Showing posts with label യാത്രകള്‍. Show all posts
Showing posts with label യാത്രകള്‍. Show all posts

Saturday, April 4, 2009

60.(ക്)നോക്കിലെക്കൊരു യാത്ര

അയര്‍ലണ്ടില്‍ വന്നപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു നോക്ക് പള്ളിയിലെക്കൊരു യാത്ര. വളരെ പ്രകൃതിരമണീയമായ പ്രദേശത്തെ മനോഹരമായ പള്ളിയെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത.പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട ലോകത്തെ അപൂര്‍വ്വം
ചില പള്ളികളില്‍ ഒന്നെന്ന പ്രത്യേകത ഇവിടുത്തെ പള്ളിയ്ക്കുണ്ട്. (മറ്റു പള്ളികള്‍ ലൂര്‍ദ് , ഫാത്തിമ പള്ളികള്‍ ആണെന്നാണ് വിശ്വാസം. ഇതിലെ ആധികാരിത ചോദ്യം ചെയ്യരുത് .മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.ഈ പള്ളിയെക്കുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങളെ കുറിച്ചും ഇവിടെ വായിക്കുക)

ഞാന്‍ താമസിക്കുന്ന റിപബ്ലിക്‌ ഓഫ് അയര്‍ലണ്ടിന്റെ തലസ്ഥാനം കൂടിയായ കൌണ്ടി ഡബ്ലിനില്‍ നിന്നും ഏകദേശം ഇരുനൂറ്റി മുപ്പതു കിലോമീറ്റര്‍ ഉണ്ട് പള്ളി സ്ഥിതി ചെയ്യുന്ന കൌണ്ടി മായോയില്‍ എത്താന്‍.

രാവിലെ ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ മൂന്നു വാഹനങ്ങളിലായി യാത്രതിരിച്ചു. സാമാന്യം നല്ല കാലാവസ്ഥയായിരുന്നു. പൊതുവേ മങ്ങിയതും തണുപ്പുള്ളതും മഴയുള്ളതുമായ അയര്‍ലണ്ടില്‍ ആറു ഡിഗ്രീ സെല്‍ഷ്യസ് അത്ര മോശം എന്ന് കരുതാറില്ല.പ്രത്യേകിച്ചും ഈ മാര്‍ച്ച് മാസത്തില്‍.

മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തു ഒരു താല്‍കാലിക വിശ്രമാസ്ഥാനത്തെത്തി. മനോഹരമായ തടാകമുള്ള ഇവിടെ ഒരു മത്സ്യകന്യകയുടെ ശില്‍പം ഉണ്ട്.


(മത്സ്യകന്യകയുടെ ശില്‍പം)

ഞങ്ങള്‍ കുറെ സമയം അവിടെ ചിലവഴിച്ചു വയറിന്റെ വിളി ശമിപ്പിച്ചു വീണ്ടും നോക്കിലെക്കുള്ള യാത്രയായി. പക്ഷെ തടാകക്കരയില്‍ കൊടുംതണുപ്പ് ആയതിനാല്‍ പിന്നീടുള്ള യാത്രയില്‍ നല്ല തണുപ്പുണ്ടാവുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. മനോഹരമായതും വൃത്തിയുള്ളതുമായ റോഡിന്റെ ഇരുവശവും അത്യന്തം ഭംഗിയുള്ള ഗ്രാമങ്ങള്‍. സമ്മറിന്റെ വരവറിയിച്ചു മിക്ക വൃക്ഷങ്ങളും ചെടികളും പൂത്തു തുടങ്ങിയിരിക്കുന്നു.

റോഡിനിരുവശത്തെയും ഭംഗിയില്‍ മുഴുകി പോയതിനാലാവം സമയം പോയതറിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ നോക്കിലെത്തി. നല്ല റോഡും വശങ്ങളിലെ നല്ല കാഴ്ചകളും യാത്ര ഒട്ടും വിരസമാക്കാതെ പോകാന്‍ സഹായിച്ചു.



(നോക്ക് പള്ളി)

പള്ളിയുടെ അകത്തേക്ക് കടന്നപ്പോള്‍ തന്നെ മനസ്സിലൊരു ശാന്തത കൈവന്നപോലെ തോന്നി. ഷഡ്ഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചുവര്‍. വൃത്തിയുള്ള അകവശം. മികച്ച സൌണ്ട് സിസ്റ്റംസ് പ്രാര്‍ഥനകള്‍ എല്ലായിടത്തും എത്തിക്കുന്നു.പള്ളിയില്‍ ഏകദേശം പകുതിയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്.സെന്റ്.പാട്രിക് ഡേ ആയതിനാല്‍ ആവാം ഇത്ര തിരക്ക്. പൊതുവേ ഇത്രയും തിരക്കുണ്ടാവാറില്ലയെന്നു അവിടെ കണ്ട ഐറിഷ് വൃദ്ധന്‍ പറഞ്ഞു.എല്ലാ ഐറിഷ് കെട്ടിടങ്ങളേയും പോലെ ഉള്ളിലെയും പുറത്തെയും വൃത്തിയും അടുക്കും ചിട്ടയും നമ്മുടെ പ്രത്യേകശ്രദ്ധ ആകര്‍ഷിക്കും. കുറെ നേരം അകത്ത് ചിലവഴിച്ചു പള്ളിയുടെ വെളിയിലറങ്ങി.


(അഭീഷ്ട സിദ്ധിയ്ക്കായി പണമിട്ട്‌ പ്രാര്‍ത്ഥന നടത്തുന്ന കിണര്‍)

പള്ളിയ്ക്ക് വെളിയില്‍ ഒരു കിണര്‍ ഉണ്ട്. ഇതില്‍ പണമിട്ട്‌ പ്രാര്‍ഥിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്തായാലും പണമിട്ട്‌ എന്റെ ഭാഗ്യം പരീക്ഷിച്ചു. ഇനി അതിന്റെ കുഴപ്പം കൊണ്ട് കിട്ടേണ്ട ഭാഗ്യം എന്തിനു വേണ്ടെന്നു വെയ്ക്കണം. പക്ഷെ കിണറിലെ മുകളില്‍ ഒരു നെറ്റ് കൊണ്ട് ഭാഗികമായി മൂടിയിട്ടുണ്ട്‌. കിണറില്‍ വീഴുന്ന യൂറോ ആരും എടുക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ സെറ്റ്അപ്പ്. പണം കള്ളന്മാര്‍ എടുത്താല്‍ അവര്‍ക്ക് ദൈവകോപം കിട്ടില്ലെയെന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല.

ഇടയ്ക്ക് പള്ളിയ്ക്ക് ചുറ്റും കറങ്ങാന്‍ സൌജന്യമായി ഏര്‍പ്പാടാക്കിയ വൈദ്യുത വാഹനത്തില്‍ ചുറ്റും കറങ്ങി. ഭങ്ങിയായി ലാന്‍ഡ്‌സ്കേപ് ചെയ്ത പൂന്തോട്ടങ്ങളും പച്ചപ്പട്ടു പുതപ്പിച്ചപോലെയുള്ള പുല്‍തകിടികളും. ഇടയ്ക്ക് ഞങ്ങളെ കണ്ടു വാഹനം നിര്‍ത്തിയ ഒരു വൃദ്ധയെ പരിചയപ്പെട്ടു.


(വൃദ്ധ)

ഭാരതീയരെ ബഹുമാനമുള്ള അവര്‍ ഞങ്ങള്‍ ഭാരതീയര്‍ ആണെന്ന് കരുതി തന്റെ ചെറിയ വൈദ്യുത സ്കൂട്ടര്‍ നിര്‍ത്തി. കുറേനേരം ഞങ്ങളോട് സംസാരിച്ചു അവസാനം ഞങ്ങള്‍ക്ക് ആശംസകളും നന്ദിയും പറഞ്ഞു അവര്‍ നീങ്ങി.ഐറിഷ് മനുഷ്യരുടെ സ്നേഹം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരത്തിന് ദൈവത്തോട് നന്ദി പറഞ്ഞു. മുമ്പ് പലതവണ ഭാരതം കണ്ടിട്ടുള്ള അവര്‍ക്ക് ഭാരതീയരെ വളരെയിഷ്ടമാണ്. തന്റെ ബാറ്ററി ഉപയോഗിച്ച് ചലിപ്പിക്കുന്ന ചെറിയ സ്കൂട്ടറില്‍ പള്ളിയുടെ ചുറ്റം കാണാന്‍ വന്നതായിരുന്നു വൃദ്ധ.



(മാതാവിന്റെ തിരുശേഷിപ്പ്)
പിന്നീട് ഞങ്ങള്‍ പോയത് മാതാവിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്നത് കാണാനായിരുന്നു. തിരുശേഷിപ്പ് ഭിത്തിയിലെ ഭംഗിയായി അലങ്കരിച്ച വേണ്ടവിധം ലൈറ്റിംഗ് ഒക്കെ ചെയ്തു വച്ചിരിക്കുന്നു. മാതാവിന്റെ ഭൌതിക അവശിഷ്ടത്തിന്റെ ഭാഗമെന്നു കരുതുന്ന ഇത് വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വളരെയധികം വിശ്വാസികള്‍ ഇവിടെ വന്നു മുത്തം കൊടുക്കുന്നത് കണ്ടു.


(പള്ളിയിലെ വലിയ കുരിശ്)
പള്ളിമുറ്റത്ത് വളരെ ഉയരമുള്ളതും ഭംഗിയേറിയാതുമായ ഒരു കുരിശുണ്ട്.കുരിശിന്റെ വലിപ്പത്തെകുറിച്ച് ധാരണകിട്ടാന്‍ അടുത്തുള്ള മരങ്ങളുമായും മറ്റും താരതമ്യം ചെയ്യേണ്ടി വരും. അത്ര വലുപ്പമുള്ളതാണ് ഈ കുരിശ്. ചെറിയ ചുറ്റുമതിലോട് കൂടിയ ഈ കുരിശ് യൂറോപ്യന്‍ വാസ്തുകലയുടെ ഉദാത്ത മാതൃകയാണ്.

(1979ല്‍ മാര്‍പ്പാപ്പ വന്നപ്പോള്‍ പള്ളിയ്ക്ക് നല്‍കിയ സ്വര്‍ണ്ണപനിനീര്‍ പുഷ്പം)
1979ല്‍ മാര്‍പാപ്പ നോക്ക് പള്ളി സന്ദര്‍ശനം നടത്തി. പ്രസ്തുത സന്ദര്‍ശനത്തില്‍ നല്‍കിയ സ്വര്‍ണ്ണ റോസാപൂവ് ഭിത്തിയില്‍ ഒരു മനോഹരമായ അറയുണ്ടാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

അതിനു ശേഷം മാതാവിന്റെകാല്‍ പതിഞ്ഞതെന്നു കരുതുന്ന കല്ലും, മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന ഭിത്തിയും കണ്ടു.



(പുതുക്കിപണിഞ്ഞ പള്ളി)
പഴയ പള്ളി പൊളിച്ചു പുതിയത് പണിഞ്ഞെങ്കിലും മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന പഴയപള്ളിയുടെ ഭിത്തി നിലനിര്‍ത്തി കൊണ്ട് തന്നെയാണ് പുതിയത് പണിഞ്ഞത്.


(മാതാവിന്റെ പ്രതിമ)

മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന കരുതുന്ന പള്ളിയുടെ ഉള്‍വശത്ത് മാതാവിന്റെ വലിയ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. കരുണാമയിയായ മാതാവിന്റെ സമീപത്തു രണ്ടു മാലാഖമാരും ഉണ്ട്. പ്രതിമയിരിക്കുന്ന പള്ളിയില്‍ വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു. നിറയെ വിശ്വാസികള്‍ ഉണ്ടായിരുന്നെങ്കിലും തീര്‍ത്തും നിശബ്ദം.


(മാതാവിന്റെ കാല്‍പാദം പതിഞ്ഞ കല്ല്)

മാതാവിന്റെ പാദസ്പര്‍ശനമേറ്റൂവന്നു കരുതുന്ന കല്ലില്‍ ചുംബിക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയുണ്ടായിരുന്നു. മാതാവിന്റെ പാദസ്പര്‍ശനമേറ്റ ശിലയിലൂടെ ആ ചൈതന്യം തങ്ങളിലേക്ക് ആവാഹിക്കാനുള്ള ശ്രമമാണത്രെ. എന്തായാലും ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു.

നാല് മണിക്കൂറിലേറെ ചിലവഴിച്ചു ഞങ്ങള്‍ തിരികെ പോന്നു. മനസ്സില്‍ ആത്മീയതയുടെ പുണ്യം നല്‍കിയ ഒരു നല്ല യാത്രയുടെ ഓര്‍മ്മകുറിപ്പുകള്‍ നല്‍കിയ ഒരു ദിവസം അങ്ങനെ എന്നെന്നേക്കുമായി മനസ്സിന്റെ ചെപ്പുകളില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയുമായി.

Tuesday, November 18, 2008

19.ഫൈലക്ക ദ്വീപില്‍ (കുവൈറ്റ്)

മിനി ബസ് പതിനഞ്ച് മിനുട്ടുകൊണ്ട് ഞങ്ങളെ ദ്വീപിന്‍റെ ഉള്ളിലെത്തിച്ചു..വഴിയരികില്‍ ഉള്ള ഓരോ കെട്ടിടങ്ങളും തകര്‍ച്ചയുടെ സാക്ഷിപത്രങ്ങള്‍ തന്നെ..

