ്പും ഡ്രൈവറും നേരത്തെ തന്നെ എത്തിയിട്ടുണ്ട്.. ഒരെണ്ണം പിടിപ്പിച്ചു ഇഷ്ടന്‍ സീറ്റില്‍ നേരത്തെ ഉറക്കം പിടിച്ചിട്ടുണ്ട്..മൈക്കിലൂടെ തമിഴ് മലയാളം ഭാഷകളില്‍ അയ്യപ്പഭക്തിഗാനം ഒഴുകിനടന്നു ആളുകളെ മുഴുവന്‍ ഭക്തിയിലേക്ക് പിടിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..


പെട്ടെന്ന് തന്നെ നമ്മുടെ ഗീവര്‍ഗീസ്‌ അച്ചായന്‍ (മൈക്ക് സെറ്റ് പുള്ളിയുടെതാണ്) നമ്മുടെ പടുക്ക സ്പോണ്‍സര്‍ ചെയ്ത വീട്ടിലെ അമ്മാവനോട് എന്തോ പറയുന്നതു കേട്ടു.

സംഭവം ഇതാണ്..

"അവിടെ കൂടിയിരിക്കുന്ന കുട്ടികളെ പാട്ടുകള്‍ പാടാന്‍ വിളിക്കണം" ..

ഭൂമിയ്ക്ക് ഭാരമായി ഇങ്ങനെ സൃഷ്ടിച്ചുവിട്ടിരിക്കുന്ന വാനരകൂട്ടങ്ങളെ കൊണ്ടു പാട്ടുപാടിച്ചു കുട്ടികളുടെ മാതാപിതാക്കളെ ഒന്നു സുഖിപ്പിക്കാനും അവിടെ കൂടി നില്ക്കുന്ന മറ്റുള്ളവരുടെ ക്ഷമയെ ഒന്നു പരീക്ഷിക്കാനും ഉള്ള കുറുക്കു വഴി..

ഒമ്പത് മണിയോട് കൂടി അവിടെ മേജര്‍സെറ്റ് പാര്‍ട്ടികള്‍ ഭജന എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മറ്റൊരു ഭക്തിഗാന കൊലപാതകം നടത്തുവാന്‍ പോകുകയാണ്..അതിന് മുമ്പുള്ള ഈ ഗാപ്പിലാണ് ഇത്തരം ഒരു ക്രൂരകൃത്യം കുട്ടികളെ കൊണ്ടു നടത്തുവാന്‍ ഇഷ്ടന്‍ പ്ലാന്‍ ഇട്ടതു..

മൈക്കിനെ കടിച്ചു കീറാനുള്ള അവസരം കൈവിടാന്‍ താത്പര്യം ഇല്ലായിരുന്ന കുട്ടികള്‍ ഒരു ആറെഴെണ്ണം മൈക്കിനു മുമ്പില്‍ നിരന്നു കഴിഞ്ഞു ..ഒമ്പത് മണിക്ക് ഭജനനടത്താനുള്ള മേജര്‍സെറ്റ് വെള്ളമടി തുടങ്ങി കഴിഞ്ഞു .. പകല്‍ സമയങ്ങളില്‍ പാക്ക് പറിക്കാനും, ചൂണ്ടയിടാനും, മാവേലെറിയാനും പോകുന്ന മേജര്‍സെറ്റ് ഭജനക്കാര്‍ ഇവിടെ ഫ്രീ ആയിട്ടല്ല പാടുന്നത്.. വയറില്‍ നിറയ്ക്കാവുന്നിടത്തോളം വാറ്റ് ചാരായവും കപ്പപുഴുക്കും കൂടെ ഇരുനൂറു രൂപയും( ഓരോരുത്തര്‍ക്കും) കിട്ടുമെന്ന് മാത്രമല്ല തങ്ങളുടെ പാടാനുള്ള അസാധാരണ വൈഭവം നാട്ടിലെ പാവങ്ങളെ കാണിക്കുകയും ചെയ്യാം .

