Wednesday, January 28, 2009

50.കമലഹാസനും മാധവനും പിന്നെ ഞാനും

"പ്രീയപ്പെട്ടവരെ ഇതെന്‍റെ അമ്പതാമത്തെ പോസ്റ്റ് ആണ്.
ഇത്രയും കാലം എന്നെ സഹിച്ചവരോട് നന്ദി പറയട്ടെ.
എനിക്കു പറ്റിയ ഒരൊ അമളികളും ഞാന്‍ തമാശയായി
എടുക്കുമെങ്കിലും ഇതെനിക്ക് അത്ര തമാശയായ് എടുക്കുവാനായില്ല.
എന്നാലും നിങ്ങളുമായി പങ്കു വയ്ക്കുന്നു.."

ഞാന്‍ അബുദാബിയില്‍ നിന്നു അയര്‍ലണ്ടില്‍ പോകാന്‍ തീരുമാനിച്ചപ്പൊള്‍
വീണുകിട്ടിയ രണ്ടുമാസത്തെ ഇടവേളയില്‍ (വിസയ്ക്കും മറ്റുമായി) വെറുതെനാട്ടില്‍ വായില്‍നോക്കിനടക്കാതെ കാരീയര്‍ എന്‍ഹാസിനായി എന്തെങ്കിലും കൊഴ്സ് പഠിയ്കാന്‍ തീരുമാനിച്ചു. അല്ലെങ്കിലും ഗള്‍ഫ്കാരന്‍ രണ്ടുമാസത്തില്‍ കൂടുതല്‍
നാട്ടില്‍ നില്‍ക്കുമ്പൊള്‍

“ലവന്‍ ഇനി തിരികെ പോകുമോടെ...? അതോ കട്ടയും പടവും
മടക്കി നാട്ടില്‍ കുറ്റിയടിക്കുമൊ..?"


എന്ന മട്ടിലുള്ള നാട്ടുകാരുടെ ചോദ്യങ്ങള്‍
കേള്‍ക്കുന്നതിലും നല്ലത് എന്തെങ്കിലും കോഴ്സിനായി പോകുന്നതാണെന്നു തോന്നി.

പക്ഷെ ജോലിയുമായി ബന്ധമുള്ള കൊഴ്സ് ചെന്നയിലും ബാംഗളൂരും ഉണ്ടെന്നു മനസിലായിയെങ്കിലും ചെന്നൈ തന്നെ തെരഞ്ഞെടുത്തു. അല്പം തമിഴ് അറിയാം എന്നുള്ളതു തന്നെ കാരണം. അങ്ങനെ ഇന്‍സ്റ്റിട്യൂട്ടില്‍ വിളിച്ചു ഞാന്‍ വരുന്ന കാര്യം അറിയിച്ചു. മദ്രാസ് മെയിലില്‍ അങ്ങനെ ഞാനും ചെന്നയില്‍ എത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് കോടമ്പാക്കത്താണ്.നമ്മുടെ സിനിമാക്കാരുടെ മായികലോകം.
നമ്മുടെ ഷക്കീല ചേച്ചിയൊക്കെ താമസിക്കുന്ന കോടമ്പാക്കം.
ടാക്സിക്കാരന്‍ എന്നെ എങ്ങും അധികം കറക്കാതെ നേരേ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കൊണ്ടെത്തിച്ചു.

ഗള്‍ഫില്‍ നിന്നും വന്നിട്ടു ഒരാഴ്ചപൊലും ആയിട്ടില്ല എന്നതും തമിഴ്നാട്ടില്‍ ആദ്യം പൊകുന്നു എന്നതും കൊണ്ട് അല്പം അഴകിയ രാവണന്‍ ആയിത്തന്നെ ഓഫീസില്‍ കയറി ചെന്നു.

റിസപ്ഷനില്‍ ഇരിക്കുന്ന തമിഴ്പെണ്‍മണിയൊട് കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ തന്നെ ഫീസും വാങ്ങി അഡ്മിഷനും തന്നു. എന്നിട്ടു എനിക്കു താമസ സൗകര്യം എന്‍റെ കൊഴ്സ് റ്റ്യൂട്ടറും കൂടിയായ
മാഷ് ശരിയാക്കിതരുമെന്നറിയിച്ചു. (താമസ്സം ഏര്‍പ്പെടുത്തും എന്നു മുമ്പെ സമ്മതിച്ചിരുന്നു) ഇതിനിടെ നമ്മുടെ തമിഴ് പൊണ്‍കൊടി വെറെ ഒരൊന്നൊക്കെ പറഞ്ഞുകൊണ്ടിരുന്നു . സംസാരത്തില്‍
നിന്ന് പെണ്ണൊരു സംസ്സാരപ്രിയയാണെന്നു മനസ്സിലായി.അതൊ ഇനി റിസപ്ഷനില്‍ ഇരിക്കുന്നതുകൊണ്ട്
അങ്ങനെ സംസാരിക്കുന്നതാണൊ.. അറിയില്ല.. അതിനിടയില്‍ ചിരിച്ചുകൊണ്ട് എന്നൊട് പറഞ്ഞു.

“ഊങ്കളെ പാത്താല്‍ മാധവന്‍ മാതിരി ഇറുക്കെ..”

എന്നെ ഊതാന്‍ പറഞ്ഞതാണോ?. ഞാന്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി.
ഇനി അധവാ മാധവന്‍ കേട്ടാല്‍ മാനഹാനിയ്ക്കു കേസ് കൊടുക്കുമോ എന്നൊരു പേടിയും ഇല്ലാതില്ല.

അവസാനം എന്നെ പഠിപ്പിക്കാനുള്ല മാഷും വന്നു. ഒരു ചുള്ളന്‍.അദ്ദേഹം എന്നെയും കൂട്ടി അടുത്തുള്ള നല്ലൊരു ലൊഡ്ജില്‍ പൊയി.അവിടുത്തെ അല്പം പൊഷ് ആയ ലൊഡ്ജ് ആണ്. മലയാളത്തിലെ വളരെയെറെ നടന്മാര്‍ കോടമ്പാക്കത്തു വരുമ്പൊള്‍ താമസിക്കുന്ന ലോഡ്ജ് ആണ്.
അതുപൊലെ തമിഴിലെയും ബി.ഗ്രെഡ് നടന്മാരും നടികളും സംവിധായകരും താമസിക്കുന്ന ലോഡ്ജ് ആണത്. (അവിടെ വച്ച് ചില മലയാള നടന്മാരെയും കാണാന്‍ കഴിഞ്ഞു.)

പിറ്റേന്നു ക്ലാസ്സില്‍ യാദൃശ്ചികമായി നമ്മുടെ മാഷ് തമിഴ് സിനിമയെ പറ്റി പറഞ്ഞു. പുള്ളി തമിഴ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയന്‍ മെംബറാണ്. നമ്മുടെ ശിവാജിയിലും അന്ന്യനിലും ഒക്കെ ചിന്ന ചിന്ന വേഷങ്ങള്‍ ചെയ്തതുമാണ്.
ഇതൊക്കെപറഞപ്പൊള്‍ ഞാന്‍ പതിയെ എന്‍റെ അഭിനയമോഹം ഒന്നുപറഞു. അഥവാ വല്ലതും നടന്നാല്‍
ഒത്തില്ലെ. പോയാല്‍ ഒരു വാക്കു.കിട്ടിയാല്‍ എന്റമ്മെ.. പറയാന്‍ വയ്യ ..ആകെ രോമാഞ്ചം,.

പക്ഷെ പുള്ളിക്കാരന്‍ ആകെയൊന്നു നോക്കി.
എന്നിട്ടു എന്നൊട് യൂണിയന്‍ മെമ്പര്‍ഷിപ്പിനെയും മറ്റും പറഞ്ഞു
നമ്മള്‍ എന്തിനും എതിനും സമ്മതം.
അന്നു വെള്ളിയാഴ്ചയായിരുന്നു.ഞായറാഴ്ച പുള്ളിയുടെ ഒരു പരിചയക്കാരനെ കാണണം എന്ന തീരുമാനമായി..

ഞാന്‍ അതിനുമുമ്പെ അല്പം ഒരുക്കങ്ങള്‍ ഒക്കെ നടത്തി. ഒരു ആയിരത്തിനാന്നൂറ് രൂപ കൊടുത്തു ഒരു
ഗൊള്‍ഡന്‍ ഫേഷ്യല്‍. അവിടുത്തെ മുന്തിയ സലൂണീല്‍ ഒരു ഹെയര്‍ സ്റ്റൈലിങ്. ആവകയിലും അഞ്ഞൂറ് രൂപ
ചീറ്റി കിട്ടി.(മുടിവെട്ട്,ഷേവിംഗ്. അല്ലറ ചില്ലറ സൂത്രങള്‍)
പിന്നീട് എപ്പൊഴും കൈയില്‍ കൊണ്ടുനടക്കുന്ന പെന്‍ ഡ്രൈവില്‍ നിന്നും ഒരു നാലു ഫൊട്ടൊ വലുതായി പ്രിന്‍റ്
എടുപ്പിചു. അതില്‍ ഒന്നു ഇവിടെ ഞെക്കിയാല്‍ കാണാം.അങാനെയും ഒരു എഴുനൂറു രൂപ ചീറ്റി.

ഞായറാഴ്ച അണിഞൊരുങി ഫെരാരി പെര്‍ഫ്യൂം ഒക്കെയടിച്ചു നേരേ നമ്മുടെ മാഷ് പറഞ്ഞ ആളെ കാണാന്‍ അവിടുത്തെ അല്പം നല്ല ഹൊട്ടലില്‍ ചെന്നു. നല്ലൊരു കട്ടബൊമ്മന്‍ പാണ്ടിയും നമ്മുടെ മാഷും അവിടെ എന്നെ പ്രതീക്ഷിച്ച് ഇരിപ്പുണ്ട്‌. എന്നെ കണ്ടു നമ്മുടെ പാണ്ടി വെളുക്കെ ചിരിച്ചു.

കേരളത്തിലെ ഹോട്ടലുകളില്‍ പാത്രം കഴുകുന്ന പാണ്ടികളെ അപ്പൊള്‍ ഓര്‍മ്മ വന്നു.അദ്ദേഹത്തിന്‍റെ മുമ്പില്‍ ഭവ്യതയൊട് ഇരുന്നു ഒരു വണക്കം അടിച്ചു. കൊണ്ടുപൊയ ഫോട്ടോകള്‍ എല്ലാം
തുറന്നുകാട്ടി. അതുകണ്ടപ്പോള്‍

“ഇതെല്ലം യേതുക്ക് അയ്യ,.. ഒന്നും തെവയില്ല ..ഇവന്‍ എല്ലാം സൊല്ലിയിരുക്കു..”

നമ്മുടെ മാഷിനെ ചൂണ്ടി സിനിമാ പാണ്ടി പറഞ്ഞപ്പോള്‍ മാഷും തലകുലുക്കി. ഞാന്‍ ഒന്നു ഞെട്ടി. എന്‍റെ ഫോട്ടൊ വേണ്ടായോ.. അപ്പൊള്‍ ഇനി വല്ല ഷക്കീല പടത്തില്‍ അഭിനയിക്കാന്‍ വേണ്ടിയാണൊ
ദൈവമെ..
“ഒന്നാമതെ കല്യാണം ഒക്കെ കഴിഞു.പണ്ട് ആയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു.. ഇപ്പൊല്‍ വല്ല എടാ കൂടത്തിലും
അഭിനയിച്ചാല്‍ കഴിഞ്ഞു.. അവസാനം ഞാന്‍ ഗതികെട്ടു ചോദിച്ചു,.

അപ്പൊ.. അയ്യ ഞാന്‍ എന്ന പണ്ണണം

“ഒന്നും ഇല്ല....ജൂനിയര്‍ ആര്‍ട്ടിസ്റ്റ് യൂണിയനില്‍ ചേരണം.അത് താന്‍. അപ്പുറം ഏതാവത് ചിന്ന ചിന്ന റോള്‍ ഇരുന്നാല്‍ കണ്ടിപ്പാ ഊങ്കളെ കൂപ്പിടും .. "

അപ്പോള്‍ ഈ നാശം ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ എര്‍പ്പാട് ചെയ്യുന്ന കോര്‍ഡിനേറ്റര്‍ ആണെന്നു പിന്നീടാണു മനസിലായത്‌...
ഏതായാലും ആ പാണ്ടിയ്ക്കും നമ്മുടെ വാധ്യാര്‍ക്കും പാര്‍ട്ടി കൊടുത്ത വകയില്‍ കൈയില്‍ നിന്നും
പൊയതെത്ര എന്നു പറയുന്നില്ല .

കൂടുതല്‍ വിഡ്ഡിത്തരം വിളമ്പാന്‍ വയ്യാ..
ഹോട്ടലില്‍ നിന്നു റൂമിലെക്കു നടക്കുന്നതിനിടയില്‍ വഴിവക്കില്‍ ഒട്ടിച്ചിരിക്കുന്ന ദശാവതാരത്തിന്‍റെ പോസ്റ്ററില്‍
ഇരുന്നുകൊണ്ട് നമ്മുടെ കമലഹാസന്‍റെ പത്തുതലകളും എന്നെ നോക്കി കൊഞ്ഞണം കുത്തുന്നതുപൊലെ തോന്നി.

അതൊടെ എന്‍റെ സിനിമാ മോഹത്തിന്‍റെയും അവസാനമായി..

വാല്‍ക്കഷ്ണം: എന്ന് കരുതി ആരെങ്കിലും അഭിനയിക്കാന്‍ വിളിച്ചാല്‍ ഇനിയും വയ്യെടാ എന്ന് പറയത്തക്ക അഹങ്കാരമോ നിന്ദയോ എനിക്കില്ല കേട്ടോ..

Sunday, January 25, 2009

49.നമഃനാമി (Remixed,Reloaded &Refined)

(പോസ്റ്റുകളുടെ പെരുമഴമൂലം മറ്റൊരിടത്ത് ശ്വസിക്കാനാവാതെ ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ പോസ്റ്റിനെ ഇവിടെ വീണ്ടും പോസ്റ്റുന്നു.. പഴയവീഞ്ഞിനെ പുതിയ കുപ്പിയില്‍ വില്‍ക്കുന്ന പതിവില്ലാതതുകൊണ്ട് പഴയവീഞ്ഞിനെ പരിഷ്കരിച്ചു മാറ്റം വരുത്തി കൂടുതല്‍ ശക്തമാക്കി നല്കുന്നു..
ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മാത്രമല്ല മറ്റു ബ്ലോഗുകളോടോ പോസ്റ്റുകളോടോ പോലും സാമ്യം ഇല്ല.. ഉണ്ടെന്നു തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം..)


ഒരു ഞായറാഴ്ചയാണ് അയാളെത്തിയത്. അവധിദിവസമായിരുന്നിട്ടും മിക്കവാറും എല്ലാവരും കവലയിലുണ്ടായിരുന്നു. പതിവ് വെടിവട്ടകാരുടെ സങ്കേതമായ ആല്‍ത്തറയിലെ ആളുകള്‍ പക്ഷെ അപരിചിതനെ കണ്ടപ്പോള്‍ അല്പം ഭയത്തോടെ എഴുന്നേറ്റു.ചൈതന്യം ഉണ്ടെങ്കിലും ക്രൌര്യതയുടെ മിന്നലാട്ടമുള്ള മുഖം.

"ആരാ."

മാധവന്‍ പതിയെ ചോദിച്ചു..അപരിചിതന്‍ ഒരു ചോദ്യചിഹ്നത്തോടെ മാധവനെ നോക്കി.

"അല്ല ഞാന്‍ ചുമ്മാതെ ചോദിച്ചതാ..വെറുതെ..."

ആഗതന്‍ ഏവരേയും മാറി മാറിനോക്കി..

"ഞാന്‍ നമഃനാമി ... നാമമില്ലതവനെന്നോ നാമത്തെ നമിക്കുന്നവനെന്നോ വിളിക്കാം.. അല്ലെങ്കില്‍ അവനെ നാമം എന്ന് വിളിക്കുന്നു.. അവനെ നമിക്കുന്നു.."

എല്ലാവരും പരസ്പരം നോക്കി.. മദ്യപുരിയില്‍ അല്ലെങ്കിലും സാഹിത്യപണ്ഡിതരോ സംസ്കൃതമുന്‍ഷികളോ ഇല്ലല്ലോ..അയാളുടെ മറുപടിയില്‍ എല്ലാവരും ഗുരുവിനെ കണ്ടെത്തി..

ദിവസങ്ങള്‍ കഴിയുന്നോറും അയാളുടെ പ്രാധാന്യം ആല്‍ത്തറയിലും ഏറിയേറി വന്നു.കല്യാണത്തിനും മരണത്തിനും ജനനത്തിനും അയാളില്ലാതെ അയാളുടെ പ്രാര്‍ത്ഥനയില്ലാതെ പൂര്‍ണതയാവില്ലെന്ന ഗതിവന്നു.പക്ഷെ നാണിമുത്തശ്ശിയുടെ മന്ത്രവാദത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ക്രമേണ മന്ത്രവാദത്തിന്‍റെ സാത്വികമായതല്ല ആഭിചാരമായതാണ് നാണിമുത്തശ്ശിയുടെതെന്നു ജനക്കൂട്ടത്തെ വിശ്വസിപ്പിച്ച വരത്തന്‍ സ്വാമി പതിയെ ഗ്രാമത്തിലെ നിയന്ത്രണം കൈയടക്കി എന്നുവേണം പറയാന്‍.

പക്ഷെ ഒരു ദിവസം ഒരാളെത്തി..വീണ്ടും ഒരപരിചിതന്‍ ഗ്രാമത്തില്‍ എത്തിയതുകണ്ട ഗ്രാമവാസികള്‍ ഒത്തുകൂടി.. പുറംലോകവുമായി അധികം ബന്ധമില്ലാത്ത മദ്യപുരിയില്‍ വീണ്ടും അപരിചിതനായ ഒരുവന്‍ വീണ്ടും..ഗ്രാമത്തിലെ ആസ്ഥാനഗുണ്ടകളായ പരമു,വിക്രമന്‍ തുടങ്ങിയവര്‍ ആഗതനെ കൈയ്യേറ്റം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.

"ഞാന്‍ മഹേഷ്‌. പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.. നിങ്ങള്‍ ഇതുവരെ പാദസേവ ചെയ്ത വരത്തന്‍ ഒരു ക്രിമിനല്‍ ആണ്.ഇന്‍റര്‍പോള്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ച ഒരു വന്‍ ക്രിമിനല്‍.നമഃനാമി ഹൂം.. അവന് പേരെ ഇല്ല. എതുപേരും സ്വീകരിക്കും.ഇപ്പോള്‍ ഒരു പക്ഷെ ബിനാമിയായി ഏതെങ്കിലും ആല്‍ത്തറയിലോ പള്ളിമുറ്റത്തോ കാണും..

ആരും വരാത്ത ഈ ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാനായി വന്നതാണ്. സാറ്റലെറ്റ് ഫോണ്‍ വഴി ഇവിടെയിരുന്നു എല്ലാവരുമായി ബന്ധപ്പെടും.. അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇവന്‍റെ കൈക്കൂലി പട്ടികള്‍ ഉണ്ട്. അവരുടെ സഹായത്താല്‍ എന്നെ സസ്പെന്‍ഷനില്‍ ആക്കി.. അവനെ കൊന്നുവേണം എനിക്ക് ജോലിയില്‍ തിരികെ കയറാന്‍.."

പെട്ടെന്ന് ഒരു ആരവം കേട്ടു.. സ്ത്രീകള്‍ അലറിവിളിച്ചുകൊണ്ട് ഓടിയെത്തി..

"സാറേ ചതിച്ചു.. ആ സ്വാമി പോയപ്പോള്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൊണ്ടാ പോയത്.."

സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു..മഹേഷ്‌ ചിരിച്ചു..

"നിങ്ങളുടെ മാനം പോയില്ലല്ലോ.. ഭാഗ്യം.."

"സാറേ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.. അവനെ പിടിക്കാന്‍.."

ജനക്കൂട്ടം ഒറ്റകെട്ടായി പറഞ്ഞു..പക്ഷെ ആ സമയം തായ് ലന്‍ഡിലെ ഫൂക്കേതില്‍ കുങ്ങ്ഫൂ പഠിപ്പിച്ചുകൊണ്ടിരുന്ന നമഃനാമി അല്ല നീമിയറോണി അട്ടഹസിച്ചു..

ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..

*******************************

നീമിയറോണിയുടെ പ്രൈവറ്റ് ജെറ്റ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നും പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോര്‍ട്ട്‌ മോരെസ്ബി ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു..

വിമാനത്തിലിരുന്നു നീമിയറോണി അട്ടഹസിച്ചു. പാപ്പുവയിലെ ബോഗന്‍വില്ല റിബല്‍ ആര്‍മിയുടെ കൂടെ സുഖമായി കഴിയാം. ആവശ്യത്തിന് പണം കയിലുണ്ട്. പാപ്പുവാന്‍ കാടുകളില്‍ ഇരുന്നുകൊണ്ട്‌ ഇനി തന്‍റെ എല്ലാ ജോലികളും ചെയ്യാം.. പോലീസും ഇന്‍റര്‍പോളും മഷിയിട്ടു നോക്കിയാല്‍ പോലും തന്നെ കണ്ടെത്താനാവില്ല.

കൈയിലിരുന്ന ഷാംപൈന്‍ കുടിച്ചുകൊണ്ട് ആര്‍ത്താത്തു നീമിയറോണി അട്ടഹസിച്ചു..

പെട്ടെന്ന് ഒരു വലിയ പരുന്ത് നീമിയന്‍റെ വിമാനത്തിന്‍റെ എഞ്ചിനില്‍ ഇടിച്ചുകയറി.. ഒരു കുലുക്കത്തോടെ വിമാനം താഴേക്ക്‌ പതിച്ചു..നീമിയന്‍ റോണി അങ്ങനെ പാപ്പുവന്‍ കടലില്‍ ഒതുങ്ങി..

പിന്നീട് നീമിയറോണിയുടെ മരണവാര്‍ത്ത പത്രങ്ങളിലൂടെയറിഞ്ഞ മദ്യപുരിയില്‍ ഉത്സവമേളമായിരുന്നു..

പക്ഷെ വേറെയും ക്രൂരന്മാര്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നീമിയനായി രൂപപ്പെട്ടുകൊണ്ടിരുന്നു..

"എന്നൊക്കെ ധര്‍മ്മത്തിന് ക്ഷയം സംഭവിക്കുന്ന അവസരങ്ങള്‍ ഉണ്ടാവുമോ അന്നൊക്കെ ദൈവം ഓരോ അവതാരങ്ങള്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുക്കും.. ദശാവതാരങ്ങള്‍ മാത്രമല്ല വേറെയും പല ചെറിയ അവതാരങ്ങളും ദൈവം എടുത്തിട്ടുണ്ട്. പക്ഷെ പ്രമുഖമായത്‌ ദശാവതാരങ്ങള്‍ തന്നെ.. ദൈവം പ്രപഞ്ചത്തിലെ ഒരു ഗ്രഹത്തില്‍ മാത്രം ജീവന്‍ തന്നത് സുഖമായും സന്തോഷത്തോടെയും ജീവിക്കാനാണ്. പാപങ്ങള്‍ പെരുകുമ്പോള്‍ മനുഷ്യനായി അവ നശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥവരുമ്പോള്‍ ദൈവം ആ ജോലി ഏറ്റെടുക്കുന്നു എന്നുമാത്രം.."