വെടിയുണ്ടകള്‍ തറച്ചിട്ടില്ലാത്ത ഒന്നുപോലും (ചിലത് കാണുന്നുവെങ്കില്‍ അത് ദ്വീപില്‍ വന്നുപോകുന്ന സഞ്ചാരികളെ മനസ്സില്‍ കണ്ടുകൊണ്ടു പുനരുദ്ധരിച്ചവ ആണ്..) കാണാം സാധിക്കില്ല..ദ്വീപില്‍ കുവൈറ്റിന്‍റെ ആര്‍മിയാണ് നിയന്ത്രണം നടത്തുന്നത്..കരയില്‍നിന്നു സൈനികരെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടറുകള്‍ ഇടയ്ക്കിടെ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു..ചിലയിടങ്ങളില്‍ ടാങ്കുകളും കവചിത വാഹനങ്ങളും കിടപ്പുണ്ട്..ഒരു യുദ്ധം ശവപറമ്പാക്കിയ ഒരു ഗ്രാമം.

ഇപ്പോള്‍ ഇതൊരു ഹെരിട്ടെജ് വില്ലേജ് ആക്കാനുള്ള കുവൈറ്റ് സര്‍ക്കാരിന്‍റെ ശ്രമം നടന്നുവരുന്നു..ഇടയില്‍ എങ്ങും ഒരു മനുഷ്യാവാസത്തിന്‍റെയോ ഒന്നും ലക്ഷണം പോലും ഇല്ല..പക്ഷെ ഇന്നും ദ്വീപില്‍ കുറെ കുടുംബങ്ങള്‍ താമസിക്കുന്നു...(വിരലില്‍ എണ്ണാന്‍ മാത്രം ചില കുടുംബങ്ങള്‍ ..അവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുത്തിട്ടും കുവൈറ്റിലെ നഗരഅന്തരീക്ഷത്തില്‍ നിന്നു ഒഴിഞ്ഞു താമസ്സിക്കുന്ന ഫൈലക്കാന്‍മാര്‍ ആണവര്‍.മറ്റുചില മുന്‍ ദ്വീപുവാസികള്‍ വാരാന്ത്യം ചിലവിടാന്‍ ദ്വീപില്‍ എത്തുന്നു.

ഞങ്ങള്‍ ഉള്ളിലെത്തി...ഇവിടെ കുറെ നല്ല മോട്ടലുകളും ഭക്ഷണശാലകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാന്‍ നാല്ചക്രമോട്ടോര്‍ സൈക്കിളും വാടകയ്ക്ക് കാര്‍,ബൈക്ക്,തുടങ്ങി എന്തും കിട്ടും..പക്ഷെ താരതമ്യേന ചിലവ് കൂടുതല്‍ ആണ്.കുവൈറ്റ് കറന്‍സിയുടെ മൂല്യം തന്നെ കാരണം..ഒത്തനടുവില്‍ ഒരു തടാകം ഉണ്ട്..അവിടെ ചിലടത്ത് ഇരിക്കാന്‍ ബഞ്ചുകളും ഇട്ടിട്ടുണ്ട്.ഫൈലക്കവാസികള്‍ ഉപയോഗിച്ചിരുന്ന വള്ളത്തിന്‍റെ ഒരു പുതുക്കിപണിഞ്ഞ മോഡലും വച്ചിട്ടുണ്ട്.തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ ഉണ്ട്.അതില്‍ കയറാന്‍ പണം കൊടുക്കണം..

ഞങ്ങള്‍ നാല്പേരും കൂടി ഒരു ക്വാട്ര സൈക്കിള്‍ വാടകയ്ക്ക് എടുത്തു..ദ്വീപിന്‍റെ ഉള്ളിലേക്ക് പോകാന്‍ ഇതാവശ്യമാണ്..കാരണം നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് തിരികെ പോകാന്‍ ഫെറി തയ്യാറാകും.മടക്കയാത്രയുടെ ടിക്കറ്റ് എടുത്തിട്ടുള്ളതിനാല്‍ ഏത് ഫെറിയിലും കയറാം.(ആകെ രണ്ടെണ്ണം..)അഥവാ ദ്വീപില്‍ തങ്ങണം എന്നുള്ളവര്‍ക്ക് ഏതെങ്കിലും മോട്ടലില്‍ കഴിയാം.പക്ഷെ നൂറു ദിനറോളം വരും..ദ്വീപില്‍ കാട്ടുഒട്ടകങ്ങള്‍ ധാരാളം ഉണ്ട്.(ഉള്ളിലേക്ക് പോകണം )
റോഡിലാകെ വെടിയുണ്ടകള്‍ ചിതറികിടക്കുന്നു..വെടിയുണ്ടകളില്‍ ചവുട്ടാതെ നടക്കാന്‍ പറ്റില്ല..

ദ്വീപില്‍ അന്നുണ്ടായിരുന്ന ബാങ്കിന്‍റെ ഉള്ളില്‍ കയറി.ലോക്കര്‍ റൂമിലും കയറി..കുറെ ഇറാക്കികള്‍ കൊള്ളയടിച്ചു ബാക്കിയെല്ലാം യുദ്ധത്തില്‍ തകര്‍ന്നു..ദ്വീപില്‍ നിന്നു കുവൈറ്റികളെ ഓടിച്ചു അവിടം സ്വന്തമാക്കിയ ഇറാക്കികളെ തുരത്താന്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ബോംബിങ്ങുകളും വെടിവയ്പ്പുമാണ് സത്യത്തില്‍ ദ്വീപിനെ തകര്‍ത്തത്‌..കാരണം അവിടെ കിടക്കുന്നതും കാണുന്നതുമായ വെടിയുണ്ടകള്‍ എല്ലാം തന്നെ അമേരിക്കന്‍ നിര്‍മ്മിതം തന്നെ.ഭിത്തികള്‍ മുഴുവന്‍ വെടിയുണ്ട പാടുകള്‍ തന്നെ..ഇപ്പോഴും ചില അവിടെ തറചിരിപ്പുണ്ട്‌.

ദ്വീപിലെ വെടിയുണ്ട കൊള്ളാത്ത ഏകകെട്ടിടം ഒരു മുസ്ലിം പള്ളിയുടെതാണ്..ഇനി ഇറാക്കികള്‍ പള്ളികള്‍ ആക്രമില്ല എന്ന്കാണിക്കാനും ബാക്കിയെല്ലാം ഇറാക്കികള്‍ വരുത്തിവെച്ചതാണെന്ന് കാട്ടാന്‍ അമേരിക്ക നടത്തിയ കുരുട്ടുബുദ്ധി ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.പിന്നീട് ഞങ്ങള്‍ ദ്വീപ് മുഴുവന്‍ നടന്നു കണ്ടു.

കുവൈറ്റില്‍ നിന്നും വിഭിന്നമായ ഒരു അന്തരീക്ഷവും ഭൂപ്രകൃതിയും.കൃഷിയ്ക്ക് യോജിക്കാത്ത കുവൈറ്റ് പോലെയല്ല ഫൈലക്ക..ചിലവീടുകള്‍ അമേരിക്കന്‍ ബോംബിങ്ങില്‍ തീപിടിച്ചിരുന്നു..വീടുകളുടെ ഉള്ളില്‍ ചെല്ലുമ്പോള്‍ (എവിടെ വേണമെങ്കിലും കയറിനടന്നു കാണാം.) നാശനഷ്ടങ്ങളുടെ അവശേഷിപ്പ് കാണാമായിരുന്നു. പെട്ടെന്ന് തന്നെ നേരം ഇരുട്ടി..

ഞങ്ങള്‍ക്ക് പോകാനുള്ള ഫെറിയില്‍ കയറാന്‍ വീണ്ടും മിനി ബസില്‍ പോകണം.ഞങ്ങള്‍ വേഗം യാത്രയായി..

ഒരായിരം മുറിപ്പാടുകള്‍ ചങ്കില്‍ പതിഞ്ഞ യാത്ര..


ഒരു ചെറിയ പഴങ്കഥ

ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ ഇറക്കിനോടോപ്പമായിരുന്ന കുവൈറ്റ് ഇറാക്കിന് നാല്‍പ്പതു ബില്യന്‍ ഡോളര്‍ കടമായി നല്കി.എന്നാല്‍ യുദ്ധം കൊണ്ടു സാമ്പത്തികമായി തകര്‍ന്ന ഇറക്കിന്‍റെ ഈ പണം എഴുതിത്തള്ളണം എന്നവാദം (ഈയുദ്ധം ഇറാന്‍റെ അറബ്നാട്ടില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പ്രഭാവത്തെ കുറച്ചു അതിനാല്‍ സാമ്പത്തിക എഴുതിതള്ളണം എന്ന വാദം കുവൈറ്റ് ചെവിക്കൊണ്ടില്ല.)

ഇതുമൂലം രണ്ടു രാജ്യങ്ങളുടെയും ബന്ധം വഷളാകുകയും ക്രൂഡ്ഓയിലിന്‍റെ വിലകൂട്ടി സമാഹരിക്കുന്ന അധികം പണം കുവൈറ്റിനു കൊടുക്കാനുള്ള ഇറാക്കിന്‍റെ ശ്രമങ്ങള്‍ക്ക് വിള്ളല്‍ വച്ചു കുവൈറ്റ് എണ്ണവില കുറയ്ക്കുകയും ചെയ്തു..തന്മൂലം വര്‍ഷം പതിനാലു ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഇറാക്കിനുണ്ടായി .കുവൈറ്റിന്‍റെ ഈ നയം ഇറാക്കിനെ ചൊടിപ്പിച്ചു..

തന്നെയുംമല്ല രുമയല ഓയില്‍ ഫീല്‍ഡില്‍ (രണ്ടു രാജ്യത്തിന്‍റെയും കൂടിയാണിത്..കുറെ ഭാഗം കുവൈറ്റിലും കുറെ ഇറാക്കിലും) കുവൈറ്റ് ചരിഞ്ഞ എണ്ണക്കിണര്‍ കുത്തി ഇറക്കിന്‍റെ എണ്ണ ചോര്‍ത്തുന്നു എന്നും ഇറാക്ക് ആരോപിച്ചു..ഇതുമൂലം ഇറാക്കിന് രണ്ടര ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഉണ്ടായി എന്നും ഇറാക്ക് അവകാശപ്പെട്ടു. (ചരിഞ്ഞ കിണര്‍ അഥവാ സ്ലാന്റ്റ് ഡ്രില്ലിംഗ് സാധാരണ എണ്ണകിണര്‍ കുഴിക്കുന്നതില്‍ നിന്നു - വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് അഥവാ തൂക്കായ കുഴിക്കല്‍.- വെത്യസ്തമാണ്.)

വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള അവസരം ഇറാക്കിനെ മറ്റൊരു ചിന്തയിലേക്ക് നയിച്ചു..പണ്ടു കുവൈറ്റ് ഇറാക്കിന്‍റെ (ബസ്ര പ്രവിശ്യയുടെ )ഭാഗം ആയിരുന്നുവെന്നും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി 1913 ലെ ആന്ഗ്ലോ ഓട്ടോമന്‍ കരാറിന്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ ആക്കുകായിരുന്നു.അതുകൊണ്ട് തന്നെ കുവൈറ്റിനെ മറ്റൊരു രാജ്യമായി കാണാന്‍ അനുവദിക്കാന്‍ ആവില്ല എന്നും പറഞ്ഞായിരുന്നു യുദ്ധം.

പക്ഷെ എന്തുതന്നെ അനന്തര ഫലങ്ങള്‍ ഉണ്ടായിട്ടും യുദ്ധത്തില്‍ ചിലവായ മുഴുവന്‍ പണം അമേരിക്കയ്ക്ക് തിരികെകൊടുത്തിട്ടും അമേരിക്കയുടെ ആടിനെ കൂട്ടിയിടിപ്പിച്ചു രക്തം കുടിയ്ക്കുന്ന കുറുനരിയുടെ ശീലം മാറിയില്ല..പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഉണ്ടാക്കിയ യുദ്ധം അവരെ സാമ്പത്തികമായി തളര്‍ത്തുകയും ഇന്നുള്ള കടുത്ത സാമ്പത്തിക അരാജകത്വത്തിന്റെ കാരണങ്ങളില്‍ പ്രധാനമാകുകയും ചെയ്തു..-

ആദ്യ ഇറാക്ക് യുദ്ധത്തില്‍ ചെലവായ അമേരിക്കന്‍ പണം കുവൈറ്റ് തിരികെ നല്‍കിയെങ്കില്‍ രണ്ടാമത് തീവ്രവാദത്തിനു എതിരെ എന്ന് പറഞ്ഞ യുദ്ധം എണ്ണപ്പണം കുവൈറ്റില്‍ നിന്നും കിട്ടാതെ കളസം കീറുകയാണ് ചെയ്തത്..വിയത്നാമിനെതിരെ തോല്‍വി സമ്മതിച്ച അമേരിക്ക ഇന്നു ഈയുദ്ധതോടെ സാമ്പത്തികമായി തകര്‍ച്ചയില്‍ ആയി..ഒരു യുദ്ധകൊതിയന്മാരായ അപ്പനും മകനും ചേര്‍ന്ന് വരുത്തിവച്ചത് ലോകം മുഴുവന്‍ അനുഭവിക്കുന്നു..

ഗുണപാഠം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.

(ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്ന ഇറാക്കിനെ സഹായിക്കാന്‍ നമുക്കും കഴിഞ്ഞില്ല..ഭാരതീയരോട് പൊതുവെ അത്ര നല്ല സഹകരണം അല്ല കുവൈറ്റികള്‍ക്കുള്ളത്.)

Sunday, November 16, 2008

18.ഫൈലക്ക ദ്വീപിലെക്കൊരു യാത്ര-(കുവൈറ്റ്)

ഞാന്‍ കുവൈറ്റില്‍ വന്നനാള്‍ മുതല്‍ ഫൈലക്ക (ഫൈലച എന്ന് കുവൈറ്റികള്‍ വിളിക്കും- Failaka Island) ദ്വീപ് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ഓരോ കാരണത്താല്‍ പിന്നത്തേക്ക് നീട്ടി ഒടുവില്‍ ആ ആഗ്രഹവും നടന്നു..അതിന്‍റെ ചില കാഴ്ചയിലേക്ക്.


ഒരല്‍പം ചരിത്രം

എണ്ണ സമ്പന്നമായ കുവൈറ്റിന് സമ്പന്നമായ സംസ്കാര പാരമ്പര്യവും ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ഈ ദ്വീപ്.3000 BC മുതല്‍ രൂപപ്പെട്ടു വന്ന ജീവിത രീതികളും പ്രാര്‍ത്ഥനാ സമ്പ്രദായങ്ങളും ഇവിടെ ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുണ്ട്.

ക്രിസ്തു വര്‍ഷം മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അലക്സാണ്ടര്‍ തന്‍റെ റോമില്‍ നിന്നും ഭാരത്തിലെക്കുള്ള യാത്രയില്‍ ഈ ദ്വീപിനെ കൊളനിയാക്കുകയും ഐക്കരാസ് (ഒരു ഗ്രീക്ക് ദേവന്‍റെ പേര്) നല്‍കുകയും ചെയ്തു..പണ്ടു ഇവിടെ സൂര്യനെ ആരാധിചിരുന്നുവെന്നും തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

തൊണ്ണൂറിലെ കുവൈറ്റ് ആക്രമണത്തില്‍ ഇറക്കികള്‍ ഈ ദ്വീപിനെ കൈയടക്കുകയും ദ്വീപ് നിവാസികളെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.രണ്ടായിരത്തോളം ഉണ്ടായിരുന്ന ദ്വീപ് നിവാസികള്‍ കുവൈറ്റ് മെയിന്‍ലാന്‍ഡില്‍ എത്തി..പിന്നീട് തൊണ്ണൂറ്റി ഒന്നില്‍ അമേരിക്കന്‍ സഖ്യസേന ദ്വീപിലുള്ള ഇറാക്കികളെ ആക്രമിച്ചു ദ്വീപ് തിരികെപിടിച്ചു..

അന്നുണ്ടായിരുന്ന സ്കൂളുകളും ബാങ്കും എല്ലാ വലിയ കെട്ടിടങ്ങളും ആക്രമണത്തില്‍ നശിച്ചു......
യാത്ര...ഒരു വ്യാഴാഴ്ച ഞാന്‍ എന്‍റെ കുറെ അടുത്ത സുഹൃത്തുകളുമായി അതിരാവിലെ യാത്രയായി.സാല്‍മിയയില്‍ നിന്നാണ് ഫെറി.

ഓരോ ദിവസം ഓരോ നേരത്താണ് ഫെറി യാത്രയാകുന്നത്..(നമ്മുടെ നാട്ടിലെ കെ.എസ്.ആര്‍.ടി.സി.പോലെ അഹങ്കാരി ആയിട്ടല്ല.വേലിയിറക്കവും വേലിയേറ്റവും നോക്കിമാത്രമേ ദ്വീപില്‍ ഫെറി അടുപ്പിക്കാനാവൂ.)ഞങ്ങള്‍ അതിരാവിലെ തന്നെ ഭക്ഷണ സാമഗ്രികളും വാരിക്കെട്ടി സാല്‍മിയയില്‍ എത്തി.

കോന്തന്‍ കൊല്ലത്ത് പോയതുപോലെ അവിടെയും ഇവിടെയും ചോദിച്ചു പറഞ്ഞു (അറബി മാത്രമെ ചോദിയ്ക്കാന്‍ ആവൂ..ദൈവ കൃപയാല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയുകയും ഇല്ല..).ഒടുവില്‍ ഫെറി പോക്കുന്ന ജട്ടി കണ്ടെത്തി..പക്ഷെ എട്ടുമണിക്ക് അവിടെയെത്തിയ ഞങ്ങളെ കാത്തിരുന്നത് ഫെറി ഉച്ചയ്ക്ക് ഒന്നരയ്ക്ക് മാത്രമെ പോകൂ എന്നറിയിപ്പായിരുന്നു..

അവിടെ കൈയിലുള്ള ഭക്ഷണം കഴിച്ചു ഉച്ചവരെ നത്തുപോലെ കുത്തിയിരുന്നു,.ഉച്ചയ്ക്ക് കണ്ണിനു കുളിരായി ഞങ്ങളുടെ ഫെറി എത്തി"ഫെറി ഐക്കരാസ്"വാഹനങ്ങളും കൂടെ കൊണ്ടുപോകാവുന്ന ഇവയില്‍ (കാശ് പ്രത്യേകം കൊടുക്കണം.ഇരുപതു ദിനാര്‍..സാധാരണ ടിക്കറ്റ് രണ്ടര ദിനാര്‍)ഞങ്ങള്‍ നേരെ ഡെക്കില്‍ കയറി ചുറ്റുപാടും നോക്കി പതിയെ ചയ്യ ചയ്യ പാടി ആടാന്‍ തുടങ്ങി...

ജീവിതത്തിലെ ആദ്യത്തെ ഫെറിയാത്ര അങ്ങനെ ആഘോഷം ആക്കുമ്പോള്‍ കുവൈറ്റികളും മറ്റു യാത്രക്കാരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ മറന്നു.അങ്ങനെ ഫെറി സാല്‍മിയ വിട്ടു ഉള്‍കടലില്‍ പ്രവേശിച്ചു..ദൂരെ കുവൈറ്റ് സിറ്റി കാണാമായിരുന്നു..ഫെറി ഇപ്പോള്‍ പോകുന്നത് കപ്പല്‍ ചാലിലൂടെയാണ്..നല്ല ആഴമുള്ള കടല്‍..യാത്രക്കാരുടെ രക്ഷയ്ക്ക് പടച്ചവന്‍ മാത്രം...

ദൂരെ ഒരു ചരക്കു കപ്പല്‍ പോകുന്നത് കണ്ടു..മെയിന്‍ ലാന്‍ഡില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ദ്വീപ്..ഫെറിയില്‍ ഒന്നര മണിക്കൂര്‍ യാത്ര. (എന്‍റെ എല്ലാ യാത്രകളുടെയും ഫോട്ടോകള്‍ എന്‍റെ ഫോട്ടോബ്ലോഗില്‍ ഉടനെ പബ്ലിഷ് ചെയ്യും.)ഫെറി ആദമിന്‍റെ കാലത്തിലെയാണ്..ആകെയുള്ള രണ്ടു ഫെറിയും ഇത്തരത്തില്‍ ഉള്ളത് തന്നു..മുങ്ങിയാല്‍ മരണം നിശ്ചയം.ഈ ഓര്‍മ്മ എന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിപ്പിച്ചു..തണുത്ത കാറ്റു ശരീരത്തിലേക്ക് അരിച്ചരിച്ചു കയറി..

നല്ല താളത്തില്‍ കൊട്ടുകെള്‍ക്കാം..ചെമ്പട ത്രിപുട പടപട എല്ലാം ഉണ്ടല്ലോ..ഓ..എന്‍റെ കാല്‍മുട്ടുകള്‍ തന്നെ..പേടിയും തണുപ്പും അതിന്‍റെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ട്..ദ്വീപിലേക്ക് പോകാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആഡംബര നൌകകള്‍ ലഭ്യമാക്കുന്നുണ്ട്..അതില്‍ ചിലതില്‍ അരമണിക്കൂര്‍ കൊണ്ടു ദ്വീപില്‍ എത്താം,.വലിയ നൌകകള്‍ വാടകയ്ക്കെടുക്കാന്‍ ഈയുള്ളവന്‍റെ വീടും കുടുംബവും എഴുതിവിറ്റാലും സാധിക്കില്ല..

നല്ല തിരയുണ്ട്..ആടിയുലഞ്ഞു യാത്ര...ഒന്നര മണിക്കൂര്‍ കഴിഞ്ഞു .ദൂരെ ദ്വീപ് കാണാറായി..ഫൈലക്ക ദ്വീപിലെ ജട്ടിയിലേക്ക് ഞങ്ങളുടെ ഫെറി അടുത്തു.ആര്‍പ്പോയി......ഞങ്ങള്‍ ആര്‍ത്തട്ടഹസിച്ചു..കുവൈറ്റികള്‍ ഞങ്ങളെ നോക്കുന്നുണ്ടെന്നു ഞങ്ങള്‍ ഗൌനിച്ചതെ ഇല്ല..താഴെയിറങ്ങി ഞങ്ങള്‍ മിനി ബസില്‍ ദ്വീപിന്‍റെ ഉള്ളിലേക്ക് യാത്രയായി.

മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത മറക്കാന്‍ ഒക്കില്ലാത്ത കാഴ്ചകള്‍ സമ്മാനിച്ച യാത്ര..

Monday, November 10, 2008

15.മടക്കയാത്ര

രാവിലെ തന്നെ എഴുന്നേറ്റു..ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി..ഇന്നുച്ചയ്ക്കുള്ള വിമാനത്തില്‍ തിരികെ പോകണം..ബ്രേക്ക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരുന്നപ്പോഴാണ്‌ എന്നെ എയര്‍പോര്‍ട്ടില്‍ കൊണ്ടാക്കാന്‍ ചേച്ചിയും വരുന്നെന്നു പറഞ്ഞതു..ഭക്ഷണം കഴിഞ്ഞു വേഗം റെഡി ആയി.

ഞങ്ങള്‍ എല്ലാവരും എയര്‍പോര്‍ട്ടിലേക്ക് തിരിച്ചു..യാത്രയില്‍ പതിവുപോലെ ചേച്ചി മൌനയായിരുന്നു..ഇവിടെ ഇത്രയും നല്ല കാലാവസ്ഥയും സൌകര്യങ്ങളും ഉണ്ടായിട്ടും മോളും മരുമോനും അവിടെ അയര്‍ ലണ്ടില്‍ ഒറ്റയ്ക്ക് കഴിയുന്നു..

"എത്രതവണ ഞാന്‍ വിളിച്ചതാ എന്നറിയാമോ.."

ചേച്ചി ഇടയ്ക്ക് മൌനം ഭഞ്ജിച്ചു..ചേച്ചിയുടെ ആ വാക്കുകളില്‍ എല്ലാം അടങ്ങിയിരുന്നു,.അവിടെ മീന്‍ പിടിക്കാനും ചുമ്മാതെ ചുറ്റി തിരിയുന്ന ഷാജിയെ ഞാന്‍ ഓര്‍ത്തു..പണ്ടൊരിക്കല്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് ചേച്ചിയുടെ മരുമോനെ ഞാന്‍ പരിചയപ്പെട്ടതെന്ന് മുന്‍പൊരിക്കല്‍ ഞാന്‍ പറഞ്ഞിരുന്നല്ലോ.ഓരോത്തന്‍റെ അഹങ്കാരം..അല്ലാതെന്താ പറയുക..എല്ലാ സൌകര്യവും ഉണ്ടായിട്ടും വെറുതെ മറ്റു രാജ്യത്ത്‌ അലഞ്ഞു തിരിയുന്ന അവനോടു എനിക്ക് അമര്‍ഷം തോന്നി.

ഇവിടെ സത്യം പറഞ്ഞാല്‍ അയര്‍ലണ്ടിനേക്കാള്‍ എത്രയോ നല്ല സ്ഥലം..അയര്‍ലണ്ടില്‍ എന്നും കൊടുംതണുപ്പും മഴയും കാറ്റും ആണ്,യാത്ര ചെയ്യാന്‍ തന്നെ പ്രയാസം പിന്നെ ഐറിഷ് പൌരന്മാര്‍ പൊതുവെ മറ്റു യുരോപ്യരെക്കാള്‍ പെരുമാറാന്‍ നല്ലവരാണെന്നു മാത്രം ഒരു മെച്ചം ഉണ്ട്,പിന്നെ യുറോപ്പില്‍ എന്നല്ല ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും തന്നെ നഴ്സിന് ശമ്പളം കിട്ടുന്ന രാജ്യങ്ങളില്‍ ഒന്നു ആയതിനാല്‍ വിട്ടു പോരാനും എല്ലാവര്‍ക്കും മടി..

ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ എത്തി.ചേച്ചി പോയി രണ്ടു കവര്‍ ചോക്കലേറ്റ് കൊണ്ടു തന്നു..ഒന്നു എനിക്കും രണ്ടു ചേച്ചിയുടെ മകള്‍ക്കും മരുമകനും കൊടുക്കാനും പറഞ്ഞു..പോരാന്‍ നേരം രണ്ടു പേരെയും കെട്ടിപിടിച്ചു യാത്ര പറയുമ്പോള്‍ എന്തോ മനസ്സിന് ഒരു വിങ്ങല്‍..

രണ്ടു പേരെയും വിട്ടു എമിഗ്രേഷന്‍ കഴിഞ്ഞു വിമാനത്തില്‍ കയറി.ഒന്നര മണികൂര്‍ മാത്രം ഉള്ള ചെറിയ യാത്ര..എയര്‍ ലിങ്കസില്‍ ആണല്ലോ യാത്ര..

ബട്ജെറ്റ് വിമാനം ആയതിനാല്‍ കഴിക്കുവാന്‍ ഒന്നും ഇല്ല..അല്ലെങ്കില്‍ കാശ് കൊടുത്തു വാങ്ങണം.പറ്റുമായിരുന്നു എങ്കില്‍ അവന്മാര്‍ താഴെ ഇരുത്തിയോ നിര്‍ത്തിയോ കൊണ്ടു വന്നേനെ.വളരെ പെട്ടെന്ന് സമയം കടന്നു പോയി..

ജനാലയിലൂടെ താഴേയ്ക്ക് നോക്കി..മഴക്കാറുകള്‍ ഒഴുകി നീങ്ങുന്നു..അയര്‍ലണ്ടില്‍ അത് പതിവാണല്ലോ..വീണ്ടും തിരിച്ചു ഈ നാട്ടില്‍..വിമാനം ലാന്‍ഡ് ചെയ്യാന്‍ പോകുന്നുവെന്ന് അറിയിപ്പുണ്ടായി..താഴെ പച്ചപുതപ്പ് പോതിഞ്ഞവണ്ണം അയര്‍ലണ്ട് കാണാം..

വിമാനം പതിയെ താഴാന്‍ തുടങ്ങി....

Saturday, November 8, 2008

14.ഹോളണ്ട് യാത്ര - ഫൈനല്‍

ലഞ്ചിന് വേഗം തന്നെ തോട്ടത്തില്‍ എത്തി..പൊതുവെ നടക്കാന്‍ മടിയനായ ഞാന്‍ ആകെ വിശന്നു വളഞ്ഞിരുന്നു..നേപ്പാളി ഉണ്ടാക്കിയ ഭക്ഷണത്തിന് പ്രത്യേക രുചി ഒന്നും തന്നെ ഉണ്ടായിരുന്നില്ലെങ്കിലും ഞാന്‍ വാരി വലിച്ചു കഴിച്ചു..

"പോട്ടക്കണ്ണി കൂത്തിയ്ക്ക്
ഒണക്കക്കണ്ടി പഞ്ചാമൃതം"

എന്നാണല്ലോ ആപ്ത വാക്യം..

ലഞ്ചിന് ശേഷം ഞങ്ങള്‍ തോട്ടം ചുറ്റി കാണുവാന്‍ ഇറങ്ങി.ചേച്ചിയുടെ തോട്ടക്കാരന്‍ നേപ്പാളി ആയതിനാല്‍ ഉരുള കിഴങ്ങിന്‍റെ എല്ലാ കൃഷി രീതികളും അങ്ങേര്‍ക്കു നല്ലവണം അറിയാം..ഹോല്ലണ്ടിലെ എല്ലാ കൃഷിയുടെയും ഒരു മിനിയേച്ചര്‍ ഇവിടെയുണ്ട്..

ഒഴിവു ദിനങ്ങള്‍ ജിമ്മില്‍ വേസ്റ്റ് ആക്കാതെ കൃഷിയിലൂടെ വ്യായാമവും ഒപ്പം വരുമാനവും ലഭിക്കാന്‍ കണ്ടെത്തിയ ഒരു മാര്‍ഗം ആയിരുന്നു ചേച്ചിയ്ക്ക് ഈ കൃഷിയിടം.ദീമന്‍ മലയാളി അസോസിയേഷന്‍ ചേച്ചിയ്ക്ക് ഒരു അവാര്‍ഡും കൊടുക്കുകയുണ്ടായി..ഇത്തരത്തിലുള്ള മലയാളികളാണ് സത്യത്തില്‍ നമ്മളെ പോലെയുള്ള വിദേശ മലയാളികളുടെ പ്രേരണയും അഭിമാനവും,...അഭിനന്ദനങ്ങള്‍ ചേച്ചി..കറിയ ചേട്ടാ നിങ്ങളും പുലി തന്നെ..

ആദ്യ കാഴ്ചയില്‍ തന്നെ ആളുകളെ അളക്കുന്ന എന്‍റെ സ്വഭാവം തെറ്റാണെന്ന് ഈയത്രയെന്നെ പഠിപ്പിച്ചു.കാഴ്ചയില്‍ യെക്ഷിയെന്നും മറ്റും തോന്നിപ്പിച്ച ചേച്ചി ഒരു പ്രസ്ഥാനം തന്നെ ആണെന്ന തിരിച്ചറിവ് എന്നെ അമ്പരപ്പിച്ചു..തന്നെയുംമല്ല ദീമന്‍ പൊതുവേദിയിലും കലാ വേദിയിലും ചേച്ചി അറിയപ്പെടുന്ന ഒരു മുഖവും ആണ്.

അന്നത്തെ യാത്രയ്ക്കൊടുവില്‍ ഞങ്ങള്‍ ക്ഷീണിച്ചു രാത്രിയില്‍ വീട്ടില്‍ തിരിച്ചെത്തി..രാത്രി ഭക്ഷണത്തെ പറ്റി പറഞ്ഞു നിങ്ങളെ കൊതിയൂറിക്കുന്നില്ല.

പിന്നീടുള്ള ദിവസത്തെ യാത്രകള്‍ ചേട്ടന്‍റെ കൂടെയാണ്..ഞങ്ങള്‍ക്കുപയോഗിക്കാന്‍ ചേച്ചി തന്‍റെ ജീപ്പ് ചെറോക്കി വിട്ടു തന്നു.. ഒന്നു പറഞ്ഞു കൊള്ളട്ടെ..നെതര്‍ലണ്ട്സ് എന്നും ഡച്ച് നാട് എന്നറിയപ്പെടുന്ന ഹോളണ്ട് യുറോപ്പിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളില്‍ ഒന്നാണ്..

യുറോപ്പ് എന്ന് പറഞ്ഞാല്‍ ലണ്ടന്‍,സ്വിറ്റ്സര്‍ലന്‍ഡ് ,പാരീസ് (ഫ്രാന്‍സ്) എന്ന് വിചാരിക്കുന്നവരോട് ഒന്നു പറയാം..ഹോളണ്ട് യുറോപ്പിന്‍റെ പൂന്തോട്ടം എന്നാണ് അറിയപ്പെടുന്നത്..
ലോകത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയില്‍ ഒന്നായ റോയല്‍ ഷെല്ലും,ബാങ്കുകളില്‍ മുന്‍ നിരക്കാരനായ എ.ബി. എന്‍. ആമ്രോ ബാങ്കും ഈ നാട്ടിലേതാണ്‌..മലയാളികള്‍ക്ക് സുപരിചിതമായ "ഫിലിപ്സ്" കമ്പനിയും മറ്റാരെടെതും അല്ല..

പിന്നെ ഈയുള്ളവന്‍ അബുദാബിയില്‍ ജോലി ചെയ്തു കൊണ്ടിരുന്ന "ടെബോഡിനും " (റോയല്‍ ബാം..ഗ്രുപ്പ് ) അവിടുത്തേത് തന്നെ..ഇവിടെ യുറോപ്പിലെ ഏറ്റവും തിരക്കേറിയ തുറമുഖവും ഉണ്ട്..

മൊത്തം ജന സംഖ്യയില്‍ നാലു ശതമാനം മാത്രമെ കൃഷിക്കാര്‍ ഉള്ളുവെങ്കിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ പൂക്കളും പച്ചക്കറികളും കയറ്റുമതി ചെയ്യുന്നവരുടെ മുന്‍പന്തിയില്‍ ഇവരുണ്ട്.. ലോകത്തില്‍ ഏറ്റവും ക്ഷീര കര്‍ഷകരുടെ പ്രിയങ്കരമായ എച്ച് എഫ് പശുവിന്‍റെ ജന്മനാടും (ജര്‍മിനി അല്ല സംശയം ഉള്ളവര്‍ക്ക് വിക്കിമാപിയ നോക്കാം) ഇവിടെ തന്നെ.ഇവിടെ മധുര കിഴങ്ങും,ഉരുള കിഴങ്ങും,കാപ്സിക്കവും സലാഡ് വെള്ളരിക്കയും വന്‍ തോതില്‍ കൃഷി ചെയുന്നുണ്ട്..പൂക്കളുടെയും ചെടികളുടെയും കയറ്റുമതിയില്‍ ഹോളണ്ട് മുടിചൂടാ മന്നന്‍മാര്‍ ആണല്ലോ..

പിന്നെയും നാലഞ്ച് നാളുകള്‍ ചുറ്റി നടന്നു..ഇനി തിരിച്ചു ആയര്‍ലണ്ടിലേക്ക് പോകണം ..കീശയും ദാരിദ്ര്യം പറഞ്ഞു തുടങ്ങിയിരിക്കുന്നു..പോരാന്‍ തുടങ്ങിയപ്പോള്‍ ഭാര്യ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോഴും നന്നായി ഓര്‍ക്കുന്നതുകൊണ്ട് ക്രെഡിറ്റ് കാര്‍ഡ് ഞാന്‍ ഉപയോക്കുന്നില്ല..അത്യാവശ്യ ഘട്ടങ്ങള്‍ക്ക്‌ വേണ്ടി മാറ്റി വെച്ചിരിക്കുകയാണ്..

ചേട്ടന് അത്യാവശ്യം വൈന്‍ അടിക്കുന്ന സ്വഭാവം ഉണ്ട്.ഭാര്യയെ പേടി ഉള്ളത് കൊണ്ടു ഞാന്‍ വൈന്‍ അടി നിര്‍ത്തിയത് കൊണ്ടു അതില്‍ തൊടുന്നില്ല...

ഇല്ലെടി എന്‍റെ പ്രിയ ഭാര്യയെ ഞാന്‍ ഹോളണ്ടില്‍ വൈന്‍ അടിച്ചില്ല..സത്യം..

നാളെ എനിക്ക് തിരികെ പോരണം.....അങ്ങനെ ജീവിതത്തിലെ കുറെ നല്ല ദിനങ്ങള്‍ക്ക്‌ ചേട്ടനും ചേച്ചിയ്ക്കും നന്ദി പറഞ്ഞു ഞാന്‍ ഉറങ്ങാന്‍ പോയി.

Thursday, November 6, 2008

13.ഹോളണ്ട് യാത്ര - 7

വളരെ അടുത്തുതന്നെയായിരുന്നു സഹോദരിയുടെയും ഭവനം. ചെന്നപ്പോള്‍ ഞങ്ങളെയും കാത്തിരിക്കുകയായിരുന്നു അവര്‍.

റോസമ്മ എന്ന അവരുടെ പേര്.

കറുത്ത റോസയുണ്ടോ എന്നാ എന്നെ എക്കാലത്തേയും അലട്ടിയിരിക്കുന്ന ചോദ്യത്തിനു ഉത്തരം കിട്ടിയിരിക്കുന്നു.ഉണ്ട്.തീര്‍ച്ചയായും ഉണ്ട്.. സംശയം ഉള്ളവര്‍ ഹോളണ്ടില്‍ വാ ഞാന്‍ കാട്ടിത്തരാം..റോസയും ഭര്‍ത്താവ് സണ്ണിയും ഞങ്ങളുടെ കൂടെ കൂടി..ആദ്യം കടല്‍തീരത്തെയ്ക്ക് പോയി..പ്രത്യേകിച്ച് ഒരു രസവുമില്ലാത്ത കാഴ്ചകള്‍ മാത്രം.അര്‍ദ്ധ നഗ്നരായി കുറെ മദാമ്മമാര്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു..

നമ്മുടെ നാട്ടിലായിരുന്നേല്‍ അവരുടെ പുറകെ നാക്കും നീട്ടി വെള്ളവും ഒലിപ്പിച്ച് ചാവാലിപ്പട്ടികളെ കോളേജ് കുമാരന്മാര്‍ നടക്കുന്നത് കാണാമായിരുന്നു.,..ഇവിടെ വാ കാശ് തരാം വന്നു കണ്ടോ എന്ന് പറഞ്ഞാലും ഒരാളും വരില്ല..പെട്ടെന്ന് കപ്പലണ്ടി വില്‍ക്കുന്ന ഒരാള്‍ ഓടിവന്നു..ഞാന്‍ പോക്കറ്റില്‍ യുറോ തിരയുന്നത് കണ്ടപ്പോള്‍ കറിയ ചേട്ടന്‍ അയാളോട് കുശലം ചോദിക്കുന്നത് കണ്ടു..ഇതെന്താ ഇവര്‍ക്കും യുണിയന്‍ ഉണ്ടോ..

അയാളേം കൂട്ടില്‍ ചേട്ടന്‍ എന്‍റെ അടുത്തേയ്ക്ക് വന്നു..

"ദീപു. ഇതു എന്‍റെ കൂട്ടുകാരന്‍ ആണ്.വര്‍ഗീസ്‌ ..കോട്ടയം കാരനാ..നേരത്തെ ദീമാനില്‍ ആയിരുന്നു.ഇപ്പോള്‍ ഭാര്യയ്ക്ക് ഇങ്ങോട്ട് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ കൂടെ ഇയാളും ഇവിടെ ബിസിനെസ്സ് തുടങ്ങി..."

"പിന്നെ എന്ന് പറഞ്ഞാല്‍.ഇതൊരു വല്യ ബിസിനെസ്സ് അല്ലെ..എന്‍ ആര്‍ ഐ ബിസിനെസ്സ് ടൈകൂണ്‍ വര്‍ഗീസ് " ഞാന്‍ മനസ്സില്‍ പറഞ്ഞു.
ഒന്നും അല്ലെങ്കില്‍ ഗള്‍ഫില്‍ കുറഞ്ഞ സാലറി ആണെങ്കിലും അന്തസ്സുള്ള പണികള്‍ ആണ് മിക്ക മലയാളികളും ചെയ്യുക.ഇത്തരം കുണ്ടാമണ്ടി പണികള്‍ മിക്കതും ബെങ്ക്ലാദേശികള്‍ ആണ് ചെയ്യുന്നത്.. ഇവിടെ ബെറി പറിക്കല്‍ ,മീന്‍ പിടുത്തം,പത്രവിതരണം തുടങ്ങി എല്ലാ അലുകുലുതു പണികളും ചെയ്തു നല്ലൊരു ശതമാനം ജീവിക്കുന്നുണ്ട്...

പിന്നെ ഭാര്യമാര്‍ വന്‍ ശമ്പളം വാങ്ങുന്ന നേഴ്സ് ആയതിനാല്‍ എല്ലാവരും അന്തസ്സായി ജീവിക്കുന്നു..നോര്‍മല്‍ ഡ്യുട്ടിയും ഓവര്‍ടൈമും പിന്നെ ഏജന്‍സി ഡ്യുട്ടിയും ചെയ്തു ലക്ഷങ്ങള്‍ നാട്ടില്‍ എന്‍ ആര്‍ ഐ അക്കൌണ്ടില്‍ അയക്കുന്നതിനാല്‍ ജോലി ഉണ്ടായലെന്ത് ഇല്ലെങ്കില്‍ എന്ത്..നാട്ടില്‍ സ്കോഡ കാറും കുണ്ടിയ്ക്കൊട്ടിച്ചു ചീറി പായുമ്പോള്‍ ഓരോ യുറോയ്ക്കും കപ്പലണ്ടി വിറ്റ ഒരു കാലം ഓര്‍ക്കുകയെ ഇല്ല ..ഇവിടെ പൊതുവെ ഭര്‍ത്താക്കന്മാരെ നമുക്ക് ഒന്നു തരം തിരിച്ചു നോക്കാം.

1) നല്ല വിദ്യാഭ്യാസവും വിവരവും അല്പം ഭാഗ്യവും ഉള്ള ആദ്യ കൂട്ടര്‍ ..നല്ല കമ്പനിയില്‍ ജോലി കിട്ടി മാന്യമായി ജീവിക്കുന്നു.

2) പിന്നെ കുറെപ്പേര്‍ എന്തെങ്കിലും അഭ്യാസം കാട്ടി അല്പം സ്വല്പം സമ്പാദിച്ചു തങ്ങളാല്‍ ആവും വിധം ജീവിക്കാന്‍ ശ്രമിക്കുന്നു..

3) പിന്നെ ചിലര്‍ ഇതുപോലെ കപ്പലണ്ടി കച്ചവടവും ബെറി പറിക്കലും പിന്നെ ഉടായിപ്പ് വേലകലുമായി കഴിഞ്ഞു കൂടുന്നു ..

4) പിന്നെ എന്നെ പോലെയും ചിലര്‍.. ബ്ലോഗെഴുത്തും പാര്‍ട്ട് ടൈം ജോലിയുമായി കാലം തള്ളി നീക്കുന്നു..

5 ) പിന്നെയുള്ളവര്‍ ആണ് ഈ സണ്ണിയെ പോലെ (ചേച്ചിയുടെ സഹോദരീ ഭര്‍ത്താവ്) ..സുന്ദരന്‍ ആണ്.. വെറുതെ മറുതാ പോലെയുള്ള ഒരു പെണ്ണിന് കാവലുപോലെ കൂടെ കൊണ്ടു നടക്കാന്‍ ഒരു ചുള്ളന്‍ ഭര്‍ത്താവ്..

സാമ്പത്തിക മാന്ദ്യം ഇനിയും ഭീകരമായാല്‍ ഒന്നാം ഗ്രേഡില്‍ ഉള്ളവര്‍ രണ്ടാമതായും പിന്നീട് ഓരോത്തരും തന്‍റെ ഒരു ഗ്രേഡ് കീഴെ വരും..പിന്നെ മാക്സിമം സാമ്പത്തിക മാന്ദ്യം ആയാലും നഴ്സിന്റെ ജോലി പോകില്ല എന്ന് സമാധാനിക്കാം..അപ്പോള്‍ പൊതുവെ വെള്ളരിപ്രവുകളുടെ ഭര്‍ത്താക്കന്മാര്‍ എല്ലാം (കൂടുതലും) ചുള്ളന്മാര്‍ ആയതിനാല്‍ എല്ലാവരും അഞ്ചാം ഗ്രേഡില്‍ തന്നെ കാണും..

വര്‍ഗീസ്‌ ചേട്ടന്‍ എല്ലാവര്‍ക്കും വറുത്ത കപ്പലണ്ടി തന്നു..അതും കൊറിച്ചു ഞങ്ങള്‍ മെല്ലെ നടന്നു..മണലിലൂടെ ഓടി നടക്കുന്ന ഞണ്ട്കളെയുംനോക്കി നടക്കാന്‍ നല്ല രസം.കൂട്ടത്തില്‍ വലിയ ഞണ്ടുകള്‍ ഉണ്ട്..ഇവിടുത്തെ ഞണ്ടുകള്‍ പൊതുവെ ഉയരം കൂടിയവ ആണ്..

കടല്‍തീരത്തില്‍ വെറുതെ കുറെ സായിപ്പന്‍മാര്‍ ഓടുന്നുണ്ടായിരുന്നു..അല്ലെങ്കിലും ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ സായിപ്പിനെ കഴിഞ്ഞേ ഉള്ളു നമ്മുടെ ആളുകള്‍.. അവര്‍ക്ക്‌ ചൂടോ തണുപ്പോ ഒന്നും ബാധകമല്ല..
ഞങ്ങള്‍ കടല്‍ തീരത്തുനിന്ന് തിരിച്ചു നടന്നു..
അടുത്തത് കറിയ ചേട്ടന്‍റെ ഒരു ഫ്രണ്ടിന്റെ കൃഷിയിടം ആണ്.കൃഷി എന്നാല്‍ ഉരുളന്‍ കിഴങ്ങും ഉള്ളിയും ..പക്ഷെ അതിനോട് ചേര്‍ന്ന വിശാലമായ സൂര്യകാന്തി കൃഷിയാണ് എന്നെ ആകര്‍ഷിച്ചത്..രണ്ടു നിറത്തിലുള്ള ചെടികള്‍ ഒരു പ്രത്യേക രീതിയില്‍ആണവ നട്ടിരിക്കുന്നത്...
ചുവപ്പും മഞ്ഞയും കലര്‍ന്ന പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്നു..ഒറ്റ നോട്ടത്തില്‍ ഒരു വലിയ കാര്‍പെറ്റ് ഇട്ടിരിക്കുകയാണെന്ന് തോന്നും..നാലഞ്ച്‌ കര്‍ഷകര്‍ ചേര്‍ന്നു കൃഷി ചെയ്തിരിക്കുകയാണ്..എല്ലാവരും ഒരേ മാതൃകയില്‍ ചെയ്തിരിക്കുകയായതിനാല്‍ ഒറ്റ കൃഷിയിടം പോലെ തോന്നിച്ചു..പൂക്കള്‍ പൊതുവെ വലിയ വലുപ്പത്തില്‍ ഉള്ളവയാണ്..പൂക്കളില്‍ നിന്നു സൂര്യകാന്തി എണ്ണ ഉണ്ടാക്കാന്‍ ആണത്രെ.
പിന്നെ അതിനോട് ചേര്‍ന്നു ഓര്‍ക്കിഡിന്റെ തോട്ടമാണ്..പല നിറത്തിലുള്ള പൂക്കള്‍ ..ഹോല്ലണ്ടാണ് ലോകത്തില്‍ ഏറ്റവും അധികം ഓര്‍കിഡ് കയറ്റി അയക്കുന്നത് നടന്നു നടന്നു ഉച്ചയായി..വീണ്ടും ചേച്ചിയുടെ വണ്ടിയില്‍ അവരുടെ തോട്ടത്തിലേക്ക് യാത്രയായി..നന്നേ വിശക്കുന്നു...
തോട്ടത്തിലെ ഫാം ഹൌസില്‍ ഞങ്ങളെ കാത്തു ലഞ്ച് ഇരിക്കുന്നു എന്നറിയാമായിരുന്നു...

Wednesday, November 5, 2008

12.ഹോളണ്ട് യാത്ര - 6

രാവിലെ തന്നെ തയ്യാറായി..ചേട്ടന്‍റെ ഗസ്റ്റ് റൂം വളരെ പോഷ് ആണ്.രാത്രിയിലെ ഉറക്കം വളരെ നന്നായിരുന്നതിനാല്‍ രാവിലെ നല്ല ഉണര്‍വ് തോന്നി.ഒരുങ്ങി താഴെയെത്തി നല്ല ഒരു ബ്രേക്ഫാസ്റ്റ് കഴിച്ചു.

ചേട്ടന്‍റെ പഴഞ്ചന്‍ ബ്യുക് പ്രതീക്ഷിച്ചു നിന്ന എന്നെ അമ്പരപെടുത്തി ചേച്ചി തന്‍റെ പുതിയ ജീപ്പ് ഗ്രാന്‍ഡ്‌ ചെറോക്കിയുമായി എത്തി.പള പള മിന്നുന്ന പുത്തന്‍ ഒരു വണ്ടി.വണ്ടിയില്‍ കയറി.A10 ഹൈവെയില്ലൂടെ ചേച്ചി വണ്ടി പറപ്പിച്ചു..കുറെ അകലെ റന്‍സ് ടോര്‍പില്‍ അല്പം തോട്ടം ഉണ്ട്.അവിടേക്കാണ്‌ ആദ്യത്തെ യാത്ര.

സമുദ്രതീരത്തിനടുത്തുള്ള ഒരു ചെറിയ തോട്ടം.മുക്കാല്‍ മണിക്കൂറുകൊണ്ട് ഞങ്ങള്‍ സ്ഥലത്തെത്തി..ഒരു കാര്യം പറയണമെല്ലോ.ചേച്ചി ഒരു നല്ല ഡ്രൈവര്‍ ആണ്.വണ്ടി ഓടിക്കുമ്പോള്‍ ആരോടും സംസാരിക്കുകയില്ല.റേസ് ഡ്രൈവര്‍ പോലെ വളരെ ഫാസ്റ്റ് ആയി ആണ് വണ്ടി ഓടിക്കുന്നതും.തോട്ടത്തിന്‍റെ വെളിയിലെ ബോര്‍ഡില്‍ "പരുമല തിരുമേനിയുടെ " പേരു കൊത്തിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു..

പെട്ടെന്ന് ഒരാള്‍ ഓടി വന്നു.ഓ നേപ്പാളി ആണ്. "ഷാലം ഷാബ് " ഓടിവന്ന് ഗേറ്റ് തുറന്നു ഞങ്ങളെ അകത്തേക്ക് കൊണ്ടുപോയി.വെളുത്ത മുന്തിരിയാണ്‌ കൂടുതല്‍.വാള്‍ നട്ടും പുളിയന്‍ നാരങ്ങയും ഓറഞ്ചും തുടങ്ങി എല്ലാം ഉണ്ട്.."കപ്പ ഇടാന്‍ നോക്കിയതാ..പക്ഷെ പറ്റിയില്ല ഇവിടുത്തെ തണുപ്പ് അതിന് താങ്ങാന്‍ പറ്റില്ല..വേറെ നാട്ടിലെ ഓമ ഇവിടുണ്ട്..(കപ്പളങ്ങ) സത്യം പറഞ്ഞാല്‍ കേരളം ദൈവത്തിന്‍റെ സ്വന്തം നാടെന്ന് പറയുവന്നവരെ തൂക്കികൊല്ലാന്‍ തോന്നുന്നു..

കാരണം ഞാന്‍ താമസിക്കുന്ന അയര്‍ലണ്ട് ,ഇപ്പോള്‍ കണ്ട ഹോളണ്ട് എല്ലാം എത്ര മനോഹരം..പ്രകൃതി ഭംഗി അല്ല എന്നെ ഇത്ര ആകര്‍ഷിച്ചത്..ഈ നാട് ഭംഗിയായി സൂക്ഷിക്കുന്ന ഇവരുടെ മനസ്സാണ് എന്നെ ആകര്‍ഷിച്ചത്..എന്‍റെ ഹണിമൂണ്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ മതിയെന്ന് വാശി പിടിച്ചു അവസാനം കുമരകം,കോവളം,ആലപ്പുഴ,മൂന്നാര്‍ എല്ലാം നടന്നു തലപെരുത്തു പോയി..ആലപ്പുഴയിലെ ജലത്തിന്റെ നാറ്റം,കൊതുക് ,വൃത്തികെട്ട റോഡുകള്‍ ...എല്ലാം ആകെ ദൈവത്തിന്‍റെ നാടിനെ നാണം കെടുത്താന്‍ പര്യാപ്തമാണ്..

ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന സൌന്ദര്യം എങ്ങനെ നശിപ്പിക്കാമെന്ന് സത്യം പറഞ്ഞാല്‍ കണ്ടു പഠിക്കാന്‍ എങ്ങും പോകേണ്ട..ഇങ്ങു വന്നാല്‍ മതി..കുമരകം കായലില്‍ ഹൌസ് ബോട്ടില്‍ കയറിയാല്‍ വെള്ളത്തിന്‍റെ അസഹ്യമായ നാറ്റം കാരണം വാള് വെച്ചുപോകും..

പക്ഷെ ദൈവം കനിഞ്ഞു നല്‍കിയിരിക്കുന്ന സൌഭാഗ്യം കാത്തുസൂക്ഷിക്കുന്നത് എങ്ങനെ എന്ന് യൂറോപ്പില്‍ വരുമ്പോള്‍ മനസ്സില്‍ ആകും..ഗള്‍ഫില്‍ ആയാലും കൃത്രിമമായി ചെടികള്‍ വച്ചുപിടിപ്പിച്ചു രാജ്യം സുന്ദരമാക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു..കൂടുതല്‍ പറയാതെ വീണ്ടും തോട്ടത്തിലേക്ക് വരാം.

ഇവിടെ അടുത്താണ് ചേച്ചിയുടെ അനിയത്തി താമസിക്കുന്നത്.അവിടേക്കാണ്‌ അടുത്ത യാത്ര ..അവരേം കൂട്ടിയാണ് ബാക്കിയുള്ള യാത്ര.ഉച്ചയൂണു തോട്ടത്തില്‍ തന്നെ..എന്നെ വെറുതെ തോട്ടം കാണിക്കാന്‍ കൊണ്ടു വന്നതാണ്‌ ..

ഇനി ചേച്ചിയുടെ സഹോദരീ വീട്ടിലേക്ക് യാത്ര..

Tuesday, November 4, 2008

11.ഹോളണ്ട് യാത്ര - 5

(ഇത്തവണ അല്പം തറ ആയതില്‍ ക്ഷമിക്കുക..നാലഞ്ച്‌ കൂട്ടുകാരുടെ നിര്‍ബന്ധം കൊണ്ടാണ് ഇങ്ങനെ എഴുതേണ്ടി വന്നത്)

ചായയുമായി ചേട്ടന്‍റെ ഭാര്യ വന്നു..ട്രെയില്‍ നിന്നും ഒരു കപ്പെടുത്തു ഞാന്‍ മോന്തി..ദോഷം പറയരുതല്ലോ.നല്ല ചായ.കാഴ്ചയില്‍ കള്ളിയങ്കാട്ടു നീലി ആണെങ്കിലും നല്ല കൈപുണ്യം.
"എന്‍റെ ഭാര്യയുടെ ചായ ഫെയ്മസ് ആണ്..കേട്ടോ..കുടിച്ചവര്‍ ഒരിക്കലും മറക്കില്ല "
ചേട്ടന്‍ ചേച്ചിയെ ഒന്നു സുഖിപ്പിക്കാന്‍ നോക്കി.പക്ഷെ അവരുടെ ഒരു നോട്ടം തന്നെ ചേട്ടന്‍റെ ജീവന്‍ കളയാന്‍ പര്യാപ്തമായിരുന്നു..ചേച്ചി വന്നെന്‍റെ അടുത്തിരുന്നു..
"കൊച്ചനോടെ വല്ലതും ചോദിക്കട്ടെ.ഇങ്ങേര്‍ വെറുതെ വള വളാന്ന് പറഞ്ഞു കൊണ്ടേയിരിക്കും "

"പിന്നെ ചേച്ചി നാട്ടില്‍ എവിടെയാ.."

ഞാനും പതിയെ ചോദ്യം ആരംഭിച്ചു..ഒരാളെ ബോറടിപ്പിച്ചു കൊള്ളാന്‍ പോസ്റ്റ് ഡിപ്ലോമ എടുത്ത ആളാണല്ലോ ഞാനും.എന്നെ നാട്ടില്‍ നിന്നും ഓടിക്കാന്‍ ഒരു പൌരസമതി വരെ ഉണ്ടാക്കിയിരുന്നു..എന്‍റെ വാചകം അടി കെട്ട് തലവേദന,ഡിപ്രഷന്‍,ആത്മഹത്യ ശ്രമം,ഭ്രാന്ത്‌ വരെ ആളുകളില്‍ ഉണ്ടായിരുന്നു..അവസാനം ഞാന്‍ നാട്ടില്‍നിന്നു പോന്നലെ ഇതിന് ഒരു അറുതി വരൂ എന്ന് മനസ്സില്‍ ആക്കി എന്നെ നാടുകടത്തും മുമ്പെ ഞാന്‍ ഇങ്ങു കടന്നു,.ഇന്നും ചിലര്‍ എന്‍റെ ഭാര്യയെ സഹതാപത്തോടെ നോക്കുക്കന്നത് കാണുമ്പൊള്‍ അവള്‍കൊന്നും മനസ്സില്‍ ആകാറില്ല എങ്കിലും ഈയുള്ളവന്‍ ഉള്ളാലെ ചിരിക്കാറുണ്ട്..

"ഞാന്‍ നാട്ടില്‍ പത്തനംതിട്ടയില്‍ ആണ്..കുമ്പഴ .അറിയാമോ.."

"പിന്നെ കുമ്പഴ സരസ് ഫേമസ് അല്ലെ..(ഷകീല പടങ്ങളും സില്‍ക്ക് പടങ്ങളും മാത്രം ഓടിയിരുന്ന തീയേറ്റര്‍) ആര്‍ക്കാ അറിയാന്‍ പാടില്ലാത്തത് "കുമ്പഴ എന്നാല്‍ സരസും തങ്കയുമല്ലേ.ഒന്നു തീയറി മറ്റേതു പ്രാക്ടിക്കല്‍ ..അറിയപ്പെടുന്ന ഒരു ഡ്രൈവിങ്ങ് സ്കൂള്‍ ആയിരുന്നു തങ്ക..അവരെ പറ്റി ഈ ബ്ലോഗില്‍ ഒന്നും പറയാനാവില്ല.കാരണം സഭ്യമായതോന്നും അവരെപറ്റി ഞാന്‍ കേട്ടിടത്തോളം ഒന്നും തന്നെ ഇല്ല ..

"ഞാന്‍ ഇവിടെവന്നിട്ടു ഒത്തിരി നാളായി.ഇവിടെ മൊത്തം പൂന്തോട്ടങ്ങള്‍ ആണല്ലോ ..അതിയാനും നാട്ടില്‍ പൂക്കൃഷി ആയിരുന്നല്ലോ ..ഇവിടെയും ആ ഫീല്‍ഡില്‍ ആയിരുന്നു പക്ഷെ ഇപ്പോള്‍ നടുവ് വയ്യ അതുകൊണ്ട കപ്പലണ്ടി കച്ചവടം..പിന്നെ ഇവിടെ അടുത്ത് എന്‍റെ അനുജത്തിയും ഭര്‍ത്താവും ഉണ്ട്..നാളെ നമ്മുക്ക് അവരേം കൂട്ടി കറങ്ങാന്‍ പോകാം."

ചേട്ടന്‍റെ പഴഞ്ജന്‍ വണ്ടിയില്‍ എങ്ങനെ പോകും എന്ന പേടിയുണ്ടായിരുന്നു.പക്ഷെ തലയാട്ടി..

"പിന്നെ മോന്‍റെ വീടെവിടാ "

"ചേച്ചി ഞാനും കൊന്നീക്കാരന്‍ ആണ് "

ചേച്ചിയുടെ മുഖം അല്പം വികസിച്ചു..

"ദേ മനുഷ്യ നിങ്ങള്‍ ഈ കൊച്ചന് മുറി കാട്ടി കൊടുക്ക്‌ .നാളെ രാവിലെ നമ്മുക്കു കറങ്ങാന്‍ പോകാം.. ങ്ങ പിന്നെ ഞാന്‍ ഇന്നത്തെ നൈറ്റ് ഒന്നു എക്സ്ചേഞ്ച് ചെയ്തു..അപ്പോള്‍ നാളെ ഞാനും നിങ്ങളുടെ കൂടെ വരാം."

മുറിയില്‍ സാധനങ്ങള്‍ വച്ചു താഴെ വന്നു വീണ്ടും ലോകകാര്യങ്ങള്‍ ഒക്കെയായി ഇരുന്നു..സംസാരത്തില്‍ നിന്നും ചേച്ചിയുടെ ലോകം എന്നാല്‍ കുമ്പഴയും ഹോള്ളണ്ടും മാത്രമാണെന്നു..ഡിന്നര്‍ വരെ ലാത്തിയടി മാത്രമെ ഉള്ളായിരുന്നു അപ്പോള്‍ അതുപറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല..ഡിന്നര്‍ കഴിക്കാന്‍ ടേബിളില്‍ ചെന്നപ്പോള്‍ എല്ലായിടത്തും പൂക്കള്‍ .

"ഇവിടെ ഞങ്ങള്‍ എല്ലാം പൂക്കള്‍ ഒത്തിരി ഇഷ്ടപെടുന്നവരാ "

ഓ ചേച്ചി ചോദിക്കുന്നതിനു മുമ്പെ പറഞ്ഞു.അല്ലെങ്കിലും ഇതു പൂക്കളുടെ നാടാണല്ലോ..ഹോള്ളണ്ട് ലോകത്തില്‍ ഏറ്റവും അധികം പൂക്കള്‍ കയറ്റുമതി ചെയ്യുന്ന രാജ്യം..

ഡിന്നര്‍ എന്നാല്‍ ഗ്രാന്‍ഡ്‌ ആയിരുന്നു.തുടക്കം ഒരു കട്ലെറ്റ്.പിന്നെ പന്നി സൂപ്പ്..പിന്നെ ബ്രെഡ് മൊരിച്ചത്..അല്പം ഫ്രൈഡ് റൈസ് .പിന്നെ ഫ്രൂട്ട് സലാഡ്.അല്പം ചോക്കലേറ്റും ഐസ് ക്രീമും.പിന്നെ നല്ല ഓസ്ടിയന്‍ വൈറ്റ് വൈനും..ഇതേ പോലെ ഒരു ഡിന്നര്‍ ഞാന്‍ എന്‍റെ ജീവിതത്തില്‍ ഞാന്‍ കഴിച്ചിട്ടില്ല ..
വീട്ടില്‍ ചേട്ടന്‍റെ വായില്‍ നാക്കുണ്ടോ എന്ന് തപ്പി നോക്കണം .ചേച്ചിയകട്ടെ കാണുന്നത് പോലെയല്ലേ നല്ല സംസാരപ്രിയയും..കാഴ്ചയില്‍ ഒരു യക്ഷി ആണെങ്കിലും പെരുമാറ്റത്തില്‍ മിടുക്കി ആണ്.

എനിക്ക് അല്പം ഗ്യാസ്ട്രബിള്‍ ഉള്ള ആളാണ്.ഒരു ശബ്ദം കേട്ടോ എന്നൊരു സംശയം..പിന്നെ പരിസരമലിനികരണം നടത്തതനിനാല്‍ കുഴപ്പം ഒന്നും ഉണ്ടായില്ല ..ഗ്യാസ്ട്രബിള്‍ ആളെ ചതിക്കാറുണ്ട്..അനാവശ്യ അവസരങ്ങളില്‍ നാദസ്വര കച്ചേരി നടത്തിയാല്‍ ആളുകള്‍ വെറുതെ വിടുമോ.പിന്നെയുമല്ല ഇതിന്‍റെ ടുണിനും സ്പീടിനും അനുസരിച്ച് പല ക്ലാസ്സിഫികേഷനും ഉണ്ട്..


ഭം ഭം പരിമള നാസ്തി

പീ പീ എന്നത് മാധ്യമം

കാശി പീശി മഹാ കഷ്ടം

നിശബ്ദം പ്രാണസങ്കടം!!!!

("അതായതു വലിയ ശബ്ദതോടെയുള്ളത് - പാള കീറുന്നതുപോലെയോ കൂര്‍ക്കം വലിക്കുന്നതുപോലെയോ ഉള്ളത് നാറാത്തതും നാദസ്വരം പോലെ പീ പീ എന്നടിക്കുന്നതു മീഡിയും ശല്യക്കാരനും-സഹിക്കാം - പറങ്കിയണ്ടി തീയില്‍ ഇടുമ്പോള്‍ ചീറ്റുന്നതുപോലെ ശാ ശൂ ശബ്ദക്കാരന്‍ താരതമ്യേനെ അസഹ്യവും എന്നാല്‍ ഒരു ശബ്ദവുമുണ്ടാക്കാത്തവര്‍ ജീവനെടുക്കാന്‍ ശേഷിയും ഉള്ളവരാണ്.")ഞാന്‍ ഇതില്‍ പീ പീ എന്ന ഗ്രൂപ്പില്‍ പെട്ട ആളാ..അപ്പോള്‍ ജന ദ്രോഹി അല്ല എന്ന് സാരം..

അപ്പോള്‍ ഹോള്ളണ്ട് നാളെ മുതല്‍ ശരിക്കും കണ്ടു തുടങ്ങാം ..

Sunday, November 2, 2008

10.ഹോളണ്ട് യാത്ര - 4

അവസാനം ഞാന്‍ എന്‍റെ മില്ല്യണയര്‍ ചങ്ങാതിയെ കണ്ടതു മുട്ടി..ഒരു നാലു ചക്രം ഉള്ള ഉന്തുവണ്ടിയില്‍ കപ്പലണ്ടി വില്‍ക്കുന്ന കറിയ ചേട്ടന്‍.
"ഗസൂട്ടെന്‍ പിണ്ടാസ്...ഗസൂട്ടെന്‍ പിണ്ടാസ്..."
ഉറക്കെ കൂവി നടന്നു വരുന്ന കറിയ ചേട്ടന്‍..എന്‍റെ ദൈവമേ ഇതാണോ എനിക്ക് എല്ലാ സഹായവും ചെയ്തു തരാമെന്നു പറഞ്ഞ കറിയ ചേട്ടന്‍.കപ്പലണ്ടി വില്പന ആണെങ്കിലും ടൈയും കൊട്ടും തന്നെ ആണ് വേഷം..കൊള്ളാം..മനുഷ്യന്‍റെ ഗതികേട്..ചേട്ടന്‍ ഓടി വന്നു കെട്ടിപിടിച്ചു.
"യാത്ര സുഖമായിരുന്നോ??." ചേട്ടന്‍ കുശലാന്വേഷണം ചോദിച്ചു.
"അതെ ചേട്ടാ..""എന്നാല്‍ നമുക്കു ഇന്നു കച്ചവടം ഒക്കെ മതി,..നമുക്കു വീട്ടില്‍ പോയി ആദ്യം വല്ലതും കഴിക്കാം,..ഇന്നു ഭാര്യക്ക്‌ നൈറ്റ് ഡ്യൂട്ടി ആണ്" ചേട്ടന്‍ മൊഴിഞ്ഞു.
ഞാന്‍ ആകെ അപ്സെറ്റ് ആയിരുന്നു..ചേട്ടന്‍ പാര്‍ക്കിങ്ങില്‍ പോയി കാറെടുത്ത് കൊണ്ടുവന്നു .1975 മോഡല്‍ ബ്യുക് കാര്‍ . ഇതിന് കാറെന്ന് പറയണോ അതോ പത്തേമാരി എന്ന് പറഞ്ഞാല്‍ മതിയോ എന്ന് സംശയം..എന്തായാലും പുള്ളി മുപ്പതു വര്‍ഷം മുമ്പെ വന്നപ്പോള്‍ വാങ്ങിയ കാര്‍ ആണെന്ന് തോന്നുന്നു..ഭാര്യയേം മാറിയില്ല കാറും മാറിയില്ല..
പോരുന്നതിനു മുമ്പെ ഭാര്യ ടി ടി എടുത്തിതുണ്ട്..അപ്പോള്‍ പേടിക്കേണ്ട, അടുത്ത് തന്നെയായിരുന്നു വീട്...ദോഷം പറയരുതല്ലോ നല്ല വീട്..ബെല്ലടിച്ചപ്പോള്‍ ചേട്ടന്‍റെ ഭാര്യ വന്നു വാതില്‍ തുറന്നു..അടുത്ത ഷോക്ക്പണ്ടൊരു മഹാകവി പാടിയ പാട്ടോര്‍മ്മ വന്നു...ആ കാവ്യം മുഴുവനായി എഴുതാം.. പുള്ളിയുടെ പെമ്പ്രനോത്തിയെ വര്‍ണിക്കാന്‍ ഏറ്റവും പറ്റിയതു അതുതന്നെ...

"പൂമുഖ വാതിക്കല്‍ പുച്ഛിച്ചു നില്ക്കുന്ന
പൂതന ആണ് എന്‍റെ ഭാര്യ
നല്ല മനുഷ്യരെ നാണം കെടുത്തുന്ന
താടക ആണെന്റെ ഭാര്യ ..
എത്ര ഒഴിച്ചാലും എണ്ണ കാണാത്തൊരു
പാട്ട വിളക്കാണ് ഭാര്യ..
കാഴ്ചയില്‍ കള്ളിയും നോട്ടത്തില്‍ മാക്രിയും
രൂപത്തില്‍ യെക്ഷിയും ഭാര്യ
എണ്ണിയാല്‍ തീരാത്ത കുറ്റങ്ങള്‍ ഉള്ളൊരു
കോങ്കണ്ണി ആണെന്ന്റെ ഭാര്യ..

അവരൊരു ചിരി ചിരിച്ചു ...മനുഷ്യര്‍ക്ക്‌ 32 പല്ലേ ഉള്ളു എന്നാരാ പറഞ്ഞതു..ഇതു 132 പല്ലുള്ള ഒരു സ്ത്രീ അല്ല ഒരു സത്വം..ചേട്ടന്‍ എങ്ങനാണോ ഇവരുടെ കൂടെ ജീവിക്കുന്നത്.
ഞാന്‍ മെല്ലെ അകത്തേക്ക് കയറി..വിശയാലമായ സ്വീകരണമുറി .ഞാന്‍ അവിടെ കിടന്ന സോഫയില്‍ ഇരുന്നപ്പോഴേക്കും അവര്‍ കുടിക്കാന്‍ ചായ എടുക്കാന്‍ അകത്തേക്ക് പോയി

Tuesday, October 28, 2008

9.ഹോളണ്ട് യാത്ര - 3

രാവിലെ തന്നെ എഴുന്നേറ്റു..കൂടുതല്‍ സമയം പാഴാക്കാതെ ദീമാനില്‍ പോകണം.ചങ്ങാതിയെ കണ്ടു അങ്ങോട്ടേക്ക് താമസം മാറ്റണം..ആകെ ത്രില്ലില്‍ ആയിരുന്നു.കാരണം സമ്പന്നനായ ഒരു ചങ്ങാതി ഉള്ളതിനാല്‍ ഇനിയുള്ള യാത്രകള്‍ ബുദ്ധിമുട്ടില്ലാതെ കഴിക്കാം .

ടോയിലെറ്റില്‍ കയറിയപ്പോള്‍ ഗീസര്‍ പ്രവര്‍ത്തിക്കുന്നില്ല. അപ്പിയിട്ടിട്ടു അല്പം വെള്ളം ഒഴിച്ചപ്പോള്‍ കണ്ണില്ലൂടെ പൊന്നീച്ച പറന്നു.അല്‍പ സമയത്തേക്ക് അവിടെ അങ്ങിനെ ഒരു അയവം ഉണ്ടെന്നു പോലും മറന്നു പോയി..അമ്മേ..ചുമ്മാതല്ല സായിപ്പന്മാര്‍ അപ്പിയിട്ടിട്ടു പേപ്പര്‍ തൂത്ത് ഡിക്കി വൃത്തി അക്കുക്കന്നത് ..അയ്യോ ..അല്ലെങ്കില്‍ തണുപ്പത്ത് ഇതൊരു വല്ലാത്ത മാരണം തന്നെ ..അപ്പോള്‍ അരസസ് ഉണ്ടെകില്‍ ദൈവമേ ഈ ലോകം തന്നെ പരലോകം ആവും ..

ഒരു കാക്കക്കുളി തന്നെ നടത്തി വേഗം ഡ്രസ്സ് ചെയ്തു പുറത്തേക്ക് ചെന്നു ..റിസപ്ഷനില്‍ ചെന്നു റൂം ക്യാന്‍സല്‍ ചെയ്തു വേഗം ബസ്സ് സ്റ്റേഷനില്‍ എത്തി..ഒരു വണ്ടി വന്നു..ഓ ഏതായാലും നല്ല ബസു തന്നെ ..നമ്മുടെ നാട്ടിലെ ആന വണ്ടിയില്‍ ആയിരുന്നല്ലോ ഒരു കാലത്തേ യാത്ര . അത് കൊണ്ടു തന്നെ ഏത് വണ്ടിയില്‍ കയറാനും പേടിക്കേണ്ട..കാരണം അതിലും ഭീകരമായ യാത്ര വേറെയില്ല..ദൈവത്തിന്റെ നാടായാലും നരകത്തിലെ യാത്ര തന്നെ..ഒപ്പം ദൈവരാജ്യത്തിലെ വഴിയോ..ഓര്‍ക്കുമ്പോള്‍ ചങ്കിടിക്കും..

ഒരു ടിക്കറ്റ് എടുത്തു .."ഈന്‍ കര്‍ജെ" എന്നാ ഒരു ടിക്കെട്ടിനു പറയുന്നതു .ഒരു സീറ്റില്‍ ഇരുന്നു പതിയെ ഉറങ്ങാന്‍ ശ്രമിച്ചു ..കാരണം ഇന്നലെ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല ..അടുത്ത സീറ്റില്‍ ഒരു കിഴവി വന്നിരുന്നു ..ഓ മുടിഞ്ഞ നാറ്റം..കഴിഞ്ഞ ക്രിസ്മസ്സിനാണ് കുളിച്ചതെന്നു തോന്നുന്നു..പൂക്കളുടെ നാടല്ലെ ..പക്ഷെ ഇതേതോ നാറിയ പൂവിന്റെ വാടയാണ്.. ഒന്നു ചിരിച്ചു ..ഗോടെ ഒഷന്റ്റ്..ദൈവമേ എന്റെ മുഖം കണ്ടിട്ട് ചീത്ത വിളിച്ചതാണോ ..വീണ്ടും കിളവി ഒന്നുകൂടെ ആവര്‍ത്തിച്ചു..ഓ ഇതു ഗുഡ് മോര്‍ണിംഗ് എന്നാണെന്ന് തോന്നുന്നു..ഞാനും തിരിച്ചു പറഞ്ഞു ഗോടെ ഒഷന്റെ..മലയാളം നേരെ ചൊവ്വേ പറയണോ എഴുതണോ അറിയാത്ത ഞാന്‍ ഇപ്പോള്‍ എന്തൊക്കെയാണോ പറയുന്നതു ..

ദൈവത്തിന്റെ ഓരോ കളിയെ..അവര്‍ പതിയെ ഓരോന്ന് പറഞ്ഞു തുടങ്ങി...ഏതാണ്ടൊക്കെ പിടികിട്ടി ..ഒടുവില്‍ ഒരു കവര്‍ തുറന്നു എന്തോ എടുക്കുന്നത് കണ്ടു..ഓ കപ്പലണ്ടി...ഉപ്പ് പുരട്ടിയ കപ്പലണ്ടി.. നല്ലത് ..സമയം കളയാന്‍ നല്ലത് തന്നെ..തള്ളെ എനിക്കും നാലഞ്ച്‌ കപ്പലണ്ടി തന്നു..അതും ചവച്ചു ഞാന്‍ എന്റെ ഫ്രണ്ടിന്റെ കാര്യം ആലോചിക്കുകയായിരുന്നു ..എന്താ ഇനി അയാളെ കാണുമ്പൊള്‍ കൊടുക്കുക.വലിയ ആളല്ലേ .ഒടുവില്‍ ഒരു വാച്ച് വാങ്ങി കൊടുക്കാം എന്ന് കരുതി ..കാരണം വെറും കൈയോടെ അങ്ങാരുടെ വീട്ടില്‍ കഴിയാനും കൂടെ കറങ്ങാനും അല്പം വിഷമം,.

ഒന്നും അല്ലെങ്കില്‍ ഞാനും ഒരു രാജാ കുടുംബത്തിലെ അവസാന കണ്ണിയല്ലേ.ദാനം കൊടുത്തു ശീലം മാത്രമെ ഉള്ളൂ.അവസാനം ദാനം കൊടുത്തു കൊടുത്തു രാജ്യവും പോയി ..പേരു വഴിയില്‍ ആയി..എന്നാലും നമ്മുടെ രജപുത്ര സ്വഭാവം മാറ്റാന്‍ കഴിയുമോ..അവസാനം വണ്ടി ദീമാനില്‍ എത്തി..അത്ര വലുതെന്നു പറയാന്‍ ഒക്കില്ല..ഒരു ഇടത്തരം ബസ്സ് സ്റേഷന്‍ ...തള്ളയോട് ടാറ്റാ പറഞ്ഞു ..തള്ള കെട്ടിപിടിച്ചു എന്തോ പറഞ്ഞു..കര്‍ത്താവെ കെട്ടിപിടിക്കാന്‍ പറ്റിയ സാധനം ..എന്തോ പറയുന്നതു കെട്ട്..ഒന്നും മനസ്സില്‍ ആയില്ല..കിഴവിയെ വിട്ടു അടുത്ത് കണ്ട ഷോപ്പിങ്ങ് മാളില്‍ കയറി..

ഒരു വാച്ചും വാങ്ങി ..150 യുറോ കൊടുത്തു..ഒരു പെപ്സിയും വാങ്ങി നേരെ അടുത്ത് കണ്ട ഒരാളോടു ചങ്ങാതിയുടെ മേല്‍വിലാസം കാട്ടി..അങ്ങാര്‍ എന്തൊക്കെയോ പറയുന്നതു കേട്ടു..അവസാനം അയാള്‍ കൈ ചൂണ്ടിയ ലക്ഷ്യം നോക്കി നടന്നു

Tuesday, October 14, 2008

8.ഹോളണ്ട് യാത്ര - 2

വിമാനം ആംസ്റ്റാര്‍ഡാം എയര്‍പോര്‍ട്ടില്‍ ഇറങ്ങി ..
വേഗം തന്നെ കസ്റ്റെംസ് ക്ലിയറന്‍സ് കഴിഞ്ഞു വെളിയില്‍ ഇറങ്ങി ..ഷെങ്കന്‍ രാജ്യം ആണെങ്കിലും ടൂറിസ്റ്റ് കളെ സ്വാഗതം ചെയ്യന്ന രാജ്യം ആണല്ലോ ഹോള്ളണ്ട്.ദൈവമേ എത്ര നാളായുള്ള ആഗ്രഹമായിരുന്നു ഈ നാട്ടില്‍ ഒന്നു വരാന്‍.. ഞാന്‍ ഇപ്പോള്‍ ആംസ്റ്റാര്‍ഡാം ശിഫോള്‍ എയര്‍പോട്ടില്‍ ആണെന്ന് ചിന്തിക്കുമ്പോള്‍ തന്നെ ഒരു സുഖം..

ഞാന്‍ ഹോളണ്ടില്‍ ഇറങ്ങുന്നതിനു മുമ്പെ ഒരു വന്‍ വ്യവസായിയെ പരിചയപ്പെട്ടതിലുള്ള സന്തോഷത്തില്‍ ആയിരുന്നു.കാരണം ഭാര്യയുടെ ബന്ധു അല്പം ജാടയുള്ള ആളാണ്.അവിടെ താമസിക്കുന്നതില്‍ നല്ലത് ഈ സുഹൃത്തിന്‍റെ കൂടെ കൂടുതന്നതാണ് ..ആദ്യം ഹോട്ടല്‍ പോകണം .ഷെങ്കന്‍ വിസയ്ക്ക് വേണ്ടി ആദ്യം തന്നെ ഹോട്ടല്‍ ബൂകിംഗ് നടത്തിയിരുന്നു..അവിടെ ചെന്നിട്ടു ആദ്യം തന്നെ ക്യന്‍സേല്‍ ചെയ്യണം.. അല്ലെങ്കില്‍ മുഴുവന്‍ പണം ചിലപ്പോള്‍ ആ തെണ്ടികള്‍ എടുക്കും ..

കൊച്ചാപ്പി ചേട്ടനോട് കാണാം എന്ന് പറഞ്ഞു ഞാന്‍ ഒരു ടാക്സി പിടിച്ചു നേരെ ഹോട്ടലില്‍ പോകാന്‍ ആവശ്യപ്പെട്ടു. പക്ഷേ ഡ്രൈവര്‍ക്ക് ഡച്ച്‌ മാത്രമെ അറിയൂ ..ഹോട്ടലിന്റെ പേരു കാണിച്ചപ്പോള്‍ പതിയെ പുള്ളിക്കാരന്‍ വണ്ടി വിട്ടു..എ സി എച്ച് ട്രയണന്‍ എന്നാ ഹോട്ടലിന്റെ പേരു ..പത്തു മിനിറ്റില്‍ തന്നെ ഹോട്ടലില്‍ എത്തി .ഇരുപതു യുറോ വാങ്ങി ടാക്സി കാരന്‍ പോയി..അയാള്‍ കൂടുതല്‍ വാങ്ങിയോ അതോ ഇതാണോ യഥാര്‍ത്ഥ കൂലി ..ആ ആര്‍ക്കറിയാം ...

ഹോട്ടലില്‍ കയറി ..ചുറ്റും നോക്കി..ഓ ഒരു തലേക്കെട്ടുകാരന്‍ പഞ്ചാബി ആണ് റിസപ്ഷനില്‍ ..പുള്ളിയോട് ഞാന്‍ ഒരുദിവസം മാത്രമെ ഉള്ളു എന്നും പിന്നീട് ഒഴിയും എന്നും പറഞ്ഞു..
ആദ്യം തന്നെ ഭാര്യയുടെ അമ്മവിക്ക് ഫോണ്‍ ചെയ്തു .ഞാന്‍ വന്ന വിവരം അറിഞ്ഞപ്പോള്‍ തന്നെ അവര്‍ക്ക് സന്തോഷം ആയി.. പക്ഷെ നാളെയെ അങ്ങോട്ട് വരൂ ഇന്നു ഹോട്ടലില്‍ ബൂകിംഗ് ഉണ്ടെന്നും പറഞ്ഞു. ഇനി ഭാര്യയെ വിളിക്കണം ..

പിന്നീട് കൊച്ചാപ്പി ചേട്ടനെ ( വിമാനത്തില്‍ വച്ചു പരിചയപെട്ട) വിളിച്ചു നാളെ അങ്ങോട്ട് വരും എന്നറിയിച്ചു..പുള്ളി തന്‍റെ കടയുടെ ലോക്കഷന്‍ അറിയിച്ചു../
കുളിയെല്ലാം കഴിഞ്ഞു നേരെ വെളിയില്‍ ഇറങ്ങി ..കൈയില്‍ കഴിക്കാന്‍ ഒന്നും ഇല്ലായിരുന്നു അപ്പോള്‍ വല്ലതും വാങ്ങേണം ...ഒരു കുപ്പി പഴ ചാറും വാങ്ങി നേരെ തിരിച്ചു ഹോട്ടലില്‍ കയറി..ചെറിയ മഴയുണ്ട്.വെറുതെ നനഞ്ഞു പനി പിടിക്കേണ്ട .നാളെ കൊച്ചാപ്പി ചേട്ടനെ കാണാന്‍ പോകണം പുള്ളി താമസ്സിക്കുന്നത്‌ ഡീമാനില്‍ ആണ്..ബസ്സില്‍ പോയാല്‍ മതി. ..

നേരത്തെ തന്നെ ഉറങ്ങണം ...

Thursday, September 25, 2008

7. ഹോളണ്ട് യാത്ര - 1

രാവിലെ തന്നെ എഴുന്നേറ്റു. പ്രഭാത കര്‍മ്മങ്ങള്‍ എല്ലാം തന്നെ തീര്‍ത്തു.നമ്മുടെ ഫാമിലി ഫ്രണ്ട് ഒരു ഔദ്യോഗിക ആവശ്യത്തിനു ഷിക്കാഗോയില്‍ പോയിരിക്കുകയാണ്.. എയര്‍പോര്‍ട്ട് വരെ എന്‍റെ
ഭാര്യയും വരുന്നുണ്ട്..ആംസ്റ്റാര്‍ഡാമില്‍ എന്‍റെ ഭാര്യയുടെ ആന്‍റി താമസമുണ്ട്..കുറെ ദിവസം അവിടെ കൂടാം..പിന്നെ നമ്മുടെ ഫാമിലി ഫ്രണ്ടിന്റെ ബന്ധുക്കള്‍ അവിടെ എന്നെ ചുറ്റാന്‍ കൊണ്ടുപോകാം എന്ന് സമ്മതിച്ചിട്ടുണ്ട്..

പൊതുവെ മറ്റു യുറോപ്യന്‍ രാജ്യങ്ങളെ പോലെ മലയാളികള്‍ അധികം ഉള്ള സ്ഥലം അല്ല ഹോളണ്ട്. അതുകൊണ്ട് തന്നെ മലയാളി കടകളോ മറ്റോ കണ്ടെത്താനും ഒരു ഭഗീരഥ പ്രയത്നം നടത്തേണ്ടി വരും.രാവിലെ കൊണ്ടുപോകാനുള്ള ബാഗ് തയ്യാറാക്കി ..


എയര്‍ ലിങ്കസില്‍ ആണ് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നത് ..ബട്ജറ്റ് എയര്‍വേസ്‌ ആയതിനാല്‍ കൂടുതല്‍ ലഗേജ് കൊണ്ടു പോകാനാവില്ല ..തന്നുയുംമല്ല അതിനുള്ളില്‍ കഴിക്കുന്നതിനു കാശും കൊടുക്കണം ..സാധാരണ ഞാന്‍ യാത്രയ്ക്ക് പോകുന്നതിനു മുമ്പായി അരിയുണ്ട ,എള്ളുണ്ട .അവലേസുണ്ട തുടങ്ങിയ ഉണ്ടകളും ചക്ക ,കപ്പ,വാഴക്ക ഉപ്പേരികളും എടുക്കാറുണ്ട് ..ഇപ്പോള്‍ ഒന്നും ഇല്ല..
ആ വരുന്ന വഴിക്ക് വരട്ടെ ..ഗതി കെട്ടാല്‍ പുലി പുല്ലല്ല കുപ്പിച്ചില്ലും തിന്നും ..പിന്നെ മലയാളി എന്തും തിന്നാന്‍ ഉള്ള ധൈര്യവും ഉണ്ട് ..

അങ്ങനെ എയര്‍പോര്‍ട്ടില്‍ ചെക്കിന്‍ ചെയ്തു ഉള്ളില്‍ എത്തി ..ചെറിയ ഒരു വിമാനം ..എയര്‍ ബസ് കമ്പനിയുടെ അധികം വലിപ്പം ഇല്ലാത്ത ഒരെണ്ണം ..ചുറ്റും ഒന്നു കണ്ണോടിച്ചു ...മുപ്പതു പേരോളം മാത്രമെ അതിലുള്ളൂ..ഒരു മലയാളി മുഖം കണ്ടെന്നു തോന്നി ...വിണ്ടും ഒന്നും ഉറപ്പു വരുത്തി ഒരു ചെറിയ ചിരി ചുണ്ടില്‍ ഫിറ്റ് ചെയ്തു .പുള്ളിയും ഒന്നു ചിരിച്ചു .."എങ്ങോട്ടാ " ഞാന്‍ പതിയെ ഒരു കുശലം ചോദിച്ചു.....അയാള്‍ പതിയെ ഒന്നു ചുറ്റും നോക്കി എന്‍റെ അടുത്ത് വന്നു..അടുത്തിരുന്നു .."ഞാന്‍ കുഞ്ഞാപ്പി..ഹോളണ്ടില്‍ ആണ്..ഇവിടെ എന്‍റെ മോനും മരുമോളും ഉണ്ട് അവരെ കാണാന്‍ വന്നതാ. മരുമോള്‍ ഇവിടെ നേഴ്സ് ആണ്.." അവരുടെ ഫോട്ടോ കാണിച്ചു ..എന്‍റെ ദൈവമേ ഇതു ഷാജി അല്ലെ.. അന്ന് മീന്‍ പിടിക്കാന്‍ പോയപ്പോള്‍ പരിചയപെട്ട പുള്ളി.." ചേട്ടാ മരുമോനെ പെരെന്നതാന്ന പറഞ്ഞതു ..ഷാജി ആണോ.."അങ്ങനെ ഒരു ചെറിയ പരിചയം ആയി..പുള്ളി സന്തോഷം ആയി.. ങ്ങ അതെ അവന് നല്ല ജോലിയൊന്നും ആയില്ല .ഹോളണ്ടില്‍ വരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല..മോന് വല്ല സഹായവും ചെയ്യാന്‍ പറ്റിയാല്‍ അവനെ എവിടെയെങ്കിലും ഒന്നു ആക്കാന്‍ നോക്ക്.."

അങ്ങനെ പുള്ളിക്കാരന്‍ തന്‍റെ കാര്‍ഡും തന്നു ...ഒപ്പം ഹോളണ്ടില്‍ എന്താവശ്യം ഉണ്ടായാലും സഹായിക്കാമെന്ന വാഗ്ദാനവും...( ദൈവമേ മീന്‍ പിടിക്കാന്‍ പോയാലുള്ള ഗുണമേ ..) ലാണ്ടിംഗ് ചെയ്യാന്‍ അറിയിപ്പുണ്ടായി..വിമാനം ഉയര്‍ന്നു.. വിമാനം ആംസ്റ്റാര്‍ഡാം ലക്ഷ്യമാക്കി പറന്നു...നേരിയ ഒരു മയക്കം കണ്ണുകളെ തഴുകിയപ്പോഴേക്കും വിമാനം ഇറങ്ങാന്‍ പോകുന്നതിന്‍റെ അറിയിപ്പ് കേട്ടു...


നെഞ്ചില്‍ ചെറിയ വെപ്രാളം ..അറിയാത്ത നാട്...മനുഷ്യര്‍ ..ഭാഷ.. പിന്നെ ലോകത്തില്‍ എവിടെ ചെന്നാലും ആംഗ്യ ഭാഷ ഒന്നല്ലേ....ആട്ടെ കൂടുതല്‍ വിശേഷങ്ങള്‍ അടുത്തതില്‍.............