അഥവാ പാടി കൊളം ആക്കിയാലും ഒരു പടുക്കനടക്കുന്ന പുണ്യസ്ഥലം ആയതിനാല്‍ അടി വീഴില്ല.. ഭജന മാത്രം ആയിരം രൂപ വീട്ടുകാരന് ചെലവ് വരുന്ന ഇടപാടാണ് . തെറ്റുപാടിയാലും ഇവിടെ അടികിട്ടില്ല.. അമ്പല മില്ലാതെ ആല്‍ത്തറയില്‍ വാഴുമെന്ന പാട്ടില്‍ ഊമനും,ബധിരനും എന്നത് , വികലാംഗനും എന്ന് പാടിയിട്ടും തല്ലു കിട്ടിയില്ല എന്ന് പറയുമ്പോള്‍ കാര്യം ഊഹിക്കാവുന്നതെ ഉള്ളൂ.) വാറ്റ് ചാരായം ഇവിടെ അവശ്യഘടകം ആണ്..

അങ്ങനെ നമ്മുടെ മൈനര്‍സെറ്റ് ഭജനപ്പാട്ടുകള്‍ തുടങ്ങി. "ഒന്നാംതിരുപ്പടി ശരണം പൊന്നയ്യപ്പ.." എന്ന് തുടങ്ങുന്ന പ്രസിദ്ധഗാനം.. പതിനെട്ടാം പടിയെ പ്രകീര്‍ത്തിക്കുന്ന പ്രശസ്തമായ ഭക്തിഗാനം..പക്ഷെ പാട്ടു തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവം തീരുന്നില്ലല്ലോ എന്ന് മനസ്സിലായപ്പോഴാണ്‌ ഞാന്‍ പാട്ടു ശ്രദ്ധിച്ചത്.. സംഭവം പതിനെട്ടാം പടി കടന്നു നാല്പതോ അമ്പതോ പടികള്‍ ആയി.നമ്മുടെ ഗീവര്‍ഗീസ്‌ അച്ചായന്‍ എഴുന്നേറ്റ് കുട്ടികളോടെ ഒന്നും പറയാതെ നേരെ വീട്ടുകാരനോട് കാര്യം പറഞ്ഞു.

"ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി പതിനെട്ടേ ഉള്ളൂ എന്നെനിക്കറിയാം.. പിള്ളേരോട് നിര്‍ത്താന്‍ പറ.. അല്ലെങ്കില്‍ അവര്‍ ശബരി മലയില്‍ പടി ആയിരത്തൊന്നു പണിയും.... "

നമ്മുടെ വീട്ടുകാരന്‍ അടിച്ച് പൂസായി നില്‍ക്കുകയാണ്‌.. പാടുന്നതില്‍ രണ്ട് പേര്‍ ആ വീട്ടിലെ തന്നെ കുട്ടികള്‍ ആണ്.

"അവര്‍ പാടട്ടെടോ.. അഥവാ ആ പിള്ളേര്‍ അഞ്ചോ ആറോ പടികള്‍ കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ..ദൈവം സഹായിച്ചു ഇന്നെനിക്കു അതിനുള്ള ആമ്പിയറുണ്ട്.. അല്ലാതെ പിന്നെ.."

ഞാന്‍ പിന്നെ അവിടെ നിന്നില്ല..പിള്ളേര്‍ വേറെയും പടികള്‍ സൃഷ്ടിച്ചു അതിനെയും പുകഴ്ത്തുന്നത് ഞാന്‍ കേട്ടു...പക്ഷെ അവിടെ കൂടിയവര്‍ മിക്കവാറും നാടന്‍വാറ്റിന്‍റെ ലഹരിയില്‍ ആയിരുന്നത്കൊണ്ടു കുട്ടികള്‍ കെട്ടുന്ന അമ്പതാമത്തെയും അറുപതാമത്തെയും പടികളെ കുറിച്ചു ആലോചിക്കാതെ വീണ്ടും ഓസിനു കിട്ടുന്ന വാറ്റടിക്കുന്ന തിരക്കില്‍ ആയിരുന്നു..

ഞാന്‍ ഇനി മേജര്‍സെറ്റിന്‍റെ ഭജനകൂടി കേള്‍ക്കാനുള്ള ധൈര്യം ഇല്ലാഞ്ഞതിനാല്‍ ചൂട്ടും കത്തിച്ചു നേരെ വീട്ടിലേക്ക് നടന്നു... ഇടയ്ക്ക് ചെവിയോര്‍ത്തപ്പോള്‍ പടികള്‍ നൂറു കടെന്നൂ എന്നാ ഓര്‍മ...

Friday, December 12, 2008

30.നയന്‍താരയുടെ ജട്ടി.

