Tuesday, April 21, 2009

63.കുതിരയെ ഒണ്ടാക്കുന്നവന്‍

കഴിഞ്ഞ വളിപ്പന്‍ പോസ്റ്റിനു മാപ്പ് പറഞ്ഞിട്ട് തന്നെ ഐശ്വര്യമായി തുടങ്ങട്ടെ. കഴിഞ്ഞ പോസ്റ്റിനു കിട്ടിയ തെറിവിളി മൂലം കുഴിയില്‍ കിടന്നു തുമ്മി തുമ്മി വശംകെട്ടുവെന്നു എന്റെ പരേതനായ മുതുമുത്തച്ഛന്‍ സ്വപ്നത്തില്‍ അറിയിച്ചു.

ഈ സംഭവം നടന്നത് തൊണ്ണൂറുകളില്‍ ആണ്. ഞാന്‍ അന്ന് സകുടുംബം എന്ന് വച്ചാല്‍ മാതാപിതാക്കളോടൊപ്പം സസുഖം വാഴുന്ന ഡല്‍ഹിയില്‍ വാഴുന്ന കാലം. ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്ന് ഒരു ഫോണ്‍കോള്‍. നാട്ടില്‍ നിന്ന് പിതാശ്രീയുടെ ഒരു ബന്ധുവാണ്. അദ്ദേഹത്തിന്‍റെ സ്വപുത്രന്‍ ആസ്ട്രേലിയായിലെക്കുള്ള യാത്രാമധ്യേ ന്യൂ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും അവനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചു വീണ്ടും മേല്‍ബണിലേക്കുള്ള വിക്ഷേപണത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നായിരുന്നു ബന്ധുവിന്റെ ആവശ്യം.

എന്റെ പിതാശ്രീ ആകെ സന്തോഷവാനായി. കാരണം പൊതുവേ മാതാശ്രീയുടെയും പിതാശ്രീയുടെയും കുടുംബങ്ങള്‍ അത്ര നല്ല സഹകരണത്തില്‍ അല്ല. പിതാശ്രീയുടെ കുടുംബത്തില്‍ പൊതുവേ ഉന്നത വിദ്യഭാസം ചെയ്തവര്‍ കുറവായതുകൊണ്ട് ഞങ്ങള്‍ എല്ലാം കളിയാക്കാറൂണ്ടായിരുന്നുവേന്നതും ഈ വരുന്ന വേന്ദ്രന്‍ മൃഗഡോക്ടര്‍ ആണെന്നതും ഉപരിപഠനത്തിനായി കങ്കാരുവിന്റെ നാട്ടില്‍ പോവുന്നത് കാണിക്കാന്‍ എന്റെ പിതാശ്രീയ്ക്കുണ്ടായിരുന്ന അവസരമായിരുന്നു ഇത്. ഇതുകേട്ടാല്‍ പിതാവിന്റെ വീട്ടുകാര്‍ മുഴുവന്‍ സ്കൂള്‍ കാണാത്തവര്‍ ആണെന്നൊരു തോന്നല്‍ വരുന്നവരോട് ഇത്രയും പറയാം. അല്ല അവര്‍ എല്ലാം സ്കൂള്‍ കണ്ടിട്ടുണ്ട്. എല്ലാ പ്രാവശ്യവും ഇലക്ഷന്‍ സ്കൂളില്‍ വച്ച് നടന്നിരുന്നതുകൊണ്ടും പതിനാറു എം.എം. സിനിമകള്‍ സ്ഥിരമായി സ്കൂളില്‍ വന്നിരന്നതുകൊണ്ടും എങ്ങനെ സ്കൂള്‍ കാണാതെയിരിക്കും. പിന്നെ വെള്ളപ്പൊക്കകാലത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്കൂളിലല്ലാതെ അമ്പലത്തില്‍ വെയ്ക്കാന്‍ പറ്റില്ലല്ലോ.

ഈ വരുന്ന വേന്ദ്രന്റെ വീട്ടുകാരോട് എനിക്കും വലിയ പ്രതിപത്തിയില്ലാ. കാരണം കുടുംബത്തിലെ വിദ്യസമ്പന്നായ ഇവന്റെ വീട്ടുകാര്‍ പൊതുവേ അല്പം ജാടക്കാര്‍ ആയിരുന്നു. പക്ഷെ ആ വീട്ടില്‍ ഒരു വേലക്കാരന്‍ ഉണ്ടായിരുന്നു. ഒരു മാധവന്‍ പിള്ള. അയാളെയും ആ വീട്ടില്‍ ഉണ്ടായിരുന്ന ഒരു പട്ടിയേം മറക്കാന്‍ കഴിയില്ല. മാധവന്‍ പിള്ളയുടെ പ്രത്യേകത എന്ന് പറഞ്ഞാലും "ഓ " എന്നും പറഞ്ഞു ഓടി വരുമായിരുന്നു. ഈ ഓ യ്ക്ക് പല അര്‍ത്ഥങ്ങള്‍ ഉണ്ട്. "വിളിക്കുന്നവന്‍ കരുതുന്നത് "ഓ" ശരി ഇപ്പോള്‍ ശരിയാക്കാം " എന്നാണെന്നും "ഓ " എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഒപ്പിച്ചു തരാം എന്നാണെന്നും ഇനി അതല്ല ചെയ്തില്ലെങ്കില്‍ "ഒലത്തി" കളയുമോ എന്നാണെന്നും ഒരു തോന്നല്‍ ഉളവാക്കാന്‍ ഈ "ഒ"യ്ക്ക് കഴിഞ്ഞിരുന്നു. എന്നിരുന്നാലും കേരള കോണ്‍ക്രസ് ഉള്ളിടത്തോളം കാലം ഗ്രൂപ്പുകളും കാണും എന്ന് പറയുന്നതുപോലെ പിള്ളയുടെ "ഓ" യും എന്നും ഒപ്പം ഉണ്ടായിരുന്നു.

അതെന്തായാലും അവിടെ ചെല്ലുമ്പോള്‍ എന്നും കാപ്പിയിട്ടു തരുന്ന പിള്ളയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഞാന്‍ പട്ടിയെ കാണാന്‍ ചെല്ലുമ്പോള്‍ " എടാ ചെറുക്കാ നിന്റെ പാക്ക് ഈ പട്ടി കടിച്ചു പറിക്കും" എന്ന് പറയുന്ന പിള്ള നല്ല സ്നേഹം ഉള്ളവനായിരുന്നു. പക്ഷെ രാജപാളയം ഇനത്തിലെ കൃശഗാത്രനായ പട്ടിയ്ക്കെന്തേ പിള്ള ഭക്ഷണം കൊടുക്കാതെ ഉണങ്ങിയിരിക്കുന്നത് എന്ന് പലപ്രാവശ്യം ഞാന്‍ പിള്ളയോട് ചോദിച്ചിട്ടുണ്ട്.
"ഈ നായിന്റെ മോന്‍ ഒരു നന്ദിയില്ലാത്തവനാ. ഒരു ചെമ്പ് അരിയുടെ ചോറ് കേറ്റിയാലും ചൂല് പോലെ ഇരിക്കൂ. മനുഷ്യനെ പറയിപ്പിക്കാന്‍ കൊണ്ടുവന്ന നശൂലം."
ഈയിനം അധികം വണ്ണം വെയ്ക്കുന്ന ഇനമാല്ലെന്നു പിന്നീടാണ് മനസ്സിലായത്. പാവം പിള്ള ചോറ് കൊടുക്കാത്തതല്ല കാരണം എന്ന് പിന്നീട് മനസ്സിലായി.

