Monday, June 1, 2009

65.പരേതന്റെ ഭൂമീവാസം

പരേതനെ കുറിച്ച് അറിയാത്തവര്‍ പരേതന്‍ ബ്ലോഗ്‌ വായിക്കുക. പരേതന്‍ നിര്‍ത്തിയതിനാല്‍ ആ ബ്ലോഗില്‍ എഴുതാതെ ഇതില്‍ എഴുതി എന്നുമാത്രം.

പരലോകത്തുനിന്നു വന്നതില്‍പിന്നെ ഭൂമിയിലെ ജീവിതത്തില്‍ വല്ല്യ പ്രതിപത്തി തോന്നിയിരുന്നില്ല. ശാന്തമ്മയും നളിനാക്ഷിയും ഇടയ്ക്കിടെ തന്നെ ഭര്‍ത്താവിന്റെ കടമകള്‍ ഓര്‍മ്മിപ്പിച്ചിട്ടും എന്തോ ഒന്നിനും ഒരു താല്പര്യം ഉണ്ടായില്ല. ഒരു പക്ഷെ ഷക്കീലയുടെയും സില്‍ക്ക് സ്മിതയുടെയും മറ്റു അപ്സരസുകളുടെയും സൌന്ദര്യം ഇവര്‍ക്കില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ഒരു താല്‍പര്യവും തോന്നുന്നില്ല. സ്കോച്ച് അടിച്ചവനു കുതിര റം ഇഷ്ടപ്പെടാത്തതിലെ ന്യായം ഇവര്‍ക്കെങ്ങനെ മനസ്സിലാവും. തന്റെ സ്റ്റാമിനയും പോരെന്നാണ് പറയുന്നത്. കൊള്ളാം തന്നെ കുതിര രാവുണ്ണിയെന്നുവരെ വിളിച്ചവര്‍ ഉണ്ട്. ഇവര്‍ക്കെന്തറിയാം.

യമലോകത്തെപ്പറ്റി ഓര്‍ത്തിട്ടു ഒരു സമാധാനവും കിട്ടുന്നില്ല.എന്തോരം കാഴ്ചകളായിരുന്നു. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രമെന്നപോലുള്ള കാഴ്ചകള്‍. അമ്പോ. ഇനി ഇഹലോകം മടുത്തൂന്നു പറഞ്ഞു കയറിചെന്നാല്‍ ഉള്ള വിലയും പോവും.

ഭൂമിയില്‍ വന്നതില്‍ പിന്നെ തന്റെ മിക്ക കൂട്ടുകാരും അല്പം ഭയത്തോടെയാണ് നോക്കുന്നത്. ഒരുപക്ഷെ പണ്ട് പ്രേതമായി നടന്നവന്‍ വീണ്ടും ആളായി വന്നതിന്റെ ഭയമായിരിക്കും. കൈപ്പുഴ കല്യാണിയും തന്നെ കാണുമ്പോള്‍ ഓടുന്നതുകാണുമ്പോള്‍ തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മനുഷ്യര്‍ ജീവിച്ചിരിക്കുന്നവരെ പേടിച്ചാല്‍ മതിയെന്നുള്ള സത്യം തനിക്കല്ലേ അറിയൂ. മരിച്ചവര്‍ ആരെയും ഒന്നും ചെയ്യാറില്ലല്ലോ. പക്ഷെ മരിച്ചു ജീവിച്ച തന്നെപ്പോലുള്ളവരുടെ കഥ ആര്‍ക്കറിയാം. അതാവും ഈ പ്രയാണങ്ങളുടെ കാരണം.

മരിച്ചു തിരുച്ചുവന്നപ്പോള്‍ എന്തോരം ജനക്കൂട്ടം ആയിരുന്നു. പത്രങ്ങളും ടിവിക്കാരും എന്നുവേണ്ട ആകെ ജകപോക.മിക്കവര്‍ക്കും സ്വര്‍ഗമാണോ നരകമാണോ നല്ലത് എന്നറിയാനുള്ള വെമ്പല്‍ ആയിരുന്നു. എന്നിട്ട് വേണമല്ലോ ഇനിയുള്ള ജീവിതം പ്ലാന്‍ ചെയ്യാന്‍. പക്ഷെ ഷക്കീലയും സില്‍ക്കും നരകത്തില്‍ വാസമാണെന്ന് അറിഞ്ഞതില്‍ പിന്നെ എല്ലാവര്‍ക്കും നരകത്തില്‍ പോകാനാണല്ലോ ആഗ്രഹം. ആ ഷക്കീലയും സില്‍ക്കും രാവുണ്ണിയാര്‍ന്നു പറഞ്ഞാല്‍ വാലാട്ടി പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും അസൂയ. ചിലര്‍ക്കൊക്കെ താന്‍ വെറും പുളുവടിയ്ക്കുകയായിരുന്നോ എന്നും സംശയം ഉണ്ട്.

തറവാട്ടിലെ ആനയെ വിറ്റു കഴിഞ്ഞിട്ടാണല്ലോ തന്റെ പുനരവതാരം. താന്‍ വന്നതിനു തൊട്ടുമുമ്പേ എവിടുന്നോ ഒരു വിത്തുകാളയെ നളിനാക്ഷി വാങ്ങിയിരുന്നു. അല്പം വരുമാനം ഉണ്ടാക്കാനാണത്രേ. ശേ! എന്ത് പറയാന്‍. കലികാലം അല്ലാതെന്താ പറയുക. ആനയെ വളര്‍ത്തിയ മുറ്റത്തു ഒരു കാള. ഏതായാലും ചവിട്ടിക്കുകയും മറ്റും നടത്തുന്നത് നളിനാക്ഷി തന്നെയാണ്. ഇടയ്ക്കിടെ കാളയുടെ നോട്ടം കാണുമ്പോള്‍ അവന്റെ കണ്ണ് കുത്തി പൊട്ടിക്കാന്‍ തോന്നും. വഷളന്‍. നാട്ടിലെ പശുക്കളെ മുഴുവന്‍ പെഴപ്പിച്ച് ഒരു ബലാസംഗവീരനായി നില്‍ക്കുന്ന ക്രിമിനല്‍ അല്ലാതെന്താ. എന്നിട്ടും അവന്റെ അഹങ്കാരം.

ഒരു ദിവസം രാവിലെ ഒരു പയ്യന്‍ പശുവിനെക്കൊണ്ട് വരുന്നത് കണ്ടുകൊണ്ടാണ്
മുറ്റത്തെക്കിറങ്ങിയത്.