(പേരു കണ്ടിട്ട് ആഭാസം എന്ന് എഴുതി തല്ലല്ലേ..വേറെ എന്ത് പേരിടും എന്നറിയില്ല.. വായിച്ചു ഗുണപാഠം മനസ്സിലാക്കിയാല്‍ ഞാന്‍ കൃതാര്‍ഥനായി.)

പതിവ് പോലെ തീന്മേശയിലെ സംസാരത്തിനിടയിലാണ് അനീഷ് വീണ്ടും നയന്‍താരയുടെ സിനിമയെക്കുറിച്ചും അവരുടെ വേഷത്തെക്കുറിച്ചും സംസാരിച്ചത്‌.. എന്നും സംസാരത്തിനിടയില്‍ സിനിമയെ കൂട്ടികലര്‍ത്തി വിടുന്ന അവന്‍റെ സ്വഭാവത്തെ പലപ്രാവശ്യം വഴക്കിലൂടെ ഒതുക്കാന്‍ നോക്കിയതാണ്. പിള്ളേര് പെഴച്ചുപോകാന്‍ പോകാന്‍ അധികംനേരം വേണോ.

താനാണെങ്കില്‍ ആത്മീയതയിലൂടെ പ്രബുദ്ധത നേടുവാന്‍ എന്നും കരയോഗത്തില്‍ കുട്ടികളെ അവധിദിന ക്ലാസുകളില്‍ ഉപദേശിക്കുന്നവനും. സ്കൂള്‍ മാഷിന്‍റെ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത അന്നുതുടങ്ങിയതാ ഈ പണി. പക്ഷെ മോനേ മാത്രം നേരെയാക്കാന്‍ പറ്റിയില്ല..

"എടാ അനീഷേ..മേലില്‍ ഞാന്‍ അവളെ ക്കുറിച്ച് ഈ ഊണുമേശയില്‍ കേള്‍ക്കാന്‍ ഇടവന്നാല്‍ പിന്നെ ഈ വീട്ടില്‍ നിന്നും പോയ്ക്കോണം..പിന്നെ അവളുടെ വീട്ടില്‍ പോയി താമസിച്ചോണം. നാണോം മാനോം ഇല്ലാത്ത ഒരു പെഴച്ച പെണ്ണിന്‍റെ കാര്യം കൊണ്ടു വരും ഊണുമേശയില്‍.. നമ്മുടെ ജില്ലയില്‍ തന്നെയുള്ളവല്ലേ ആ പാവം മീരജാസ്മിന്‍ കൊച്ചും. അവളെ പറ്റി നീ പറയാറില്ലല്ലോ..ഇതു മുണ്ടും തുണീം ഇല്ലാത്ത ഒരു ...... ഞാന്‍ വല്ലതും പറഞ്ഞാല്‍ ഉണ്ടല്ലോ.. "

ദേഷ്യപ്പെട്ടപ്പോള്‍ മിണ്ടാതെ ഊണുകഴിക്കുന്ന അനീഷിനെ അല്പം സ്നേഹത്തോടെ ഉപദേശിച്ചു.

"മോനേ... ജീവിതം പാളിപ്പോകാന്‍ ഒരു ദിവസം മതി.. ഇവളുമാരു കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന് കരുതണം.. അമ്മനും ആശാനും ഇല്ലാതെ വളര്‍ന്ന ഇനങ്ങള്‍..നീയൊരു കാര്യം ചെയ്യ്..അകത്തു ഞാന്‍ എഴുതിയ കുറെ പുസ്തകങ്ങള്‍ ഇരുപ്പുണ്ട്‌... അത് വായിച്ചു പഠിയ്ക്ക്.."

അനീഷ് മിണ്ടാതെ തലയും കുനിച്ചു എഴുന്നേറ്റു പോയി.

"കണ്ടോടി.. പിള്ളേരെ ചോറ് മാത്രമല്ല അല്പം ചൊല്ലും കൊടുത്തു വേണം വളര്‍ത്താന്‍."

ഭാര്യ തലകുലുക്കി.പിന്നെ കുറെ ദിവസത്തേക്ക് നയന്‍താരെയേ കുറിച്ചോ അവളുടെ വേഷത്തെകുറിച്ചോ അനീഷ് മിണ്ടിയില്ല..അന്നൊരു ഞായറാഴ്ചയായിരുന്നു.. പതിവിനു വിപരീതമായി അനീഷ് വീണ്ടും ഊണുമേശയില്‍ പറഞ്ഞു..