വൈശാലി സിനിമയില്‍ വിഭാണ്ഡക മഹര്‍ഷി തന്റെ പുത്രനെ "ഋഷിസൃംഗോ " എന്ന് കൂവി വിളിക്കുന്നത്‌ പോലെ എയര്‍പോര്‍ട്ടില്‍ വിളിച്ചുകൂവാതിരിക്കാന്‍ പിതാശ്രീ ജോലിയ്ക്കുപോവുന്നതിനു മുമ്പേ അതിഥിയുടെ ഒരു ഫോട്ടോ എന്റെ കൈവശം തന്നു. (കാരണം ഞാന്‍ ഈ പാര്‍ട്ടിയെ കണ്ടിട്ട് ദശാബ്ദം കഴിഞ്ഞിരുന്നു.) ആല്‍ബത്തില്‍ ഒട്ടിച്ച സ്കൂള്‍ പഠനകാലത്തെ ഫോട്ടോ കണ്ടപ്പോള്‍ എന്നാല്‍ പിന്നെ അരഞ്ഞാണം കേട്ടാല്‍ ചടങ്ങിനു എടുത്ത ഫോട്ടോ തന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും പ്രൊഡ്യൂസര്‍ ആണെന്ന് കരുതി ക്ഷമിച്ചു നാക്ക്‌ ഡപ്പിയില്‍ ഇട്ടു. ഏതായാലും ചെറിയ മുറുമുറുപ്പോടെ ഫോട്ടോയും വാങ്ങി പോക്കറ്റില്‍ ഇട്ടു നേരെ വിമാനത്താവളം ലക്ഷ്യമാക്കി വിട്ടു.

വിമാനത്താവളത്തില്‍ എന്റെ കണ്ണ് കുതിരയുടെ വിഷയത്തില്‍ ഉന്നത വിദ്യാഭാസം തേടി വിദേശത്തു പോകുന്ന ബന്ധുവിനെ തിരയുന്ന തിരക്കിലായിരുന്നു. നല്ല ഉയരവും കുതിരയുടെ പുഞ്ഞി പോലെ നീണ്ട മുടിയും കുതിച്ചുകുതിച്ചു നടക്കുന്നതുമായ ഒരു കരുത്തനെ പ്രതീക്ഷിച്ച എന്റെ ആകെ അമ്പരപ്പിച്ചു പമ്പരവിഡ്ഢിയെന്നു ചെണ്ടക്കൊട്ടിപ്പാടുന്ന മുഖത്തോടു കൂടിയ ശ്രീമാന്‍ ദീപക്കല്ലേ എന്നാ ചോദ്യവുമായി വന്നപ്പോള്‍ തന്നെ ആകെ വ്യാകുലമാതാവ് വിചാരിച്ചാലും എന്റെ വ്യാകുലതകള്‍ മാറില്ലെന്ന് മനസ്സിലായി. വന്നയുടനെ ട്രോളിയില്‍ നിന്ന് ഒരു പെട്ടി എടുത്ത്‌ എന്റെ കൈയില്‍ തന്നു. ഒരെണ്ണം ആശാനും പിടിച്ചു. പെട്ടി പിടിച്ചു ഒരു കൂലിയെപ്പോലെ നടക്കുന്ന എന്നെ കണ്ടു എന്റെ സുഹൃത്ത് ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍ ആകെ എന്റെ കോപം മുപ്പത്താറു ഇരട്ടിയായി. യാത്രയിലുടനീളം നമ്മുടെ കുതിര ഡോക്ടര്‍ എന്നെ ക്ഷമയെ എങ്ങനെ പരീക്ഷിക്കാം എന്നുള്ളതിന്റെ പരിശീലനമായിരുന്നു. ഒടുവില്‍ തന്റെ കോഴ്സിനെയും കുതിരയേയും പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ തലവേദനയുടെ ട്രിക്കില്‍ കണ്ണുംപ്പൂട്ടി മെല്ലെ കിടന്നു.
വീട്ടിലെത്തിയപ്പോഴേക്കും പിതാശ്രീയുടെ ചില കൂട്ടുകാരും ചില ബന്ധുക്കളും (പിതാശ്രീയുടെ കുടുംബത്തിലെ ) ടിയാനെ കാണാന്‍ എത്തിയിരുന്നു.

ഏതായാലും നവംബര്‍ മാസത്തെ തണുപ്പുകൊണ്ടാവം വന്നു തല്‍ക്കാലം കുളിയോന്നും വേണ്ടായെന്ന മറുപടിയോടെ പുള്ളിക്കാരന്‍ എല്ലാവരെയും പരിചയപ്പെടാന്‍ അടുത്തുകൂടി. ഏതായാലും ഈ കത്തി എന്റെ തലയില്‍ നിന്ന് വിരുന്നുകാരുടെ തലയിലോട്ടു മാറിയതില്‍ ഞാന്‍ അത്യന്തം സന്തോഷവാനായി. പിതാശ്രീയുടെ ഒരു കൂട്ടുകാരന്‍ നമ്മുടെ കുതിരഡോക്ടറോട് എന്ത് ചെയ്യുന്നുവെന്നോ എന്ത് പഠിക്കാന്‍ ഓസ്ട്രലിയയില്‍ പോകുന്നുവെന്നോ എന്തോ ചോദിച്ചു. ചോദ്യം ഇംഗ്ലീഷില്‍ ആയിരുന്നുവെങ്കിലും പണ്ടെങ്ങോ സ്കൂളിലോ കോളെജിലോ പഠിയ്ക്കുന്ന സമയത്ത് ഭോപാലില്‍ എന്‍.സി.സി. ക്യാമ്പില്‍ പോയി പഠിച്ച ഹിന്ദിയുടെ ബലത്തില്‍ ഇഷ്ടന്‍ തട്ടിവിട്ടു.

"മേം ഘോഡ ബനാത്താ ഹൈ.."

എന്തുദ്ധെശിച്ചാണ് പറഞ്ഞത് എന്നറിയില്ല പക്ഷെ പറഞ്ഞു വന്നപ്പോള്‍ ഞാന്‍ കുതിരയെ ഉണ്ടാക്കുന്നു എന്നാണ് അര്‍ഥം വന്നത്. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി ചിരിയടക്കുന്നതു കണ്ടപ്പോള്‍ തന്നെ ഞാന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഇതുവരെ എത്ര കുതിരയെ ഉണ്ടാക്കിയെന്ന് മലയാളത്തില്‍ ചോദിച്ചപ്പോഴാണ് ആശാന് താന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കിയത്.എന്റെ ചിരി സത്യത്തില്‍ അവിടെ ഒരു ചിരിയുടെ മാലപ്പടക്കത്തിനു തീകൊളുത്തിയത് കുതിര ഡോക്ടര്‍ അത്ര രസത്തോടെയല്ല കണ്ടത്.

വീണ്ടും പരസ്പരം പാരവെച്ചും കളിയാക്കിയും മൂന്നു ദിവസം പോയപ്പോള്‍ ഒരു ദിവസം എന്നോട് ഒന്ന് ചുറ്റിക്കാണിക്കാന്‍ സുജിത് (കുതിര ഡോക്ടര്‍) ആവശ്യപ്പെട്ടു.
ഞാന്‍ അവനെയും കൂട്ടി ഷക്കൂര്‍ ബസ്തിയിലെത്തി. തിരിച്ചു വരുമ്പോള്‍ അല്പം മീന്‍ വാങ്ങുകയെന്ന ഉദ്ദേശമാണ് അവിടെചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞങ്ങള്‍ അവിടെ മീന്‍ വില്‍ക്കുന്ന ബീഹാറിയുടെ മുമ്പില്‍ എത്തി. ഈ ബീഹാറിയുടെ ഭാര്യ അതീവസുന്ദരിയാണ്. മുമ്പൊരിക്കല്‍ അവരെ സൂക്ഷിച്ചു നോക്കിയപ്പോള്‍ "എന്താണ് സഹോദര ഇങ്ങനെ നോക്കുന്നത്. താങ്കള്‍ ഇതിനു മുമ്പേ സ്ത്രീജനങ്ങളെ ദര്‍ശിച്ചിട്ടില്ലേ എന്ന് ചോദിക്കുകയുണ്ടായി." ഇതിന്റെ " എടാ ഡാഷ് മോനെ. നീയെന്തേ പെണ്ണുങ്ങളെ കണ്ടിട്ടില്ലെട പന്നീ" എന്നാണെന്ന് അത്ര ഹിന്ദി അറിയില്ലാത്ത അന്ന് എന്റെ കൂടെ വന്ന സുഹൃത്ത്‌ തര്‍ജ്ജമ ചെയ്യുകയുണ്ടായി. പക്ഷെ എന്റെ വിശ്വസിക്കില്ല. ആരെങ്കിലും അങ്ങനെ ചോദിക്കുമോ. അതും എന്നെ പോലെ നിഷ്കളങ്കനായ ഒരു യുവത്വവും കൌമാരവും തമ്മില്‍ കിളിത്തട്ട് കളിക്കുന്ന പ്രായത്തില്‍ ഉള്ള ഒരാളോട്. പൊതുവേ ആ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ എല്ലാവരും സ്ത്രീകളെ സഹോദരികളായി മാത്രമേ കാണാറുള്ളൂ വന്നത് ലോകര്‍ക്കൊക്കെ അറിയാവുന്ന സത്യം. അല്ല പിന്നെ.

എന്റെ രണ്ടുകിലോ മീനും വാങ്ങി സുജിത്തിനെ അടുത്തുള്ള ഒരു മുച്ചീട്ടുകളി കേന്ദ്രത്തില്‍ എത്തിച്ചു.ഞങ്ങള്‍ രണ്ടുപേരും കുറെ നേരം നോക്കിനിന്നപ്പോള്‍ കുറെ പേര്‍ ചുറ്റും കൂടി. ഞങ്ങള്‍ രണ്ടാളും നോക്കി നില്‍ക്കുന്നതിനിടയില്‍ ചിലരൊക്കെ തങ്ങളുടെ ഭാഗ്യം പണമായി വാരുന്നത് കണ്ടപ്പോള്‍ എനിക്കും ചെറിയ ആഗ്രഹം. എന്റെ പതിയെ സുജിത്തിനെ തോണ്ടി. എന്തായാലും ഞാന്‍ ഒരു ചീട്ടിന്റെ മുകളില്‍ ഇരുപതു രൂപ വെച്ചു. എന്റെ ഭാഗ്യത്തിനോ ഭാഗ്യദോഷത്തിനോ സംഭവം അടിച്ചു. എന്തായാലും എനിക്ക് കാശുകിട്ടിയപ്പോള്‍ സുജിത്ത് വീണ്ടും ഉത്തെജിതനായി.

എനിക്ക് കാശ് കിട്ടിയപ്പോള്‍ സുജിത്തിനും കാശുവെക്കാന്‍ ഒരു മോഹം. കളത്തില്‍ രൂപ വെക്കാന്‍ മുച്ചീട്ടുകാരന്‍ വീണ്ടും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അവസാനം സുജിത് രണ്ടു വിരല്‍ കാണിച്ചു. ഇതുപത് എന്ന് കാണിച്ചത് മുച്ചീട്ടുകാരന്‍ ഇരുന്നൂറാണോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ പതിയെ പിന്നിലോട്ടു വലിഞ്ഞു. പക്ഷെ മുച്ചീട്ടുകാരന്‍ ചീട്ടുപോക്കി കാണിച്ചപ്പോള്‍ സാധനം നമ്പര്‍. സുജിത്തിന്റെ പണം പോയി. പണം ചോദിച്ചു മുച്ചീട്ടുകാരന്‍ പൊങ്ങിയപ്പോള്‍ സുജിത് ഇരുപതു രൂപ എടുത്ത്‌ കൊടുത്തതും അയാള്‍ ക്രുദ്ധനായി.

"ഇരുപതല്ല സഹോദരാ ഇരുന്നൂറാണ് തരേണ്ടത്‌" എന്നോ "നായിന്റെ മോനെ നീ ആളെ കളിയാക്കുന്നോ. കളിക്കാതെ ഇരുന്നൂറു രൂപാ താടാ" എന്നോ അയാള്‍ പറഞ്ഞതിനെ തര്‍ജ്ജമ ചെയ്യാം. എന്തായാലും അതുകെട്ടപ്പോഴേ ഞാന്‍ വിട്ടു.

അരകിലോമീറ്റര്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ ഓടിയതിന്റെ റിക്കോഡ്‌ അങ്ങനെ എന്റെ പേരിലായി. പക്ഷെ പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ സുജിത് പതിയെ നടന്നു നടന്നു വന്നു.
"എന്നാലും നീ ഒരു മറ്റേ പണിയാണല്ലോ കാണിച്ചത്. നീ വിട്ടുകളഞ്ഞല്ലോ." സുജിത്ത് കരഞ്ഞുകൊണ്ടാണോ ദേഷ്യപ്പെട്ടാണോ പറഞ്ഞതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
പക്ഷെ ഈ കാര്യം വീട്ടില്‍ പറയില്ല എന്ന് ഞാന്‍ വാക്ക് കൊടുത്തു. അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി.

ഞാന്‍ ഇത് വീട്ടില്‍ പറയില്ല എന്ന് പറഞ്ഞപ്പോള്‍ സുജിത് തന്റെ അപ്പന് പറ്റിയ മണ്ടത്തരം എന്നോട്
പറഞ്ഞു. അദ്ദേഹം പണ്ട് ആദ്യമായി മുംബെയില്‍ പോയപ്പോള്‍ (ഒരു ബന്ധുവിന്റെ ഗള്‍ഫിലേക്ക് വിമാനം കയറ്റി വിടാന്‍ പോയാതാണ്) എയര്‍പോര്‍ട്ടില്‍ നിന്നൊരു വാച്ച് വാങ്ങിച്ചത്രേ. ഒരു ഗള്‍ഫ് മലയാളി അവിടെ വിറ്റുകൊണ്ടിരുന്ന വാച്ചാണ് പോലും ഇഷ്ടന്‍ വാങ്ങിയത്. വില്‍പ്പനക്കാരന്‍ പറഞ്ഞത് അയാള്‍ ഗള്‍ഫില്‍ നിന്ന് വന്നതാണെന്നും പണമില്ലാത്തതിന്റെ പേരില്‍ വിറ്റതാണെന്നും എന്നൊക്കെയാണ്. പക്ഷെ ഈ വാച്ചും വാങ്ങി മുംബയിലുള്ള മറ്റൊരു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ (ഇഷ്ടന്‍ അവിടെയാണ് മുംബൈയില്‍ വന്നപ്പോള്‍ തങ്ങിയത്) ഈ വാച്ചുകാരന്‍ പതിനഞ്ച് വര്‍ഷമായി മുംബെയില്‍ ഇങ്ങനെ വാച്ച് വില്‍ക്കുന്നതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നും ഗള്‍ഫില്‍ നിന്ന് പോയി വന്നു വാച്ച് വില്‍ക്കാന്‍ അയാളെന്താ വിശാല മനസ്കനാണോ.അതോടെ ഈ മണ്ടത്തരം സുജിത്തിന്റെ കുഴപ്പം കൊണ്ടല്ല പാരമ്പര്യമായി കിട്ടിയതാണെന്ന് മനസ്സിലായി. പക്ഷെ ഇങ്ങനെയൊരു പൈതൃകത്തിന്റെ ഗമ ഏതായാലും പുള്ളിയ്ക്കില്ല.

(കാരണം വിശാലമനസ്കന്‍ മാത്രമേ കൊടകരയില്‍ നിന്ന് ജബല്‍ അലിയ്ക്ക് ഡയ്ലി പോയി വരാറുള്ളൂ.)