"എന്താടാ ... രാവിലെ കൊണ്ടിറങ്ങിയോ. വെറുതെ രാവിലെതന്നെ ഈ വൃത്തികേടുകള്‍ കാണിക്കാന്‍ തന്നെയാ പുറപ്പാട്‌ അല്ലെ.?"

"അല്ല അമ്മാവാ. ഞാന്‍ ഒരാഴ്ചയായി വരുന്നു. പക്ഷെ ഞാന്‍ വരുന്നതിനു മുമ്പ് തന്നെ ആരെങ്കിലും കാര്യം സാധിപ്പിച്ചു സ്ഥലം വിടും. അതുകൊണ്ടാ ഞാന്‍ ഇത്ര വെളുപ്പിന് ഇങ്ങു വരുന്നത്."

പയ്യന്‍ വിഷമത്തോടെ പറഞ്ഞു.

"ഹ ഹ ഹ ഹ ...! കൊള്ളാം. എടാ ചെറുക്കാ. ഇതിനോക്കെയല്ലേ ഞാന്‍ ഇവിടെയിരിക്കുന്നത്. അതിനൊരു ട്രിക് ഉണ്ട്. ഞാന്‍ ഇതെത്ര പയറ്റിയതാ... അതുകൊണ്ടല്ലേ ഈ രാവുണ്ണിയാരെ ചിലരൊക്കെ കുതിര രാവുണ്ണിയെന്നും കോഴി രാവുണ്ണിയെന്നും ഒക്കെ വിളിച്ചിരുന്നത്. ഇപ്പോള്‍ ചത്തു തിരിച്ചു വന്നതില്‍ പിന്നെ എല്ലവര്‍ക്കും പരേതന്‍ രാവുണ്ണി മാത്രം. "

പയ്യന്‍ കൌതുകത്തോടെ അടുത്തെത്തി. അവന്റെ ചെവിയില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തു. എന്താലും പയ്യന്‍ പശുവിനെയും കൊണ്ട് അടുക്കള ഭാഗത്തേക്ക് പോകുന്നത് കണ്ടു. തിരികെ വരുമ്പോള്‍ ചിരിച്ചുകൊണ്ട് വരുന്ന പയ്യനെ നോക്കിചിരിച്ചപ്പോള്‍

"അമ്മാവന്‍ പുലിയാണ് കേട്ടോ. കാര്യം നടന്നു. ചേച്ചി ഞാന്‍ ഇതൊക്കെ എങ്ങനെ പഠിച്ചു എന്ന് ചോദിച്ചു. പക്ഷെ ഞാന്‍ അമ്മാവന്‍ പറഞ്ഞപോലെ അമ്മാവന്റെ പേര് പറഞ്ഞില്ല.."

ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം പഴയ കാര്യക്കാരന്‍ വാസു നായര്‍ എത്തി വിളിച്ചു..

"രാവുണ്ണി അങ്ങേത്തെ ....?"

പതിയെ പതിയെ എഴുന്നേറ്റു ചെന്നൂ.

"എന്താ നായരെ ... "

"എന്റെ മോന്‍ പറഞ്ഞിട്ടാ ഞാന്‍ വന്നത്, അവന്‍ കുറെദിവസം പശുവിനെ ചവിട്ടിക്കാന്‍ ഇവിടെ വന്നിരുന്നു, പക്ഷെ എന്നും താമസിക്കുന്നതും കൊണ്ട് വീണ്ടും വീണ്ടും വന്നതും പിന്നെ അങ്ങേത്തു എന്തോ പറഞ്ഞു കാര്യം നടത്തിയെന്നും അവന്‍ പറഞ്ഞു. അതിനൊരു നന്ദി പറയാന്‍ വന്നതാ."

"ഭ..! ആ നായിന്റെ മോന്‍ നിന്റെ സന്തതി ആയിരുന്നോ.. അവനോടു പറഞ്ഞു കൊടുത്തത് എന്റെ മൂക്കീല്‍ പഞ്ഞി വെയ്ക്കാന്‍ ചെയ്യിച്ചത് പോലെയായി. ഇപ്പോള്‍ എന്റെ പെണ്ണുമ്പിള്ള ആ ടെക്നിക് പ്രയോഗിച്ചു എന്റെ നടുവൊടിഞ്ഞു. അവനു പറഞ്ഞു കൊടുത്തത് വേലിയേല്‍ കിടന്ന പാമ്പിനെ പിടിച്ചു ന്യൂ ഡല്‍ഹിയില്‍ വെച്ചപോലായി."

"ഹി ഹി ഹി ഹി. ഞാന്‍ പോണു..ങാ അങ്ങുത്തെ.. ഇപ്പോള്‍ വീണ്ടും ചാകാറായി കേട്ടോ. ഇക്കണക്കിനു ടെക്നിക്ക്‌ പ്രയോഗിച്ചാല്‍ വീണ്ടും പരേതനാവും" നായര്‍ തിരിഞ്ഞു നടന്നു.
നായരുടെ ചിരി കണ്ടപ്പോള്‍ ദേഷ്യം നുരപോന്തി വന്നു.
"എടീ കമാലാക്ഷീ. ആ വടിയിങ്ങേടുത്തെ... നടക്കാന്‍ വയ്യാ.."

"എന്നാലും ആ നായരുടെ മോന്‍ ആളൊരു കൊച്ചു മിടുക്കനാ അല്ലെ.."

വടികൊണ്ടുവന്ന കമലാക്ഷിയുടെ ചോദ്യം കേട്ടപോഴാ ഓര്‍ത്തത്. അടികൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും.

"പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.. അത് പണമായാലും അറിവായാലും.."

Wednesday, May 6, 2009

64.ആലീസിന്റെ അമാവാസിപൂജ

ഗ്രാമത്തിന്റെ സൗന്ദര്യമായിരുന്നു ആലീസ്‌. ആലീസ്‌ അങ്ങനെ ലീസിനു കിട്ടുന്നതോ "ലിസില്‍" ചേര്‍ന്നതോ അല്ല. വെറും സാധാരണക്കാരിയായ ഗ്രാമീണസുന്ദരി. അതും ചവറ്റുകര നാടിന്റെ മാത്രമല്ല ഭാരതത്തിന്റെയും ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും വരെ ചലനങ്ങളും തുടര്‍ചലനങ്ങളും അവളുടെ നിതംബ ചലനങ്ങളില്‍ ആണെന്ന് ചവറ്റുകരക്കാര്‍ വിശ്വസിച്ചുപോന്നു.