(ഇനിമുതല്‍ കുളത്തുമണ്‍ ബ്ലോഗില്‍ കമന്‍റ് മോഡറേഷന്‍ ഉണ്ടാവില്ല..)

Friday, January 23, 2009

48.സ്വന്തം സ്കൂള്‍ ആയതുകൊണ്ട് എറുകിട്ടിയില്ല...

അടുത്ത സമയത്ത് തോന്ന്യാശ്രമത്തില്‍ നാടകത്തിനായി ഒരു പോസ്റ്റ് എഴുതിയപ്പോഴാണ് ജീവിതത്തില്‍ ആദ്യമായി നാടകമെഴുതിയത് ഓര്‍മ്മവന്നത്‌. ഒരു മുഴുവന്‍ നാടകം ഒരിക്കലെ എഴുതിയിട്ടുള്ളൂ..ഇനി എഴുതാന്‍ ധൈര്യവും പോരാ.

ഞാന്‍ സ്കൂളില്‍ പത്താംതരത്തില്‍ പഠിക്കുമ്പോഴായിരുന്നു അത്. പൊതുവെ സബ്ജില്ല,ജില്ലാ,കലോല്‍സവത്തില്‍ പങ്കെടുക്കാന്‍ സ്കൂളില്‍ നിന്നും നാടകം തെരഞ്ഞെടുക്കാന്‍ ഒരു മത്സരം നടത്താറുണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ സ്കൂളില്‍ നിന്നുള്ള ടീമിനെ തെരഞ്ഞെടുക്കുന്നത് മലയാളം അധ്യാപകരും വേറെ കലാപരമായ കഴിവുള്ളവരുമായ അദ്ധ്യാപകരുടെ ജഡ്ജ്സ് പാനലായിരുന്നു.

പക്ഷെ ആവര്‍ഷം നാടകം നടക്കുമ്പോള്‍ ഞങ്ങളുടെ ക്ലാസ്സില്‍നിന്നു നാടകം അവതരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നാടകം എവിടെനിന്നു സംഘടിപ്പിക്കും എന്നകാര്യത്തില്‍ ഒരു തീരുമാനം ഉണ്ടായില്ല. എന്നാല്‍ ഞങ്ങളുടെ പ്രതിയോഗികളുടെ ക്ലാസ് ടീച്ചര്‍ മലയാളം അധ്യാപകനും നാടകം വിലയിരുത്തുന്ന ജഡ്ജ്സ് ഗ്രൂപ്പിലെ തലവനും ആയതിനാല്‍ അവര്‍ക്കത്ര പേടിയുണ്ടായിരുന്നില്ല.

അതേപോലെ നാടകം അവതരിപ്പിക്കുന്നതിനു മുമ്പെ എഴുതിയ നാടകം അവതരിപ്പിക്കാന്‍ കൊള്ളാമോ അശ്ലീലമായ വല്ലതുമുണ്ടോ എന്നത് പരിശോധിപ്പിച്ചിട്ടെ അവതരണാനുമതി ലഭിക്കുമായിരുന്നുള്ളൂ. എന്നാല്‍ നാടകം എഴുതാന്‍ ആളില്ലാഞ്ഞതും ആ വര്‍ഷം കഥാരചനയ്ക്ക് എനിക്ക് ഒന്നാം സമ്മാനം കിട്ടിയതും കൊണ്ടു നാടകം എഴുതുന്ന ചുമതല എനിക്ക് കിട്ടി.

പക്ഷെ എന്‍റെ ഒരതിമോഹം അപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു. ഈ നാടകത്തില്‍ എനിക്കും അഭിനയിക്കണം.നാടകത്തില്‍ അഭിനയിച്ചു സ്റ്റാര്‍ ആവുന്നതല്ല ജയിച്ചാല്‍ കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് ആയിരുന്നു ലക്ഷ്യം. ഇതുകൊണ്ടു ഭാവിയില്‍ എന്തോ നേടാമെന്ന ഒരു മണ്ടന്‍ ചിന്താഗതി.. അങ്ങനെ നേടിയ ഒരു കെട്ട് ആക്രിക്കാര്‍ പോലും വാങ്ങാതെ സ്ഥലം മെനക്കെടുത്താന്‍ വീട്ടിലിരിപ്പുണ്ട്‌.

പക്ഷെ പണ്ടൊരു രാത്രിയില്‍ മൂന്നരകിലോ ഭാരവുമായി ഗോവയിലെ പനാജി മിലിട്ടറി ഹോസ്പിറ്റലില്‍ ജനിച്ച എന്‍റെ കൂടെ എന്‍റെ സഭാകമ്പം എന്ന വലിയ ഒരു പ്രശ്നവും വിടാതെ പിന്തുടരുകയ‌ും എന്‍റെ കൂടെ വളര്‍ന്നു വലുതാവുകയും ചെയ്തിരുന്നു. ഡയസ്/വിറതാങ്ങിയുള്ള എഴുതിയ പ്രസംഗം വായിക്കാം എന്നുല്ലതുമാത്രമാണ് സ്റ്റേജില്‍ എനിക്ക് പറ്റുന്ന ഏകപണി. കാരണം കൈ കാല്‍ മുട്ടിന്‍റെ വിറയല്‍ ആരും അറിയാതെ ഡയസ് താങ്ങിക്കൊള്ളും.

പക്ഷെ സര്‍ട്ടിഫിക്കെറ്റ് എന്ന സംഭവം ഇങ്ങനെ ഒരു വലിയ ഒരു വിപത്തിലേക്ക് എടുത്തു ചാടാന്‍ എന്നെ പ്രേരിപ്പിച്ചു എന്നതാണ് സത്യം.
ആദ്യത്തെ കടമ്പ നാടകം എഴുതുക എന്നതായിരുന്നു.
മുപ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഗായത്രിയെന്ന നാടകം ഞാന്‍ എഴുതിയുണ്ടാക്കി. ക്രൂരനായ നാടുവാഴി ഒരു പാവം ശില്പിയുടെ ഭാര്യയെ തട്ടികൊണ്ടുപോയി തന്‍റെ കൊട്ടാരത്തില്‍ പാര്‍പ്പിക്കുകയും ഒടുവില്‍ പലതരത്തിലുള്ള നാടുവാഴിയുടെ ക്രൂരത സഹിക്കാനാവാതെ പാവങ്ങള്‍ സംഘടിക്കുകയും നാടുവാഴിയെ വധിക്കുകയും ചെയ്യുന്നതാണ് നാടകം. ഒരു ചെറിയ സോഷ്യലിസ ചുവയുള്ള പുരോഗമനവാദിയായ നാടകം.

നാടകത്തില്‍ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങള്‍ അഥവാ ജീവിതത്തില്‍ ആദ്യമായി സ്റ്റേജില്‍ കയറുന്നവര്‍. അഥവാ പൊളിഞ്ഞാലും അവസാന വര്‍ഷം ആയതിനാല്‍ പിന്നെയാരെയും കാണേണ്ട എന്നൊരു ധൈര്യം ഉണ്ട്.
ആദ്യം നാടകത്തിനു അവതരണാനുമതി വേണം.നാടകവുമായി മലയാളം അധ്യാപകനെ കണ്ടു.

"നാട്ടിലെ സമ്പത്ത് മാത്രമല്ല സുന്ദരികളായ സ്ത്രീകളും നാടുവാഴികള്‍ക്ക് അവകാശമുള്ളത് തന്നെ.. ഞാന്‍ കഴിച്ചതിന്‍റെ ബാക്കി നീയൊക്കെ കഴിച്ചാല്‍ മതിയെടാ എഭ്യന്മാരെ.. പാരിജാത പുഷ്പം പോലെ സുന്ദരിയായ ആ മദാലസയെ വിട്ടുതരാന്‍ ദൈവം പറഞ്ഞാലും സാധിക്കില്ല.. "

തുടങ്ങിയ ഡയലോഗുകള്‍ ആഭാസമെന്ന പേരില്‍ അദ്ധ്യാപകന്‍ എഡിറ്റ് ചെയ്തു..
ഒപ്പം ..

" കൊള്ളമെല്ലോടാ.. കണ്ടാല്‍ പറയില്ലല്ലോ ഇത്തരം തോന്നിയവാസങ്ങള്‍ ഒക്കെ എഴുതുമെന്ന്.."

അങ്ങനെ എഡിറ്റ് ചെയ്ത് ഷണ്ഡന്‍ ആക്കിയ നാടകവും ആയി ഞങ്ങള്‍ അവതരിപ്പിക്കാന്‍ സ്റ്റേജില്‍ കയറി.
സ്റ്റേജില്‍ ശില്പി,കര്‍ഷകന്‍,പാറമടതൊഴിലാളി,തുടങ്ങി അഞ്ചാറു തൊഴിലാളികള്‍ ജോലിചെയ്യുന്നു.

ഇവിടേക്ക്‌ വരുന്ന നാടുവാഴിയോട് ശില്പിയുടെ ഭാര്യ ഗായത്രി എവിടെ എന്ന് ചോദിക്കുന്നതോടാണ് തുടക്കം. നാടുവാഴിയോടൊപ്പം കാര്യസ്ഥനും ഭടനും ഉണ്ട്..ചോദ്യത്തിനിടയില്‍ നാടുവാഴി പറയണ്ട ഡയലോഗുകള്‍ ആണ് അദ്ധ്യാപകന്‍ മുറിച്ചുകളഞ്ഞത്‌.
തൊഴിലാളികളുടെ ചില ചോദ്യങ്ങള്‍ ഇവയാണ്. (മുഴുവന്‍ ഓര്‍മയില്ല.. ഓര്‍മയുള്ളത് ചിലത് എഴുതുന്നു.)

"നാട്ടിലാകെ ശവപ്പറമ്പുകള്‍ തീര്‍ത്ത്‌ അസ്ഥിമാടങ്ങളില്‍ നിന്നുയരുന്ന പ്രേതങ്ങള്‍ കുടികൊള്ളുന്ന കൊട്ടാര രാജാവേ പറയൂ ഭരതന്‍റെ ഗായത്രി എവിടെ..?"

"കല്ല് കരട് കാഞ്ഞിരക്കുരുവും മുള്ള് മുരട് മൂര്‍ഖന്‍ പാമ്പും കുടികൊള്ളുന്ന കാട്ടിലും മേട്ടിലും പകലന്തിയോളം പണിയെടുത്തു ജീവിച്ചു നിങ്ങള്‍ക്ക് മദിക്കാന്‍ വകയുണ്ടാക്കുന്ന പാവങ്ങളുടെ പെണ്ണിനേയും തട്ടിയെടുത്തുവേണോ നിങ്ങള്‍ക്ക് സുഖിക്കാന്‍.?"

ഞാന്‍ വായിച്ച പല നാടകങ്ങളിലെയും നോവലുകളിലെയും വരികളൊക്കെ ഇതില്‍ അന്നുപയോഗിച്ചു.. അല്ലാതെ ഒരു നാടകവും മുഴുവന്‍ കഴിച്ചിട്ട് നാടകമായി വിളമ്പിയില്ല.

പക്ഷെ നാടകമെഴുതിയതിന്‍റെ പേരില്‍ നാടുവാഴിയുടെ വേഷമെടുത്ത എന്നെ കണ്ടാല്‍ ഇവന്‍ ഗായത്രിയെ തട്ടിക്കൊണ്ടു പോകുമോ അഥവാ പോയാല്‍ എന്തിന്? മരുന്നെടുത്ത് കിട്ടാന്‍ ആണോ? എന്നോ തോന്നുന്ന കോലമായിരുന്നു എന്‍റെ. അസ്ഥിപന്ജരമായ എന്‍റെ കോലം കണ്ടാല്‍ തൊഴിലാളികള്‍ ചെയ്യുന്നത് ക്രൂരത ആണെന്ന് പോലും തോന്നിക്കും.

എന്നാല്‍ നാടകം സിമ്പോളിക്ക് ആണെന്നും റിയലിസ്റ്റിക് അല്ലാതെ അബ്സ്ട്രാക്റ്റ് ആയി കാണിച്ചാലും ജഡ്ജസ്നു മനസ്സിലാവും എന്നോക്കെപറഞ്ഞു എല്ലാവരെയും ഒതുക്കി എന്നതാണ് സത്യം.
അങ്ങനെ ഞാന്‍ സ്റ്റേജില്‍ കയറി.കൂടെ കാര്യസ്ഥനും ഭടനും. ഞാന്‍ ചുറ്റും നോക്കി. ഒരു പത്തുനാലായിരം കണ്ണുകള്‍ എന്നിലാണെന്നു തിരിച്ചറിഞ്ഞ ഞാന്‍ ചെറുതായി വിറയ്ക്കാന്‍ ആരഭിച്ചു.. കാര്യസ്ഥന്‍ ആവട്ടെ കരയണോ ചിരിക്കണോ എന്നവസ്ഥയിലും.. ഭടനും ഭടന്‍റെ കൈയിലിരുന്ന കുന്തവും കണ്ടാല്‍ രണ്ടിനും തുള്ളല്‍ പനിയാണോ അഥവാ ആണെങ്കില്‍ ആര്‍ക്കു കൂടുതല്‍ എന്നൊരു സംശയമേ തോന്നൂ.

ആരും ഡയലോഗുകള്‍ പറയാത്തതുകൊണ്ട് സ്റ്റെജിന്‍റെ പുറകില്‍ പ്രോംപ്റ്റ് ചെയുന്നവന്‍ അലറി പറയുകയും പറയുന്ന ഡയലോഗുകള്‍ എല്ലാവര്‍ക്കും കേള്‍ക്കാമായിരുന്നു. (പ്രോംപ്റ്റ് ചെയ്യുന്നവന്‍റെ റോളിനുവേണ്ടി അടിപിടിയായിരുന്നു. കാരണം ആരെയും കാണാതെ ഡയലോഗ് പറഞ്ഞാല്‍ മതി. സര്‍ട്ടിഫിക്കെറ്റ്‌ കിട്ടുകയും ചെയ്യും ദീപക് ആന്‍റ് ഗ്രൂപ്പില്‍ അയാളും ഉണ്ടല്ലോ.)

പക്ഷെ അവന് പണി കൊടുക്കാനായി നാടകം തീരുമ്പോള്‍
"തൊഴിലാളികളെ എന്നും അടിമകളായി വയ്ക്കുവാന്‍ ഒക്കില്ല.. അവര്‍ പ്രതികരിക്കുന്ന ദിവസം കോട്ട കൊത്തളങ്ങള്‍ തകര്‍ന്നു വീഴും" എന്നൊരു ഡയലോഗ് സ്റ്റേജില്‍ കയറി പറയണം. ഒരു അവധൂതന്‍ പോലെ. ഓസിനു സര്‍ട്ടിഫികെറ്റ് കിട്ടാതിരിക്കാന്‍ ഞാന്‍ ഒരുക്കിയ ഒരു മുട്ടന്‍ പാര.

പക്ഷെ ഞാന്‍ സ്റ്റേജില്‍ കയറി ചുറ്റും നോക്കി. ഡയലോഗ് എല്ലാം മറന്നു. ആദ്യ ഡയലോഗ് ഇതായിരുന്നു.

"വരൂ കാര്യസ്ഥാ... പോകാം.."

പെട്ടെന്ന് സ്ഥലം കാലിയാക്കുള്ള കുറുക്കുവഴി..
കേള്‍ക്കാത്ത താമസം കാര്യസ്ഥന്‍ സ്ഥലം കാലിയാക്കി.. ഞാനും പോവാണേ എന്നും പറഞ്ഞുകൊണ്ട് ഭടനും ഓടി..
പക്ഷെ ആര്‍ക്കും ഒരു ഡയലോഗും പറയാന്‍ ഒത്തില്ല..
അവസാനം നാടുവാഴിയെ കൊല്ലുന്ന ചടങ്ങുമാത്രം തൊഴിലാളികള്‍ ചെയ്തു.. എന്‍റെ "അലര്‍ച്ച" വളരെ നല്ലതായിരുന്നുവെന്ന് പിന്നീടെല്ലാവരും പറഞ്ഞു.. നാടകം പോളിഞ്ഞതിന്‍റെ ചൊരുക്ക് എല്ലാവരും എന്‍റെ കഴുത്തില്‍ തീര്‍ത്തുവെന്ന് സാരം.

പക്ഷെ അവസാനം വരേണ്ട അവധൂതന്‍ പ്രോംപ്ടര്‍ ഇപ്പോഴേ ഓടിയിരുന്നു..അതോടെ ജീവിതത്തില്‍ ഒരിക്കലും നാടകത്തിനു സ്റ്റേജില്‍ കയറില്ല എന്ന തീരുമാനവും എടുത്തു.

Thursday, January 22, 2009

47.രണ്ടു മറുപടികള്‍

ഇതു രണ്ടാമത്തെ തവണയാണ് കമന്റുകള്‍ക്ക് മറുപടിയായി പോസ്റ്റ് ഇടേണ്ടി വരുന്നത്. രണ്ടു ഭാഗങ്ങളായി പറയട്ടെ.. ആദ്യം ഋഷിയുടെ ചോദ്യത്തിന് മറുപടിയായി പറയാം.

ഒന്നാം ഭാഗം

പ്രിയ ഋഷി.ഞാന്‍ വെക്തിപരമായ വൈരാഗ്യം തീര്‍ക്കാനോ അവഹേളിക്കാനോ അല്ല ബ്ലോഗ് ഉപയോഗിക്കുന്നത്. അതേപോലെ വ്യക്തിപരമായി വിദ്വേഷം ഉള്ളവര്‍ ആരും എന്‍റെ ബ്ലോഗ് വായിക്കാറും ഇല്ല. ബ്ലോഗിലൂടെയുള്ള ആശയപരമായ സംശയങ്ങളോ തര്‍ക്കങ്ങളോ മാത്രമെ ഞാന്‍ ഇവിടെ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുള്ളൂ. എന്‍റെ ബ്ലോഗ് ആദ്യമായി വായിക്കുന്ന ഒരാള്‍ എന്നനിലയില്‍ ആയതുകൊണ്ട് ആണ് ഇത്തരം ഒരു സംശയം താങ്കളില്‍ ഉണ്ടായത്.

മറുപടി വായിക്കുമല്ലോ.

1) ഋഷി.ആദ്യം തന്നെ പറയട്ടെ. മേല്‍പ്പറഞ്ഞ സൈറ്റ് പെന്തകൊസ്റ്റ് കാരുടെയോ ക്രിസ്ത്യാനികളുടെയോ ആവട്ടെ. എനിക്കതില്‍ ഒരു താല്‍പര്യവും ഇല്ല.. എന്‍റെ പോസ്റ്റും അതിനെ കുറ്റപെടുത്തിയല്ല.

2) എന്‍റെ പോസ്റ്റിന്‍റെ തലേക്കെട്ടില്‍ നിന്നും മനസ്സിലായി കാണുമെന്നു നിനച്ചു. എന്‍റെ ഒരു സഹബ്ലോഗര്‍ സ്വന്തം യൂ.ആര്‍.എല്‍.ടൈപ്പ് ചെയ്തപ്പോള്‍ ഇവനെയാണ് കിട്ടിയത്.അതിന്‍റെ കാരണം മനസ്സിലായെങ്കിലും അല്പം നര്‍മ്മം മനസ്സില്‍ ഉള്ളതുകൊണ്ട് അതിനെ പറ്റി പുള്ളിയുടെ ഭാവനയില്‍ ഒരു ബ്ലോഗ് ഇട്ടു.. ഞാന്‍ അതെ രീതിയില്‍ ഒരു മറുപോസ്റ്റും ഇട്ടു എന്ന് മാത്രം. എന്നാല്‍ അത് വായിച്ച ആളുകള്‍ക്ക് അതിന്‍റെ ഗുട്ടന്‍സ് പിടികിട്ടിയില്ല എന്നതിനാല്‍ ഇങ്ങനെ ഒരു വിശദീകരണം കൊടുത്തു എന്ന് മാത്രം.

3) ക്രിസ്തീയ സ്കൂളുകളില്‍ പഠിച്ച സണ്‍ഡേ സ്കൂളില്‍ മുടങ്ങാതെ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ ബൈബിളില്‍ അവഗാഹം ഇല്ലെങ്കിലും സാമാന്യ ജ്ഞാനം ഉണ്ട്. ഇപ്പോഴും സമയം കിട്ടുമ്പോള്‍ ചാപ്പലില്‍ പോകുന്നത് കൊണ്ടു ബൈബിള്‍ സമയം കിട്ടുമ്പോള്‍ വായിക്കാറും ഉണ്ട്.

4) പിന്നെ മറ്റൊന്ന്.ജിമെയില്‍ താങ്കള്‍ പറഞ്ഞ ഐഡി അടിച്ചപ്പോള്‍ വേറെ ഒന്നാണ് കിട്ടിയത്. പക്ഷെ താങ്കള്‍ പറഞ്ഞ കാര്യം എനിക്കറിയാം. ഉദാഹരണം. യാഹൂ. ട്രൈ ചെയ്തുനോക്കിയാല്‍ മനസ്സിലാവും.

5) കേരളത്തിലെ പെന്തക്കോസ്ത്കാരെ കരിവാരി തേച്ചത് കൊണ്ടു എനിക്കെന്തു പ്രയോജനം എന്നാണു താങ്കള്‍ ഉദ്ദേശിച്ചത് എന്നറിയില്ല. പിന്നെ അങ്ങനെ എന്‍റെ പോസ്റ്റുകളിലൂടെ ശ്രമം നടത്തിയിട്ടുണ്ടെന്ന് എന്‍റെ വേറെ ഏതെങ്കിലും പോസ്റ്റുകള്‍ വായിച്ചിട്ട് തോന്നിയോ.

6) പിന്നെ കമന്‍റ് മോഡറേഷന്‍.അങ്ങനെ ഒരു അര്‍ഥം ഉണ്ടായിരുന്നെങ്കില്‍ ഇതിനെ ഞാന്‍ പബ്ലിഷ് ചെയ്യുമായിരുന്നോ. അതിന്‍റെ കാരണം ഞാന്‍ ഒരു പോസ്റ്റായി ഇട്ടിരുന്നു. സമയം കിട്ടുമെങ്കില്‍ വായിക്കുക.

7) ആരോഗ്യകരമായ സംവാദത്തിനു താത്പര്യം. സുഹൃത്തേ. ഞാന്‍ ഇതൊരു വിവാദമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. പിന്നെ ആദ്യം മുതല്‍ ഈ പോസ്റ്റ് മനസ്സിരുത്തി വായിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ആരെയും അവഹേളിക്കാന്‍ അല്ല എഴുതിയത് എന്ന് മനസ്സിലാവും.

8) കുളത്തുമണ്‍ ഒരു ഫാസിസ്റ്റ്,വര്‍ഗീയ ബ്ലോഗ് അല്ല.. അതുകൊണ്ട് തന്നെ അത്തരം ആശയങ്ങള്‍ക്ക്/സംശയത്തിന് വകയില്ല.