"എന്നാലും അവള്‍ ആള് മഹാപിശകാ.. ആ ട്വെന്റി ട്വന്റി ഫിലിമിലും മഹാമോശമായിട്ടാ വേഷമിട്ടെക്കുന്നെ.. അവളുടെ ..ശ്ശെ.. പറയാന്‍ നാണം ആകുന്നു.."

ഭാര്യ എന്‍റെ നേരെ നോക്കി..ഞാന്‍ ചാടി എഴുന്നേറ്റു..അനീഷിന്‍റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു..

"ഡാ.. മിണ്ടരുത്.ഇനി മിണ്ടിയാല്‍ കൊന്നുകളയും..തെണ്ടി...ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആ നായിന്‍റെ മോളെപ്പറ്റി പറയരുതെന്ന്.. നീ കേള്‍ക്കില്ല അല്ലെ..കൊല്ലും ഞാന്‍.."

എന്‍റെ ഭാവമാറ്റത്തിലും ദേഷ്യത്തിലും അനീഷ് ഭയന്ന് വിറച്ചിരുന്നു..ഭാര്യ എന്നെ പിടിച്ചു മാറ്റി..

"നിങ്ങള്‍ എന്താ ഈ കാണിക്കുന്നത്.. അവന്‍ എന്തോ പറഞ്ഞൂന്നു വെച്ചു അവനെ കൊല്ലണോ...അവന്‍ നയന്‍താരയുടെ ജട്ടി എന്നൊന്ന് പറഞ്ഞതല്ലേ ഉള്ളൂ.. അതിന് ഇങ്ങനെ അവളെ കൊല്ലണ്ട കാര്യം ഉണ്ടോ.."

ഭാര്യ സാഹചര്യത്തെ തണുപ്പിക്കാന്‍ നോക്കി..

"ഭ .. നിനക്കങ്ങനെ പറയാം..ഇവന്‍ പറയുന്നതു കേട്ട് ഞാന്‍ ആ ട്വന്റി ട്വെന്റിയും ഏകനും രണ്ടു പ്രാവശ്യം വീതം കണ്ടു..അതില്‍ അവളുടെ ജട്ടിയുമില്ല ഒരു കോപ്പുമില്ല...."

ഞാന്‍ കോപം കൊണ്ടു വിറച്ചുകൊണ്ട് പറഞ്ഞു..

"അച്ഛാ അതിന് ഞാന്‍ ആ പടം കണ്ടില്ല..സിനിമാ മംഗളത്തില്‍ പടം കണ്ടതെ ഉള്ളൂ.. അച്ഛന്‍ പോയി പടവും കണ്ടോ..?"

അനീഷിന്‍റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഭാര്യ ദേഷ്യത്തില്‍ പിറുപിറുത്തോണ്ട് അടുക്കളയിലേക്കു പോകുന്നത് കണ്ടു..അനീഷിന്‍റെ കൈയിലിരുന്ന സിനിമമംഗളവും തട്ടിപ്പറിച്ചു ഞാനും എന്‍റെ മുറിയിലേക്ക് നടന്നു.ഇനി സിനിമാമംഗളത്തില്‍ വന്നോ എന്ന് നോക്കണമല്ലോ..

(ഗുണപാഠം.. കുട്ടികളെ ഉപദേശിക്കുമ്പോള്‍ സ്വന്തം ജീവിതത്തില്‍ അത് എത്ര നടപ്പില്‍ വരുത്തുന്നു എന്ന് ആലോചിക്കുക..)

Monday, December 8, 2008

28.സൈബര്‍ ഭിക്ഷു..

"അതിരാവിലെ തന്നെ ലാപ്ടോപ്പിന് മുമ്പില്‍ തെണ്ടല്‍ തുടങ്ങിയോ"യെന്ന ഭാര്യയുടെ ചോദ്യംകേട്ടാണ്‌ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌.

വളരെപ്പെട്ടെന്ന് തന്നെ സൈബര്‍ ഭിക്ഷാടനതിലേക്ക് കടന്നു..

ഡയല്‍അപ്പ് ചെരുപ്പായതിനാല്‍ വളരെ പതിയെമാത്രമേ നടക്കാനാവൂ. ബ്രോഡ്ബാന്‍ഡ് ഉള്ള തെണ്ടികള്‍ പാഞ്ഞുനടന്നാ തെണ്ടുന്നത്‌..പൊതുവെ എല്ലാവരും വലിയ ജാടക്കാരാ..സ്നേഹം എന്നൊന്നില്ല..തെണ്ടിയാനെങ്കിലും എനിക്കുമില്ലേ ഒരന്തസ്സ്..

