Thursday, March 12, 2009

58.അല്പന് അമ്പത് കമന്റ് കിട്ടിയാല്‍ പട്ടാപ്പകലും അതൊരു പോസ്റ്റ് ആക്കും.

എന്റെ പ്രിയവായനക്കാരെ,

ചരിത്രത്തില്‍ ആദ്യമായി, ആദ്യമായി എന്ന് പറഞ്ഞാല്‍ ഞാന്‍ ബ്ലോഗ് എഴുതിത്തുടങ്ങിയിട്ടു അഞ്ചു കൊല്ലമൊന്നുമായിട്ടില്ല.കേവലം ആറുമാസം അഥവാ അരകൊല്ലം. അപ്പോള്‍ ആ ചരിത്രത്തില്‍ ആദ്യമായി എന്റെ ഒരു പോസ്റ്റിനു അമ്പത് കമന്റുകള്‍ കിട്ടിയിരിക്കുകയാണ്. അതായത് കമന്റുകള്‍ അര്‍ദ്ധ സെഞ്ചുറി തികച്ചിരിക്കുകയാണ്.ബൂലോകത്ത് അമ്പതോ നൂറോ അല്ല നാനൂറും അഞ്ഞൂറും കമന്റുകള്‍ വീഴുമ്പോള്‍ അമ്പതു പോസ്റ്റ് വീണപ്പോള്‍ ദീപക് അല്പത്തരം അല്ലെ കാണിക്കുന്നത് എന്ന് ചോദിച്ചാല്‍ പണക്കാരന്‍ റോള്‍സ് റോയിസ് കാറ് വാങ്ങുമ്പോള്‍ ആഹ്ലാദിക്കുന്നത് പോലെ പാവപ്പെട്ടവന് സൈക്കിള്‍ കിട്ടിയാലും ആഹ്ലാദം വരും.

ഇതിനിടയില്‍ എന്റെ അമ്പതാം പോസ്റ്റിനു കമന്റ് ഇട്ടവരേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഇതൊക്കെ സാമ്പത്തിക മാന്ദ്യം പോലെ ആശയ ദാരിദ്ര്യം ഉള്ളപ്പോള്‍ ഉണ്ടാവുന്ന നമ്പര്‍ അല്ലെ എന്ന് സംശയിക്കുന്നവരോട്, അതെ അതും നേരുതന്നെ.ആശയ ദാരിദ്ര്യം സാമ്പത്തിക മാന്ദ്യം പോലെ കടന്നുകൂടി തന്റെ നീരാളി പിടിത്തം നടത്തിയിരിക്കുന്നു.
അതുകൊണ്ട് പഴയതുപോലെ ഒരു ഗുമ്മില്ല.

എന്റെ ഈ ചെറിയ സന്തോഷത്തില്‍ നിങ്ങള്‍ ഏവരും പങ്കാളികള്‍ ആവണമെന്ന് താഴ്മയോടെ അപേക്ഷിച്ച് കൊള്ളുന്നു.എനിക്ക് നിങ്ങളില്ലാതെ എന്ത് ആഘോഷം.

സ്നേഹത്തോടെ
(ദീപക് രാജ്)

26 comments:

ഏ.ആര്‍. നജീം said...

!!! ((((ഠോ))))) !!!

ഈ തേങ്ങയുടയ്ക്കല്‍ ശബ്ദമില്ലേ, അത് ഐശ്വര്യത്തിന്റെ സൈറണ്‍ മുഴങ്ങിയതാട്ടൊ...

നോക്കിക്കോ.. ഈ അമ്പത് എല്ലാം നൂറിലേക്ക് അധികം താമസിക്കാതെ നൂറില്‍ എത്തും ...

നൂറു പോസ്റ്റ് .! നൂറ് കമന്റ്.!

അപ്പോഴും ഈ പാവങ്ങളെ ഒന്നും മറക്കരുത് കേട്ടോ...

ആശംസകള്‍...

ശ്രീ said...

ആശംസകള്‍, ദീപക്.

കമന്റുകള്‍ പ്രചോദനം തന്നെയാണ് എന്നതില്‍ തര്‍ക്കമില്ല. പക്ഷേ, കമന്റിനു വേണ്ടിയാണ് എഴുതുന്നത് എന്നാകരുതെന്നു മാത്രം. പോസ്റ്റ് വായനക്കാര്‍ക്ക് ഇഷ്ടമായാല്‍ കമന്റുകളും വന്നു കൊള്ളും.
:)

ജോ l JOE said...

ആദ്യരാത്രി ഇപ്പോഴും ഹിറ്റാണല്ലോ....!!!!!!!!!!!

ചാണക്യന്‍ said...

ആശംസകള്‍....ദീപക്...

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍ കൂട്ടുകാരാ..

മാണിക്യം said...

പോങ്ങുമ്മൂടന്‍
പണ്ട് ഒരു മാജിക്ക് കാണിച്ചു
26 കമന്റിനെ 52 ആക്കുന്ന മാജിക്
അതു കണ്ടില്ലേ?
[ആദ്യരാത്രിയില്‍ പത്ത് കമന്റ്റ് ദീപകിന്റെത്]
Quantity അല്ലാ Quality നോക്ക്
അതായിരിക്കട്ടെ മാനദണ്ഡം ..

ഞാന്‍ വാ പോയ കോടാലി പോലെ കമന്റിട്ടു കോപിക്കല്ലെ എന്റെ തല ഇല്ലങ്കില്‍ എന്നെ കാണാന്‍ മഹാ വൃത്തികേടാ.


സമയം കിട്ടിയാല്‍ വായിക്ക് നല്ല പോസ്റ്റ്!!
http://darppanam.blogspot.com/2009/03/1.html

നീര്‍വിളാകന്‍ said...

എന്നാല്‍ പിന്നെ എന്റെ വക ഒരു തേങ്ങാ കൂടി അടിച്ചേക്കാം.....

(((((ഠോ))))))))

നിരക്ഷരൻ said...

ദീപക്ക്...

സന്തോഷത്തില്‍ പങ്കുചേരുന്നു. അതോടൊപ്പം കുറേ കാര്യങ്ങള്‍ പറയട്ടെ. വിഷമിപ്പിക്കാനല്ല, വിമര്‍ശനവുമല്ല. എന്റെ അനുഭവത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ചില കാര്യങ്ങള്‍ പറയുന്നെന്ന് മാത്രം.

കമന്റുകള്‍ എണ്ണുമ്പോള്‍ ദീപക്ക് ഇട്ട കമന്റുകളും, നന്ദി കമന്റുകളും ഒഴിവാക്കി എണ്ണണം. എന്നിട്ട് 50 ആയോ എന്ന് നോക്കണം :)

ഞാനും കമന്റുകള്‍ എണ്ണുമായിരുന്നു ഒരുകാലത്ത്. 50 കമന്റൊക്കെ കിട്ടിയപ്പോള്‍ സന്തോഷിച്ചിട്ടുമുണ്ട്. ഇപ്പോള്‍ പക്ഷെ ആ‍ അവസ്ഥ മാറി. 10 കമന്റ് കിട്ടിയാല്‍ അതിനേക്കാള്‍ സന്തോഷമാണിപ്പോള്‍. കമന്റ് കിട്ടിയതിന്റെയല്ല. നമ്മുടെ പോസ്റ്റ് വാ‍യനക്കാര്‍ കണ്ടല്ലോ എന്നതിന്റെ സന്തോഷം, അഗ്രഗേറ്ററില്‍ പോസ്റ്റ് വന്നല്ലോ എന്നതിന്റെ സന്തോഷം, കമന്റിട്ടില്ലെങ്കിലും മറ്റുപലരും പോസ്റ്റ് വായിച്ച് കാണുമല്ലോ എന്നതിന്റെ സന്തോഷം.

കമന്റുകളെപ്പറ്റി എന്റെ ഒരു കാഴ്ച്ചപ്പാട് ഇതാണ്.

1.ഒരു പോസ്റ്റ് ശരിക്കും ആസ്വദിച്ച് വായിച്ച് അതിന്റെ അഭിപ്രായം എന്ന രീതിയില്‍ കമന്റ് വായനക്കാരന്‍ ഇട്ടെന്ന് വരാം.

2.നമ്മള്‍ക്ക് വ്യക്തിപരമായി നല്ല അടുപ്പം(ബൂലോകത്തൂടെയോ, അല്ലാതെയോ)ഉള്ള ഒരാളുടെ ഒരു പോസ്റ്റിന് ആ പോസ്റ്റ് അത്ര മികച്ചതൊന്നുമല്ലെങ്കിലും വായനക്കാരന്‍ കമന്റ് ഇട്ടെന്ന് വരാം. അതൊരു സൌഹൃദത്തിന്റെ, മനസ്സുകൊണ്ടുള്ള അടുപ്പത്തിന്റെ ഒരു പ്രതീകമായി വേണമെങ്കില്‍ കാ‍ണാം.

3.പുറം ചൊറിയല്‍ എന്ന് പറയപ്പെടുന്ന ഒരു സംഭവത്തിന്റെ ഭാഗമായി കമന്റ് ഇട്ടെന്ന് വരാം. പക്ഷെ അതിന്റെ മനശാസ്ത്രം എനിക്ക് ശരിക്കങ്ങ് മനസ്സിലായിട്ടില്ല ഇതുവരെ. നമ്മുടെ പുറം ചൊറിയുന്നവര്‍ ആരെങ്കിലും ഇലക്ഷന് നില്‍ക്കുന്നുണ്ടോ ? പിന്നെന്തിന് അവര്‍ നമ്മളുടെ പുറം ചൊറിയണം? അതോ അവര്‍ക്ക് മറ്റെന്തെങ്കില്ലും ലക്ഷ്യമുണ്ടോ ? ഒരിക്കലും കാണാത്തവര്‍, കാ‍തങ്ങള്‍ക്കപ്പുറത്തിരിക്കുന്നവര്‍, അവരുടെ ബ്ലോഗില്‍ (മറു)കമന്റ് കിട്ടുമെന്ന് കരുതി മാത്രം നമ്മുടെ പുറം ചൊറിയുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മള്‍ അവരുടെ പോസ്റ്റില്‍ തിരിഞ്ഞ് പോലും നോക്കിയില്ലെങ്കില്‍ അവര്‍ നമ്മുടെ പുറം ചൊറിഞ്ഞത് വേസ്റ്റായില്ലേ ? :) അപ്പോള്‍ അതിന്റെ പിന്നില്‍ എനിക്ക് മനസ്സിലാക്കാനാവാത്ത എന്തോ ഒരു സംഭവം ഉണ്ട്. അറിവുള്ളവര്‍ പറഞ്ഞ് തരിക. എന്തായാലും പുറം ചൊറിയല്‍ എന്ന ഒരു സംഭവം ഇല്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.എന്റെ പുറം ആരെങ്കിലും ചൊറിഞ്ഞിട്ടുണ്ടെങ്കില്‍ അവര്‍ നിരാശപ്പെടേണ്ടിവരും തീര്‍ച്ച. എന്റെ സൌഹൃദവലയത്തിനകത്തുണ്ടെന്ന് കാണിക്കാന്‍ വേണ്ടി കമന്റിടുന്നവര്‍ക്ക് അവര്‍ അങ്ങിനെ ചെയ്തില്ലെങ്കിലും ഞാനെന്റെ അളവില്ലാത്ത സൌഹൃദം വാഗ്ദാനം ചെയ്യുന്നു, മറുകമന്റ് വാഗ്ദാനം ചെയ്യുന്നില്ല.

4.എല്ലാ പോസ്റ്റുകളിലും പോയി കമന്റുകള്‍ ഇടേണ്ട ആവശ്യം എല്ലാ ബ്ലോഗര്‍മാര്‍ക്കും അവരുടെ തുടക്കക്കാലത്ത് ഉണ്ടെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. നമ്മള്‍ ബ്ലോഗാന്‍ തുടങ്ങുമ്പോള്‍, ‘ദാ ഞാന്‍ ഒരു കക്ക്ഷി കൂടെ ഈ ബൂലോകത്തുവന്നിട്ടുണ്ട്‘ എന്ന് മറ്റ് ബ്ലോഗേഴ്സിനെ അറിയിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണത്. ശരിക്കും ഒരു പരസ്യതന്ത്രമാണത്. ഞാനുമത് പയറ്റിയിട്ടുള്ളവനാണ്. അഗ്രഗേറ്ററൊന്നും സ്ഥിരമായി നോക്കാത്ത പല ബ്ലോഗേഴ്സിനും പുതിയ ബ്ലോഗേഴ്സിനെപ്പറ്റി മനസ്സിലാക്കാന്‍ ആ കമന്റ് നിക്ഷേപിക്കല്‍ പരിപാടി സഹായിക്കും. കുറച്ചുകാലത്തിനുശേഷം ആ പരിപാടി കുറച്ചുകുറച്ചുകൊണ്ടുവരാവുന്നതാണ്. ഇതിനകം നമ്മെപ്പറ്റി നമ്മുടെ ബ്ലോഗിനെപ്പറ്റി അറിഞ്ഞവര്‍, ആ ബ്ലോഗിനെ ഇഷ്ടപ്പെടുന്നവര്‍ എപ്പോഴെങ്കിലുമൊക്കെ സമയം കിട്ടുന്നതിനനുസരിച്ച് പോസ്റ്റുകളൊക്കെ വന്ന് വായിച്ചോളും. ഇഷ്ടമായെങ്കില്‍ കമന്റടിച്ചോളും. പരിചയപ്പെടുത്തലിന്റെ ആവശ്യം മാസത്തില്‍ ഒരു പോസ്റ്റെങ്കിലും ഇടുന്നവര്‍ക്ക് ആവശ്യമായി വരുന്നുണ്ടെന്ന് തോന്നുന്നില്ല.

5.മറ്റൊരു കാര്യം കമന്റുകളെ സംബന്ധിച്ച് ഞാന്‍ ശ്രദ്ധിച്ചിട്ടുള്ളത്. നമ്മള്‍ ബ്ലോഗ് ചെയ്യാന്‍ തുടങ്ങിയ കാലഘട്ടത്തില്‍ ബ്ലോഗ് ആരംഭിച്ച മറ്റ് ചില ബ്ലോഗേഴ്സ്, നമ്മളുടെ പോസ്റ്റില്‍ ഇടുന്നതുപോലെ മറ്റ് പോസ്റ്റുകളില്‍ അതെത്ര നല്ല പോസ്റ്റായാലും കമന്റിട്ട് കാണാറില്ല. അതിന്റെ മനശാസ്ത്രം മുന്‍പ് ഞാന്‍ പറഞ്ഞതിലൊക്കെയുണ്ടെന്ന് തോന്നുന്നു. നിശബ്ദമാ‍യി വായിച്ചുപോകുന്ന സ്ഥിരവായനക്കാര്‍ നമ്മളില്‍ പലര്‍ക്കുമുണ്ടാകാം.

6. ജൂനിയര്‍ ബ്ലോഗേഴ്സ്,സീനിയര്‍ ബ്ലോഗേഴ്സ് എന്നൊരു തരം തിരിക്കല്‍ ബൂലോകത്തുള്ളതായി മനസ്സിലാക്കാ‍ന്‍ സാധിച്ചിട്ടുണ്ട്.(ഞാനതില്‍ വിശ്വസിക്കുന്നില്ലെന്ന് മാത്രമല്ല ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്നു. ആര് എന്ത് എഴുതുന്നു എന്നുള്ളതിലാണ് കാര്യം, ആയാള്‍ എന്ന് എഴുതിത്തുടങ്ങി എന്നതില്‍ ഒരു കാര്യവുമില്ല.)
ജൂനിയര്‍ ബ്ലോഗേഴ്സിന്റെ പോസ്റ്റില്‍ പോയി കമന്റിടുന്നത് മോശമാണോ എന്ന് സംശയിച്ച് മാറിനില്‍ക്കുന്ന സീനിയര്‍ ബ്ലോഗേഴ്സ് ഉണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് എന്റെ തോന്നല്‍ മാത്രമാണെങ്കില്‍, ഈ തോന്നല്‍ തെറ്റാണെങ്കില്‍ ബൂലോകര്‍ എന്നോട് പൊറുക്കരുത്, കല്ലെറിഞ്ഞോളൂ.

7.പോസ്റ്റില്‍ കമന്റ് ഇടാതെ അവരുടെ അഭിപ്രായങ്ങള്‍ നേരിട്ട് മെയില്‍ വഴി അറിയിക്കുന്ന ചില നല്ല വായനക്കാന്‍ എനിക്കുണ്ട്. ഒരു കമന്റുപോലെ അല്ലെങ്കില്‍ അതിനേക്കാള്‍ സുഖം തരുന്ന അഭിപ്രായങ്ങളാണ് അതൊക്കെ.

8. ഇത്രയൊക്കെ പറഞ്ഞെങ്കിലും കമന്റുകളെ ഞാനൊരിടത്തും തള്ളിപ്പറഞ്ഞിട്ടില്ലെന്ന് തന്നെ കരുതുന്നു. കമന്റുകള്‍ തന്നെയാണ് എല്ലാവരേയും വളര്‍ത്തിയിട്ടുള്ളത്. പത്ത് കമന്റുകളില്‍ ഒന്നെങ്കിലും ആ വളര്‍ച്ചയ്ക്ക് നമ്മെ സഹായിക്കാനുതകുന്ന തരത്തിലുള്ളതുതന്നെയായിരിക്കും. കമന്റിന്റെ എണ്ണത്തില്‍ കാര്യമില്ല. അതിനകത്തെന്തെങ്കിലും കഴമ്പുണ്ടോ, നമ്മുടെ തെറ്റുകള്‍ തിരുത്താന്‍, നമ്മുടെ വളര്‍ച്ചയെ സഹായിക്കാന്‍ അവ ഉതകുന്നുണ്ടോ എന്നതിലാണ് കാര്യം. ജയ് ഹോ കമന്റ്സ്.

ഒരു പോസ്റ്റ് ഇറക്കാനുള്ള അത്രയും കാര്യങ്ങള്‍ ഇവിടെ വന്ന് കമന്റാക്കി എഴുതിയതിന് ക്ഷമിക്കണം.ഇതെന്റെ ഒരു ശീലമാണ്, അല്ലെങ്കില്‍ ഒരു നിര്‍ബന്ധമാണ്.

കോഴിക്കോട് മിഠായിത്തെരുവിലോ, എറണാകുളത്ത് ബ്രോഡ് വേയിലോ, തിരുവനന്തപുരത്ത് പാളയം പള്ളീടെ മുന്നിലോ എന്റെ ബ്ലോഗ് പോസ്റ്റുകള്‍ പ്രിന്റ് എടുത്ത് നിരത്തിവെച്ചാല്‍, അത് കയ്യിലെടുത്ത് വായിക്കുന്ന ബൂലോകം എന്ന സംഭവത്തെപ്പറ്റി അറിയാത്ത, അവിടെത്തെ പ്രശ്നങ്ങളും, വളര്‍ച്ചയും, തളര്‍ച്ചയും, വിഷയങ്ങളും, ഒന്നും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു സാധാരണ വായനക്കാരന് മനസ്സിലാകുന്നത് മാത്രമേ എന്റെ ബ്ലോഗുകളില്‍ പോസ്റ്റാക്കി ഇടൂ എന്ന് ഈയിടെയായി‍ തുടങ്ങിയ ഒരു ശീലമാണ്. ബ്ലോഗിങ്ങിന്റെ ആദ്യകാലത്ത് ഭാഗികമായെങ്കിലും അത്തരത്തിലുള്ള ഒന്നുരണ്ട് പോസ്റ്റ് വന്നുപോയിട്ടുണ്ട്.തുടക്കകാലത്ത് സംഭവിച്ചതായതുകൊണ്ട് അതൊരു തെറ്റായിപ്പോയി എന്ന തോന്നലൊന്നും ഇപ്പോഴുമില്ല.

അപ്പോള്‍പ്പിന്നെ ഇത്തരം വിഷയങ്ങള്‍ ഇതുപോലെ ഏതെങ്കിലും ഒരു കമന്റുറയില്‍ ഒതുക്കും. നമ്മള്‍ക്ക് മനസ്സ് തുറക്കാന്‍ ഒരു അവസരമുണ്ടായാല്‍പ്പോരേ?

എന്റെ ഈ കമന്റ് എതെങ്കിലും തരത്തില്‍ വേദനിപ്പിച്ചിട്ടുണ്ടെന്ന്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നു. ഒരു സുഹൃത്തെന്നെ നിലയില്‍ ഇങ്ങനൊക്കെ ഇവിടെ എഴുതാനുള്ള സ്വാതന്ത്രമുണ്ടെന്ന് തോന്നലില്‍ നിന്നാണ് ഈ നീണ്ട കമന്റ് വന്നത്.

സന്തോഷത്തില്‍ ഒരിക്കല്‍ക്കൂടെ പങ്കുചേര്‍ന്നുകൊണ്ട്.

-നിരക്ഷരന്‍
(അന്നും, ഇന്നും, എപ്പോഴും)

Senu Eapen Thomas, Poovathoor said...

സാമ്പത്തിക മാന്ദ്യത്തിനിടയിലും അമ്പത്‌ കമന്റ്‌ കിട്ടിയല്ലോ. കൊള്ളാം. !!! ((((ഠോ))))) !!!

അഭിനന്ദനങ്ങള്‍.

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌.

Unknown said...

hi deepak. am happy to c ur articles. keep it up , as a hometown member am proud of u. I talked to my brother abt u this morning who is in Saudi arabia,(joseph Athirumkal).ok wish u all the best,
shyni

smitha adharsh said...

ഞാനും,സന്തോഷത്തില്‍ പങ്കു ചേരുന്നു..'ആദ്യരാത്രി' പോസ്റ്റ് കണ്ടിരുന്നില്ല,ഇങ്ങനെ ഒരു പോസ്റ്റ് കൊണ്ട്,നല്ലൊരു പോസ്റ്റ് വായിക്കാന്‍ പറ്റി.


നിരക്ഷരന്‍ ചേട്ടന്‍റെ കമന്റ് കലക്കിയല്ലോ...

poor-me/പാവം-ഞാന്‍ said...

മിത്രമെ,
തുല്ല്യ ദു:ഖിതന്റെ കണ്ണീരില്‍ കുതിര്‍ന്ന അഭിവാദനങള്‍്‌

Typist | എഴുത്തുകാരി said...

ആശംസകള്‍. അമ്പതു് നൂറായി ഉയരട്ടെ.

സുമയ്യ said...

ച്ലിം))))))))))....
ഉടക്കാനെറിഞ്ഞ തേങ്ങ ചളിയില്‍ വീണു..

എന്റെ എല്ലാ ആശംസകളും......

yousufpa said...

ഇണ്ണാക്കു മാഷ് കഴുക്കോല് എണ്ണിയതുപോലെ എണ്ണീന്ന് തോന്ന്‌ണു.
താനിട്ടതും കൂടി എണ്ണാതെ മാഷെ...

ആശംസകള്‍

ഉപ ബുദ്ധന്‍ said...

നീങ്ക കലക്ക് അണ്ണേ!!

nandakumar said...

നിരക്ഷരന്‍ പറഞ്ഞതിനോട് യോജിക്കുന്നു. (നിരൂ ആ 6മത്തെ പോയന്റിനു ഒരു ഷേക്ക് ഹാന്‍ഡ്)
ദീപക്കേ, കമന്റ് വരും പോകും കമന്റിനു പിന്നാലേ പോകേണ്ടതില്ല, കമന്റിനു വേണ്ടി എഴുതേണ്ടതില്ല. അങ്ങിനെ ചെയ്താല്‍ പിന്നെ എഴുതാനാവില്ല. ഇനി നല്ല കമന്റ് ആണ് / നല്ല വായനക്കാരാണ് ആവശ്യമെങ്കില്‍ 5 മാസം കൊണ്ട് 50 പോസ്റ്റ് എന്നതു പോലെ എഴുതാതിരുന്നാല്‍ നല്ലത്. 5 മാസം കൊണ്ട് 5 പോസ്റ്റ് എഴുതിയിരുന്നെങ്കില്‍ ഓരോ പോസ്റ്റിനും 100 അഭിപ്രായങ്ങള്‍ വെച്ചു കിട്ടിയേനെ. കാരണം എഴുതികഴിഞ്ഞ/എഴുതുന്ന ഒരോ പോസ്റ്റിലും ശ്രദ്ധിക്കാനും തിരുത്താനും, മാറ്റിയെഴുതാനും അങ്ങിനെ പോസ്റ്റ് മനോഹരമാക്കാനും കഴിഞ്ഞേനെ. പോസ്റ്റിന്റെ എണ്ണം ചുരുക്കി, എഴുതുന്ന പോസ്റ്റ് ഒന്നുകൂടി കൊഴുപ്പിക്കാന്‍, രസകരമാക്കാന്‍, നല്ലതാക്കാന്‍ ശ്രമിക്കൂ, ഓരോ പോസ്റ്റിനിടക്കും നല്ലൊരു ഇടവേളയുണ്ടെങ്കില്‍ വായനക്കാര്‍ക്കു വന്നു നോക്കാനും അഭിപ്രായം പറയുവാനും കഴിയും. (എന്റെ അനുഭവത്തില്‍, ‘പുതിയപോസ്റ്റിട്ടൂ‘ എന്ന ദീപകിന്റെ മെയില്‍ കണ്ട് വന്നു വായിച്ചു നോക്കുമ്പോഴേക്കും ദീപക്ക് അടുത്ത പുതിയ പോസ്റ്റ് പബ്ലിഷ് ചെയ്തിട്ടുണ്ടാകും.) ഒരു വിഷയം എഴുതാന്‍ തുടങ്ങുമ്പോള്‍ മനസ്സില്‍ ഒരു രൂപരേഖ ഉണ്ടാക്കുന്നത് നല്ലതാണ്. ഒറ്റയിരുപ്പില്‍ എഴുതാതെ ഇടവേളകളെടുത്തും, എഴുതിക്കഴിഞ്ഞത് വീണ്ടും തിരുത്തിയെഴുതിയും പോസ്റ്റ് നന്നാക്കാം. ഒരു വിഷയം തന്നെ ഏതു രീതിയില്‍, ഏതു അവതരണത്തില്‍, ഏതു ട്രീറ്റ്മെന്റില്‍ വേണം എന്നൊക്കെ ഒരുപാട് ആലോചിക്കുന്നതും അതിനുള്ള ശ്രമം ചെയ്യുന്നതും നല്ലതാണ്. 50 കമന്റ് ആഘോഷിച്ച ‘ആദ്യരാത്രി’ പോസ്റ്റ് ഞാനെഴുതിയിരുന്നെങ്കില്‍ അതു മറ്റൊരു തരത്തിലാകുമായിരുന്നു. ആ പോസ്റ്റിനു ഇനിയും ഗംഭീരമാക്കാനുള്ള സാദ്ധ്യത അതിലുണ്ടായിരുന്നു.

ബ്ലോഗില്‍ നല്ല ശൈലിയിലും അവതരണത്തിലും എഴുതുന്ന ഒരുപാട് നല്ല ബ്ലോഗേഴ്സ് ഉണ്ട്. ഫിക്ഷന്‍ ആയാലും ഓര്‍മ്മകുറീപ്പ് ആയാലും രസകരവും ടച്ചിങ്ങ് ആയിട്ടും എഴുതുന്ന പലര്‍. ആ പോസ്റ്റുകളെ ഒരു വെറൂം വായനക്കുപരി അതെങ്ങിനെ ട്രീറ്റ് ചെയ്തു എന്ന് നിരീക്ഷിക്കുന്നതു നല്ലതാണ്. തുടക്കത്തില്‍ അതിന്റെ ഒരു അനുകരണമൊക്കെ വന്നുപോകാം. സാരമില്ല പതിയെപതിയെ തനതു ശൈലിയിലേക്ക് മാറ്റാവുന്നതാണ്.