9) ഇനിയും സംശയം തീര്‍ന്നില്ലയെങ്കില്‍ നമ്പര്‍ തന്നാല്‍ മതി.വിളിക്കാം. കുളത്തുമണ്ണില്‍ ആളുകളുടെ മതമൈത്രി തകര്‍ക്കുന്നതൊന്നും ഉണ്ടാവില്ല.. കേവലം താങ്കളുടെ തോന്നല്‍ മാത്രമാണ് മാഷേ.. അത്തരം ഒരു സംശയം വരുവാന്‍ ഇടയായതില്‍ ഖേദിക്കുന്നു.

രണ്ടാം ഭാഗം

"സ്വന്തം കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വീരചരിതമെന്ന മട്ടില്‍ എഴുതി മഹാ സാഹിത്യകാരന്മാരായി പലരും വിലസുന്ന ഈ ബൂലോകത്ത് ഇത്തരം പ്രതിഭകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉള്ളൂ.."

സത്യത്തില്‍ ഒരു മഹാനുഭാവന്‍റെ ഒരു കമന്‍റ് ആണിത്. ആര്‍ക്കിട്ടാണ് താങ്ങിയതെന്നു മനസ്സിലായതുകൊണ്ട് അതിന്‍റെ മറുപടി ഇവിടെ കൊടുക്കുന്നു.

ബ്ലോഗില്‍ എന്തെഴുതണം എന്ന ചോദ്യത്തിനുത്തരം നേരാംവണ്ണം കൊടുത്തത് വളരെ അപൂര്‍വ്വം ബ്ലോഗേഴ്സ് മാത്രമാണ്. അതില്‍ പ്രമുഖന്‍ ആണ് ബെര്‍ളി തോമസ് . അദ്ദേഹത്തിന്‍റെ വാക്കുകളില്‍

" എനിക്ക് സൌകര്യമുള്ളത് ഞാന്‍ എന്‍റെ ബ്ലോഗില്‍ എഴുതും."

എന്നാണ്..പക്ഷെ ഞാന്‍ അത്രയൊന്നും പറയുന്നില്ല.

ഞാന്‍ എഴുതുന്നത് ആക്ഷേപഹാസ്യമോ അല്ലെങ്കില്‍ മികച്ച നര്‍മ്മമോ എന്നൊന്നും ഞാന്‍ ഇതുവരെ ക്ലെയിം ചെയ്തിട്ടില്ലാ എന്ന് എന്‍റെ പ്രീയപ്പെട്ട വായനാകാര്‍ക്കറിയാം. പിന്നെ എന്തെഴുതണം എന്നതും എന്‍റെ സ്വകാര്യം തന്നെ.

ഈ കമന്‍റ് എഴുതിയ മഹാപ്രതിഭയുടെ ബ്ലോഗില്‍ ഞാന്‍ ഒന്നു പോയിരുന്നു. അപ്പോള്‍ തന്നെ മുഴുവന്‍ പോസ്റ്റും സേവ് ചെയ്തു.കാരണം നാളെ സാഹിത്യത്തിനു നോബല്‍ സമ്മാനം കിട്ടേണ്ട അവ പിന്നീട് പുസ്തകം ആക്കുമ്പോള്‍ വാങ്ങിവായിക്കാന്‍ തക്ക സാമ്പത്തികം ഇല്ല..

ഞാന്‍ എനിക്ക് പറ്റിയ അമളികള്‍ അല്പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പോസ്റ്റായി വിളമ്പാറുണ്ട്. അതിനെ വീര ചരിതമെന്നോ എന്ത് പേരു ചേര്‍ത്ത് വിളിക്കുന്നതിനും വിഷമവും ഇല്ല. പക്ഷെ സ്വയം സംഭവം ആണെന്നും അമളികള്‍ പറ്റാത്തവന്‍ ആണെന്നും പറഞ്ഞു പടച്ചുവിടാന്‍ ഏത് പോലീസുകാരനും പറ്റും. അമളികള്‍ അംഗീകരിക്കാന്‍ അല്പം ധൈര്യം വേണം.

പിന്നെ ഇതുവരെ എഴുതിയ നാല്‍പ്പത്തിഏഴ് പോസ്റ്റുകളില്‍ അമളികള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ എന്ന കമന്റിനു ദേഷ്യം അല്ല സഹതാപം ആണ് തോന്നിയത്.പിന്നെ ഒളിയമ്പെയ്യുന്ന മായന്‍ കുട്ടിയുടെ പിന്‍തലമുറക്കാര്‍ ഇപ്പോഴും ഉണ്ടെന്ന അറിവ് അതിശയം തരുന്നു.

മുമ്പ് ഋഷി കമന്‍റ് തന്നപ്പോള്‍ അദ്ദേഹത്തോടെ ബഹുമാനം തോന്നി.കാരണം നേരെ അത് മുഖത്ത് നോക്കി പറയാന്‍/ബ്ലോഗ് ആവുമ്പോള്‍ നേരെ കമന്‍റ് ആയി ഇടാന്‍ ധൈര്യം വേണം.

അല്ലാതെ എങ്ങും തൊടാതെ പറയുന്നവരോട് പുച്ഛമേ തോന്നുന്നുള്ളൂ.
പിന്നെ ഞാന്‍ ഒരിക്കലും ആരും കേറാത്ത ഹോട്ടലില്‍ പാല്‍പായസം വില്‍ക്കുന്ന ഒരു കച്ചവടക്കാരന്‍ ആവുന്നതിനും എന്നും ചിലവുള്ള ചായക്കട നടത്തുന്നവന്‍ ആകുന്നതാണ് ഇഷ്ടം.

അതേപോലെ ഞാന്‍ ക്ലാസിനു വേണ്ടി എഴുതികൊള്ളാം എന്ന് അഗ്രീമേന്റ്റ് എഴുതിയിട്ടില്ലല്ലോ.. ഞാന്‍ മാസിനു വേണ്ടി തന്നെയാണ് എഴുതുന്നത്..
ഇനി ക്ലാസിനും മാസിനും വേണ്ടി എഴുതാന്‍ കഴിയാത്തവരോട് ഞാന്‍ എന്ത് പറയും. കൊഞ്ഞനം കുത്തി കാണിക്കുന്നതിന് മുമ്പെ സ്വയം എന്തെന്ന് ആലോചിക്കുന്നത് നന്നായിരിക്കും.

അസാധാരണ സാഹിത്യ ശേഷിയുള്ളവര്‍ മാത്രമെ ബ്ലോഗ് എഴുതാവൂ എന്നില്ല. അങ്ങനെ ആയിരുന്നെങ്കില്‍ എത്രപേര്‍ മലയാളം ബ്ലോഗിംഗ് രംഗത്തുണ്ടാവുമായിരുന്നു.ആശയവിനിമയത്തിനുള്ള വേദിയാവണം ബ്ലോഗ് അല്ലാതെ സാമാന്യജനങ്ങള്‍ക്ക്‌ മനസ്സിലാവാത്ത അവാര്‍ഡ് സിനിമാ പോലെയുള്ള സംഭവങ്ങള്‍ വിളമ്പാന്‍ മാത്രമുള്ള വേദി ആവരുത് ബ്ലോഗ്.

ദ്വാപരാ യുഗത്തിലെ സ്വഭാവം കലിയുഗത്തിലും മാറ്റില്ലേ.??

(സത്യത്തില്‍ ഋഷിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി കൊടുത്തപ്പോള്‍ ഒരു സുഖം തോന്നി. പക്ഷെ രണ്ടാമന്‍റെ കമന്റിനു മറുപടി എഴുതേണ്ടി വന്നപ്പോള്‍ ചിരിയാണ് വന്നത്.. .)

Wednesday, January 21, 2009

46.ഒരു മഹാത്ഭുതവും അനാവരണവും

ഇന്നലെ രാവിലെ ഉറക്കമെഴുന്നേറ്റു എന്‍റെ പ്രിയ സുഹൃത്തിന്‍റെ ബ്ലോഗ് വായിച്ചപ്പോഴാണ് അദ്ദേഹത്തിന്‍റെ ബ്ലോഗ് അമേരിക്കയിലെ വിശ്വാസിക്കൂട്ടായ്മ കൈയേറിയ കാര്യം മനസ്സിലാക്കിയത്. എന്നാല്‍ എനിക്കറിയാവുന്ന എല്ലാ മലയാളി സുഹൃത്തുകളേയും പ്രത്യേകിച്ചും അമേരിക്കയിലെ മലയാളി ബ്ലോഗര്‍ സുഹൃത്തുകളെ സംഘടിപ്പിച്ചു ഒന്നു പ്രതികരിച്ചാലോ എന്ന് തീരുമാനിച്ചു.അപ്പോള്‍ എന്തുകൊണ്ട് ഞാന്‍ പ്രതികരിക്കണം എന്ന ചോദ്യമുയരും.

എന്‍റെ കുളത്തുമണ്‍ എന്തായാലും ആരും കൈയ്യേറില്ല എന്ന ഉത്തമബോധ്യം ഉണ്ട്.. എടുത്താലും പ്രത്യേകിച്ച് ഗുണമില്ലന്നത് തന്നെ കാര്യം.എന്നാല്‍ എന്‍റെ പട്ടികളുടെ ബ്ലോഗ് അങ്ങനെയാണോ. ഇനി എന്‍റെ പട്ടികളുടെ ബ്ലോഗ് കൈയേറി ഡോബര്‍മാന് ദാമോദരന്‍ എന്നോ അകിത്ത നായയ്ക്ക്‌ അനിതയെന്നോ ഇനി അഥവാ റോട്ട് വീലറിനു രാജപ്പന്‍ എന്നോ പേരിട്ടാല്‍ കുഴഞ്ഞില്ലേ.. ഇസ്ലാമിന് നായ ഹറാം ആയതിനാല്‍ അങ്ങനെ നായയെ സുന്നത്ത് കഴിപ്പിച്ചു കൂടെ കൂട്ടില്ലാ എന്നറിയാം.

എന്നാല്‍ ഇനി ആടിനെ പട്ടിയാക്കുന്നതുപോലെ എന്‍റെ പട്ടികളെ കുഞ്ഞാടുകള്‍ ആക്കി കൂട്ടത്തില്‍ കൂട്ടിയാലോ.. കഴിഞ്ഞില്ലേ കഥ..എന്നാല്‍ പട്ടികള്‍ എന്ന ബ്ലോഗ് വിദേശ ജനുസ്സില്‍പെട്ടവ ആയതുകൊണ്ട് അത്ര വിഷമം ഇല്ല.. എന്‍റെ ഇന്ത്യന്‍പട്ടികള്‍ എന്ന ബ്ലോഗ് കൈയേറി അവര്‍ക്കൊക്കെ ജോണെന്നും ത്രേസ്സ്യ എന്നും ഒക്കെ പേരിട്ടാല്‍ കഴിഞ്ഞില്ലേ..

ഒന്നാമതെ ഇന്ത്യന്‍ ജനുസ്സില്‍പെട്ട നായകളൊക്കെതന്നെ വംശനാശ ഭീഷണിയില്‍ ആണ്. അവയെപ്പറ്റി വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ഞാന്‍ അനുഭവിച്ചതും ആണ്. വിക്കിയിലോ നെറ്റിലോ ഇല്ല.. പിന്നെ ഇന്ത്യന്‍നായകളുടെ കഥകളെപറ്റി പഠിച്ചവരുടെ ബുക്കുകളിലും വിദേശഭാഷയിലുള്ള വിക്കികളും തപ്പിയാണ് ആ ബ്ലോഗ് ഉണ്ടാകിയത്.. അതുകൊണ്ട് തന്നെ മിക്ക ബ്രീഡ്കളെയും പറ്റി നെറ്റില്‍ സേര്‍ച്ചിയാല്‍ എന്‍റെ ബ്ലോഗ് മാത്രമെ അവിടെക്കാണൂ.അപ്പോള്‍ ഇനി അവരെ ഈ അപ്പോസ്തോലന്മാര്‍ മുക്കിയെടുത്ത് കുഞ്ഞാടുകള്‍ ആകിയാല്‍ തീര്‍ന്നില്ലേ.

ഞാന്‍ പെട്ടെന്ന് തന്നെ നെറ്റില്‍ നോക്കി.അയ്യോടാ ദാ.. കിടക്കുന്നു. നമ്മുടെ സൈറ്റും ആ പഹയന്മാര്‍ കൈയേറിയിരിക്കുന്നു..മഹാത്ഭുതം.. ഇനി എന്ത് ചെയ്യും.. നമ്മുടെ ബഞ്ചാരഹൗണ്ട് ഒക്കെ നാളെ ബുഷ് ഹൌണ്ടും കോണ്ടലിസ ഹൌണ്ടും ഒക്കെ ആയാല്‍ എന്തുചെയ്യും. ഇനി അഥവാ ഞാന്‍ അങ്ങനെ അങ്ങ് ചിന്തിച്ചാല്‍ പിന്നെ ഏറെ പണിപ്പെട്ടുണ്ടാക്കിയ ഇന്ത്യന്‍ പട്ടികളും വിശുദ്ധന്മാര്‍ ആയാലോ..

പിന്നെ ഞാന്‍ അവിടെ മെഴുകുതിരി കത്തിക്കെണ്ടെ.. ഇനി അഥവാ അതുണ്ടാക്കിയ ക്രെഡിറ്റില്‍ എന്നെ അങ്ങ് വിശുദ്ധന്‍ ആക്കിയാലോ.? ഒന്നാമതെ യൂറോയില്‍ ശമ്പളം വാങ്ങുന്നത് കൊണ്ടു ഇനി ചെലപ്പോള്‍ ദിനാറിലോ റിയാലിലോ ആവും ദശാംശം വരിക.ദശാംശത്തിനു വേണ്ടി എന്‍റെ ഇന്ത്യന്‍ പട്ടികളെ കുഞ്ഞാടുകള്‍ ആക്കാന്‍ മനസ്സില്ലാതുകൊണ്ട് ഞാന്‍ എന്താണ് ഈ അത്ഭുതം എന്ന് കണ്ടെത്താന്‍ ശ്രമിച്ചു..

വെറുതെ മെഴുകുതിരി കത്തിച്ചു ബെര്‍ളി കണ്ടെത്തിയ ചോച്ചിസത്തില്‍ അംഗംആകാന്‍ എന്‍റെ തലച്ചോര്‍ അനുവദിച്ചില്ല എന്നതാണ് സത്യം..

അനാവരണം

രണ്ടു യൂ.ആര്‍.എല്ലും ഒരു നോട്ട്പാഡില്‍ എഴുതി പാരലക്സ് എറര്‍ ചെക്ക് ചെയ്യാമെങ്കിലും എന്താണ് സത്യത്തില്‍ നടന്നത് എന്ന് കണ്ടെത്തണം എന്ന് കരുതി.

സത്യത്തില്‍ ബ്ലോഗ് സ്പോട്ട് എന്നത് ബ്ലോഗര്‍ ഒരുക്കിയിരിക്കുന്ന മെയിന്‍ ഡൊമൈന്‍ ആണ്. അവിടെ സബ് ഡൊമൈന്‍ രെജിസ്റ്റര്‍ചെയ്തു ബ്ലോഗ് സ്പോട്ടിന്‍റെ ബാക്ക്എന്‍ഡ് സൌകര്യങ്ങള്‍ ഉപയോഗിക്കുകയാണ് നാം ചെയ്യുന്നത്. വേറെ തീമുകള്‍ എല്ലാം ഉപയോഗിക്കാമെങ്കിലും നമ്മുടെ ബ്ലോഗ് ബ്ലോഗ്സ്പോട്ടിന്‍റെ സബ് ഡൊമൈന്‍ മാത്രമാണ്.അതുകൊണ്ട് ഓരോ ബ്ലോഗിലേക്കും പ്രത്യേകം പോകേണ്ടതുകൊണ്ട് സബ്ഡൊമൈന്‍ മാറുന്നതിന് അനുസരിച്ച് ഓരോ ബ്ലോഗില്‍ പോകുന്നു എന്ന് മാത്രം. അങ്ങനെ നമ്മുടെ സബ്ഡൊമൈനും ബ്ലോഗ്സ്പോട്ടിന്‍റെ മെയിന്‍ ഡൊമൈനും ചേരുമ്പോള്‍ നമ്മുടെ ബ്ലോഗിന്‍റെ യൂ.ആര്‍.അല്‍.ആകുന്നുവെന്നു സത്യം.

ഇനി നമ്മുടെ ഉപദേശികളുടെ സൈറ്റില്‍യെന്തു സംഭവിക്കുന്നു എന്ന് നോക്കാം. ഇവിടെ മെയിന്‍ ഡൊമൈന്‍ നമ്മുടെ കുഞ്ഞാടുകളുടെ തന്നെ. എന്നാല്‍ സബ്ബില്‍ അവര്‍ ഒരു പ്രത്യേക സെറ്റിംഗ് ചെയ്തിരിക്കുന്നു. *.* ( ഏത് സബ് ഡൊമൈന്‍ അടിച്ചാലും ഇവരുടെ മെയിന്‍ ഡൊമൈന്‍ മാത്രമെ തുറക്കൂ) എന്നൊരു കളി. എന്ന് വെച്ചാല്‍ കൂട്ടം തെറ്റുന്ന കുഞ്ഞാടുകള്‍ തിരികെ ആട്ടിടയന്മാരുടെ അടുത്ത്‌ തന്നെ വരണം എന്നതാണ് ട്രിക്ക്.

ഇനി എന്തിന് ഇങ്ങനെ ഒരു തെണ്ടിത്തരം കാണിച്ചെന്നു തോന്നാം. ഉദാഹരണത്തിന്‌ ഏതുഭാഷയില്‍ ബ്ലോഗര്‍ ബ്ലോഗുന്നുവെന്നു ഇരിക്കട്ടെ. അയാള്‍ അറിയാതെ പി.എസ്. ഒന്നു മാറിപ്പോയാല്‍ ഇവിടെത്തന്നെ വരും. അപ്പോള്‍ തെറ്റുമോ എന്ന് ചോദിക്കുന്നവരോട്. യൂ.ആര്‍.എല്‍.ടൈപ്പ് ചെയ്യുമ്പോള്‍ വരുന്ന ഈ തെറ്റും ആട്ടിന്‍കൂട്ടില്‍ കൊണ്ടെത്തിക്കും..എന്തോ ട്രിക്ക് ആണ് എന്‍റെ അമ്മേ..

വിശ്വാസികളെ കുടുക്കാന്‍ ഇങ്ങനെ ഒരു തന്ത്രമോ.. എന്തായാലും അവരുടെ ആ തന്ത്രത്തെ ഞാന്‍ മികച്ച മാര്‍ക്കറ്റിംഗ് എന്ന രീതിയില്‍ സമ്മതിച്ചിരിക്കുന്നു.. അതൊരു സംഭവമായി വാഴ്ത്താണോ..ഒരു പ്രാര്‍ഥനയെ ഉള്ളൂ.

എന്‍റെ ഇന്ത്യന്‍ പട്ടികളുടെ പേരു മാറ്റി സായിപ്പിന്‍റെ പേരു വപ്പിക്കല്ലേ.. നായകളെ സ്നേഹിക്കുന്ന ഒരാള്‍ എന്ന നിലയില്‍ വിഷമുണ്ട്‌. പിന്നെ ഡോബര്‍മാനെ ദാമോദരന്‍ ആക്കുന്നതില്‍ വിഷമമില്ല. പഷേ ആ ദാമോദരനെ ആടാക്കി കൂട്ടത്തില്‍ കൂട്ടല്ലേ..

ആദ്യം ഈ മഹാത്ഭുതം കണ്ടപ്പോള്‍ വായില്‍ വന്നത് കര്‍ത്താവേ എന്നാണ്.. എന്തായാലും ഈ ഒരു അത്ഭുതം കണ്ടതുകൊണ്ടാണ് എന്ന് തോന്നുന്നു.. എനിക്കും കിട്ടി മറുഭാഷയില്‍ പ്രാര്‍ത്ഥന നടത്താനുള്ള കഴിവ്.

"മഗുടെ ശകുടെ സന്തല സല ല ല ..."

(പാപികളുടെ പാപം ഏറ്റുവാങ്ങി കുരിശേറിയ കര്‍ത്താവിനെ ഇങ്ങനെ വില്‍ക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറയുന്നു.

"വീണ്ടും മഗുടെ ഷഗുടെ............."

Monday, January 19, 2009

45.ചെങ്കീരിയെ കൊന്ന കീരി..

ആല്‍ത്തറയിലെ എന്‍റെ ആദ്യപോസ്റ്റ് വായിച്ചവരുടെ മനസ്സില്‍ പൊന്തിവന്ന പ്രമുഖമായ സംശയം ആട്ടിന്‍പാലിന്‍ നൈര്‍മ്മല്യവും വെള്ളരിപ്രാവിന്‍റെ ഹൃദയവും ഉള്ള നിഷ്കളങ്കനായ ദീപക്കിന് ഇങ്ങനെ ഒരു പണികൊടുക്കുവാന്‍ സാധിക്കുമോ.? ആ പണിയെകുറിച്ചു വായിക്കാത്തവര്‍ കഴിഞ്ഞ പോസ്റ്റിലെ ലിങ്ക് നോക്കിവായിക്കണേ..ഞാന്‍ അങ്ങനെ ആയതല്ല എന്നെ ആക്കിയതാണ്. ആ ക്രൂരകഥയുടെ ചുരുളഴിയുകയാണ്‌ ഇവിടെ..

ഇതും ഡല്‍ഹിവാസത്തില്‍ സംഭവിച്ചത് തന്നെ.എന്‍റെ ഒരു അടുത്ത സുഹൃത്ത് നാട്ടില്‍നിന്നും എത്തുന്നതോടെ കഥതുടങ്ങുന്നു.
ഇന്ത്യയുടെ റോക്കറ്റ് വിക്ഷേപണ ചരിത്രംപോലെ ആശാനെ ഹരിപ്പാട്ടു നിന്നു ഡല്‍ഹിയിലേക്കു വീട്ടുകാര്‍ ഒന്നു വിക്ഷേപിച്ചിരുന്നു. എന്നാല്‍ യന്ത്രതകരാറില്‍ റോക്കെറ്റ്‌ വീഴുമെങ്കില്‍ കൈയിലിരുപ്പിന്‍റെ തകരാറുകൊണ്ടു സഹോദരന്‍ ഇദ്ദേഹത്തെ കേരളത്തിലേക്ക് തിരികെ വിക്ഷേപിക്കുകയായിരുന്നു. അല്ലെങ്കില്‍ പതിമൂന്നു വര്‍ഷം കൊണ്ടു ഇദ്ദേഹത്തിന്‍റെ സഹോദരന്‍ പടുത്തുണ്ടാക്കിയ അന്തസ്സും പേരും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ പോലെ തകര്‍ന്നടിയുമെന്നു വീഴുമെന്നുള്ള തിരിച്ചറിവായിരുന്നു.

പിന്നെന്തിനു ഇയാളെ വീണ്ടും ഒരു പി.വി.എസ്.എല്‍.വി. പോലെ പരീക്ഷണം പരാജയപ്പെട്ടിട്ടും വീണ്ടും വിക്ഷേപിക്കാന്‍ വീട്ടുകാരെ പ്രേരിപ്പിച്ചു എന്നതാണ് ഈ പോസ്റ്റിന്‍റെ ക്ലൈമാക്സ്.
പക്ഷെ ഡല്‍ഹിയിലേക്കു ഇറക്കുന്നതില്‍ വളരെ പ്രതിരോധം നടത്തിയ ഇദ്ദേഹത്തിന്‍റെ സഹോദരനോട് വീട്ടുകാര്‍ പറഞ്ഞ മറുപടി ഇതായിരുന്നു..

"ജീവിക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മറുനാടന്‍ പ്രവാസി മലയാളികള്‍ ഇവനെ എന്തായാലും കൊന്നുകളയില്ല. പക്ഷെ നാട്ടില്‍ ഇവനെ ആരെങ്കിലും തല്ലികൊന്നു ഏതെങ്കിലും പാര്‍ട്ടിയുടെ രക്തസാക്ഷിയാക്കും.അത്യാവശ്യം മേദസ്സുള്ള ശരീരമായതിനാല്‍ ആരെങ്കിലും തല്ലികൊന്നു വല്ല തെങ്ങിനും വളമാക്കിയാലും അതിശയപ്പെടേണ്ട കാര്യമില്ല..എല്ലാം കൈയിലിരിപ്പിനു കിട്ടേണ്ട പ്രതിഫലങ്ങള്‍ തന്നെ..."

എന്തായാലും ഒരേ ഉദരത്തില്‍ ജനിച്ചതിന്‍റെ കടപ്പാട് തീര്‍ക്കാന്‍ സഹോദരന്‍ ഈ മുള്‍ക്കിരീടം ഏറ്റുവാങ്ങിയെന്ന് പറയുന്നതാവും ഭംഗി. ഇതെല്ലാം ഫ്ലാഷ്ബാക്ക്. ഞാന്‍ പിന്നീട് അറിഞ്ഞവ..ഇനി സംഭവത്തിലേക്ക്.
ഇദ്ദേഹം വന്ന അന്ന് തുടങ്ങി തന്‍റെ നേരത്തെയുള്ള വിക്ഷേപണത്തിന്‍റെ തനിയാവര്‍ത്തനങ്ങള്‍. (പഴയവിക്ഷേപണം നാലുമാസം ദൈര്‍ഘ്യം)
എന്തിലും ഇതിലും അഭിപ്രായം പറയുക എന്നല്ല ഉപദേശം തരുക എന്നതാണ് ഇഷ്ടന്‍റെ രീതി. ചോദിക്കേണ്ട ആവശ്യമില്ല തരും എന്ന പ്രത്യേകത ഒക്കയുണ്ട്.ടയറിന്‍റെ പഞ്ചര്‍ ഒട്ടിച്ചു ജീവിക്കുന്നവനോട് സൊല്യൂഷന് പകരം റബ്ബര്‍ പാല്‍ ഒട്ടിച്ചാലോ ഫെവികൊളോ ഒട്ടിച്ചാല്‍ മതിയെന്നും (തുപ്പല്‍ പുരട്ടാനോ ചോറ് പുരട്ടാനോ പറയാത്തത് ഭാഗ്യം.) കാസറ്റ് കട നടത്തുന്ന ചേട്ടനോട് വിവിധ റിക്കോഡിംഗ് മാര്‍ഗങ്ങളും സ്കൂട്ടര്‍ റിപ്പയറില്‍ വയറിന്‍റെ വിശപ്പകറ്റുന്നവനോട് അവിടെ നടത്തേണ്ട മാറ്റങ്ങളും ഒക്കെയായി എല്ലാവരെയും ജീവിക്കാന്‍ സമ്മതിക്കാത്ത സ്ഥിതി ഉണ്ടായപ്പോള്‍ എന്‍റെ അടുത്ത സുഹൃത്ത് (ജിനു) എന്നെ ഈ പുലിയുടെ ഇരയാക്കാന്‍ തീരുമാനിച്ചു.

സത്യത്തില്‍ ഇവന്‍റെ പരാക്രമങ്ങള്‍ അറിഞ്ഞിരുന്നില്ലാത്ത ഞാന്‍ നേരിടേണ്ടി വരാന്‍ പോക്കുന്ന ദുരന്തത്തെപറ്റി ഒരറിവും ഇല്ലാതെ ചെന്നുവെന്നാണ് സത്യം.അവിടെ ചെന്നപ്പോള്‍ ഇവന്‍റെ സഹോദരന്‍ പതിവുള്ള ജോഗിങ്ങിനായി പാര്‍ക്കിലേക്ക് പോയിരുന്നു. ഇവന്‍റെ ശല്യം മൂലമായിരുന്നോ ജോഗിംഗ് നടത്തിയിരുന്നതെന്നും ഇപ്പോള്‍ സംശയം ഇല്ലാതില്ല..എന്‍റെ കൂടെ വാന്ന ജിനു എന്നെ ഈ വ്യാഗ്രത്തിന്‍റെ വായിലേക്ക് എറിഞ്ഞുകൊടുത്തിട്ടു സഹോദരനെ കാണാന്‍ പാര്‍ക്കിലേക്ക് നടന്നു.

പക്ഷെ എന്തോ ഇവനെ കണ്ടപ്പോള്‍ ഒരു പരിചയം തോന്നിയ ഞാന്‍ പക്ഷെ ആളെത്തിരിച്ചറിഞ്ഞു.അപ്പോള്‍ തന്നെ ആളെ മനസ്സിലായ ഞാന്‍ (ഡല്‍ഹിയിലെ ക്രൂരകൃത്യങ്ങള്‍ അപ്പോഴും അറിഞ്ഞില്ല) പതിയെ പുലിയെ അവന്‍റെ ഇഷ്ടത്തിന് വിളയാടാന്‍ വിട്ടു.എന്നോടുള്ള ആദ്യം ഞാന്‍ ഡല്‍ഹിയില്‍ വന്നിട്ടെത്ര നാളായി എന്നതായിരുന്നു.

"ഒരാഴ്ച.."

എന്‍റെ മറുപടി പെട്ടെന്നായിരുന്നു. പക്ഷെ ഡല്‍ഹിയില്‍ ഒരു ദശാബ്ദം തികഞ്ഞിരുന്നുവേന്നത് സത്യം.
പതിയെ നാലുമാസം പരിചയമുള്ള ഇഷ്ടന്‍ പതിയെ ഡല്‍ഹി പുരാണവും നിയമങ്ങളും തുടങ്ങി ഡല്‍ഹിയില്‍ ജീവിക്കേണ്ട രീതികളും മാത്രമല്ല ഭാഷയും എല്ലാം ഉള്‍പ്പടെ ഒരു ഗംഭീര ക്ലാസ് നടത്തി. ഇവന്‍ കത്തിയല്ല അറക്കവാള്‍ അന്നെന്നു മനസ്സിലായ പക്ഷെ എല്ലാം തലകുലുക്കി കേട്ടു.(ഡല്‍ഹി രാജ്യം അല്ലാത്തത് ഭാഗ്യം.. അല്ലെങ്കില്‍ അവിടെ പൌരത്വം എടുക്കേണ്ട മാര്‍ഗ്ഗവും പറഞ്ഞു തന്നേനെ..) ട്രാഫിക് നിയമങ്ങള്‍,ആളുകളുടെ സ്വഭാവം തുടങ്ങി ഒരു എന്‍സൈക്ലോപീടിയ ഇവന്‍ തുറന്നുവന്നു പറഞ്ഞാല്‍ മതിയല്ലോ.

എന്നാല്‍ ഇര പാവമാണ് എന്ന് തോന്നിയ ഇഷ്ടന്‍ അടുത്തുള്ള കടയിലേക്ക് എന്നെ ക്ഷണിച്ചു. ഒരു ലിംക വാങ്ങി തരുകയായിരുന്നു ലക്ഷ്യം. കടയില്‍ ചെന്നു ലിംക വാങ്ങി ഞാന്‍ പണം കൊടുത്തപ്പോള്‍ എന്നെ തടഞ്ഞു കൊണ്ടു പൈസ കൊടുത്തുകൊണ്ട് ഒരു കമന്‍റ്.

"ഇന്നലെ വന്ന തന്നെകൊണ്ടു പണം കൊടുപ്പിച്ചാല്‍ പിന്നെ എന്ത് മര്യാദ.."

പക്ഷെ തിരക്കിനിടയില്‍ എന്നെ ശ്രദ്ധിക്കാഞ്ഞ കടയുടമ പഞ്ചാബി എന്നെ (നേരത്തെ അറിയാം) കണ്ടു ചോദിച്ചു..

"ഓ പുത്തര്‍ സസ്രീയകാല്‍ .കീ ഗാല്‍ ഹേ.."

"പാജി ചങ്ക.. തുസ്സി ദസ്സോ കി ഗാല്‍ ഹേ."

ഒരു നിമിഷം കൊണ്ടു വിളറിപ്പോയ നമ്മുടെ പുലി എന്‍റെ നേരെ തിരിഞ്ഞു..

"നിങ്ങള്‍ കഴിഞ്ഞ ആഴ്ച വന്നൂ എന്നല്ലേ പറഞ്ഞതു.ഇതെല്ലം എങ്ങനെ അറിയാം.."

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു..

"മാഷേ .. ഞാന്‍ നാട്ടില്‍ നിന്നു ലീവില്‍ വന്നൂ എന്ന പറഞ്ഞതു."

പണികിട്ടിയെന്നു മനസ്സിലാക്കിയ ഇഷ്ടനോട് വേറൊന്നും കൂടി പറഞ്ഞു..

"മാഷേ നിങ്ങളെ അജിത്തിനോടൊപ്പം തിരുവല്ല ചിലങ്കയില്‍ നിന്നും പോക്കിയതെനിക്കറിയാം..മറ്റേ പൂവാലന്‍മാരെ പിടിച്ച കേസിന്.."

ഒന്നും മിണ്ടാതെ പിറുപിറുത്തു തിരികെ പോയ ഇഷ്ടന്‍റെ ഈ കഥ ഞാന്‍ അങ്ങ് പാട്ടാക്കി. അതോടെ പുലി മടയില്‍നിന്നു പുറത്തിറങ്ങിയുള്ള ആക്രമങ്ങള്‍ ഒഴിവാക്കിയെന്നത് ചരിത്രം.

(ഇതുകേള്‍ക്കുന്നവര്‍ക്ക് തോന്നും ഇത്ര വലിയ പുലി ഒരു പഞ്ചാബി കേട്ടു മുട്ട് മടക്കിയോ എന്ന്. എന്നാല്‍ അതല്ല കാര്യം.ഈ പുലിയേം എന്‍റെ ഒരു സുഹൃത്തിനെയും പെണ്ണുങ്ങളെ കമന്‍റ് അടിച്ചതിനും ശല്യം ചെയ്തതിനും തിരുവല്ലയില്‍ നിന്നു പോലീസ് പിടിച്ചു പെറ്റികേസ് ചാര്‍ജ് ചെയ്തിരുന്നു. എന്നാല്‍ കേസുള്ള ഇയാള്‍ക്ക് ഡല്‍ഹിയില്‍ നിന്നും ഒരു പാസ്പോര്‍ട്ട് എടുപ്പിച്ചു ഡല്‍ഹിയില്‍ നിന്നും ഗള്‍ഫിലേക്ക് റീലോഞ്ച് ചെയ്യാനാണ് വീട്ടുകാര്‍ വീണ്ടും ഡല്‍ഹിയിലേക്കു വീണ്ടും വിക്ഷേപണം നടത്തിയത്.എന്നാല്‍ ഈ പൂവാല കേസ് ഡല്‍ഹിയിലെ സഹോദരനോട് പറഞ്ഞിരുന്നില്ല..)

എന്നാല്‍ നാട്ടിലെത്തിയ ഞാന്‍ ഇതിലെ കൂട്ടുപ്രതിയുടെ ആല്‍ബത്തില്‍ നിന്നും ഇയാളെ മനസ്സിലാക്കിയിരുന്നുവെന്നു ചരിത്രം.എന്നാല്‍ എന്‍റെ കൂട്ടുകാരന്‍ (കൂട്ടുപ്രതി) അതോടെ ദുബായ് വഴി ഇപ്പോള്‍ അയര്‍ലണ്ടില്‍ എത്തി.. ഈ പുലിയും ഡല്‍ഹി പാസ്പോര്‍ട്ട് എടുത്ത്‌ കുവൈറ്റില്‍ എത്തി..പക്ഷെ എങ്ങനോ ഇയാളെ അബ്ബാസിയയില്‍ ചെന്നുകണ്ട എന്നെ കണ്ടു പുലിയായല്ല പൂച്ചയായാണ് എതിരേറ്റത്.

പക്ഷെ ഇന്നും എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം.ജിനു എന്നെ ഈ പുലിയുടെ ഇരയാവാന്‍ എന്തിന് കൊടുത്ത് എന്നതാണ്. ഒരുപക്ഷെ എന്നില്‍ ഉറങ്ങിയിരുന്ന വില്ലനെ കണ്ടിരുന്നതുകൊണ്ടാണോ അതോ ഒരു ഇരയെ പുലിയെ നിവേദിച്ചതാണോ. ഏതായാലും അതോടെ ജയന്റ് കില്ലര്‍ എന്നും കീരി ചെങ്കീരി പിടിച്ചെന്നും ഒക്കെയായി ഞാനും വില്ലന്മാരുടെ ഗ്രൂപ്പിലേക്ക് ചേര്‍ക്കപ്പെട്ടു. എന്നാല്‍ സാമൂഹിക പ്രശ്നം കൈകാര്യം ചെയ്ത ചാരിതാര്‍ത്ഥ്യം മാത്രമെ എനിക്കുള്ളൂ..

എനിക്കുള്ള കീരി എവിടെയാണാവോ..??

Sunday, January 18, 2009

44.ആല്‍ത്തറകൂട്ടത്തിലെ എന്‍റെ ആദ്യപോസ്റ്റ്

പ്രീയപ്പെട്ടവരെ

ആല്‍ത്തറകൂട്ടത്തില്‍ ഇരിപ്പിടം കിട്ടിയ ഞാന്‍ അവിടെ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിവിടെ ക്ലിക്കി വായിക്കുക..ദാമനില്‍ എനിക്കുണ്ടായ ഒരു സംഭവം വിവരിച്ചിരിക്കുന്നു എന്ന് മാത്രം.

സസ്നേഹം
(ദീപക് രാജ്)


ഇവിടെയും വായിക്കാം.

കോന്നിയിലെ ഹിന്ദിക്കാര്‍

സാധാരണ എനിക്കുണ്ടാകുന്ന അല്ലെങ്കില്‍ ഉണ്ടായിട്ടുള്ള അക്കിടികള്‍ പറഞ്ഞാണ് ഞാന്‍ എഴുതാറുള്ളത്..

"ഇവന്‍ എന്താ ചെണ്ടയാണോ കൊട്ടുകൊള്ളാന്‍ എന്നൊന്നും ചോദിക്കല്ലേ..ഞാനും അത്രപാവം അല്ലെന്നും ഒരുവെടിയ്ക്കുള്ള മരുന്നൊക്കെ നമുക്കും കൈവശം ഉണ്ടെന്നു കാണിക്കാന്‍ ഒരനുഭവം കുറിയ്ക്കട്ടെ. എന്താടാ ഇതു നിന്‍റെ ബ്ലോഗില്‍ ഇട്ടലക്കിയാല്‍ പോരായിരുന്നോ എന്ന് ചോദിച്ചാല്‍ അവിടെയും ലിങ്ക് കൊടുത്തിട്ടുണ്ട്.. തെറിവിളിക്കാന്‍ ആഗ്രഹം ഉള്ളവര്‍ അവിടെ തെറിവിളിച്ചാല്‍ മതി.. ആല്‍ത്തറയുടെ പരിശുദ്ധി മനസ്സിലാക്കികൊണ്ട്‌ ഈ പാവത്തിന് മേല്‍ പുഷ്പവൃഷ്ടി നടത്തുമെന്ന പ്രതീക്ഷയില്‍ തുടങ്ങട്ടെ.."

ജീവിതത്തില്‍ ഇന്ത്യയിലെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും പോകേണ്ടിയും താമസിക്കെണ്ടിയും വന്നിട്ടുള്ളതുകൊണ്ട് (നിന്‍റെ അപ്പന്‍ സര്‍ക്കസിലായിരുന്നോ ഇങ്ങനെ ഊരു തെണ്ടാന്‍ എന്ന് ചോദിക്കാന്‍ മനസ്സുവേമ്പുന്ന സുഹൃത്തുകളെ. അല്ല.. ഭാരതാംബയുടെ മാനം കാക്കുന്ന സൈനികന്‍ ആയിരുന്നു പിതാശ്രീ..) ഹിന്ദി നല്ലവണ്ണം കൈവശമായിരുന്നു. ചെറിയ ഇടവേള ദല്‍ഹിയിലും ഉണ്ടായിരുന്നു (ഒരു ദശാബ്ദം).

ഇടയ്ക്ക് ജോലിയ്ക്കായി ഞാന്‍ ദാമനില്‍ എത്തി. (അതെ നമ്മുടെ ദാമന്‍,ദിയുവിന്‍റെ ഭാഗം) അച്ചരം കൊണ്ടു തീകത്തികാന്‍ കഴിയില്ലയെന്ന തിരിച്ചറിവാണീ യാത്രയ്ക്ക് പിന്നില്‍. എങ്ങും മദ്യമണം. രണ്ടരലിറ്റര്‍കള്ള് അഞ്ചു രൂപയ്ക്ക് കിട്ടുന്ന ദാമന്‍ നമ്മുടെ മാഹിയുടെ മുമ്പില്‍ ചക്രവര്‍ത്തിയാണ്.രണ്ടു കൂട്ടുകാരുടെ കൂടെ ഒരു വീട്ടിലാണ് താമസം.

ചെന്നു ആദ്യദിവസം ഞാന്‍ ചെന്ന സന്തോഷത്തില്‍ ഒരു സെമിയപായാസം വെയ്ക്കാം എന്ന് എന്‍റെ കൂട്ടുകാരന്‍ തീരുമാനിച്ചു.. (അതില്‍ അത്താഴം ഒതുക്കാം എന്നതാണ് കാര്യം)പക്ഷെ പാല്‍ വാങ്ങണം. അവന്‍ പോകാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വന്നവഴിക്കു തന്നെ കട കണ്ടിരുന്നതിനാല്‍ സ്വയം ആ ചടങ്ങ് ഏറ്റെടുത്തു. ഒന്നും അല്ലെങ്കില്‍ ആദ്യത്തെ ഷോപ്പിങ്ങ് അല്ലെ..എന്തിന് വിട്ടുകളയണം.നേരെ പറ്റുബുക്കും (മാസാവസാനം പണം കൊടുക്കും.. ബില്ല് ഇതില്‍ കുറിച്ചുവയ്ക്കും.) എടുത്ത്‌ ഞാന്‍ ചെന്നു. ഞാന്‍ വരുന്ന വിവരം കടക്കാരന്‍ നേരത്തെ അറിഞ്ഞിരുന്നു.. രക്തം കുടിയ്ക്കാന്‍ ഒരു ഇരയും കൂടി കിട്ടിയ മൂട്ടയുടെ സന്തോഷത്തോടെ എന്നെ വരവേറ്റ കടക്കാരന്‍ പതിയെ അറിയാവുന്ന ഇംഗ്ലീഷില്‍ ചോദിച്ചു..

"വാട്ട്. ടെല്‍ മി.. വാട്ട് വാണ്ട്.."

കടക്കാരന്‍ കേട്ടിടത്തോളം നൂറുശതമാനം സാക്ഷരതയുള്ള കേരളത്തില്‍ എല്ലാവരും ഇംഗ്ലീഷ് സംസാരിക്കുന്നവരും ഹിന്ദി അറിയാത്തവരും ആണ്.അതുകൊണ്ട് പത്താംതരം വരെ പഠിച്ചപ്പോള്‍ കിട്ടിയ ഇംഗ്ലീഷ് വച്ചലക്കിയതാണ്.പക്ഷെ മറുപടിയായി നല്ല ശുദ്ധഹിന്ദിയില്‍ (എന്‍റെ ഹിന്ദി ഡല്‍ഹി ഹിന്ദിയാണ്.. അതുകൊണ്ട് മുംബയ്യ ഹിന്ദിയേക്കാള്‍ ശുദ്ധം എന്നാണു വിചാരം.. അങ്ങനെ അല്ല എന്നുള്ളവര്‍ തെറിയഭിഷേകം നടത്തല്ലേ..) പാല്‍ വേണമെന്നും പറഞ്ഞു.

പക്ഷെ വന്നതിന്‍റെ അന്ന് ഞാന്‍ ഇങ്ങനെ ഹിന്ദി പറയുന്നതില്‍ അത്ഭുദപ്പെട്ട കടക്കാരന് ഇതെങ്ങനെ സാധിച്ചു എന്നറിയണം. ഞാന്‍ മുമ്പെ ഇന്ത്യ പര്യടനം നടത്തിയ കഥ ഞാന്‍ പറഞ്ഞില്ല അതോടൊപ്പം കൂട്ടുകാരനും പറഞ്ഞിരുന്നില്ല.. പക്ഷെ വന്നു മൂന്ന് മണിക്കൂര്‍ കൊണ്ടു പഠിച്ചതാണെന്ന് പറഞ്ഞാല്‍ കടയിലിരിക്കുന്ന അഞ്ചു കിലോ കട്ടി എന്‍റെ തലയില്‍ അടിക്കും എന്നറിയാം എന്നതിനാല്‍ ഒരു ചെറിയ കള്ളം പറഞ്ഞു.

കേരളത്തെ പറ്റി വല്ല്യ ഗ്രാഹ്യം ഇല്ലാത്തതിനാല്‍ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഏവര്‍ക്കും ഹിന്ദി അറിയാമെന്നും മാഹിയില്‍ ഫ്രഞ്ച് അറിയാവുന്നവര്‍ ഉണ്ടെന്നതുപോലെ കോന്നിയില്‍ പണ്ടു ആര്യന്മാര്‍ വന്നവഴിയില്‍ ഹിന്ദി പറയുന്നവര്‍ (മാതൃഭാഷ) ഉണ്ടെന്നും പത്താം ക്ലാസ് വരെ മാത്രം പഠിച്ച നമ്മുടെ ഇരയെ പറഞ്ഞു വിശ്വസിപ്പിച്ചു.. അവന്‍ എങ്ങനെ വിശ്വസിച്ചു എന്നത് ഇന്നും എന്‍റെ സംശയം.പക്ഷെ എന്‍റെ ഹിന്ദിയിലുള്ള ഒഴുക്ക് അവനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു എന്ന് പറയുന്നതാവും സത്യം..

പക്ഷെ പിന്നീട് പലരോടും അവന്‍ കോന്നിയിലെ ഹിന്ദികാര്യം ചോദിച്ചെങ്കിലും

" ആനക്കൂടുള്ള കോന്നിയില്‍ മലയാളം പോലും നേരെ ചൊവ്വേ സംസാരിക്കുമോ എന്ന് സംശയം ഉള്ളവര്‍ കടക്കാരന് വട്ടുപിടിച്ചോ എന്ന് ചോദിച്ചിട്ടാണത്രെ" പോയത്.

പക്ഷെ കോന്നിയില്‍ ഉള്ളവര്‍ നന്നായി മലയാളവും ഹിന്ദിയും സംസാരിക്കും.. ഞാന്‍ ഉണ്ടല്ലോ. പിന്നെ നമ്മുടെ ബൂലോഗ സൂപ്പര്‍സ്റ്റാര്‍ (മനുചേട്ടന്‍ - ബ്രിജ് വിഹാരം)

അങ്ങനെ എതിരാളിക്കൊരു പോരാളിയാണ് ഞാന്‍.(കടപ്പാട്:ഡിങ്കന്‍)

Saturday, January 17, 2009

43.അനോണികളികളും ഓര്‍കുട്ടിലെ പരസ്യവും.

എന്‍റെ അമ്പതാമത്തെ പോസ്റ്റില്‍ ചാമ്പാന്‍ (പ്രയോഗിക്കാന്‍ എന്ന രീതിയില്‍ എടുക്കുക.. ഏതെങ്കിലും നാട്ടില്‍ ഇതു തെറിയാണോ എന്നറിയില്ല.) വച്ചിരുന്നത് ഇപ്പോള്‍ പ്രയോഗിക്കുന്നു.ഓര്‍കുട്ടിലൂടെ പരസ്യം കൊടുക്കുന്നതെന്തിന് എന്നൊരു ചോദ്യമാണ് ഇപ്പോള്‍ (ഏഴ് പോസ്റ്റുകള്‍ക്ക് മുമ്പെ തന്നെ)ഇതുകൊടുക്കാന്‍ ആധാരം..

ഞാന്‍ ബ്ലോഗിംഗ് തുടങ്ങിയിട്ട് ഇതു വെറും അഞ്ചാംമാസം. ഞാന്‍ മുമ്പ് മിഡില്‍ ഈസ്റ്റില്‍ ജോലി ചെയ്തിരുന്നുവെങ്കിലും ബ്ലോഗിംഗ് ചെയ്യാനുള്ള ശ്രമം നടത്തിയിട്ടിലായിരുന്നു.ഞാന്‍ കേട്ടിട്ടുള്ള ഏക ബ്ലോഗര്‍ കൊടകരപുരാണം എന്ന ബ്ലോഗിലൂടെ നര്‍മ്മത്തിന്‍റെ ജാലവിദ്യ മലയാളം വായനക്കാര്‍ക്ക് തീര്‍ത്തുകൊടുത്ത വിശാലമനസ്കന്‍ സജീവ് എടത്താടനെ മാത്രം. (ഓഫീസില്‍ കൊടകരപുരാണം പുസ്തകമാക്കുന്നതിനു മുമ്പെ അതിന്‍റെ മുഴുവന്‍ ബ്ലോഗിന്‍റെ പ്രിന്‍റ് എടുത്തു പുസ്തകം പോലെ കൂട്ടികെട്ടി എല്ലാവരും വായിച്ചാണ് വിശാലനെ പരിചയമായത്.)

ഇവനെന്താ നെറ്റ് ഉപയോഗിച്ചിട്ടില്ലേ എന്ന് തോന്നുന്നവരോട് 1997 മുതല്‍ ഞാന്‍ നെറ്റ് ഉപയോഗിക്കുന്നു. ബ്ലോഗിന്‍റെ ലോകത്തേക്ക് വന്നിട്ടില്ല എന്നുമാത്രം.

എന്നാല്‍ ബെര്‍ളിയുടെ പോസ്റ്റുകള്‍ മിക്കവയും പേരില്ലാതെ വായിച്ചിട്ടുണ്ട്. ബെര്‍ളിആരാണെന്നോ ബെര്‍ളിത്തരങ്ങള്‍ എന്താണെന്നോ അറിയാതെ അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ ഓഫീസില്‍ എല്ലാവര്‍ക്കും അയച്ചുകൊടുത്തു ആളാകുകയും ഞാനൊക്കെ അയാളെ സംഭവം എന്ന് കരുതുകയും ചെയ്ത ഒരു കൂട്ടുകാരന്‍ എനിക്കുണ്ടായിരുന്നു. പിന്നീട് എന്‍റെ തന്നെ പടുക്ക എന്നെ പോസ്റ്റ് എനിക്കയച്ചു തന്നപ്പോള്‍ ഞാന്‍ എന്‍റെ ബ്ലോഗിനെയും ബെര്‍ളിയുടെ ബ്ലോഗിനെയും അദ്ദേഹത്തിന് പരിചയപ്പെടുത്തികൊടുത്തത്.

പിന്നീടാണ് കൈയ്റോയില്‍ (ഈജിപ്ത്) നിന്നുള്ള ഒരു മലയാളി ബ്ലോഗ്ചോരന്‍ മുടങ്ങാതെ ബെര്‍ളിയെ കോപ്പി ചെയ്തു പി.ഡി.എഫ്. ആക്കി അയച്ചു കൊടുത്തിരുന്നത് എന്നകാര്യം എന്നോട് പറഞ്ഞതു. ഞാന്‍ പുലി എന്ന് കരുതിയിരുന്ന കൂട്ടുകാരന്‍ നമ്മുടെ ഈജിപ്റ്റ്‌ കൂട്ടുകാരനെ പുപ്പുലി എന്ന് കരുതിയിരുന്നുവെങ്കിലും ഒറ്റദിവസം കൊണ്ടു ഞാന്‍ അയാളെ സിംഹത്തിന്‍റെ ഭക്ഷണം അടിച്ചുമാറ്റി തിന്നുന്ന വെറും കഴുതപ്പുലിയാക്കിയത്..

അങ്ങനെയാണ് എനിക്ക് ബെര്‍ളിയെന്ന മഹാപ്രസ്ഥാനത്തെ പറ്റി അറിവുണ്ടാവുകയും ചെയ്തത്.. അതില്‍ പിന്നെ ഒരു ബെര്‍ളിഫാന്‍ ആയി ബെര്‍ളിത്തരങ്ങളില്‍ കറങ്ങി കൊണ്ടിരിക്കുന്നത്..

ഇനി എന്‍റെ ബ്ലോഗിന്‍റെ കഥ.

അയര്‍ലണ്ടില്‍ വന്നു പാര്‍ട്ട്ടൈം ജോലിമാത്രം ഉള്ളതുകൊണ്ട് സമയം കളയാന്‍ ഒരു വിദ്യ എന്ന രീതിയില്‍ ആണ് മുമ്പ് കേട്ടിരുന്ന കൊടകരപുരാണം കണ്ടുപിടിച്ചു പതിയെ ബ്ലോഗിംഗ് തുടങ്ങിയത്.. പിന്നീടാണ്‌ ബെര്‍ളിത്തരങ്ങള്‍ കണ്ടുപിടിക്കുന്നതും നമ്മുടെ പുപ്പുലിയെ കഴുതപ്പുലിയാക്കിയതും.

അഞ്ചുമാസം മാത്രം ആയതിനാല്‍ നെറ്റിലെ വന്‍ സംഭവങ്ങളെ വൈകിമാത്രമാണ്‌ ഞാന്‍ തിരിച്ചറിഞ്ഞത്..
ഉദാഹരണം.: കൈപ്പള്ളി, നട്ടപിരാന്തന്‍, കാപ്പിലാന്‍, പഴമ്പുരാണംസ്, ചാണക്യന്‍, മാണിക്യം, അനിലുകള്‍ (ശ്രീയും @ബ്ലോഗും),ഓലപ്പീപ്പി, നന്ദപര്‍വ്വം, പൊങ്ങുംമൂടന്‍, എരാടന്‍ തുടങ്ങി അങ്ങനെ ആ നിര നീളുന്നു..

"വ്യത്യസ്തരായ ഈ ബൂലോക പുലികളെ
സത്യത്തില്‍ പാവം ഞാന്‍ തിരിച്ചറിഞ്ഞില്ല.."

അങ്ങ് ക്ഷമിച്ചു കള.. അറിവില്ലാ പൈതലല്ലേ. ശര്‍ക്കരവെള്ളംകണ്ടാല്‍ തൊട്ടുനക്കില്ലേ എന്ന്കരുതി ക്ഷമിച്ചുകള..

അയര്‍ലണ്ടില്‍ ബൂലോക കൂട്ടായ്മകളോ ബ്ലോഗ് എഴുതുന്നവരോ ഇല്ലായെന്നാണ് എന്‍റെ അറിവ്. അതുകൊണ്ട് തന്നെ ഞാന്‍ എഴുതുന്ന ബ്ലോഗുകള്‍ എങ്ങനെ നിങ്ങളുടെ മുമ്പില്‍ എത്തിക്കും എന്നറിയില്ലായിരുന്നു.
ചിന്തയോ,തനിമലയാളമോ,മലയാളംബ്ലോഗ്കുട്ടോ,ഗൂഗിള്‍ സബ്മിഷനോ ഒന്നും അറിയില്ലായിരുന്നു. ഇന്നും ബൂലോകത്തെ ട്രിക്കുകള്‍ ഒന്നും അറിയില്ല.. അതുകൊണ്ട് തന്നെ ആളുകളെ എങ്ങനെ ഈ എഴുത്തിനെ പറ്റി അറിയിക്കും എന്നറിയില്ലായിരുന്നു.

ഫോണ്‍ വിളിച്ചറിയിക്കാന്‍ തുടങ്ങിയാല്‍ അപ്പന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വസ്തുവകകള്‍ വിറ്റുപറക്കി ഫോണ്‍ ബില്ലടക്കണം എന്നതിനാല്‍ കുറെവര്‍ഷങ്ങള്‍ ആയി കൂട്ടുകാരെ നല്കിയ ഓര്‍കുട്ടിലൂടെ ഫ്രീപരസ്യങ്ങള്‍ കൊടുക്കാന്‍ തീരുമാനിച്ചു.
മൂന്നു വര്‍ഷം മാര്‍ക്കെറ്റിംഗ് മാനേജ്മെന്റ്റ് പഠിച്ചതിനാല്‍ ഫ്രീ ആയി പരസ്യം കൊടുക്കാന്‍ കിട്ടിയ മാധ്യമം കളഞ്ഞില്ല എന്ന് മാത്രം. അതില്‍ എന്നോട് പരിഭവം ഉള്ള കൂട്ടുകാരോട് പറയട്ടെ..

"എന്‍റെ വായനക്കാരെ ട്രാക്ക് ചെയ്തപ്പോള്‍ മിക്കവാറും ആളുകള്‍ ഓര്‍കുട്ടിലൂടെയുള്ള പരസ്യംകണ്ടിട്ടും ഓര്‍കുട്ടിലൂടെ അയക്കുന്ന മെസേജ് ജിമെയില്‍ വഴി കണ്ടിട്ടും ആണ്. പിന്നെ ചിന്ത വഴിയും പിന്നീട് തനിമലയാളം വഴിയും.. അതുകൊണ്ട് പോളിനും(ചിന്ത) തനിമലയാളംകാര്‍ക്കും നന്ദി പറയുന്നു. കുളത്തുമണ്‍ അധികം വായനക്കാരുള്ള ബ്ലോഗ് അല്ല..വെറും നാലഞ്ചു മാസത്തെ പ്രായമുള്ള ശൈശവ ദശയിലുള്ള ബ്ലോഗ് മാത്രം.. അതുകൊണ്ട് ഓര്‍ക്കുട്ട് പരസ്യം എങ്ങനെ ഒഴിവാക്കും.?പിന്നെ ഇത്രയുമെങ്കിലും വളര്‍ത്തിയ ഓര്‍കുട്ടിനെ കൈവിടുന്നത് നന്ദികേടല്ലേ.." (ജാമ്യം എടുത്തു..)

അങ്ങനെ ഒരു കാര്യം വിശദീകരിച്ചു.

കമന്‍റുകള്‍. അധികം കമന്‍റുകള്‍ വരുന്ന മെഗാഹിറ്റ് ബ്ലോഗുകള്‍ക്ക് കമന്‍റുകള്‍ ശല്യമാണെങ്കില്‍ ഒഴിവാക്കാന്‍ വച്ചിരിക്കുന്ന വേര്‍ഡ് വെരിഫിക്കേഷന്‍ നാലും മൂന്നും ഏഴ് കമന്‍റ് കിട്ടുന്ന ഞാന്‍ വെയ്ക്കില്ല.. കാരണം

"ഒള്ളതും പോയെന്‍റെ ചോള്ളകണ്ണോ (പൊട്ടകണ്ണന്‍).. എന്നതുപോലെയാകും.)

പിന്നെ എന്തിന് കമന്‍റ് മോഡറേഷന്‍ വെച്ചിരിക്കുന്നു എന്ന് ചോദിക്കുന്നവരോട് പറയട്ടെ..

"കുളത്തുമണ്ണില്‍ കമന്‍റ് ഇട്ടവര്‍ക്കറിയാം ഇട്ട കമന്‍റ് അതേപോലെ തന്നെ പബ്ലിഷ് ചെയ്തിട്ടും ഉണ്ട്.. പക്ഷെ അപ്പനെ തെറിവിളിച്ചും കൊണ്ടിട്ട രണ്ടുകമന്‍റുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. എന്തിന് ഇട്ടു എന്നറിയില്ല.. എന്നെ തെറിവിളിച്ചോ.. പക്ഷെ വീട്ടുകാരെ തെറിവിളിച്ചാല്‍ ആ കമന്‍റ് ബ്ലോഗില്‍ ഇടാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.. പിന്നെ എപ്പോഴെങ്കിലും പോസ്റ്റില്‍ കഥാപാത്രങ്ങള്‍ ആയവര്‍ ആകും എന്നതിനാല്‍ അവരോട് വിദ്വേഷം ഇല്ല..
പിന്നെ പഴയ പോസ്റ്റുകള്‍ക്ക് കമന്‍റ് കൊടുക്കുമ്പോള്‍ ഏത് പോസ്റ്റിനു പോയി എന്നറിയുകയും ആ കമന്‍റിനു മറുപടി കൊടുക്കയും ചെയ്യാം.ഞാന്‍ എല്ലാ കമന്റുകള്‍ക്കും മറുപടി കൊടുക്കുന്നയാള്‍ ആണെന്ന് കമന്‍റ് എഴുതുന്നവര്‍ക്ക് എപ്പോഴെങ്കിലും മനസ്സിലായി കാണുമെന്നു കരുതട്ടെ..
"

പിന്നെ അനോണി കമന്‍റ് എന്തുകൊണ്ട് കൊടുക്കുന്നില്ല എന്ന് ചോദിക്കുന്നവരോട്..

രണ്ടുതരത്തില്‍ അനോണി കമന്‍റ് ഉപയോഗിക്കപെടാം. ഒന്നില്‍ പേരില്ലാതെ തെറിവിളി നടത്തുവാന്‍ വായനക്കാര്‍ക്ക് അവസരം കൊടുക്കാന്‍ ധൈര്യം ഉള്ളവര്‍ക്ക്. (നട്ടപിരാന്തന്‍ ചേട്ടന്‍ ഒക്കെ അങ്ങനെ ചെയ്യുന്നുണ്ട്..) പക്ഷെ ഞാന്‍ ഒരു ലോല ഹൃദയന്‍ ആയതിനാലും അങ്ങനെ തെറിവിളിക്കുന്നവരോട് തിരികെ തെറിവിളിക്കാന്‍ കഴിയില്ലാത്തതും കൊണ്ടു അനോണി കമന്‍റ് ഇവിടെ പതിയ്ക്കാന്‍ സമ്മതിക്കുന്നില്ല എന്നുമാത്രം.

രണ്ടാമത്തെ. ഇപ്പോള്‍ ഞാന്‍ ക്രിക്കറ്റിനെ പറ്റി ഒരു പോസ്റ്റ് ഇട്ടുവെന്നു കരുതുക. അധികം കമന്‍റുകള്‍ വന്നില്ലെങ്കില്‍ അനോണിയായി

"എടാ ക്രിക്കറ്റ് ഇന്ത്യയില്‍ ഏറ്റവും പ്രാചാരമുള്ള ഗെയിം ആണ്.. അതിനെ തെറിവിളിക്കുന്നോ തെണ്ടി.. നീയൊക്കെയാണ് സ്പോര്‍ട്സിനെ നശിപ്പിക്കുന്നത്"

എന്നൊരു കമന്റും പിന്നീട്

"എടാ അനോണി .. ജോലിയില്ലാത്ത ബ്രിട്ടീഷ്കാര്‍ സമയം കളയാം കണ്ടുപിടിച്ച വേലയാണ് ക്രിക്കറ്റ്.. നിന്നെപോലെയുള്ളവര്‍ ജോലിയും വേലയും കളഞ്ഞു അതിന്‍റെ പുറകെ പോയി ഇന്ത്യയുടെ വളര്‍ച്ചയാണ് മുരടിപ്പിക്കുന്നത്"

എന്നൊരു അനോണി കമന്‍റും കൊടുക്കും. അവസാനം സ്വന്തം പേരില്‍

"ഡാ അനോണികളെ .. കളിക്കുന്നവന്‍ കളിക്കട്ടെ ..ജോലിചെയ്യുന്നവന്‍ ചെയ്യട്ടെ..വെറുതെ എന്തിന് അടിപിടി കൂടുന്നു"

എന്നൊരു സാരോപദേശവും..
ഏതായാലും മൂന്നു കമന്‍റുകള്‍ ആയില്ലേ.. ഇനി വല്ല പാവങ്ങള്‍ ഇതുകണ്ടിട്ടു ഇടയ്ക്ക് കയറിപിടിച്ചാല്‍ ഓരോ കമന്‍റുകള്‍ സംഭാവകള്‍ ആയി നല്‍കിയാല്‍ അങ്ങനെ കമന്‍റ് ഭരണിയില്‍ സംഭാവനകള്‍ കുമ്പാരം കൂട്ടുന്ന ആവിദ്യയില്‍ വല്യതാത്പര്യം ഇല്ല..

ചെസ്സുകളിയില്‍ വെള്ളയും കറുപ്പും ഒറ്റയ്ക്ക് കളിക്കുന്ന അവസാനം വിധിപറയാന്‍ നില്ക്കുന്ന റെഫെറിയായും ആയും സങ്കല്‍പ്പിക്കുന്ന ആ ഭാവനാശേഷി ഇല്ലാത്തതുകൊണ്ട് അത്തരം കള്ളവോട്ടുകള്‍ ഇവിടെ ഇല്ല എന്നുമാത്രം.അതേപോലെ എന്‍റെ മറ്റുബ്ലോഗുകളിലെ (ബിനാമിപോലും) കമന്‍റ് പെരുപ്പിക്കാനായി ഞാന്‍ ഉപയോഗിക്കുന്നില്ല..

വളരെ നല്ലതെന്നു എനിക്ക് തോന്നിയ ഈ ബൂലോകത്തേക്ക് ശൈശവദിശയിലുള്ള എന്‍റെ ബ്ലോഗുമായി ഒരു മുയല്‍ക്കുഞ്ഞിനെ പോലെ ഞാന്‍ വരുന്നു.. ബൂലോകത്തെ പുലികള്‍ കടിച്ചു കീറല്ലേ എന്നൊരു അപേക്ഷയുണ്ട്.. ഓരോ പുലികളെയും സിംഹങ്ങളെയും പരിചയെപ്പെട്ടുവരുന്നതേയുള്ളൂ.

നന്ദി.. ഈ സഹകരണം വീണ്ടും ഉണ്ടാവണം.. നന്ദി വീണ്ടും പറയട്ടെ.. നിങ്ങള്‍ കമന്‍റുകള്‍ ആയി പ്രോല്സാഹനം തരുന്നിടത്തോളം കാലം പോസ്റ്റുകളുമായി ഞാന്‍ ഉണ്ടാവും എന്നറിയിച്ചുകൊള്ളട്ടെ... കമന്‍റ് ഇടാന്‍ സമയം ഇല്ലാത്തവര്‍ ചിരിച്ചിട്ടുപോയാലും പരിഭവിക്കില്ലായെന്നറിക്കുന്നു..

സ്നേഹത്തോടെ
(ദീപക് രാജ്)

Friday, January 16, 2009

42.ഒരു പരീക്ഷണ ആദ്യരാത്രി (ഫ്ലോപ്പ്)

ജീവിതത്തില്‍ ഒരു ഗള്‍ഫ്കാരന്‍ ആയിട്ടെ പെണ്ണ് കെട്ടൂ എന്നൊരു ഭഗീരഥ പ്രതിജഞ എടുത്തിട്ടുണ്ടായിരുന്നതിനാല്‍ അല്പം താമസിച്ചാണ് വെളികെട്ട് നടന്നത്. ഇന്നു പ്രവാസികളെ തെറിവിളിക്കുന്നവര്‍ ഉണ്ടെങ്കിലും ഒരു പ്രവാസിയാവാന്‍ എത്ര നേര്‍ച്ചനേര്‍ന്നുവെന്നെനിക്കെ അറിയൂ.. ഒരു പക്ഷെ പിതാശ്രീ ഗള്‍ഫില്‍ പോവാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ മകനിലൂടെ ആ ശ്രമം പൂവണിയിക്കാന്‍ നോക്കിയതുകൊണ്ട് എന്‍റെ വഴി അല്പം ലളിതമായി എന്ന് മാത്രം.

ഗള്‍ഫില്‍ നിന്നും വരുന്ന ബന്ധുക്കള്‍ കൊണ്ടുവന്നിരുന്ന ബ്രൂട്ടും,ടീഷര്‍ട്ടും,യാഡ് ലി ടാല്‍കം പൌഡറും ഒപ്പം ഗള്‍ഫ്കാരന്‍റെ പെട്ടി തുറക്കുമ്പോഴുണ്ടാകുന്ന മണവും എന്നെ ഏറെ ആകര്‍ഷിച്ചിരുന്നു.. സത്യത്തില്‍ ഗള്‍ഫ്കാരന്‍റെ ഒട്ടക, എണ്ണപാട, ഗോള്‍ഡ് സൂക്, പേര്‍ഷ്യന്‍ കഥകള്‍ക്കും ഞാന്‍ എന്ന ശ്രോതാവ് ഏത് പാതിരാത്രിയിലും റെഡി ആയിരുന്നതിനാല്‍ ഗള്‍ഫന്‍മാര്‍ക്കും എന്നോട് പ്രത്യേകഅടുപ്പം ഉണ്ടായിരുന്നു. എന്‍റെ ഏറ്റവും ഇഷ്ടപ്പെട്ട ചിക്കന്‍ ബിര്യാണി വെള്ളിയാഴ്ച്ചതോറും ക്യാമ്പുകളില്‍ ഫ്രീ ആയി വാങ്ങികഴിക്കുന്ന ഗള്‍ഫ്കാരനോട് അല്പം അസൂയയും ഉണ്ടായിരുന്നുവെന്നു പറഞ്ഞാല്‍ കള്ളമല്ല.

അങ്ങനെ ഞാനും വളരെ ശ്രമങ്ങള്‍ക്ക് ശേഷം ഗള്‍ഫില്‍ എത്തി. ചെറുതെങ്കിലും എണ്ണ സമ്പന്നമായ കുവൈറ്റില്‍.എന്നാല്‍ വന്നു രണ്ടു വര്‍ഷം ആയപ്പോഴേക്കും നമ്മുടെ പഴയ ശപഥം ഓര്‍മ്മ വന്നു. ഗള്‍ഫില്‍ വന്നെങ്കിലും ഗള്‍ഫന്‍ ആയി കല്യാണം കഴിക്കണമെന്ന ശപഥം.. രണ്ടു വര്‍ഷം തോറും പുതുക്കുന്ന കോണ്ട്രാക്റ്റ് അഥവാ പുതുക്കിയില്ലെങ്കില്‍ നാട്ടില്‍ ചെന്നു വീണ്ടും തിരിച്ചുവന്നു കല്യാണം കഴിക്കുമ്പോഴേക്കും മൂക്കില്‍ പല്ലുകിളിക്കും.

ദൈവസഹായത്താല്‍ ഓഫീസിലെ ജോലിയും ഇഷ്ടംപോലെ ഇന്‍റര്‍നെറ്റും കൈയില്‍ ക്രെഡിറ്റ് കാര്‍ഡും ഉണ്ടായിരുന്നതിനാല്‍ ശാദി,കേരളമാട്രിമോണി,ജീവന്‍സാഥി തുടങ്ങി ആരെയും പിണക്കിയില്ല.. അല്ലെങ്കില്‍ നമ്മളെന്തിനു പന്തിയില്‍ പക്ഷഭേദം കാട്ടണം.. എവിടൊക്കെ പേരു രെജിസ്ടര്‍ ചെയ്യാമോ അവിടെല്ലാം ചെയ്തു. അവസാനം എന്നും രാവിലെ ചെക്ക് ഡാമില്‍ ചൂണ്ട വച്ചിട്ട് പിറ്റേന്ന് രാവിലെ മീനുണ്ടോ എന്ന് നോക്കുന്നവനെപോലെ ഞാനും ആരെങ്കിലും കൊത്തിയോ എന്ന് നോക്കി തുടങ്ങി..അവസാനം ഒരെണ്ണം കൊത്തി.

ഇതിനിടയില്‍ ഒന്നേ കൊത്തിയുള്ളോ എന്ന് ചോദിച്ചാല്‍ അല്ല.. ഇഷ്ടം പോലെ കൊത്തി. നമ്മള്‍ക്കിഷ്ടപെട്ട ഒന്നേ കൊത്തിയുള്ളൂ. അങ്ങനെ 2008 ജനുവരിയില്‍ കൊത്തിയ ഈ മീനുമായി പതിയെ പ്രണയത്തിലായി. (അതിനെ തന്നെ താലി കെട്ടി കേട്ടോ..)പക്ഷെ അയര്‍ലണ്ടിലെ നമ്മുടെ കക്ഷി കുവൈറ്റില്‍ ഫോണ്‍ വിളിച്ചപ്പോള്‍ കുവൈറ്റ് മൊബൈല്‍ കമ്പനികള്‍ ഇന്‍കമിങ്ങിലൂടെ എന്‍റെ കുടുംബം കൊഞാട്ടയാക്കി എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അന്ന് കുവൈറ്റില്‍ ഇന്‍കമിംഗ് കോളുകള്‍ക്കും പണം കൊടുക്കണം..ഇപ്പോള്‍ നിര്‍ത്തിയെന്നു കേട്ടപ്പോള്‍ നെഞ്ചുതകരുന്നു.

അങ്ങനെ പ്രേമം ഊര്‍ജ്ജിതമായി മുമ്പോട്ട്‌ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് വിവാഹശേഷമുള്ള ജീവിതത്തെയും ആദ്യരാത്രിയെയും പറ്റി ഭാവിഭാര്യയുമായി ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചത്.ജീവിതത്തില്‍ ഒരിക്കല്‍ വരുന്ന ആദ്യരാത്രി അല്പം വെത്യസ്തമാക്കണം എന്നൊരു ചിന്ത എനിക്കുണ്ടായിരുന്നു. ഗാന്ധര്‍വവിവാഹം എന്നൊരു ആഗ്രഹം മനസ്സില്‍ ഉണ്ടായിരുന്നുവെങ്കിലും അതിന് തയ്യാറാകാത്ത പെണ്‍കുട്ടികളും അങ്ങനെ നടന്നാല്‍ ഉണ്ടാകാവുന്ന ഭവിഷത്തും നേരിടാന്‍ വയ്യായിരുന്നുവെങ്കിലും ഒരു മുറിയില്‍ അടച്ചു പൂട്ടി ആദ്യരാത്രി എന്നുള്ളതിനോട് അല്പം വിയോജിപ്പ്‌ ഉണ്ടായിരുന്നു.

ആദ്യരാത്രി വീടിന്‍റെ ടെറസില്‍ പൂനിലാവിനോടും കാറ്റിനോടും നിശയോടും മന്ത്രിച്ചു പ്രകൃതിയെ സാക്ഷി നിര്‍ത്തി ജീവിതംതുടങ്ങാമെന്ന ആഗ്രഹം കേട്ട ഭാവിഭാര്യ പക്ഷെ എന്തോ അങ്ങ് സമ്മതിച്ചു..ഒരു പുതുജീവിതം തുടങ്ങുമ്പോള്‍ ഫ്രെഷ്എയറില്‍. പൂനിലാവിനോട് കിന്നാരം ചൊല്ലി.. നക്ഷത്രങ്ങളോട് കഥപറഞ്ഞു.പാതിരാപുള്ളിനോടും രാക്കിളികളോടും പോകുവാന്‍ പറഞ്ഞു. അവസാനം കാലത്ത് ഈ പാട്ടും പാടണം എന്ന് ഭാര്യയോടു പറഞ്ഞു..

"പുലരാറായപ്പോള്‍ പൂങ്കോഴികൂവിയപ്പോള്‍ പുതുമണവാളനോന്നുറങ്ങിയപ്പോള്
‍കണ്ണോടു കണ്ണും നോക്കി ചിരിച്ചും കൊണ്ടിരിപ്പായി
വിണ്ണിലെ പൂന്തിങ്കളും ഞാനും മാത്രം..."

എന്നാല്‍ ഈ ആഗ്രഹം വീട്ടില്‍ പറഞ്ഞപ്പോള്‍ ഭൂമികുലുക്കം. ഇതേതോ ഭയാനകം എന്നമട്ടില്‍ ആരും അതിനോട് നന്നായി പ്രതികരിച്ചില്ല.. പക്ഷെ കൊതുകുണ്ട്‌. ആളുകള്‍ കാണില്ലേ തുടങ്ങിയ ദുര്‍ബ്ബലമായ പ്രതിരോധംകൊണ്ട് ഒതുക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ ഓഡോമോസിന്‍റെയും ഉയര്‍ന്ന പാരപെറ്റിന്‍റെയും കാര്യം പറഞ്ഞു ഒതുക്കി എന്ന് വേണം പറയാന്‍.

അങ്ങനെ വിവാഹത്തിന്‍റെ തലേന്ന് തന്നെ ടെറസ് വൃത്തിയാക്കി.. അങ്ങനെ ജിവിതത്തിലെ ആഗ്രഹങ്ങള്‍ ഓരോന്നും മനോഹരമായി പര്യവസാനിക്കുന്നത് കാണുന്നത് അല്പം പുളകത്തോടെ നോക്കിനിന്നുവെന്നു വേണം പറയാന്‍. വിവാഹം കോട്ടയത്ത് വച്ചായതിനാല്‍ (അങ്ങോട്ടുംഇങ്ങോട്ടും കൂടി ഇരുനൂറ്റിഅമ്പത് കിലോമീറ്റര്‍) വിവാഹം കഴിഞ്ഞുവന്നപ്പോള്‍ സന്ധ്യയായി..

ബന്ധുക്കള്‍ വേഗം തന്നെ സ്ഥലം വിട്ടതുകൊണ്ടു വേഗം ആദ്യരാത്രി തുടങ്ങാം എന്ന് കരുതി ടെറസിലേക്ക് മെത്തയുമായി നടക്കാന്‍ തുടങ്ങിയ എന്നെ അമ്പരപ്പിച്ചുകൊണ്ട്‌ മഴ തുടങ്ങി.. മഴ എന്നുവെച്ചാല്‍ ഇടിച്ചുകുത്തി നല്ല സൂപ്പര്‍മഴ..അപ്പോള്‍ മാതാശ്രീ പിറുപിറുക്കുന്നത് കേട്ടു..

" ഇവന്‍റെ തോന്നിയവാസങ്ങള്‍ക്ക് ഞങ്ങള്‍ സമ്മതിച്ചാലും ദൈവം സമ്മതിക്കുമോ...?"

ഒന്നും മിണ്ടാതെ ഞങ്ങള്‍ രണ്ടും നേരെ മുറിക്കുള്ളിലേക്കും പോന്നു.

Wednesday, January 14, 2009

41.ഒരു കണ്ണിറുക്കല്‍ പുരാണം

വര്‍ഷങ്ങള്‍ക്കു മുമ്പെ നടന്ന ഒരു സംഭവം ഇപ്പോള്‍ ആകസ്മികമായി അഗ്രജന്‍ എന്ന ബ്ലോഗറുടെ ബ്ലോഗ് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് നിങ്ങളുമായി പങ്കുവെയ്ക്കുന്നു.

നീണ്ട ബസ് യാത്രകള്‍ പണ്ടേന്‍റെ ജീവിതത്തില്‍ വളരെ കുറവായിരുന്നു. പക്ഷെ ഞാന്‍ പത്താം തരത്തില്‍ പഠിക്കുമ്പോള്‍ മാതാശ്രീയുടെ ഉടപ്പിറന്നവന്‍റെ വീട്ടിലേക്ക് ഒരു യാത്രതരപ്പെട്ടു. ഇന്നു വിമാനയാത്രയും ബോറടിച്ചു തുടങ്ങിയെങ്കിലും അന്ന് പത്തനംതിട്ടയ്ക്കപ്പുറം ബസ് യാത്ര എന്ന് പറഞ്ഞാല്‍ ഒരു സംഭവം ആണെന്ന് കൂട്ടിക്കോ.തന്നെയുമല്ല മാതാശ്രീ വരുന്നില്ലയെന്നൊരു ബോണസും ഒപ്പമുണ്ട്.

മാതുലന്‍റെ വീട്ടില്‍ ചെല്ലണം.. മേപ്പടിയാന്‍റെ ഭാര്യ (എന്‍റെ അമ്മാവി) ശരീരസുഖമില്ലാതെ കിടക്കുന്നു.അല്പം സീരിയസ് ആണ്. അതിന് വേണ്ടിയുള്ളതാണ് യാത്ര.എന്‍റെ ഒപ്പം ഒരു കസിനും മറ്റൊരു കാരണവരും ഉണ്ട്.. കാരണവരെ സഹിക്കുക എന്നാല്‍ നമ്മുടെ ഡോ.സുകുമാര്‍ അഴീകൊടിന്‍റെ പ്രസംഗം സഹിക്കുന്നതിനുമപ്പുറം തന്നെ.. ലോകത്തിലെ എല്ലാ കാര്യത്തിലും തന്നെ വിചാരവീക്ഷണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന അദ്ദേഹത്തെ എങ്ങനെ സഹിക്കും എന്ന് കരുതിയ എന്നെ എന്‍റെ കസിന്‍റെ സാന്നിധ്യം അല്പം മനസമാധാനം തന്നൂ എന്നതാണ് വാസ്തവം.

പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ മുതല്‍ നമ്മുടെ കസിന്‍ തന്‍റെ ലീലാ വിലാസങ്ങള്‍ കാട്ടിതുടങ്ങി.. (കസിന്‍ എന്നെക്കാള്‍ അഞ്ചു വയസ്സിനു മൂത്തതും പേരിലും സ്വഭാവത്തിലും ശ്രീകൃഷ്ണന്‍റെ പര്യായവും ആണ്..)പത്തനംതിട്ട കോളേജില്‍ പഠിക്കുന്നതും അതേപോലെ വിദ്യാര്‍ത്ഥിരാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമുള്ളവനും ആയതിനാല്‍ ബസ്സ്റ്റാണ്ടില്‍ വന്നുകൊണ്ടിരുന്ന മിക്ക തരുണീമണികളും,കോളേജ് കുമാരികളും ഇഷ്ടനെ നോക്കി പുഞ്ചിരിതൂകുന്നുണ്ടായിരുന്നു. (ഇഷ്ടന്‍റെ ഭാഷയില്‍ റേഞ്ചുള്ള സ്ഥലം ആയതിനാല്‍ കടാക്ഷങ്ങള്‍ക്കും പുഞ്ചിരികള്‍ക്കും ക്ഷാമമില്ല..)

എന്നാല്‍ ആവശ കലാകാരന്മാര്‍ക്കും ബ്ലോഗര്‍മാര്‍ക്കും ആരാധകരില്ല എന്ന് പറയുന്നതുപോലെ ഈ പാവത്തിനെ ആരും നോക്കുന്നില്ല.. കടാക്ഷം,പുഞ്ചിരി എന്നിവയുടെ ദൌര്‍ബല്യം കുറെ നേരത്തേക്ക് എന്നെ ഭൌതികലോകത്തിന്‍റെ നിരര്‍ഥതയും ഒപ്പം അത്മീയത്തിലെക്കുള്ള തുറിച്ചുനോട്ടത്തിലുംവരെയെത്തിച്ചു എന്ന് വേണമെങ്കില്‍ പറയാം.

അന്നും ഏകദേശം അഞ്ചരയടിയില്‍ മേല്‍ ഉയരം ഉണ്ടായിരുന്നുവെങ്കിലും ഉദ്ദേശം നാല്പതുകിലോയില്‍ മേല്‍ പോകാത്ത ശരീരം സോമാലിയയില്‍ നിന്നുവന്ന അഭയാര്‍ത്ഥി എന്നൊരു ഇമേജ് തന്നിരുന്നുവെന്നു പിന്നീട് വിവരം വച്ചപ്പോള്‍ മനസ്സിലായി. എന്തായാലും അത്രയും കറുത്ത നിറം കിട്ടാത്തതില്‍ മാതാപിതാക്കളോടുള്ള അകൈതവമായ നന്ദി ഈ അവസരത്തില്‍ രേഖപ്പെടുത്തുന്നു. ഭാരതത്തിലെ യുവത്വവും കൌമാരവും പോഷകാഹാര ദൗര്‍ബല്യംമൂലം ഇങ്ങനെ ആയി എന്നും പറഞ്ഞു ലോകബാങ്കില്‍ നിന്നും ലോണ്‍ വാങ്ങാന്‍ ചെല്ലുമ്പോള്‍ സാമ്പിള്‍ ആയി കാണിക്കാന്‍ കൊള്ളാവുന്ന രൂപത്തിലുള്ള എന്നെ പെണ്‍കുട്ടികള്‍ എന്തിന് അല്ലെങ്കില്‍ എങ്ങനെ നോക്കും എന്നതായിരുന്നു സത്യം.

എന്തായാലും ഉച്ചയ്ക്ക് ഒരു മണിക്ക് തന്നെ പാലക്കാട്ടേക്ക് പോകാനുള്ള സൂപ്പര്‍ ഫാസ്റ്റ് വന്നു.(ഇന്നും അതെ സമയംതന്നെ എന്ന് തോന്നുന്നു.) ഏതാണ്ട് രാത്രി എട്ടു മണിക്കേ ഈ ആനവണ്ടി പാലക്കാട്ടെത്തൂ..ഞങ്ങള്‍ മൂവരും ബസില്‍ കയറി. ഞാന്‍ പ്രായത്തില്‍ കുറഞ്ഞവെന്ന കാരണം പറഞ്ഞു എന്നെ ജനാലയക്കരുകില്‍ ഇരുത്തി.. എന്നാല്‍ ഇടയിലൂടെ പോകുന്നവരെ കൈകൊണ്ടു മുട്ടാനുള്ള സൂത്രമാണ് ഇതെന്ന് നമ്മുടെ കസിന്‍ പിന്നീടാണ് എനിക്ക് പറഞ്ഞു തന്നത്.നമ്മുടെ കാരണവര്‍ ആകട്ടെ മറ്റൊരു സൈഡ് സീറ്റ് പിടിച്ചു ഉറങ്ങാനുള്ള ശ്രമത്തിലും.ബസ് അങ്ങനെ പത്തനംതിട്ടവിട്ടു.. ഇതിനിടയില്‍ പത്തനംതിട്ടയില്‍ നിന്നു കയറിയ ചിലപെങ്കുട്ടികളെ കണ്ണും കൊണ്ടുള്ള അഭ്യാസത്താല്‍ നമ്മുടെ കസിന്‍ കൈകാര്യം ചെയ്തുകൊണ്ടിരുന്നു.

അങ്ങനെ ബസ് മുമ്പോട്ട്‌ പോയി കുറെ കഴിഞ്ഞു ഒരു സ്ഥലം എത്തിയപ്പോള്‍ ഒരു സുന്ദരിയായ പെണ്‍കുട്ടിയും അല്പം പ്രായമുള്ള കാരണവരും നില്ക്കുന്നത് കണ്ടു..നമ്മുടെ കസിന്‍ പുറകിലോട്ടു തിരിഞ്ഞു പെണ്‍കുട്ടിയെ നോക്കുന്നത് കണ്ടു.പക്ഷെ ഈ സ്ഥലം പുള്ളിയുടെ റേഞ്ചില്‍ പെട്ടതല്ല എന്ന തിരിച്ചറിവുകൊണ്ടായിരിക്കും കൂടുതല്‍ സാഹസത്തിനു പോകാതെ വേറെ അങ്ങോട്ടും ഇങ്ങോട്ടും നോക്കികൊണ്ടിരുന്നു..പക്ഷെ ഈ യാത്രയുടെ ആദ്യം മുതലേ ഇതെല്ലം കണ്ടുംകേട്ടും ആതിപൂതിയിളകി അന്തംവിട്ടുകണ്ണുംതള്ളി വികാരവിജ്രംഭിതനായി ഇരുന്ന ഞാന്‍ ഒരു കടുംകൈ ചെയ്യാന്‍ തീരുമാനിച്ചു. നേരെ ആ കുട്ടിയെ നോക്കി ഒന്നു കണ്ണിറുക്കി.പക്ഷെ എന്തോ ഏറ്റില്ലയെന്നു കരുതി വീണ്ടും ഇറുക്കിയപ്പോള്‍ വെറുപ്പോടെ പെണ്‍കുട്ടി മുഖം തിരിച്ചപ്പോള്‍ സംഭവം ചെന്നു കൊണ്ടു എന്ന് മനസ്സിലായി.

പക്ഷെ എന്‍റെ കഷ്ടകാലത്തിന് കോട്ടയം ബസ്സ്റ്റാന്റിന് വെളിയില്‍ വെച്ചാണിത് സംഭവിച്ചത്.. കോട്ടയം ബസ്സ്റ്റാണ്ട് ആയെന്നോ ഇതു അതിന് വെളിയില്‍ ആണെന്നോ ഒന്നും എലിയെതാ,പന്നിയെതാ,ട്രാന്‍സ്ഫോര്‍മര്‍ ഏതാ എന്നറിയാത്ത ഞാന്‍ ഉണ്ടോ അറിയുന്നു.. പക്ഷെ കഷ്ടകാലത്തിന് കല്ലെറിഞ്ഞാല്‍ അതും കാളയ്ക്കിട്ടു കൊള്ളും എന്ന് അന്നറിഞ്ഞു. ആ പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്ന കാരണവരും സ്റ്റാന്‍ഡില്‍ വെച്ചു ഞങ്ങളുടെ ബസില്‍ കയറി. എന്‍റെ നേരെ മുന്നിലുള്ള സീറ്റില്‍ ഇരിപ്പുറപ്പിച്ച ശേഷം "ആലത്തൂര്‍ രണ്ടു ടിക്കറ്റ്" എന്ന് പറഞ്ഞപ്പോള്‍ സത്യത്തില്‍ തലയില്‍ വെള്ളിടി വെട്ടി.കാരണം എനിക്കിറങ്ങാനുള്ള സ്റ്റോപ്പും അതുതന്നെ.

അങ്ങനെ നല്ലകുട്ടിയായി ഞാന്‍ ആലത്തൂര്‍ വരെയിരുന്നു.ആലത്തൂര്‍ എത്തി ഞങ്ങള്‍ ഓട്ടോ വിളിച്ചു മാതുലന്‍റെ വീട്ടില്‍ ചെല്ലുന്നവരെ ഞാന്‍ ഉള്ളില്‍ അറിയാവുന്ന ദൈവങ്ങളെ മുഴുവന്‍ പ്രാര്‍ത്ഥന നടത്തുകയായിരുന്നു. പക്ഷെ മാതുലന്‍റെ വീട്ടില്‍ എത്തി പിറ്റേന്ന് വൈകിട്ട് മാതുലപുത്രി എന്നെ അതിന്‍റെ കൂട്ടുകാരിയുടെ വീട്ടിലേക്ക് കൊണ്ടുപോയി. ആ കുട്ടിയുടെ വിവാഹ നിശ്ചയമായിരുന്നു അടുത്ത ദിവസം..

ആ വീട്ടിലെത്തി കൂട്ടുകാരിയെ കണ്ട എന്നെ ശരീരത്തെ രോമങ്ങള്‍ തുടക്കക്കാരന്‍റെ ബ്ലോഗില്‍ വിശാലമനസ്കന്‍ കമന്‍റ് ഇട്ടാല്‍ ബ്ലോഗര്‍ക്കുണ്ടാവുന്ന അമ്പരപ്പ് പോലെ എഴുന്നേറ്റു നിന്നു.. ജെല്ല് പുരട്ടിയാലും ഇരിക്കില്ലായെന്ന മട്ടിലെ രോമങ്ങളുടെ പ്രതികരണങ്ങള്‍ക്ക് കാരണം ആ കൂട്ടുകാരി തലേന്ന് ഞാന്‍ കണ്ണിറുക്കിയ സുന്ദരിയായിരുന്നു. തലേന്ന് അച്ഛനുമൊത്ത് കോട്ടയത്തുള്ള ബന്ധുവിനെ വിവാഹ നിശ്ചയത്തിനു ക്ഷണിക്കാന്‍ പോയതായിരുന്നു ആകുട്ടി..

പക്ഷെ എന്നെ മനസ്സിലായില്ല എന്നതാണോ അതോ അല്പം തറവാടിത്തം ഉണ്ടായിരുന്നതിലാണോ എന്തോ എന്നെ ആ പെണ്‍കുട്ടി നാറ്റിച്ചില്ല. എന്‍റെ സ്വഭാവഗുണത്തെ പറ്റി മാതുല പുത്രി വാഴ്ത്തിയപ്പോള്‍ മെഴുകില്ലാതെ തിരിമാത്രം കത്തിച്ചാല്‍ എന്നതുപോലെ ഞാന്‍ പെട്ടെന്ന് കത്തിതീര്‍ന്നു..

പക്ഷെ "അന്നേപോയീ രാതൂറ്റല്‍" എന്നതുപോലെ പിന്നീട് ജീവിതത്തില്‍ ഒരു പെണ്ണിനേയും കണ്ണിറുക്കി കാട്ടിയിട്ടില്ല.

Monday, January 12, 2009

40.പരേതനും കുളത്തുമണ്ണും

പ്രീയപ്പെട്ടവരെ,

വളരെ കുറച്ചുപേര്‍ക്ക്‌ മാത്രം അറിയാവുന്ന ഒരു രഹസ്യമാണ് ഇപ്പോള്‍ പരസ്യമായത്. ഞാന്‍ കുളത്തുമണ്‍ എന്ന ബ്ലോഗ് തുടങ്ങിയിട്ട് അഞ്ചുമാസം ആയി. ബ്ലോഗ് തുടങ്ങി രണ്ടുമാസം കഴിഞ്ഞപ്പോഴാണ് സാമ്പത്തികമാന്ദ്യം എന്ന ഭൂതം ലോകത്തെ ആക്രമിച്ചു തുടങ്ങിയത്.

എന്നാല്‍ ആദ്യം മുതലേ കുളത്തുമണ്‍ ബ്ലോഗിന്‍റെ ട്രാക്ക് നര്‍മ്മവും വല്ലപ്പോഴും ഓരോ സീരിയസ് കഥയും എന്നുള്ളതായതിനാല്‍ സാമൂഹികപ്രശ്നങ്ങളും, ലോകകാര്യങ്ങളും ഈ ബ്ലോഗിലൂടെ എഴുതുവാന്‍ ചില ബുദ്ധിമുട്ട്‌ നേരിട്ടത്‌. അതേപോലെ സമൂഹത്തിലെ ചില വൃത്തികേടുകളെ എഴുതി ഈ ബ്ലോഗിനെ മലീമസമാക്കാനും താല്പര്യമില്ലായിരുന്നു. എന്നാല്‍ സമൂഹജീവി എന്നതുകൊണ്ട് അതിനോടൊക്കെ പുറം തിരിഞ്ഞു നില്‍ക്കാനും കഴിയില്ലാ എന്നുള്ളതുകൊണ്ട് ബ്ലോഗ് ഒരു മാധ്യമം ആക്കിയെന്നു മാത്രം.
അതോടൊപ്പം ചില വികല ചിന്തകളും പിടികൂടി, . ഭൂലോകത്ത് വരുന്ന സാമ്പത്തിക പ്രതിസന്ധി പരലോകത്തെ എങ്ങനെ ബാധിക്കും,എത്ര രൂക്ഷം ആവും,അതിന്‍റെ പ്രതിവിധികള്‍ തുടങ്ങിയവ..

എന്നാല്‍ എന്‍റെ സ്ഥിരം ശൈലിയായ നര്‍മ്മവും കൂടി കലര്‍ത്തി പരേതന്‍ തുടങ്ങിയപ്പോള്‍ വായനക്കാരില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചു.എന്നാല്‍ ഇതു വലിച്ചു നീട്ടി കൊണ്ടുപോകാതെ നല്ല വായനക്കാര്‍ ഉള്ളപ്പോള്‍ തന്നെ നിര്‍ത്തുന്നു.പരേതനു ലഭിച്ച പിന്തുണയെ ഞാന്‍ ഈ അവസരത്തില്‍ നന്ദിയോടെ ഓര്‍ക്കുന്നു.
പരേതനില്‍ വന്നു വായിച്ചവര്‍ക്കും,കമന്‍റിട്ടവര്‍ക്കും ഇടാതെ പോയവര്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ..

പരേതന്‍ എന്ന ബ്ലോഗ് പൂട്ടുന്നില്ല.. തുടര്‍ന്ന് എഴുതുന്നില്ല എന്ന് മാത്രം. അവിടെ പ്രസിദ്ധീകരിച്ച മുപ്പതു പോസ്റ്റുകള്‍ വായിക്കുകയും അതിനൊക്കെ കമന്‍റുകള്‍ ഇടുകയും ആവാം.
എല്ലാര്‍ക്കും ഒരിക്കല്‍ കൂടി പരേതന്‍റെയും എന്‍റെയും പേരില്‍ നന്ദി പറഞ്ഞു കൊള്ളട്ടെ..

ഇടയ്ക്ക് ഞാന്‍ സാക്ഷാല്‍ ബെര്‍ലിയ്ക്കും പരേതനില്‍ ഒരു പണി കൊടുത്തു. എന്നാല്‍ ഈ കാര്യം പറഞ്ഞപ്പോള്‍ വളരെ തമാശയായി എടുത്ത്‌ എനിക്ക് പിന്തുണ തന്ന ബെര്‍ളിയെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.പരേതനില്‍ വന്ന വിശാലമനസ്കന്‍,കാപ്പിലാന്‍,കുറുപ്പിന്‍റെ കണക്കു പുസ്തകം,മാളൂ,എം.എസ്.രാജ്,സ്മിതാ ആദര്‍ശ്,അനില്‍@ബ്ലോഗ്,നട്ടപിരാന്തന്‍,സെനു ഈപ്പന്‍ തോമസ്, അച്ചായന്‍,ചാണക്യന്‍,അങ്കിള്‍,വിനോദ്,തുടങ്ങി ആ നിര നീളുന്നു.എല്ലാര്‍ക്കും നന്ദി പറഞ്ഞു കൊള്ളട്ടെ..

ഇനിയും നിങ്ങള്‍ക്ക് പോസ്റ്റ് മാര്‍ട്ടത്തിനായി പരതനെ വിട്ടുതരുന്നു.പരേതന്‍ നിര്‍ത്തി എന്ന് കരുതി ആ രീതി ഒരിക്കലും കുളത്തുമണ്ണില്‍ കാണില്ല.. എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദിപറഞ്ഞു കൊള്ളട്ടെ..

സസ്നേഹം
ദീപക് രാജ്

N.B.:- അതുകൊണ്ട് ബൂലോകത്തുള്ള എല്ലാ മുഖമില്ലാത്ത ആളുകളുടെയും ബ്ലോഗുകള്‍ എന്‍റെ തലയില്‍ കെട്ടിവേയ്ക്കല്ലേ. അതൊന്നും താങ്ങാനുള്ള ത്രാണിയില്ലാത്ത ഒരു പാവം ബ്ലോഗറാണ് ഈ ദീപക് രാജ്

Thursday, January 8, 2009

39.ചികിത്സ

മുടി ചീകികൊണ്ടിരുന്നപ്പോളാണ് വാതിലില്‍ മുട്ട് കേട്ടത്.. ആരാടാ..ഒന്നാമത്തെ ഇന്നല്പം ലേറ്റാ.. ആ സോമനാഥ് ഡോക്ടര്‍ വരാന്‍ പറഞ്ഞതു തന്നെ വലിയ കാര്യം..അല്ലെങ്കിലും ചിലപ്പോള്‍ തോന്നാറുണ്ട് ഈ മെഡിക്കല്‍ റെപ്പിന്‍റെ ജോലിയും കളഞ്ഞു നേരെ നാട്ടില്‍ പോയി അന്തസ്സായി കൃഷിചെയ്തു ജീവിക്കാന്‍.

മാനം മര്യാദയ്ക്ക് ജീവിക്കാന്‍ നാട്ടിലുള്ള മൂന്നേക്കര്‍ റബ്ബറും അറുപതുപറ പാടവും ധാരാളം..അച്ഛന്‍ മരിക്കുന്നതിനു മുമ്പെ ജീവിക്കാനുള്ള വക ഉണ്ടാക്കിയിട്ടിട്ടാ പോയത്..അമ്മയ്ക്കും പെന്‍ഷന്‍ കിട്ടുന്നത് കൊണ്ടു വേവലാതി പെടേണ്ട കാര്യം ഇല്ല.. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചത് കൊണ്ടാകാം ടൈ കെട്ടിയില്ലെങ്കില്‍ ജട്ടി ഇടാത്ത ഫീലിംഗ് ഉണ്ടാവുന്നത്..

വാതില്‍ തുറന്നു നോക്കി..ഓ മേനോന്‍ സാര്‍.ഒരു എക്സ് സര്‍വീസ്കാരനാ.മിലിട്ടറിയില്‍ മേജറോ മൈനറോ ഏതാണ്ടായിരുന്നു.
എന്താടാ ശവി രാവിലെ കെട്ടിയെടുത്തത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..പക്ഷെ ഈ കല്‍ക്കട്ടയില്‍ ഞാന്‍ സിതാരയെ കൊണ്ടുവരുമ്പോള്‍ ആകെ പരിചയം ഉള്ളതും സഹായം ചെയ്തതും മേനോന്‍ സാര്‍ ആയിരുന്നല്ലോ..പിന്നെങ്ങനെ മുഖം കറുപ്പിച്ചു വല്ലതും ചോദിക്കാന്‍ കഴിയും..

"എന്താ സാറേ ഇത്ര രാവിലെ. ഞാന്‍ പോകാനൊരുങ്ങുകയായിയിരുന്നു."

കാര്യങ്ങള്‍ വേഗം അവതരിപ്പിച്ചു വേഗം കട്ടയും പടവും മടക്കാന്‍ ഏറ്റവും മാന്യമായ രീതിയില്‍ ഈ ചോദ്യം തന്നെ ധാരാളം..

"അരവിന്ദേ..നിനക്കറിയാമല്ലോ എന്‍റെ മകള്‍ ജലജയെ..?"

"എങ്ങനെ അറിയാതിരിക്കും എന്‍റെ മേനോന്‍ സാറേ.. എന്‍റെ കല്യാണത്തിന് മുമ്പെ അവളായിരുന്നലോ എന്‍റെ സ്വപ്നത്തിലെ സ്ഥിരം നായിക..അവള്‍ക്കെന്തു പറ്റി സാറേ"

എന്ന് ചോദിക്കണം എന്ന് തോന്നി.. പക്ഷെ തന്തയല്ലേ.. പെണ്ണ് കെട്ടിയിട്ടും നിന്‍റെ ചോദ്യ രീതി ഒരു അഴകൊഴമ്പന്‍ അല്ലേയെന്ന് ചോദിച്ചാല്‍ കുടുങ്ങിയത് തന്നെ..

"അവള്‍ ഇന്നലെ എത്തി.. തിങ്കളാഴ്ച രാത്രി തിരിച്ചു പോകും. "

ഞാന്‍ കലണ്ടറില്‍ നോക്കി..ഇന്നു വെള്ളി..ഇനിയും രണ്ടു ദിവസം ഉണ്ടല്ലോ പിന്നെന്താ...അല്ല അതിന് ഞാന്‍ എന്ത് ചെയ്യണം..അവളെ ഒരു സിങ്കപ്പൂരുകാരന്‍ മേനോന്‍ ചെറുക്കന്‍ കെട്ടികൊണ്ട് പോയതല്ലേ. പിന്നെ ഞാന്‍ എന്തിന് ഇതെല്ലാം അറിയണം..

പണ്ടു അവളെ കെട്ടിച്ചു തരാന്‍ ഒരു ഇടനിലക്കാരന്‍ വഴി ആലോചിച്ചപ്പോള്‍ മേനോന്‍ സാറിന് മേനോനില്‍ നിന്നും ഒരു സ്റ്റെപ് താഴെ ഇറങ്ങി നായരായ തനിക്ക് മോളെ കെട്ടിച്ചു തരാന്‍ അല്പം വിഷമമായിരുന്നു..പിന്നെ ഞാന്‍ പെണ്ണ് കെട്ടി വന്നപ്പോള്‍ വേറെ ആരും സഹായത്തിനില്ല എന്ന് കരുതി ആ അനിഷ്ടങ്ങള്‍ കാണിച്ചില്ല എന്നുമാത്രം..

"എന്താ മേനോന്‍ സാറേ കാര്യം ..ഞാന്‍ അല്പം തിരക്കിലാ..വേഗം പറഞ്ഞാല്‍ കൊള്ളാമായിരുന്നു..ഇന്നു ആ സോമനാഥ് ഡോക്ടറുമായി സമയം പറഞ്ഞു വച്ചിരിക്കുവാ..സാറിനറിയാലോ അങ്ങാര്‍ക്ക് മെഡിക്കല്‍ റെപ്പ് എന്ന് കേട്ടാലെ കലിയാ. ഇനി താമസിച്ചാല്‍ അത് മതി.."

തിരക്ക് അല്പം വളരെ മാന്യമായി കാണിച്ചു കൊടുത്തു..

"അരവിന്ദേ കാര്യം പറയാം..ജലജയ്ക്ക് കുട്ടികള്‍ ഉണ്ടാവാന്‍ ചില പ്രശ്നങ്ങള്‍..സിംഗപൂരില്‍ കുറെ ചികില്‍സിച്ചു..പക്ഷെ ഇപ്പോള്‍ വല്ല സ്വാമിമാരെയോ കാണാമെന്ന തീരുമാനം. അന്ന് താനെതോ സ്വാമിയെ കണ്ടെന്നു പറഞ്ഞില്ലേ..അതാ കാര്യം.."

"എടാ മേനോനെ..അപ്പോള്‍ മലയുടെ കീഴെ എലി വന്നു..."

മനസ്സില്‍ അല്പം സന്തോഷം തോന്നി..എനിക്കും സിതാരയ്ക്കും കുട്ടികളുണ്ടാവാതെ ഇരുന്നപ്പോള്‍ കുറെ ചികിത്സ നോക്കിയിരുന്നു..

ഇന്ത്യന്‍ ഓട്ടക്കാരെപോലെ ചലനശേഷി കുറഞ്ഞ എന്‍റെ ബീജങ്ങളെ മരുന്ന് കൊടുത്തു ബെന്‍ ജോണ്‍സണെ പ്പോലെ ഓടിച്ചു കുട്ടികള്‍ ഉണ്ടാക്കിയ കാര്യം പറയാതെ ഒരു സ്വാമിയെ കണ്ടു എല്ലാം ശരിയാക്കി എന്ന് മാത്രമെ മേനോന്‍ സാറിനോട് പറഞ്ഞിരുന്നുള്ളൂ.. അല്ലെങ്കില്‍ ആരുടെ പ്രശ്നം എന്ത് പ്രശ്നം എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി കൊടുക്കാനുള്ള മടിയായിരുന്നു.

ഇനി മേനോന്‍ സാറിനെ എന്ത് പറഞ്ഞു ഒഴിവാക്കണം എന്ന ചിന്തയായിരുന്നു.

"സാര്‍ ഒരു കാര്യം ചെയ്യ്.നമുക്കു വൈകിട്ട് പോകാനുള്ള കാര്യം നോക്കാം..ഇപ്പോള്‍ ഞാന്‍ തിരക്കിലാ. പിന്നെ സ്വാമി അയ്യായിരമാ വാങ്ങിക്കുന്നത്.."

ഏതായാലും സാറിന്‍റെ ശല്യം ഒഴിഞ്ഞല്ലോ എന്ന് കരുതി വേഗം പുറപ്പെടനോരുങ്ങി.. പെട്ടെന്ന് മുറിയില്‍ സോഫയോടെ ചേര്‍ന്നു കിടന്ന സീസര്‍ ഒന്നു മുരണ്ടു... സീസര്‍ ലാബ്രഡോര്‍ നായയാണ്‌..സിതാര പ്രസവത്തിനു നാട്ടില്‍ പോയശേഷം ഇവനാണ് കൂട്ട്.
സീസറിന് ഡോഗ് ബിസ്ക്കറ്റും കൊടുത്തു വേഗം സോമനാഥ് ഡോക്ടറുടെ വീട്ടിലേക്ക് ബൈക്കോടിച്ചു..

പക്ഷെ വൈകിട്ട് പ്രതീക്ഷ തെറ്റിച്ചു കൊണ്ടു മേനോന്‍സാര്‍ എത്തി..കുറച്ചുനേരം എന്ത് പറയണം എന്ന് മനസ്സിലായില്ല. കുറേനേരം ഓരോന്ന് ചിന്തിച്ചിരുന്നു..
ഫ്രിഡ്ജ് തുറന്നു തണുത്ത സോഡയും പകുതി കാലിയാക്കിവച്ചിരുന്ന ബോണി സ്കോട്ട് വിസ്കിയുടെ കുപ്പിയും എടുത്തു..രണ്ടു വീശികഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം..
ഒടുവില്‍ പതിയെ സാറിനോട് പറഞ്ഞു..

"സാറേ മന്ത്രവാദം നോക്കുന്നതിനു മുമ്പെ നമുക്കു ഇവിടെഒരു ഡോക്ടര്‍ ഉണ്ട്.. എന്‍റെ ഒരു കൂട്ടുകാരന്‍റെ ഭാര്യയാണ്.. അവരെ ഒന്നു കാണിച്ചിട്ടാകാം."

എന്തോ വല്യ തൃപ്തിയില്ലാതെ സാര്‍ സമ്മതം മൂളി..പതിയെ സാര്‍ യാത്രപറഞ്ഞിറങ്ങി..

"എടാ സീസറെ.."

സീസര്‍ അടുത്തു വന്നു.
കുറെ നേരം സീസറിനെ നോക്കിയിരുന്നു..
വീണ്ടും ഒരു പെഗും കൂടി വിട്ടിട്ടു കട്ടിലിലേക്ക് മറിഞ്ഞു..
ശനിയാഴ്ച വൈകിട്ട് നേരെ മേനോന്‍ സാറിന്‍റെ വീട്ടിലേക്ക് ചെന്നു.. തന്നെ കണ്ടപ്പോള്‍ തന്നെ മേനോന്‍ സാറും ഭാര്യയും ജലജയും സന്തോഷത്തോടെ പുറത്തേക്ക് വന്നു..ഞാന്‍ ജലജയെ ഒന്നു നോക്കി..
ദൈവമേ ഇവളാകെ ഒന്നു തെളിഞ്ഞല്ലോ..മച്ചി പെണ്ണുങ്ങള്‍ക്ക്‌ സൌന്ദര്യം കൂടുമെന്ന് പറയുന്നതു ശരിയാണല്ലോ.

അറിയാതെ പാവം സിതാരയെ ഓര്‍ത്തു. ഇടഞ്ചില്‍ ഒരു ചെറിയ വിങ്ങല്‍...
എന്തിന് വിങ്ങണം സൌന്ദര്യം ആസ്വദിക്കുക അത്ര പാപമൊന്നുമല്ലല്ലോ.. ജലജ ആകെ തുടുത്തിട്ടുണ്ട്..പണ്ടു വളരെ മെലിഞ്ഞിരുന്ന പെണ്ണാ.. ഇപ്പോള്‍ വിദേശവാസം ഇവളെ ഒരു മാദകതിടമ്പാക്കിയല്ലോ എന്ന് ചിന്തിപ്പിക്കും..
നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ ജലജ ഒന്നു ഊറി ചിരിച്ചു..

"സാറേ ഇന്നു തന്നെ ഡോക്ടറെ കാണണം..ഞാന്‍ അപ്പോയ്മെന്റ് എടുത്തിട്ടുണ്ട്..എന്നാല്‍ വേഗം ഒരുങ്ങ്‌.."

ജലജയും സാറും ഞാനും കൂടി ഡോക്ടറെ കാണാന്‍ പോയി.. ഒരു ബംഗാളി ഡോക്ടറാണ്.. പതിവ് പരിശോധനകള്‍ കഴിഞ്ഞു ഒരു പിടി ഗുളികള്‍ കൊടുത്തു..കൂടെ കുറെ ഉപദേശവും..
ഡോക്ടറെ കണ്ടു തിരികെയെത്തിയപ്പോള്‍ നേരം ഉച്ചയായി. സാറും ഭാര്യയും ഉച്ചഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒഴിയാന്‍ കഴിഞ്ഞില്ല..

ഭക്ഷണം കഴിഞ്ഞു നേരെ വീട്ടില്‍ എത്തി.. മേനോന്‍ സാറിന്‍റെ വീട്ടിലെ ആഹാരം കൂടുതല്‍ കഴിച്ചത് കൊണ്ടു ഉറങ്ങിപ്പോയി..
സന്ധ്യായപ്പോള്‍ വാതിലില്‍ ആരോ മുട്ടി.. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ജലജ..

ഞാന്‍ ഒന്നുകൂടി കണ്ണുകള്‍ അടച്ചു തുറന്നു.. ഈ നേരത്ത് ഇവളെ ഒട്ടും പ്രതീക്ഷിച്ചില്ല..

"എന്താ ജലജെ. മേനോന്‍ സാറെവിടെ പോയി.."

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു..

"അച്ഛനും അമ്മയും കൂടി മാരോബസാറിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ പോയി.ഇനി വരുമ്പോള്‍ രാത്രിയാവും.. എനിക്ക് തലവേദന ആണെന്ന് പറഞ്ഞു ഞാന്‍ പോയില്ല.."

ജലജ അകത്തേക്ക് കയറി.. സീസര്‍ ഒന്നു മുരണ്ടു കൊണ്ടു സോഫയുടെ അടിയിലേക്ക് നീങ്ങിക്കിടന്നു..

"ചോദിക്കുന്നത് കൊണ്ടു മറ്റൊന്നും തോന്നരുത്‌.. നിങ്ങളില്‍ ആര്‍ക്കാ പ്രശ്നം...നിങ്ങളുടെ വീട്ടില്‍ വെച്ചു ചോദിക്കാനാവില്ല. അത് കൊണ്ടാ ഞാന്‍ ചോദിക്കാഞ്ഞത്.."

എന്‍റെ ചോദ്യത്തില്‍ അല്പം വിറയല്‍ കലര്‍ന്നിരുന്നു..

"എന്താ അരവിന്ദേ ഞാന്‍ പറയുക... കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവില്ല..ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കരുത്.."

ജലജയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ അവളുടെ കണ്ണ് തുടച്ചു...
എന്നെ അമ്പരപ്പിച്ചു കൊണ്ടു അവള്‍ എന്നിലേക്ക്‌ ചാഞ്ഞു..
എന്‍റെ കണ്ണുകളില്‍ തെരുതെരു ചുംബിച്ചുകൊണ്ടവള്‍ മെല്ലെ മന്ത്രിച്ചു..

"ഒരിക്കല്‍ എന്നെ ഇഷ്ടമാല്ലായിരുന്നോ നിനക്കു..എന്നാല്‍ ഇപ്പോള്‍ ചോദിക്കുവാ..ഒരു കുഞ്ഞിനെ തന്നുകൂടെ നിനക്കു.."

എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി..എന്തോ ഞാന്‍ ഒരു മായാലോകത്തായിരുന്നു..
എന്താണ് സംഭവിക്കുന്നതെന്നോ സംഭവിച്ചതെന്നോ എനിക്കറിയില്ല..ഞാന്‍ എഴുന്നേറ്റപ്പോഴേക്കും ജലജ പോയിക്കഴിഞ്ഞിരുന്നു.

രണ്ടു ദിവസം എങ്ങനെ കഴിഞ്ഞു എന്നറിയില്ല.. തിങ്കളാഴ്ച വൈകിട്ട് ജലജയെ സിംഗപ്പൂരിലേക്ക് യാത്ര അയച്ചിട്ട് മേനോന്‍സാര്‍ വന്നു.
എനിക്ക് മേനോന്‍ സാറിനെ നോക്കാന്‍ അല്പം മടിയുണ്ടായിരുന്നു..
പക്ഷെ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു പുഞ്ചിരിക്കാന്‍ ശ്രമിച്ചു..
മേനോന്‍ സാര്‍ തന്നെ കെട്ടിപിടിച്ചു..

"അരവിന്ദേ.. പണ്ടത്തെ പിണക്കം മനസ്സില്‍ വക്കാതെ ഇന്നു ഞങ്ങളുടെ കൂടെ ഡോക്ടറെ കാണാന്‍ വന്നതില്‍ വളരെ നന്ദിയുണ്ട്.. എല്ലാം ശുഭമായി നടക്കും എന്ന് തോന്നുന്നു."

എന്ത് പറയണം എന്നറിയാതെ നില്‍ക്കുമ്പോള്‍ മേനോന്‍ സാര്‍ തിരികെ നടന്നു.

വീണ്ടും തിരക്കുള്ള കുറെ ദിവസങ്ങള്‍..
മൂന്നുമാസം കഴിഞ്ഞു സിതാരയുടെ പ്രസവത്തിനായി നാട്ടിലേക്ക് പോയി.. ഒരു ദിവസം സന്ധ്യ സമയത്താണ് ഫോണ്‍ വന്നത്..
അങ്ങേ തലയ്ക്കല്‍ മേനോന്‍ സാര്‍...

"അരവിന്ദേ.. അന്ന് നമ്മള്‍ ഡോക്ടറെ കണ്ടത് ഗുണം ചെയ്തു എന്ന് തോന്നുന്നു....ജലജ ഫോണ്‍ ചെയ്തിരുന്നു.... അവര്‍ അമ്മയാകാന്‍ പോകുന്നുവെന്ന് പറഞ്ഞു .."

എന്ത് പറയണം എന്നറിയാതെ നിന്ന തന്‍റെ കൈയില്‍ നിന്നു ഫോണ്‍ നിലത്തു വീണു..
ഒരു നിമിഷം ജലജ വന്ന ആ സന്ധ്യയും എല്ലാം മനസിലൂടെ ഓടിയെത്തി..
ഒപ്പം മുത്തച്ഛന്‍ ആകാന്‍ പോകുന്നതില്‍ സന്തോഷിക്കുന്ന മേനോന്‍ സാറിന്‍റെയും അമ്മയാവാന്‍ കാത്തിരിക്കുന്ന സിതാരയുടെയും ജലജയുടെയും മുഖങ്ങള്‍....

കണ്ണിലൂടെ രണ്ടു തുള്ളി കണ്ണുനീര്‍ ഒലിച്ചിറങ്ങി...

Sunday, January 4, 2009

38.കരണ്ടി കിടയ്ക്കുമാ....??

(സാധാരണ ഞാന്‍ ഓരോ കൂട്ടുകാരുടെ അമളികളെപറ്റിയാണ് പറയുന്നതെങ്കില്‍ ഇത്തവണ കളം മാറി ചവിട്ടുന്നു.. വനിതാ സംവരണം നടപ്പാക്കുന്ന ഈ കാലത്ത് അവരേക്കുറിച്ചും പറയേണ്ടേ.. ഇതില്‍ നടന്നതും സംഭവകഥ തന്നെ..ഒട്ടും പൊടിപ്പും തൊങ്ങലും ചേര്‍ക്കാനും കഴിയില്ല.. കാരണവും കഥാപാത്രത്തെയും അവസാനം പരിചയപ്പെടുത്താം.)

ഇതു നടന്നത് ദൂരെ ദൂരെ ഒരു കൊച്ചു ഗ്രാമത്തില്‍. എന്ന് വെച്ചാല്‍ കോട്ടയം ജില്ലയിലെ ഒരു കൊച്ചു ഗ്രാമം.. കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ നിര്‍വാഹമില്ല.. നമ്മുടെ കഥാനായികയുടെ വീടിനടുത്തായി ഒരു വീടുപണി നടക്കുന്നുണ്ട്.. പണിക്കാര്‍ മുഴുവനും പാണ്ടികള്‍ എന്ന ഓമനപ്പേരില്‍ വിളിക്കുന്ന തമിഴന്മാര്‍.

പണിക്കാര്‍ തമിഴന്‍സ് എല്ലാം വെപ്പും കുടിയും പണിസൈറ്റില്‍ തന്നെ തുടങ്ങാന്‍ തീരുമാനിച്ചപ്പോള്‍ വെള്ളം കോരാന്‍ നമ്മുടെ കഥാനായികയുടെ വീട്ടിലാണ് വന്നത്.. ഒരു ദിവസം രാവിലെ ഒരു ചിന്നപാണ്ടി(മൈക്കാട് പണിചെയ്യുന്ന പാണ്ടിപയ്യന്‍) കഥാനായികയുടെ വീട്ടില്‍ എത്തി ഒരു കരണ്ടി ചോദിച്ചു... (കരണ്ടി എന്നാല്‍ തവി എന്നര്‍ത്ഥം.. ചോറ് കോരാന്‍ തവി വേണം.) ചോദിച്ചത് ഇങ്ങനെ

" അക്ക ഒരു കരണ്ടി കിടയ്ക്കുമാ.?"

തമിഴില്‍ വല്ല്യ ഗ്രാഹ്യം ഇല്ലാതെ പെണ്‍കൊടി ആദ്യം ഒന്നാലോചിച്ചു... മേസ്തിരി പണിയ്ക്കുപയോഗിക്കുന്ന കരണ്ടി എന്തായാലും ചോദിക്കില്ല.. കാരണം അവരുടെ കൈയില്‍ കാണുമല്ലോ.. കുറേനേരം ആലോചിച്ചപ്പോള്‍ ട്യുബ് ലൈറ്റ് കത്തിയ പെണ്‍കൊടി അല്പം അകലെയുള്ള ഒരു വീട് ചൂണ്ടിക്കാട്ടി അവിടെ കിട്ടുമെന്ന് പറഞ്ഞു കുട്ടിപാണ്ടിയെ അങ്ങോട്ടയച്ചു.. അവിടെ ചെല്ലുന്നതിനു മുമ്പെ തന്നെ പയ്യന്‍ വന്നാല്‍ കരണ്ടി കൊടുക്കാന്‍ നമ്മുടെ കഥാനായിക ഫോണ്‍ വിളിചേര്‍പ്പാടും ചെയ്തു..തന്‍റെ കടമ നിര്‍വഹിച്ചതില്‍ സന്തുഷ്ടയായ പെണ്‍കൊടി മറ്റുപണികളില്‍ ഏര്‍പ്പെടുകയും ചെയ്തു..

പക്ഷെ അവിടെ ചെന്ന പാണ്ടിപയ്യനെ കാത്തിരുന്നത് "പാതാളകരണ്ടി" എന്ന കിണറ്റില്‍ തോട്ടിയും കയറും വീഴുമ്പോള്‍ എടുക്കുന്ന ചുറ്റും കൊളുത്തുകള്‍ ഉള്ള കുണ്ടാമാണ്ടിയായിരുന്നു..ഇതു കണ്ടു ഭയന്ന പാണ്ടിപയ്യന്‍ നേരെ നമ്മുടെ പെണ്‍കൊടിയുടെ വീട്ടില്‍ എത്തി തന്നെ കളിയാക്കി എന്നും പറഞ്ഞു പൂരതെറിവിളിയായിരുന്നു.. (പിന്നീട് വളരെയേറെ പ്രശ്നങ്ങള്‍ ഉണ്ടാക്കിയ ഈ സംഭവത്തിലെ പറയുവാന്‍ കൊള്ളാവുന്ന ഭാഗം ഇത്രമാത്രം..)

ആദ്യത്തേതില്‍ പാണ്ടിപയ്യന്‍ ഭാഷാപ്രശ്നം എന്ന വിധിയുടെ ക്രൂരവിളയാട്ടത്തിന് ഇരയായെങ്കില്‍ രണ്ടാമത്തേതില്‍ മറ്റൊരു തമിഴ്നാട്ടുകാരന്‍ തന്നെ വീണ്ടും ഇരയാകേണ്ടി വന്നത് മറ്റൊരു വിധിയുടെ കളിയാട്ടമെന്നാല്ലാതെ എന്ത് പറയാന്‍..

ഇത്തവണ ഈ ഗ്രാമത്തില്‍ തുണി ഇന്‍സ്റ്റാള്‍മെന്‍റ് കൊടുക്കുന്ന തമിഴ്നാട്ടുകാരന്‍റെ സഹായിയായിരുന്നു ഇര. തുണി കൊടുത്തിരുന്ന തമിഴ്നാട്ടുകാരന്‍ ബൈക്ക് ആക്സിഡന്റില്‍ കാലൊടിഞ്ഞു കിടപ്പായതിനാല്‍ തന്‍റെ സഹായിയെ ആണ് ഒരു മാസമായി കളെക്ഷന് വിട്ടിരുന്നത്.. നാടും നാട്ടാരെയുമായി വല്യപരിചയമില്ലാത്ത കളെക്ഷന്‍ പയ്യന്‍ വീട് തെറ്റി നമ്മുടെ കാഥാനായികയുടെ വീട്ടിലേക്ക് വന്നു..

പക്ഷെ ഈ സമയം ഡല്‍ഹിയില്‍ നഴ്സിംഗ് പഠിത്തം കഴിഞ്ഞു അവധിയില്‍ നാട്ടിലെത്തിയിരുന്ന പെണ്‍കൊടി രാവിലെ ഉറക്കം എഴുന്നേറ്റപടി അടുക്കളയില്‍ ഇരുന്നു കട്ടന്‍കാപ്പി കുടിക്കുകയായിരുന്നു.. ഉറക്കച്ചവിടോടെ കണ്ടതിനാലകം ഈ പയ്യനെ തന്‍റെ കസിനായ (ഇവനെ കണ്ടാല്‍ കസിനെ പോലെയാണെന്ന് പിന്നീട് പെണ്‍കുട്ടിയുടെ പിതാവും സഹോദരിയും എന്നോട് സാക്ഷ്യപ്പെടുത്തുകയുണ്ടായി..) മണിയന്‍ ആണെന്ന് കരുതി മണിക്കുട്ടാ എന്നും വിളിച്ചോണ്ട് ഓടിചെല്ലുകയും ഭയന്നോടിയ കളെക്ഷന്‍ പാണ്ടി ഇവരുടെ കയ്യാലയില്‍ നിന്നു വീണു കാല്‍ ഉളുക്കുകയും ചെയ്തു..

അതോടെ അവന്‍ കളെക്ഷന്‍ പണി നിര്‍ത്തിയെന്നും കേട്ടു.. (ഈ പെണ്‍കുട്ടിയുടെ അടുത്തുള്ള വീട്ടിലെ സ്ത്രീയ്ക്ക് ഭ്രാന്തിന്‍റെ അസുഖമുള്ളതാണ്.. അവരാണോ എന്നും കരുതിയാണ് ഓടിയതെന്ന് പയ്യന്‍ പിന്നീട് പറഞ്ഞത്രേ...)ഏതായാലും ഈ രണ്ടു തമിഴന്മാരുടെയും ജീവിതത്തില്‍ പേടിയുടെ വിത്ത് വിതച്ച ഈ പെണ്‍കുട്ടിയെപ്പറ്റി അതും കോട്ടയം ജില്ലക്കാരിയെ പറ്റി പത്തനംതിട്ടക്കാരനായ എനിക്കെങ്ങനെ അറിയാം എന്ന നിങ്ങളുടെ ചോദ്യം തീര്‍ത്തും ന്യായമാണ്....

അറിയാം എന്ന് മാത്രമെ പറയാനൊക്കൂ.കാരണം അവളെന്‍റെ ഭാര്യയാണ്..ഇനി അടുത്തപോസ്റ്റ് ഇടാന്‍ താമസിച്ചാല്‍ ഈ പോസ്റ്റിന്‍റെ അന്തരഫലങ്ങള്‍ ആണെന്ന് കരുതിയാല്‍ മതി..

ഒന്നും ഉണ്ടാവിതിരിക്കാന്‍ കുറവിലങ്ങാട്‌ പള്ളിയില്‍ മെഴുകുതിരി കത്തിച്ചേക്കാം..

Thursday, January 1, 2009

37.അയര്‍ലണ്ടിലെ വാഹനപുരാണം.

(ആദ്യമേ പറയട്ടെ.. ഇതില്‍ സംഭവിച്ചത് സത്യം തന്നെയാണ്.. അല്പം പൊലിപ്പിച്ചു എന്നുമാത്രം.. പിന്നെ ഞാനല്ല ഇതിലെ കഥാനായകന്‍.ഒരു സംഭവകഥ വിവരിക്കുന്നു എന്ന റോള്‍ മാത്രമെ എനിക്കുള്ളൂ.. ഇങ്ങനെയും സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ സംഭവിക്കുമോ എന്ന് ഞാന്‍ തിരിച്ചു ചോദിക്കും. എന്നിട്ട് നിങ്ങള്‍ എന്തുത്തരം പറഞ്ഞാലും സംഭവിച്ചതാ.. ഭൂമിയില്‍ പിശുക്കത്തരം ഉള്ളിടത്തോളം ഇതല്ല ഇതിന്‍റെ അപ്പുറവും സംഭവിക്കണം.. ദുഷ്ടന്‍റെമുതല്‍ ഉറുമ്പരിക്കും എന്ന് കേട്ടിട്ടില്ലേ.. കണ്ടോ... അത് തന്നെ..)

മിക്കപ്പോഴും കാണുന്ന വ്യക്തിയായതിനാലും എന്‍റെ ബ്ലോഗ് സകുടുംബം വായിക്കുന്നയാള്‍ ആയതിനാലും പള്ളിയില്‍ ഇട്ട പേരോ പള്ളിക്കൂടത്തിലെ പേരോ പറയാതെ "മബു" എന്ന് വിളിക്കാം.. ഷിബു എന്ന പേരു കാരണവന്മാര്‍ റിസര്‍വ് ചെയ്തിരിക്കുന്നതുകൊണ്ട് അതിടാന്‍ വയ്യ.. "മബു" മന്ദബുദ്ധി എന്നതിന്‍റെ ചുരുക്കെഴുത്ത് ആയിട്ടെടുത്താല്‍ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്താം.

നമ്മുടെ "മബു" സാധാരണമലയാളികള്‍ അയര്‍ലണ്ടില്‍ വരുന്നതുപോലെ ഗല്‍ഫിലെല്ലാം പോയി പയറ്റി തെളിഞ്ഞു വരാതെ നേരെ ഒറ്റച്ചാട്ടത്തിനു ഇവിടെയെത്തിയ ഹതഭാഗ്യന്‍ ആണ്.. അതുകൊണ്ട് തന്നെ കസേരകളികളോ അഭ്യാസങ്ങളോ അറിയാത്ത പഞ്ചപാവം. ആരെയും പറ്റിക്കാതെ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ചു കഴിയുന്ന ഒരു സാധാരണക്കാരന്‍..

അയര്‍ലണ്ടില്‍ വന്നപ്പോള്‍ തന്നെ ഇവിടുത്തെ തണുപ്പും കാറ്റും മഴയും ഇതിയാനൊരു പ്രശ്നമായി.. അയര്‍ലണ്ടില്‍ എന്നും കൊടുംതണുപ്പും കാറ്റും മഴയും ആയതിനാല്‍ യാത്രചെയ്യാന്‍ വാഹനം നിര്‍ബ്ബന്ധം ആണ്.. വാഹനമില്ലാതെ യാതചെയ്താല്‍ ശബരിമലയില്‍ പാണ്ടികഴുത നനഞ്ഞു മലകയറുന്നത്പോലെ നടന്നു കുഴയേണ്ടിവരും. നമ്മുടെ ദേവസ്വം മന്ത്രി സുധാകരന്‍ പാണ്ടികഴുതകളെപറ്റി പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും അയര്‍ലണ്ടില്‍ നനഞ്ഞു നടക്കുന്ന "ഇത്തരം പാണ്ടികഴുതകളെ" പറ്റി ആരും പാട്ടെഴുതിയിട്ടില്ലാ എന്നതുകൊണ്ട് യാതൊരു ഗ്ലാമറും കിട്ടില്ല.. അങ്ങനെ നമ്മുടെ "മബു"വിനൊരു വണ്ടിവാങ്ങണം..

നാട്ടില്‍ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടിയാല്‍ ഇവിടെ ലൈസന്‍സ് കിട്ടില്ല എന്നൊരു വലിയപ്രശ്നം ഉണ്ടെന്നതിനാല്‍ ഇവിടെ കാര്‍ ഓടിച്ചു പഠിച്ചു ലൈസന്‍സ് എടുക്കുകയെ നിവൃത്തിയുള്ളൂ.. പക്ഷെ ഒരു മണിക്കൂര്‍ ഓടിക്കുന്നതിനു മുപ്പത്തഞ്ച് യൂറോ കൊടുക്കണം എന്നത് കണക്കുകൂട്ടിയപ്പോള്‍ സ്വന്തമായി ഒരു പഴയകാര്‍ വാങ്ങി ഓടിച്ചു പഠിച്ചു പഴയകാര്‍ വില്‍ക്കാന്‍ മേപ്പടിയാന്‍റെ ഭാര്യ ഉപദേശിച്ചു..

നാട്ടില്‍ കിടക്കുന്ന "മേയ്ഡിന്‍ കേരള" ഉല്‍പ്പന്നമായ ഭര്‍ത്താവിനെ യൂറോപ്പ് കാണിച്ച അതീവബുദ്ധിമതിയായ ഭാര്യയുടെ ഉപദേശം ശിരസ്സാവഹിച്ച "മബു" ഭാര്യയുടെ ഉപദേശപ്രകാരം ഒരു കാറ് വാങ്ങാനുള്ള സുപ്രധാനമായ തീരുമാനം എടുത്തു. (കാറിനു നാല് ടയര്‍ ഉണ്ടെന്നതായിരുന്നു ഭാര്യയ്ക്ക് ഉള്ള വാഹന സംബന്ധമായ അറിവ്..)

അങ്ങനെ എന്‍റെ മറ്റൊരു സുഹൃത്തുമായി കൂടി ഇവിടെനിന്നു "താല" എന്നൊരു മറ്റൊരു മലയാളികള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് പോയി ഒരു കാര്‍ കണ്ടു.. കേവലം പതിനെട്ട്‌ വര്‍ഷം ഒരു പഴക്കമുള്ള പുതിയ കാര്‍.
പെണ്ണ് കെട്ടാന്‍ മുട്ടിനില്‍ക്കുന്നവര്‍ അട്ടപാടിയിലെ ആദിവാസികൊളനിയില്‍ നിന്നും ഐശ്വര്യാറോയിയെ കണ്ടെടുക്കും എന്ന് കേട്ടിട്ടുണ്ട്.. കാറിന്‍റെ ഉടമയായ മലയാളിയോട് തന്‍റെ ആവശ്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഉടമ ഉള്ളാലെ ഊറി സന്തോഷിച്ചു..കാരണം ബാക്കി വായിക്കുമ്പോള്‍ മനസ്സിലാവും..

അവസാനം മുന്നൂറ്റിഅമ്പത് യൂറോ കൊടുത്തു വാങ്ങിയശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോള്‍ വണ്ടി മുരളുന്നത് പോലുമില്ല.. അവസാനം വര്‍ക്ക് ഷോപ്പില്‍ കെട്ടി വലിച്ചു പോകേണ്ടിവന്ന വകയില്‍വീണ്ടും ഒരു നൂറുകൂടി പോയി..വര്‍ക്ഷോപ്പില്‍ നാനൂറു മുടക്കിയശേഷം കൊണ്ടുവന്ന വണ്ടി അങ്ങനെ ക്രംലിനില്‍ എത്തി.. പക്ഷെ ഭാര്യക്ക്‌ വണ്ടി കണ്ടപ്പോള്‍ എന്തോ ഒരു ഏനക്കേട്.

ഒരു പക്ഷെ ഭര്‍ത്താവിനെക്കാള്‍ വിവരം ഉള്ളതുകൊണ്ടാവാം കണ്ടപ്പോഴേ സാധനം ചാത്തനാണ് എന്ന് മനസ്സിലായി..
പക്ഷെ വണ്ടി ഓടിച്ചുപഠിക്കാന്‍ തുടങ്ങി ഒരാഴയ്ക്കുള്ളില്‍ തന്നെ വണ്ടിയില്‍ ദിവസവും പെട്രോള്‍ മാത്രമല്ല വേറെയും പണം മുടക്കേണ്ടി വന്നപ്പോള്‍ വീണ്ടും ഡബ്ലിനില്‍ ഉള്ള ഒരു മലയാളി മെക്കാനിക്കിനെ കാണിച്ചു.. ആ നല്ല മനുഷ്യന്‍റെ ഉപദേശം ഇവനെ കണ്ടം ചെയ്യാനായിരുന്നു.. അല്ലെങ്കില്‍ ഫോര്‍ഡിന്‍റെ ഒരു ഫാക്ടറി വാങ്ങുന്ന പണം കൊടുത്താലും ഈ ശകടം ശരിയാവില്ല എന്നും അയാള്‍ തീര്‍ത്തും പറഞ്ഞു..


നാട്ടിലെപോലെ ആക്രികള്‍ പറക്കാന്‍ വരുന്ന പാണ്ടികള്‍ ഇല്ലാത്തതുകൊണ്ട് ഇവനെ കളയുന്നതും ഒരു പ്രശ്നമാണ്. റോഡില്‍ കൊണ്ടു കളയാന്‍ ആവില്ല.. പോര്‍ച്ചില്‍ ഇട്ടു കിടക്കാനും പറ്റില്ല.. അവസാനം വീണ്ടും മലയാളി മെക്കാനിക്കിനെ കാണിച്ചപ്പോള്‍ സ്ക്രാപ്പ് ആക്കാനായിരു‌ന്നു ഉപദേശം.. അങ്ങനെ ഡബ്ലിന്‍ വേസ്റ്റ് ആളുകളെ വിളിച്ചു വാഹനം കെട്ട് കെട്ടിക്കാന്‍ തീരുമാനിച്ചു.. പക്ഷെ ഡബ്ലിന്‍ വേസ്റ്റില്‍നിന്നും ആളുകള്‍ വന്നപ്പോള്‍ മറ്റൊരു കുരിശ് തലയിലായി.. ഇവനെ കളയണമെങ്കില്‍ വീണ്ടും നൂറ്റമ്പതുയൂറോ കൊടുക്കണം..

അവസാനം വേറെ ഗതിയില്ലാതെ ആ പണവും കൊടുത്തു "മബു" തലയൂരി..ഇപ്പോള്‍ വേറെ പുതിയ കാര്‍ വാങ്ങിയ "മബു" വാഹനം ഓടിക്കാന്‍ പഠിച്ചോ എന്നെനിക്കറിയില്ല.. പക്ഷെ അല്പം ലാഭം നോക്കി വാഹനം വാങ്ങിയാല്‍ എന്ത് പറ്റും എന്ന് തീര്ച്ചയായും പഠിച്ചുവെന്നാണ് എന്‍റെ വിശ്വാസം.

വാല്‍ക്കഷ്ണം.. ഒരു നടന്ന സംഭവം വിവരിച്ചു എന്നുമാത്രം.. വേറെയാര്‍ക്കും മണ്ടത്തരം പറ്റാതിരിക്കുമെങ്കില്‍ ഇതിന്‍റെ ഉദ്ദേശം സഫലമായി.. പിന്നെ ഇതിലെ "മബു" ഞാനല്ല.. എന്‍റെ കൈയില്‍ കാറുമില്ല.. എന്‍റെ ഭാര്യക്ക് അയര്‍ലണ്ടില്‍ ജോലി കൊടുത്തെന്ന കുറ്റമേ ഐറിഷ് സര്‍ക്കാര്‍ ചെയ്തുള്ളൂ. അതുകൊണ്ട് പാണ്ടികഴുത പോലെ നനഞ്ഞു നടന്നാലും ആരെയും വണ്ടിയിടിച്ചു കൊല്ലാന്‍തക്ക നന്ദികേട്‌ കാണിക്കാന്‍ എനിക്കാവില്ല... കാരണം എന്‍റെ ഡ്രൈവിംഗ് സ്ക്കില്‍ റേസിംഗ് ഗേമുകളില്‍ മാത്രം... റോഡിലില്ല. പാവം ഐറിഷ് പൌരന്മാര്‍ ജീവിച്ചോട്ടെ അല്ലെ..എന്തിനാ അവരെ ..........