"ഡെബോണേയര്‍ബ്ലോഗ്", "ദേശിബാബ" തുടങ്ങിയവളുമാരുടെ വീടുകളില്‍ ഞാന്‍ പോകാറെ ഇല്ല..വല്ലവനും എന്നെ അവിടെവച്ചു കണ്ടാല്‍ പിന്നെ എനിക്കല്ലേ അതിന്‍റെ കുറച്ചില്‍.തന്നെയുമല്ല ഭിക്ഷയുടെ കൂടെ ചില വൈറസുകളും,വോര്‍മുകളും മാത്രമല്ലത്രെ ട്രോജനുകളും തരുമത്രേ.... അവളുടെയൊക്കെ തലയില്‍ വെള്ളിടി വെട്ടും. ഞാന്‍ മാക്അഫീ അമ്മാവനൊരു ഫ്ലോപ്പി നേര്‍ന്നിട്ടുണ്ട്‌. നോക്കിക്കോ അവളുമാരുടെ വീട് പൂട്ടും..

കഴിഞ്ഞാഴ്ച അവിടെ തെണ്ടാന്‍പോയ എന്‍റെ ചെങ്ങാതിയെ വൈറസ് ബാധിച്ചു അത്യാസന്ന നിലയിലാണത്രെ നമ്മുടെ "സിമാന്‍ടെക്ക്" ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.."നോര്‍ട്ടന്‍" ഡോക്ടര്‍ അവസാനം ആവുന്നത് ശ്രമിച്ചാ അവന്‍റെ ജീവന്‍ രക്ഷിച്ചത്‌..ഇതിനിടയില്‍ അവന്‍റെ ഗോസ്റ്റ് എടുത്തെന്നോ,ബാക്കപ്പ് അടിചെന്നോ എന്ന് വേണ്ട അവനെ ഫോര്‍മാറ്റ് വരെ ചെയ്തെന്നാ കേള്‍വി..എന്തായാലും ഞാന്‍ അവിടെങ്ങും തെണ്ടാന്‍ പോകുന്ന പ്രശ്നമില്ല..

ചിലപുത്തന്‍ പണക്കാര്‍ "മലയാളം പടമെന്നും","മല്ലുവിഷന്‍" എന്നുംചില വീട്പണിഞ്ഞു വെച്ചിട്ടുണ്ട്..തെണ്ടാന്‍ ചെന്നാല്‍ പൈസ എടുത്തു കാണിക്കുക ഒക്കെ ചെയ്യും..പക്ഷെ വാങ്ങണമെങ്കില്‍ അവന്‍റെ പിന്നാമ്പുറത്ത് ചെല്ലണം. ഞാന്‍ അവന്മാരുടെ ഗോഡൌണ്‍ തോറും "റാപിഡ്ഷെയറിലും","മെഗാഷെയറി"ലുമായി എത്രനേരം വായിനോക്കി നിന്നിരിക്കുന്നു..ചിലപ്പോഴെക്കെ വല്ലതും തരുമ്മേന്നല്ലാതെ വല്ല്യമേനി പറയാനോന്നുമില്ല..

ചിലവീട്ടില്‍ ചെല്ലാനെ പറ്റില്ല.. "പിസിസില്ലിന്‍","പാണ്ട", "കസ്പെര്‍സ്കി" തുടങ്ങി എത്രയിനം പട്ടികളെയാ അവര്‍ വളര്‍ത്തി നിര്‍ത്തിയിരിക്കുന്നത്..ചിലയിടത്ത് തീമതിലെന്നു പറയുന്ന "ഫയര്‍വാളും" "ഡിഫെണ്ടര്‍" മതിലും കെട്ടി,അങ്ങോട്ട് നമുക്കു കയറാനെപറ്റില്ല..ഈ തെണ്ടലുകള്‍ക്കിടയില്‍ വല്ല പത്രവും വായിക്കാം എന്ന് വച്ചാല്‍ ദാ കിടക്കുന്നു അച്ചുതാന്ദനും പട്ടിയും ഉണ്ണികൃഷ്ണനും സന്ദീപും എന്ന് വേണ്ട അഭയും ജോമോനും തുടങ്ങി കൊട്ടൂരാനും പൂത്രുക്കയും വരെ..ഒന്നു സൌകര്യമായി വായിക്കാന്‍ ഒന്നുംഇല്ല..

അതെല്ലാം വായിച്ചാല്‍ മനസമാധാനമായി തെണ്ടാനുള്ള മൂഡും പോകും.. അല്‍പം സായിപ്പന്മാരുടെ വീട്ടിലെ തെണ്ടലില്‍ വിദേശ വാര്‍ത്തകളും കിട്ടുമെന്നതുകൊണ്ടു അതുമാത്രം ഇപ്പോള്‍ നോക്കാറുണ്ട്..ബി.ബി.സി.സായിപ്പും സി.എന്‍.എന്‍.സായിപ്പും വലിയ കുഴപ്പം ഇല്ല..അല്ലെങ്കിലും മിക്കയിടവും യാചകനിരോധനമേഖല ആയതിനാല്‍ പണ്ടത്തെപോലെ ഒന്നും നടക്കുന്നില്ല.

ചില കൊച്ചുപയ്യന്മാരുടെ ബ്ലോഗ് വീട്ടില്‍ ചെന്നാല്‍ ചെലപ്പോള്‍ ചിരിക്കാനും കീശയില്‍ ഇടാനും വല്ലതും കിട്ടും..പക്ഷെ അവന്മാരും കൌണ്ടര്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്...എത്രതവണ ചെന്നു എവിടുന്നു ചെന്നു എല്ലാം അവന്മാര്‍ കണ്ടുപിടിക്കും..വേഷം മാറിചെന്നാലും ഗുണമില്ല.തെണ്ടലിന്‍റെ സ്വഭാവം കണ്ടു എതുനാട്ടില്‍നിന്നെന്നു മാത്രമല്ല ഏത് വീട്ടുനമ്പര്‍ വരെയെന്നു അവന്മാര്‍ കണ്ടുപിടിക്കും..

ഈയിടെയായി തെണ്ടിനടക്കുന്നതിനിടയില്‍ "ഫ്രീലോട്ടോ"യുടെ ചൂതാട്ട കേന്ദ്രത്തില്‍ വളരെ സമയം കളയുന്നത് പതിവാക്കിയിട്ടുണ്ട്.. അവിടെ വെറുതെ സമയം മെനക്കെടല്ലാതെ ഒന്നും കിട്ടിയിട്ടില്ല..ഈയിടെ ആരോ പറയുന്നതു കേട്ടു.ഏതോ ഒരു മെഗാക്ലിക്ക്കാരന്‍ ചേട്ടന്‍റെ വീട്ടില്‍ ചെന്നു ഇടയ്ക്കിടെ ബെല്ലില്‍ ഞെക്കാമെങ്കില്‍ പണം കിട്ടുമത്രേ..വന്നു തെണ്ടിക്കോ എന്ന് പറഞ്ഞു ബാനറുകളും കെട്ടിയിട്ടുണ്ടത്രേ..എങ്കില്‍ നമ്മുടെ കൂട്ടുകാരെ മുഴുവന്‍ കൊണ്ടു ഞെക്കിക്കണം.വല്ലതും കിട്ടുകയാണേങ്കില്‍ കിട്ടട്ടെ..

"യാഹൂ"അച്ചായന്‍റെ സ്വഭാവവും മാറിയിട്ടുണ്ട്..പണ്ടൊക്കെ പൈസയോ മെയിലോ മാത്രമെ തരുമായിരുന്നുള്ളൂ ..ഇപ്പോള്‍ കള്ളനോട്ടാ മുഴുവന്‍..ഏതാണ്ട് "സ്പാം" എന്നോ "ജങ്ക്" എന്നോ മറ്റോ...ആര്‍ക്കറിയാം. ചുമ്മാതല്ല അയാള്‍ പൊട്ടി പാളീസ് ആയത്‌. ഇനി അങ്ങരോട് ഒരിടപാടും വേണ്ട...അക്കാര്യത്തില്‍ പുത്തന്‍പണക്കാരന്‍ ആണെങ്കിലും ആ "ഗൂഗിള്‍" മേനോന്‍ ഡീസന്റ് തന്നെ.. മെയില്‍ എന്നാല്‍ മെയില്‍ മാത്രം..ജങ്ക് തന്നുകളിപ്പിക്കുന്ന പ്രശ്നമില്ല..

