Sunday, March 1, 2009

56.എന്റെ ബ്ലോഗില്‍ ഞാന്‍ എന്തെഴുതണം

ഭാവനകളും ആശയങ്ങളും ഇവിടുത്തെ കൊടും തണുപ്പില്‍ ഐസായി തുടങ്ങിയത് കൊണ്ട് ചിലതൊക്കെ ചൂടാക്കി എഴുതാമെന്ന് കരുതിയപ്പോള്‍ സുപ്രീംകോടതി ബ്ലോഗ് എഴുതുന്നവരുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തിന്റെ വിധിരൂപം വായിച്ചു.ഞെട്ടി പോയി.സാധാരണ ചെയ്യാറുള്ളതുപോലെ ചിന്ത.കോം ലും ഒന്ന് പരതി.കേരളഫാര്‍മര്‍ എഴുതിയ വേറെ ഒരു പോസ്റ്റും കണ്ടു. ബ്ലോഗില്‍ ചിലതൊക്കെ എഴുതിയാല്‍ എഴുതിയവരെ ശിക്ഷിക്കുന്നതും ഫൈന്‍ അടപ്പിക്കുന്നതോ മാത്രമല്ല എന്നെ കുഴപ്പിച്ചത്.ഇനി എന്തെഴുതും.(മറ്റൊന്ന് ഇവിടെ,ഇവിടെ)

ഉദാഹരണത്തിന്‌ പണ്ട് അശ്വമേധത്തില്‍ ടി.എസ്.പ്രദീപ് ചോദിച്ചത് പോലെ രാജാവ്,പടയാളി,രാഷ്ട്രീയ പ്രവര്‍ത്തകന്‍,സ്വാതന്ത്ര്യ സമരസേനാനി. ഇങ്ങനെ വല്ലതും എഴുതാമോ.അതോ വേറെ എന്തെഴുതണം.നൂറായിരം സംശയങ്ങള്‍.കാരണം ചൈതന്യ കുന്തേയെന്ന ബ്ലോഗര്‍ എന്‍.ഡി.ടി.വി.ഹോസ്റ്റെസ് ബര്‍ഖ ദത്തിനെതിരെ എഴുതിയ ബ്ലോഗ് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ഒരു പക്ഷെ എന്‍.ഡി.ടിവി.പോലെ ഒരു മാദ്ധ്യമത്തോട് പിടിച്ചു നില്‍ക്കാനവില്ലയെന്നത് കൊണ്ടാവാം. പ്രസ്തുത ബ്ലോഗില്‍ ഇന്ത്യന്‍ മാദ്ധ്യമകാരോടൊപ്പം രാജ്യരക്ഷ,കമാന്‍ഡോ ഫോഴ്സ് തുടങ്ങിയവരെയും ചെറിയ തോതില്‍ എങ്കിലും വിമര്‍ശിച്ചതായി അറിയാന്‍ കഴിഞ്ഞു.അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിനും അതിനെതിരെ കേസ് എടുക്കാം എന്നാണു തോന്നുന്നത്.

പക്ഷെ മതപരമായ കാര്യത്തില്‍,ഉദാഹരണത്തിന്‌ ഒരാള്‍ ഹിന്ദിയില്‍ ഹൈന്ദവ ദൈവത്തിനെതിരെ എഴുതിയെന്നിരിക്കട്ടെ.അതെ വ്യക്തി ഹിന്ദി സംസാരിക്കുന്നതും,ഹിന്ദുവും എന്നാല്‍ ഭാരതമല്ലാത്ത ഹിന്ദി സംസാരിക്കുന്ന രാജ്യത്തിലെ (നേപ്പാള്‍, സുരിനാം, മൌറീഷ്യസ്, ട്രിനിടാഡ് ആന്‍ഡ് ടൊബാഗോ, ഫിജി തുടങ്ങിയ) പ്രജയോ അല്ലെങ്കില്‍ ഭാരതീയ വംശജനും എന്നാല്‍ തലമുറകളായി മറ്റൊരു വിദേശമണ്ണില്‍ വസിക്കുകയും ചെയ്യുന്ന ഒരാളാണ് എങ്കില്‍ കേസെങ്ങനെ എടുക്കും.
ഇവിടെ പേറ്റന്റ് പ്രോട്ടെക്ഷന്‍ പോലെ ഒരു നിയമമാണ് അനുവര്‍ത്തിക്കുന്നതെങ്കില്‍ ഹിന്ദു മതവും,ഹിന്ദിയും തങ്ങളുടെ പേറ്റന്റ് ഉള്ള സംഗതികള്‍ ആണെന്ന് വാദിക്കേണ്ടി വരും.കാരണം ഭാരതത്തില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നുള്ളതുകൊണ്ട് മറ്റുരാജ്യങ്ങളില്‍ പെട്ടവര്‍ അതെപറ്റി മിണ്ടിപോവരുത് എന്നില്ലല്ലോ. അതൊരു തെങ്ങുള്ള നാട്ടിലൂടെ തേങ്ങ കൊണ്ടുപോവരുത് എന്ന് പറയുന്നത് പോലെയാവും.

അതേപോലെ മഹാവിഷ്ണുവും,ഗരുഡനും,കുബേരനും എല്ലാം ഹിന്ദുമതത്തില്‍ ആണ് അതുകൊണ്ട് ഇന്തോനേഷ്യന്‍ ബാങ്കായ കുബേരയും,വിമാനമായ ഗരുഡയും ഞങ്ങള്‍ക്ക് റോയല്‍റ്റി അടക്കണം എന്നും വാദിക്കാനാവുമോ.അല്ലെങ്കില്‍ ബുദ്ധന്റെ ജന്മനാട് നേപ്പാള്‍ ആയതിനാല്‍ നാളെ തായ്‌ ലണ്ടിലോ, ശ്രീലങ്കയിലോ ആരെങ്കിലും ബുദ്ധമതത്തെ തെറി വിളിച്ചാല്‍ നേപ്പാള്‍ കോടതിയില്‍ വന്നോണം എന്ന് പറയാന്‍ കഴിയുമോ.?

ബ്ലോഗില്‍ സഭ്യമായി എഴുതുക,സഭ്യമല്ലാത്തതും രാജ്യദ്രോഹപരമോ സൈബര്‍ നിയമത്തിനു അനുസരിച്ചല്ലാത്തവയോ ആണെങ്കില്‍ ഡിലീറ്റ് ചെയ്യുക എന്നതെല്ലാം നല്ലത് തന്നെ.കാരണം ഇന്ന് ബ്ലോഗ് കേവലം ഒരു ഡയറികുറിപ്പ് എന്നതിലുപരി ഒരു മാദ്ധ്യമം എന്നാ രീതിയിലേക്ക് മാറിയിരിക്കുന്നു (?). പക്ഷെ മതപരമായ ഒരു കാര്യം എഴുതിയാല്‍ മേല്പറഞ്ഞപോലെ വിദേശമണ്ണിലെ പ്രജയും ഒരു റിബലുമായ ഹിന്ദു ഹിന്ദുമതത്തിനെതിരെ എഴുതിയാല്‍ എങ്ങനെ ഭാരതത്തിന്‌ ഇടപെടാന്‍ കഴിയും.നേപ്പാള്‍ പോലെ ഇന്ത്യ ഒരു ഹൈന്ദവ രാജ്യമോ അല്ലെങ്കില്‍ ഹൈന്ദവരക്ഷ,അല്ലെങ്കില്‍ ഹൈന്ദവവികാസം എന്നതല്ല പകരം മതേതര രാഷ്ട്രം എന്നാ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്.മതേതരം എന്നുവച്ചാല്‍ മറ്റു മതത്തിന്റെ മേല്‍ കുതിര കയറുക എന്നല്ല ഇവിടെ പറഞ്ഞിതിന്റെ പൊരുള്‍.

ഒരു പ്രോഡക്റ്റ് പേറ്റന്റ് എടുത്തു മറ്റു രാജ്യങ്ങളില്‍ വില്‍ക്കുമ്പോള്‍ പേറ്റന്റ് നിയമങ്ങള്‍ അതി ലംഘനം നടക്കുകയാണെങ്കില്‍ ഇടപെടുന്നതുപോലെ മതത്തെയും ആ രീതിയില്‍ കാണാന്‍ കഴിയുമോ.അങ്ങനെയെങ്കില്‍ ഹിന്ദു മതങ്ങളും ദൈവങ്ങളും തങ്ങളുടെ പ്രോഡക്റ്റ് ആണെന്നും അതിന്റെ പേറ്റന്റ് തങ്ങളുടെതാണെന്നും അതിനെ ആരെങ്കിലും അപമാനിച്ചാല്‍ ഭാരതത്തിലെ കോടതിയില്‍ ഹാജരാകണമെന്നും വാദിക്കാനാവുമോ.?

അതേപോലെ ഓര്‍ക്കുട്ടില്‍ ശിവസേനയ്ക്കെതിരെ എഴുതിയപ്പോള്‍ കേസ് കൊടുത്തത് ശിവസേന ഒരു രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ടാണ്.അവര്‍ക്കെതിരെ എഴുതിയാല്‍ കേസ് കൊടുക്കാം.സ്വാഭാവികം.പക്ഷെ സാക്ഷാല്‍ ശിവനെതിരെ എഴുതിയാല്‍ കേസ് കൊടുക്കണമെങ്കില്‍ ശിവന്‍ ഭാരതീയന്‍ ആയിരുന്നുവെന്നും അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെന്നും തെളിയിക്കേണ്ടി വരും. അതല്ല പുരാണങ്ങളിലെ ശിവനെ അധിക്ഷേപിച്ചു എന്നതാണെങ്കില്‍ ഞങ്ങള്‍ ഭാരതത്തിലെ ശിവനെ അല്ല വിദേശശിവനെയാണ് (മുമ്പ് പറഞ്ഞ ഹിന്ദി സംസാരിക്കുന്നവരും ഹിന്ദുക്കളും ധാരാളം ഉള്ള രാജ്യത്തെ) എഴുതിയത് എന്നുപറഞ്ഞ്‌ അഭിനവ ശ്രീ നാരായണീയ ബ്ലോഗ്ഗര്‍ വന്നാല്‍ നിയമത്തിനു അവര്‍ക്കെതിരെ ഫത്വ വിളിക്കാന്‍ കഴിയുമോ.

ഒരു ഉദാഹരണം സഹിതം പറയാം.
വേശ്യാവൃത്തി ഭാരതത്തില്‍ നിയമനുസൃണം അല്ല നടക്കുന്നത്.അത് പ്രോത്സാഹിപ്പിച്ച് പരസ്യം കൊടുത്താലോ പ്രോല്‍സാഹനമോ പരസ്യമോ കൊടുത്താല്‍ ഒരു പക്ഷെ അകത്താവും.എന്നാല്‍ പിമ്പിംഗ് ഇല്ലാത്ത വേശ്യാവൃത്തി നിയമാനുസൃതമായ രാജ്യങ്ങള്‍ ഉണ്ട്.അവിടെ വേശ്യയ്ക്ക് പരസ്യമോ ഫോണ്‍ നമ്പരോ ഒക്കെ കൊടുത്ത് പരസ്യം ചെയ്യാം. അത് ഇന്ത്യന്‍ നിയമത്തില്‍ കുറ്റമാണ് എന്ന് കരുതി കേസ് എടുക്കാന്‍ കഴിയുമോ. ഇതില്‍ നിന്ന് ഒരു കാര്യം മാത്രമേ വെക്തമാവുന്നുള്ളൂ.രാജ്യ താല്പര്യത്തിനെതിരായി ഒരാള്‍ ബ്ലോഗ് എഴുതിയാല്‍ നിയമപരമായി കേസ് എടുക്കാം.അല്ലാത്ത ഭാരതീയനല്ലാത്ത ഒരാള്‍ മതത്തിനെതിരായി എഴുതിയാല്‍ അതിനെതിരെ കേസ് കൊടുത്താല്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പ്രഖ്യാപിച്ചത് പോലെയാവും.

