Tuesday, November 25, 2008

23.കോയയും കോട്ടും..

ബീവാത്തു തന്ന പനിനീര്‍ പൂവും കോയ തന്‍റെ കോട്ടിന്‍റെ ബട്ടന്‍ഹോളില്‍ തിരുകികയറ്റി.. അങ്ങനെ ജീവിതകാല അഭിലാഷം പൂവണിയാന്‍ പോകുകയാണ്.. എത്രനാളായി ശ്രമിച്ചപ്പോളാണ് ഒത്തു വന്നത്..

അതും ബീവാത്തുന്‍റെ വകയില്‍ ഒരു വല്ല്യാപ്പ അറബീന്‍റെ കൊട്ടാരത്തില്‍ പെരുത്ത ഉദ്യോഗം ഉള്ള ആളാണ്..അങ്ങാര്‍ വഴി വന്ന ഒരു ജോലി.. അറബിനാട്ടില്‍ ജോലി ശരിയായി എന്നറിഞ്ഞപ്പോള്‍ കോഴിക്കോട്ടു അങ്ങാടിയില്‍ നിന്നു ബീവാത്തു വാങ്ങിയതാ ഈ കോട്ട്..

"ന്‍റെ കെട്ട്യോന്‍ കൊട്ടും സ്യുട്ടും പത്രാസും ആയിട്ട് ചെല്ലുമ്പോള്‍ അറബിച്ചികള്‍ നോക്കണംത്രെ.."

അവള്‍ക്കു ആകെ ഹാലിളകി നില്‍ക്കുകയാണല്ലോ..അല്ലെങ്കിലും കോന്തന്‍കോയ ഒരു ഉപയോഗമില്ലാത്ത നാണയം ആണെന്ന് ദുഷ്പേര് മാറ്റണം എന്ന് അവള്‍ക്കാ വാശി,,ജീവിതത്തില്‍ ഒന്നും നേടാത്തവന്‍ പക്ഷെ അറബിനാട്ടില്‍ പൊന്നും വാരി വരുന്നതു കാട്ടികൊടുക്കാന്‍ വാശിയാണ് അവള്‍ക്കു..

ഒടുവില്‍ കോയയെ കയറ്റി എയര്‍ ഇന്ത്യയുടെ വിമാനം അങ്ങനെ റിയാദ് എയര്‍പോട്ടില്‍ എത്തി..കസ്റംസ്കാര്‍ ഏതോ അത്ഭുദജീവിയെപ്പോലെ നോക്കുന്നത് കണ്ടു. പെട്ടെന്ന് തന്നെ വെളിയില്‍ ഇറങ്ങി..വെളിയില്‍ ബീവാത്തുന്‍റെ വല്ല്യുപ്പ വണ്ടീം കൊണ്ടു വന്നിട്ടുണ്ട്..തന്‍റെ കോട്ടിലും പത്രാസിലും മൂപ്പര്‍ വീണു എന്ന് തോന്നുന്നു..പക്ഷെ ഇടയ്ക്കിടെ മൂപ്പര്‍ ഊറി ഊറി ചിരിക്കുന്നത് എന്താണെന്ന് എത്ര വിചാരിച്ചിട്ടും മനസ്സിലാക്കാന്‍ കഴിയുന്നില്ല.

വണ്ടി ഒരു കൊട്ടാരത്തിന്‍റെ വെളിയില്‍ എത്തി..

"ഹൊ ഇതിലാണോ താമസിക്കാന്‍ പോകുന്നത്..ചുമ്മാതല്ല പേര്‍ഷ്യയില്‍ പോയിട്ടുവന്ന ചങ്ങായിമാര്‍ വെല്യ ബഡായി അടിച്ച് നടക്കുന്നത്."

കോയയുടെ മനസ്സിലൂടെ നൂറു ചിന്തകള്‍ കടന്നു പോയി..വണ്ടിയില്‍ നിന്നും കോയയും വല്ല്യുപ്പയും ഇറങ്ങി..വല്ല്യുപ്പ പോയി അറബിയെ വിളിച്ചു കൊണ്ടു വന്നു..അറബി തന്നെ സൂക്ഷിച്ചു നോക്കുന്നു..എന്തോ പറഞ്ഞു അട്ടഹസിക്കുന്നു..പക്ഷെ ഹിമാര്‍ എന്ന വാക്കു എങ്ങോ കേട്ടിട്ടുണ്ടല്ലോ.."ങ്ങ പോട്ടെ..എന്തായാല്‍ എനിക്കെന്താ."

"അന്നേം കൊണ്ടു ഇന്നു തന്നെ ജോലിയ്ക്ക്‌ കയറാന്‍ മൂപ്പര് പറഞ്ഞു..ഓന് അന്നേ പുടിചൂന്നാ തോന്നണേ..."

വല്ല്യുപ്പ സന്തോഷത്തോടെ പറഞ്ഞു..

"അപ്പോള്‍ പള്ളില്‍ ഇട്ട പൈസയും നേര്‍ച്ച കൊടുത്ത കോഴിയും ഗുണം ചെയ്തു...പടച്ചോനെ കാത്തോണേ."

മനസ്സാ പ്രാര്‍ത്ഥിച്ചു..നേരെ അടുത്ത ഗെറ്റി നുള്ളിലേക്ക് കയറി..ഇതൊരു കൃഷിയിടം ആണല്ലോ..അങ്ങിങ്ങു കുറെ ആടുകളും നില്‍ക്കുന്നുണ്ട്‌..

"ഡാ കൊയെ.........നീ അപ്പോള്‍ പണി തുടങ്ങിക്കോ.."

വല്ല്യുപ്പ വേഗം തന്നെ കാര്യത്തിലോട്ടു കടന്നു..ഞാന്‍ ആകെ ബേജാറായി.

"ഡാ നിന്‍റെ കൊട്ടും സ്യുട്ടും ഒക്കെ ഊരി വല്ല്യ കൈലിം മുണ്ടും ഉടുത്തു വാ..ആ തൂമ്പ എടുത്തു ഇവിടുത്തെ അല്പം പുല്ലു ചെത്തിക്കളഞാട്ടെ.."

പതിയെ കൈലി ഉടുത്തു വന്നപ്പോള്‍ വല്ല്യുപ്പാന്‍റെ മൊബൈല്‍ ചിലച്ചു..

"ഡാ അനക്കാ..ബീവാത്തു.."

ഫോണ്‍ കൈയില്‍ കിട്ടി..

"ഇക്ക എന്തായി..അങ്ങ് ചെന്നോ..ജോലിയില്‍ കയറിയോ..??"

നൂറു ചോദ്യങ്ങള്‍ ഒരു വായില്‍..

"ഡീ..ജോലില്‍ ആണ് ..സുഖം തന്നെ...."

എന്തു പറയണം എന്നറിയില്ല....വന്ന ഉടനെ ജോലിയ്ക്ക്‌ കയറിയ കെട്ടിയോനെ മനസ്സില്‍ വച്ചു അവളെങ്കിലും സന്തോഷിക്കട്ടെ..ഫോണ്‍ തിരികെ കൊടുത്തു കൈയില്‍ ഇരുന്ന മണ്‍വെട്ടി തറയില്‍ ആഞ്ഞു വെട്ടി..

6 comments:

ദീപക് രാജ്|Deepak Raj said...

"ഇക്ക എന്തായി..അങ്ങ് ചെന്നോ..ജോലിയില്‍ കയറിയോ..??"

നൂറു ചോദ്യങ്ങള്‍ ഒരു വായില്‍..

"ഡീ..ജോലില്‍ ആണ് ..സുഖം തന്നെ...."

എന്തു പറയണം എന്നറിയില്ല....വന്ന ഉടനെ ജോലിയ്ക്ക്‌ കയറിയ കെട്ടിയോനെ മനസ്സില്‍ വച്ചു അവളെങ്കിലും സന്തോഷിക്കട്ടെ..ഫോണ്‍ തിരികെ കൊടുത്തു കൈയില്‍ ഇരുന്ന മണ്‍വെട്ടി തറയില്‍ ആഞ്ഞു വെട്ടി..

അരുണ്‍ കരിമുട്ടം said...

ഇതിനു ഒരു മറുപുറമുണ്ട്.കഷ്ടപ്പെട്ടുണ്ടാക്കുന്ന ഈ പൈസ നാട്ടില്‍ ചിലവാക്കുന്ന രീതി.

ദീപക് രാജ്|Deepak Raj said...

മരുഭൂമിയില്‍ വെന്തുമരിച്ചു ജോലിചെയ്യു‌ന്ന മനുഷ്യരുടെ നാട്ടിലുള്ള വേണ്ടപ്പെട്ടവര്‍ അതുമനസ്സിലാക്കിയിരുന്നെങ്കില്‍ ഞാന്‍ ധന്യനായി...

അരുണ്‍ താങ്കള്‍ പറഞ്ഞതു തീര്‍ച്ചയായും സത്യം തന്നെ..

Bindhu Unny said...

മരുഭൂമിയിലെ പണി കഷ്ടപ്പാട് നിറഞ്ഞതാണെന്ന് വേണ്ടപ്പെട്ടവരോട് പറയാതിരുന്നാല്‍ അവരറിയുമോ?അവിടെ സ്വര്‍ഗ്ഗമാണെന്ന മട്ടില്‍ അഭിനയിച്ചാല്‍ അവരെങ്ങനെ മനസ്സിലാക്കും?

എം.എസ്. രാജ്‌ | M S Raj said...

വെട്ടെങ്കില്‍ വെട്ട്, കിളയെങ്കില്‍ കിള, അവന്‍ കോട്ടിട്ടതുകൊണ്ടൊന്നും ആരും ചിരിക്കണ്ട.

കഷ്ടപ്പെട്ടു നന്നായവനെ അസൂയയോടെ കാണുന്നതും മറ്റൊരു വശം.

ദീപക് രാജ്|Deepak Raj said...

പ്രിയ ബിന്ദു..താന്‍ അനുഭവിക്കുന്ന വേദന മറ്റുള്ളവരെ പ്രത്യേകിച്ചും വേണ്ടപ്പെട്ടവരെ അറിയിക്കേണ്ട എന്നെകരുതുന്നത് അവരെ വിഷമിപ്പിക്കേണ്ട എന്ന് കരുതിയാവും..പക്ഷെ അതറിഞ്ഞു പെരുമാറുക ..അതാവും വീട്ടിലിരിക്കുന്നവര്‍ ചെയ്യേണ്ടത്..ഗള്‍ഫ് എണ്ണ സമൃദ്ധമാണെങ്കിലും സുഖിക്കുന്നവര്‍ അറബി ആണ്..നാം അല്ല..ഞാന്‍ ഭൂരിപക്ഷത്തിന്‍റെ കാര്യമാണ് പറഞ്ഞതു..
എം.എസ്.രാജെ..അവന്‍ കൊട്ടിടുകയും ചിരിക്കുകയും ചെയ്യട്ടെ..അതാണ്‌ എന്‍റെ ആഗ്രഹവും..പക്ഷെ അവര്‍ ചിരിക്കട്ടെ അവരെ കണ്ടു മറ്റുള്ളവര്‍ ചിരിക്കാതിരുന്നാല്‍ മതി..കാരണം അവന്‍റെ ജീവിതം മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ കാരണം ആവാതെ ഇരിക്കാന്‍ ദൈവം കൂടി സഹായിക്കട്ടെ ..താങ്ക്സ്..വായിക്കണം ..വരണം.