ഈയിടെ ഞാന്‍ തെണ്ടിയല്ല കള്ളനാ എന്നുംപറഞ്ഞു എന്നെ പിടിച്ചു എന്‍റെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വാങ്ങി എന്തോരം ചതിയാ ചിലഅവന്മാര്‍ ചെയ്തത്..തെണ്ടി ആണെന്ന് മനസ്സിലാക്കിയിട്ടും തെണ്ടിത്തരമല്ലേ കാണിച്ചത്..കുറെ കാശ് അടിച്ച് മാറ്റി..ആരോട് പറയാനാ.ഇനി ഈ തൊഴില്‍ നിര്‍ത്തണം,

പക്ഷെ വേറെജോലി എവിടെക്കിട്ടാനാ.. ആ "മോണ്‍്സ്റ്റാര്‍" ചേട്ടനോടും "നൌക്കരി" ചേച്ചിയോടും വല്ലജോലിയും ചോദിക്കണം."ജോബ്സ്ട്രീറ്റില്‍" ജോലിയും ഇല്ല ഒരു വാഴക്കായും ഇല്ല. ഇപ്പോള്‍ ആ "യുടുബ്" നായരുടെ കടയാ വല്ലആശ്വാസം..വല്ല പാട്ടോ,സിനിമയോ ഒക്കെക്കാണാം.. അയാള്‍ കുടംബത്തില്‍ പിറന്നോനാ..പാവങ്ങള്‍ വന്നു പടംകണ്ടിട്ട് പോകുന്നതിനെ കാശെ ചോദിക്കാറില്ല..

ഞാന്‍ തെണ്ടി കുറെകാശുണ്ടാക്കിയപ്പോള്‍ കുറെഅവന്മാര്‍ക്ക് വലിയ ചൊറിച്ചില്‍. കാണിച്ചു കൊടുക്കാം. .അവന്‍റെയെല്ലാം വീടിന്‍റെ മുമ്പില്‍ ഞാന്‍ "ബ്ലോഗ്" സമരപ്പന്തല്‍ കെട്ടി അവന്‍റെയെല്ലാം തന്തയ്ക്കു വിളിയ്ക്കും..ഒന്നും അല്ലെങ്കില്‍ ചുമ്മാതെ പോയി ബ്ലോഗ്പന്തല്‍ കെട്ടാനുള്ള സ്ഥലവും ഓലയും "ബ്ലോഗര്‍" പിള്ള തരുന്നല്ലോ..അതയാളുടെ നല്ല മനസ്സു..ഈ ഭൂമിയില്‍ നന്മ എന്നെന്നേക്കുമായി വേരറ്റുപോയില്ലല്ലോ.. നമ്മുടെ "ഗൂഗിള്‍ "മേനോന്‍റെ അനന്തിരവന്‍ അല്ലെ..ആ തറവാട്ടു മഹിമ കാണിക്കാതിരിക്കുമോ. അത്രയെങ്കിലും സമാധാനം.

കൂടുതല്‍ കളിഎടുതല്‍ അവന്‍റെയൊക്കെ അമ്മ പെങ്ങളുടെ കുളിസീന്‍ ഞാന്‍ "യുടുബ്" നായരുടെ കടയിലൂടെ നാലാളെകാണിക്കും.സകല തെണ്ടികളോടും "ജിടോക്കില്‍" മിണ്ടീം പറഞ്ഞും ഇരിക്കാം എന്നതുസുഖം ഉള്ള ഏര്‍പ്പാടാ... ആ "സ്കൈപ്പന്‍" പിള്ള "ജിടോക്കിന്" പണികൊടുക്കും എന്ന് കേട്ടു. എന്താണാവോ ആവോ.അല്ലെങ്കിലും അയാള്‍ക്കല്പം കൊതിക്കെറുവ്‌ ഉള്ള കൂട്ടത്തിലാ. അങ്ങേരുടെ കാലം കഴിഞ്ഞല്ലോ.അതാ ഇത്ര ചൊരുക്ക്.

ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യമാണല്ലോ..ഞാന്‍ മാത്രമെന്താ വിഷമിക്കുന്നത്..

അയ്യോ കരണ്ട് പോയല്ലോ..ഓ ബൂലോകവലയില്‍ തെണ്ടാന്‍ ഇലക്ട്രിസിറ്റിവകുപ്പും സമ്മതിക്കില്ലേ..

ഇനി നാളെ തെണ്ടാം.