Sunday, December 21, 2008

34.മരണത്തിനൊരു സല്യുട്ട്..

രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചു നോക്കി.. പ്രീഡിഗ്രീ തോറ്റു ഐ.ടി.ഐ.യും കഴിഞ്ഞശേഷം തുടങ്ങിയ കലാപരിപാടില്‍പ്പെടുന്ന ഒന്നാണ് കാലത്തെയുള്ള പത്രപാരായണം.. അത്രെയും നേരം അടുക്കളയില്‍ ശല്യം ചെയ്യില്ല എന്ന അമ്മച്ചിയുടെ ആശ്വാസം പറച്ചില്‍ പലപ്പോഴും കേട്ടിട്ടുണ്ട്..

പത്രത്തില്‍ തൊഴില്‍വാര്‍ത്തയും കായികവാര്‍ത്തകളും മാത്രമെ നോക്കാറുള്ളൂ.ഷക്കീല പടത്തിന്‍റെ പരസ്യം നോക്കിയാലും രാഷ്ട്രീയ വാര്‍ത്തകള്‍ വായിക്കരുതെന്ന അപ്പച്ചന്‍റെ കര്‍ശനനിയന്ത്രണം മൂലം രാഷ്ട്രീയ വാര്‍ത്തകള്‍ ഒന്നും വായിക്കാറില്ല. അതുകൊണ്ട് തന്നെ പിണങ്ങാറായി സഖാവോ, അച്ചുമാമനോ കൊടിയിറക്കിയ സഖാവോ ഒന്നും സ്വപ്നത്തില്‍ വന്നു പേടിപ്പിക്കാറില്ല..

പലപ്പോഴും ചിന്തിക്കാറുണ്ട്.. ഈ രാഷ്ട്രീയക്കാര്‍ തങ്ങള്‍ കാണിക്കുന്നതെന്തും വായിക്കാനുംഅറിയാനും ആളുകള്‍ക്ക് താല്‍പര്യം ഉണ്ടെന്നറിയാവുന്നതു കൊണ്ടാണോ ഈ ചവിട്ടുനാടകങ്ങള്‍ കാണിക്കുന്നത്.. വീണ്ടും പത്രത്തിന്‍റെ ഓരോ പേജുകളില്‍ കണ്ണോടിച്ചു.. യാദൃശ്ചികമായി പേജിന്‍റെ വലത്തേ മൂലയില്‍കിടന്ന ഒരു വാര്‍ത്ത‍ കണ്ണില്‍പെട്ടു.

" കോട്ടയം: കുറുപ്പുംതറ സ്വദേശി റോയി (29 വയസ്സ് ) ട്രെയിനിന്‍റെ മുമ്പില്‍ ചാടി ജീവനൊടുക്കി. ഒമാനില്‍ ജോലിയുണ്ടായിരുന്ന റോയി കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കന്യാകുമാരി എക്പ്രേസ്സിന്‍റെ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.ട്രെയിനിന്‍റെ മുമ്പിലേക്ക് സല്യൂട്ട് ചെയ്തു എടുത്തു ചാടിയ ഇയാളെ ആര്‍ക്കും രക്ഷിക്കാനാവുന്നതിനു മുമ്പെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.. ഒമാന്‍ മിനിസ്ട്രിയില്‍ ജോലിചെയ്യുന്ന സിസിലിയാണ് ഭാര്യ. പരേതനു കുട്ടികളില്ല.."

ആദ്യം ഒന്നു ഞെട്ടി.. ട്രെയിനിനു മുമ്പില്‍ എടുത്തിചാടി ആത്മഹത്യ ഒരു പുതുമയല്ല.. പക്ഷെ സല്യൂട്ട് ചെയ്തുകൊണ്ട് ചാടിയെന്നോ.. പേരും മറ്റും ഒന്നുകൂടി നോക്കി..കര്‍ത്താവേ ഇതു റോയിച്ചന്‍ അല്ലെ... വേഗം എഴുന്നേറ്റ് ഫോണിരിക്കുന്ന മുറിയിലേക്കോടി.