ദീപക്കേ, കമന്റ് എപ്പോവേണെലും കൂടാം കുറയാം, ആളുകള്‍ എത്രവേണേലും വരാം വരാതിരിക്കാം. പക്ഷെ എഴുത്തിന്റെ നിലവാരം, ശൈലി ഒരുദിവസം കൊണ്ട് ഉണ്ടാക്കാന്‍ ഇത്തിരി ബുദ്ധിമുട്ടാണ്. അത് നിരന്തരമായ വായന, എഴുത്ത്, നിരീക്ഷണം എന്നിവകൊണ്ടും കൂടിയേ സാദ്ധ്യമാകൂ. അതുകൊണ്ട് എഴുത്തില്‍ ശ്രദ്ധിക്കൂ.വായനാക്കരും അഭിപ്രായങ്ങളും പുറകേ വന്നുകൊള്ളും, വരാതെ എവിടെപോകാന്‍ ?! ;)

അപ്പോ ഭാവുകങ്ങള്‍
(പറഞ്ഞതെല്ലാം നല്ലൊരു സുഹൃത്തിന്റെ സ്നേഹോപദേശമായി എടുക്കുമല്ലോ)

ദീപക് രാജ്|Deepak Raj said...

പ്രിയ നിരക്ഷരന്‍

എന്റെ ബ്ലോഗില്‍ ഇന്നുവരെ വന്ന കമന്റുകളില്‍ ഏറ്റവും ഇഷ്ടം തോന്നിയ കമന്റുകളില്‍ ഒന്നാണ് ഇത്. കാരണവും ഉണ്ട്.എന്റെ ഒരു ചെറിയ നന്ദി പോസ്റ്റ് എഴുതാന്‍ എടുത്തതിനേക്കാള്‍ സമയം ചെലവഴിച്ചു എഴുതിയ കമന്റ്,അതുപോലെ തികച്ചും സത്യസന്ധമായ അഭിപ്രായം ഒപ്പം എഴുത്തുകാരനെ മനസ്സിലാക്കിയ ഒരു മനസ്സിന്റെ മറുപടി.അപൂര്‍വങ്ങളായെ ഇത്തരം ഒരു കമന്റ് കിട്ടാറുള്ളൂ.
ഇതുവരെ അമ്പത് കമന്റ് കിട്ടിയിട്ടില്ലാ എന്നതുകൊണ്ട്‌ തന്നെ വളരെ വളരെ എക്സൈറ്റഡായി അത്രേയുള്ളൂ. പിന്നെ വിശക്കുന്നവനു ഉണ്ണാന്‍ തിടുക്കം.ഉണ്ടവന് കിടക്കാന്‍ അല്ലെങ്കില്‍ വിശ്രമിക്കാന്‍ തിടുക്കമെന്നു പറയുന്നതുപോലെ ഉള്ളൂ.

ഞാന്‍ കമന്റുകള്‍ എണ്ണാന്‍ പോലും സമയമെടുക്കില്ലായിരുന്നു നേരത്തെ.കാരണം ഒരു ത്രെഡ് മനസ്സില്‍ വന്നാല്‍ പത്തു മുതല്‍ പതിനഞ്ച് മിനിട്ടിനുള്ളില്‍ എഴുതി തീര്‍ക്കുക.ഇടയ്ക്ക് എപ്പോഴെങ്കിലും നിര്‍ത്തിയാല്‍ പിന്നെ എഴുതില്ല.ആ ത്രെഡ് വിട്ടു കളയും.അതാണ്‌ എന്റെ രീതി കാരണം ഞാന്‍ എഴുതുന്നത്‌ ഒരു മികച്ച സൃഷ്ടി അല്ലെന്നറിയാം അങ്ങനെ ആക്കാന്‍ ശ്രമിക്കാറുമില്ല ശ്രമിച്ചാല്‍ നടക്കില്ലെന്നതുകൊണ്ടാല്ല വായനക്കാര്‍ക്ക് ഒരു വായന സുഖം അതായതു പ്രൊഫൈലില്‍ പറയുന്നതുപോലെ അല്പം രസിക്കാം അല്പം രസിപ്പിക്കാം എന്നെ കരുതാറുള്ളൂ.
ഇപ്പോള്‍ അധികം എഴുത്ത് നിര്‍ത്തി.സത്യത്തില്‍ ആശയ ദാരിദ്ര്യം അല്ല. മറിച്ച് മടി തന്നെ കാരണം.കാരണം ബേസിക്കലി ഞാന്‍ ഒരു കുഴിമടിയന്‍ ആണ്.
നിരക്ഷരന്‍ ചേട്ടന്റെ ഓരോ പൊയന്റിനും എന്റെ അഭിപ്രായം.

1.അതെ.സത്യമാണ്.ചിലര്‍ എഴുതിയവന്‍ എന്തുകരുതും എന്ന് കരുതി കൊള്ളാം എന്ന് പറഞ്ഞിട്ട് പോവും.ചിലര്‍ തെറ്റുകള്‍ ചൂണ്ടിക്കാട്ടും.ഞാന്‍ എന്റെ എഴുത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരോട് എന്നും നന്ദിയുള്ളവനായിരിക്കും.അതുകൊണ്ട് കൊള്ളാം എന്നു പറയുന്നതിനോടൊപ്പം കുറ്റങ്ങളും കൂടി പറഞ്ഞാല്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം.

2.അതെ.അടുപ്പം കൊണ്ട് പോസ്റ്റ് നല്ലതെന്ന് പറയുന്നതുപോലെ അതെ അടുപ്പം കുറവുകള്‍ ചൂണ്ടിക്കാണിക്കാനും എടുക്കണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.

3.ഇതേ കാര്യത്തില്‍ എന്റെ മറുപടി.എന്റെ ബ്ലോഗില്‍ സ്ഥിരമായി കമന്റ് ഇടുന്ന ചിലരുടെ പോസ്റ്റില്‍ ഞാന്‍ കമന്റ് ഇട്ടിട്ടേ ഇല്ല.അതുപോലെ ഞാന്‍ കമന്റ് ഇട്ട പല പോസ്റ്റിലെ ആളുകളും എന്റെ പോസ്റ്റില്‍ കമന്റ് ഇടാറും ഇല്ല. കാരണം എന്റെ വായനയുടെ മറുപടി എന്നാ രീതിയില്‍ ആണ് ഞാന്‍ കമന്റ് ഇടുന്നത്. അതിനു മറു കമന്റ് പ്രതീക്ഷിക്കാറില്ല. പക്ഷെ പുറം ചൊറിയല്‍ കമന്റുകള്‍ ബ്ലോഗില്‍ ഉണ്ടെന്നത് സത്യം തന്നെ. അതുപോലെ വിമര്‍ശിക്കേണ്ട പോസ്റ്റുകളില്‍ (മറ്റുള്ളവരുടെ) ചിലപ്പോള്‍ തരക്കേടില്ല എന്നു പറഞ്ഞിട്ട് പോന്നെന്നിരിക്കും.കാരണം വിമര്‍ശനം എല്ലാവരും ഇഷ്ടപ്പെടില്ല എന്നറിയാം. പക്ഷെ ഏറനാടന്‍,നന്ദന്‍,രാജ് എം.എസ്. തുടങ്ങി ഞാന്‍ സത്യസന്ധമായി വിമര്‍ശിച്ചാല്‍ കളിയാക്കല്‍ അല്ല എന്നു കരുതുന്ന എന്റെ സുഹൃത്തുകളുടെ ബ്ലോഗില്‍ ഞാന്‍ തുറന്നു വിമര്‍ശിക്കാറുണ്ട്.അതുപോലെ സൌഹൃദത്തിന്റെ പേരില്‍ ഞാന്‍ കൊള്ളാം എന്നു പറഞ്ഞിട്ട് പോരില്ല. ഞാന്‍ എന്റെ ലോകം എഴുതുന്ന സജി,നീര്‍വിളാകാന്‍ തുടങ്ങി കുറെ സുഹൃത്തുകള്‍ ഉണ്ട്.അവരുടെ പോസ്റ്റുകളില്‍ അതെ സ്വാതന്ത്ര്യത്തോടെ വിമര്‍ശിക്കാറും ഉണ്ട്. വിമര്‍ശിക്കാനായി ചെല്ലാറില്ല.കൊള്ളാമെങ്കില്‍ കൊള്ളാം എന്നും ഇല്ലെങ്കില്‍ അങ്ങനെയെന്നും പറയും.

4.തുടക്കാരുടെ പ്രശ്നങ്ങള്‍ നന്നായി അറിയാം.ആദ്യം മറുമോഴിയെപറ്റി കേട്ടിരുന്നില്ല.പിന്നീട് ആരോ പറഞ്ഞു കേട്ടപ്പോള്‍ കമന്റുകള്‍ എന്റെ ബ്ലോഗില്‍ നിന്ന് പോയി മറുമൊഴിയില്‍ കിടക്കുമോ എന്നൊക്കെ പേടിച്ചു ചേര്‍ന്നില്ല.സാങ്കേതിക പരിചയം കുറവ് തന്നെ കാരണം.പിന്നീട് ഓര്‍ക്കുട്ടില്‍ കൂടി പരസ്യം കൊടുത്ത് തുടങ്ങി.അതിന്റെ തെറി വിളി കേട്ട് ക്ഷീണം മാറിയില്ല.ഇപ്പോള്‍ കുറച്ചു. പരസ്യം ഇല്ലാതെ എങ്ങനെ പിടിച്ചു നില്‍ക്കും.

5.അതിന്റെ ഉത്തരം ആറില്‍ അടങ്ങിയിരിക്കുന്നു.

6.ഈ വേര്‍തിരിവ് ഉണ്ടെന്നു നന്നായി അറിയാം.പിന്നെ ഞാന്‍ ഇപ്പോഴും ജൂനിയര്‍ ഗണത്തില്‍ പെടുന്നവന്‍ ആണ്.ആറുമാസം പ്രായം ഉള്ള ബ്ലോഗര്‍. പിന്നെ എന്റെ കമന്റുകള്‍ ഇടുന്ന രീതി നോക്കിയാല്‍ അറിയാം.ഞാന്‍ വായിച്ചു ഇഷ്ടമാവുന്ന പോസ്റ്റുകളില്‍ കമന്റ് ഇടാറുണ്ട്.അവരെ ഫോളോ ചെയ്യാറുണ്ട്.ഒരു വെത്യാസം എന്നത് തുടക്കക്കാരെ അത്ര കട്ടിയായി വിമര്‍ശിക്കാറില്ല. എന്നെ ആരെങ്കിലും അത്ര കഠിനമായി വിമര്‍ശിച്ചിരുന്നുവെങ്കിലും ഞാന്‍ എഴുത്ത് നിര്‍ത്തുമായിരുന്നില്ല.കാരണം ഒരു വര്‍ഷം അതായതു ഞാനും എന്റെ ഭാര്യയും അയര്‍ലണ്ടില്‍ നിന്നും ഓസ്ട്രലിയയില്‍ പോവുന്നതുവരെ ഇങ്ങനെ ബ്ലോഗിലൂടെ എഴുതി ദ്രോഹിച്ചു കൊണ്ടിരിക്കും. അത് കഴിഞ്ഞാല്‍ നീണ്ട ഒരു നന്ദി പോസ്റ്റ് ഇട്ടു കട്ടയും പടവും മടക്കും.അതിനു മുമ്പേ പട്ടികള്‍ എന്നാ ബ്ലോഗ് എഴുതി കഴിഞ്ഞില്ലെങ്കില്‍ അത് തീര്‍ക്കും.കാരണം ഇടയ്ക്ക് കിട്ടിയ ഫ്രീ സമയം ചിലവാക്കാന്‍ കണ്ടെത്തിയ ഉപാധി ആയിരുന്നു ബ്ലോഗും എഴുത്തും.കാരണം ഞാനൊരു സാഹിത്യവാസന ഇല്ലാത്ത ആളാണ്‌

7.എന്റെ ഒരു സുഹൃത്ത്‌ ഷിഹാബ് എന്നു പേരുള്ള അദ്ദേഹം ഓര്‍ക്കുട്ടില്‍ സ്ക്രാപ്പ് ആയോ മെയില്‍ ആയോ മാത്രമേ കമന്റ് ഇടാറുള്ളൂ. പക്ഷെ മിക്കപ്പോഴും വളരെ ഉപയോഗപ്രദമായ കമന്റുകള്‍,അഭിപ്രായം ആണ് തരിക.ചെറിയ ചെറിയ തെറ്റുകളും ചൂണ്ടിക്കാണികാറുണ്ട്. അങ്ങനെ നാലഞ്ച് വായനക്കാര്‍ ഉണ്ട്.അവരുടെ മെയില്‍,സ്ക്രാപ്പ് അഭിപ്രായങ്ങള്‍ വളരെ പ്രിയങ്കരം തന്നെ.
പിന്നെ സത്യത്തില്‍ ഇതുപോലെ സമയം കണ്ടെത്തി മനസ്സ് തുറന്നു എഴുതുന്ന കമന്റുകള്‍ എനിക്ക് വളരെ പ്രിയങ്കരം തന്നെ. കാരണം ആത്മാര്‍ഥതയുള്ള ഇത്തരം കമന്റുകള്‍ കൂടുതല്‍ എഴുതാന്‍ എന്നെ സഹായിക്കും എന്നതാണ് വാസ്തവം.

വളരെയധികം നന്ദി അറിയിച്ചുകൊള്ളട്ടെ.

സ്നേഹത്തോടെ
(ദീപക് രാജ്).

ദീപക് രാജ്|Deepak Raj said...

പ്രിയ എ.ആര്‍.നജീം.
ആദ്യ കമന്റിനു നന്ദി.പിന്നെ എനിക്ക് നൂറു കമന്റ് കിട്ടുന്ന കാലം.അതൊരിക്കലും നടക്കില്ലെന്നറിയാം.നിങ്ങളുടെ സഹായം ഉണ്ടെങ്കില്‍ ഒരെണ്ണം അമ്പത് കടക്കുമെന്ന് മാത്രം.
നന്ദി.

പ്രിയ ശ്രീ.
എഴുത്ത് എന്റെ ഒരു നേരം പോക്ക് എന്നെ ഉള്ളൂ.പിന്നെ കമന്റ് ഒരു ബോണസും.കിട്ടിയാല്‍ സന്തോഷിക്കില്ലാ എന്നു പറയില്ല.കിട്ടണമെന്നാണ് ആഗ്രഹം.പക്ഷെ കമന്റിനായല്ല എഴുതുന്നത്‌. നന്ദി.

പ്രിയ ജോ
അതെ.അതിപ്പോഴും ഹിറ്റാണ്.പക്ഷെ നൂറ്റമ്പതു യൂറോ എന്നാ പോസ്റ്റ് എന്റെ ഏറ്റവും പ്രീയപ്പെട്ട പോസ്റ്റ് ആണ്. പക്ഷെ അതില്‍ കമന്റുകളും ഇല്ല.കമന്റിന്റെ മനഃശാസ്ത്രം അറിയില്ല.
ഇപ്പോള്‍ എഴുത്ത് കുറവാണോ.അതോ തിരക്കാണോ.
നന്ദി.

പ്രിയ ചാണക്യ
നന്ദി.

പ്രിയ പകല്‍കിനാവന്‍
നന്ദി. വീണ്ടും വരണം.

പ്രിയ മാണിക്യം.
പൊങ്ങുംമൂടന്റെ ആ കഥ വായിച്ചിട്ടില്ല.
പിന്നെ വാ പോയ കോടാലി പ്രയോഗം വായക്കാരെ ചിരിപ്പിച്ചു കേട്ടോ.
കഴുത്തു വെട്ടാനോ ഞാനോ ..ശിവ ശിവ (നമ്മുടെ ബ്ലോഗര്‍ ശിവന്‍ അല്ല കേട്ടോ)
നന്ദി.

പ്രിയ നീര്‍വിളാകാന്‍
നന്ദി.തേങ്ങകള്‍ അങ്ങനെ പൊട്ടട്ടെ.പോസ്റ്റുകള്‍ കമന്റിനാല്‍ നിറയട്ടെ.
നന്ദി.

പ്രിയ സെനൂ ഈപ്പന്‍ അച്ചായ
അതിന്റെ സന്തോഷത്തില്‍ പങ്കാളിയായ അച്ചായന് നന്ദി.പിന്നെ അവിടെ ഇതൊരു പുതുമ അല്ലാത്തത് കൊണ്ട് വല്ല്യ കാര്യം അല്ലെന്നറിയാം.നമുക്ക് ഇതൊക്കെ അല്ലെ ഉള്ളൂ.
നന്ദി.

പ്രിയ ഷൈനി ചേച്ചി.
ഇഷ്ടം ആയതില്‍ സന്തോഷം.പിന്നെ യൂ കെയില്‍ ഉള്ള ഷിജു എന്‍.ടി.(പാസ്റ്റര്‍) എന്റെ ക്ലാസ് മേറ്റ് ആണ് ഒപ്പം അടുത്ത സുഹൃത്തും.വീണ്ടും വായിക്കുക.അപ്പോള്‍ അമേരിക്കയിലും വായനക്കരുണ്ടെന്നതില്‍ സന്തോഷം ഉണ്ട്.കുളത്ത്മണ്‍ അവിടെ വരെ എത്തി അല്ലെ.
നന്ദി.

പ്രിയ കുമാരാ
നന്ദി.

പ്രിയ സ്മിത ആദര്‍ശ്
വീണ്ടും അത് വായിച്ചതില്‍ സന്തോഷം.സത്യത്തില്‍ നിരക്ഷരന്‍ ചേട്ടന്റെ കമന്റ് എനിക്ക് കിട്ടിയ ഏറ്റവും വലിയ നേട്ടമായി കണക്കാക്കാം.കാരണം വളരെ ആത്മാര്‍ഥമായ ഒരു കമന്റ് ആണ്.ഒപ്പം ഒത്തിരി സമയം എടുത്ത്‌ എഴുതി.
നന്ദി.

പ്രിയ പാവം ഞാന്‍
നമ്മളെല്ലാം ഒരേ തൂവല്‍ പക്ഷികള്‍.
നന്ദി.

പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി
നന്ദി.വീണ്ടും വായിക്കുക.

പ്രിയ സുമയ്യ.
നന്ദി.വീണ്ടും വരണം വായിക്കണം,

പ്രിയ യൂസേഫ്
നന്ദി.പറ്റി പോയി അതാണ്‌ സത്യം.

പ്രിയ ഉപബുദ്ധ
നന്ദി.കലക്കണം നിങ്ങളെല്ലാം വേണം.

ദീപക് രാജ്|Deepak Raj said...

പ്രിയ നന്ദന്‍ ചേട്ടന്‍.
നൂറടിച്ച ആള്‍ക്ക് അമ്പതെന്ത്. ചുമ്മാ തമാശിച്ചതാ.ഇപ്പോള്‍ എഴുത്ത് കുറച്ചു കേട്ടോ.നോക്കട്ടെ വല്ല ഗുണവുമുണ്ടോ എന്നു. പിന്നെ ഇഷ്ട ദൈവം ബെര്‍ളി ആണ്.അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ ബാധ കൂടിയെന്ന് വേണം പറയാന്‍.
പിന്നെ ഒറ്റയിരുപ്പിന് പതിനഞ്ച് മിനിട്ടിനുള്ളില്‍ എഴുതി തീര്‍ക്കണം എന്നൊരു രീതിയിലാണ് എഴുത്ത്.ഇടയ്ക്ക് എഴുനേറ്റു പോയാല്‍ പിന്നീട് അത് ഡിലീറ്റ്.അങ്ങനെ ആയിപോയി.അനര്‍ഗളമായി നിരഗ്ഗളിക്കുന്ന വാക്കുകള്‍ മാത്രമേ പോസ്റ്റാരുള്ളൂ.പിന്നെ അല്പം രസിക്കുക അല്പം രസിപ്പിക്കുക അത്ര തന്നെ.
എഴുത്ത് കുറയ്ക്കാം.
നന്ദി.

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

അഭിനന്ദനങ്ങൾ ദീപക്...
എന്റെ അഭിപ്രായത്തിൽ ഒരു കമന്റ് പോലും വന്നില്ലെങ്കിലും ദീപക് എഴുതണം.കാരണം എഴുത്തിന്റെ സുഖം ആദ്യം അറിയേണ്ടത് എഴുത്തുകാരൻ തന്നെയാണ്.അതു കൊണ്ട് എഴുതിയേ മതിയാവൂ എന്ന് തോന്നുമ്പോൾ എഴുതുക..ബാക്കി വായനക്കാർക്ക് വിട്ടുകൊടുക്കുക..അവർ തള്ളുകയോ കൊള്ളുകയോ ചെയ്യട്ടെ.

ദീപക് രാജ്|Deepak Raj said...

പ്രിയ സുനില്‍ കൃഷ്ണന്‍
അതെ ഞാന്‍ എഴുതിയ പോസ്റ്റുകള്‍ക്ക്‌ ആദ്യം ഒരു കമന്റും കിട്ടിയിരുന്നില്ല.കാരണം എങ്ങും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല.ആരും അറിഞ്ഞിരുന്നില്ല.പക്ഷെ എഴുത്തിന്റെ സുഖത്തിനു വേണ്ടി എഴുതിയെന്നത്‌ സത്യം. ഇപ്പോള്‍ കമന്റിനെ ബോണസായി കാണുന്നുവെന്ന് മാത്രം.
നന്ദി.

സ്നേഹത്തോടെ
(ദീപക് രാജ്)

nandakumar said...

ദീപക്കേ അനിയാ തെറ്റിദ്ധരിച്ചിട്ടില്ല എന്നു തന്നെ കരുതട്ടെ ;) ഞാന്‍ മുന്‍ കമന്റില്‍ പറഞ്ഞു പറഞ്ഞു കാടൂ കയറി വേറെന്തെക്കെയോ ആയിപ്പോയോ എന്നൊരു സംശയം ;)

പറഞ്ഞു വന്നത്, പ്രിന്റ് മീഡിയത്തേക്കാളുപരി വായനക്കാര്‍ അടുപ്പംകൂടുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്നൊരു കുഴപ്പം(അതോ നല്ലതോ) ബ്ലോഗിനുണ്ട്. നിരവധി സ്ഥിരം വായനക്കാരും സ്ഥിരം നിരവധി അഭിപ്രായങ്ങളും വരുമ്പോള്‍ എഴുത്തുകാരന്‍ ഒരുതരം സമ്മര്‍ദ്ദത്തില്‍ പെട്ടൂപോവുക. (ബെര്‍ലിയൊക്കെ അതിനെ അതി ജീവിച്ചവനാണ്, കമന്റിനെ കണക്കാക്കാറില്ല എന്നു തോന്നുന്നു)

പോസ്റ്റുകള്‍ രസകരമാക്കുക എന്ന ദീപക്കിന്റെ ഉദ്ദ്യേശം എന്നു പറഞ്ഞതു കൊണ്ട് പറയുകയാണ്. നര്‍മ്മം നിറഞ്ഞ പോസ്റ്റ് എഴുതുക എന്നു പറഞ്ഞാല്‍ അത്രത്തോളം അദ്ധ്വാനം വേറെയില്ല. ഓര്‍മ്മകളെ താലോലിക്കുന്ന ഓര്‍മ്മകുറീപ്പോ, സെന്റിയായ വിഷയങ്ങളോ എഴുതാന്‍ താരതമ്യേന എളുപ്പമാണ്. കോമഡി എഴുതി ഫലിപ്പിക്കാന്‍ പ്രയാസം. അല്ലെങ്കില്‍ പിന്നെ അപാര സ്റ്റഫ് ഉള്ള ആളാവണം (ബ്രിജ് വിഹാരം മനുവിനെപോലെ വാക്കുകളെ എടുത്ത് അമ്മാനമാടുന്ന കഴിവ്)അതിന് നല്ല വായനാശീലം വേണം.

ഒരു തവണ ഒരു തവണ മാത്രം ഇപ്പറഞ്ഞപോലെ കഠിനാദ്ധ്വാനം ചെയ്തു ഒരു നര്‍മ്മ പോസ്റ്റ് ഇടൂ. വിത്യാസം കാണാം. ;)

ഇപ്പറഞ്ഞതിനൊക്കെ അര്‍ത്ഥം ദീപക് ഇതുവരെ എഴുതിയതൊക്കെ മോശം, നിലവാരമില്ലാത്തത് എന്നൊന്നുമല്ല. ദീപക്കിന് ബ്ലോഗ് എഴുതാന്‍ സമയം ഉള്ളതുകൊണ്ടും കൂടൂതല്‍ പോസ്റ്റുകള്‍ എഴുതാന്‍ താല്പര്യം ഉള്ളതുകൊണ്ടുമാണ് ഈ പറയുന്നത് കേട്ടോ.;)

(100 കമന്റ് കിട്ടിയതിന്റെ അനന്തരഫലം എനിക്കറിയാം, അതാ ഞാനിപ്പോള്‍ അനുഭവിക്കുന്നത്. ആഹ് അനുഭവി);) ;)

Mohamedkutty മുഹമ്മദുകുട്ടി said...

എനിക്കെന്തോ ബ്ലോഗ് വായിക്കുന്നതിനേക്കാളും ഇഷ്ടം കമന്റുകള്‍ വായിക്കുന്നതിനാണ്.അങ്ങിനെയാണ് ഇവിടെയെത്തിയതും.ദീപകിന്റെ സുഹൃത് വലയം ഒന്നു നിരീക്ഷിക്കുക,അതേ ഉദ്ദേശമുള്ളൂ.പിന്നെ ദീപകിടുന്ന കമന്റുകള്‍ എല്ലാ പൊസ്റ്റിലും കാണാം.മിക്കപ്പോഴും ആദ്യ കമന്റ് അവ തന്നെയാവുകയും ചെയ്യും.അത് കൊണ്ട് എണ്ണാന്‍ മിനക്കെടണ്ട.അതാ നല്ലത്.

Sureshkumar Punjhayil said...

Deepu... Aghoshikkukathanne venam.. Valiyavarayalum Cheriyavarayalum kittunnathu snehathode sweekarikkanum adarikkanum kazhiyunnathu mahathaya karyamanu. Abhinandanagal thankal arhikkunnumundu. Ashamsakal.

ദീപക് രാജ്|Deepak Raj said...

പ്രിയ നന്ദേട്ടാ,
നന്ദി.

പ്രിയ മുഹമ്മദ് കുട്ടി ഇക്കാ,
നന്ദി, എല്ലാ കമന്റിനും മറുപടി കൊടുക്കണമെന്നുണ്ട്. പലപ്പോഴും സമയക്കുറവ് മൂലം താമസം നേരിടേണ്ടി വരുന്നുണ്ട്, പക്ഷെ ഉറപ്പായും മറുപടി കൊടുക്കും.

പ്രിയ സുരേഷ്കുമാര്‍ പുഞ്ഞയില്‍,
നമുക്ക് ഇതൊക്കെയല്ലാതെ പിന്നെന്തു ആഘോഷം, ഓരോ കമന്റും കിട്ടുമ്പോള്‍ സന്തോഷമാണ്, അതുകൊണ്ട് ആഘോഷിക്കുന്നു.
നന്ദി,