ആരോടും അധികം സംസാരിക്കാന്‍ പോകാത്ത ആരോടും വഴക്കടിക്കാത്ത അസൂയയില്ലാത്ത ആലീസിനെ കണ്ടുപഠിക്കാന്‍ ഗ്രാമത്തിലെ മാതാപിതാക്കള്‍ കുട്ടികളോടുപദേശിക്കുക പതിവായിരുന്നു.
പക്ഷെ കണ്ടു പഠിയ്ക്കാന്‍ തയ്യാറായ ചെറുപ്പക്കാരുടെ ഒരു വല്ല്യ കൂട്ടം ഉണ്ടെങ്കിലും ആരോടും അധികം മിണ്ടാട്ടം കാണിക്കാത്ത ആലീസിനെ കണ്ടു പഠിക്കാനുള്ള ശ്രമം കളഞ്ഞിട്ടു കേവലം കാണലില്‍ ഒതുങ്ങി.

എന്നും രാവിലെയും ഉച്ചയ്ക്കും മില്‍മയില്‍ പാലുംകൊണ്ടുള്ള അവളുടെ വരവ്‌ പ്രതീക്ഷിച്ചു ചെറുപ്പക്കാരുടെ കണ്ണുകള്‍ എണ്ണയും പാമോയിലും ഒഴിച്ച് കാത്തിരുന്നു. രണ്ടായി പിന്നിയിടുന്ന മുടിയുടെ ലക്ഷണം ആരോടെങ്കിലും ഇഷ്ടമുണ്ടെന്നും അതിലൊന്ന് മുമ്പോട്ടിട്ടാല്‍ അതെന്നോട്‌ ആണെന്നും രണ്ടും മുമ്പോട്ടിട്ടാല്‍ ഓടാനാണെന്നും അര്‍ത്ഥം എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുള്ളതിനാല്‍ (പുള്ളി പറഞ്ഞിട്ടില്ല എന്ന് കരുതുന്നവര്‍ ആശാന്റെ പെണ്ണും മുടിയും ലക്ഷണവും എന്നാ കവിത വായിക്കുക) ആരും പിന്നിയ രണ്ടുമുടിക്കെട്ടും മുമ്പോട്ടിട്ടു വരുന്ന ആലീസിനെ കയറി തോണ്ടാന്‍ ധൈര്യം കാണിച്ചിട്ടില്ല.

ചരിത്രാതീത കാലം മുതലേ ആലീസ്‌ ആഗ്രമത്തില്‍ താമസിക്കുന്നുണ്ടെന്നും അതല്ല ആലീസ്‌ ഏതോ മഴയില്‍ ആലിപ്പഴത്തിന്റെ രൂപത്തില്‍ പെയ്തുവീണ് ഗ്രാമത്തിന്റെ പുണ്യമായതാണെന്നും അതല്ല ഗ്രാമത്തിന്റെ ഐശ്വര്യമായി അവതരിച്ചതാണെന്നും വിശ്വാസമുണ്ട്‌. ആലീസിന്റെ പേരില്‍ അമ്പലം പണിയാനും പള്ളിയില്‍ പ്രത്യേക വഞ്ചി സ്ഥാപിക്കാനും ആവശ്യങ്ങളും സമരങ്ങളും നടന്നെങ്കിലും ആലീസിന്റെ സൌന്ദര്യത്തോടു വിരോധമുള്ള നാട്ടിലെ കാക്കക്കറമ്പികള്‍ക്കുള്ള ഇഷ്ടക്കേട് കാരണം നടന്നില്ല.

എന്നാല്‍ ഉരമരുന്നിന്റെ മണം മാറാത്ത കുട്ടികളുടെ മുതല്‍ കോട്ടന്‍ചുക്കാതി കുഴമ്പിന്റെ മണമുള്ള കെഴവന്റെ വരെ കൈയില്‍ ആലീസിന്റെ ഒരു ഫോട്ടോ എങ്ങനെയെങ്കിലും ഉണ്ടായിരിക്കും. അതിനെ രാവിലെ മുതല്‍ നോക്കിയിരുന്നാല്‍ പുണ്യം കിട്ടുമെന്നും അതല്ല സ്വര്‍ഗരാജ്യം താനേ വാതില്‍ തുറന്നു ഫോട്ടോയുടെ ഉടമയെ കൊണ്ടുപോകുമെന്നുമുള്ള വിശ്വാസം എല്ലാവര്‍ക്കുമുണ്ടായിരുന്നു.

പക്ഷെ ക്രിസ്ത്യാനിയായ ആലീസ്‌ പള്ളിയിലോ അമ്പലത്തിലോ എങ്ങും പോവാറില്ലായിരുന്നു. പക്ഷെ എല്ലാ അമാവാസിനാളിലും പുറത്തിറങ്ങി ഒരു കൈയില്‍ തൂശനില മടക്കിപിടിച്ചതും മറുകൈയില്‍ വെള്ളം നിറച്ചകിണ്ടിയുമായി പോകാറുണ്ടായിരുന്നു. എന്തിനു പോകുന്നെന്നോ എവിടെപോകുന്നുവെന്നോ ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. വികസനം ബസിന്റെ രൂപത്തിലോ ഇലക്ട്രിസിറ്റിയുടെ രൂപത്തിലോ ടെലഫോണിന്റെ രൂപത്തില്‍ പോലുമോ കടന്നുവരാത്ത ചവറ്റുകരയില്‍ ഇതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം ഉള്ള ആരും ഉണ്ടായില്ലെന്നാണ് സത്യം.

പക്ഷെ ആലീസ്‌ പോയ വഴികളിലൂടെ പിറ്റേന്ന് വെളുപ്പിന് ചിലര്‍ പോലീസ്‌ നായയെ പോലെപോയി നോക്കിയെങ്കിലും ചിലപ്പോള്‍ അടുത്തുള്ള ഭഗവതിക്കാവിലെ പാറക്കെട്ടില്‍ കിട്ടിയ ചിലപൂക്കള്‍ ആല്ലാതെ ഒന്നും കിട്ടിയിരുന്നില്ല. പക്ഷ കാവില്‍ മുല്ലചെടികള്‍ ഇല്ലാതിരുന്നിട്ടും കിട്ടിയ മുല്ലപ്പൂക്കള്‍ ആലീസിന്റെ ആണെന്ന് കരുതി ചിലരെടുത്തു നിധിപോലെ സൂക്ഷിച്ചിരുന്നു.