എന്തായാലും കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ സുജിത് ഓസ്ട്രലിയയിലേക്ക് പോയി. കൂടുതല്‍ മണ്ടത്തരങ്ങള്‍ എഴുതാന്‍ നിര്‍വാഹമില്ല. കാരണം ഇപ്പോള്‍ ബ്രിസ്ബേനില്‍ സകുടുംബം താമസിക്കുന്ന സുജിത് അവിടെ ഒരു ലാബോറട്ടറിയില്‍ ആന്റിവെനം ഉണ്ടാക്കുന്ന റിസര്‍ച്ച് ഒക്കെ ചെയ്തു (പാമ്പിന്‍വിഷത്തിനു മറുമരുന്നു) കാലം കഴിക്കുകയാണ്. ഞാനും താമസിയാതെ അങ്ങോട്ടേക്ക് താമസം മാറ്റുന്നതിനാല്‍ കൂടുതല്‍ എഴുതിയാല്‍ പിന്നെ എന്റെ കാര്യം കോഞ്ഞാട്ടയാവും

Saturday, April 18, 2009

62.ഷഡ്ജം വൃത്തികേടായി

പതിവിനു വിപരീതമായി ചില ഫലിതങ്ങള്‍ (അങ്ങനെ ഇതിനെ വിളിക്കാമോ എന്നറിയില്ല) പോസ്റ്റ് ചെയ്യാം എന്ന് കരുതി. ചിരിച്ചില്ലെങ്കിലും തെറി വിളിക്കല്ലേ.
__________________________________________________________

അച്ചന്‍ കപ്യാരോട് :

"മത്തായി ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമാണെന്നു കേള്‍ക്കുന്നു. നമുക്കും എടുത്താലോ.?"

"എന്തിനാ അച്ചോ ഒള്ള കഞ്ഞിയില്‍ പാറ്റായിടുന്നത്. ഇപ്പോള്‍ തലതെറിച്ച പിള്ളാരുടെ കുമ്പസാരം കേള്‍ക്കുന്നതാ അച്ചന് ആകെയുള്ള ആശ്വാസം. ഇന്റര്‍നെറ്റ് വന്നാല്‍ അവര്‍ കുമ്പസാരം ഇമെയില്‍ ആയിട്ട് അയക്കും."
_______________________________________________________

മകനോട്‌ അപ്പന്‍ എന്തിനാടാ ഇപ്പോള്‍ ഇന്റര്‍നെറ്റ് എടുക്കാന്‍ നീ വാശിപിടിക്കുന്നത്.
"അപ്പാ ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. എന്ത് കാര്യങ്ങള്‍ സാധിക്കണമെങ്കിലും ഇന്റര്‍നെറ്റ് വേണം."

"എങ്കില്‍ നിനക്ക് ഒരു പുതിയ അമ്മയെ തരാന്‍ നീ ഇന്റര്‍നെറ്റിനോട് പറ. പിന്നെ നമ്മുടെ സമയമുള്ളപ്പോള്‍ നമ്മുടെ പശുനെ കുളിപ്പിക്കാനും തെങ്ങില്‍ കയറി തേങ്ങാ ഇടാനും പറയാന്‍ ഇന്റര്‍നെറ്റിനോട് മറക്കേണ്ട.."

________________________________________________________

മാധവന്‍ ദൈവത്തോട്

:എത്ര നാളായി നിന്നോട് എന്റെ പ്രയാസങ്ങള്‍ പറയുന്നു. ഇതുവരെ എന്റെ കാര്യം നീ കേട്ടോ. ഇതാ പറയുന്നത് നീ ഇപ്പോഴും പഴഞ്ചന്‍ ആണെന്ന്. സലീമിന്റെയും വര്‍ക്കിയുടെയും ദൈവം എല്ലാം ഇന്റെര്‍നെറ്റിലൂടെ പരിഹാരം ഉണ്ടാക്കി ഉടനെ അവരുടെ പ്രയാസം തീര്‍ക്കും. നിനക്കെന്നും താമസം. :

ദൈവം: അല്ലടാ മാധവാ. എന്റെ സിസ്റ്റത്തില്‍ ആകെ വൈറസ് കേറിയതുകൊണ്ട് നിന്റെ പ്രശ്നങ്ങള്‍ അനലൈസ് ചെയ്യാന്‍ കഴിയുന്നില്ലാ."
_______________________________________________________

സംഗീതാധ്യാപകന്‍ രാമുവിനോട്

:രാമു മാത്രം എന്താ ഇങ്ങനെ. ഷഡ്ജം ഉപയോഗിക്കുന്ന ശീലമില്ലേ അല്ലെ.

:ഉണ്ട് സാറേ. ഇന്ന് രാവിലെ പഴം കഞ്ഞി കുടിച്ചപ്പോള്‍ വയറു കേടായി. അങ്ങനെ സംഗതി വന്നു ഷഡ്ജം വൃത്തികെടായതുകൊണ്ടാ ഊരിക്കളഞ്ഞിട്ടു ക്ലാസില്‍ വന്നത്.

________________________________________________________

സംഗീതപ്രിയനായ മോഹനന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വന്നപ്പോള്‍ പിതാവ്
എന്താ മോഹനാ . അവര്‍ വല്ലതും ചെയ്തോ.

"ഇല്ലച്ചാ. അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. പക്ഷെ ഇന്നലെ രാത്രി രൂപക താളത്തില്‍ ഒന്ന് കൊട്ടി നോക്കിയതെയുള്ളൂ. പുറം പന്തുവരാളി പോലെയായി."

________________________________________________________

Tuesday, April 7, 2009

61.ത്രികാല ജ്ഞാനി

"ണിം.ണിം.ണിം.."

സൈക്കിളിന്റെ ബെല്ല് കേട്ട് തിരിഞ്ഞുനോക്കി. പോസ്റ്റ്മാന്‍ ആണ്.

"ശര്‍ങ്ങധരന്‍ പിള്ളയ്ക്കൊരു രജിസ്റ്റര്‍ ഉണ്ട്."

പോസ്റ്റുമാന്റെ മുഖത്തെ അമ്പരപ്പിനെക്കാള്‍ തന്റെ മുഖത്താണ് അമ്പരപ്പ് വന്നത്.തനിക്കാരാണാവോ എഴുത്തയക്കാന്‍. അതും രജിസ്റ്റര്‍. പത്താം തരം ജയിച്ചത്‌ മുതല്‍ ജോലിയ്ക്കപേക്ഷകള്‍ അയച്ചിരുന്നുവെങ്കിലും ആരും മറുപടി വിട്ടിരുന്നില്ല. പിന്നീട് അവസാനം തന്റെ പൂര്‍ണ്ണവലിപ്പത്തിലുള്ള ഓരോ കളര്‍ ഫോട്ടോയും അയച്ചു കൊടുത്ത് തുടങ്ങി. ഒരിക്കല്‍ ആരോ തന്റെ ഫോട്ടോ കണ്ടു ഭയന്ന് പനിപിടിച്ചുവെന്നും പറഞ്ഞു ഒരു കത്ത് വന്നതോടെ ആ പതിവും മുടക്കി.

പിന്നെ ഒരിക്കലും ആരുടേയും കത്തോ മറുപടിയോ കിട്ടിയിട്ടില്ല.
പതിയെ കത്ത് തുറക്കുന്നതിനിടയില്‍ പോസ്റ്റ്മാനെ മുഖമുയര്‍ത്തി നോക്കി.
അയാള്‍ അതിശയത്തോടെ തിരിഞ്ഞു നോക്കി നോക്കി നടക്കുന്നത് കണ്ടു.

"അമ്മേ അമ്മേ.."

അമ്മാ ഓടിയിറങ്ങി വന്നു.

"എന്താടാ കാലാ കിടന്നു കീറുന്നത്. ഞാന്‍ ആകെ പേടിച്ചു പോയല്ലോ."

അമ്മയുടെ സ്ഥിരം പ്രതികരണം ഒട്ടും മടുപ്പുണ്ടാക്കിയില്ല.

"അമ്മെ . എനിക്ക് ഒരു ഇന്റര്‍വ്യൂ ലെറ്റര്‍ കിട്ടി. വരുന്ന തിങ്കളാഴ്ച കൊച്ചിയിലാ ഇന്റര്‍വ്യൂ.ഒരു ഫാമിലെ മാനജര്‍ ആയിട്ടാ ജോലി."

"ഹഹഹഹഹ .. എനിക്ക് ചിരിക്കാന്‍ വയ്യാ. നിന്നെ ജോലിയ്ക്ക്‌ വിളിക്കാന്‍ തന്നെ ബുദ്ധിഭ്രമം ഉള്ളവരും ജീവനോടെയുണ്ടോ. നിന്നെ ജോലിയെക്കെടുക്കാന്‍ അയാളെന്താ മന്ദബുദ്ധിയാണോ. അതോ മന്ദബുദ്ധിയെ മാത്രമേ എടുക്കൂന്നു അയാള്‍ക്ക് വല്ല നേര്‍ച്ചയും ഉണ്ടോ.?"

അമ്മയുടെ ചോദ്യം അല്പം ദേഷ്യം വരുത്തിയെന്നത് സത്യം.പക്ഷെ അമ്മയല്ലേ.എന്ത് പറയാനാ.താന്‍ അമ്മയുടെ ഏകമകനാണ്. എട്ടാം മാസത്തില്‍ പെറ്റതിനാണത്രേ തനിക്കു കടിഞ്ഞൂല്‍ പോട്ടനെന്നുള്ള സ്ഥാനപ്പേര് കിട്ടാന്‍ കാരണം. അതോടൊപ്പം തന്റെ പ്രവര്‍ത്തികളും സ്വഭാവവും ആ പേര് ആസ്ഥാന പേരായി അംഗീകരിച്ചു തരാന്‍ കാരണമായി. ഒപ്പം ശര്‍ങ്ങധരന്‍ പിള്ള എന്നൊരു പേരും കൂടി അമ്മ തന്നപ്പോള്‍ പിന്നെ ആളുകള്‍ക്ക് ചിരിക്കാന്‍ വേറൊന്നും വേണ്ടായെന്നായി.പക്ഷെ ഇതുവരെ മനസ്സിലാവാത്ത കാര്യമാ, എട്ടാം മാസത്തില്‍ പെറ്റത് ഞാന്‍ പറഞ്ഞിട്ടാണോ? അമ്മ ധൃതി കാണിച്ചതിന് ഞാനെന്തു പിഴച്ചു?

ശര്‍ങ്ങധരന്‍ പിള്ള എന്നാ പേരിന്റെ കാരണം അമ്മയുടെ ചെറുപ്പത്തിലെ മരിച്ച അച്ഛന്റെ പേര് ഇതായിരുന്നത്രേ. എന്തായാലും ആ നശൂലം പേര് തന്റെ കൂടെ കൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഉല്പലാക്ഷന്‍ എന്നാണു അപ്പന്റെ പേര്. അങ്ങനെ ഒപ്പം ഇനിഷ്യല്‍ യൂ കൂടെ കൂടി. അതുവഴി മുഴുവന്‍ പേര് ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍.
നേരെ മുറിയില്‍ കയറി തന്റെ ഇഷ്ടനടന്‍ കുഞ്ചന്റെ ഫോട്ടോ നോക്കി സങ്കടം പറഞ്ഞു.കുഞ്ചന്‍ ചേട്ടന്റെ കോട്ടയം കുഞ്ഞച്ചന്‍ എന്നാ സിനിമയിലെ "പരിഷ്കാരി" എന്നാ കഥാപാത്രമാണ് തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്. പിന്നീട് പരിഷ്കാരി ശര്‍ങ്ങധരന്‍ എന്നാ ഇരട്ടപേരും കൂടി നാട്ടുകാരുടെ സ്നേഹത്തിന്റെ ഫലമായി കിട്ടിയപ്പോള്‍ തന്റെ ജന്മം ഒരു പാഴ്ജന്മം ആയോ എന്ന് തോന്നി.

ഇന്റെര്‍വ്യൂവിന് എന്തുചൊദിക്കുമെന്നു ഒരു പിടിത്തവുമില്ല. വീട്ടിലിരിക്കുന്ന സിനിമാ മംഗളവും നാനയും ബാലരമയും ആകെയൊന്നു ഓടിച്ചു നോക്കി. അഥവാ പോതുവിജ്ഞ്ഞാനത്തില്‍ നിന്നുവല്ലതും ചോദിച്ചാല്‍ പറയാമല്ലോ.പത്രം വായന പണ്ടേയില്ല. ഇനി ഇതിനുവേണ്ടി തുടങ്ങിയാലും വല്ല്യ ഗുണമുണ്ടെന്നു തോന്നുന്നില്ല.

തിങ്കളാഴ്ച രാവിലെ തന്നെ ഇന്റര്‍വ്യൂ നടക്കുന്ന ഓഫീസില്‍ എത്തി. വിസിറ്റിംഗ് റൂമില്‍ എത്തി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ തന്നെ പകുതി ജീവന്‍ പോയി. മിക്കവാറും ആളുകള്‍ നഗരത്തിന്റെ സന്താനങ്ങള്‍ തന്നെ. അടിപൊളി വേഷങ്ങള്‍ കണ്ടപ്പോള്‍ തന്നെ തന്നെപോലെ പട്ടികാട്ടുകാരനെ ജോലിയ്ക്കെടുക്കുമോ എന്നൊരു സന്ദേഹം ഉണ്ടായി. പക്ഷെ അവിടെ ഇരുന്ന എല്ലാവരും തന്നെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തന്നിലുണ്ടെന്ന് മനസ്സിലായി. എന്തായാലും പച്ച പാന്റ്സും ചുവപ്പ് ഷര്‍ട്ടും നല്ല വെളിച്ചെണ്ണ തേച്ചു പറ്റിച്ചു ചീകിയ മുടിയും പഴുതാര മീശയുമുള്ള തന്നെ അസൂയയോടാണോ നോക്കുന്നതെന്നും സംശയമില്ലാതില്ല.

പ്യൂണ്‍ വന്നു ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ എന്നാ പേര് വിളിച്ചപ്പോള്‍ തന്നെ മിക്കവരും അടക്കി ചിരിക്കുന്നത് കണ്ടു.തന്റെയീ പേരിനു കാരണമായ എല്ലാവരെയും പ്രാകികൊണ്ട്‌ ഉള്ളിലേക്ക് കാലെടുത്തുവെച്ചു.
നേരെ മുമ്പിലെ കസേരയിലിരിക്കുന്ന മനുഷ്യനെ അല്പം കൌതുകത്തോടെയാണ് നോക്കിയത്. സഹാറ മരുഭൂമിപോലെയുള്ള ചാണത്തല. മന്നവേന്ദ്ര വിളങ്ങുന്നു നിന്മുഖം ചന്ദ്രനെപോല്‍ എന്നത് മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ തല ചന്ദ്രനെപോലെ എന്നുമാറ്റിയാല്‍ തന്നെ ധാരാളമായി.
കസേരയുടെ അടുത്ത്‌ ചെന്നിട്ടു തന്റെ സ്വതസിദ്ധമായ കാക്കസ്വനത്തില്‍ "ഗുഡ് മോര്‍ണിംഗ് സര്‍" എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത്‌ കണ്ട ഭാവം വേര്‍തിരിച്ചറിയാന്‍ കഴിയില്ലെന്ന് തോന്നി.

"ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ ഇരിക്കൂ."

ഞാന്‍ ഇരുന്നു.

"മിസ്റ്റര്‍ പിള്ളേ. ഞങ്ങളുടെ ഫാമിലേക്ക് ഇതുവരെ എട്ടു മാനജര്‍മാരെ നിയമിച്ചു. ഓരോ മാസം തികയ്ക്കും മുമ്പേ അവരെ ഓരോരുത്തരെയും ടെര്‍മിനെറ്റും ചെയ്തു. അതുകൊണ്ട് തന്നെ ഇനി ആള്‍ തീര്‍ത്തും സമര്‍ത്ഥന്‍ ആണെങ്കില്‍ മാത്രമേ ജോലിയ്ക്കെടുക്കൂ. അതുകൊണ്ട് ഉദ്യോഗാര്‍ഥി സമര്‍ത്ഥനും സത്യസന്ധനും ആയിരിക്കണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്."

"സാര്‍. ഞാന്‍ സത്യസന്ധന്‍ ആണ് സാര്‍. സമര്‍ത്ഥന്‍ ആണോ എന്ന് സാര്‍ തന്നെ തീരുമാനിക്ക്."

"മിസ്റ്റര്‍ പിള്ളേ. ഭ്രാന്ത് ഉള്ളവര്‍ എനിക്ക് ഭ്രാന്ത് ഇല്ലായെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ വിശ്വസിക്കില്ലെന്ന് പറയുന്നപോലെ സത്യസന്ധര്‍ താന്‍ സത്യസന്ധന്‍ ആണെന്ന്പറഞ്ഞാലും ആരും വിശ്വസിക്കില്ല. അത് ബോദ്ധ്യംവരണം."

"സര്‍. ഇവിടെ ഇന്റര്‍വ്യൂവിനു വന്ന ആളുകളെ കണ്ടപ്പോള്‍ എന്റെ കാര്യം ശരിയാവില്ലായെന്നു തോന്നിയതാ. പക്ഷെ സാറിന്റെ ആവശ്യം കേട്ടപ്പോള്‍ എനിക്ക് ചാന്‍സ് ഉണ്ടെന്നു തോന്നുന്നു."

മുമ്പിലിരിക്കുന്ന ആളുടെ മുഖത്തെ വികാരം എന്നതെന്ന് പറയാന്‍ കഴിഞ്ഞില്ല.

"മിസ്റ്റര്‍ പിള്ളേ. എന്തായാലും ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം.ഉത്തരം പറയാമോ എന്ന് നോക്കുക. ഈ സാമ്പത്തിക മാന്ദ്യത്തെപറ്റി താങ്കള്‍ എന്ത് പറയുന്നു."

"അറിയില്ല സര്‍.പക്ഷെ ഈ ജോലികിട്ടിയാല്‍ എന്റെ സാമ്പത്തിക മാന്ദ്യം തീരും സാറേ."

"ആട്ടെ. താങ്കളുടെ ഹോബീസ് എന്തൊക്കെയാണ് ?"

"അങ്ങനൊന്നും ഇല്ല സര്‍. ഞാന്‍ വളരെ നല്ല മനുഷ്യനാണ് സര്‍. പണക്കാരുടെ യാതൊരു ദുശ്ശീലവും ഇല്ല സര്‍."

"ഹഹഹഹ .. പിള്ള പാട്ടൊക്കെ പാടുമോ.വെറുതെ ചോദിച്ചതാ .."

"പിന്നെ.. ഞാന്‍ നല്ല പാട്ടുകാരനാ. പക്ഷെ ആരും ഇതുവരെ പറഞ്ഞിട്ടില്ല. അല്ലെങ്കിലും അങ്ങനാ സാറെ. കഴിവുല്ലവനെ ആരും അംഗീകരിക്കില്ല. നമ്മള്‍ മലയാളികള്‍ മരണശേഷമല്ലേ ആരെങ്കിലും അംഗീകരിക്കൂ."

"അപ്പോള്‍ യേശുദാസ് മരിച്ചുവേന്നാണോ പിള്ള പറയുന്നത്."

ഒരു നിമിഷം എന്തുപറയണം എന്നറിയാതെ ഇരുന്നു..

"അല്ല സാറേ യേശുദാസ് മരിച്ചോ.? ഞാന്‍ അറിഞ്ഞില്ല കേട്ടോ."

ചോദ്യകര്‍ത്താവ് ഒരു നിമിഷം സ്തബ്ദനായെന്നു തോന്നി. അയാള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു.

"പിള്ള പത്രമൊന്നും വായിക്കാറില്ലേ.?"

"എല്ലാം വെറും തട്ടിപ്പല്ലേ സാറെ. ചുമ്മാതെ മരണവും കൊലപാതകവും കൊള്ളയും മാത്രം. വെറുതെ കാശുകൊടുത്തു വാങ്ങിച്ചു എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്. ഞാന്‍ നാനയും സിനിമ മംഗളവും ഒക്കെയാ വായിക്കുന്നത്."

"ആട്ടെ താങ്കളുടെ മണ്ഡലത്തിലെ എം.എല്‍.എ. മന്ത്രിയാകുന്നു എന്ന് കരുതുക. താങ്കള്‍ക്കെന്തു തോന്നും?"

"സര്‍. എങ്കില്‍ ആ എം.എല്‍.എ.സീറ്റ് ഒഴിവാകില്ലേ.ആ സീറ്റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പ് വീണ്ടും സര്‍ക്കാരിനു ബാധ്യതയുണ്ടാക്കില്ലേ.?"

മറുപടി കേട്ടപ്പോള്‍ തുടങ്ങിയ പൊട്ടിച്ചിരി നിര്‍ത്താന്‍ ചോദ്യകര്‍ത്താവ് കുറെ പണിപ്പെട്ടു.

"മിസ്റ്റര്‍ പിള്ളേ . താങ്കളോട് കൂടുതല്‍ ഒന്നും ചോദിക്കേണ്ട എന്ന് തോന്നുന്നു. എന്തായാലും താങ്കളെപോലെ മിടുക്കനും സത്യസന്ധനും ആയ ഒരാളെ മാത്രം നിയമിക്കാന്‍ എനിക്ക് തോന്നുന്നു. താങ്കള്‍ റിസപ്ഷനില്‍ പോയി അപ്പോയിന്റ്മെന്റ് ലെറ്റര്‍ വാങ്ങിക്കോളൂ."

ഒരു നന്ദി പറഞ്ഞു തിരിച്ചു നടന്നു.
വാതില്‍ തുറന്നു പുറത്തു വന്നപ്പോള്‍ ചുറ്റും ഇരിക്കുന്ന ഉദ്യോഗാര്‍ഥികളെ നോക്കിയൊന്നു പുഞ്ചിരിച്ചു. ഇനി നിങ്ങളാരും മിനക്കെടേണ്ട ആ കരിക്കലം ഞാന്‍ തന്നെ കഴുകി എന്നൊരു ലാഞ്ചന ആ പുഞ്ചിരിയിലുണ്ടായിരുന്നു.
വക്രിച്ച ഒരു ചിരിയുമായി പ്യൂണ്‍ എത്തി.

"എന്തായി."

അയാളുടെ ചോദ്യം കേട്ടപ്പോള്‍ നന്നായി ദേഷ്യം തോന്നി. തന്റെ പേര് ഇന്റെര്‍വ്യൂവിന് വിളിച്ചപ്പോള്‍ അയാളുടെ മുഖം ശ്രദ്ധിച്ചിരുന്നു. ഒരു പുച്ഛം. തന്നെ സെലക്റ്റ് ചെയ്തുവെന്നും ഇനി മുതല്‍ സാര്‍ എന്ന് വിളിക്കണമെന്നും വിളിച്ചുപറയാന്‍ തോന്നി. താന്‍ വെറും ഉപ്പലാച്ചന്‍ അല്ലെന്നും ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ ആണെന്നും വിളിച്ചുപറയണം അല്ലാതെ പിന്നെ.

"എടൊ പ്യൂണേ. എന്നെ സെലക്റ്റ് ചെയ്തു. ഇനി മുതല്‍ ഞാന്‍ ആണ് ഈ ഫാമിന്റെ മാനജര്‍. വേണ്ട ബഹുമാനം തന്നോണം."

"ഹഹഹഹ... "

പ്യൂണ്‍ പൊട്ടിച്ചിരിച്ചു.

"എന്തെ. തന്റെ സമനില തെറ്റിയോ.ഞെട്ടിപ്പോയി അല്ലെ. ഞാന്‍ വെറും ഉപ്പലാച്ചന്‍ ആണെന്ന് കരുതി അല്ലെ."

"അല്ല അതല്ല. സാര്‍ ഈ ഇന്റര്‍വ്യൂ തുടങ്ങിയിട്ട് കുറെനാളായി. ഏതെങ്കിലും അട്ടപാടിക്കാരന്‍ മന്ദബുദ്ധിയെ മാത്രമേ സെലക്റ്റ് ചെയ്യൂ എന്ന് പറഞ്ഞിരുന്നു. കാരണം വിവരമുള്ളവരെ വെച്ചപ്പോള്‍ അവരെല്ലാം ഒരു മാസം തെകയുന്നതിനു മുമ്പേ റിസൈന്‍ ചെയ്തു സ്ഥലം വിട്ടു. അപ്പോള്‍ സാറിന് മാത്രമല്ല എനിക്കും ആളെ തെറ്റിയില്ലല്ലോ എന്നോര്‍ത്ത് ചിരിച്ചതാ."

പ്യൂണിന്റെ മറുപടികേട്ട് ഈജോലി കളയണോ അതോ സ്വീകരിക്കണോ എന്നറിയാതെ നിന്നുപോയി. അമ്മപറഞ്ഞ ഒരു കാര്യം ഓര്‍ത്തു. "നിന്നെ ജോലിയെക്കെടുക്കാന്‍ അയാളെന്താപോരാന്‍ നേരം മന്ദബുദ്ധിയാണോ. അതോ മന്ദബുദ്ധിയെ മാത്രമേ എടുക്കൂന്നു അയാള്‍ക്ക് വല്ല നേര്‍ച്ചയും ഉണ്ടോ.?"അപ്പോള്‍ ഈ കാര്യം എങ്ങനെ അമ്മയറിഞ്ഞു. അമ്മ സത്യമായിട്ടും ത്രികാല ജ്ഞ്ഞാനിയാണോ. അമ്മെ ഭഗവതി.

Saturday, April 4, 2009

60.(ക്)നോക്കിലെക്കൊരു യാത്ര

അയര്‍ലണ്ടില്‍ വന്നപ്പോള്‍ മുതലുള്ള ആഗ്രഹമായിരുന്നു നോക്ക് പള്ളിയിലെക്കൊരു യാത്ര. വളരെ പ്രകൃതിരമണീയമായ പ്രദേശത്തെ മനോഹരമായ പള്ളിയെന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകത.പരിശുദ്ധ കന്യാമറിയം പ്രത്യക്ഷപ്പെട്ട ലോകത്തെ അപൂര്‍വ്വം
ചില പള്ളികളില്‍ ഒന്നെന്ന പ്രത്യേകത ഇവിടുത്തെ പള്ളിയ്ക്കുണ്ട്. (മറ്റു പള്ളികള്‍ ലൂര്‍ദ് , ഫാത്തിമ പള്ളികള്‍ ആണെന്നാണ് വിശ്വാസം. ഇതിലെ ആധികാരിത ചോദ്യം ചെയ്യരുത് .മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.ഈ പള്ളിയെക്കുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങളെ കുറിച്ചും ഇവിടെ വായിക്കുക)

ഞാന്‍ താമസിക്കുന്ന റിപബ്ലിക്‌ ഓഫ് അയര്‍ലണ്ടിന്റെ തലസ്ഥാനം കൂടിയായ കൌണ്ടി ഡബ്ലിനില്‍ നിന്നും ഏകദേശം ഇരുനൂറ്റി മുപ്പതു കിലോമീറ്റര്‍ ഉണ്ട് പള്ളി സ്ഥിതി ചെയ്യുന്ന കൌണ്ടി മായോയില്‍ എത്താന്‍.

രാവിലെ ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ മൂന്നു വാഹനങ്ങളിലായി യാത്രതിരിച്ചു. സാമാന്യം നല്ല കാലാവസ്ഥയായിരുന്നു. പൊതുവേ മങ്ങിയതും തണുപ്പുള്ളതും മഴയുള്ളതുമായ അയര്‍ലണ്ടില്‍ ആറു ഡിഗ്രീ സെല്‍ഷ്യസ് അത്ര മോശം എന്ന് കരുതാറില്ല.പ്രത്യേകിച്ചും ഈ മാര്‍ച്ച് മാസത്തില്‍.

മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തു ഒരു താല്‍കാലിക വിശ്രമാസ്ഥാനത്തെത്തി. മനോഹരമായ തടാകമുള്ള ഇവിടെ ഒരു മത്സ്യകന്യകയുടെ ശില്‍പം ഉണ്ട്.


(മത്സ്യകന്യകയുടെ ശില്‍പം)

ഞങ്ങള്‍ കുറെ സമയം അവിടെ ചിലവഴിച്ചു വയറിന്റെ വിളി ശമിപ്പിച്ചു വീണ്ടും നോക്കിലെക്കുള്ള യാത്രയായി. പക്ഷെ തടാകക്കരയില്‍ കൊടുംതണുപ്പ് ആയതിനാല്‍ പിന്നീടുള്ള യാത്രയില്‍ നല്ല തണുപ്പുണ്ടാവുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. മനോഹരമായതും വൃത്തിയുള്ളതുമായ റോഡിന്റെ ഇരുവശവും അത്യന്തം ഭംഗിയുള്ള ഗ്രാമങ്ങള്‍. സമ്മറിന്റെ വരവറിയിച്ചു മിക്ക വൃക്ഷങ്ങളും ചെടികളും പൂത്തു തുടങ്ങിയിരിക്കുന്നു.

റോഡിനിരുവശത്തെയും ഭംഗിയില്‍ മുഴുകി പോയതിനാലാവം സമയം പോയതറിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ നോക്കിലെത്തി. നല്ല റോഡും വശങ്ങളിലെ നല്ല കാഴ്ചകളും യാത്ര ഒട്ടും വിരസമാക്കാതെ പോകാന്‍ സഹായിച്ചു.(നോക്ക് പള്ളി)

പള്ളിയുടെ അകത്തേക്ക് കടന്നപ്പോള്‍ തന്നെ മനസ്സിലൊരു ശാന്തത കൈവന്നപോലെ തോന്നി. ഷഡ്ഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചുവര്‍. വൃത്തിയുള്ള അകവശം. മികച്ച സൌണ്ട് സിസ്റ്റംസ് പ്രാര്‍ഥനകള്‍ എല്ലായിടത്തും എത്തിക്കുന്നു.പള്ളിയില്‍ ഏകദേശം പകുതിയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്.സെന്റ്.പാട്രിക് ഡേ ആയതിനാല്‍ ആവാം ഇത്ര തിരക്ക്. പൊതുവേ ഇത്രയും തിരക്കുണ്ടാവാറില്ലയെന്നു അവിടെ കണ്ട ഐറിഷ് വൃദ്ധന്‍ പറഞ്ഞു.എല്ലാ ഐറിഷ് കെട്ടിടങ്ങളേയും പോലെ ഉള്ളിലെയും പുറത്തെയും വൃത്തിയും അടുക്കും ചിട്ടയും നമ്മുടെ പ്രത്യേകശ്രദ്ധ ആകര്‍ഷിക്കും. കുറെ നേരം അകത്ത് ചിലവഴിച്ചു പള്ളിയുടെ വെളിയിലറങ്ങി.


(അഭീഷ്ട സിദ്ധിയ്ക്കായി പണമിട്ട്‌ പ്രാര്‍ത്ഥന നടത്തുന്ന കിണര്‍)

പള്ളിയ്ക്ക് വെളിയില്‍ ഒരു കിണര്‍ ഉണ്ട്. ഇതില്‍ പണമിട്ട്‌ പ്രാര്‍ഥിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്തായാലും പണമിട്ട്‌ എന്റെ ഭാഗ്യം പരീക്ഷിച്ചു. ഇനി അതിന്റെ കുഴപ്പം കൊണ്ട് കിട്ടേണ്ട ഭാഗ്യം എന്തിനു വേണ്ടെന്നു വെയ്ക്കണം. പക്ഷെ കിണറിലെ മുകളില്‍ ഒരു നെറ്റ് കൊണ്ട് ഭാഗികമായി മൂടിയിട്ടുണ്ട്‌. കിണറില്‍ വീഴുന്ന യൂറോ ആരും എടുക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ സെറ്റ്അപ്പ്. പണം കള്ളന്മാര്‍ എടുത്താല്‍ അവര്‍ക്ക് ദൈവകോപം കിട്ടില്ലെയെന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല.

ഇടയ്ക്ക് പള്ളിയ്ക്ക് ചുറ്റും കറങ്ങാന്‍ സൌജന്യമായി ഏര്‍പ്പാടാക്കിയ വൈദ്യുത വാഹനത്തില്‍ ചുറ്റും കറങ്ങി. ഭങ്ങിയായി ലാന്‍ഡ്‌സ്കേപ് ചെയ്ത പൂന്തോട്ടങ്ങളും പച്ചപ്പട്ടു പുതപ്പിച്ചപോലെയുള്ള പുല്‍തകിടികളും. ഇടയ്ക്ക് ഞങ്ങളെ കണ്ടു വാഹനം നിര്‍ത്തിയ ഒരു വൃദ്ധയെ പരിചയപ്പെട്ടു.


(വൃദ്ധ)

ഭാരതീയരെ ബഹുമാനമുള്ള അവര്‍ ഞങ്ങള്‍ ഭാരതീയര്‍ ആണെന്ന് കരുതി തന്റെ ചെറിയ വൈദ്യുത സ്കൂട്ടര്‍ നിര്‍ത്തി. കുറേനേരം ഞങ്ങളോട് സംസാരിച്ചു അവസാനം ഞങ്ങള്‍ക്ക് ആശംസകളും നന്ദിയും പറഞ്ഞു അവര്‍ നീങ്ങി.ഐറിഷ് മനുഷ്യരുടെ സ്നേഹം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരത്തിന് ദൈവത്തോട് നന്ദി പറഞ്ഞു. മുമ്പ് പലതവണ ഭാരതം കണ്ടിട്ടുള്ള അവര്‍ക്ക് ഭാരതീയരെ വളരെയിഷ്ടമാണ്. തന്റെ ബാറ്ററി ഉപയോഗിച്ച് ചലിപ്പിക്കുന്ന ചെറിയ സ്കൂട്ടറില്‍ പള്ളിയുടെ ചുറ്റം കാണാന്‍ വന്നതായിരുന്നു വൃദ്ധ.(മാതാവിന്റെ തിരുശേഷിപ്പ്)
പിന്നീട് ഞങ്ങള്‍ പോയത് മാതാവിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്നത് കാണാനായിരുന്നു. തിരുശേഷിപ്പ് ഭിത്തിയിലെ ഭംഗിയായി അലങ്കരിച്ച വേണ്ടവിധം ലൈറ്റിംഗ് ഒക്കെ ചെയ്തു വച്ചിരിക്കുന്നു. മാതാവിന്റെ ഭൌതിക അവശിഷ്ടത്തിന്റെ ഭാഗമെന്നു കരുതുന്ന ഇത് വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വളരെയധികം വിശ്വാസികള്‍ ഇവിടെ വന്നു മുത്തം കൊടുക്കുന്നത് കണ്ടു.


(പള്ളിയിലെ വലിയ കുരിശ്)
പള്ളിമുറ്റത്ത് വളരെ ഉയരമുള്ളതും ഭംഗിയേറിയാതുമായ ഒരു കുരിശുണ്ട്.കുരിശിന്റെ വലിപ്പത്തെകുറിച്ച് ധാരണകിട്ടാന്‍ അടുത്തുള്ള മരങ്ങളുമായും മറ്റും താരതമ്യം ചെയ്യേണ്ടി വരും. അത്ര വലുപ്പമുള്ളതാണ് ഈ കുരിശ്. ചെറിയ ചുറ്റുമതിലോട് കൂടിയ ഈ കുരിശ് യൂറോപ്യന്‍ വാസ്തുകലയുടെ ഉദാത്ത മാതൃകയാണ്.

(1979ല്‍ മാര്‍പ്പാപ്പ വന്നപ്പോള്‍ പള്ളിയ്ക്ക് നല്‍കിയ സ്വര്‍ണ്ണപനിനീര്‍ പുഷ്പം)
1979ല്‍ മാര്‍പാപ്പ നോക്ക് പള്ളി സന്ദര്‍ശനം നടത്തി. പ്രസ്തുത സന്ദര്‍ശനത്തില്‍ നല്‍കിയ സ്വര്‍ണ്ണ റോസാപൂവ് ഭിത്തിയില്‍ ഒരു മനോഹരമായ അറയുണ്ടാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

അതിനു ശേഷം മാതാവിന്റെകാല്‍ പതിഞ്ഞതെന്നു കരുതുന്ന കല്ലും, മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന ഭിത്തിയും കണ്ടു.(പുതുക്കിപണിഞ്ഞ പള്ളി)
പഴയ പള്ളി പൊളിച്ചു പുതിയത് പണിഞ്ഞെങ്കിലും മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന പഴയപള്ളിയുടെ ഭിത്തി നിലനിര്‍ത്തി കൊണ്ട് തന്നെയാണ് പുതിയത് പണിഞ്ഞത്.


(മാതാവിന്റെ പ്രതിമ)

മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന കരുതുന്ന പള്ളിയുടെ ഉള്‍വശത്ത് മാതാവിന്റെ വലിയ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. കരുണാമയിയായ മാതാവിന്റെ സമീപത്തു രണ്ടു മാലാഖമാരും ഉണ്ട്. പ്രതിമയിരിക്കുന്ന പള്ളിയില്‍ വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു. നിറയെ വിശ്വാസികള്‍ ഉണ്ടായിരുന്നെങ്കിലും തീര്‍ത്തും നിശബ്ദം.


(മാതാവിന്റെ കാല്‍പാദം പതിഞ്ഞ കല്ല്)

മാതാവിന്റെ പാദസ്പര്‍ശനമേറ്റൂവന്നു കരുതുന്ന കല്ലില്‍ ചുംബിക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയുണ്ടായിരുന്നു. മാതാവിന്റെ പാദസ്പര്‍ശനമേറ്റ ശിലയിലൂടെ ആ ചൈതന്യം തങ്ങളിലേക്ക് ആവാഹിക്കാനുള്ള ശ്രമമാണത്രെ. എന്തായാലും ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു.

നാല് മണിക്കൂറിലേറെ ചിലവഴിച്ചു ഞങ്ങള്‍ തിരികെ പോന്നു. മനസ്സില്‍ ആത്മീയതയുടെ പുണ്യം നല്‍കിയ ഒരു നല്ല യാത്രയുടെ ഓര്‍മ്മകുറിപ്പുകള്‍ നല്‍കിയ ഒരു ദിവസം അങ്ങനെ എന്നെന്നേക്കുമായി മനസ്സിന്റെ ചെപ്പുകളില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയുമായി.