Saturday, February 7, 2009

52.ചാരായം വാറ്റുന്ന കുട്ടിചാത്തന്‍

പ്രേത ഭൂത പിശാചുകളെ പണ്ടു മുതല്‍ അല്പം പേടിയോടെയാണ് കണ്ടിരുന്നത്‌.കണ്ടിരുന്നത്‌ എന്ന് പറഞ്ഞത് എന്നെങ്കിലും കണ്ടിട്ടുണ്ട് എന്നര്‍ത്ഥത്തില്‍ അല്ല..ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ ചിലനേരത്ത് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇതാവുമോ എന്നൊരു സംശയം ഇല്ലാതില്ല.ചെറുപ്പത്തില്‍ യുക്തിവാദവും നിരീശ്വരവാദവും ചെറിയരീതിയില്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തരം ശക്തികളെ തള്ളി പറഞ്ഞിരുന്നുവെങ്കിലും ഇനിയുണ്ടോ അഥവാ ഉണ്ടെങ്കില്‍ ഞാന്‍ ഇവരൊന്നും ഇല്ലായെന്ന് പറഞ്ഞു നടക്കുന്നതിന്റെ ചൊരുക്ക് തീര്‍ക്കുമോ എന്നൊരു ഭയവുമുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ജീവിതത്തില്‍ നിരീശ്വരവാദം പൂര്‍ണ്ണമായും വെടിഞ്ഞെങ്കിലും യുക്തിവാദ സങ്കല്‍പ്പത്തോടെയുള്ള ഒരു പ്രപഞ്ചശക്തിയില്‍ വിശ്വാസം സ്വീകരിച്ചു. യാഥാസ്ഥിതിക വിശ്വാസത്തില്‍ (വിഗ്രഹാരാധന,ക്ഷേത്രദര്‍ശനം) വലിയ പ്രതിപത്തി ഇല്ലെങ്കിലും പ്രേതങ്ങളെ അങ്ങനെ ഒഴിവാക്കി ആ പേടിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തി ലഭിച്ചിട്ടില്ല.
പക്ഷെ ഒരിക്കല്‍ സംഭവിച്ച ഒരു സംഭവം എന്റെ പ്രേതങ്ങളിലുള്ള ഭയം മാറ്റാന്‍ അല്പം സഹായിച്ചുവെന്ന് മാത്രം. അത് നിങ്ങളുമായി പങ്കുവെയ്ക്കാം.

പത്തനംതിട്ടയിലുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല.അതേപോലെ സമീപജില്ലയായ കൊല്ലംജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവില്‍.എന്റെ നാട്ടില്‍നിന്നും അച്ചന്‍കൊവിലിലേക്ക് ധാരാളം ആളുകള്‍ കാല്‍നടയായി പോവാറുണ്ട്. (അത്ര അടുത്തല്ല.. എങ്കിലും നാല്പതു കിലോമീറ്ററില്‍ താഴെയേ വരൂ)

ഒരുപ്രാവശ്യം എന്റെ അടുത്ത ഒരു സുഹൃത്തും ഭാര്യയും സഹോദരിയും സഹോദരീ ഭര്‍ത്താവും കൂടി കാല്‍നടയായി അമ്പലത്തിലേക്ക് പോയി. സാധാരണഗതിയില്‍ രാത്രിയില്‍ യാത്രയായി ഇടയ്ക്ക് അച്ചന്‍കോവിലാറിന്റെ തീരത്ത്‌ വിശ്രമിച്ചു പിറ്റേന്ന് ക്ഷേത്രത്തില്‍ എത്തി ദര്‍ശനവും നടത്തി അടുത്തുള്ള തിരുമലക്കൊവിലും (തമിഴ്നാട് ) കണ്ട് കുറ്റാലവും ചുറ്റി തിരിച്ചുവരികയാണ് പതിവ്. പക്ഷെ യാത്രയുടെ തുടക്കത്തില്‍ തന്നെ ഞങ്ങളുടെ ഗ്രാമത്തിന്റെ അടുത്തുള്ള ചെറിയ കാട്ടിലൂടെ കയറിയാണ് പോകേണ്ടത്.. ആ വഴിതെരഞ്ഞെടുത്താല്‍ കുറെ കിലോമീറ്റര്‍ നടപ്പ് ലാഭിക്കാന്‍ സാധിക്കും.

ഇന്നുവരെ സാമൂഹ്യവിരുദ്ധാരോ കാട്ടുമൃഗങ്ങളോ പ്രശ്നമുണ്ടാക്കിയ ചരിത്രമില്ലത്തതിനാല്‍ സ്ത്രീകളുടെ ഒപ്പം അതിലെ പോവാന്‍ ആരും പേടിക്കാറുമില്ല. തന്നെയുമല്ല ക്ഷേത്രദര്‍ശനത്തിനു പോവുമ്പോള്‍ ദുര്‍ഭൂതങ്ങളെ ഭയക്കെണ്ടല്ലോ.

നമ്മുടെ യാത്രക്കാര്‍ രാത്രിയില്‍ ഈ കാട്ടില്‍ കയറിയപ്പോള്‍ മുതല്‍ അല്പം ഭയത്തിലായിരുന്നു. ഒന്നാമത് ഒപ്പം രണ്ടു സ്ത്രീകള്‍.പിന്നീട് വിജനമായ വഴി. കൈയില്‍ മെഴുകുതിരിയും ഒരു ചെറിയ ടോര്‍ച്ചും ഭക്ഷണപൊതിയും മാത്രം. കുറെദൂരം ചെന്നപ്പോള്‍ അല്പം ദൂരെ ഒരു ചെറിയ വെട്ടം കണ്ടൂ. പെട്ടെന്ന് ഇവരുടെ കൈയിലിരുന്ന ചെറിയ ടോര്‍ച്ചും പ്രവര്‍ത്തനം നിര്‍ത്തി. അതോടെ ഇവര്‍ നാലുപേരും ഭയത്തിലായി. ഇവരുടെ കൈയിലെ ടോര്‍ച്ച് നിന്നപ്പോള്‍ അകലെയുള്ള വെളിച്ചവും നിന്നു. പെട്ടെന്ന് തന്നെ എന്റെ സുഹൃത്ത് കൈയിലിരുന്ന മെഴുതിരി കത്തിച്ചു.

ചുറ്റും ചീവീടുകളുടെ കരച്ചിലും കാറ്റും തണുപ്പും ഒപ്പം കൂരിരുട്ടും ഒരു ഭയഭീതമായ അന്തരീക്ഷം കൊടുത്തുവെന്ന് പ്രത്യേകം പറയണ്ടല്ലോ. പക്ഷെ മെഴുതുതിരി കത്തിച്ചപ്പോള്‍ ദൂരെയുള്ള പ്രകാശം വീണ്ടും കണ്ടൂ.എന്തായാലും ഇവര്‍ നാലും മുമ്പോട്ട്‌ നടക്കുമ്പോള്‍ ആ പ്രകാശവും മുമ്പോട്ടും ഇവര്‍ നില്‍ക്കുമ്പോള്‍ പ്രകാശവും ഒപ്പം നില്ക്കും.. നാലുപേരും ഭയഭീതരായി അറിയാവുന്ന മന്ത്രങ്ങളും ചൊല്ലി മുമ്പോട്ട്‌ നടന്നു. എന്തായാലും രണ്ടു കിലോമീറ്റര്‍ നടന്നാലേ അടുത്ത ഗ്രാമം എത്തു എന്നറിയാവുന്നതുകൊണ്ട് വേറെ മാര്‍ഗമില്ലാതെ നടക്കേണ്ടി വന്നു. ഇടയ്ക്കെപ്പോഴോ മുമ്പില്‍ കണ്ട പ്രകാശം അപ്രത്യക്ഷമായി.

പക്ഷെ അടുത്ത ഗ്രാമത്തിലെ ആദ്യം കണ്ടവീട്ടില്‍ അഭയം തേടിയ എന്റെ ചെങ്ങാതികള്‍ വീട്ടുകാരോട് സംഭവം വിശദീകരിച്ചു. വീട്ടുകാരുടെ അഭിപ്രായത്തില്‍ അതൊരു കുട്ടിച്ചാത്തന്‍ ആണത്രേ.. വഴിയാത്രക്കാരെ വഴിതെറ്റിച്ചു മരണത്തിലേക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിച്ചാത്തന്‍. പക്ഷെ എന്റെ കൂട്ടുകാര്‍ ഇന്നേവരെ ആ കുട്ടിച്ചാത്തനെ പറ്റി കേട്ടിട്ടില്ലയെങ്കിലും ശരിക്കും പേടിച്ചു.ഈ കുട്ടിച്ചാത്തനെ പറ്റി ഞാനും ഇതുവരെ കേട്ടിട്ടില്ല.

എന്തായാലും കുട്ടിച്ചാത്തന്‍ ഇവരുടെ ജീവന്‍ എടുക്കാഞ്ഞത് ദൈവഭാഗ്യമെന്നും പറഞ്ഞപ്പോള്‍ ഏതായാലും നമ്മുടെ തീര്‍ത്ഥയാത്രാസംഘം ദൈവത്തിനു നന്ദി പറഞ്ഞു.രസകരമായ സംഗതി ഇവര്‍ അച്ചന്‍ കോവിലില്‍ പോയിവന്ന ശേഷം ഇവരില്‍ രണ്ടുപേര്‍ക്ക് നന്നായി പനിയായി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഒരാള്‍ മൂന്നു ദിവസവും ഒരാള്‍ ഒരു ദിവസവും ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് ആശുപത്രി വാസം കഴിഞ്ഞെത്തിയശേഷം വീട്ടില്‍ ചെറിയ ഹോമവും ഒക്കെ നടന്നുവെന്നതും ഒരു രസകരമായ സംഗതി. പിന്നീട് ഈ യാത്രയിലെ നാല്‍വരും ചില പ്രത്യേക പൂജകള്‍ കൂടി നടത്തി.ഒപ്പം ഓരോ തകിടും പൂജിച്ചു ധരിക്കുകയും ചെയ്തു.

ഈ സംഭവം കഴിഞ്ഞു എന്റെ പേടി ഒന്നുകൂടി കൂടിയെന്ന് പറയേണ്ടതില്ലല്ലോ. കാരണം ധൈര്യം പുറത്തു കാണിക്കുമെങ്കിലും കുറച്ചൊക്കെ പേടി മനസ്സിലുണ്ട്.എന്നാല്‍ ഈ സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞു എന്റെ രണ്ടു പരിചയക്കാര്‍ ഇതെസ്ഥലത്ത് നാലു പേരെ കണ്ട കഥ പറഞ്ഞു. വാറ്റ് ചാരായം വില്‍ക്കുകയും അല്പം വാറ്റുകയും ചെയ്യുന്ന ഇവര്‍ പക്ഷെ നമ്മുടെ നാല്‍വര്‍ സംഘത്തെ എക്സൈസ് ആണെന്നാണ്‌ കരുതിയത്‌. കാരണം അവര്‍ നില്‍ക്കുമ്പോള്‍ ഈ നാലുപേര്‍ നില്‍ക്കുകയും ഒക്കെ കണ്ടപ്പോള്‍ ഭയന്ന അവര്‍ അവസാനം കാട്ടിലൂടെ ഓടുകയായിരുന്നു.

പക്ഷെ അങ്ങനെ ചാരായം വാറ്റുന്ന കുട്ടിചാത്തന്മാരെ കണ്ടതോടെ എന്റെ കുറെ പേടി മാറിയെങ്കിലും ഈ സംഭവം പറഞ്ഞപ്പോള്‍ നമ്മുടെ കുട്ടിച്ചാത്ത ദര്‍ശനം കിട്ടിയ സുഹൃത്തകള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. കാരണം അവരൊക്കെ കുട്ടിച്ചാത്തന്‍ പുകയായി മറയുന്നതും കുട്ടിച്ചാത്തന്റെ അലര്‍ച്ചയും ഒക്കെ കേട്ടത്രേ.പക്ഷെ ഇതെല്ലാം പേടിമൂലമുണ്ടായ തോന്നലുകള്‍ ആണെന്ന് തിരിച്ചരിഞ്ഞതുകൊണ്ട് ഇപ്പോള്‍ എനിക്ക് അധികം ഭയമില്ല.

തൃശ്ശൂര്‍ ഉള്ള ചാത്തന്‍ മഠം ചാത്തന്റെ ഉപദ്രവം മാറ്റാന്‍ നന്നെന്നു അറിഞ്ഞ എന്റെ സുഹൃത്തും സംഘവും അങ്ങോട്ടുള്ള വഴിതിരക്കുന്നതായി അടുത്തിടെ അറിഞ്ഞു. നേരത്തെ തന്നെ കുട്ടിച്ചാത്തന്‍ സംഭവം ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടില്ലെന്നു മനസ്സിലായി.എന്റെ കുട്ടിച്ചാത്താ ഇതെഴുതിയതിന്റെ പേരില്‍ എന്നോട് പിണങ്ങല്ലേ.

17 comments:

ദീപക് രാജ്|Deepak Raj said...

നേരത്തെ തന്നെ കുട്ടിച്ചാത്തന്‍ സംഭവം ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടില്ലെന്നു മനസ്സിലായി.എന്റെ കുട്ടിച്ചാത്താ ഇതെഴുതിയതിന്റെ പേരില്‍ എന്നോട് പിണങ്ങല്ലേ.

smitha said...

ഠോ ഠോ ഠോ ഠോ , പേടിച്ചു പോയോ ചാത്തനേറ് അല്ല, തേങ്ങ ഉടച്ചതാ.

പകല്‍കിനാവന്‍ | daYdreaMer said...

ഈ ചാരായം വാറ്റുന്ന കുട്ടി ചാത്തന്മാര്‍ കലക്കി...!

poor-me/പാവം-ഞാന്‍ said...

Do not worry
I will knock at your door tonight!
I want wooden straw to drink blood, keep it ready!

sreeNu Lah said...

ഓം ഹ്രീം കുട്ടിച്ചാത്താ

വിജയലക്ഷ്മി said...

ee chaaraayam chaathhanmaar kollaam..nalla post.

Dr. Prasanth Krishna said...

കുട്ടിച്ചാത്തന്മാര്‍ ഇല്ലങ്കിലും ഭൂതപ്രേത പിശാചുക്കളും ഉള്ളവതന്നെ. അതുപോലെ തന്നെ യക്ഷികളും. കാരണം ഈ വിഭാഗങ്ങളുടെ സാന്നിധ്യം നന്നായി അനുഭവേദ്യമായിട്ടുണ്ട്. അത് ഞാന്‍ പിന്നീട് ഒരു പൊസ്റ്റാക്കി ഇടാം. ആഗ്രഹമുണ്ടങ്കില്‍ അപ്പോള്‍ വന്ന് വായിച്ചാല്‍ മതി അറിയാന്‍ ‍.
ഏതായാലും ഈ കുട്ടിചാത്തന്‍ കഥ നന്നായി.

പി എം അരുൺ said...

കുട്ടിചാത്തന്റെ പിന്നാലെ ഞാനും കുറെ നടന്നിട്ടുണ്ട്‌. കണ്ടുകിട്ടിയത്‌ കുറേ കഥകളും മന്ത്രങ്ങളും മാത്രം..............
കുട്ടിക്കാലത്ത്‌ ഞാൻ തറവാട്ടു പറമ്പിൽ കിടന്നിരുന്ന ഗുളികന്റെ കൽവിളക്ക്‌ കഴുകി വെടിപ്പാക്കി കുട്ടിക്കളിക്ക്‌ പൂവും ചാർത്തി പ്രധിഷ്ടിച്ചതിൽ സംപ്രീതനായി മിസ്റ്റർ ഗുളികൻ വീട്ടിൽ കേറി വന്നതാണ്‌ തുടർന്നുണ്ടായ കലഹങ്ങൾക്കൊക്കെ കാരണമെന്ന് ഒരു ഐതീഹ്യമുണ്ട്‌...അതോടെ ഗുളികനോടുള്ള മതിപ്പു പോയി..........ഒരു കുട്ടിക്കളിപോലും തിരിച്ചറിയാനാവാത്ത മണ്ടൻ .!!!
എന്തായലും ഒന്നു സത്യമാണ്‌
നമ്മുടെ മനസിലുണ്ടെങ്കിൽ ഇവരൊക്കെ പുറത്തുമുണ്ട്‌. മനസിലില്ലങ്കിലോ പ്രകൃതിയിലുമില്ല.........സധൈര്യം ഏതു കാട്ടിലും പോകാം

Mohamedkutty മുഹമ്മദുകുട്ടി said...

ദീപകിന്ന് ഇപ്പോഴും ഉള്ളിലെന്തോ പേടിയുള്ള പോലെ.ഇത്തരം കുട്ടിച്ചാത്തന്മാര്‍ രാത്രിയില്‍ പല വിധ ആവശ്യങ്ങള്‍ക്കായി ഇറങ്ങി നടക്കാറുണ്ട്.നല്ല ടോര്‍ച്ചു മാത്രമേ ഇവര്‍ക്കു ഭയമുള്ളു.മുമ്പു ചൂട്ടായിരുന്നതിനാല്‍ ഇവര്‍ക്കു നല്ല സുഖമായിരുന്നു.പണ്ടത്തെ ചാത്തന്മാരെ ഇപ്പോള്‍ വേറെയൊരു ഓമനപ്പേരിലാണു അറിയപ്പെടുന്നത്.”സാമൂഹ്യ വിരുദ്ധര്‍!”.എന്താ ശരിയല്ലെ.

ഉസ്മാന്‍ പള്ളിക്കരയില്‍ said...

രസകരം.

Sureshkumar Punjhayil said...

Om hreeem kuttichatha....!!! Nannayirikkunnu. Ashamsakal...!

Unknown said...

just visit this link
http://snehasamvadam.blogspot.com/

മാണിക്യം said...

ഒന്നാമതെ പനി അപ്പോഴാ കുട്ടിചാത്തന്‍!
അല്ലങ്കില്‍ തന്നെ പാതുയുറക്കത്തില്‍ ഇല്യൂഷന്‍ തോന്നി തുടങ്ങി സത്യത്തില്‍ ഒരു കുട്ടിചാത്തനെയെങ്കിലും കൂട്ട് വേണം

ഒരു ചുക്കു കാപ്പി ഇട്ടു കിട്ടുമോ എന്ന് അറിയാനാ

വിവരണം നന്നായി വ്യാജവാറ്റുകാരന്‍ കുട്ടിചാത്തനാവുന്ന കാലം !!

ദീപക് രാജ്|Deepak Raj said...

പ്രിയ സ്മിത
നന്ദി.ഇത്തവണയും തേങ്ങ ആദ്യം അടിച്ചതിനു നന്ദി.

പ്രിയ പകല്‍കിനാവാന്‍
നന്ദി.സത്യത്തില്‍ എന്റെ പേടി മാറാന്‍ (കുറെ) ഇതു സഹായിച്ചു.

പ്രിയ പാവം ഞാന്‍
ഞാന്‍ പാവം ആണ്..എന്നെ പേടിപ്പിക്കല്ലേ.ചാത്തന്‍ സേവ നടത്താം

പ്രിയ ശ്രീനു ഗൈ
നന്ദി,വീണ്ടും വരണം

പ്രിയ വിജയലക്ഷ്മി
നന്ദി.വീണ്ടും വരണം വായിക്കണം

പ്രിയ പ്രശാന്ത്
ചില നല്ല ശക്തികള്‍ ഉള്ളപോലെ ദുഷ്ട ശക്തികളും ഉണ്ടെന്നു തന്നെയാണ് വിശ്വാസം .. പോസ്റ്റ് ഇടണം ഞാന്‍ വായിക്കാം .നന്ദി.

പ്രിയ ബോധി സത്വന്‍
അതെ.വിശ്വസിച്ചാല്‍ ഉണ്ട്..ഇല്ലെങ്കില്‍ ഇല്ല.പക്ഷെ ചെറിയ പേടി ഉണ്ട് ഇപ്പോഴും

പ്രിയ മുഹമ്മദ് കുട്ടി ഇക്ക.
സത്യത്തില്‍ ഇപ്പോഴത്തെ സാമൂഹ്യ വിരുദ്ധര്‍ കുട്ടിച്ചത്തന്മാരെകാള്‍ പേടിക്കെണ്ടാവരാണല്ലോ .കാരണം ഇവര്‍ കൊല്ലാനും മടിക്കാത്തവര്‍ തന്നെ.

പ്രിയ പള്ളികരയില്‍
നന്ദി.വീണ്ടും വരണം വായിക്കണം.

പ്രിയ സുരേഷ് പുഞ്ഞയില്‍
നന്ദി.വീണ്ടും വരണം

പ്രിയ ഞാനും എന്റെ ലോകവും
തീര്‍ച്ചയായും ഞാന്‍ ആ ലിങ്കില്‍ പോവാം.ഇവിടെയും വരണം.

പ്രിയ മാണിക്യം ചേച്ചി.
സത്യം.പക്ഷെ പനി കുട്ടിച്ചാത്തന്‍ മാറ്റുമോ എന്നറിയില്ല.പക്ഷെ വീട്ടു വേല ചെയ്യുന്ന ഒരു കുട്ടിച്ചാത്തന്‍ ഉണ്ടെങ്കില്‍ സുഖമല്ലേ.
എല്ലാവരും വീണ്ടും വരണം.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രിയ ദീപക് ,എന്റെ ഒരവധി ദിനം മുഴുവന്‍ താങ്കളുടെ ബുലോഗത്തുകൂടി സഞ്ചരിച്ചപ്പോള്‍ ,ആ പ്രണയലോകം കണ്ടു വിസ്മയിച്ചുപോയി -പട്ടികള്‍ ,നാട്ടുഭംഗി ഒപ്പിയെടുത്ത ഫോട്ടോകള്‍ ,കഥകള്‍ ,നര്‍മം ,സാഹിത്യം ...- നീ ഒരു പുലിയാണ് ..കേട്ടോ !Keep posting...

ദീപക് രാജ്|Deepak Raj said...

പ്രിയ ബിലാത്തിപട്ടണം

നന്ദി.
സ്നേഹത്തോടെ
(ദീപക് രാജ്)

ae jabbar said...

കാണുക...യു.കലാനന്ദൻ മാസ്റ്ററുടെ സംവാദം