അമ്മച്ചി അവിടെ ഫോണ്‍ പിടിച്ചുകൊണ്ടു നില്‍പ്പുണ്ട്‌..

"അമ്മച്ചി.... റോയിച്ചന്‍.."

"അവന്‍ പോയി........."

അമ്മച്ചി അടുത്തുള്ള കസേരയിലെക്കിരുന്നു..ഞാന്‍ അടുത്ത് ചെന്നു അമ്മച്ചിയുടെ തോളില്‍ പിടിച്ചു..ഒരു നിമിഷം റോയിച്ചനെകുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തി..

അപ്പച്ചന്‍റെ ഏതോ വിദൂരബന്ധത്തിലുള്ള ഒരാളാണ് റോയിച്ചന്‍..
റോയിച്ചന്‍റെ ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചത് കൊണ്ടു കുറെനാള്‍ ഇവിടെ വന്നു താമസിച്ചു പഠിച്ചിട്ടുണ്ട്.. പഠനത്തില്‍ മിടുക്കനായിരുന്നു.പത്താം തരത്തില്‍ ഏഴാം റാങ്ക് വാങ്ങിയപ്പോള്‍ പത്രക്കാര്‍ വന്നതും മറ്റും ഇന്നും ഓര്‍മയുണ്ട്.അന്നിവിടെ താമസിച്ചായിരുന്നു പഠനം.പക്ഷെ ഇടയ്ക്കെപ്പോഴോ എന്തോ കാരണം പറഞ്ഞു ഇവിടെനിന്നുള്ള പഠനം നിര്‍ത്തി..ഒപ്പം ഇവിടെയ്ക്കുള്ള വരവും.


പിന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ആണ്.. ഒരു മഴയുള്ള രാത്രി.. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് വാതില്‍ തുറന്നു നോക്കിയത്..
റോയിച്ചന്‍ ആയിരുന്നു അത്..

"എടാ ഒരു തോര്‍ത്ത്‌ താ.. ഈ തലയൊന്നു തോര്‍ത്തട്ടെ.."

വന്നപാടെ തോര്‍ത്തു ചോദിച്ചു,.ഞാന്‍ തോര്‍ത്ത്‌ കൊടുത്തു..

"റോയിച്ചന്‍ എന്താ ഇപ്പോള്‍..."

"എന്താടാ ഇപ്പോള്‍ വരാന്‍ പറ്റത്തില്ലേ.. എന്‍റെ മനസ്സമ്മതം അടുത്ത ആഴ്ചയാ.. അത് പറയാനാ വന്നത്.."

ഞാന്‍ കൌതുകത്തോടെ നോക്കി..

"എടാ പെണ്ണ് ഒമാനിലാ..നേഴ്സ്..അപ്പോള്‍ ഞാനും കെട്ട് കഴിഞ്ഞാല്‍ അടുത്താല്‍ വിമാനത്തില്‍ പറക്കും.."

റോയിച്ചന്‍ വളരെ ഉത്സാഹത്തില്‍ ആയിരുന്നു.പിന്നെ റോയിച്ചനെ കാണുന്നത് കെട്ട് കഴിഞ്ഞു നാലുമാസമായപ്പോള്‍ ആയിരുന്നു.
അന്ന് അപ്പച്ചനും അമ്മച്ചിയും പള്ളിയില്‍ പോയിരിക്കുകായിരുന്നു.. ഒരു ഞായറാഴ്ച്ച.

വന്നപ്പോള്‍ തന്നോടു തീപ്പെട്ടി ആവശ്യപ്പെട്ടു..

"എന്താ അച്ചായ..?"

ഞാന്‍ അല്പം പേടിയോടെ ചോദിച്ചു..കാരണം റോയിച്ചന്‍ പുകവലിഉള്ള ആളല്ല എന്നറിയാമായിരുന്നു..