ഇതേ പോലെ ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കാര്യവും ഉണ്ട്.ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് ഏതോ ഗള്‍ഫ് രാജ്യത്തില്‍ ബ്ലോക്ക് ചെയ്തു എന്നറിയാന്‍ കഴിഞ്ഞു..ആ നാടിന്റെ നിയമപ്രകാരം അത് തെറ്റായത് കൊണ്ട് ജബ്ബാര്‍ മാഷിനെ ആ നാട്ടില്‍ രാജ്യാന്തര കുറ്റവാളി കൈമാറ്റ കരാര്‍ അനുസരിച്ച് കൊണ്ട് വന്നു തല വെട്ടാന്‍ കഴിയുമോ.ഇല്ല.കാരണം ആ നാട്ടിലെ നിയമപ്രകാരം കുറ്റമാണെങ്കിലും ഭാരതത്തില്‍ കുറ്റമായിരുന്നെങ്കില്‍ മാത്രമേ അദ്ധേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ.കാരണം ജബ്ബാര്‍ മാഷ് ഭാരതീയനാണ്,ഭാരതത്തില്‍ അദ്ധേഹം എഴുതിയത് കുറ്റമല്ല.പിന്നെ ചെയ്യുവാന്‍ കഴിയുന്നത്‌ മേല്‍പ്പറഞ്ഞ ഗള്‍ഫ് രാജ്യം ആ ബ്ലോഗ് ആ രാജ്യത്തിലെ പൗരന്മാര്‍ക്കോ,നിവാസികള്‍ക്കോ വായിക്കാന്‍ കഴിയാത്ത രീതിയില്‍ ബ്ലോക്ക് ചെയ്യുക എന്നുള്ളത് മാത്രമാണ്.അങ്ങനെയാണ് നിരവധി സൈറ്റുകള്‍ ഗള്‍ഫില്‍ ബ്ലോക്ക് ചെയ്തത്(യു.എ.ഇ.യില്‍ ഓര്‍ക്കുട്ട് അങ്ങനെയാണത്രേ ബ്ലോക്ക് ചെയ്തത്) .

വിവര സാങ്കേതിക രംഗത്ത്‌ കുതിച്ചു ചാട്ടം നടത്തിയ (?) ഭാരതം അത്തരം കുറ്റം ചെയ്യുന്നവരെ തങ്ങളുടെ രാജ്യത്ത്‌ കൊണ്ട് വന്നു ശിക്ഷ കൊടുക്കാന്‍ തുനിഞ്ഞാല്‍?
അതേപോലെ പലപ്പോഴും ഭാരതീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന കാര്യങ്ങള്‍ വിദേശത്തു ഉണ്ടായപ്പോള്‍ അന്നാട്ടിലെ ഭാരതീയരും,സംഘടനകളുമാണ് അതില്‍ ഇടപെട്ടത്.അല്ലാതെ ഇന്ത്യന്‍ കോടതികള്‍ കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും ചെയ്തതായിട്ടോ അല്ലെങ്കില്‍ അതിനു ശ്രമിച്ചതായിട്ടോ അറിയില്ല.അപ്പോള്‍ പാവം ബ്ലോഗര്‍മാരെയാണോ ശിക്ഷിക്കുന്നത്.അങ്ങനെയെങ്കില്‍ എം.എഫ്.ഹുസൈന്‍ സാഹിബ്‌ എന്നെ തീഹാര്‍ ജയിലില്‍ ഉണ്ട തിന്നേനെ.

അല്ലെങ്കില്‍ ഇതൊക്കെ വായിക്കുന്നവന്‍ ഭാരതീയ സൈബര്‍ നിയമവും താലീബാനീകരണം നടത്തുകയാണോ എന്ന് സംശയിക്കും.

26 comments:

chithrakaran ചിത്രകാരന്‍ said...

അല്‍പ്പ ബുദ്ധികള്‍ മണല്‍ച്ചിറകൊണ്ട് മലവെള്ളപ്പാച്ചിലിനെ നിയന്ത്രിച്ചുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതി നിലനിര്‍ത്താമെന്ന്
വ്യാമോഹിക്കും. കാലത്തിനു മുന്നോട്ടു പോകാതിരിക്കാനാകില്ലല്ലോ.
നിയമങ്ങള്‍ മനുഷ്യനുവേണ്ടിയുള്ളതാണ്.
മനുഷ്യന്‍ നിയമത്തിന്റെ അടിമകളാകണമെന്ന്
ഇനി ആരു വിചാരിച്ചാലും നടക്കില്ല.
നിയമങ്ങള്‍ പരിഷ്ക്കരിക്കപ്പെട്ടില്ലെങ്കില്‍
കാലം നിയമത്തെ മാറ്റുകതന്നെ ചെയ്യും.

smitha said...

ini varunna comments okke varify cheythu pubblish cheyendi varumo? kurachokke limitations nallathanu, ennalum, varunna comments num blogger aaanu utharavadi ennokke paranjal ????????????????????

ദീപക് രാജ്|Deepak Raj said...

പ്രിയ ചിത്രകാരാ

അത് തന്നെ കാര്യം.കാര്യം സ്വതന്ത്ര ചിന്താഗതിയുള്ള മനുഷ്യന്‍ കാലപ്പഴക്കം ചെന്ന നിയമം വരയ്ക്കുന്ന വൃത്തത്തില്‍ നാടകം കളിക്കണമെന്ന് ആശിക്കുകയാണ് ചിലരെങ്കിലും. അമിത നിയന്ത്രണം എന്തും നിയന്ത്രാധീനം ആക്കുമെന്നത് വ്യാമോഹം മാത്രമാണ്.കാരണം ധിഷണ ശേഷിയുള്ള തലമുറകളാണ് വരുന്നത്.മതത്തിന്റെ ചട്ടക്കൂടും നിയമങ്ങളും തത്വ സംഹിതകളും പരിഷ്കരിക്കണം.കാരണം ഇതെല്ലാം മനുഷ്യനുവേണ്ടി മനുഷ്യനുണ്ടാക്കിയതാണ്.അതുകൊണ്ട് തന്നെ കാലഘട്ടത്തിനു അനുസരിച്ച് മാറ്റെണ്ടിയതും. അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞതുപോലെ കാലം അതിനെയല്ലാം മാറ്റും.

സ്നേഹത്തോടെ
(ദീപക് രാജ്)

പ്രിയ സ്മിത.

ബ്ലോഗില്‍ വരുന്ന കമന്റുകള്‍ ബ്ലോഗ് എഴുത്തുകാരന്റെ/ബ്ലോഗ് ഉടമയുടെ ഉത്തരവാദിത്തത്തില്‍ ഉള്ളതെന്നെ അര്‍ത്ഥം ഉള്ളൂ.അതായത് ഒരു കമന്റ് വന്നത് കാണാതെ /ശ്രദ്ധിക്കാതെ/ അനാവശ്യമെങ്കില്‍ നീക്കം ചെയ്യാതെ അടുത്ത കമന്റ് ഇട്ടാല്‍ വന്ന കമന്റ് കണ്ടില്ലയെന്ന് വാദിക്കാനാവില്ല എന്ന് പറയാം. അത്തരം മോശമായ കമന്റിനു ശേഷം കമന്റ് ഇട്ടില്ലയെങ്കില്‍ താന്‍ കണ്ടില്ലായിരുന്നുവെന്നു പറഞ്ഞൊഴിയാന്‍ അല്ലങ്കില്‍ താന്‍ അതുവരെ ഓണ്‍ലൈനില്‍ വന്നില്ല എന്ന് പറയാന്‍ ഒരു അവസരം കിട്ടും.

സ്നേഹത്തോടെ
(ദീപക് രാജ്)

പകല്‍കിനാവന്‍ | daYdreaMer said...

ഏറ്റവും നല്ലത് റെയില്‍ പാളമാണ്.. ഇല്ലെങ്കില്‍ തൂങ്ങി മരിക്കാം അതുമല്ലെങ്കില്‍ വിഷം കഴിക്കാം.. എന്തെങ്കിലും അടിയന്തിരമായി ചെയ്തേ പറ്റൂ... !

Senu Eapen Thomas, Poovathoor said...

അടി പൊളി ഫോട്ടൊയായിട്ടുണ്ട്‌ കേട്ടോ. ഈ ഫോട്ടോ കണ്ടിട്ട്‌ ആ മാധവന്റെ [MAD A VAN ഛായയൊക്കെയുണ്ട്‌ കേട്ടൊ.

പിന്നെ ഈ പോസ്റ്റിനെ പറ്റി. എനിക്കു ഈ പോസ്റ്റ്‌ വായിക്കാന്‍ പറ്റുന്നില്ല. എന്താണെന്ന് മനസ്സിലാകുന്നില്ല. :)

കണ്ണടച്ച്‌ ഇരുട്ടാക്കുന്നൂവെന്ന് സാരം.

ഗോതമ്പ്‌ ഉണ്ട [ സോറി മായാവി കേള്‍ക്കെണ്ട...] കിട്ടാത്തതെന്തും എഴുതാം...

സസ്നേഹം,
സെനു, പഴമ്പുരാണംസ്‌

അനില്‍@ബ്ലോഗ് // anil said...

ടെന്‍ഷനടിക്കാതെ ദീപക് രാജെ,
ബ്ലോഗ്ഗ് എന്ന മാദ്ധ്യമം കൂടുതല്‍ ജനകീയമാകുമ്പോള്‍, മുമ്പ് മറ്റു മാദ്ധ്യമങ്ങളുടെ നേരെ വാളെടുത്ത ശക്തികളൊക്കെ , ഭരണകൂടമുള്‍പ്പെടെ പാഞ്ഞുവരിക സ്വാഭാവികമാണ്. ഈ യുദ്ധത്തില്‍ ചെറുത്തുനില്‍പ്പാണാവശ്യം, പട വെട്ടി സന്തുലിതാവസ്ഥ സംജാതമാകുന്നവരെ.

ബ്ലോഗ്ഗ് ഇപ്പൊള്‍ ഒരു ട്രാന്‍സിഷന്‍ പീരീഡിലാണ്. കുറച്ചുകാലത്തിനുള്ളില്‍ എല്ലാം ട്രാക്കിലായിക്കോളും.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

മറ്റു മാദ്ധ്യമങ്ങളോടെന്ന പോലെ ബ്ലോഗിനേയും കടിഞ്ഞാണിട്ടു തങ്ങളുടെ വരുതിക്കു വരുത്തുവാന്‍ ചില കേന്ദ്രങ്ങളില്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നത് ആശങ്കക്കിട നല്‍കുന്നുണ്ട്. ദുരുപയോഗത്തില്‍ നിന്നും ഒരു മാദ്ധ്യമവും മുക്തമല്ല എന്നതു പോലെ മാത്രമേ ബ്ലോഗു ദുരുപയോഗത്തേയും കാണാന്‍ പറ്റൂ. ഇതിന്റെ മറപിടിച്ച് തല്പരകക്ഷികള്‍ ബ്ലോഗു സെന്‍സറിംഗ് നടത്താന്‍ കത്രികയെടുക്കുന്നതിനെതിരേ ബ്ലോഗര്‍മാര്‍ അണി നിരക്കേണ്ടതുണ്ട്

Manikandan said...

ബ്ലോഗുകളെ സംബന്ധിച്ച് സുപ്രീം കോടതി അടുത്തയിടെ നടത്തിയ പരാമർശങ്ങൾക്ക് കാരണം I Hate Shiv Sena എന്ന പേരിൽ പരാതിക്കാരൻ രൂപം നൽകിയ ഓർക്കുട്ട് കമ്മ്യൂണിറ്റിയും അതിൽ ശിവ സേനയുടെ നേതാവായ ബാൽതക്കറേക്കെതിരായി ആരോ എഴുതിയ വധഭീഷിണിയും ആണെന്നതാണെന്ന് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരത്തിൽ മറ്റുവ്യക്തികൾ തങ്ങളുടെ ബ്ലോഗുകളിൽ / കമ്മ്യൂണിറ്റികളിൽ രേഖപ്പെടുത്തുന്ന നിരുത്തരവാദപരമായ പ്രസ്താവനകൾക്ക് ബ്ലോഗ് / കമ്മ്യൂണിറ്റി ഉടമ കോടതികയറേണ്ടി വരും എന്നത് അല്പം ആശങ്കയോടെ തന്നെ ഞാൻ കാണൂന്നു.

വികടശിരോമണി said...

സ്വാതന്ത്ര്യമില്ലാത്ത അവസ്ഥയുണ്ടാക്കാനൊന്നും നമ്മുടെ നാട്ടിൽ നിയമങ്ങൾ കൊണ്ടു കഴിയില്ല.അതൊക്കെ വ്യാമോഹങ്ങളാണ്.
പിന്നെ,കുറേ ചർച്ച ചെയ്യിക്കാം.

ചാണക്യന്‍ said...

ദീപക് രാജ്|Deepak Raj,

നിയമത്തെ വെല്ലുവിളിച്ച് ഒരു പ്രവര്‍ത്തിയും ചെയ്യാന്‍ പാടില്ല, അത് എഴുത്താണെങ്കില്‍ കൂടി.....

പക്ഷെ....,

ഇന്റെര്‍നെറ്റ് എന്ന് കേട്ടാല്‍ എന്തോ ആകെ കുഴപ്പം പിടിച്ച ഒരു സാധനമാണെന്ന് പൊതുവില്‍ ഒരു ധാരണയുണ്ട്...അങ്ങനെ നോക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട ബ്ലോഗെന്ന മീഡിയവും കുഴപ്പമാണെന്ന് ഒരാള്‍(അയാളെ ഞാന്‍ ജഡ്ജിയെന്ന് വിളിക്കുന്നില്ല) വിധിയെഴുതിയാല്‍ എന്ത് പറയാന്‍ പറ്റും. പൂര്‍ണ്ണമായും അതെകുറിച്ച് പഠിക്കാതെ വിധിയെഴുതിയാല്‍ എല്ലാവരും കുടുങ്ങും..താല്‍ക്കാലികമായിട്ട് എങ്കിലും..

മാഷെ,
ഉള്ളില്‍ നിന്നും വരുന്ന ആശയങ്ങള്‍ സത്യസന്ധമായി എഴുതുമ്പോള്‍ ആരേയും പേടിക്കേണ്ട കാര്യമില്ല...അത് മന:പൂര്‍വ്വമല്ലെങ്കില്‍.....

തെറ്റും ശരിയും, കുറ്റവും ശിക്ഷയും ഒക്കെ വ്യാഖ്യാനിക്കുന്നത് മനുഷ്യരാണ്.....

ഒരു ഉദാഹരണം പറയട്ടെ, (തമാശയായിട്ട് എടുക്കണേ)

മാഷിനെ ഞാന്‍ പൊലയാടി മോനേന്ന് വിളിച്ചൂന്ന് കരുതുക. അത് കേസായി വഴക്കായീ എന്നും കരുതുക. താങ്കള്‍ കൊടുത്ത കേസിലെ പ്രതി ഞാനുമായി. വ്യക്തിയെ അധിക്ഷേപിച്ചു എന്ന് പറഞ്ഞ് കോടതി എനിക്ക് ജാമ്യം നിഷേധിക്കുന്നു. ഞാന്‍ പിന്നെ അതിന്റെ പിറകെ ഓടുന്നു. അവസാനം കോടതി കേസ് വിചാരണക്ക് വിളിക്കുന്നു. പിന്നെ കോടതിക്ക് മുന്നില്‍ വരുന്ന പ്രശ്നം ഇതേയുള്ളൂ...പൊലയാടി എന്നത് കുറ്റകരമായ പദമാണോ?....

ഒരു വാക്കിന്റെ അശ്ലീലവും ശ്ലീലതയും ആരാണ് തീരുമാനിക്കുന്നത്?

ഒരു വാക്കിന്റെ അവസ്ഥ ഇതാണെങ്കില്‍ ഒരു ആശയത്തിന്റെ കഥയെന്ത്?

ചിത്രകാരന്റെ വാക്കുകള്‍ കടമെടുക്കട്ടെ-

“അല്‍പ്പ ബുദ്ധികള്‍ മണല്‍ച്ചിറകൊണ്ട് മലവെള്ളപ്പാച്ചിലിനെ നിയന്ത്രിച്ചുകൊണ്ട് നിലവിലുള്ള വ്യവസ്ഥിതി നിലനിര്‍ത്താമെന്ന്
വ്യാമോഹിക്കും....”-

ചാണക്യന്‍ said...

MANIKANDAN [ മണികണ്ഠന്‍‌ ],

“അതിൽ ശിവ സേനയുടെ നേതാവായ ബാൽതക്കറേക്കെതിരായി ആരോ എഴുതിയ വധഭീഷിണിയും “-

അവിടെയാണ് പ്രശ്നം...ഒരാള്‍ക്കെതിരെ വധഭീഷണി മുഴക്കിയ വരികളാണ് കേസിന് ആസ്പദം എന്ന് തോന്നുന്നു. ശിവസേനയെ വിമര്‍ശിച്ചതിനായിരിക്കില്ല കേസ് എന്നും കരുതാം.

Mohamedkutty മുഹമ്മദുകുട്ടി said...

ഇങ്ങനെ പോയാല്‍ ഇനി കമന്റെഴുതാനും സൂക്ഷിക്കേണ്ടി വരും.ചുരുക്കത്തില്‍ കാണണ്ട,കേള്‍ക്കണ്ട,മിണ്ടണ്ട!

നീര്‍വിളാകന്‍ said...

തുടക്കത്തില്‍ തന്നെ ഒരു തിരുത്ത് .... നേപ്പാള്‍ ഇപ്പോള്‍ ഹിന്ദു രാഷ്ട്രമല്ല ഇന്ത്യ പോലെ ഒരു റിപബ്ലിക് ആണ്..... സാഹിത്യത്തെയും, സാഹിത്യകാരന്മാരെയും ക്രു‌ശിക്കാന്‍ പല രാജ്യന്ന്ങളിലും ശ്രമങ്ങള്‍ നടന്നിട്ടുണ്ട് പക്ഷെ അന്തിമ വിജയം എഴുത്തിനു തന്നെയായിരുന്നു. നിയമത്തെ പേടിച്ച് എഴുത്ത് നിര്‍ത്തിയതായി കേട്ടുകേള്‍വി പോലും ഇല്ല.... നിയമം അതിന്റെ വഴിക്ക് നീങ്ങട്ടെ....

Sureshkumar Punjhayil said...

Ente blog enteyanu. Athil enthezhuthanamennu theerumanikkunnathu njan thanneyum. Thnks for the information dear. Best wishes.

Appu Adyakshari said...

