Sunday, July 5, 2009

66.മബുവിനും ലൈസന്‍സ്‌ കിട്ടി..

രാത്രി അല്പം താമസിച്ചുകിടന്നതുകൊണ്ടാവാം വെളുപ്പിനെ ഫോണ്‍ ബെല്ലുകെട്ടപ്പോള്‍ അല്പം ദേഷ്യം വന്നു..അറിയാവുന്ന ഇരുപതു തെറികളെ മുറിച്ചു നാല്പതാക്കി മനസ്സില്‍ പറഞ്ഞുകൊണ്ട് ഫോണ്‍ എടുത്തു..

"അളിയാ. ഒരു വിവരവുമില്ലല്ലോ..?"

ഒന്ന് ഞെട്ടി. ശെടാ... എനിക്ക് വിവരം ഇല്ലെന്നത് സത്യമാണെങ്കിലും വെളുപ്പിന് വിളിച്ചുണര്‍ത്തി പറയേണ്ട കാര്യമുണ്ടോ. നമ്പര്‍ നോക്കി. പരിചയം ഇല്ലല്ലോ. ഇപ്പോള്‍ എനിക്ക് വിവരമില്ലെന്നകാര്യം കേരളത്തില്‍ പത്രത്തിലും വന്നോ. അറിയാത്ത നമ്പരില്‍നിന്നൊക്കെ ഫോണ്‍ വരുന്നു. ഈ പത്രക്കാരെ കൊണ്ട് തോറ്റു. എന്തായാലും ഈ മാരണത്തെ ഒന്ന് പരിചയപ്പെടണമല്ലോ. ഒന്ന് തിരിച്ചു വിളിച്ചു..

"എനിക്ക് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിയില്ല. തിരക്കാണ്. താങ്കളുടെ നമ്പര്‍ തരുക. തിരിക വിളിക്കാം.."

അമ്പട..! വോയിസ്‌ മെയിലില്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദേഷ്യം അരിച്ചു കയറി. ഇതാര്.. ഇത്രയും വൃത്തികെട്ട ശബ്ദമുള്ള കൂട്ടുകാര്‍ ആരും ഇല്ലല്ലോ. ആദ്യം ഇരുപതു തെറികളെ അരച്ചുക്കൂട്ടി ഒരു നീളന്‍ തെറി മെസ്സേജ് ആയി വിട്ടു. ഇത് കിട്ടുമ്പോള്‍ വീണ്ടും വിളിക്കും.
ഊഹം തെറ്റിയില്ല. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു.

" മാഷേ... ഞാനാ മബു..(ഈ മബുവിനെ പണ്ടൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു..) എനിക്ക് ലൈസന്‍സ്‌ കിട്ടി..."

ഓ.. ഇത് നമ്മുടെ മബുവാണല്ലോ.. ഇവന്‍ ടെസ്റ്റ്‌ എഴുതാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാവുന്നത് അല്പം പ്രയാസമാണ്. കാശ് കൊടുത്ത് കാര്യം സാധിക്കാനാവില്ല. (അഥവാ അങ്ങനെ സാധിക്കുമെങ്കില്‍ ഒരു കമന്റ് ഇടുക.. ഞാന്‍ തരാം. എനിക്കും പാസ്സാകണം) അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകുന്നത് ഒരു ലോട്ടറി അടിക്കുന്നത് പോലെയാണ്.

"എല്‍" ലൈസന്‍സ്‌ വെച്ചും വണ്ടി ഓടിക്കാമെങ്കിലും മോട്ടര്‍വേയില്‍ ഓടിക്കാന്‍ കഴിയില്ല. തന്നെയുമല്ല ഫുള്‍ ലൈസന്‍സ്‌ ഉള്ള അണ്ണന്‍മാരുടെ മുമ്പില്‍ ഒരു ബഹുമാനത്തോടെ ഒക്കെ പോകണം. പ്രത്യേകിച്ചും മലയാളികളുടെ മുമ്പില്‍. എന്നാല്‍ "എല്‍" ലൈസന്‍സ്‌കാരന്‍ റോഡില്‍ അല്പം മണ്ടത്തരങ്ങള്‍ കാണിച്ചാല്‍ പയ്യനല്ലേ എന്നുകരുതി ആളുകള്‍ അത്ര വലിയ തെറി വിളിക്കില്ല എന്നൊരു ആശ്വാസവും ഉണ്ട്.