"എടാ.. ഞാന്‍ ഇപ്പോള്‍ തുടങ്ങി...ഇതു വെറും പുകയല്ല..ഇവനിലൂടെ ഞാന്‍ എന്‍റെ ദുഖങ്ങളെ ഊതി പറപ്പിക്കുകയാ.......ശൂ .ശൂ..അങ്ങനെ പറന്നങ്ങ് പോവും.. ഈ പുകയിലൂടെ എന്‍റെ ആത്മാവിനെ അങ്ങനെ പറപ്പിക്കാമോ എന്ന് നോക്കുകയാണ്... നീ നോക്കിക്കേ.. പോകുന്നുണ്ടോ..?"

എനിക്കൊന്നും മനസ്സിലായില്ല..അല്ലെങ്കിലും റോയിച്ചന്‍റെ ചിന്തകളും ആശയങ്ങളും എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതിന്‍റെ അപ്പുറത്തായിരുന്നല്ലോ..

"എടാ നീ നോക്കിക്കോ.. ഞാന്‍ ഇങ്ങനെ എന്‍റെ വിഷമങ്ങളെയും ആത്മാവിനെയും ഈ പുകയിലൂടെ ഊതിവിടും..ഇങ്ങനെ അത് പറന്ന് പറന്ന് നടക്കും.. പിന്നെ ഇങ്ങനെ താഴെ നിശ്ചലമായി കിടക്കുന്ന എന്‍റെ ശവത്തിനെ സല്യൂട്ട് ചെയ്തു അങ്ങനെ പറന്ന് പോവും..അറിയാമോ.."

പിന്നെയും റോയിച്ചന്‍ എന്തെക്കൊയോ പറഞ്ഞുകൊണ്ടിരുന്നു..

"റോയിച്ചാ എനിക്കൊന്നും മനസ്സിലാവുന്നില്ല.."

ഞാന്‍ സത്യം തുറന്നു പറഞ്ഞു,,

"എടാ അലക്സേ .. നീ മുറ്റത്തേക്ക്‌ നോക്കിക്കേ...അവിടെ ഒരു വെട്ടികളഞ്ഞ കാപ്പിമരത്തിന്‍റെ കുറ്റി കണ്ടില്ലേ... നോക്കൂ.."

ഞാന്‍ വെളിയിലേക്ക് നോക്കി...

"കണ്ടോ...അതിലൊരു നഗ്നയായ സ്ത്രീ രൂപം കാണുന്നില്ലേ.ഇല്ലേ."

ഞാന്‍ ഒന്നും കണ്ടില്ല..പിന്നെയും ഏറെ നേരം റോയിച്ചന്‍ ആ സ്ത്രീ രൂപത്തെയും അവളുടെ സൌന്ദര്യത്തെയും പറ്റി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു..അവസാനം റോയിച്ചന്‍റെ സമാധാനത്തിനു വേണ്ടി ഞാന്‍ സമ്മതിച്ചു.മുറ്റത്തെ കുറ്റിയില്‍ സ്ത്രീരൂപം ഉണ്ടെന്നു പറഞ്ഞു..പെട്ടെന്ന് എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് റോയിച്ചന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു..

"എടാ ഇതു പോലെ എന്‍റെ ഭാര്യ എന്നെ നായ എന്ന് വിളിക്കാറുണ്ട് .. ഞാന്‍ നന്ദിയില്ലാത്ത നായ ആണത്രേ...അവസാനം നീ എന്‍റെ സമാധാനത്തിനു അവിടെ സ്ത്രീ രൂപം ഉണ്ടെന്നു സമ്മതിച്ചപോലെ ഞാനും അവളുടെ സമാധാനത്തിനു വേണ്ടി നായയാണെന്നു സമ്മതിക്കാറുണ്ട്.. പക്ഷെ എനിക്ക് കൊരയ്ക്കാനവില്ലെടാ.കൊരയ്ക്കാനവില്ലാ.. ഇനി വാലാട്ടാനാവില്ല.."