ബ്ലോഗില്‍ സഭ്യമായി എഴുതുക,സഭ്യമല്ലാത്തതും രാജ്യദ്രോഹപരമോ സൈബര്‍ നിയമത്തിനു അനുസരിച്ചല്ലാത്തവയോ ആണെങ്കില്‍ ഡിലീറ്റ് ചെയ്യുക എന്നതെല്ലാം നല്ലത് തന്നെ.കാരണം ഇന്ന് ബ്ലോഗ് കേവലം ഒരു ഡയറികുറിപ്പ് എന്നതിലുപരി ഒരു മാദ്ധ്യമം എന്നാ രീതിയിലേക്ക് മാറിയിരിക്കുന്നു ....

വളരെ ശരി ദീപക്. അതനുസരിച്ച് നിയമങ്ങളും കാഴ്ചപ്പാടുകളും മാറും എന്നു പ്രത്യാശിക്കാം.

ദീപക് രാജ്|Deepak Raj said...

പ്രിയ പകല്‍കിനാവന്‍

പ്രതികരിക്കും മുമ്പേ മരിക്കണോ?
എന്തായാലും മരിക്കുകയെങ്കില്‍ പ്രതികരിക്കൂ.അതില്‍ രക്ത സാക്ഷീ ആവൂ.കുറഞ്ഞപക്ഷം ഒരു വിപ്ലവത്തില്‍ പങ്കാളിയാവൂ. :))
നന്ദി.

പ്രിയ സേനൂ ഈപ്പന്‍ അച്ചായാ

കമന്റിനെ കണ്ടാലും പോലീസ് പിടിക്കും അല്ലെ. അപ്പോള്‍ അച്ചായന്‍ വന്നിട്ടില്ല.ഒന്നും കണ്ടിട്ടില്ല.മിടുക്കന്‍..
നന്ദി

പ്രിയ അനില്‍@ബ്ലോഗ്

അത് തന്നെയാണ് പ്രശ്നം.പിന്നെ ഇടയ്ക്ക് എനിക്ക് തോന്നിയ സംശയം (സംശയം മാത്രമാണ്) മറ്റു മാദ്ധ്യമങ്ങള്‍ ചിലപ്പോഴെങ്കിലും ബ്ലോഗിന്റെ വളര്‍ച്ചയെ പേടിയോടെയാണ് നോക്കിക്കാണുന്നത്. അതുപോലെ ബ്ലോഗ് ഒരു മാദ്ധ്യമമായി വളര്‍ന്നു എന്നതിന്റെ ചെറിയ തോതിലുള്ള അംഗീകാരമാണ് "ബ്ലോഗനയും" മറ്റും. പക്ഷെ ബ്ലോഗും ഒരു സംഘടിത ശക്തിയായി കഴിയുമ്പോള്‍ മറ്റുള്ളവരുടെ (പുറമേ നിന്നുള്ള) ചെറുത്തു നില്‍പ്പിനെ തോല്പ്പിക്കാനവുമെന്നു തോന്നുന്നു.
നന്ദി.

പ്രിയ മോഹന്‍ പുത്തെന്‍ചിറ

എല്ലാ മാദ്ധ്യമങ്ങളും (ബ്ലോഗ്
ഉള്‍പ്പടെ) തങ്ങളുടെ നിയന്ത്രണത്തില്‍ ആവണമെന്ന് പലരും ആഗ്രഹിക്കുന്നു.കാരണം അവരെല്ലാം ചില ദുരുപയോഗങ്ങള്‍ ഉണ്ടെങ്കിലും ബ്ലോഗിന്റെ ശക്തി തിരിച്ചറിഞ്ഞു കഴിഞ്ഞു.കാരണം ഒരു പക്ഷെ നാളെയുടെ നാവായിരിക്കാം ബ്ലോഗ്.അന്ന് ബ്ലോഗില്‍ കാര്യമായ മാറ്റങ്ങളും ഉണ്ടാവും.പക്ഷെ സംഘടിതമായി മാറും ബ്ലോഗ് എഴുത്തുകാരും എന്നും പ്രത്യാശിക്കാം.
നന്ദി.

പ്രിയ മണികണ്ഠന്‍‌

ഒരു പാര്‍ട്ടിയെയോ നേതാവിനേയോ വിമര്‍ശിച്ചത് കൊണ്ട് ആരെയും ജെയിലില്‍ ആക്കാന്‍ കഴിയില്ല.കാരണം അത് ഏറ്റവും നന്നായി അറിയാവുന്നത് കേരളത്തിലെ ജനങ്ങള്‍ തന്നെ.ഇവിടെ സാധാരണ ചായക്കടയില്‍ ഇരുന്നു രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതില്‍ തുടങ്ങി എവിടെയും ആ വിമര്‍ശനം കാണാം. അതേപോലെ വിമര്‍ശിക്കപ്പെടാത്ത (കുറഞ്ഞപക്ഷം എതിര്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തര്‍ എങ്കിലും) നേതാക്കന്മാരുമില്ല.പക്ഷെ വധഭീഷണി വന്നാല്‍ അത് ക്രിമിനല്‍ കുറ്റമാണ്. അതിന്റെ പേരില്‍ നിയമ നടപടി എടുക്കാം. (വധഭീഷണി എല്ലാ രാജ്യങ്ങളിലും കുറ്റം തന്നെയാണ്)
നന്ദി.

ദീപക് രാജ്|Deepak Raj said...

പ്രിയ ചാണക്യ

സത്യത്തില്‍ നിയമം പഠിക്കുന്ന കാലത്ത് സൈബര്‍ നിയമം ഇല്ലാതെ പിന്നീട് അതെ പറ്റി പഠിച്ച ന്യായാധിപന്മാര്‍ അതിനെ എങ്ങനെ കാണുന്നൂ എന്നറിയില്ല.കാരണം പോക്കറ്റടികാരനേയും,കള്ളനെയും കൊലപാതകിയെയും സൈബര്‍ കുറ്റവാളിയെയും ഒരേപോലെ അവര്‍ കാണുന്നു.ഇന്റര്‍നെറ്റിനെയും,ഐറ്റി. യെയും പറ്റി നന്നായി അറിയാവുന്ന കുറഞ്ഞ പക്ഷം ആ കേസിന്റെ തെളിവുകള്‍ ഹാജരാക്കുമ്പോള്‍ അതെന്തെന്നു നന്നായി മനസ്സിലാവുന്നവര്‍ അവിടെ ഇരുന്നാലെ പ്രയോജനമുള്ളൂ.അല്ലെങ്കില്‍ എല്ലാം വെറും കേസുകള്‍ എന്നാ രീതിയില്‍ നടപടി എടുക്കും.

പിന്നെ അനില്‍@ബ്ലോഗ് പുതിയ മൈരു വെട്ടികള്‍ എന്നൊരു പോസ്റ്റ് ഇട്ടിരുന്നു. അതില്‍ നിന്ന് മനസ്സിലാവും മലയാളികള്‍ സ്ഥിരം ഉപയോഗിക്കുന്ന വാക്കുകള്‍ വേണമെങ്കിലും കേസ് ആക്കാന്‍ വേണ്ടി കേസ് ആക്കം എന്ന്. സത്യത്തില്‍ തുടക്കത്തിലെ നിയന്ത്രണം വരുത്തി ബ്ലോഗും നിയന്ത്രണം ഏര്‍പ്പെടുത്തി കാല്‍ക്കീഴില്‍ ആക്കാമെന്ന ചിലരുടെ വ്യാമോഹമാണ്.
ചിത്രകാരന്‍ ആദ്യ കമന്റില്‍ തന്നെ മനോഹരമായി അത് പറയുകയും ചെയ്തു.
"കാരണം അത് വെറും വ്യാമോഹം തന്നെ"
നന്ദി.

പ്രിയ മുഹമ്മദ് കുട്ടി ഇക്ക.

നമ്മള്‍ മലയാളികള്‍ പൊതുവേ പ്രതികരണ ശേഷി ഉള്ളവര്‍ ആണെന്നാണ്‌ കേള്‍വി.ഇത്തരം ഒരു പടക്കം പൊട്ടുമ്പോള്‍ തൃശൂര്‍ പൂരം ആസ്വദിക്കുന്ന മലയാളികള്‍ പേടിക്കുമോ?
എവിടെ അല്ലെ.അത്രയേ ഉള്ളൂ. ബ്ലോഗ് കൂടുതല്‍ ശക്തി ആര്‍ജ്ജിക്കട്ടെ.
നന്ദി.

പ്രിയ നീര്‍വിളാകന്‍
തിരുത്തിനു നന്ദി. രാജ്യഭരണം അവസാനിച്ചത്‌ ചിലപ്പോഴെങ്കിലും മറന്നു പോവുന്നു. പിന്നെ എഴുതുന്നവരെ തടയാന്‍ കഴില്ലല്ലോ.കാരണം "ചെമ്പടകളുടെ" ചെറിയ ചെറിയ എഴുത്തുകളും നേപ്പാളിലെ രാജ്യഭരണം/രാജ ഭരണം മാറ്റാന്‍ സഹായിച്ചിരുന്നു.എഴുത്തിന്റെ ശക്തി‌ തിരിച്ചറിഞ്ഞവര്‍ അതിനെ അംഗീകരിച്ചേ മതിയാവൂ.
നന്ദി.

പ്രിയ സുരേഷ്കുമാര്‍ പുഞ്ഞയില്‍
ബ്ലോഗ് (എന്റെ അഭിപ്രായത്തില്‍ അല്ലെങ്കില്‍ കുറഞ്ഞ പക്ഷം എന്റെ ചിന്തയില്‍) നേരിട്ട് കാണാന്‍ കഴിയാത്തവരോട് എന്റെ ആശയങ്ങള്‍ പങ്കുവെയ്ക്കാന്‍ ഒരിടം ആണ്.അതുപോലെ ബ്ലോഗില്‍ എഴുതാന്‍ പേടിക്കുക എന്നത് എന്റെ സംസാരത്തിന് വിലങ്ങിടുക അല്ലെങ്കില്‍ പേടിച്ചു സംസാരിക്കാതിരിക്കുക എന്നപോലെ മാത്രമാണ്.സംസാര സ്വാതന്ത്ര്യം എന്നപോലെ നെറ്റിലും ആശയ വിനിമയത്തിന്‍ മേലുള്ള കടന്നുകയറ്റമായി മാത്രമേ എനിക്കതിനെ കാണാന്‍ കഴിയൂ.
അമിത നിയന്ത്രണങ്ങള്‍ ഒരിക്കലും നന്നല്ല.
നന്ദി.

പ്രിയ അപ്പു ചേട്ടാ..

(എന്റെ ബ്ലോഗില്‍ ചേട്ടന്റെ ആദ്യത്തെ കമന്റ് ആണ്.അതിനു ആദ്യം നന്ദി.)

പുതിയ മാദ്ധ്യമത്തെ ചിലരൊക്കെ അല്പം പേടിയോടെ കാണുന്നു എന്നതാണ് ശരി.കാരണം പത്രങ്ങളും ടെലിവിഷന്‍ മാദ്ധ്യമങ്ങളും ഓരോ രാഷ്ട്രീയ അനുകൂല നിലപാട് എടുക്കുമ്പോള്‍ സ്വന്തന്ത്രമായി എഴുതുന്ന ചിലരെ പലരും പേടിക്കുന്നു എന്നതാണ് ശരി. എല്ലാം മാറുമെന്നു കരുതുന്നു.നല്ലൊരു നാളെ വരുമെന്ന് പ്രത്യാശിക്കാം.
നന്ദി..

Manikandan said...

ചാണക്യൻ, ദീപക് നിങ്ങൾ രണ്ടാളും പറഞ്ഞതിനോട് ഞാനും യോജിക്കുന്നു. ഈ വിഷയത്തിൽ ഞാൻ ഇട്ട പോസ്റ്റ് ടൈസ് ഓഫ് ഇന്ത്യയിൽ വന്ന വാർത്തയുടെ ഏകദേശ വിവർത്തനം തന്നെയായിരുന്നു. എന്നാൽ പിന്നീട് നടത്തിയ ഗൂഗിൾ സേർച്ച് ആണ് പ്രസ്തുത കമ്മ്യൂണിറ്റിയിൽ വന്ന ബാൽതാക്കറെക്കെതിരായ വധഭീഷിണിയെക്കുറിച്ച് അറിയാൻ സഹായിച്ചത്. ഈ വിഷയം അന്നത്തെ മലയാളം മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു.