ഇനി നേരെ കാര്യത്തിലേക്ക് . മബു ഡ്രൈവിംഗ് ടെസ്റ്റ്‌ പാസായത് ഒരു ചരിത്ര സംഭവമാണ്. മബു വണ്ടിയെടുത്തത് തന്നെ സംഭവം ആണ്. മബു വണ്ടിയും കൊണ്ട് വരുന്നത് കണ്ടാല്‍ തന്നെ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ആളുകളും വണ്ടികൊണ്ട് മാറി നില്‍ക്കും. മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും. അതുകൊണ്ട് തന്നെ മബു താമസിക്കുന്ന സ്ട്രീറ്റിലെ എല്ലാവര്‍ക്കും അതിശമായിരുന്നു മബുവിന്റെ ടെസ്റ്റ്‌ വിജയം. ഇതില്‍ മബുവിനു അല്പം വിഷമം വന്നു ആശ്വാസത്തിനായി ആണ് എന്നെ വിളിച്ചത്.

ടെസ്റ്റ്‌ ദിവസം ഒന്ന് വിശദീകരിക്കാം. രാവിലെ കുളിച്ചു ദുര്‍വ്വാസാവ്‌ മഹര്‍ഷിയെപ്പോലെ എവിടെല്ലാം ചന്ദനവും കുങ്കുമവും ഭസ്മവും തേക്കാം അവിടെല്ലാം തേച്ചു കുറിയിട്ട് മബു ടെസ്റ്റ്‌ അടിക്കാന്‍ ചെന്നപ്പോഴേ പരീക്ഷകന് എന്തോ പന്തികേട്‌ തോന്നി.

(ലോകത്തില്‍ കേവലം മുപ്പതു പേര് മാത്രം സംസാരിക്കുന്ന ഭാഷയാതിനാല്‍ ഇംഗ്ലീഷില്‍ ഞാന്‍ ഈ സംസാരം എഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ല. ഇവിടെ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എഴുതുന്നു.)

പരീക്ഷകന്‍: " ഡേയ്..! എന്തര് ടെസ്റ്റ്‌ തന്നയെല്ല വന്നത്. അതോ പൂജയ്ക്കോ?"

മബു : "രക്ഷിക്കണം. മൂന്നാമത്തെ തവണയാ ടെസ്റ്റിനു വരുന്നത്.. രക്ഷിക്കണം"

മബു വണ്ടി മുമ്പോട്ട് എടുത്തു..

പരീക്ഷകന്‍ " ഇന്ത്യയില്‍ ഇപ്പോഴും കാളവണ്ടികള്‍ ഒത്തിരി ഉണ്ടല്ലേ അപ്പീ.."

മബു" തോനെ ഉണ്ടല്ലോ അണ്ണാ എങ്ങനെ അറിയാം .."

പരീക്ഷകന്‍" ഈ ഓട്ടീര് കണ്ടപ്പോള്‍ തോന്നിയപ്പീ .."

തലവെട്ടിച്ചുള്ള മബുവിന്റെ നോട്ടം കണ്ടപ്പോള്‍ പരീക്ഷകന് കാര്യം മനസ്സിലായി. ചുറ്റും അല്പവസ്ത്രധാരിണികളായ മദാമ്മമാരെയാണ് നോക്കുന്നത്..