എന്തായാലും അത് ആലീസിന്റെ ആണെന്നോ അല്ലെങ്കില്‍ ആണോന്നോ ചോദിക്കാനോ അല്ലെങ്കില്‍ ക്രിസ്ത്യാനിയായ ആലീസ് എന്തിനു കാവില്‍ കയറിയെന്നോ തിരക്കാന്‍ ഇന്നത്തെപോലെ മതഭ്രാന്തന്‍ ആരുമാവിടെ ഉണ്ടായിരുന്നില്ലല്ലോ.

ആലീസ്‌ മില്‍മയില്‍ കൊടുക്കാന്‍ വരുന്നതുപോലെ പാലും കൊണ്ട് തങ്ങളുടെ വീട്ടില്‍ വരാന്‍ വേണ്ടി പാലുകുടി തുടങ്ങാന്‍ തയ്യാറായ ആളുകളുടെ മോഹങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചു ആലീസ്‌ ആരുടേയും വീട്ടില്‍ പാല് കൊടുക്കില്ലെന്ന് പറഞ്ഞപ്പോഴുണ്ടായ സങ്കടം തീര്‍ക്കാന്‍ ഭാരതപ്പുഴയില്‍ വെള്ളപ്പോക്കകാലത്ത് മഴപെയ്യുന്നതുപോലെ ആളുകള്‍ തങ്ങളുടെ സങ്കടം കരഞ്ഞു തീര്‍ത്തു.
എന്നിട്ടും ആരുടെയും വികാരങ്ങള്‍ മാനിക്കാത്ത ആര്‍ക്കും പാല് വീട്ടില്‍ കൊണ്ടുകൊടുക്കാത്ത ആലീസിനെ വെറുക്കാനോ അവളെ തെറിവിളിക്കാനോ ആരും മെനക്കെട്ടില്ല. അവള്‍ക്കു അതിനുള്ള കാരണങ്ങള്‍ ഉണ്ടെന്നു കരുതി സമാധാനിക്കായിരുന്നു എല്ലാവര്‍ക്കും മോഹം.
ഗ്രാമത്തിലുള്ള ഭ്രാന്തന്‍ എല്ലാവരുടെയും ആലീസ്‌ ഭ്രാന്തിനെ കളിയാക്കി ചിരിച്ചു ആര്‍ത്തട്ടഹസിച്ചു ഓടിനടക്കുന്നുണ്ടായിരുന്നു. ആലീസിനെ കളിയാക്കുന്ന ഭ്രാന്തനെ കല്ലെറിയാന്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ടായിരുന്നു. ആളുകള്‍ എറിയുന്ന കല്ലുകള്‍ പറക്കി വീണ്ടും ആകാശത്തോട്ടു എറിയുന്ന ഭ്രാന്തന്‍ ആലീസിനെ പ്രാകിക്കൊണ്ടിരിരുന്നു.

"യെക്ഷിയാണ് ... ആലീസ്‌ യെക്ഷിയാണ്."

അതുകേട്ട ജനം വീണ്ടും വീണ്ടും ഭ്രാന്തനെ കല്ലെറിഞ്ഞു കൊണ്ടിരുന്നു.

അന്നും അമാവാസിയായിരുന്നു.
പതിവുപോലെ ആലീസ്‌ ത്രിസന്ധ്യയ്ക്ക്‌ ഒരു കൈയില്‍ തൂശനിലയും മറുകൈയില്‍ ജലം നിറച്ച കിണ്ടിയുമായി പുറത്തിറങ്ങി. അവളുടെ കാലുകള്‍ നിലത്ത്‌ ഉറപ്പിച്ചാണോ നടന്നിരുന്നത്.? അവളുടെ പുറം പോള്ളയായിരുന്നോ.? അവളുടെ അഴിച്ചിട്ട കൂന്തല്‍ അവളുടെ നിതംബം മറച്ചുകിടക്കുന്നതിനാല്‍ പുറം ദൃശ്യമാല്ലായിരുന്നു. പക്ഷെ കാവ്യാത്മകമായി ചലിപ്പിച്ചുള്ള നിതംബ ചലനം തന്നെ ഭൂമിയുടെ ചലനമെന്നും ആര്‍ക്കും തോന്നുമായിരുന്നു. പക്ഷെ നേരിയ ഒരു വസ്ത്രം മാത്രം ധരിച്ചുനടക്കുന്ന ആലീസ്‌ നടക്കുകയാണോ അതോ ഒഴുകുകയാണോ എന്നും നോക്കുന്നവര്‍ക്ക് തോന്നുമായിരുന്നു. ശാന്തമായ സമുദ്രം പോലെയുള്ള അവളുടെ കണ്ണില്‍ നിന്നും അഗ്നിപര്‍വതം പോട്ടുന്നതിനുമുമ്പുള്ള ശാന്തതയാണോ എന്നും സംശയം തോന്നുമായിരുന്നു.

കടഞ്ഞെടുത്ത രൂപഭംഗിയുള്ള ആ പെണ്‍കുട്ടിയുടെ ശരീരം ഏതു പരമശിവന്റെയും തപസ്സ്‌ ഉണര്‍ത്താന്‍ പ്രാപ്തമായിരുന്നു.അങ്ങനെ അനന്തതയിലെന്നവണ്ണം ആലീസ്‌ നടന്നു നടന്നു അപ്രത്യക്ഷമായി.

പിറ്റേന്ന് രാവിലെ ആലീസിനെ മില്‍മയില്‍ പാലുകൊടുക്കാന്‍ വരാഞ്ഞത് കണ്ടപ്പോഴാണ് അന്വേഷണം തുടങ്ങിയത്. അവസാനം പതിവ്‌ പോലെ ഭഗവതിക്കാവില്‍ നോക്കിയപ്പോള്‍ ആലീസിന്റെ പിച്ചിച്ചീന്തപ്പെട്ട ശരീരം പാറക്കെട്ടില്‍ കാണപ്പെട്ടു. ചുറ്റും മുല്ലപ്പൂക്കളും ചരിഞ്ഞുകിടക്കുന്ന കിണ്ടിയും. ദാന്തക്ഷതങ്ങള്‍ നിറയെ കാണപ്പെട്ട ശരീരത്ത് നോക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആയിരം വട്ടം കാണാന്‍ കൊതിച്ച ശരീരമാണെങ്കിലും ഇങ്ങനെയൊരു അവസരത്തില്‍ നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായില്ല. എല്ലാവരുടെയും തകര്‍ന്ന ഹൃദയങ്ങള്‍ക്ക്‌ ഇതെങ്ങനെ എന്നൊരു ചോദ്യം വന്നെങ്കിലും ആരും ഈ പാതകം ചെയ്യാന്‍ തക്ക ക്രൂരതയുള്ളവര്‍ ഉണ്ടെന്നു കരുതാന്‍ കഴിഞ്ഞില്ല.

