Showing posts with label നാടകം. Show all posts
Showing posts with label നാടകം. Show all posts

Friday, January 23, 2009

48.സ്വന്തം സ്കൂള്‍ ആയതുകൊണ്ട് എറുകിട്ടിയില്ല...

അടുത്ത സമയത്ത് തോന്ന്യാശ്രമത്തില്‍ നാടകത്തിനായി ഒരു പോസ്റ്റ് എഴുതിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി നാടകമെഴുതിയത് ഓര്‍മ്മവന്നത്‌. ഒരു മുഴുവന്‍ നാടകം ഒരിക്കലെ എഴുതിയിട്ടുള്ളൂ..ഇനി എഴുതാന്‍ ധൈര്യവും പോരാ.

ഞാന്‍ സ്കൂളില്‍ പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു അത്. പൊതുവെ സബ്ജില്ല,ജില്ലാ,കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ സ്കൂളില്‍ നിന്നും നാടകം തെരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ സ്കൂളില്‍ നിന്നുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് മലയാളം അധ്യാപകരും വേറെ കലാപരമായ കഴിവുള്ളവരുമായ അദ്ധ്യാപകരുടെ ജഡ്ജ്സ് പാനലായിരുന്നു.

പക്ഷെ ആവര്‍ഷം നാടകം നടക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സില്‍നിന്നു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നാടകം എവിടെനിന്നു സംഘടിപ്പിക്കും എന്നകാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായില്ല. എന്നാല്‍ ഞങ്ങളുടെ പ്രതിയോഗികളുടെ ക്ലാസ് ടീച്ചര്‍ മലയാളം അധ്യാപകനും നാടകം വിലയിരുത്തുന്ന ജഡ്ജ്സ് ഗ്രൂപ്പിലെ തലവനും ആയതിനാല്‍ അവര്‍ക്കത്ര പേടിയുണ്ടായിരുന്നില്ല.

അതേപോലെ നാടകം അവതരിപ്പിക്കുന്നതിനു മുമ്പെ എഴുതിയ നാടകം അവതരിപ്പിക്കാന്‍ കൊള്ളാമോ അശ്ലീലമായ വല്ലതുമുണ്ടോ എന്നത് പരിശോധിപ്പിച്ചിട്ടെ അവതരണാനുമതി ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ നാടകം എഴുതാന്‍ ആളില്ലാഞ്ഞതും ആ വര്‍ഷം കഥാരചനയ്ക്ക് എനിക്ക് ഒന്നാം സമ്മാനം കിട്ടിയതും കൊണ്ടു നാടകം എഴുതുന്ന ചുമതല എനിക്ക് കിട്ടി.

പക്ഷെ എന്‍റെ ഒരതിമോഹം അപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു. ഈ നാടകത്തില്‍ എനിക്കും അഭിനയിക്കണം.നാടകത്തില്‍ അഭിനയിച്ചു സ്റ്റാര്‍ ആവുന്നതല്ല ജയിച്ചാല്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ലക്ഷ്യം. ഇതുകൊണ്ടു ഭാവിയില്‍ എന്തോ നേടാമെന്ന ഒരു മണ്ടന്‍ ചിന്താഗതി.. അങ്ങനെ നേടിയ ഒരു കെട്ട് ആക്രിക്കാര്‍ പോലും വാങ്ങാതെ സ്ഥലം മെനക്കെടുത്താന്‍ വീട്ടിലിരിപ്പുണ്ട്‌.

പക്ഷെ പണ്ടൊരു രാത്രിയില്‍ മൂന്നരകിലോ ഭാരവുമായി ഗോവയിലെ പനാജി മിലിട്ടറി ഹോസ്പിറ്റലില്‍ ജനിച്ച എന്‍റെ കൂടെ എന്‍റെ സഭാകമ്പം എന്ന വലിയ ഒരു പ്രശ്നവും വിടാതെ പിന്തുടരുകയ‌ും എന്‍റെ കൂടെ വളര്‍ന്നു വലുതാവുകയും ചെയ്തിരുന്നു. ഡയസ്/വിറതാങ്ങിയുള്ള എഴുതിയ പ്രസംഗം വായിക്കാം എന്നുല്ലതുമാത്രമാണ് സ്റ്റേജില്‍ എനിക്ക് പറ്റുന്ന ഏകപണി. കാരണം കൈ കാല്‍ മുട്ടിന്‍റെ വിറയല്‍ ആരും അറിയാതെ ഡയസ് താങ്ങിക്കൊള്ളും.

പക്ഷെ സര്‍ട്ടിഫിക്കെറ്റ് എന്ന സംഭവം ഇങ്ങനെ ഒരു വലിയ ഒരു വിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചു എന്നതാണ് സത്യം.
ആദ്യത്തെ കടമ്പ നാടകം എഴുതുക എന്നതായിരുന്നു.
മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഗായത്രിയെന്ന നാടകം ഞാന്‍ എഴുതിയുണ്ടാക്കി. ക്രൂരനായ നാടുവാഴി ഒരു പാവം ശില്പിയുടെ ഭാര്യയെ തട്ടികൊണ്ടുപോയി തന്‍റെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ഒടുവില്‍ പലതരത്തിലുള്ള നാടുവാഴിയുടെ ക്രൂരത സഹിക്കാനാവാതെ പാവങ്ങള്‍ സംഘടിക്കുകയും നാടുവാഴിയെ വധിക്കുകയും ചെയ്യുന്നതാണ് നാടകം. ഒരു ചെറിയ സോഷ്യലിസ ചുവയുള്ള പുരോഗമനവാദിയായ നാടകം.

നാടകത്തില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങള്‍ അഥവാ ജീവിതത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നവര്‍. അഥവാ പൊളിഞ്ഞാലും അവസാന വര്‍ഷം ആയതിനാല്‍ പിന്നെയാരെയും കാണേണ്ട എന്നൊരു ധൈര്യം ഉണ്ട്.
ആദ്യം നാടകത്തിനു അവതരണാനുമതി വേണം.നാടകവുമായി മലയാളം അധ്യാപകനെ കണ്ടു.

"നാട്ടിലെ സമ്പത്ത് മാത്രമല്ല സുന്ദരികളായ സ്ത്രീകളും നാടുവാഴികള്‍ക്ക് അവകാശമുള്ളത് തന്നെ.. ഞാന്‍ കഴിച്ചതിന്‍റെ ബാക്കി നീയൊക്കെ കഴിച്ചാല്‍ മതിയെടാ എഭ്യന്മാരെ.. പാരിജാത പുഷ്പം പോലെ സുന്ദരിയായ ആ മദാലസയെ വിട്ടുതരാന്‍ ദൈവം പറഞ്ഞാലും സാധിക്കില്ല.. "

തുടങ്ങിയ ഡയലോഗുകള്‍ ആഭാസമെന്ന പേരില്‍ അദ്ധ്യാപകന്‍ എഡിറ്റ് ചെയ്തു..
ഒപ്പം ..

" കൊള്ളമെല്ലോടാ.. കണ്ടാല്‍ പറയില്ലല്ലോ ഇത്തരം തോന്നിയവാസങ്ങള്‍ ഒക്കെ എഴുതുമെന്ന്.."

അങ്ങനെ എഡിറ്റ് ചെയ്ത് ഷണ്ഡന്‍ ആക്കിയ നാടകവും ആയി ഞങ്ങള്‍ അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറി.
സ്റ്റേജില്‍ ശില്പി,കര്‍ഷകന്‍,പാറമടതൊഴിലാളി,തുടങ്ങി അഞ്ചാറു തൊഴിലാളികള്‍ ജോലിചെയ്യുന്നു.