പിന്നെയും റോയിച്ചന്‍ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
പക്ഷെ അമ്മച്ചിയും അപ്പച്ചനും പള്ളിയില്‍ നിന്നു വരുന്നതിനു മുമ്പെ റോയിച്ചന്‍ പോയി..വഴിയില്‍ അമ്മച്ചിയെ കണ്ടിരുന്നുന്നെന്നു അമ്മച്ചി പറഞ്ഞു ഞാന്‍ അറിഞ്ഞു.പക്ഷെ റോയിച്ചന്‍ ഇവിടെ വന്നിരുന്നുവെന്ന് എന്തുകൊണ്ടോ എനിക്ക് പറയാന്‍ തോന്നിയില്ല..

"എടാ ഞാന്‍ റോയിച്ചനെ കണ്ടിരുന്നു,..വഴിയില്‍ വെച്ച്.. നിന്നോട് എന്തോ വാങ്ങി വെയ്കാന്‍ പറഞ്ഞു...അവന്‍ ഇനിയും ഈ ആഴ്ചയില്‍ വരുന്നുണ്ടത്രേ..."

അമ്മച്ചി പറഞപ്പോള്‍ എന്താണ് കാര്യമെന്ന് അറിഞ്ഞില്ല..പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ റോയിച്ചന്‍ വിളിച്ചു..

"എടാ..നീ വാങ്ങിയോ..."

എന്തിനെ പറ്റിയാ ചോദിക്കുന്നതെന്ന് മനസ്സിലായില്ല..

"എന്താ റോയിച്ചാ... എനിക്കൊന്നും മനസ്സിലായില്ല.."

ഞാന്‍ തുറന്നു പറഞ്ഞു..

"എടാ.. ചുമ്മതാ.. നിന്നെയൊന്നു പറ്റിക്കാന്‍ പറഞ്ഞതാ..പിന്നെ ഒരു കാര്യം പറയട്ടെ..പുകയിലൂടെ ആത്മാവിനെ ഊതി വിടാന്‍ പറ്റുമത്രേ.... ആത്മാവിനെ ഊതിവിട്ടു മരണത്തെ സല്യുട്ട് അടിച്ചൊരു യാത്ര..കൊള്ളാം അല്ലെ..."

എനിക്കൊന്നും മനസ്സിലായില്ല.പക്ഷെ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..മരണത്തിലും ആര്‍ക്കും റോയിച്ചനെ മനസ്സിലാക്കാനായില്ല..

അന്ന് അമ്മച്ചിയോട്‌ വാങ്ങിവയ്ക്കാന്‍ ആവശ്യപ്പെട്ടത് ...ഇനി ആ ശവത്തില്‍ ചാര്‍ത്താന്‍ ഒരു പനിനീര്‍ പുഷ്പമാണോ.......? മരണത്തിലും ആര്‍ക്കും മനസ്സിലാക്കുവാനാകാതെ ഒരുപിടി സംശയങ്ങള്‍ അവശേഷിപ്പിച്ചൊരു മരണം..

ആത്മാവിനെ പുകയിലൂടെ ഊതിവിട്ട റോയിച്ചനു വേണ്ടി ഒരു പനിനീര്‍ പുഷ്പം സമര്‍പ്പിക്കട്ടെ..

11 comments:

ദീപക് രാജ്|Deepak Raj said...

എനിക്കൊന്നും മനസ്സിലായില്ല.പക്ഷെ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..മരണത്തിലും ആര്‍ക്കും റോയിച്ചനെ മനസ്സിലാക്കാനായില്ല..

അന്ന് അമ്മച്ചിയോട്‌ വാങ്ങിവയ്ക്കാന്‍ ആവശ്യപ്പെട്ടത് ...ഇനി ആ ശവത്തില്‍ ചാര്‍ത്താന്‍ ഒരു പനിനീര്‍ പുഷ്പമാണോ.......? മരണത്തിലും ആര്‍ക്കും മനസ്സിലാക്കുവാനാകാതെ ഒരുപിടി സംശയങ്ങള്‍ അവശേഷിപ്പിച്ചൊരു മരണം..

ആത്മാവിനെ പുകയിലൂടെ ഊതിവിട്ട റോയിച്ചനു വേണ്ടി ഒരു പനിനീര്‍ പുഷ്പം സമര്‍പ്പിക്കട്ടെ..

ജിജ സുബ്രഹ്മണ്യൻ said...

ശരിക്കും അന്വേഷിക്കാതെ വിവാഹം നടത്തി,മറ്റു നാടുകളിൽ ചെന്ന ശേഷം ഭാര്യയുടെ ആട്ടും തുപ്പും ഏറ്റ് ജീവിതം വേസ്റ്റ് ആയ ഒത്തിരി ചെറുപ്പക്കാരുടെ കഥകൾ ഇപ്പോൾ കേൾക്കുന്നുണ്ട്.പക്ഷേ പുകഞ്ഞ കൊള്ളി പുറത്ത് എന്നു കരുതിയാൽ പോരായിരുന്നോ റോയിച്ചൻ ? ജീവിതം അമൂല്യമായിരുന്നല്ലോ.അതു നശിപ്പിക്കരുതായിരുനു.എന്തായാലും വളരെ കഷ്ടമായി.

മാണിക്യം said...

കഥയാണെങ്കിലും കാര്യമാണെങ്കിലും,നായകന്‍ റോയിച്ചന്‍റെ ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചത് കൊണ്ടു വളരെ അധികം മാനസീക പിരിമുറുക്കം അനുഭവിച്ചാകും വളര്‍ന്നത് ആണ്‍കുട്ടിക്ക് ഒരു പിതാവിന്റെ മാര്‍ഗനിര്‍ദേശം അഥവാ കൂട്ട്
പില്‍ക്കാല ജീവിതത്തിന്റെ അടിത്തറയും ആത്മബലവും ആണ് .ധൈര്യം തന്റേടം എത് അത്യാപത്തും നേരിടാനുള്ള ചങ്കൂറ്റം ഒക്കെ കിട്ടും അച്ഛന്റെ കൈപിടിച്ചു വളരുന്ന കുട്ടിക്ക്, നിര്‍ഭാഗ്യവശാല്‍ ഇവീടെ റോയിച്ചന് ആ താങ്ങ് തലോടല്‍ ഇല്ലാണ്ടായി ..അപ്പോള്‍ പ്രതിസന്ധി തരണം ചെയ്യാന്‍ ആത്മസംഘര്‍‌ഷം വന്നപ്പൊള്‍ നിസ്സാഹായനായ റോയിച്ചന്‍ ജീവിതത്തോട് തന്നെ സല്യൂട്ടടിച്ചു.. ഭാര്യ ഉദ്യോഗസ്ഥയാവാം ധനം സമ്പാതിക്കുന്നുണ്ടാവാം പക്ഷെ ഭര്‍ത്താവിന്റെ പൌരുഷം ചോദ്യം ചെയ്യും വിധം സംസാരിക്കരുത് പ്രവര്‍ത്തിക്കരുത് താങ്ങാനാവില്ല ഒരുവനും അതാണ് റോയിച്ചനും പറ്റിയത്...
ദീപക് മനസ്സില്‍ നീറ്റലുണര്‍ത്തി ഈ കഥ.....

smitha adharsh said...

കഥ ഇഷ്ടപ്പെട്ടു.റോയിച്ചന്‍ എന്തിനാ അങ്ങനെ ചെയ്തത്?വേണ്ടായിരുന്നു..ജീവിതം മടുത്തിരിക്കും അല്ലെ?

mads said...