പക്ഷെ കാവിനു പുറത്തു പതിവ്പോലെ ആലീസിനെ തെറിവിളിച്ചു ഭ്രാന്തന്‍ നടക്കുന്നുണ്ടായിരുന്നു. ഇത്തവണ ആകാശേത്തെക്കെറിയാന്‍ അയാളുടെ കൈയില്‍ മുല്ലപ്പൂവുകള്‍ ഉണ്ടായിരുന്നു.

Tuesday, April 21, 2009

63.കുതിരയെ ഒണ്ടാക്കുന്നവന്‍

കഴിഞ്ഞ വളിപ്പന്‍ പോസ്റ്റിനു മാപ്പ് പറഞ്ഞിട്ട് തന്നെ ഐശ്വര്യമായി തുടങ്ങട്ടെ. കഴിഞ്ഞ പോസ്റ്റിനു കിട്ടിയ തെറിവിളി മൂലം കുഴിയില്‍ കിടന്നു തുമ്മി തുമ്മി വശംകെട്ടുവെന്നു എന്റെ പരേതനായ മുതുമുത്തച്ഛന്‍ സ്വപ്നത്തില്‍ അറിയിച്ചു.

ഈ സംഭവം നടന്നത് തൊണ്ണൂറുകളില്‍ ആണ്. ഞാന്‍ അന്ന് സകുടുംബം എന്ന് വച്ചാല്‍ മാതാപിതാക്കളോടൊപ്പം സസുഖം വാഴുന്ന ഡല്‍ഹിയില്‍ വാഴുന്ന കാലം. ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്ന് ഒരു ഫോണ്‍കോള്‍. നാട്ടില്‍ നിന്ന് പിതാശ്രീയുടെ ഒരു ബന്ധുവാണ്. അദ്ദേഹത്തിന്‍റെ സ്വപുത്രന്‍ ആസ്ട്രേലിയായിലെക്കുള്ള യാത്രാമധ്യേ ന്യൂ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും അവനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചു വീണ്ടും മേല്‍ബണിലേക്കുള്ള വിക്ഷേപണത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നായിരുന്നു ബന്ധുവിന്റെ ആവശ്യം.

എന്റെ പിതാശ്രീ ആകെ സന്തോഷവാനായി. കാരണം പൊതുവേ മാതാശ്രീയുടെയും പിതാശ്രീയുടെയും കുടുംബങ്ങള്‍ അത്ര നല്ല സഹകരണത്തില്‍ അല്ല. പിതാശ്രീയുടെ കുടുംബത്തില്‍ പൊതുവേ ഉന്നത വിദ്യഭാസം ചെയ്തവര്‍ കുറവായതുകൊണ്ട് ഞങ്ങള്‍ എല്ലാം കളിയാക്കാറൂണ്ടായിരുന്നുവേന്നതും ഈ വരുന്ന വേന്ദ്രന്‍ മൃഗഡോക്ടര്‍ ആണെന്നതും ഉപരിപഠനത്തിനായി കങ്കാരുവിന്റെ നാട്ടില്‍ പോവുന്നത് കാണിക്കാന്‍ എന്റെ പിതാശ്രീയ്ക്കുണ്ടായിരുന്ന അവസരമായിരുന്നു ഇത്. ഇതുകേട്ടാല്‍ പിതാവിന്റെ വീട്ടുകാര്‍ മുഴുവന്‍ സ്കൂള്‍ കാണാത്തവര്‍ ആണെന്നൊരു തോന്നല്‍ വരുന്നവരോട് ഇത്രയും പറയാം. അല്ല അവര്‍ എല്ലാം സ്കൂള്‍ കണ്ടിട്ടുണ്ട്. എല്ലാ പ്രാവശ്യവും ഇലക്ഷന്‍ സ്കൂളില്‍ വച്ച് നടന്നിരുന്നതുകൊണ്ടും പതിനാറു എം.എം. സിനിമകള്‍ സ്ഥിരമായി സ്കൂളില്‍ വന്നിരന്നതുകൊണ്ടും എങ്ങനെ സ്കൂള്‍ കാണാതെയിരിക്കും. പിന്നെ വെള്ളപ്പൊക്കകാലത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്കൂളിലല്ലാതെ അമ്പലത്തില്‍ വെയ്ക്കാന്‍ പറ്റില്ലല്ലോ.

ഈ വരുന്ന വേന്ദ്രന്റെ വീട്ടുകാരോട് എനിക്കും വലിയ പ്രതിപത്തിയില്ലാ. കാരണം കുടുംബത്തിലെ വിദ്യസമ്പന്നായ ഇവന്റെ വീട്ടുകാര്‍ പൊതുവേ അല്പം ജാടക്കാര്‍ ആയിരുന്നു. പക്ഷെ ആ വീട്ടില്‍ ഒരു വേലക്കാരന്‍ ഉണ്ടായിരുന്നു. ഒരു മാധവന്‍ പിള്ള. അയാളെയും ആ വീട്ടില്‍ ഉണ്ടായിരുന്ന ഒരു പട്ടിയേം മറക്കാന്‍ കഴിയില്ല. മാധവന്‍ പിള്ളയുടെ പ്രത്യേകത എന്ന് പറഞ്ഞാലും "ഓ " എന്നും പറഞ്ഞു ഓടി വരുമായിരുന്നു. ഈ ഓ യ്ക്ക് പല അര്‍ത്ഥങ്ങള്‍ ഉണ്ട്. "വിളിക്കുന്നവന്‍ കരുതുന്നത് "ഓ" ശരി ഇപ്പോള്‍ ശരിയാക്കാം " എന്നാണെന്നും "ഓ " എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഒപ്പിച്ചു തരാം എന്നാണെന്നും ഇനി അതല്ല ചെയ്തില്ലെങ്കില്‍ "ഒലത്തി" കളയുമോ എന്നാണെന്നും ഒരു തോന്നല്‍ ഉളവാക്കാന്‍ ഈ "ഒ"യ്ക്ക് കഴിഞ്ഞിരുന്നു. എന്നിരുന്നാലും കേരള കോണ്‍ക്രസ് ഉള്ളിടത്തോളം കാലം ഗ്രൂപ്പുകളും കാണും എന്ന് പറയുന്നതുപോലെ പിള്ളയുടെ "ഓ" യും എന്നും ഒപ്പം ഉണ്ടായിരുന്നു.

അതെന്തായാലും അവിടെ ചെല്ലുമ്പോള്‍ എന്നും കാപ്പിയിട്ടു തരുന്ന പിള്ളയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഞാന്‍ പട്ടിയെ കാണാന്‍ ചെല്ലുമ്പോള്‍ " എടാ ചെറുക്കാ നിന്റെ പാക്ക് ഈ പട്ടി കടിച്ചു പറിക്കും" എന്ന് പറയുന്ന പിള്ള നല്ല സ്നേഹം ഉള്ളവനായിരുന്നു. പക്ഷെ രാജപാളയം ഇനത്തിലെ കൃശഗാത്രനായ പട്ടിയ്ക്കെന്തേ പിള്ള ഭക്ഷണം കൊടുക്കാതെ ഉണങ്ങിയിരിക്കുന്നത് എന്ന് പലപ്രാവശ്യം ഞാന്‍ പിള്ളയോട് ചോദിച്ചിട്ടുണ്ട്.
"ഈ നായിന്റെ മോന്‍ ഒരു നന്ദിയില്ലാത്തവനാ. ഒരു ചെമ്പ് അരിയുടെ ചോറ് കേറ്റിയാലും ചൂല് പോലെ ഇരിക്കൂ. മനുഷ്യനെ പറയിപ്പിക്കാന്‍ കൊണ്ടുവന്ന നശൂലം."
ഈയിനം അധികം വണ്ണം വെയ്ക്കുന്ന ഇനമാല്ലെന്നു പിന്നീടാണ് മനസ്സിലായത്. പാവം പിള്ള ചോറ് കൊടുക്കാത്തതല്ല കാരണം എന്ന് പിന്നീട് മനസ്സിലായി.

വൈശാലി സിനിമയില്‍ വിഭാണ്ഡക മഹര്‍ഷി തന്റെ പുത്രനെ "ഋഷിസൃംഗോ " എന്ന് കൂവി വിളിക്കുന്നത്‌ പോലെ എയര്‍പോര്‍ട്ടില്‍ വിളിച്ചുകൂവാതിരിക്കാന്‍ പിതാശ്രീ ജോലിയ്ക്കുപോവുന്നതിനു മുമ്പേ അതിഥിയുടെ ഒരു ഫോട്ടോ എന്റെ കൈവശം തന്നു. (കാരണം ഞാന്‍ ഈ പാര്‍ട്ടിയെ കണ്ടിട്ട് ദശാബ്ദം കഴിഞ്ഞിരുന്നു.) ആല്‍ബത്തില്‍ ഒട്ടിച്ച സ്കൂള്‍ പഠനകാലത്തെ ഫോട്ടോ കണ്ടപ്പോള്‍ എന്നാല്‍ പിന്നെ അരഞ്ഞാണം കേട്ടാല്‍ ചടങ്ങിനു എടുത്ത ഫോട്ടോ തന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും പ്രൊഡ്യൂസര്‍ ആണെന്ന് കരുതി ക്ഷമിച്ചു നാക്ക്‌ ഡപ്പിയില്‍ ഇട്ടു. ഏതായാലും ചെറിയ മുറുമുറുപ്പോടെ ഫോട്ടോയും വാങ്ങി പോക്കറ്റില്‍ ഇട്ടു നേരെ വിമാനത്താവളം ലക്ഷ്യമാക്കി വിട്ടു.

വിമാനത്താവളത്തില്‍ എന്റെ കണ്ണ് കുതിരയുടെ വിഷയത്തില്‍ ഉന്നത വിദ്യാഭാസം തേടി വിദേശത്തു പോകുന്ന ബന്ധുവിനെ തിരയുന്ന തിരക്കിലായിരുന്നു. നല്ല ഉയരവും കുതിരയുടെ പുഞ്ഞി പോലെ നീണ്ട മുടിയും കുതിച്ചുകുതിച്ചു നടക്കുന്നതുമായ ഒരു കരുത്തനെ പ്രതീക്ഷിച്ച എന്റെ ആകെ അമ്പരപ്പിച്ചു പമ്പരവിഡ്ഢിയെന്നു ചെണ്ടക്കൊട്ടിപ്പാടുന്ന മുഖത്തോടു കൂടിയ ശ്രീമാന്‍ ദീപക്കല്ലേ എന്നാ ചോദ്യവുമായി വന്നപ്പോള്‍ തന്നെ ആകെ വ്യാകുലമാതാവ് വിചാരിച്ചാലും എന്റെ വ്യാകുലതകള്‍ മാറില്ലെന്ന് മനസ്സിലായി. വന്നയുടനെ ട്രോളിയില്‍ നിന്ന് ഒരു പെട്ടി എടുത്ത്‌ എന്റെ കൈയില്‍ തന്നു. ഒരെണ്ണം ആശാനും പിടിച്ചു. പെട്ടി പിടിച്ചു ഒരു കൂലിയെപ്പോലെ നടക്കുന്ന എന്നെ കണ്ടു എന്റെ സുഹൃത്ത് ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍ ആകെ എന്റെ കോപം മുപ്പത്താറു ഇരട്ടിയായി. യാത്രയിലുടനീളം നമ്മുടെ കുതിര ഡോക്ടര്‍ എന്നെ ക്ഷമയെ എങ്ങനെ പരീക്ഷിക്കാം എന്നുള്ളതിന്റെ പരിശീലനമായിരുന്നു. ഒടുവില്‍ തന്റെ കോഴ്സിനെയും കുതിരയേയും പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ തലവേദനയുടെ ട്രിക്കില്‍ കണ്ണുംപ്പൂട്ടി മെല്ലെ കിടന്നു.
വീട്ടിലെത്തിയപ്പോഴേക്കും പിതാശ്രീയുടെ ചില കൂട്ടുകാരും ചില ബന്ധുക്കളും (പിതാശ്രീയുടെ കുടുംബത്തിലെ ) ടിയാനെ കാണാന്‍ എത്തിയിരുന്നു.

ഏതായാലും നവംബര്‍ മാസത്തെ തണുപ്പുകൊണ്ടാവം വന്നു തല്‍ക്കാലം കുളിയോന്നും വേണ്ടായെന്ന മറുപടിയോടെ പുള്ളിക്കാരന്‍ എല്ലാവരെയും പരിചയപ്പെടാന്‍ അടുത്തുകൂടി. ഏതായാലും ഈ കത്തി എന്റെ തലയില്‍ നിന്ന് വിരുന്നുകാരുടെ തലയിലോട്ടു മാറിയതില്‍ ഞാന്‍ അത്യന്തം സന്തോഷവാനായി. പിതാശ്രീയുടെ ഒരു കൂട്ടുകാരന്‍ നമ്മുടെ കുതിരഡോക്ടറോട് എന്ത് ചെയ്യുന്നുവെന്നോ എന്ത് പഠിക്കാന്‍ ഓസ്ട്രലിയയില്‍ പോകുന്നുവെന്നോ എന്തോ ചോദിച്ചു. ചോദ്യം ഇംഗ്ലീഷില്‍ ആയിരുന്നുവെങ്കിലും പണ്ടെങ്ങോ സ്കൂളിലോ കോളെജിലോ പഠിയ്ക്കുന്ന സമയത്ത് ഭോപാലില്‍ എന്‍.സി.സി. ക്യാമ്പില്‍ പോയി പഠിച്ച ഹിന്ദിയുടെ ബലത്തില്‍ ഇഷ്ടന്‍ തട്ടിവിട്ടു.

"മേം ഘോഡ ബനാത്താ ഹൈ.."

എന്തുദ്ധെശിച്ചാണ് പറഞ്ഞത് എന്നറിയില്ല പക്ഷെ പറഞ്ഞു വന്നപ്പോള്‍ ഞാന്‍ കുതിരയെ ഉണ്ടാക്കുന്നു എന്നാണ് അര്‍ഥം വന്നത്. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി ചിരിയടക്കുന്നതു കണ്ടപ്പോള്‍ തന്നെ ഞാന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഇതുവരെ എത്ര കുതിരയെ ഉണ്ടാക്കിയെന്ന് മലയാളത്തില്‍ ചോദിച്ചപ്പോഴാണ് ആശാന് താന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കിയത്.എന്റെ ചിരി സത്യത്തില്‍ അവിടെ ഒരു ചിരിയുടെ മാലപ്പടക്കത്തിനു തീകൊളുത്തിയത് കുതിര ഡോക്ടര്‍ അത്ര രസത്തോടെയല്ല കണ്ടത്.

വീണ്ടും പരസ്പരം പാരവെച്ചും കളിയാക്കിയും മൂന്നു ദിവസം പോയപ്പോള്‍ ഒരു ദിവസം എന്നോട് ഒന്ന് ചുറ്റിക്കാണിക്കാന്‍ സുജിത് (കുതിര ഡോക്ടര്‍) ആവശ്യപ്പെട്ടു.
ഞാന്‍ അവനെയും കൂട്ടി ഷക്കൂര്‍ ബസ്തിയിലെത്തി. തിരിച്ചു വരുമ്പോള്‍ അല്പം മീന്‍ വാങ്ങുകയെന്ന ഉദ്ദേശമാണ് അവിടെചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞങ്ങള്‍ അവിടെ മീന്‍ വില്‍ക്കുന്ന ബീഹാറിയുടെ മുമ്പില്‍ എത്തി. ഈ ബീഹാറിയുടെ ഭാര്യ അതീവസുന്ദരിയാണ്. മുമ്പൊരിക്കല്‍ അവരെ സൂക്ഷിച്ചു നോക്കിയപ്പോള്‍ "എന്താണ് സഹോദര ഇങ്ങനെ നോക്കുന്നത്. താങ്കള്‍ ഇതിനു മുമ്പേ സ്ത്രീജനങ്ങളെ ദര്‍ശിച്ചിട്ടില്ലേ എന്ന് ചോദിക്കുകയുണ്ടായി." ഇതിന്റെ " എടാ ഡാഷ് മോനെ. നീയെന്തേ പെണ്ണുങ്ങളെ കണ്ടിട്ടില്ലെട പന്നീ" എന്നാണെന്ന് അത്ര ഹിന്ദി അറിയില്ലാത്ത അന്ന് എന്റെ കൂടെ വന്ന സുഹൃത്ത്‌ തര്‍ജ്ജമ ചെയ്യുകയുണ്ടായി. പക്ഷെ എന്റെ വിശ്വസിക്കില്ല. ആരെങ്കിലും അങ്ങനെ ചോദിക്കുമോ. അതും എന്നെ പോലെ നിഷ്കളങ്കനായ ഒരു യുവത്വവും കൌമാരവും തമ്മില്‍ കിളിത്തട്ട് കളിക്കുന്ന പ്രായത്തില്‍ ഉള്ള ഒരാളോട്. പൊതുവേ ആ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ എല്ലാവരും സ്ത്രീകളെ സഹോദരികളായി മാത്രമേ കാണാറുള്ളൂ വന്നത് ലോകര്‍ക്കൊക്കെ അറിയാവുന്ന സത്യം. അല്ല പിന്നെ.

എന്റെ രണ്ടുകിലോ മീനും വാങ്ങി സുജിത്തിനെ അടുത്തുള്ള ഒരു മുച്ചീട്ടുകളി കേന്ദ്രത്തില്‍ എത്തിച്ചു.ഞങ്ങള്‍ രണ്ടുപേരും കുറെ നേരം നോക്കിനിന്നപ്പോള്‍ കുറെ പേര്‍ ചുറ്റും കൂടി. ഞങ്ങള്‍ രണ്ടാളും നോക്കി നില്‍ക്കുന്നതിനിടയില്‍ ചിലരൊക്കെ തങ്ങളുടെ ഭാഗ്യം പണമായി വാരുന്നത് കണ്ടപ്പോള്‍ എനിക്കും ചെറിയ ആഗ്രഹം. എന്റെ പതിയെ സുജിത്തിനെ തോണ്ടി. എന്തായാലും ഞാന്‍ ഒരു ചീട്ടിന്റെ മുകളില്‍ ഇരുപതു രൂപ വെച്ചു. എന്റെ ഭാഗ്യത്തിനോ ഭാഗ്യദോഷത്തിനോ സംഭവം അടിച്ചു. എന്തായാലും എനിക്ക് കാശുകിട്ടിയപ്പോള്‍ സുജിത്ത് വീണ്ടും ഉത്തെജിതനായി.

എനിക്ക് കാശ് കിട്ടിയപ്പോള്‍ സുജിത്തിനും കാശുവെക്കാന്‍ ഒരു മോഹം. കളത്തില്‍ രൂപ വെക്കാന്‍ മുച്ചീട്ടുകാരന്‍ വീണ്ടും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അവസാനം സുജിത് രണ്ടു വിരല്‍ കാണിച്ചു. ഇതുപത് എന്ന് കാണിച്ചത് മുച്ചീട്ടുകാരന്‍ ഇരുന്നൂറാണോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ പതിയെ പിന്നിലോട്ടു വലിഞ്ഞു. പക്ഷെ മുച്ചീട്ടുകാരന്‍ ചീട്ടുപോക്കി കാണിച്ചപ്പോള്‍ സാധനം നമ്പര്‍. സുജിത്തിന്റെ പണം പോയി. പണം ചോദിച്ചു മുച്ചീട്ടുകാരന്‍ പൊങ്ങിയപ്പോള്‍ സുജിത് ഇരുപതു രൂപ എടുത്ത്‌ കൊടുത്തതും അയാള്‍ ക്രുദ്ധനായി.

"ഇരുപതല്ല സഹോദരാ ഇരുന്നൂറാണ് തരേണ്ടത്‌" എന്നോ "നായിന്റെ മോനെ നീ ആളെ കളിയാക്കുന്നോ. കളിക്കാതെ ഇരുന്നൂറു രൂപാ താടാ" എന്നോ അയാള്‍ പറഞ്ഞതിനെ തര്‍ജ്ജമ ചെയ്യാം. എന്തായാലും അതുകെട്ടപ്പോഴേ ഞാന്‍ വിട്ടു.

അരകിലോമീറ്റര്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ ഓടിയതിന്റെ റിക്കോഡ്‌ അങ്ങനെ എന്റെ പേരിലായി. പക്ഷെ പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ സുജിത് പതിയെ നടന്നു നടന്നു വന്നു.
"എന്നാലും നീ ഒരു മറ്റേ പണിയാണല്ലോ കാണിച്ചത്. നീ വിട്ടുകളഞ്ഞല്ലോ." സുജിത്ത് കരഞ്ഞുകൊണ്ടാണോ ദേഷ്യപ്പെട്ടാണോ പറഞ്ഞതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
പക്ഷെ ഈ കാര്യം വീട്ടില്‍ പറയില്ല എന്ന് ഞാന്‍ വാക്ക് കൊടുത്തു. അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി.

ഞാന്‍ ഇത് വീട്ടില്‍ പറയില്ല എന്ന് പറഞ്ഞപ്പോള്‍ സുജിത് തന്റെ അപ്പന് പറ്റിയ മണ്ടത്തരം എന്നോട്
പറഞ്ഞു. അദ്ദേഹം പണ്ട് ആദ്യമായി മുംബെയില്‍ പോയപ്പോള്‍ (ഒരു ബന്ധുവിന്റെ ഗള്‍ഫിലേക്ക് വിമാനം കയറ്റി വിടാന്‍ പോയാതാണ്) എയര്‍പോര്‍ട്ടില്‍ നിന്നൊരു വാച്ച് വാങ്ങിച്ചത്രേ. ഒരു ഗള്‍ഫ് മലയാളി അവിടെ വിറ്റുകൊണ്ടിരുന്ന വാച്ചാണ് പോലും ഇഷ്ടന്‍ വാങ്ങിയത്. വില്‍പ്പനക്കാരന്‍ പറഞ്ഞത് അയാള്‍ ഗള്‍ഫില്‍ നിന്ന് വന്നതാണെന്നും പണമില്ലാത്തതിന്റെ പേരില്‍ വിറ്റതാണെന്നും എന്നൊക്കെയാണ്. പക്ഷെ ഈ വാച്ചും വാങ്ങി മുംബയിലുള്ള മറ്റൊരു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ (ഇഷ്ടന്‍ അവിടെയാണ് മുംബൈയില്‍ വന്നപ്പോള്‍ തങ്ങിയത്) ഈ വാച്ചുകാരന്‍ പതിനഞ്ച് വര്‍ഷമായി മുംബെയില്‍ ഇങ്ങനെ വാച്ച് വില്‍ക്കുന്നതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നും ഗള്‍ഫില്‍ നിന്ന് പോയി വന്നു വാച്ച് വില്‍ക്കാന്‍ അയാളെന്താ വിശാല മനസ്കനാണോ.അതോടെ ഈ മണ്ടത്തരം സുജിത്തിന്റെ കുഴപ്പം കൊണ്ടല്ല പാരമ്പര്യമായി കിട്ടിയതാണെന്ന് മനസ്സിലായി. പക്ഷെ ഇങ്ങനെയൊരു പൈതൃകത്തിന്റെ ഗമ ഏതായാലും പുള്ളിയ്ക്കില്ല.

(കാരണം വിശാലമനസ്കന്‍ മാത്രമേ കൊടകരയില്‍ നിന്ന് ജബല്‍ അലിയ്ക്ക് ഡയ്ലി പോയി വരാറുള്ളൂ.)

എന്തായാലും കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ സുജിത് ഓസ്ട്രലിയയിലേക്ക് പോയി. കൂടുതല്‍ മണ്ടത്തരങ്ങള്‍ എഴുതാന്‍ നിര്‍വാഹമില്ല. കാരണം ഇപ്പോള്‍ ബ്രിസ്ബേനില്‍ സകുടുംബം താമസിക്കുന്ന സുജിത് അവിടെ ഒരു ലാബോറട്ടറിയില്‍ ആന്റിവെനം ഉണ്ടാക്കുന്ന റിസര്‍ച്ച് ഒക്കെ ചെയ്തു (പാമ്പിന്‍വിഷത്തിനു മറുമരുന്നു) കാലം കഴിക്കുകയാണ്. ഞാനും താമസിയാതെ അങ്ങോട്ടേക്ക് താമസം മാറ്റുന്നതിനാല്‍ കൂടുതല്‍ എഴുതിയാല്‍ പിന്നെ എന്റെ കാര്യം കോഞ്ഞാട്ടയാവും