ഇവിടേക്ക്‌ വരുന്ന നാടുവാഴിയോട് ശില്പിയുടെ ഭാര്യ ഗായത്രി എവിടെ എന്ന് ചോദിക്കുന്നതോടാണ് തുടക്കം. നാടുവാഴിയോടൊപ്പം കാര്യസ്ഥനും ഭടനും ഉണ്ട്..ചോദ്യത്തിനിടയില്‍ നാടുവാഴി പറയണ്ട ഡയലോഗുകള്‍ ആണ് അദ്ധ്യാപകന്‍ മുറിച്ചുകളഞ്ഞത്‌.
തൊഴിലാളികളുടെ ചില ചോദ്യങ്ങള്‍ ഇവയാണ്. (മുഴുവന്‍ ഓര്‍മയില്ല.. ഓര്‍മയുള്ളത് ചിലത് എഴുതുന്നു.)

"നാട്ടിലാകെ ശവപ്പറമ്പുകള്‍ തീര്‍ത്ത്‌ അസ്ഥിമാടങ്ങളില്‍ നിന്നുയരുന്ന പ്രേതങ്ങള്‍ കുടികൊള്ളുന്ന കൊട്ടാര രാജാവേ പറയൂ ഭരതന്‍റെ ഗായത്രി എവിടെ..?"

"കല്ല് കരട് കാഞ്ഞിരക്കുരുവും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും കുടികൊള്ളുന്ന കാട്ടിലും മേട്ടിലും പകലന്തിയോളം പണിയെടുത്തു ജീവിച്ചു നിങ്ങള്‍ക്ക് മദിക്കാന്‍ വകയുണ്ടാക്കുന്ന പാവങ്ങളുടെ പെണ്ണിനേയും തട്ടിയെടുത്തുവേണോ നിങ്ങള്‍ക്ക് സുഖിക്കാന്‍.?"

ഞാന്‍ വായിച്ച പല നാടകങ്ങളിലെയും നോവലുകളിലെയും വരികളൊക്കെ ഇതില്‍ അന്നുപയോഗിച്ചു.. അല്ലാതെ ഒരു നാടകവും മുഴുവന്‍ കഴിച്ചിട്ട് നാടകമായി വിളമ്പിയില്ല.

പക്ഷെ നാടകമെഴുതിയതിന്‍റെ പേരില്‍ നാടുവാഴിയുടെ വേഷമെടുത്ത എന്നെ കണ്ടാല്‍ ഇവന്‍ ഗായത്രിയെ തട്ടിക്കൊണ്ടു പോകുമോ അഥവാ പോയാല്‍ എന്തിന്? മരുന്നെടുത്ത് കിട്ടാന്‍ ആണോ? എന്നോ തോന്നുന്ന കോലമായിരുന്നു എന്‍റെ. അസ്ഥിപന്ജരമായ എന്‍റെ കോലം കണ്ടാല്‍ തൊഴിലാളികള്‍ ചെയ്യുന്നത് ക്രൂരത ആണെന്ന് പോലും തോന്നിക്കും.

എന്നാല്‍ നാടകം സിമ്പോളിക്ക് ആണെന്നും റിയലിസ്റ്റിക് അല്ലാതെ അബ്സ്ട്രാക്റ്റ് ആയി കാണിച്ചാലും ജഡ്ജസ്നു മനസ്സിലാവും എന്നോക്കെപറഞ്ഞു എല്ലാവരെയും ഒതുക്കി എന്നതാണ് സത്യം.
അങ്ങനെ ഞാന്‍ സ്റ്റേജില്‍ കയറി.കൂടെ കാര്യസ്ഥനും ഭടനും. ഞാന്‍ ചുറ്റും നോക്കി. ഒരു പത്തുനാലായിരം കണ്ണുകള്‍ എന്നിലാണെന്നു തിരിച്ചറിഞ്ഞ ഞാന്‍ ചെറുതായി വിറയ്ക്കാന്‍ ആരഭിച്ചു.. കാര്യസ്ഥന്‍ ആവട്ടെ കരയണോ ചിരിക്കണോ എന്നവസ്ഥയിലും.. ഭടനും ഭടന്‍റെ കൈയിലിരുന്ന കുന്തവും കണ്ടാല്‍ രണ്ടിനും തുള്ളല്‍ പനിയാണോ അഥവാ ആണെങ്കില്‍ ആര്‍ക്കു കൂടുതല്‍ എന്നൊരു സംശയമേ തോന്നൂ.

ആരും ഡയലോഗുകള്‍ പറയാത്തതുകൊണ്ട് സ്റ്റെജിന്‍റെ പുറകില്‍ പ്രോംപ്റ്റ് ചെയുന്നവന്‍ അലറി പറയുകയും പറയുന്ന ഡയലോഗുകള്‍ എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു. (പ്രോംപ്റ്റ് ചെയ്യുന്നവന്‍റെ റോളിനുവേണ്ടി അടിപിടിയായിരുന്നു. കാരണം ആരെയും കാണാതെ ഡയലോഗ് പറഞ്ഞാല്‍ മതി. സര്‍ട്ടിഫിക്കെറ്റ്‌ കിട്ടുകയും ചെയ്യും ദീപക് ആന്‍റ് ഗ്രൂപ്പില്‍ അയാളും ഉണ്ടല്ലോ.)

പക്ഷെ അവന് പണി കൊടുക്കാനായി നാടകം തീരുമ്പോള്‍
"തൊഴിലാളികളെ എന്നും അടിമകളായി വയ്ക്കുവാന്‍ ഒക്കില്ല.. അവര്‍ പ്രതികരിക്കുന്ന ദിവസം കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴും" എന്നൊരു ഡയലോഗ് സ്റ്റേജില്‍ കയറി പറയണം. ഒരു അവധൂതന്‍ പോലെ. ഓസിനു സര്‍ട്ടിഫികെറ്റ് കിട്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കിയ ഒരു മുട്ടന്‍ പാര.

പക്ഷെ ഞാന്‍ സ്റ്റേജില്‍ കയറി ചുറ്റും നോക്കി. ഡയലോഗ് എല്ലാം മറന്നു. ആദ്യ ഡയലോഗ് ഇതായിരുന്നു.

"വരൂ കാര്യസ്ഥാ... പോകാം.."

പെട്ടെന്ന് സ്ഥലം കാലിയാക്കുള്ള കുറുക്കുവഴി..
കേള്‍ക്കാത്ത താമസം കാര്യസ്ഥന്‍ സ്ഥലം കാലിയാക്കി.. ഞാനും പോവാണേ എന്നും പറഞ്ഞുകൊണ്ട് ഭടനും ഓടി..
പക്ഷെ ആര്‍ക്കും ഒരു ഡയലോഗും പറയാന്‍ ഒത്തില്ല..
അവസാനം നാടുവാഴിയെ കൊല്ലുന്ന ചടങ്ങുമാത്രം തൊഴിലാളികള്‍ ചെയ്തു.. എന്‍റെ "അലര്‍ച്ച" വളരെ നല്ലതായിരുന്നുവെന്ന് പിന്നീടെല്ലാവരും പറഞ്ഞു.. നാടകം പോളിഞ്ഞതിന്‍റെ ചൊരുക്ക് എല്ലാവരും എന്‍റെ കഴുത്തില്‍ തീര്‍ത്തുവെന്ന് സാരം.

പക്ഷെ അവസാനം വരേണ്ട അവധൂതന്‍ പ്രോംപ്ടര്‍ ഇപ്പോഴേ ഓടിയിരുന്നു..അതോടെ ജീവിതത്തില്‍ ഒരിക്കലും നാടകത്തിനു സ്റ്റേജില്‍ കയറില്ല എന്ന തീരുമാനവും എടുത്തു.