എന്ത് പറയാനാ!!! അത്രേം വിഷമം ഉണ്ടാവുമ്പോള്‍ ഒന്ന് വിളിക്കംയിരുന്നില്ലേ റോയിച്ചാ

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

“അത്രേം വിഷമം ഉണ്ടാവുമ്പോള്‍ ഒന്ന് വിളിക്കംയിരുന്നില്ലേ റോയിച്ചാ?” --- എന്ന ചോദ്യം അര്‍ത്ഥവത്താണ്.

ആത്മഹത്യ ചെയ്യാന്‍ എല്ലാ തയ്യാറെടുപ്പും നടത്തിയ ഒരു സ്നേഹിതനും, ഞാന്‍ ഇതുവരെ നേരില്‍ക്കണ്ടിട്ടില്ലാത്ത ഒരു പരിചയക്കാരനും എന്റെ സമയോചിതമായ ഇടപെടലും ഉപദേശവും കാരണം ആ ദുഷ്ചിന്ത ഉപേക്ഷിച്ചു എന്ന് ഓര്‍ക്കുമ്പോള്‍ എനിക്ക് അതുല്യമായ സംതൃപ്തിയാണ്. രണ്ടുപേരും യാത്രപറയാന്‍ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ഒരാള്‍ ഭാര്യയുടെ അവമതിപ്പ് കാരണവും അപരന്‍ കാമുകിയുടെ ചതി കാരണവും.

വ്യക്തി അയാളുടേ മനസ്സില്‍ ഇടം നേടിയവരോട് മനസ്സു തുറന്ന് സംസാരിച്ചാ‍ല്‍ മിക്ക ആത്മഹത്യാ ശ്രമങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ കഴിയും എന്നാണ് എന്റെ അനുഭവം.

റോയ്ചന്റെ ഓര്‍മ്മയ്ക്ക് എന്റെ ബഷ്പാഞ്ജലി)

അനില്‍@ബ്ലോഗ് // anil said...

ദീപക് രാജെ,
ഈ വാര്‍ത്ത ഞാന്‍ വായിച്ചിരുന്നു.

കുറച്ചുനേരം സാദ്ധ്യതകളെപ്പറ്റി ആലോചിച്ചിരിക്കുകയും ചെയ്തു.

സാങ്കല്‍പ്പികമാണോ, യാഥാര്‍ത്ഥ്യമാണോ‍ എന്നു തീര്‍ച്ചയില്ലെങ്കിലും, ഇവിടെ ആരെയും കുറ്റം പറയാനാവില്ല. കഞ്ചാവാണ് വില്ലന്‍.

ഓഫ്ഫ്:
സ്വയം മരിക്കുന്നവരോട് എനിക്ക് ബഹുമാനമാണ്, അതോ അസൂയയോ.

നവരുചിയന്‍ said...

എന്നാലും എന്തിനായിരിക്കും പുള്ളി ട്രെയിന്‍ ചേട്ടന് സല്യൂട്ട് അടിച്ചത് ???

ദീപക് രാജ്|Deepak Raj said...

പ്രിയ കാ‍ന്താരികുട്ടി..

സത്യം അതാണെന്ന് പിന്നീട് അറിഞ്ഞു.. എന്ത് ചെയ്യാം.
നന്ദി..വീണ്ടും വരിക..

പ്രിയ മാണിക്യം.

അതൊരു വലിയ ഘടകം ആണ്.. പിതാവിന്‍റെ സാമീപ്യം ആണ്‍കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ നിര്‍ണായക പങ്കു വഹിക്കാറുണ്ട്. അതിന്‍റെ അഭവമാവാം ഒരു പക്ഷെ മരണകാരണം. നന്ദി... വീണ്ടും വരണം.

പ്രിയ സ്മിത ആദര്‍ശ്.

ഒരു പ്രത്യേക സാഹചര്യത്തില്‍ എടുക്കുന്ന ഒരുതീരുമാനം. അതെ പറയാനാവൂ. ഒരു പക്ഷെ മാണിക്യം ചേച്ചി പറഞ്ഞ പോലെ അച്ഛനില്ലാത്ത ഒരവസ്ഥയില്‍ നിന്നു വന്ന ചില പ്രശ്നങ്ങള്‍.. അല്ലെങ്കില്‍ പ്രശ്നങ്ങളെ നേരിടാന്‍ ഉള്ള ഒരു കഴിവ്കേട്.. എന്തായാലും എന്നും നീറ്റല്‍ ഉണ്ടാക്കുന്ന ചില ഓര്‍മ്മകള്‍ ആണിവ.

നന്ദി...വീണ്ടും വരണം

പ്രിയ മാട്സ്

അതെ... വിളിക്കണമായിരുന്നു..
വീണ്ടും വരണം.. നന്ദി..

പ്രിയ ശിവേട്ടാ..

സത്യത്തില്‍ ഒരു സുഹൃത്തിന്‍റെ സമയോചിതയ്മായ ഇടപെടലുകള്‍ ,ആശ്വാസവാക്ക് ആത്മഹത്യയെ തടയാനാകും.. കാരണം ആരോടും ദുഃഖം പങ്കു വെയ്ക്കാനാവാതെ മരണത്തില്‍ മുഖം ഒളിക്കുന്നവര്‍ ഒരു പക്ഷെ ഒരു താങ്ങ് അല്ലെങ്കില്‍ ഒരു അനുകമ്പയുള്ള വാക്കിനാല്‍ തീരുമാനം മാറ്റും (മിക്കവാറും ) എന്നതാണ് സത്യം... പക്ഷെ സ്വയം സൃഷ്ടിക്കുന്ന ഏകാന്തത പലപ്പോഴും മരണകാരണം ആവും എന്നതാണ് സത്യം ..

വീണ്ടും വരണേ.. നന്ദി...

പ്രിയ അനില്‍ @ബ്ലോഗ്

അതും സത്യം.. വിഷമം മാറാന്‍ കഞ്ചാവിനെ കൂട്ട് പിടിക്കുക എന്നത് പലപ്പോഴും മരണത്തിലോട്ടുള്ള വഴിയാവാറുണ്ട്.. കഞ്ചാവ് സത്യവും മിഥ്യയും വേര്‍തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെടുത്തും..
വീണ്ടും വരണം..നന്ദി...
ഓഫിനു മറുപടി... മരിക്കാന്‍ ധൈര്യം വേണോ....അതോ ജീവിക്കാനാണോ ധൈര്യം വേണ്ടത്.. ??

പ്രിയ നവരുചിയന്‍..

നല്ലൊരു ചോദ്യം... മറുപടി തരാന്‍ റോയിച്ചന്‍ ഇല്ല.. എന്‍റെ അനുമാനം നിത്യവും ഉള്ള അവഹേളനം മടുത്ത റോയിച്ചന്‍ ഒരു പക്ഷെ തനിക്ക് മുക്തി തരാനുള്ള ദൂതനായി കണ്ടത് ട്രെയിനിനെ ആണെന്ന് തോന്നുന്നു..
നന്ദി ...വീണ്ടും വരിക..

Rini said...

ingane onnum kadha ezhutharuthu ketto.. enne pole ulavarkku marikkan thonnum...

ദീപക് രാജ്|Deepak Raj said...

പ്രിയ റിനിപോയറ്റെ

ചുമ്മാ അബദ്ധം കാണിക്കല്ലേ.. കഥ വായിച്ചെന്നു കരുതി മരിക്കാന്‍ കൊള്ളാമോ.. ഇനിയും എന്‍റെ എത്രയോ കഥയ്ക്ക്‌ കമന്റ് എഴുതാന്‍ ഉള്ളതാ..

നന്ദി........വീണ്ടും വരിക..
ദീപക് രാജ്