ഇതിൽ കൂടുതൽ ശ്രദ്ധയാവശ്യപ്പെടുന്നത് മേല്പറഞ്ഞ വധഭീഷിണി കമ്മ്യൂണിറ്റി ഉടമസ്ഥന്റെ ഭാഗത്തുനുന്നും അല്ല ഉണ്ടായത് എന്നതാണ്. കമ്മ്യൂണിറ്റി ഉടമ എന്നനിലയിലാണ് ശ്രീ അജിത്ത് നിയമനടപടികൾ നേരിടേണ്ടിവരുന്നത്.

ദീപക് രാജ്|Deepak Raj said...

പ്രിയ മണികണ്ഠന്‍

അതാണ്‌ സത്യം. ഞാന്‍ നേരത്തെ ഒരു മറുപടിയില്‍ പറഞ്ഞതുപോലെ പോസ്റ്റും അതിനു വന്ന മറുപടിയും ബ്ലോഗ് ഉടമയുടെ ഉത്തരവാദിത്തം തന്നെ.ഇനി അഥവാ ആരെങ്കിലും ഒരു കമന്റ് ഇട്ടാല്‍ അതിനു ശേഷം അത് നീക്കം ചെയ്യാതെ പുതിയ കമന്റ് ബ്ലോഗ് ഉടമ ഇട്ടാല്‍ മുമ്പ് വന്ന കമന്റ് അംഗീകരിക്കുന്നെന്നോ അല്ലെങ്കില്‍ അതില്‍ ദോഷമായതോ സമൂഹത്തിന് ദോഷം ചെയ്യുന്നതോ ആയ എന്തെങ്കിലും ഉള്ളതായി തനിക്കു തോന്നുന്നില്ലയെന്നും ബ്ലോഗ് ഉടമ കരുതുന്നതായി കോടതി വിലയിരുത്തും. ഓര്‍ക്കുട്ട് കമ്മ്യൂണിറ്റിയില്‍ അത്തരം ഒരു കമന്റ്/പോസ്റ്റ് വന്നപ്പോള്‍ അത് നീക്കം ചെയ്യാഞ്ഞതിലാനാണ് കമ്മ്യൂണിറ്റി ഉടമയ്ക്ക് കോടതി കയറേണ്ടി വന്നത്.
(ഇതില്‍ ഞാന്‍ ബ്ലോഗ് ഉടമ എന്നതുകൊണ്ട്‌ ഉദ്ധേശിച്ചത് ആര് ആ ബ്ലോഗ് രജിസ്റ്റര്‍ ചെയ്തു എന്ന് അര്‍ഥം ആക്കിയാല്‍ മതി. കമ്മ്യൂണിറ്റി ഉടമ എന്നാല്‍ അത് ക്രിയേറ്റ് ചെയ്ത ആള്‍ എന്നും)

സ്നേഹത്തോടെ
(പക് രാജ്)

Unknown said...

hello depakke minister thomas isac paranja karyavum cherthu vayikkendiyirikkunnu ,blogukale niyanthikkanamennu addeham partiyil avasyapettu kazhinju .

M.A Bakar said...

ഭയമാണു ഭരണകൂടങ്ങളെ നിയമ നിര്‍മ്മാണങ്ങള്‍ക്ക്‌ പ്രേരിപ്പിക്കുന്നതു..

അശ്ളീല എഴുത്ത്‌ പോലെ ചിലപ്പോള്‍ നിയമങ്ങളും അശ്ളീലമായി മറാറുണ്ട്‌... ആ ചട്ടങ്ങള്‍ മാറ്റപ്പെടുകതന്നെ ചെയ്യും...

പ്രതിപക്ഷ ബഹുമാനം (അതു മതമായാലും വ്യക്തിയായാലും , ദൈവങ്ങളായാലും) എഴുതുന്നവരും , എഴുതപ്പെടാന്‍ പ്രേരണയാവുന്നവരും സൂക്ഷിച്ഛാല്‍ നിയമം ലംഘിച്ഛു എന്ന് പരാതിപ്പെടേണ്ടി വരില്ല..

ദീപക് രാജ്|Deepak Raj said...

പ്രിയ ഞാനും എന്റെ ലോകവും,

തോമസ് ഐസക് പാര്‍ട്ടിയിലെ ബുദ്ധിജീവിയാണെന്നാണല്ലോ കേള്‍വി.കൊള്ളാം.

പ്രിയ എം.എ.ബക്കര്‍.
പുതിയ ഒരു മാദ്ധ്യമത്തെ അത്ര പേടിയോടെ നോക്കേണ്ട കാര്യമില്ല.പിന്നെ അറിയാനുള്ള ആഗ്രഹവും അറിയിക്കാനുള്ള ആഗ്രഹവും ജനങ്ങളുടെ അവകാശമല്ലേ.എന്തായാലും നിയമം കാലക്രമേണ ഇതിനെ സ്വീകരിക്കും എന്ന് തന്നെ വിശ്വസിക്കാം.

സ്നേഹത്തോടെ
(ദീപക് രാജ്)

smitha adharsh said...

അയ്യോ..ഇങ്ങനെ ഒക്കെ ഉണ്ടായോ?
ഞാന്‍ അറിഞ്ഞേയില്ല കേട്ടോ.

ദീപക് രാജ്|Deepak Raj said...

പ്രിയ സ്മിത ആദര്‍ശ്

ചെറിയ ചെറിയ പ്രശ്നങ്ങള്‍.അത്ര തന്നെ.
ബ്ലോഗ് ആരംഭ ദിശയില്‍ അല്ലെ അതാണ്‌.

സ്നേഹത്തോടെ
(ദീപക് രാജ്)

ഹന്‍ല്ലലത്ത് Hanllalath said...

"...പ്രതിപക്ഷ ബഹുമാനം (അതു മതമായാലും വ്യക്തിയായാലും , ദൈവങ്ങളായാലും) എഴുതുന്നവരും , എഴുതപ്പെടാന്‍ പ്രേരണയാവുന്നവരും സൂക്ഷിച്ഛാല്‍ നിയമം ലംഘിച്ഛു എന്ന് പരാതിപ്പെടേണ്ടി വരില്ല.."

മുകളിലെ കമന്റിലെ ഈ വരികള്‍ ഞാനും ആവര്‍ത്തിക്കുന്നു.

ദീപക് രാജ്|Deepak Raj said...

പ്രിയ ഹന്നല്ലാത്‌
അതെ അതാണ്‌ ശരി.

സ്നേഹത്തോടെ
ദീപക് രാജ്