പരീക്ഷകന്‍: "ഡേയ് .അപ്പീ.എനിക്ക് എനിക്ക് കൂടും കുടുംബവും ഉണ്ട്. നേരെ നോക്കീ ഓട്ടീര് ..അല്ലെങ്കില്‍ എന്റെ മൂക്കില്‍ പഞ്ഞിവേക്കേണ്ടി വരും.. ഇപ്പോള്‍തന്നെ പറഞ്ഞു വിടും..പറഞ്ഞില്ലെന്നു വേണ്ട"

മബു " അണ്ണാ .... ചതിക്കല്ലേ. ഇനി ടെസ്റ്റാണ് എന്ന് പറഞ്ഞാല്‍ എല്ലാവരും എന്നെ കൊല്ലും.. എനിക്ക് പാസാവണം.."

പരീക്ഷകന്‍.."തന്നെ... പക്ഷെ എനിക്ക് ജീവിക്കണം .നേരെ നോക്കീ ഓടിയ്ക്ക് .."

എന്തായാലും കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ കഴിഞ്ഞു അവസാനം പരീക്ഷകന്‍ ചോദിച്ചു..

"അപ്പീ.. ഇവിടെ ജ്വാലിയൊക്കെ ആയോ.."

മബു "എവിടെ അണ്ണാ.. ഈ ലൈസന്‍സ്‌ എടുത്തു മൂന്നു മാസം കഴിഞ്ഞാല്‍ ഞാന്‍ ഓസ്ട്രലിയയില്‍ പോവും.. ഇവിടെ ജ്വാലി ഒന്നും ആയില്ല."

എന്തായാലും ഇത് കേട്ടപ്പോള്‍ പരീക്ഷകന്‍ മബുവിനു ലൈസന്‍സ്‌ കൊടുത്തു.. പോകാന്‍ നേരം പ്രത്യേക ഉപദേശവും

" അപ്പീ.. തീര്‍ച്ചയായും ഓസ്ട്രലിയയില് പോവകണം.. കാരണം ഈ ലൈസന്‍സും എടുത്തു അധികം ഇവിടെ കറങ്ങണ്ടാ.. ഇവിടുത്തുകാര്‍ക്കും ജീവിക്കേണ്ടേ...!"

എന്തായാലും നാണം കെട്ടായാലും ലൈസന്‍സ്‌ കിട്ടി. പക്ഷെ തന്റെ ഡ്രൈവിങ്ങിനുള്ള കഴിവ്‌ കൂട്ടുകാരോ ഇപ്പോള്‍ ഇയാളോ അംഗീകരിക്കുന്നില്ല എന്നാ വിഷമം തീര്‍ക്കാനാണ് എന്നെ വിളിച്ചത്..ഞാന്‍ അധികം ആരെയും വിഷമിപ്പിക്കില്ല എന്നതുകൊണ്ട്‌ ഒരു അഭിനന്ദനം പ്രതീക്ഷിച്ചു.. എന്തായാലും ഞാന്‍ നനായി അഭിനന്ദിച്ചു..വളരെ പതിയെ തിരിച്ചു ചോദിച്ചു..

"ആ പരീക്ഷകന്റെ പേരെന്താ.."

മബു "അതെന്താ ദീപക്കേ..!?"

"അല്ല നീ പാസായല്ലോ.. ഇനിയിപ്പോള്‍ എനിക്ക് ധൈര്യമായി പോകാം. ഇനി ഞാന്‍ ഫെയില്‍ ആവില്ല എന്ന് തോന്നുന്നു.. "
എന്തായാലും മബു തിരികെ പറഞ്ഞ തെറി ഇവിടെ എഴുതാന്‍ പറ്റില്ല.. ഞാന്‍ ഇരുപതു നാല്പതാക്കി കൊടുത്തത് അരച്ച് കലക്കി ഒന്നായി തിരികെ തന്നു..

ശെടാ.. മബുവിനെ ആരെങ്കിലും ഒന്ന് അനുമോദിച്ചിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു..