Monday, August 3, 2009
67.ബ്ലോഗില്‍ ഒരുവര്‍ഷം.
അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ ലഭിച്ച അധികസമയം ചിലവിടാന്‍ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്ന ബ്ലോഗിംഗ് ഒട്ടേറെ സുഹൃത്തുകളെ തന്നു. പ്രശസ്തനാകാനൊ പ്രസക്തനാകാനോ ഒട്ടും താല്പര്യവുമില്ല ആയതുമില്ല. നേരംകൊല്ലികള്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രം വായിച്ചപ്പോള്‍ പിന്നീട് എപ്പോഴോ ആണ് എന്റെ ഓര്‍ക്കുട്ട് വലയില്‍ വെളിയില്‍ ഉള്ള വായനക്കാരുടെ കാര്യം അറിയുകയും പിന്നീട് ചിന്തയില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തത്. അഗ്രിഗേറ്ററുകളെകുറിച്ചൊന്നും അറിയില്ലായിരുന്നു. ഒപ്പം വായിക്കാനായി ബൂലോഗത്തുള്ളവരെയും കുറിച്ചൊരു പിടിയുമില്ലായിരുന്നു.
പിന്നീട് ചിലപ്പോഴെപ്പോഴോ അല്പം കൈപ്പേറിയ അനുഭവങ്ങളും ഉണ്ടായി എന്നതൊഴിച്ചാല്‍ ഞാന്‍ ആഗ്രഹിച്ചതില്‍ എത്രയോ കൂടുതല്‍ ഈ ചെറിയ ബ്ലോഗ് വളര്‍ന്നിരിക്കുന്നു. ഇതിനോടൊപ്പം ഞാന്‍ തുടങ്ങിയ പരേതന്‍, പട്ടികള്‍, ഇന്ത്യന്‍പട്ടികള്‍, നാടന്‍ ഫുഡ്, ബ്രഹ്മാസ്ത്രം പിന്നെ ഞാന്‍ വല്ലപ്പോഴും എടുക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്ന ദീപ്ഫോട്ടോസ് അങ്ങനെ ഇഷ്ടപ്പെടാനും മറക്കാതിരിക്കാനും ഒരുപിടി നല്ല ഓര്‍മ്മകള്‍. ആദ്യം എനിക്കറിയില്ലായിരുന്ന അഗ്രിയുടെ ടെക്നിക്കിന്റെ ക്ഷീണം മാറ്റാന്‍ സ്വന്തം മലയാളം ബ്ലോഗ്കുട്ട്. ഒപ്പം എന്റെ പ്രതികരണം അറിയിക്കാന്‍ എന്റെ കമന്റുകളും.
ആരുടേയും പേര് എടുത്ത് പറയുന്നില്ല. കാരണം ഓര്‍ക്കുട്ടിലും ബ്ലോഗിലുമായി ധാരാളം നല്ല ചങ്ങാതികള്‍. കമന്റിലൂടെയും സ്ക്രാപ്പിലൂടെയും മെയിലിലൂടെയും ലഭിച്ചുകൊണ്ടിരിക്കുന്ന പിന്തുണയ്ക്ക് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. ഇതിനു ഞാന്‍ അര്‍ഹന്‍ ആണോ എന്നുപോലും സംശയം ഉണ്ട്. എന്റെ പരേതന്‍ എന്നാ ബ്ലോഗ് തന്റെ ബ്ലോഗ് തുടങ്ങാന്‍ കാരണമായി എന്ന് പറഞ്ഞ സുഹൃത്തിനെയും കുളത്തുമണ്‍ ബ്ലോഗ് തന്റെ ബ്ലോഗിന്റെ തുടക്കത്തിന്റെ കാരണവും ആയെന്നു പറഞ്ഞ സുഹൃത്തുകളുടെ അഭിപ്രായം എന്റെ നേട്ടമായി കരുതുന്നു. എന്നും വിവാദ വിഷയങ്ങളില്‍ നിന്നൊഴിഞ്ഞു നില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഹിറ്റ്‌റേറ്റ് ധാന്യം തരില്ലെന്ന തിരിച്ചറിവ് അത്തരം വിവാദങ്ങള്‍ കൈകാര്യം ചെയ്യാതിരിക്കാന്‍ കാരണമായി എന്നും പറയാം.
എന്തായാലും ഒരിടവേള ആവശ്യമാണ്. ശരീരത്തിന് ഒരു പുത്തന്‍ ഉണര്‍വ് ആവശ്യമെന്ന് തോന്നുന്നു. ഒരുപക്ഷെ ഈ നീണ്ട ഓട്ടങ്ങള്‍ തന്ന ക്ഷീണമാവാം കാരണം. ഒരു ആയുര്‍വേദ ചികിത്സ നടത്തി വീണ്ടും ചുറുചുറുക്ക് വീണ്ടെടുക്കാമെന്ന് കരുതുന്നു. അതുകൊണ്ട് തന്നെ ഒരിടവേള ആവശ്യമാണ്. ബ്ലോഗെഴുത്ത് തുടരോമോ എന്ന് പറയാന്‍ കഴിയില്ലെങ്കിലും ഇത്രനാളും എനിക്ക് ബ്ലോഗെഴുത്ത് ആത്മസംതൃപ്തി തന്നെന്ന് വേണം പറയാന്‍. അതിന്റെ കാരണമാകട്ടെ എന്റെ ഏറ്റവും പ്രീയപ്പെട്ട വായനക്കാരും.
ഇക്കാലമത്രയും .എന്നെ സഹിക്കുകയും നേര്‍വഴി കാണിക്കുകയും വിമര്‍ശിക്കുകയും അനുമോദിക്കുകയും ചെയ്ത എല്ലാവരോരും എന്റെ കടപ്പാട് അറിയിച്ചുകൊള്ളട്ടെ.
ഒരുവര്‍ഷം തികഞ്ഞ ഈ വേളയില്‍ അകമഴിഞ്ഞ നന്ദി അറിയിച്ചുകൊള്ളട്ടെ
സ്നേഹത്തോടെ
(ദീപക് രാജ്)
Sunday, July 5, 2009
66.മബുവിനും ലൈസന്‍സ് കിട്ടി..
"അളിയാ. ഒരു വിവരവുമില്ലല്ലോ..?"
ഒന്ന് ഞെട്ടി. ശെടാ... എനിക്ക് വിവരം ഇല്ലെന്നത് സത്യമാണെങ്കിലും വെളുപ്പിന് വിളിച്ചുണര്‍ത്തി പറയേണ്ട കാര്യമുണ്ടോ. നമ്പര്‍ നോക്കി. പരിചയം ഇല്ലല്ലോ. ഇപ്പോള്‍ എനിക്ക് വിവരമില്ലെന്നകാര്യം കേരളത്തില്‍ പത്രത്തിലും വന്നോ. അറിയാത്ത നമ്പരില്‍നിന്നൊക്കെ ഫോണ്‍ വരുന്നു. ഈ പത്രക്കാരെ കൊണ്ട് തോറ്റു. എന്തായാലും ഈ മാരണത്തെ ഒന്ന് പരിചയപ്പെടണമല്ലോ. ഒന്ന് തിരിച്ചു വിളിച്ചു..
"എനിക്ക് ഇപ്പോള്‍ ഫോണ്‍ എടുക്കാന്‍ കഴിയില്ല. തിരക്കാണ്. താങ്കളുടെ നമ്പര്‍ തരുക. തിരിക വിളിക്കാം.."
അമ്പട..! വോയിസ് മെയിലില്‍ സെറ്റ് ചെയ്തു വെച്ചിരിക്കുന്ന ശബ്ദം കേട്ടപ്പോള്‍ ദേഷ്യം അരിച്ചു കയറി. ഇതാര്.. ഇത്രയും വൃത്തികെട്ട ശബ്ദമുള്ള കൂട്ടുകാര്‍ ആരും ഇല്ലല്ലോ. ആദ്യം ഇരുപതു തെറികളെ അരച്ചുക്കൂട്ടി ഒരു നീളന്‍ തെറി മെസ്സേജ് ആയി വിട്ടു. ഇത് കിട്ടുമ്പോള്‍ വീണ്ടും വിളിക്കും.
ഊഹം തെറ്റിയില്ല. അഞ്ചു മിനിട്ട് കഴിഞ്ഞപ്പോള്‍ ഫോണ്‍ വന്നു.
" മാഷേ... ഞാനാ മബു..(ഈ മബുവിനെ പണ്ടൊരു പോസ്റ്റില്‍ പരിചയപ്പെടുത്തിയിരുന്നു..) എനിക്ക് ലൈസന്‍സ് കിട്ടി..."
ഓ.. ഇത് നമ്മുടെ മബുവാണല്ലോ.. ഇവന്‍ ടെസ്റ്റ് എഴുതാന്‍ പോകുന്ന കാര്യം പറഞ്ഞിരുന്നു. അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ടെസ്റ്റ് പാസാവുന്നത് അല്പം പ്രയാസമാണ്. കാശ് കൊടുത്ത് കാര്യം സാധിക്കാനാവില്ല. (അഥവാ അങ്ങനെ സാധിക്കുമെങ്കില്‍ ഒരു കമന്റ് ഇടുക.. ഞാന്‍ തരാം. എനിക്കും പാസ്സാകണം) അതുകൊണ്ട് ഡ്രൈവിംഗ് ടെസ്റ്റ് പാസാകുന്നത് ഒരു ലോട്ടറി അടിക്കുന്നത് പോലെയാണ്.
"എല്‍" ലൈസന്‍സ് വെച്ചും വണ്ടി ഓടിക്കാമെങ്കിലും മോട്ടര്‍വേയില്‍ ഓടിക്കാന്‍ കഴിയില്ല. തന്നെയുമല്ല ഫുള്‍ ലൈസന്‍സ് ഉള്ള അണ്ണന്‍മാരുടെ മുമ്പില്‍ ഒരു ബഹുമാനത്തോടെ ഒക്കെ പോകണം. പ്രത്യേകിച്ചും മലയാളികളുടെ മുമ്പില്‍. എന്നാല്‍ "എല്‍" ലൈസന്‍സ്‌കാരന്‍ റോഡില്‍ അല്പം മണ്ടത്തരങ്ങള്‍ കാണിച്ചാല്‍ പയ്യനല്ലേ എന്നുകരുതി ആളുകള്‍ അത്ര വലിയ തെറി വിളിക്കില്ല എന്നൊരു ആശ്വാസവും ഉണ്ട്.
ഇനി നേരെ കാര്യത്തിലേക്ക് . മബു ഡ്രൈവിംഗ് ടെസ്റ്റ് പാസായത് ഒരു ചരിത്ര സംഭവമാണ്. മബു വണ്ടിയെടുത്തത് തന്നെ സംഭവം ആണ്. മബു വണ്ടിയും കൊണ്ട് വരുന്നത് കണ്ടാല്‍ തന്നെ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ആളുകളും വണ്ടികൊണ്ട് മാറി നില്‍ക്കും. മബുവിന്റെ വണ്ടി കണ്ടാല്‍ വണ്ടി വെള്ളം അടിച്ചിട്ടാണോ ഓടുന്നത് അല്ലെങ്കില്‍ മബു വെള്ളം അടിച്ചിട്ടാണോ ഓടിക്കുന്നത് എന്ന് തോന്നും. അതുകൊണ്ട് തന്നെ മബു താമസിക്കുന്ന സ്ട്രീറ്റിലെ എല്ലാവര്‍ക്കും അതിശമായിരുന്നു മബുവിന്റെ ടെസ്റ്റ് വിജയം. ഇതില്‍ മബുവിനു അല്പം വിഷമം വന്നു ആശ്വാസത്തിനായി ആണ് എന്നെ വിളിച്ചത്.
ടെസ്റ്റ് ദിവസം ഒന്ന് വിശദീകരിക്കാം. രാവിലെ കുളിച്ചു ദുര്‍വ്വാസാവ് മഹര്‍ഷിയെപ്പോലെ എവിടെല്ലാം ചന്ദനവും കുങ്കുമവും ഭസ്മവും തേക്കാം അവിടെല്ലാം തേച്ചു കുറിയിട്ട് മബു ടെസ്റ്റ് അടിക്കാന്‍ ചെന്നപ്പോഴേ പരീക്ഷകന് എന്തോ പന്തികേട് തോന്നി.
(ലോകത്തില്‍ കേവലം മുപ്പതു പേര് മാത്രം സംസാരിക്കുന്ന ഭാഷയാതിനാല്‍ ഇംഗ്ലീഷില്‍ ഞാന്‍ ഈ സംസാരം എഴുതിയാല്‍ ആര്‍ക്കും മനസ്സിലാവില്ല. ഇവിടെ മലയാളത്തില്‍ തര്‍ജ്ജമ ചെയ്തു എഴുതുന്നു.)
പരീക്ഷകന്‍: " ഡേയ്..! എന്തര് ടെസ്റ്റ് തന്നയെല്ല വന്നത്. അതോ പൂജയ്ക്കോ?"
മബു : "രക്ഷിക്കണം. മൂന്നാമത്തെ തവണയാ ടെസ്റ്റിനു വരുന്നത്.. രക്ഷിക്കണം"
മബു വണ്ടി മുമ്പോട്ട് എടുത്തു..
പരീക്ഷകന്‍ " ഇന്ത്യയില്‍ ഇപ്പോഴും കാളവണ്ടികള്‍ ഒത്തിരി ഉണ്ടല്ലേ അപ്പീ.."
മബു" തോനെ ഉണ്ടല്ലോ അണ്ണാ എങ്ങനെ അറിയാം .."
പരീക്ഷകന്‍" ഈ ഓട്ടീര് കണ്ടപ്പോള്‍ തോന്നിയപ്പീ .."
തലവെട്ടിച്ചുള്ള മബുവിന്റെ നോട്ടം കണ്ടപ്പോള്‍ പരീക്ഷകന് കാര്യം മനസ്സിലായി. ചുറ്റും അല്പവസ്ത്രധാരിണികളായ മദാമ്മമാരെയാണ് നോക്കുന്നത്..
പരീക്ഷകന്‍: "ഡേയ് .അപ്പീ.എനിക്ക് എനിക്ക് കൂടും കുടുംബവും ഉണ്ട്. നേരെ നോക്കീ ഓട്ടീര് ..അല്ലെങ്കില്‍ എന്റെ മൂക്കില്‍ പഞ്ഞിവേക്കേണ്ടി വരും.. ഇപ്പോള്‍തന്നെ പറഞ്ഞു വിടും..പറഞ്ഞില്ലെന്നു വേണ്ട"
മബു " അണ്ണാ .... ചതിക്കല്ലേ. ഇനി ടെസ്റ്റാണ് എന്ന് പറഞ്ഞാല്‍ എല്ലാവരും എന്നെ കൊല്ലും.. എനിക്ക് പാസാവണം.."
പരീക്ഷകന്‍.."തന്നെ... പക്ഷെ എനിക്ക് ജീവിക്കണം .നേരെ നോക്കീ ഓടിയ്ക്ക് .."
എന്തായാലും കുറെ ചോദ്യങ്ങളും ഉത്തരങ്ങളും ഒക്കെ കഴിഞ്ഞു അവസാനം പരീക്ഷകന്‍ ചോദിച്ചു..
"അപ്പീ.. ഇവിടെ ജ്വാലിയൊക്കെ ആയോ.."
മബു "എവിടെ അണ്ണാ.. ഈ ലൈസന്‍സ് എടുത്തു മൂന്നു മാസം കഴിഞ്ഞാല്‍ ഞാന്‍ ഓസ്ട്രലിയയില്‍ പോവും.. ഇവിടെ ജ്വാലി ഒന്നും ആയില്ല."
എന്തായാലും ഇത് കേട്ടപ്പോള്‍ പരീക്ഷകന്‍ മബുവിനു ലൈസന്‍സ് കൊടുത്തു.. പോകാന്‍ നേരം പ്രത്യേക ഉപദേശവും
" അപ്പീ.. തീര്‍ച്ചയായും ഓസ്ട്രലിയയില് പോവകണം.. കാരണം ഈ ലൈസന്‍സും എടുത്തു അധികം ഇവിടെ കറങ്ങണ്ടാ.. ഇവിടുത്തുകാര്‍ക്കും ജീവിക്കേണ്ടേ...!"
എന്തായാലും നാണം കെട്ടായാലും ലൈസന്‍സ് കിട്ടി. പക്ഷെ തന്റെ ഡ്രൈവിങ്ങിനുള്ള കഴിവ് കൂട്ടുകാരോ ഇപ്പോള്‍ ഇയാളോ അംഗീകരിക്കുന്നില്ല എന്നാ വിഷമം തീര്‍ക്കാനാണ് എന്നെ വിളിച്ചത്..ഞാന്‍ അധികം ആരെയും വിഷമിപ്പിക്കില്ല എന്നതുകൊണ്ട് ഒരു അഭിനന്ദനം പ്രതീക്ഷിച്ചു.. എന്തായാലും ഞാന്‍ നനായി അഭിനന്ദിച്ചു..വളരെ പതിയെ തിരിച്ചു ചോദിച്ചു..
"ആ പരീക്ഷകന്റെ പേരെന്താ.."
മബു "അതെന്താ ദീപക്കേ..!?"
"അല്ല നീ പാസായല്ലോ.. ഇനിയിപ്പോള്‍ എനിക്ക് ധൈര്യമായി പോകാം. ഇനി ഞാന്‍ ഫെയില്‍ ആവില്ല എന്ന് തോന്നുന്നു.. "
എന്തായാലും മബു തിരികെ പറഞ്ഞ തെറി ഇവിടെ എഴുതാന്‍ പറ്റില്ല.. ഞാന്‍ ഇരുപതു നാല്പതാക്കി കൊടുത്തത് അരച്ച് കലക്കി ഒന്നായി തിരികെ തന്നു..
ശെടാ.. മബുവിനെ ആരെങ്കിലും ഒന്ന് അനുമോദിച്ചിരുന്നു എങ്കില്‍ കൊള്ളാമായിരുന്നു..
Monday, June 1, 2009
65.പരേതന്റെ ഭൂമീവാസം
പരലോകത്തുനിന്നു വന്നതില്‍പിന്നെ ഭൂമിയിലെ ജീവിതത്തില്‍ വല്ല്യ പ്രതിപത്തി തോന്നിയിരുന്നില്ല. ശാന്തമ്മയും നളിനാക്ഷിയും ഇടയ്ക്കിടെ തന്നെ ഭര്‍ത്താവിന്റെ കടമകള്‍ ഓര്‍മ്മിപ്പിച്ചിട്ടും എന്തോ ഒന്നിനും ഒരു താല്പര്യം ഉണ്ടായില്ല. ഒരു പക്ഷെ ഷക്കീലയുടെയും സില്‍ക്ക് സ്മിതയുടെയും മറ്റു അപ്സരസുകളുടെയും സൌന്ദര്യം ഇവര്‍ക്കില്ലാഞ്ഞിട്ടാണെന്ന് തോന്നുന്നു ഒരു താല്‍പര്യവും തോന്നുന്നില്ല. സ്കോച്ച് അടിച്ചവനു കുതിര റം ഇഷ്ടപ്പെടാത്തതിലെ ന്യായം ഇവര്‍ക്കെങ്ങനെ മനസ്സിലാവും. തന്റെ സ്റ്റാമിനയും പോരെന്നാണ് പറയുന്നത്. കൊള്ളാം തന്നെ കുതിര രാവുണ്ണിയെന്നുവരെ വിളിച്ചവര്‍ ഉണ്ട്. ഇവര്‍ക്കെന്തറിയാം.
യമലോകത്തെപ്പറ്റി ഓര്‍ത്തിട്ടു ഒരു സമാധാനവും കിട്ടുന്നില്ല.എന്തോരം കാഴ്ചകളായിരുന്നു. എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രമെന്നപോലുള്ള കാഴ്ചകള്‍. അമ്പോ. ഇനി ഇഹലോകം മടുത്തൂന്നു പറഞ്ഞു കയറിചെന്നാല്‍ ഉള്ള വിലയും പോവും.
ഭൂമിയില്‍ വന്നതില്‍ പിന്നെ തന്റെ മിക്ക കൂട്ടുകാരും അല്പം ഭയത്തോടെയാണ് നോക്കുന്നത്. ഒരുപക്ഷെ പണ്ട് പ്രേതമായി നടന്നവന്‍ വീണ്ടും ആളായി വന്നതിന്റെ ഭയമായിരിക്കും. കൈപ്പുഴ കല്യാണിയും തന്നെ കാണുമ്പോള്‍ ഓടുന്നതുകാണുമ്പോള്‍ തിരിച്ചു വരേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു. മനുഷ്യര്‍ ജീവിച്ചിരിക്കുന്നവരെ പേടിച്ചാല്‍ മതിയെന്നുള്ള സത്യം തനിക്കല്ലേ അറിയൂ. മരിച്ചവര്‍ ആരെയും ഒന്നും ചെയ്യാറില്ലല്ലോ. പക്ഷെ മരിച്ചു ജീവിച്ച തന്നെപ്പോലുള്ളവരുടെ കഥ ആര്‍ക്കറിയാം. അതാവും ഈ പ്രയാണങ്ങളുടെ കാരണം.
മരിച്ചു തിരുച്ചുവന്നപ്പോള്‍ എന്തോരം ജനക്കൂട്ടം ആയിരുന്നു. പത്രങ്ങളും ടിവിക്കാരും എന്നുവേണ്ട ആകെ ജകപോക.മിക്കവര്‍ക്കും സ്വര്‍ഗമാണോ നരകമാണോ നല്ലത് എന്നറിയാനുള്ള വെമ്പല്‍ ആയിരുന്നു. എന്നിട്ട് വേണമല്ലോ ഇനിയുള്ള ജീവിതം പ്ലാന്‍ ചെയ്യാന്‍. പക്ഷെ ഷക്കീലയും സില്‍ക്കും നരകത്തില്‍ വാസമാണെന്ന് അറിഞ്ഞതില്‍ പിന്നെ എല്ലാവര്‍ക്കും നരകത്തില്‍ പോകാനാണല്ലോ ആഗ്രഹം. ആ ഷക്കീലയും സില്‍ക്കും രാവുണ്ണിയാര്‍ന്നു പറഞ്ഞാല്‍ വാലാട്ടി പുറകെ നടന്നിരുന്നുവെന്ന് പറഞ്ഞപ്പോള്‍ എന്തായിരുന്നു എല്ലാവരുടെയും അസൂയ. ചിലര്‍ക്കൊക്കെ താന്‍ വെറും പുളുവടിയ്ക്കുകയായിരുന്നോ എന്നും സംശയം ഉണ്ട്.
തറവാട്ടിലെ ആനയെ വിറ്റു കഴിഞ്ഞിട്ടാണല്ലോ തന്റെ പുനരവതാരം. താന്‍ വന്നതിനു തൊട്ടുമുമ്പേ എവിടുന്നോ ഒരു വിത്തുകാളയെ നളിനാക്ഷി വാങ്ങിയിരുന്നു. അല്പം വരുമാനം ഉണ്ടാക്കാനാണത്രേ. ശേ! എന്ത് പറയാന്‍. കലികാലം അല്ലാതെന്താ പറയുക. ആനയെ വളര്‍ത്തിയ മുറ്റത്തു ഒരു കാള. ഏതായാലും ചവിട്ടിക്കുകയും മറ്റും നടത്തുന്നത് നളിനാക്ഷി തന്നെയാണ്. ഇടയ്ക്കിടെ കാളയുടെ നോട്ടം കാണുമ്പോള്‍ അവന്റെ കണ്ണ് കുത്തി പൊട്ടിക്കാന്‍ തോന്നും. വഷളന്‍. നാട്ടിലെ പശുക്കളെ മുഴുവന്‍ പെഴപ്പിച്ച് ഒരു ബലാസംഗവീരനായി നില്‍ക്കുന്ന ക്രിമിനല്‍ അല്ലാതെന്താ. എന്നിട്ടും അവന്റെ അഹങ്കാരം.
ഒരു ദിവസം രാവിലെ ഒരു പയ്യന്‍ പശുവിനെക്കൊണ്ട് വരുന്നത് കണ്ടുകൊണ്ടാണ്
മുറ്റത്തെക്കിറങ്ങിയത്.
"എന്താടാ ... രാവിലെ കൊണ്ടിറങ്ങിയോ. വെറുതെ രാവിലെതന്നെ ഈ വൃത്തികേടുകള്‍ കാണിക്കാന്‍ തന്നെയാ പുറപ്പാട് അല്ലെ.?"
"അല്ല അമ്മാവാ. ഞാന്‍ ഒരാഴ്ചയായി വരുന്നു. പക്ഷെ ഞാന്‍ വരുന്നതിനു മുമ്പ് തന്നെ ആരെങ്കിലും കാര്യം സാധിപ്പിച്ചു സ്ഥലം വിടും. അതുകൊണ്ടാ ഞാന്‍ ഇത്ര വെളുപ്പിന് ഇങ്ങു വരുന്നത്."
പയ്യന്‍ വിഷമത്തോടെ പറഞ്ഞു.
"ഹ ഹ ഹ ഹ ...! കൊള്ളാം. എടാ ചെറുക്കാ. ഇതിനോക്കെയല്ലേ ഞാന്‍ ഇവിടെയിരിക്കുന്നത്. അതിനൊരു ട്രിക് ഉണ്ട്. ഞാന്‍ ഇതെത്ര പയറ്റിയതാ... അതുകൊണ്ടല്ലേ ഈ രാവുണ്ണിയാരെ ചിലരൊക്കെ കുതിര രാവുണ്ണിയെന്നും കോഴി രാവുണ്ണിയെന്നും ഒക്കെ വിളിച്ചിരുന്നത്. ഇപ്പോള്‍ ചത്തു തിരിച്ചു വന്നതില്‍ പിന്നെ എല്ലവര്‍ക്കും പരേതന്‍ രാവുണ്ണി മാത്രം. "
പയ്യന്‍ കൌതുകത്തോടെ അടുത്തെത്തി. അവന്റെ ചെവിയില്‍ കാര്യങ്ങള്‍ ഒക്കെ പറഞ്ഞുകൊടുത്തു. എന്താലും പയ്യന്‍ പശുവിനെയും കൊണ്ട് അടുക്കള ഭാഗത്തേക്ക് പോകുന്നത് കണ്ടു. തിരികെ വരുമ്പോള്‍ ചിരിച്ചുകൊണ്ട് വരുന്ന പയ്യനെ നോക്കിചിരിച്ചപ്പോള്‍
"അമ്മാവന്‍ പുലിയാണ് കേട്ടോ. കാര്യം നടന്നു. ചേച്ചി ഞാന്‍ ഇതൊക്കെ എങ്ങനെ പഠിച്ചു എന്ന് ചോദിച്ചു. പക്ഷെ ഞാന്‍ അമ്മാവന്‍ പറഞ്ഞപോലെ അമ്മാവന്റെ പേര് പറഞ്ഞില്ല.."
ദിവസങ്ങള്‍ കഴിഞ്ഞു ഒരു ദിവസം പഴയ കാര്യക്കാരന്‍ വാസു നായര്‍ എത്തി വിളിച്ചു..
"രാവുണ്ണി അങ്ങേത്തെ ....?"
പതിയെ പതിയെ എഴുന്നേറ്റു ചെന്നൂ.
"എന്താ നായരെ ... "
"എന്റെ മോന്‍ പറഞ്ഞിട്ടാ ഞാന്‍ വന്നത്, അവന്‍ കുറെദിവസം പശുവിനെ ചവിട്ടിക്കാന്‍ ഇവിടെ വന്നിരുന്നു, പക്ഷെ എന്നും താമസിക്കുന്നതും കൊണ്ട് വീണ്ടും വീണ്ടും വന്നതും പിന്നെ അങ്ങേത്തു എന്തോ പറഞ്ഞു കാര്യം നടത്തിയെന്നും അവന്‍ പറഞ്ഞു. അതിനൊരു നന്ദി പറയാന്‍ വന്നതാ."
"ഭ..! ആ നായിന്റെ മോന്‍ നിന്റെ സന്തതി ആയിരുന്നോ.. അവനോടു പറഞ്ഞു കൊടുത്തത് എന്റെ മൂക്കീല്‍ പഞ്ഞി വെയ്ക്കാന്‍ ചെയ്യിച്ചത് പോലെയായി. ഇപ്പോള്‍ എന്റെ പെണ്ണുമ്പിള്ള ആ ടെക്നിക് പ്രയോഗിച്ചു എന്റെ നടുവൊടിഞ്ഞു. അവനു പറഞ്ഞു കൊടുത്തത് വേലിയേല്‍ കിടന്ന പാമ്പിനെ പിടിച്ചു ന്യൂ ഡല്‍ഹിയില്‍ വെച്ചപോലായി."
"ഹി ഹി ഹി ഹി. ഞാന്‍ പോണു..ങാ അങ്ങുത്തെ.. ഇപ്പോള്‍ വീണ്ടും ചാകാറായി കേട്ടോ. ഇക്കണക്കിനു ടെക്നിക്ക് പ്രയോഗിച്ചാല്‍ വീണ്ടും പരേതനാവും" നായര്‍ തിരിഞ്ഞു നടന്നു.
നായരുടെ ചിരി കണ്ടപ്പോള്‍ ദേഷ്യം നുരപോന്തി വന്നു.
"എടീ കമാലാക്ഷീ. ആ വടിയിങ്ങേടുത്തെ... നടക്കാന്‍ വയ്യാ.."
"എന്നാലും ആ നായരുടെ മോന്‍ ആളൊരു കൊച്ചു മിടുക്കനാ അല്ലെ.."
വടികൊണ്ടുവന്ന കമലാക്ഷിയുടെ ചോദ്യം കേട്ടപോഴാ ഓര്‍ത്തത്. അടികൊള്ളാന്‍ ചെണ്ടയും പണം പറ്റാന്‍ മാരാരും.
"പാത്രമറിഞ്ഞേ ഭിക്ഷ കൊടുക്കാവൂ.. അത് പണമായാലും അറിവായാലും.."
Wednesday, May 6, 2009
64.ആലീസിന്റെ അമാവാസിപൂജ
ആരോടും അധികം സംസാരിക്കാന്‍ പോകാത്ത ആരോടും വഴക്കടിക്കാത്ത അസൂയയില്ലാത്ത ആലീസിനെ കണ്ടുപഠിക്കാന്‍ ഗ്രാമത്തിലെ മാതാപിതാക്കള്‍ കുട്ടികളോടുപദേശിക്കുക പതിവായിരുന്നു.
പക്ഷെ കണ്ടു പഠിയ്ക്കാന്‍ തയ്യാറായ ചെറുപ്പക്കാരുടെ ഒരു വല്ല്യ കൂട്ടം ഉണ്ടെങ്കിലും ആരോടും അധികം മിണ്ടാട്ടം കാണിക്കാത്ത ആലീസിനെ കണ്ടു പഠിക്കാനുള്ള ശ്രമം കളഞ്ഞിട്ടു കേവലം കാണലില്‍ ഒതുങ്ങി.
എന്നും രാവിലെയും ഉച്ചയ്ക്കും മില്‍മയില്‍ പാലുംകൊണ്ടുള്ള അവളുടെ വരവ് പ്രതീക്ഷിച്ചു ചെറുപ്പക്കാരുടെ കണ്ണുകള്‍ എണ്ണയും പാമോയിലും ഒഴിച്ച് കാത്തിരുന്നു. രണ്ടായി പിന്നിയിടുന്ന മുടിയുടെ ലക്ഷണം ആരോടെങ്കിലും ഇഷ്ടമുണ്ടെന്നും അതിലൊന്ന് മുമ്പോട്ടിട്ടാല്‍ അതെന്നോട് ആണെന്നും രണ്ടും മുമ്പോട്ടിട്ടാല്‍ ഓടാനാണെന്നും അര്‍ത്ഥം എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുള്ളതിനാല്‍ (പുള്ളി പറഞ്ഞിട്ടില്ല എന്ന് കരുതുന്നവര്‍ ആശാന്റെ പെണ്ണും മുടിയും ലക്ഷണവും എന്നാ കവിത വായിക്കുക) ആരും പിന്നിയ രണ്ടുമുടിക്കെട്ടും മുമ്പോട്ടിട്ടു വരുന്ന ആലീസിനെ കയറി തോണ്ടാന്‍ ധൈര്യം കാണിച്ചിട്ടില്ല.
ചരിത്രാതീത കാലം മുതലേ ആലീസ് ആഗ്രമത്തില്‍ താമസിക്കുന്നുണ്ടെന്നും അതല്ല ആലീസ് ഏതോ മഴയില്‍ ആലിപ്പഴത്തിന്റെ രൂപത്തില്‍ പെയ്തുവീണ് ഗ്രാമത്തിന്റെ പുണ്യമായതാണെന്നും അതല്ല ഗ്രാമത്തിന്റെ ഐശ്വര്യമായി അവതരിച്ചതാണെന്നും വിശ്വാസമുണ്ട്. ആലീസിന്റെ പേരില്‍ അമ്പലം പണിയാനും പള്ളിയില്‍ പ്രത്യേക വഞ്ചി സ്ഥാപിക്കാനും ആവശ്യങ്ങളും സമരങ്ങളും നടന്നെങ്കിലും ആലീസിന്റെ സൌന്ദര്യത്തോടു വിരോധമുള്ള നാട്ടിലെ കാക്കക്കറമ്പികള്‍ക്കുള്ള ഇഷ്ടക്കേട് കാരണം നടന്നില്ല.
എന്നാല്‍ ഉരമരുന്നിന്റെ മണം മാറാത്ത കുട്ടികളുടെ മുതല്‍ കോട്ടന്‍ചുക്കാതി കുഴമ്പിന്റെ മണമുള്ള കെഴവന്റെ വരെ കൈയില്‍ ആലീസിന്റെ ഒരു ഫോട്ടോ എങ്ങനെയെങ്കിലും ഉണ്ടായിരിക്കും. അതിനെ രാവിലെ മുതല്‍ നോക്കിയിരുന്നാല്‍ പുണ്യം കിട്ടുമെന്നും അതല്ല സ്വര്‍ഗരാജ്യം താനേ വാതില്‍ തുറന്നു ഫോട്ടോയുടെ ഉടമയെ കൊണ്ടുപോകുമെന്നുമുള്ള വിശ്വാസം എല്ലാവര്‍ക്കുമുണ്ടായിരുന്നു.
പക്ഷെ ക്രിസ്ത്യാനിയായ ആലീസ് പള്ളിയിലോ അമ്പലത്തിലോ എങ്ങും പോവാറില്ലായിരുന്നു. പക്ഷെ എല്ലാ അമാവാസിനാളിലും പുറത്തിറങ്ങി ഒരു കൈയില്‍ തൂശനില മടക്കിപിടിച്ചതും മറുകൈയില്‍ വെള്ളം നിറച്ചകിണ്ടിയുമായി പോകാറുണ്ടായിരുന്നു. എന്തിനു പോകുന്നെന്നോ എവിടെപോകുന്നുവെന്നോ ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. വികസനം ബസിന്റെ രൂപത്തിലോ ഇലക്ട്രിസിറ്റിയുടെ രൂപത്തിലോ ടെലഫോണിന്റെ രൂപത്തില്‍ പോലുമോ കടന്നുവരാത്ത ചവറ്റുകരയില്‍ ഇതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം ഉള്ള ആരും ഉണ്ടായില്ലെന്നാണ് സത്യം.
പക്ഷെ ആലീസ് പോയ വഴികളിലൂടെ പിറ്റേന്ന് വെളുപ്പിന് ചിലര്‍ പോലീസ് നായയെ പോലെപോയി നോക്കിയെങ്കിലും ചിലപ്പോള്‍ അടുത്തുള്ള ഭഗവതിക്കാവിലെ പാറക്കെട്ടില്‍ കിട്ടിയ ചിലപൂക്കള്‍ ആല്ലാതെ ഒന്നും കിട്ടിയിരുന്നില്ല. പക്ഷ കാവില്‍ മുല്ലചെടികള്‍ ഇല്ലാതിരുന്നിട്ടും കിട്ടിയ മുല്ലപ്പൂക്കള്‍ ആലീസിന്റെ ആണെന്ന് കരുതി ചിലരെടുത്തു നിധിപോലെ സൂക്ഷിച്ചിരുന്നു.
എന്തായാലും അത് ആലീസിന്റെ ആണെന്നോ അല്ലെങ്കില്‍ ആണോന്നോ ചോദിക്കാനോ അല്ലെങ്കില്‍ ക്രിസ്ത്യാനിയായ ആലീസ് എന്തിനു കാവില്‍ കയറിയെന്നോ തിരക്കാന്‍ ഇന്നത്തെപോലെ മതഭ്രാന്തന്‍ ആരുമാവിടെ ഉണ്ടായിരുന്നില്ലല്ലോ.
ആലീസ് മില്‍മയില്‍ കൊടുക്കാന്‍ വരുന്നതുപോലെ പാലും കൊണ്ട് തങ്ങളുടെ വീട്ടില്‍ വരാന്‍ വേണ്ടി പാലുകുടി തുടങ്ങാന്‍ തയ്യാറായ ആളുകളുടെ മോഹങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചു ആലീസ് ആരുടേയും വീട്ടില്‍ പാല് കൊടുക്കില്ലെന്ന് പറഞ്ഞപ്പോഴുണ്ടായ സങ്കടം തീര്‍ക്കാന്‍ ഭാരതപ്പുഴയില്‍ വെള്ളപ്പോക്കകാലത്ത് മഴപെയ്യുന്നതുപോലെ ആളുകള്‍ തങ്ങളുടെ സങ്കടം കരഞ്ഞു തീര്‍ത്തു.
എന്നിട്ടും ആരുടെയും വികാരങ്ങള്‍ മാനിക്കാത്ത ആര്‍ക്കും പാല് വീട്ടില്‍ കൊണ്ടുകൊടുക്കാത്ത ആലീസിനെ വെറുക്കാനോ അവളെ തെറിവിളിക്കാനോ ആരും മെനക്കെട്ടില്ല. അവള്‍ക്കു അതിനുള്ള കാരണങ്ങള്‍ ഉണ്ടെന്നു കരുതി സമാധാനിക്കായിരുന്നു എല്ലാവര്‍ക്കും മോഹം.
ഗ്രാമത്തിലുള്ള ഭ്രാന്തന്‍ എല്ലാവരുടെയും ആലീസ് ഭ്രാന്തിനെ കളിയാക്കി ചിരിച്ചു ആര്‍ത്തട്ടഹസിച്ചു ഓടിനടക്കുന്നുണ്ടായിരുന്നു. ആലീസിനെ കളിയാക്കുന്ന ഭ്രാന്തനെ കല്ലെറിയാന്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ടായിരുന്നു. ആളുകള്‍ എറിയുന്ന കല്ലുകള്‍ പറക്കി വീണ്ടും ആകാശത്തോട്ടു എറിയുന്ന ഭ്രാന്തന്‍ ആലീസിനെ പ്രാകിക്കൊണ്ടിരിരുന്നു.
"യെക്ഷിയാണ് ... ആലീസ് യെക്ഷിയാണ്."
അതുകേട്ട ജനം വീണ്ടും വീണ്ടും ഭ്രാന്തനെ കല്ലെറിഞ്ഞു കൊണ്ടിരുന്നു.
അന്നും അമാവാസിയായിരുന്നു.
പതിവുപോലെ ആലീസ് ത്രിസന്ധ്യയ്ക്ക് ഒരു കൈയില്‍ തൂശനിലയും മറുകൈയില്‍ ജലം നിറച്ച കിണ്ടിയുമായി പുറത്തിറങ്ങി. അവളുടെ കാലുകള്‍ നിലത്ത് ഉറപ്പിച്ചാണോ നടന്നിരുന്നത്.? അവളുടെ പുറം പോള്ളയായിരുന്നോ.? അവളുടെ അഴിച്ചിട്ട കൂന്തല്‍ അവളുടെ നിതംബം മറച്ചുകിടക്കുന്നതിനാല്‍ പുറം ദൃശ്യമാല്ലായിരുന്നു. പക്ഷെ കാവ്യാത്മകമായി ചലിപ്പിച്ചുള്ള നിതംബ ചലനം തന്നെ ഭൂമിയുടെ ചലനമെന്നും ആര്‍ക്കും തോന്നുമായിരുന്നു. പക്ഷെ നേരിയ ഒരു വസ്ത്രം മാത്രം ധരിച്ചുനടക്കുന്ന ആലീസ് നടക്കുകയാണോ അതോ ഒഴുകുകയാണോ എന്നും നോക്കുന്നവര്‍ക്ക് തോന്നുമായിരുന്നു. ശാന്തമായ സമുദ്രം പോലെയുള്ള അവളുടെ കണ്ണില്‍ നിന്നും അഗ്നിപര്‍വതം പോട്ടുന്നതിനുമുമ്പുള്ള ശാന്തതയാണോ എന്നും സംശയം തോന്നുമായിരുന്നു.
കടഞ്ഞെടുത്ത രൂപഭംഗിയുള്ള ആ പെണ്‍കുട്ടിയുടെ ശരീരം ഏതു പരമശിവന്റെയും തപസ്സ് ഉണര്‍ത്താന്‍ പ്രാപ്തമായിരുന്നു.അങ്ങനെ അനന്തതയിലെന്നവണ്ണം ആലീസ് നടന്നു നടന്നു അപ്രത്യക്ഷമായി.
പിറ്റേന്ന് രാവിലെ ആലീസിനെ മില്‍മയില്‍ പാലുകൊടുക്കാന്‍ വരാഞ്ഞത് കണ്ടപ്പോഴാണ് അന്വേഷണം തുടങ്ങിയത്. അവസാനം പതിവ് പോലെ ഭഗവതിക്കാവില്‍ നോക്കിയപ്പോള്‍ ആലീസിന്റെ പിച്ചിച്ചീന്തപ്പെട്ട ശരീരം പാറക്കെട്ടില്‍ കാണപ്പെട്ടു. ചുറ്റും മുല്ലപ്പൂക്കളും ചരിഞ്ഞുകിടക്കുന്ന കിണ്ടിയും. ദാന്തക്ഷതങ്ങള്‍ നിറയെ കാണപ്പെട്ട ശരീരത്ത് നോക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആയിരം വട്ടം കാണാന്‍ കൊതിച്ച ശരീരമാണെങ്കിലും ഇങ്ങനെയൊരു അവസരത്തില്‍ നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായില്ല. എല്ലാവരുടെയും തകര്‍ന്ന ഹൃദയങ്ങള്‍ക്ക് ഇതെങ്ങനെ എന്നൊരു ചോദ്യം വന്നെങ്കിലും ആരും ഈ പാതകം ചെയ്യാന്‍ തക്ക ക്രൂരതയുള്ളവര്‍ ഉണ്ടെന്നു കരുതാന്‍ കഴിഞ്ഞില്ല.
പക്ഷെ കാവിനു പുറത്തു പതിവ്പോലെ ആലീസിനെ തെറിവിളിച്ചു ഭ്രാന്തന്‍ നടക്കുന്നുണ്ടായിരുന്നു. ഇത്തവണ ആകാശേത്തെക്കെറിയാന്‍ അയാളുടെ കൈയില്‍ മുല്ലപ്പൂവുകള്‍ ഉണ്ടായിരുന്നു.
Tuesday, April 21, 2009
63.കുതിരയെ ഒണ്ടാക്കുന്നവന്‍
ഈ സംഭവം നടന്നത് തൊണ്ണൂറുകളില്‍ ആണ്. ഞാന്‍ അന്ന് സകുടുംബം എന്ന് വച്ചാല്‍ മാതാപിതാക്കളോടൊപ്പം സസുഖം വാഴുന്ന ഡല്‍ഹിയില്‍ വാഴുന്ന കാലം. ഒരു സുപ്രഭാതത്തില്‍ നാട്ടില്‍ നിന്ന് ഒരു ഫോണ്‍കോള്‍. നാട്ടില്‍ നിന്ന് പിതാശ്രീയുടെ ഒരു ബന്ധുവാണ്. അദ്ദേഹത്തിന്‍റെ സ്വപുത്രന്‍ ആസ്ട്രേലിയായിലെക്കുള്ള യാത്രാമധ്യേ ന്യൂ ഡല്‍ഹിയില്‍ വരുന്നുണ്ടെന്നും അവനെ വിമാനത്താവളത്തില്‍ നിന്നും സ്വീകരിച്ചു വീണ്ടും മേല്‍ബണിലേക്കുള്ള വിക്ഷേപണത്തില്‍ വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുക്കണമെന്നായിരുന്നു ബന്ധുവിന്റെ ആവശ്യം.
എന്റെ പിതാശ്രീ ആകെ സന്തോഷവാനായി. കാരണം പൊതുവേ മാതാശ്രീയുടെയും പിതാശ്രീയുടെയും കുടുംബങ്ങള്‍ അത്ര നല്ല സഹകരണത്തില്‍ അല്ല. പിതാശ്രീയുടെ കുടുംബത്തില്‍ പൊതുവേ ഉന്നത വിദ്യഭാസം ചെയ്തവര്‍ കുറവായതുകൊണ്ട് ഞങ്ങള്‍ എല്ലാം കളിയാക്കാറൂണ്ടായിരുന്നുവേന്നതും ഈ വരുന്ന വേന്ദ്രന്‍ മൃഗഡോക്ടര്‍ ആണെന്നതും ഉപരിപഠനത്തിനായി കങ്കാരുവിന്റെ നാട്ടില്‍ പോവുന്നത് കാണിക്കാന്‍ എന്റെ പിതാശ്രീയ്ക്കുണ്ടായിരുന്ന അവസരമായിരുന്നു ഇത്. ഇതുകേട്ടാല്‍ പിതാവിന്റെ വീട്ടുകാര്‍ മുഴുവന്‍ സ്കൂള്‍ കാണാത്തവര്‍ ആണെന്നൊരു തോന്നല്‍ വരുന്നവരോട് ഇത്രയും പറയാം. അല്ല അവര്‍ എല്ലാം സ്കൂള്‍ കണ്ടിട്ടുണ്ട്. എല്ലാ പ്രാവശ്യവും ഇലക്ഷന്‍ സ്കൂളില്‍ വച്ച് നടന്നിരുന്നതുകൊണ്ടും പതിനാറു എം.എം. സിനിമകള്‍ സ്ഥിരമായി സ്കൂളില്‍ വന്നിരന്നതുകൊണ്ടും എങ്ങനെ സ്കൂള്‍ കാണാതെയിരിക്കും. പിന്നെ വെള്ളപ്പൊക്കകാലത്തെ ദുരിതാശ്വാസ ക്യാമ്പുകള്‍ സ്കൂളിലല്ലാതെ അമ്പലത്തില്‍ വെയ്ക്കാന്‍ പറ്റില്ലല്ലോ.
ഈ വരുന്ന വേന്ദ്രന്റെ വീട്ടുകാരോട് എനിക്കും വലിയ പ്രതിപത്തിയില്ലാ. കാരണം കുടുംബത്തിലെ വിദ്യസമ്പന്നായ ഇവന്റെ വീട്ടുകാര്‍ പൊതുവേ അല്പം ജാടക്കാര്‍ ആയിരുന്നു. പക്ഷെ ആ വീട്ടില്‍ ഒരു വേലക്കാരന്‍ ഉണ്ടായിരുന്നു. ഒരു മാധവന്‍ പിള്ള. അയാളെയും ആ വീട്ടില്‍ ഉണ്ടായിരുന്ന ഒരു പട്ടിയേം മറക്കാന്‍ കഴിയില്ല. മാധവന്‍ പിള്ളയുടെ പ്രത്യേകത എന്ന് പറഞ്ഞാലും "ഓ " എന്നും പറഞ്ഞു ഓടി വരുമായിരുന്നു. ഈ ഓ യ്ക്ക് പല അര്‍ത്ഥങ്ങള്‍ ഉണ്ട്. "വിളിക്കുന്നവന്‍ കരുതുന്നത് "ഓ" ശരി ഇപ്പോള്‍ ശരിയാക്കാം " എന്നാണെന്നും "ഓ " എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഒപ്പിച്ചു തരാം എന്നാണെന്നും ഇനി അതല്ല ചെയ്തില്ലെങ്കില്‍ "ഒലത്തി" കളയുമോ എന്നാണെന്നും ഒരു തോന്നല്‍ ഉളവാക്കാന്‍ ഈ "ഒ"യ്ക്ക് കഴിഞ്ഞിരുന്നു. എന്നിരുന്നാലും കേരള കോണ്‍ക്രസ് ഉള്ളിടത്തോളം കാലം ഗ്രൂപ്പുകളും കാണും എന്ന് പറയുന്നതുപോലെ പിള്ളയുടെ "ഓ" യും എന്നും ഒപ്പം ഉണ്ടായിരുന്നു.
അതെന്തായാലും അവിടെ ചെല്ലുമ്പോള്‍ എന്നും കാപ്പിയിട്ടു തരുന്ന പിള്ളയെ എനിക്ക് മറക്കാന്‍ കഴിയില്ല. ഞാന്‍ പട്ടിയെ കാണാന്‍ ചെല്ലുമ്പോള്‍ " എടാ ചെറുക്കാ നിന്റെ പാക്ക് ഈ പട്ടി കടിച്ചു പറിക്കും" എന്ന് പറയുന്ന പിള്ള നല്ല സ്നേഹം ഉള്ളവനായിരുന്നു. പക്ഷെ രാജപാളയം ഇനത്തിലെ കൃശഗാത്രനായ പട്ടിയ്ക്കെന്തേ പിള്ള ഭക്ഷണം കൊടുക്കാതെ ഉണങ്ങിയിരിക്കുന്നത് എന്ന് പലപ്രാവശ്യം ഞാന്‍ പിള്ളയോട് ചോദിച്ചിട്ടുണ്ട്.
"ഈ നായിന്റെ മോന്‍ ഒരു നന്ദിയില്ലാത്തവനാ. ഒരു ചെമ്പ് അരിയുടെ ചോറ് കേറ്റിയാലും ചൂല് പോലെ ഇരിക്കൂ. മനുഷ്യനെ പറയിപ്പിക്കാന്‍ കൊണ്ടുവന്ന നശൂലം."
ഈയിനം അധികം വണ്ണം വെയ്ക്കുന്ന ഇനമാല്ലെന്നു പിന്നീടാണ് മനസ്സിലായത്. പാവം പിള്ള ചോറ് കൊടുക്കാത്തതല്ല കാരണം എന്ന് പിന്നീട് മനസ്സിലായി.
വൈശാലി സിനിമയില്‍ വിഭാണ്ഡക മഹര്‍ഷി തന്റെ പുത്രനെ "ഋഷിസൃംഗോ " എന്ന് കൂവി വിളിക്കുന്നത് പോലെ എയര്‍പോര്‍ട്ടില്‍ വിളിച്ചുകൂവാതിരിക്കാന്‍ പിതാശ്രീ ജോലിയ്ക്കുപോവുന്നതിനു മുമ്പേ അതിഥിയുടെ ഒരു ഫോട്ടോ എന്റെ കൈവശം തന്നു. (കാരണം ഞാന്‍ ഈ പാര്‍ട്ടിയെ കണ്ടിട്ട് ദശാബ്ദം കഴിഞ്ഞിരുന്നു.) ആല്‍ബത്തില്‍ ഒട്ടിച്ച സ്കൂള്‍ പഠനകാലത്തെ ഫോട്ടോ കണ്ടപ്പോള്‍ എന്നാല്‍ പിന്നെ അരഞ്ഞാണം കേട്ടാല്‍ ചടങ്ങിനു എടുത്ത ഫോട്ടോ തന്നാല്‍ പോരായിരുന്നോ എന്ന് ചോദിക്കണമെന്ന് തോന്നിയെങ്കിലും പ്രൊഡ്യൂസര്‍ ആണെന്ന് കരുതി ക്ഷമിച്ചു നാക്ക് ഡപ്പിയില്‍ ഇട്ടു. ഏതായാലും ചെറിയ മുറുമുറുപ്പോടെ ഫോട്ടോയും വാങ്ങി പോക്കറ്റില്‍ ഇട്ടു നേരെ വിമാനത്താവളം ലക്ഷ്യമാക്കി വിട്ടു.
വിമാനത്താവളത്തില്‍ എന്റെ കണ്ണ് കുതിരയുടെ വിഷയത്തില്‍ ഉന്നത വിദ്യാഭാസം തേടി വിദേശത്തു പോകുന്ന ബന്ധുവിനെ തിരയുന്ന തിരക്കിലായിരുന്നു. നല്ല ഉയരവും കുതിരയുടെ പുഞ്ഞി പോലെ നീണ്ട മുടിയും കുതിച്ചുകുതിച്ചു നടക്കുന്നതുമായ ഒരു കരുത്തനെ പ്രതീക്ഷിച്ച എന്റെ ആകെ അമ്പരപ്പിച്ചു പമ്പരവിഡ്ഢിയെന്നു ചെണ്ടക്കൊട്ടിപ്പാടുന്ന മുഖത്തോടു കൂടിയ ശ്രീമാന്‍ ദീപക്കല്ലേ എന്നാ ചോദ്യവുമായി വന്നപ്പോള്‍ തന്നെ ആകെ വ്യാകുലമാതാവ് വിചാരിച്ചാലും എന്റെ വ്യാകുലതകള്‍ മാറില്ലെന്ന് മനസ്സിലായി. വന്നയുടനെ ട്രോളിയില്‍ നിന്ന് ഒരു പെട്ടി എടുത്ത് എന്റെ കൈയില്‍ തന്നു. ഒരെണ്ണം ആശാനും പിടിച്ചു. പെട്ടി പിടിച്ചു ഒരു കൂലിയെപ്പോലെ നടക്കുന്ന എന്നെ കണ്ടു എന്റെ സുഹൃത്ത് ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടപ്പോള്‍ ആകെ എന്റെ കോപം മുപ്പത്താറു ഇരട്ടിയായി. യാത്രയിലുടനീളം നമ്മുടെ കുതിര ഡോക്ടര്‍ എന്നെ ക്ഷമയെ എങ്ങനെ പരീക്ഷിക്കാം എന്നുള്ളതിന്റെ പരിശീലനമായിരുന്നു. ഒടുവില്‍ തന്റെ കോഴ്സിനെയും കുതിരയേയും പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ ഞാന്‍ തലവേദനയുടെ ട്രിക്കില്‍ കണ്ണുംപ്പൂട്ടി മെല്ലെ കിടന്നു.
വീട്ടിലെത്തിയപ്പോഴേക്കും പിതാശ്രീയുടെ ചില കൂട്ടുകാരും ചില ബന്ധുക്കളും (പിതാശ്രീയുടെ കുടുംബത്തിലെ ) ടിയാനെ കാണാന്‍ എത്തിയിരുന്നു.
ഏതായാലും നവംബര്‍ മാസത്തെ തണുപ്പുകൊണ്ടാവം വന്നു തല്‍ക്കാലം കുളിയോന്നും വേണ്ടായെന്ന മറുപടിയോടെ പുള്ളിക്കാരന്‍ എല്ലാവരെയും പരിചയപ്പെടാന്‍ അടുത്തുകൂടി. ഏതായാലും ഈ കത്തി എന്റെ തലയില്‍ നിന്ന് വിരുന്നുകാരുടെ തലയിലോട്ടു മാറിയതില്‍ ഞാന്‍ അത്യന്തം സന്തോഷവാനായി. പിതാശ്രീയുടെ ഒരു കൂട്ടുകാരന്‍ നമ്മുടെ കുതിരഡോക്ടറോട് എന്ത് ചെയ്യുന്നുവെന്നോ എന്ത് പഠിക്കാന്‍ ഓസ്ട്രലിയയില്‍ പോകുന്നുവെന്നോ എന്തോ ചോദിച്ചു. ചോദ്യം ഇംഗ്ലീഷില്‍ ആയിരുന്നുവെങ്കിലും പണ്ടെങ്ങോ സ്കൂളിലോ കോളെജിലോ പഠിയ്ക്കുന്ന സമയത്ത് ഭോപാലില്‍ എന്‍.സി.സി. ക്യാമ്പില്‍ പോയി പഠിച്ച ഹിന്ദിയുടെ ബലത്തില്‍ ഇഷ്ടന്‍ തട്ടിവിട്ടു.
"മേം ഘോഡ ബനാത്താ ഹൈ.."
എന്തുദ്ധെശിച്ചാണ് പറഞ്ഞത് എന്നറിയില്ല പക്ഷെ പറഞ്ഞു വന്നപ്പോള്‍ ഞാന്‍ കുതിരയെ ഉണ്ടാക്കുന്നു എന്നാണ് അര്‍ഥം വന്നത്. എല്ലാവരും കണ്ണില്‍ കണ്ണില്‍ നോക്കി ചിരിയടക്കുന്നതു കണ്ടപ്പോള്‍ തന്നെ ഞാന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഇതുവരെ എത്ര കുതിരയെ ഉണ്ടാക്കിയെന്ന് മലയാളത്തില്‍ ചോദിച്ചപ്പോഴാണ് ആശാന് താന്‍ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാക്കിയത്.എന്റെ ചിരി സത്യത്തില്‍ അവിടെ ഒരു ചിരിയുടെ മാലപ്പടക്കത്തിനു തീകൊളുത്തിയത് കുതിര ഡോക്ടര്‍ അത്ര രസത്തോടെയല്ല കണ്ടത്.
വീണ്ടും പരസ്പരം പാരവെച്ചും കളിയാക്കിയും മൂന്നു ദിവസം പോയപ്പോള്‍ ഒരു ദിവസം എന്നോട് ഒന്ന് ചുറ്റിക്കാണിക്കാന്‍ സുജിത് (കുതിര ഡോക്ടര്‍) ആവശ്യപ്പെട്ടു.
ഞാന്‍ അവനെയും കൂട്ടി ഷക്കൂര്‍ ബസ്തിയിലെത്തി. തിരിച്ചു വരുമ്പോള്‍ അല്പം മീന്‍ വാങ്ങുകയെന്ന ഉദ്ദേശമാണ് അവിടെചെല്ലാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഞങ്ങള്‍ അവിടെ മീന്‍ വില്‍ക്കുന്ന ബീഹാറിയുടെ മുമ്പില്‍ എത്തി. ഈ ബീഹാറിയുടെ ഭാര്യ അതീവസുന്ദരിയാണ്. മുമ്പൊരിക്കല്‍ അവരെ സൂക്ഷിച്ചു നോക്കിയപ്പോള്‍ "എന്താണ് സഹോദര ഇങ്ങനെ നോക്കുന്നത്. താങ്കള്‍ ഇതിനു മുമ്പേ സ്ത്രീജനങ്ങളെ ദര്‍ശിച്ചിട്ടില്ലേ എന്ന് ചോദിക്കുകയുണ്ടായി." ഇതിന്റെ " എടാ ഡാഷ് മോനെ. നീയെന്തേ പെണ്ണുങ്ങളെ കണ്ടിട്ടില്ലെട പന്നീ" എന്നാണെന്ന് അത്ര ഹിന്ദി അറിയില്ലാത്ത അന്ന് എന്റെ കൂടെ വന്ന സുഹൃത്ത് തര്‍ജ്ജമ ചെയ്യുകയുണ്ടായി. പക്ഷെ എന്റെ വിശ്വസിക്കില്ല. ആരെങ്കിലും അങ്ങനെ ചോദിക്കുമോ. അതും എന്നെ പോലെ നിഷ്കളങ്കനായ ഒരു യുവത്വവും കൌമാരവും തമ്മില്‍ കിളിത്തട്ട് കളിക്കുന്ന പ്രായത്തില്‍ ഉള്ള ഒരാളോട്. പൊതുവേ ആ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ എല്ലാവരും സ്ത്രീകളെ സഹോദരികളായി മാത്രമേ കാണാറുള്ളൂ വന്നത് ലോകര്‍ക്കൊക്കെ അറിയാവുന്ന സത്യം. അല്ല പിന്നെ.
എന്റെ രണ്ടുകിലോ മീനും വാങ്ങി സുജിത്തിനെ അടുത്തുള്ള ഒരു മുച്ചീട്ടുകളി കേന്ദ്രത്തില്‍ എത്തിച്ചു.ഞങ്ങള്‍ രണ്ടുപേരും കുറെ നേരം നോക്കിനിന്നപ്പോള്‍ കുറെ പേര്‍ ചുറ്റും കൂടി. ഞങ്ങള്‍ രണ്ടാളും നോക്കി നില്‍ക്കുന്നതിനിടയില്‍ ചിലരൊക്കെ തങ്ങളുടെ ഭാഗ്യം പണമായി വാരുന്നത് കണ്ടപ്പോള്‍ എനിക്കും ചെറിയ ആഗ്രഹം. എന്റെ പതിയെ സുജിത്തിനെ തോണ്ടി. എന്തായാലും ഞാന്‍ ഒരു ചീട്ടിന്റെ മുകളില്‍ ഇരുപതു രൂപ വെച്ചു. എന്റെ ഭാഗ്യത്തിനോ ഭാഗ്യദോഷത്തിനോ സംഭവം അടിച്ചു. എന്തായാലും എനിക്ക് കാശുകിട്ടിയപ്പോള്‍ സുജിത്ത് വീണ്ടും ഉത്തെജിതനായി.
എനിക്ക് കാശ് കിട്ടിയപ്പോള്‍ സുജിത്തിനും കാശുവെക്കാന്‍ ഒരു മോഹം. കളത്തില്‍ രൂപ വെക്കാന്‍ മുച്ചീട്ടുകാരന്‍ വീണ്ടും പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു. അവസാനം സുജിത് രണ്ടു വിരല്‍ കാണിച്ചു. ഇതുപത് എന്ന് കാണിച്ചത് മുച്ചീട്ടുകാരന്‍ ഇരുന്നൂറാണോ എന്ന് ചോദിച്ചപ്പോള്‍ തന്നെ ഞാന്‍ പതിയെ പിന്നിലോട്ടു വലിഞ്ഞു. പക്ഷെ മുച്ചീട്ടുകാരന്‍ ചീട്ടുപോക്കി കാണിച്ചപ്പോള്‍ സാധനം നമ്പര്‍. സുജിത്തിന്റെ പണം പോയി. പണം ചോദിച്ചു മുച്ചീട്ടുകാരന്‍ പൊങ്ങിയപ്പോള്‍ സുജിത് ഇരുപതു രൂപ എടുത്ത് കൊടുത്തതും അയാള്‍ ക്രുദ്ധനായി.
"ഇരുപതല്ല സഹോദരാ ഇരുന്നൂറാണ് തരേണ്ടത്" എന്നോ "നായിന്റെ മോനെ നീ ആളെ കളിയാക്കുന്നോ. കളിക്കാതെ ഇരുന്നൂറു രൂപാ താടാ" എന്നോ അയാള്‍ പറഞ്ഞതിനെ തര്‍ജ്ജമ ചെയ്യാം. എന്തായാലും അതുകെട്ടപ്പോഴേ ഞാന്‍ വിട്ടു.
അരകിലോമീറ്റര്‍ ഏറ്റവും കുറഞ്ഞ വേഗത്തില്‍ ഓടിയതിന്റെ റിക്കോഡ് അങ്ങനെ എന്റെ പേരിലായി. പക്ഷെ പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ സുജിത് പതിയെ നടന്നു നടന്നു വന്നു.
"എന്നാലും നീ ഒരു മറ്റേ പണിയാണല്ലോ കാണിച്ചത്. നീ വിട്ടുകളഞ്ഞല്ലോ." സുജിത്ത് കരഞ്ഞുകൊണ്ടാണോ ദേഷ്യപ്പെട്ടാണോ പറഞ്ഞതെന്ന് ഇന്നും എനിക്ക് മനസ്സിലായിട്ടില്ല.
പക്ഷെ ഈ കാര്യം വീട്ടില്‍ പറയില്ല എന്ന് ഞാന്‍ വാക്ക് കൊടുത്തു. അങ്ങനെ ഞങ്ങള്‍ ചങ്ങാതിമാരായി.
ഞാന്‍ ഇത് വീട്ടില്‍ പറയില്ല എന്ന് പറഞ്ഞപ്പോള്‍ സുജിത് തന്റെ അപ്പന് പറ്റിയ മണ്ടത്തരം എന്നോട്
പറഞ്ഞു. അദ്ദേഹം പണ്ട് ആദ്യമായി മുംബെയില്‍ പോയപ്പോള്‍ (ഒരു ബന്ധുവിന്റെ ഗള്‍ഫിലേക്ക് വിമാനം കയറ്റി വിടാന്‍ പോയാതാണ്) എയര്‍പോര്‍ട്ടില്‍ നിന്നൊരു വാച്ച് വാങ്ങിച്ചത്രേ. ഒരു ഗള്‍ഫ് മലയാളി അവിടെ വിറ്റുകൊണ്ടിരുന്ന വാച്ചാണ് പോലും ഇഷ്ടന്‍ വാങ്ങിയത്. വില്‍പ്പനക്കാരന്‍ പറഞ്ഞത് അയാള്‍ ഗള്‍ഫില്‍ നിന്ന് വന്നതാണെന്നും പണമില്ലാത്തതിന്റെ പേരില്‍ വിറ്റതാണെന്നും എന്നൊക്കെയാണ്. പക്ഷെ ഈ വാച്ചും വാങ്ങി മുംബയിലുള്ള മറ്റൊരു ബന്ധുവീട്ടില്‍ എത്തിയപ്പോള്‍ (ഇഷ്ടന്‍ അവിടെയാണ് മുംബൈയില്‍ വന്നപ്പോള്‍ തങ്ങിയത്) ഈ വാച്ചുകാരന്‍ പതിനഞ്ച് വര്‍ഷമായി മുംബെയില്‍ ഇങ്ങനെ വാച്ച് വില്‍ക്കുന്നതാണെന്ന് അറിയാന്‍ കഴിഞ്ഞു. എന്നും ഗള്‍ഫില്‍ നിന്ന് പോയി വന്നു വാച്ച് വില്‍ക്കാന്‍ അയാളെന്താ വിശാല മനസ്കനാണോ.അതോടെ ഈ മണ്ടത്തരം സുജിത്തിന്റെ കുഴപ്പം കൊണ്ടല്ല പാരമ്പര്യമായി കിട്ടിയതാണെന്ന് മനസ്സിലായി. പക്ഷെ ഇങ്ങനെയൊരു പൈതൃകത്തിന്റെ ഗമ ഏതായാലും പുള്ളിയ്ക്കില്ല.
(കാരണം വിശാലമനസ്കന്‍ മാത്രമേ കൊടകരയില്‍ നിന്ന് ജബല്‍ അലിയ്ക്ക് ഡയ്ലി പോയി വരാറുള്ളൂ.)
എന്തായാലും കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നമ്മുടെ സുജിത് ഓസ്ട്രലിയയിലേക്ക് പോയി. കൂടുതല്‍ മണ്ടത്തരങ്ങള്‍ എഴുതാന്‍ നിര്‍വാഹമില്ല. കാരണം ഇപ്പോള്‍ ബ്രിസ്ബേനില്‍ സകുടുംബം താമസിക്കുന്ന സുജിത് അവിടെ ഒരു ലാബോറട്ടറിയില്‍ ആന്റിവെനം ഉണ്ടാക്കുന്ന റിസര്‍ച്ച് ഒക്കെ ചെയ്തു (പാമ്പിന്‍വിഷത്തിനു മറുമരുന്നു) കാലം കഴിക്കുകയാണ്. ഞാനും താമസിയാതെ അങ്ങോട്ടേക്ക് താമസം മാറ്റുന്നതിനാല്‍ കൂടുതല്‍ എഴുതിയാല്‍ പിന്നെ എന്റെ കാര്യം കോഞ്ഞാട്ടയാവും
Saturday, April 18, 2009
62.ഷഡ്ജം വൃത്തികേടായി
__________________________________________________________
അച്ചന് കപ്യാരോട് :
"മത്തായി ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമാണെന്നു കേള്‍ക്കുന്നു. നമുക്കും എടുത്താലോ.?"
"എന്തിനാ അച്ചോ ഒള്ള കഞ്ഞിയില്‍ പാറ്റായിടുന്നത്. ഇപ്പോള്‍ തലതെറിച്ച പിള്ളാരുടെ കുമ്പസാരം കേള്‍ക്കുന്നതാ അച്ചന് ആകെയുള്ള ആശ്വാസം. ഇന്റര്‍നെറ്റ് വന്നാല്‍ അവര്‍ കുമ്പസാരം ഇമെയില്‍ ആയിട്ട് അയക്കും."
_______________________________________________________
മകനോട് അപ്പന്‍ എന്തിനാടാ ഇപ്പോള്‍ ഇന്റര്‍നെറ്റ് എടുക്കാന്‍ നീ വാശിപിടിക്കുന്നത്.
"അപ്പാ ഇന്റര്‍നെറ്റ് ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു. എന്ത് കാര്യങ്ങള്‍ സാധിക്കണമെങ്കിലും ഇന്റര്‍നെറ്റ് വേണം."
"എങ്കില്‍ നിനക്ക് ഒരു പുതിയ അമ്മയെ തരാന്‍ നീ ഇന്റര്‍നെറ്റിനോട് പറ. പിന്നെ നമ്മുടെ സമയമുള്ളപ്പോള്‍ നമ്മുടെ പശുനെ കുളിപ്പിക്കാനും തെങ്ങില്‍ കയറി തേങ്ങാ ഇടാനും പറയാന്‍ ഇന്റര്‍നെറ്റിനോട് മറക്കേണ്ട.."
________________________________________________________
മാധവന്‍ ദൈവത്തോട്
:എത്ര നാളായി നിന്നോട് എന്റെ പ്രയാസങ്ങള്‍ പറയുന്നു. ഇതുവരെ എന്റെ കാര്യം നീ കേട്ടോ. ഇതാ പറയുന്നത് നീ ഇപ്പോഴും പഴഞ്ചന്‍ ആണെന്ന്. സലീമിന്റെയും വര്‍ക്കിയുടെയും ദൈവം എല്ലാം ഇന്റെര്‍നെറ്റിലൂടെ പരിഹാരം ഉണ്ടാക്കി ഉടനെ അവരുടെ പ്രയാസം തീര്‍ക്കും. നിനക്കെന്നും താമസം. :
ദൈവം: അല്ലടാ മാധവാ. എന്റെ സിസ്റ്റത്തില്‍ ആകെ വൈറസ് കേറിയതുകൊണ്ട് നിന്റെ പ്രശ്നങ്ങള്‍ അനലൈസ് ചെയ്യാന്‍ കഴിയുന്നില്ലാ."
_______________________________________________________
സംഗീതാധ്യാപകന്‍ രാമുവിനോട്
:രാമു മാത്രം എന്താ ഇങ്ങനെ. ഷഡ്ജം ഉപയോഗിക്കുന്ന ശീലമില്ലേ അല്ലെ.
:ഉണ്ട് സാറേ. ഇന്ന് രാവിലെ പഴം കഞ്ഞി കുടിച്ചപ്പോള്‍ വയറു കേടായി. അങ്ങനെ സംഗതി വന്നു ഷഡ്ജം വൃത്തികെടായതുകൊണ്ടാ ഊരിക്കളഞ്ഞിട്ടു ക്ലാസില്‍ വന്നത്.
________________________________________________________
സംഗീതപ്രിയനായ മോഹനന്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് വന്നപ്പോള്‍ പിതാവ്
എന്താ മോഹനാ . അവര്‍ വല്ലതും ചെയ്തോ.
"ഇല്ലച്ചാ. അവര്‍ കാര്യമായി ഒന്നും ചെയ്തില്ല. പക്ഷെ ഇന്നലെ രാത്രി രൂപക താളത്തില്‍ ഒന്ന് കൊട്ടി നോക്കിയതെയുള്ളൂ. പുറം പന്തുവരാളി പോലെയായി."
________________________________________________________
Tuesday, April 7, 2009
61.ത്രികാല ജ്ഞാനി
സൈക്കിളിന്റെ ബെല്ല് കേട്ട് തിരിഞ്ഞുനോക്കി. പോസ്റ്റ്മാന്‍ ആണ്.
"ശര്‍ങ്ങധരന്‍ പിള്ളയ്ക്കൊരു രജിസ്റ്റര്‍ ഉണ്ട്."
പോസ്റ്റുമാന്റെ മുഖത്തെ അമ്പരപ്പിനെക്കാള്‍ തന്റെ മുഖത്താണ് അമ്പരപ്പ് വന്നത്.തനിക്കാരാണാവോ എഴുത്തയക്കാന്‍. അതും രജിസ്റ്റര്‍. പത്താം തരം ജയിച്ചത് മുതല്‍ ജോലിയ്ക്കപേക്ഷകള്‍ അയച്ചിരുന്നുവെങ്കിലും ആരും മറുപടി വിട്ടിരുന്നില്ല. പിന്നീട് അവസാനം തന്റെ പൂര്‍ണ്ണവലിപ്പത്തിലുള്ള ഓരോ കളര്‍ ഫോട്ടോയും അയച്ചു കൊടുത്ത് തുടങ്ങി. ഒരിക്കല്‍ ആരോ തന്റെ ഫോട്ടോ കണ്ടു ഭയന്ന് പനിപിടിച്ചുവെന്നും പറഞ്ഞു ഒരു കത്ത് വന്നതോടെ ആ പതിവും മുടക്കി.
പിന്നെ ഒരിക്കലും ആരുടേയും കത്തോ മറുപടിയോ കിട്ടിയിട്ടില്ല.
പതിയെ കത്ത് തുറക്കുന്നതിനിടയില്‍ പോസ്റ്റ്മാനെ മുഖമുയര്‍ത്തി നോക്കി.
അയാള്‍ അതിശയത്തോടെ തിരിഞ്ഞു നോക്കി നോക്കി നടക്കുന്നത് കണ്ടു.
"അമ്മേ അമ്മേ.."
അമ്മാ ഓടിയിറങ്ങി വന്നു.
"എന്താടാ കാലാ കിടന്നു കീറുന്നത്. ഞാന്‍ ആകെ പേടിച്ചു പോയല്ലോ."
അമ്മയുടെ സ്ഥിരം പ്രതികരണം ഒട്ടും മടുപ്പുണ്ടാക്കിയില്ല.
"അമ്മെ . എനിക്ക് ഒരു ഇന്റര്‍വ്യൂ ലെറ്റര്‍ കിട്ടി. വരുന്ന തിങ്കളാഴ്ച കൊച്ചിയിലാ ഇന്റര്‍വ്യൂ.ഒരു ഫാമിലെ മാനജര്‍ ആയിട്ടാ ജോലി."
"ഹഹഹഹഹ .. എനിക്ക് ചിരിക്കാന്‍ വയ്യാ. നിന്നെ ജോലിയ്ക്ക് വിളിക്കാന്‍ തന്നെ ബുദ്ധിഭ്രമം ഉള്ളവരും ജീവനോടെയുണ്ടോ. നിന്നെ ജോലിയെക്കെടുക്കാന്‍ അയാളെന്താ മന്ദബുദ്ധിയാണോ. അതോ മന്ദബുദ്ധിയെ മാത്രമേ എടുക്കൂന്നു അയാള്‍ക്ക് വല്ല നേര്‍ച്ചയും ഉണ്ടോ.?"
അമ്മയുടെ ചോദ്യം അല്പം ദേഷ്യം വരുത്തിയെന്നത് സത്യം.പക്ഷെ അമ്മയല്ലേ.എന്ത് പറയാനാ.താന്‍ അമ്മയുടെ ഏകമകനാണ്. എട്ടാം മാസത്തില്‍ പെറ്റതിനാണത്രേ തനിക്കു കടിഞ്ഞൂല്‍ പോട്ടനെന്നുള്ള സ്ഥാനപ്പേര് കിട്ടാന്‍ കാരണം. അതോടൊപ്പം തന്റെ പ്രവര്‍ത്തികളും സ്വഭാവവും ആ പേര് ആസ്ഥാന പേരായി അംഗീകരിച്ചു തരാന്‍ കാരണമായി. ഒപ്പം ശര്‍ങ്ങധരന്‍ പിള്ള എന്നൊരു പേരും കൂടി അമ്മ തന്നപ്പോള്‍ പിന്നെ ആളുകള്‍ക്ക് ചിരിക്കാന്‍ വേറൊന്നും വേണ്ടായെന്നായി.പക്ഷെ ഇതുവരെ മനസ്സിലാവാത്ത കാര്യമാ, എട്ടാം മാസത്തില്‍ പെറ്റത് ഞാന്‍ പറഞ്ഞിട്ടാണോ? അമ്മ ധൃതി കാണിച്ചതിന് ഞാനെന്തു പിഴച്ചു?
ശര്‍ങ്ങധരന്‍ പിള്ള എന്നാ പേരിന്റെ കാരണം അമ്മയുടെ ചെറുപ്പത്തിലെ മരിച്ച അച്ഛന്റെ പേര് ഇതായിരുന്നത്രേ. എന്തായാലും ആ നശൂലം പേര് തന്റെ കൂടെ കൂടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഉല്പലാക്ഷന്‍ എന്നാണു അപ്പന്റെ പേര്. അങ്ങനെ ഒപ്പം ഇനിഷ്യല്‍ യൂ കൂടെ കൂടി. അതുവഴി മുഴുവന്‍ പേര് ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍.
നേരെ മുറിയില്‍ കയറി തന്റെ ഇഷ്ടനടന്‍ കുഞ്ചന്റെ ഫോട്ടോ നോക്കി സങ്കടം പറഞ്ഞു.കുഞ്ചന്‍ ചേട്ടന്റെ കോട്ടയം കുഞ്ഞച്ചന്‍ എന്നാ സിനിമയിലെ "പരിഷ്കാരി" എന്നാ കഥാപാത്രമാണ് തന്നെ അദ്ദേഹത്തിന്റെ ആരാധകനാക്കിയത്. പിന്നീട് പരിഷ്കാരി ശര്‍ങ്ങധരന്‍ എന്നാ ഇരട്ടപേരും കൂടി നാട്ടുകാരുടെ സ്നേഹത്തിന്റെ ഫലമായി കിട്ടിയപ്പോള്‍ തന്റെ ജന്മം ഒരു പാഴ്ജന്മം ആയോ എന്ന് തോന്നി.
ഇന്റെര്‍വ്യൂവിന് എന്തുചൊദിക്കുമെന്നു ഒരു പിടിത്തവുമില്ല. വീട്ടിലിരിക്കുന്ന സിനിമാ മംഗളവും നാനയും ബാലരമയും ആകെയൊന്നു ഓടിച്ചു നോക്കി. അഥവാ പോതുവിജ്ഞ്ഞാനത്തില്‍ നിന്നുവല്ലതും ചോദിച്ചാല്‍ പറയാമല്ലോ.പത്രം വായന പണ്ടേയില്ല. ഇനി ഇതിനുവേണ്ടി തുടങ്ങിയാലും വല്ല്യ ഗുണമുണ്ടെന്നു തോന്നുന്നില്ല.
തിങ്കളാഴ്ച രാവിലെ തന്നെ ഇന്റര്‍വ്യൂ നടക്കുന്ന ഓഫീസില്‍ എത്തി. വിസിറ്റിംഗ് റൂമില്‍ എത്തി ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ ഇരിക്കുന്നവരെ കണ്ടപ്പോള്‍ തന്നെ പകുതി ജീവന്‍ പോയി. മിക്കവാറും ആളുകള്‍ നഗരത്തിന്റെ സന്താനങ്ങള്‍ തന്നെ. അടിപൊളി വേഷങ്ങള്‍ കണ്ടപ്പോള്‍ തന്നെ തന്നെപോലെ പട്ടികാട്ടുകാരനെ ജോലിയ്ക്കെടുക്കുമോ എന്നൊരു സന്ദേഹം ഉണ്ടായി. പക്ഷെ അവിടെ ഇരുന്ന എല്ലാവരും തന്നെ തന്നെ നോക്കുന്നത് കണ്ടപ്പോള്‍ എന്തോ ഒരു പ്രത്യേകത തന്നിലുണ്ടെന്ന് മനസ്സിലായി. എന്തായാലും പച്ച പാന്റ്സും ചുവപ്പ് ഷര്‍ട്ടും നല്ല വെളിച്ചെണ്ണ തേച്ചു പറ്റിച്ചു ചീകിയ മുടിയും പഴുതാര മീശയുമുള്ള തന്നെ അസൂയയോടാണോ നോക്കുന്നതെന്നും സംശയമില്ലാതില്ല.
പ്യൂണ്‍ വന്നു ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ എന്നാ പേര് വിളിച്ചപ്പോള്‍ തന്നെ മിക്കവരും അടക്കി ചിരിക്കുന്നത് കണ്ടു.തന്റെയീ പേരിനു കാരണമായ എല്ലാവരെയും പ്രാകികൊണ്ട് ഉള്ളിലേക്ക് കാലെടുത്തുവെച്ചു.
നേരെ മുമ്പിലെ കസേരയിലിരിക്കുന്ന മനുഷ്യനെ അല്പം കൌതുകത്തോടെയാണ് നോക്കിയത്. സഹാറ മരുഭൂമിപോലെയുള്ള ചാണത്തല. മന്നവേന്ദ്ര വിളങ്ങുന്നു നിന്മുഖം ചന്ദ്രനെപോല്‍ എന്നത് മന്നവേന്ദ്ര വിളങ്ങുന്നു നിന്‍ തല ചന്ദ്രനെപോലെ എന്നുമാറ്റിയാല്‍ തന്നെ ധാരാളമായി.
കസേരയുടെ അടുത്ത് ചെന്നിട്ടു തന്റെ സ്വതസിദ്ധമായ കാക്കസ്വനത്തില്‍ "ഗുഡ് മോര്‍ണിംഗ് സര്‍" എന്ന് പറഞ്ഞപ്പോള്‍ ആ മുഖത്ത് കണ്ട ഭാവം വേര്‍തിരിച്ചറിയാന്‍ കഴിയില്ലെന്ന് തോന്നി.
"ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ ഇരിക്കൂ."
ഞാന്‍ ഇരുന്നു.
"മിസ്റ്റര്‍ പിള്ളേ. ഞങ്ങളുടെ ഫാമിലേക്ക് ഇതുവരെ എട്ടു മാനജര്‍മാരെ നിയമിച്ചു. ഓരോ മാസം തികയ്ക്കും മുമ്പേ അവരെ ഓരോരുത്തരെയും ടെര്‍മിനെറ്റും ചെയ്തു. അതുകൊണ്ട് തന്നെ ഇനി ആള്‍ തീര്‍ത്തും സമര്‍ത്ഥന്‍ ആണെങ്കില്‍ മാത്രമേ ജോലിയ്ക്കെടുക്കൂ. അതുകൊണ്ട് ഉദ്യോഗാര്‍ഥി സമര്‍ത്ഥനും സത്യസന്ധനും ആയിരിക്കണമെന്ന കാര്യത്തില്‍ എനിക്ക് നിര്‍ബന്ധമുണ്ട്."
"സാര്‍. ഞാന്‍ സത്യസന്ധന്‍ ആണ് സാര്‍. സമര്‍ത്ഥന്‍ ആണോ എന്ന് സാര്‍ തന്നെ തീരുമാനിക്ക്."
"മിസ്റ്റര്‍ പിള്ളേ. ഭ്രാന്ത് ഉള്ളവര്‍ എനിക്ക് ഭ്രാന്ത് ഇല്ലായെന്ന് പറഞ്ഞാല്‍ ഡോക്ടര്‍ വിശ്വസിക്കില്ലെന്ന് പറയുന്നപോലെ സത്യസന്ധര്‍ താന്‍ സത്യസന്ധന്‍ ആണെന്ന്പറഞ്ഞാലും ആരും വിശ്വസിക്കില്ല. അത് ബോദ്ധ്യംവരണം."
"സര്‍. ഇവിടെ ഇന്റര്‍വ്യൂവിനു വന്ന ആളുകളെ കണ്ടപ്പോള്‍ എന്റെ കാര്യം ശരിയാവില്ലായെന്നു തോന്നിയതാ. പക്ഷെ സാറിന്റെ ആവശ്യം കേട്ടപ്പോള്‍ എനിക്ക് ചാന്‍സ് ഉണ്ടെന്നു തോന്നുന്നു."
മുമ്പിലിരിക്കുന്ന ആളുടെ മുഖത്തെ വികാരം എന്നതെന്ന് പറയാന്‍ കഴിഞ്ഞില്ല.
"മിസ്റ്റര്‍ പിള്ളേ. എന്തായാലും ഞാന്‍ ചില ചോദ്യങ്ങള്‍ ചോദിക്കാം.ഉത്തരം പറയാമോ എന്ന് നോക്കുക. ഈ സാമ്പത്തിക മാന്ദ്യത്തെപറ്റി താങ്കള്‍ എന്ത് പറയുന്നു."
"അറിയില്ല സര്‍.പക്ഷെ ഈ ജോലികിട്ടിയാല്‍ എന്റെ സാമ്പത്തിക മാന്ദ്യം തീരും സാറേ."
"ആട്ടെ. താങ്കളുടെ ഹോബീസ് എന്തൊക്കെയാണ് ?"
"അങ്ങനൊന്നും ഇല്ല സര്‍. ഞാന്‍ വളരെ നല്ല മനുഷ്യനാണ് സര്‍. പണക്കാരുടെ യാതൊരു ദുശ്ശീലവും ഇല്ല സര്‍."
"ഹഹഹഹ .. പിള്ള പാട്ടൊക്കെ പാടുമോ.വെറുതെ ചോദിച്ചതാ .."
"പിന്നെ.. ഞാന്‍ നല്ല പാട്ടുകാരനാ. പക്ഷെ ആരും ഇതുവരെ പറഞ്ഞിട്ടില്ല. അല്ലെങ്കിലും അങ്ങനാ സാറെ. കഴിവുല്ലവനെ ആരും അംഗീകരിക്കില്ല. നമ്മള്‍ മലയാളികള്‍ മരണശേഷമല്ലേ ആരെങ്കിലും അംഗീകരിക്കൂ."
"അപ്പോള്‍ യേശുദാസ് മരിച്ചുവേന്നാണോ പിള്ള പറയുന്നത്."
ഒരു നിമിഷം എന്തുപറയണം എന്നറിയാതെ ഇരുന്നു..
"അല്ല സാറേ യേശുദാസ് മരിച്ചോ.? ഞാന്‍ അറിഞ്ഞില്ല കേട്ടോ."
ചോദ്യകര്‍ത്താവ് ഒരു നിമിഷം സ്തബ്ദനായെന്നു തോന്നി. അയാള്‍ തന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ടു.
"പിള്ള പത്രമൊന്നും വായിക്കാറില്ലേ.?"
"എല്ലാം വെറും തട്ടിപ്പല്ലേ സാറെ. ചുമ്മാതെ മരണവും കൊലപാതകവും കൊള്ളയും മാത്രം. വെറുതെ കാശുകൊടുത്തു വാങ്ങിച്ചു എന്തിനാ ടെന്‍ഷന്‍ അടിക്കുന്നത്. ഞാന്‍ നാനയും സിനിമ മംഗളവും ഒക്കെയാ വായിക്കുന്നത്."
"ആട്ടെ താങ്കളുടെ മണ്ഡലത്തിലെ എം.എല്‍.എ. മന്ത്രിയാകുന്നു എന്ന് കരുതുക. താങ്കള്‍ക്കെന്തു തോന്നും?"
"സര്‍. എങ്കില്‍ ആ എം.എല്‍.എ.സീറ്റ് ഒഴിവാകില്ലേ.ആ സീറ്റിലേക്കുള്ള ഇടക്കാല തെരഞ്ഞെടുപ്പ് വീണ്ടും സര്‍ക്കാരിനു ബാധ്യതയുണ്ടാക്കില്ലേ.?"
മറുപടി കേട്ടപ്പോള്‍ തുടങ്ങിയ പൊട്ടിച്ചിരി നിര്‍ത്താന്‍ ചോദ്യകര്‍ത്താവ് കുറെ പണിപ്പെട്ടു.
"മിസ്റ്റര്‍ പിള്ളേ . താങ്കളോട് കൂടുതല്‍ ഒന്നും ചോദിക്കേണ്ട എന്ന് തോന്നുന്നു. എന്തായാലും താങ്കളെപോലെ മിടുക്കനും സത്യസന്ധനും ആയ ഒരാളെ മാത്രം നിയമിക്കാന്‍ എനിക്ക് തോന്നുന്നു. താങ്കള്‍ റിസപ്ഷനില്‍ പോയി അപ്പോയിന്റ്മെന്റ് ലെറ്റര്‍ വാങ്ങിക്കോളൂ."
ഒരു നന്ദി പറഞ്ഞു തിരിച്ചു നടന്നു.
വാതില്‍ തുറന്നു പുറത്തു വന്നപ്പോള്‍ ചുറ്റും ഇരിക്കുന്ന ഉദ്യോഗാര്‍ഥികളെ നോക്കിയൊന്നു പുഞ്ചിരിച്ചു. ഇനി നിങ്ങളാരും മിനക്കെടേണ്ട ആ കരിക്കലം ഞാന്‍ തന്നെ കഴുകി എന്നൊരു ലാഞ്ചന ആ പുഞ്ചിരിയിലുണ്ടായിരുന്നു.
വക്രിച്ച ഒരു ചിരിയുമായി പ്യൂണ്‍ എത്തി.
"എന്തായി."
അയാളുടെ ചോദ്യം കേട്ടപ്പോള്‍ നന്നായി ദേഷ്യം തോന്നി. തന്റെ പേര് ഇന്റെര്‍വ്യൂവിന് വിളിച്ചപ്പോള്‍ അയാളുടെ മുഖം ശ്രദ്ധിച്ചിരുന്നു. ഒരു പുച്ഛം. തന്നെ സെലക്റ്റ് ചെയ്തുവെന്നും ഇനി മുതല്‍ സാര്‍ എന്ന് വിളിക്കണമെന്നും വിളിച്ചുപറയാന്‍ തോന്നി. താന്‍ വെറും ഉപ്പലാച്ചന്‍ അല്ലെന്നും ശര്‍ങ്ങധരന്‍ പിള്ള ഉല്പലാക്ഷന്‍ ആണെന്നും വിളിച്ചുപറയണം അല്ലാതെ പിന്നെ.
"എടൊ പ്യൂണേ. എന്നെ സെലക്റ്റ് ചെയ്തു. ഇനി മുതല്‍ ഞാന്‍ ആണ് ഈ ഫാമിന്റെ മാനജര്‍. വേണ്ട ബഹുമാനം തന്നോണം."
"ഹഹഹഹ... "
പ്യൂണ്‍ പൊട്ടിച്ചിരിച്ചു.
"എന്തെ. തന്റെ സമനില തെറ്റിയോ.ഞെട്ടിപ്പോയി അല്ലെ. ഞാന്‍ വെറും ഉപ്പലാച്ചന്‍ ആണെന്ന് കരുതി അല്ലെ."
"അല്ല അതല്ല. സാര്‍ ഈ ഇന്റര്‍വ്യൂ തുടങ്ങിയിട്ട് കുറെനാളായി. ഏതെങ്കിലും അട്ടപാടിക്കാരന്‍ മന്ദബുദ്ധിയെ മാത്രമേ സെലക്റ്റ് ചെയ്യൂ എന്ന് പറഞ്ഞിരുന്നു. കാരണം വിവരമുള്ളവരെ വെച്ചപ്പോള്‍ അവരെല്ലാം ഒരു മാസം തെകയുന്നതിനു മുമ്പേ റിസൈന്‍ ചെയ്തു സ്ഥലം വിട്ടു. അപ്പോള്‍ സാറിന് മാത്രമല്ല എനിക്കും ആളെ തെറ്റിയില്ലല്ലോ എന്നോര്‍ത്ത് ചിരിച്ചതാ."
പ്യൂണിന്റെ മറുപടികേട്ട് ഈജോലി കളയണോ അതോ സ്വീകരിക്കണോ എന്നറിയാതെ നിന്നുപോയി. അമ്മപറഞ്ഞ ഒരു കാര്യം ഓര്‍ത്തു. "നിന്നെ ജോലിയെക്കെടുക്കാന്‍ അയാളെന്താപോരാന്‍ നേരം മന്ദബുദ്ധിയാണോ. അതോ മന്ദബുദ്ധിയെ മാത്രമേ എടുക്കൂന്നു അയാള്‍ക്ക് വല്ല നേര്‍ച്ചയും ഉണ്ടോ.?"അപ്പോള്‍ ഈ കാര്യം എങ്ങനെ അമ്മയറിഞ്ഞു. അമ്മ സത്യമായിട്ടും ത്രികാല ജ്ഞ്ഞാനിയാണോ. അമ്മെ ഭഗവതി.
Saturday, April 4, 2009
60.(ക്)നോക്കിലെക്കൊരു യാത്ര
ചില പള്ളികളില്‍ ഒന്നെന്ന പ്രത്യേകത ഇവിടുത്തെ പള്ളിയ്ക്കുണ്ട്. (മറ്റു പള്ളികള്‍ ലൂര്‍ദ് , ഫാത്തിമ പള്ളികള്‍ ആണെന്നാണ് വിശ്വാസം. ഇതിലെ ആധികാരിത ചോദ്യം ചെയ്യരുത് .മതവിശ്വാസത്തെ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല.ഈ പള്ളിയെക്കുറിച്ചും അതിന്റെ ആധികാരികതയെക്കുറിച്ചും സംശയങ്ങളെ കുറിച്ചും ഇവിടെ വായിക്കുക)
ഞാന്‍ താമസിക്കുന്ന റിപബ്ലിക് ഓഫ് അയര്‍ലണ്ടിന്റെ തലസ്ഥാനം കൂടിയായ കൌണ്ടി ഡബ്ലിനില്‍ നിന്നും ഏകദേശം ഇരുനൂറ്റി മുപ്പതു കിലോമീറ്റര്‍ ഉണ്ട് പള്ളി സ്ഥിതി ചെയ്യുന്ന കൌണ്ടി മായോയില്‍ എത്താന്‍.
രാവിലെ ഒമ്പത് മണിക്ക് തന്നെ ഞങ്ങള്‍ മൂന്നു വാഹനങ്ങളിലായി യാത്രതിരിച്ചു. സാമാന്യം നല്ല കാലാവസ്ഥയായിരുന്നു. പൊതുവേ മങ്ങിയതും തണുപ്പുള്ളതും മഴയുള്ളതുമായ അയര്‍ലണ്ടില്‍ ആറു ഡിഗ്രീ സെല്‍ഷ്യസ് അത്ര മോശം എന്ന് കരുതാറില്ല.പ്രത്യേകിച്ചും ഈ മാര്‍ച്ച് മാസത്തില്‍.
മുക്കാല്‍ മണിക്കൂര്‍ യാത്ര ചെയ്തു ഒരു താല്‍കാലിക വിശ്രമാസ്ഥാനത്തെത്തി. മനോഹരമായ തടാകമുള്ള ഇവിടെ ഒരു മത്സ്യകന്യകയുടെ ശില്‍പം ഉണ്ട്.
(മത്സ്യകന്യകയുടെ ശില്‍പം)
ഞങ്ങള്‍ കുറെ സമയം അവിടെ ചിലവഴിച്ചു വയറിന്റെ വിളി ശമിപ്പിച്ചു വീണ്ടും നോക്കിലെക്കുള്ള യാത്രയായി. പക്ഷെ തടാകക്കരയില്‍ കൊടുംതണുപ്പ് ആയതിനാല്‍ പിന്നീടുള്ള യാത്രയില്‍ നല്ല തണുപ്പുണ്ടാവുമോ എന്നൊരു പേടിയും ഉണ്ടായിരുന്നു. മനോഹരമായതും വൃത്തിയുള്ളതുമായ റോഡിന്റെ ഇരുവശവും അത്യന്തം ഭംഗിയുള്ള ഗ്രാമങ്ങള്‍. സമ്മറിന്റെ വരവറിയിച്ചു മിക്ക വൃക്ഷങ്ങളും ചെടികളും പൂത്തു തുടങ്ങിയിരിക്കുന്നു.
റോഡിനിരുവശത്തെയും ഭംഗിയില്‍ മുഴുകി പോയതിനാലാവം സമയം പോയതറിഞ്ഞില്ല. അങ്ങനെ ഞങ്ങള്‍ നോക്കിലെത്തി. നല്ല റോഡും വശങ്ങളിലെ നല്ല കാഴ്ചകളും യാത്ര ഒട്ടും വിരസമാക്കാതെ പോകാന്‍ സഹായിച്ചു.
(നോക്ക് പള്ളി)
പള്ളിയുടെ അകത്തേക്ക് കടന്നപ്പോള്‍ തന്നെ മനസ്സിലൊരു ശാന്തത കൈവന്നപോലെ തോന്നി. ഷഡ്ഭുജാകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ചുവര്‍. വൃത്തിയുള്ള അകവശം. മികച്ച സൌണ്ട് സിസ്റ്റംസ് പ്രാര്‍ഥനകള്‍ എല്ലായിടത്തും എത്തിക്കുന്നു.പള്ളിയില്‍ ഏകദേശം പകുതിയില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട്.സെന്റ്.പാട്രിക് ഡേ ആയതിനാല്‍ ആവാം ഇത്ര തിരക്ക്. പൊതുവേ ഇത്രയും തിരക്കുണ്ടാവാറില്ലയെന്നു അവിടെ കണ്ട ഐറിഷ് വൃദ്ധന്‍ പറഞ്ഞു.എല്ലാ ഐറിഷ് കെട്ടിടങ്ങളേയും പോലെ ഉള്ളിലെയും പുറത്തെയും വൃത്തിയും അടുക്കും ചിട്ടയും നമ്മുടെ പ്രത്യേകശ്രദ്ധ ആകര്‍ഷിക്കും. കുറെ നേരം അകത്ത് ചിലവഴിച്ചു പള്ളിയുടെ വെളിയിലറങ്ങി.
(അഭീഷ്ട സിദ്ധിയ്ക്കായി പണമിട്ട് പ്രാര്‍ത്ഥന നടത്തുന്ന കിണര്‍)
പള്ളിയ്ക്ക് വെളിയില്‍ ഒരു കിണര്‍ ഉണ്ട്. ഇതില്‍ പണമിട്ട് പ്രാര്‍ഥിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ സാധിക്കുമെന്നാണ് വിശ്വാസം. എന്തായാലും പണമിട്ട് എന്റെ ഭാഗ്യം പരീക്ഷിച്ചു. ഇനി അതിന്റെ കുഴപ്പം കൊണ്ട് കിട്ടേണ്ട ഭാഗ്യം എന്തിനു വേണ്ടെന്നു വെയ്ക്കണം. പക്ഷെ കിണറിലെ മുകളില്‍ ഒരു നെറ്റ് കൊണ്ട് ഭാഗികമായി മൂടിയിട്ടുണ്ട്. കിണറില്‍ വീഴുന്ന യൂറോ ആരും എടുക്കാതിരിക്കാന്‍ വേണ്ടിയാണ് ഈ സെറ്റ്അപ്പ്. പണം കള്ളന്മാര്‍ എടുത്താല്‍ അവര്‍ക്ക് ദൈവകോപം കിട്ടില്ലെയെന്ന ചോദ്യത്തിനിവിടെ പ്രസക്തിയില്ല.
ഇടയ്ക്ക് പള്ളിയ്ക്ക് ചുറ്റും കറങ്ങാന്‍ സൌജന്യമായി ഏര്‍പ്പാടാക്കിയ വൈദ്യുത വാഹനത്തില്‍ ചുറ്റും കറങ്ങി. ഭങ്ങിയായി ലാന്‍ഡ്‌സ്കേപ് ചെയ്ത പൂന്തോട്ടങ്ങളും പച്ചപ്പട്ടു പുതപ്പിച്ചപോലെയുള്ള പുല്‍തകിടികളും. ഇടയ്ക്ക് ഞങ്ങളെ കണ്ടു വാഹനം നിര്‍ത്തിയ ഒരു വൃദ്ധയെ പരിചയപ്പെട്ടു.
(വൃദ്ധ)
ഭാരതീയരെ ബഹുമാനമുള്ള അവര്‍ ഞങ്ങള്‍ ഭാരതീയര്‍ ആണെന്ന് കരുതി തന്റെ ചെറിയ വൈദ്യുത സ്കൂട്ടര്‍ നിര്‍ത്തി. കുറേനേരം ഞങ്ങളോട് സംസാരിച്ചു അവസാനം ഞങ്ങള്‍ക്ക് ആശംസകളും നന്ദിയും പറഞ്ഞു അവര്‍ നീങ്ങി.ഐറിഷ് മനുഷ്യരുടെ സ്നേഹം അനുഭവിച്ചറിയാന്‍ കിട്ടിയ അവസരത്തിന് ദൈവത്തോട് നന്ദി പറഞ്ഞു. മുമ്പ് പലതവണ ഭാരതം കണ്ടിട്ടുള്ള അവര്‍ക്ക് ഭാരതീയരെ വളരെയിഷ്ടമാണ്. തന്റെ ബാറ്ററി ഉപയോഗിച്ച് ചലിപ്പിക്കുന്ന ചെറിയ സ്കൂട്ടറില്‍ പള്ളിയുടെ ചുറ്റം കാണാന്‍ വന്നതായിരുന്നു വൃദ്ധ.
(മാതാവിന്റെ തിരുശേഷിപ്പ്)
പിന്നീട് ഞങ്ങള്‍ പോയത് മാതാവിന്റെ തിരുശേഷിപ്പ് സൂക്ഷിക്കുന്നത് കാണാനായിരുന്നു. തിരുശേഷിപ്പ് ഭിത്തിയിലെ ഭംഗിയായി അലങ്കരിച്ച വേണ്ടവിധം ലൈറ്റിംഗ് ഒക്കെ ചെയ്തു വച്ചിരിക്കുന്നു. മാതാവിന്റെ ഭൌതിക അവശിഷ്ടത്തിന്റെ ഭാഗമെന്നു കരുതുന്ന ഇത് വിശ്വാസികള്‍ക്ക് വളരെ പ്രധാനപ്പെട്ട ഒന്നാണ്. വളരെയധികം വിശ്വാസികള്‍ ഇവിടെ വന്നു മുത്തം കൊടുക്കുന്നത് കണ്ടു.
(പള്ളിയിലെ വലിയ കുരിശ്)
പള്ളിമുറ്റത്ത് വളരെ ഉയരമുള്ളതും ഭംഗിയേറിയാതുമായ ഒരു കുരിശുണ്ട്.കുരിശിന്റെ വലിപ്പത്തെകുറിച്ച് ധാരണകിട്ടാന്‍ അടുത്തുള്ള മരങ്ങളുമായും മറ്റും താരതമ്യം ചെയ്യേണ്ടി വരും. അത്ര വലുപ്പമുള്ളതാണ് ഈ കുരിശ്. ചെറിയ ചുറ്റുമതിലോട് കൂടിയ ഈ കുരിശ് യൂറോപ്യന്‍ വാസ്തുകലയുടെ ഉദാത്ത മാതൃകയാണ്.
(1979ല്‍ മാര്‍പ്പാപ്പ വന്നപ്പോള്‍ പള്ളിയ്ക്ക് നല്‍കിയ സ്വര്‍ണ്ണപനിനീര്‍ പുഷ്പം)
1979ല്‍ മാര്‍പാപ്പ നോക്ക് പള്ളി സന്ദര്‍ശനം നടത്തി. പ്രസ്തുത സന്ദര്‍ശനത്തില്‍ നല്‍കിയ സ്വര്‍ണ്ണ റോസാപൂവ് ഭിത്തിയില്‍ ഒരു മനോഹരമായ അറയുണ്ടാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
അതിനു ശേഷം മാതാവിന്റെകാല്‍ പതിഞ്ഞതെന്നു കരുതുന്ന കല്ലും, മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന ഭിത്തിയും കണ്ടു.
(പുതുക്കിപണിഞ്ഞ പള്ളി)
പഴയ പള്ളി പൊളിച്ചു പുതിയത് പണിഞ്ഞെങ്കിലും മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന പഴയപള്ളിയുടെ ഭിത്തി നിലനിര്‍ത്തി കൊണ്ട് തന്നെയാണ് പുതിയത് പണിഞ്ഞത്.
(മാതാവിന്റെ പ്രതിമ)
മാതാവ് പ്രത്യക്ഷപ്പെട്ടെന്നു കരുതുന്ന കരുതുന്ന പള്ളിയുടെ ഉള്‍വശത്ത് മാതാവിന്റെ വലിയ ഒരു വെണ്ണക്കല്‍ പ്രതിമയുണ്ട്. കരുണാമയിയായ മാതാവിന്റെ സമീപത്തു രണ്ടു മാലാഖമാരും ഉണ്ട്. പ്രതിമയിരിക്കുന്ന പള്ളിയില്‍ വളരെ ശാന്തമായ അന്തരീക്ഷമായിരുന്നു. നിറയെ വിശ്വാസികള്‍ ഉണ്ടായിരുന്നെങ്കിലും തീര്‍ത്തും നിശബ്ദം.
(മാതാവിന്റെ കാല്‍പാദം പതിഞ്ഞ കല്ല്)
മാതാവിന്റെ പാദസ്പര്‍ശനമേറ്റൂവന്നു കരുതുന്ന കല്ലില്‍ ചുംബിക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയുണ്ടായിരുന്നു. മാതാവിന്റെ പാദസ്പര്‍ശനമേറ്റ ശിലയിലൂടെ ആ ചൈതന്യം തങ്ങളിലേക്ക് ആവാഹിക്കാനുള്ള ശ്രമമാണത്രെ. എന്തായാലും ഞാന്‍ അതില്‍ നിന്നും വിട്ടു നിന്നു.
നാല് മണിക്കൂറിലേറെ ചിലവഴിച്ചു ഞങ്ങള്‍ തിരികെ പോന്നു. മനസ്സില്‍ ആത്മീയതയുടെ പുണ്യം നല്‍കിയ ഒരു നല്ല യാത്രയുടെ ഓര്‍മ്മകുറിപ്പുകള്‍ നല്‍കിയ ഒരു ദിവസം അങ്ങനെ എന്നെന്നേക്കുമായി മനസ്സിന്റെ ചെപ്പുകളില്‍ സൂക്ഷിക്കാന്‍ കഴിഞ്ഞതിന്റെ നിര്‍വൃതിയുമായി.
Wednesday, March 18, 2009
59.ലിസിയുടെ ഭര്‍ത്താവ്
സിവില്‍ ഐ.ഡി.കൈവശം കിട്ടിക്കഴിഞ്ഞാണ് അല്പം സ്വാതന്ത്ര്യം കിട്ടിയത്. ഒഴിവു ദിവസങ്ങളില്‍ നേരെ അബ്ബാസിയയിലോട്ടു മുങ്ങും.പിന്നെ വ്യാഴം വെള്ളി രണ്ടു ദിവസം അര്‍മാദിച്ചു തിരികെ വരും. ക്യാമ്പ് ബോസ്സില്ലാത്ത ഈ അബ്ബാസിയ ജീവിതം വളരെയിഷ്ടമാണെങ്കിലും അങ്ങോട്ട് സ്ഥിരതാമസം മാറ്റല്‍ ഓഫീസിലേക്കുള്ള ദൂരവും,വെളിയിലെ താമസവും പിന്നെ ശമ്പളം നാട്ടിലേക്കു "ചവിട്ടി"ക്കഴിഞ്ഞാല്‍ പിന്നെ ക്ഷയരോഗ ബാധിതനെപ്പോലെ കൃശഗാത്രനാവുന്ന പേഴ്സും അത്തരം അതിമോഹങ്ങളില്‍ നിന്നെന്നെ വിലക്കി.
പതിവ് പോലെ ഒരു വ്യാഴാഴ്ച വൈകിട്ട് അബ്ബാസിയയിലോട്ടു തിരിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച അരദിവസം വെള്ളിയാഴ്ച്ച മുഴുദിവസവും ഒഴിവു തന്നെ.
അബ്ബാസിയയില്‍ നിറയെ കൂട്ടുകാരുണ്ട്. മിക്കവാറും നാട്ടുകാരും പരിചയക്കാരുമായതിനാല്‍ വീണ്ടുമൊരു സന്തോഷ സുദിനം സ്വപ്നം കണ്ടു നേരെ ബസില്‍ കയറി ഫഹഹീലില്‍ എത്തി ബംഗാളി ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഷെയറിംഗ് ടാക്സി പിടിച്ചു അബ്ബാസിയയില്‍ എത്തി.
നേരെ കൂട്ടുകാരുടെ മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ ആരും വാതില്‍ തുറക്കുന്നില്ല.. സെല്‍ഫോണില്‍ വിളിച്ചു എത്തിയകാര്യം പറഞ്ഞപ്പോള്‍ അകത്ത് നിന്ന് ആരോ ഓടിവരുന്ന ശബ്ദം കേട്ടു.
പേടിച്ചു വാതില്‍ തുറന്നു ചുറ്റും നോക്കി മുയലിനെ ചെവിയില്‍ തൂക്കി എറിയുന്നതുപോലെ എന്നെ അകത്തേക്ക് വലിച്ചിട്ടു കൂട്ടുകാരന്‍ വാതില്‍ അടച്ചപ്പോള്‍ ഞാന്‍ ഞെട്ടി.കാരണം അകത്തെന്തോ തരികിട പരിപാടികള്‍ നടക്കുന്നതുപോലെ ഒരു തോന്നല്‍.വല്ല പെണ്ണ് കേസുമാണെങ്കില്‍ ദൈവമേ ചതിച്ചു. മുടിമോട്ടയടിച്ചു കുവൈറ്റ് എയര്‍വേസ് വിമാനത്തില്‍ ഇരിക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പോലും വയ്യ. ഫാമിലി വിസയും,സല്‍സ്വഭാവിയുമായ സുന്ദരന് വിവാഹ കമ്പോളത്തില്‍ കിട്ടുന്ന ഡിമാണ്ട് നല്ലവണ്ണം അറിയാം. വല്ല പെണ്ണ് കേസിലും കുടുങ്ങി പി.ജെ.ജോസഫായി നാട്ടില്‍ വന്നാല്‍ ഡിമാണ്ട് പോയിട്ട് പെണ്ണ് കിട്ടില്ലെന്ന് മാത്രമല്ല സത്യം ഷെയര്‍ പോലെ ഒരു പട്ടിയ്ക്കും വേണ്ടാത്ത അവസ്ഥയില്‍ നട്ടം തിരിയേണ്ടി വരും.
ജീന്‍സിന്റെ പോക്കെറ്റില്‍ കൈയിട്ടു പി.റ്റി.ഉഷയെ പോലെ ഓടാന്‍ നില്‍ക്കുന്ന എന്നെ നോക്കി സുഹൃത്ത് ചോദിച്ചു..
"എന്താടാ നീയിങ്ങനെ ഓടാന്‍ തയ്യാറായി നില്‍ക്കുന്നെ.അകത്തെന്താ തൃശ്ശൂര്‍ പൂരത്തിന് തീകൊടുക്കുന്നുണ്ടോ.."
ശെടാ. ഓടാന്‍ അങ്ങനെയും ഒരു കാരണം ഉണ്ടല്ലേ.
ഞാന്‍ മുറിയില്‍ ചുറ്റും നോക്കി.ഒരു പ്രത്യേക മണം. മുമ്പോങ്ങും ഇവിടെ വന്നപ്പോള്‍ അനുഭവപ്പെടാത്ത ആ മണത്തിന്റെ ശ്രോതസ്സ് നോക്കി മൂക്കിന്റെ റെഡാര്‍ സെറ്റ് ചെയ്തപ്പോള്‍ കൂട്ടുകാരന്‍ എന്റെ ശ്വാസം നിലയ്ക്കുന്ന ആ വാര്‍ത്ത പറഞ്ഞു.
അകത്ത് സോമരസ നിര്‍മ്മാണമാണത്രേ.പച്ച മലയാളത്തില്‍ ചാരായം വാറ്റ്. എന്റെ നാട്ടില്‍ വളരെ നല്ലപോലെ പല ചെറുകിട ഭാഗ്യന്വേഷികളും പയറ്റുന്ന കാര്യം പക്ഷെ ഇവിടെ കേട്ടപ്പോള്‍ ഞെട്ടി.കാരണം പുറത്തോ ചന്തിയ്ക്കോ (ചന്തിയെന്ന വാക്ക് ചീപ് ആയെന്നു തോന്നുന്നവര്‍ക്ക് പൃഷ്ടത്തില്‍) അടികിട്ടുമെന്നു കേട്ടിട്ടുണ്ട്. പക്ഷെ എത്രയെന്നോ എവിടെ വെച്ചെന്നോ എന്നൊന്നും കേട്ടിട്ടില്ല. അതിന്റെ മണം വരാതിരിക്കാനാണത്രേ മുറിയില്‍ ഡറ്റൊളും റൂം ഫ്രെഷ്ണരും അടിച്ചു നശിപ്പിച്ചു മണം മനസ്സിലാക്കാത്ത രീതിയില്‍ ആക്കിയിരിക്കുന്നത്. ഞാന്‍ പതിയെ അടുക്കളയിലേക്കു അതായത് താല്‍ക്കാലിക ചാരായം നിര്‍മ്മാണ ശാലയിലേക്ക് കാലെടുത്തു വെച്ചു. നവവധു വരന്റെ ഗൃഹത്തിലേക്ക് പരിഭ്രമത്തോടെ കാലെടുത്തു വെയ്ക്കുന്ന അതെ രീതിയിലുള്ള എന്റെ വരവ് കണ്ടിട്ട് അകത്ത് വേറെ ചില കൂട്ടുകാരന്മാര്‍ ചെറിയ ചിരി ചിരിച്ചു.
ഞാന്‍ വിശദമായി ഒന്ന് നോക്കി. ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ചാരായ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. താഴെ ചെറിയ ഒരു പാത്രത്തില്‍ ചാരായം കളക്റ്റ് ചെയ്യുന്നുണ്ട്. എന്തായാലും എനിക്കവിടെ നില്‍ക്കാന്‍ അല്പം പേടിയുള്ളതു കൊണ്ട് മുകളിലെ നിലയില്‍ താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടിലേക്കു ചെന്നു. ചെന്നപ്പോള്‍ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്ക് പോവാന്‍ ഒരുങ്ങുന്നു കൂട്ടുകാരന്‍ കിച്ചണില്‍ നിന്നിറങ്ങി വന്നു. ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ടാണെന്നു തോന്നുന്നു പുള്ളി വളരെ സന്തോഷവാനായി കാണപ്പെട്ടു. കൂട്ടുകാരന്റെ ഭാര്യയുടെ പതിവ് കുശലം കഴിഞ്ഞു ഞാന്‍ സോഫയില്‍ ഇരുന്നു അധികം കഴിയുന്നതിനു മുമ്പേ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്കു പോയി.
അതുകഴിഞ്ഞ് കൂട്ടുകാരന്‍ വളരെ സന്തോഷത്തോടെ താഴെ സോമരസം നിര്‍മ്മിക്കുന്ന കാര്യം എന്നോട് പറഞ്ഞു.
ഞാന്‍ അവിടെ പോയിട്ട് വന്നകാര്യം പറഞ്ഞപ്പോള്‍ അല്പം പതിയെ ആ പ്രോജക്ടില്‍ കാശ് മുടക്കുന്നത് ഇഷ്ടനാണ് എന്നറിയിച്ചു. ഭാര്യപോയതിന്റെ സന്തോഷത്തിലാണ് ആശാന്‍. കാരണം ഇനി വാമഭാഗം പിറ്റേന്ന് രാവിലെ മാത്രമേ വരുള്ളൂ എന്നറിയാം.അപ്പോള്‍ രാത്രി മുഴുവന്‍ അടിച്ചു പൊളിക്കാനുള്ള പദ്ധതിയില്‍ മത്തുപിടിച്ചിരിക്കുന്ന കൂട്ടുകാരനെ കണ്ടു എനിക്ക് ചിരിവന്നു. ചിലപ്പോഴൊക്കെ ഇദ്ദേഹത്തിന്റെ ഭാര്യ ഉള്ളപ്പോള്‍ ബാച്ചിലര്‍ കൂട്ടുകാരുടെ വരുന്ന ഇയാളെ ഭാര്യ മൂത്രമൊഴിക്കാന്‍ തുടല്‍ അഴിച്ചുവിട്ടതാണെന്ന് പറഞ്ഞു വളരെ കളിയാക്കുക പതിവായിരുന്നു.ഭാര്യ അല്പം സ്ട്രിക്റ്റ് ആയതിനാല്‍ ഇഷ്ടനെ അധികം കറങ്ങാന്‍ വിടില്ലായിരുന്നു.പ്രത്യേകിച്ച് താഴത്തെ നിലയില്‍ താമസിക്കുന്ന ബാച്ചികളുടെ കൂടെ.
അതുകൊണ്ട് തന്നെ ഭാര്യയുടെ ഓഫ് ദിവസങ്ങളില്‍ അവരുടെ കണ്ണുവെട്ടിച്ചു താഴത്തെ നിലയിലെ ബാച്ചികളുടെ മുറിയില്‍ വരുന്ന സുഹൃത്തിന്റെ മുള്ളാന്‍ അഴിച്ചു വിട്ടതാണോഡാ എന്നും പറഞ്ഞു പ്രകോപിക്കല്‍ പതിവായിരുന്നു. പക്ഷെ പതിവിനു വിപരീതമായി താഴത്തെ നിലയില്‍ നിന്നും നമ്മുടെ സോമരസ നിര്‍മ്മാതാക്കള്‍ മൂന്നുപേരും ഒരു കുപ്പി പൊതിഞ്ഞു മുകളില്‍ വന്നു. അവിടെ ഇരുന്നു അവര്‍ ആദ്യ പ്രൊഡക്ടിന്റെ ഉത്ഘാടനം നടത്തി. മദ്യം വിഷമാണ് അതുണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുതെന്ന സിദ്ധന്തകാരനായ ഞാന്‍ മാത്രം കൂട്ടത്തില്‍ കൂടിയില്ല.
പക്ഷെ കുടിച്ചു അരമണിക്കൂര്‍ കഴിഞ്ഞു വൈകിട്ട് വല്ലതും കഴിക്കണമെന്ന ചിന്ത തലപൊക്കി. അവസാനം "ഫൈവ് സ്റ്റാര്‍ തട്ടുകടയില്‍" നിന്നും വല്ലതും വാങ്ങാമെന്ന നിര്‍ദ്ദേശം തലപൊക്കി.
അങ്ങനെ ഞങ്ങള്‍ അഞ്ചുപേരും കൂടി അബ്ബാസിയക്കാരുടെ പ്രിയ ഭക്ഷണശാലയായ ഫൈവ് സ്റ്റാര്‍ തട്ടുകടയിലേക്ക് വിട്ടു. പക്ഷെ മദ്യപിച്ച നാലുപേരുടെ കൂടെ പോകാന്‍ അല്പം പേടിയുണ്ടെങ്കിലും വിട്ടു നിന്നില്ല. ഒരു ചെറിയ വാനരപ്പടയുടെ കൂട്ട് ഞങ്ങള്‍ റോഡിലെത്തി.
സമയം ഏകദേശം ഒമ്പത് മണി. നൈറ്റ് ഡ്യൂട്ടികാരായ മലയാളി നേഴ്സ്മാരെക്കൊണ്ട് റോഡ് നിറഞ്ഞു. ഈ സുന്ദരീകളുടെ ദര്‍ശനവും അബ്ബാസിയ യാത്രയുടെ ഒരു ഹിഡന്‍ അജണ്ട ആണ്. അവിവാഹിതനും സുന്ദരനും സര്‍വ്വോപരി ഒരു വിവാഹ കമ്പോളത്തിലെ ഉദ്യോഗാര്‍ഥിയുമായ ഞാന്‍ ഇടയ്ക്കിടെ എനിക്ക് പറ്റിയ ഉരുപ്പടികള്‍ ആ കൂട്ടത്തിലുണ്ടോ എന്നൊക്കെ ചെറിയ നിരീക്ഷണങ്ങള്‍ നടത്തിയെന്നതും ഇതിന്റ കൂടെ പറയാം.
ഈ അരയന്നങ്ങളെ കണ്ടപ്പോള്‍ (മാടപ്രാവ് എന്നൊക്കെ പറയുന്നത് കുറച്ചിലാണ് . ഗള്‍ഫിലെ കോഴിയും കാളയും കഴിച്ചു തടിവേച്ച ഇവരെ കുറഞ്ഞപക്ഷം അരയന്നം എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ ദൈവദോഷം കിട്ടും.) എന്റെ കൂടെ വന്ന ഒരാള്‍ക്ക് അല്പം ഉത്തേജനം കൂടി. ആശാന്‍ അല്പം കൈവീശി ഈ അരയന്നങ്ങളെഎങ്ങനെ ഇമ്പ്രെസ്സ് ചെയ്യുമെന്ന കാര്യത്തില്‍ ഓരോന്ന് ആലോചിച്ചു തുടങ്ങി.ഞങ്ങള്‍ അഞ്ചു പേരുണ്ടെങ്കിലും നാലുപേരും അക്യൂട്ട് ,ക്രോണിക് തുടങ്ങിയ വിഭാഗങ്ങളില്‍ പെടുത്താവുന്ന ബാച്ചികളാണ്.
പെട്ടെന്ന് എന്റെ കൂടെ വന്ന ഒരു സഹോദരന് ഒരു ബുദ്ധി തോന്നി. കഷ്ടകാലത്തു കാളകൂടം കുടിക്കാനും ബുദ്ധി തോന്നുമെന്ന് കേട്ടിട്ടുണ്ട്.
അവിടെ ഒരു മൂലയില്‍ വച്ചിരിക്കുന്ന വലിയ വെസ്റ്റ് ഡ്രമ്മില്‍ കല്ലെറിയാം പോലും.അതില്‍ മിക്കപ്പോഴും പൂച്ചകളുണ്ടാവും. ഏറു കൊണ്ട് പൂച്ചകളുടെ കരച്ചില്‍ കേള്‍ക്കാനുള്ള ഒരു രസം. അതോടൊപ്പം അവിടെയും ഇവിടെയും നില്‍ക്കുന്ന തരുണീമണികളും നോക്കും. പറഞ്ഞു തീര്‍ന്നില്ല അതിനു മുമ്പേ ഏറു പറ്റിച്ചു.
ഞങ്ങളെ അഞ്ചു പേരെയും അമ്പരപ്പിച്ചു ബംഗാളിഭാഷയില്‍ സൂപ്പര്‍ തെറി വിളികേട്ടു. ആ ഭാഷയിലെ തെറികള്‍ പരിചയമുള്ളതുകൊണ്ട് കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ ഞാന്‍ ഓടി.പക്ഷെ വിപദി ധൈര്യം അത്ര പെട്ടെന്ന് കിട്ടഞ്ഞതുകൊണ്ടാവും അവര്‍ ആരും ഓടിയില്ല. പിന്നീട് ഉണ്ടായ കാര്യങ്ങള്‍ കേട്ടത് പറയാം.ബംഗാളിയുടെ തെറി വിളികേട്ടു മറ്റു ബംഗ്ലാദേശി സഹോദരങ്ങള്‍ ഒത്തുകൂടി. ആകെ പ്രക്ഷുബ്ദമായി എന്നുവേണം പറയാന്‍. അവസാനം ബംഗാളികള്‍ നമ്മുടെ സുഹൃത്തുകളെ കൈവേക്കുമെന്ന സ്ഥിതിയില്‍ എത്തി. നമ്മുടെ ചേട്ടന്മാരുടെ മലയാളവും ഇംഗ്ലീഷും ബംഗാളി മാത്രം അറിയാവുന്ന ചേട്ടന്മാര്‍ക്ക് മനസ്സിലായില്ല.അവസാനം അവിടെ നിന്ന ഒരു മലയാളി നേഴ്സ് അറബി അറിയാവുന്നതുകൊണ്ട് ക്ഷമ പറഞ്ഞു ചേട്ടന്മാരെ മോചിപ്പിച്ചു.പക്ഷെ പ്രശ്നം അവിടെ കൊണ്ട് തീര്‍ന്നില്ല ആ നേഴ്സ് ചേച്ചിയ്ക്ക് നമ്മുടെ വിവാഹിതന്‍ സുഹൃത്തിന്റെ ഭാര്യയെ അറിയാം.അതുകൊണ്ട് പോവാന്‍ നേരം "ലിസിയുടെ ഹസ്" അല്ലെ എന്നൊരു ചോദ്യം ചോദിച്ചിട്ടാണ് വിട്ടത്.
മറ്റു ക്രോണിക്.അക്യൂട്ട് ബാച്ചികള്‍ പ്രശ്നം കുഴപ്പമില്ലാതെ പിരിഞ്ഞതില്‍ സന്തോഷത്തോടെ പോയെങ്കിലും ലിസിയുടെ ഭര്‍ത്താവ് പേടിച്ചു പേടിച്ചു രാത്രി കഴിച്ചു കൂട്ടി. എന്തായാലും പിറ്റേന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ അത്യന്തം അപകടകാരിയായ പൊടിക്കാറ്റ്പോലെ ലിസിയെത്തി. രാജ്യം വിട്ടാലും കളയാത്ത മലയാളികളുടെ ബി.ബി.സി. നെറ്റ് വര്‍ക്ക് രാത്രി തന്നെ ലിസിയെ വിവരം അറിയിച്ചു കഴിഞ്ഞിരുന്നു.
ഈ സംഭവങ്ങള്‍ ഒന്നും അറിയാതെ അതായത് ലിസിയുടെ മാനസിക,ശാരീരിക (?) പീഡനങ്ങള്‍ സഹിച്ചു മൃതപ്രായനായ ലിസിയുടെ ഭര്‍ത്താവിനെ തിരക്കി ഞാന്‍ അവരുടെ മുറിയിലെത്തി. പീഡനമുറകള്‍ ഞാന്‍ ചെന്നിട്ടാണ് അറിഞ്ഞത്. "ഞാന്‍ ശരിക്ക് കൊടുത്തിട്ടുണ്ട് ദീപക്കിന്റെ കൂട്ടുകാരന് " എന്ന് ലിസി പറഞ്ഞപ്പോള്‍ ശാരീരിക മര്‍ദ്ദനം ഉണ്ടെന്നു ഞാന്‍ ഊഹിച്ചതാണ് അല്ലാതെ എന്റെ കൈയില്‍ സോളിഡ് പ്രൂഫ് ഒന്നുമില്ല.പക്ഷെ കൂട്ടുകാരന്റെ കിടപ്പ് കണ്ടപ്പോള്‍ എന്റെ ഊഹത്തിനു ബലം കൂടിയെന്ന് മാത്രം.എന്നെ കണ്ടു അവശനായി ഒന്ന് ചിരിച്ചപ്പോള്‍ വീണ്ടും അവനു മര്‍ദ്ദനം ഏറ്റു എന്നുള്ള സംശയം ബലപ്പെട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്ന് എനിക്ക് ഒരു ഗ്ലാസ് ചായയുമായി വന്ന ലിസി വീണ്ടും താടക വേഷമണിഞ്ഞു.
"നാണമില്ലാല്ലോ ഇങ്ങനെ കിടക്കാന്‍. താഴെ ആ പിള്ളേര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്കു കൂടെ തുള്ളാന്‍ പോയിരിക്കുന്നു.സീന പറഞ്ഞപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി."
തൊലി ഉരിഞ്ഞുപോകാന്‍ ഇവളെന്താ പാമ്പാണോ എന്നൊരു സംശയം എന്റെ മനസ്സില്‍ രൂപപ്പെട്ടെങ്കിലും സാഹചര്യത്തിലെ പ്രതികൂലാവസ്ഥ കണ്ടപ്പോള്‍ സംശയത്തില്‍ ഉടലെടുത്ത ചോദ്യം വിഴുങ്ങി. തികട്ടി വന്ന സംശയം വീണ്ടും വിഴുങ്ങി.
"നോക്ക് ദീപക്കിനെ കണ്ടു പടിക്ക്. അവനും ബാച്ചി അല്ലെ നിങ്ങളുടെ കൂട്ട് തോന്ന്യവാസം കാണിക്കാന്‍ വന്നോ.പയ്യന്‍ ആണെങ്കിലും അവനു വിവരം ഉണ്ട്.അതാണ് നിങ്ങള്‍ക്കില്ലാതെ പോയതും."
എന്റെ അതെ ക്ലാസ്സില്‍ പഠിച്ചെങ്കിലും അവന്‍ നേരത്തെ കാലത്തേ പെണ്ണ് കെട്ടിയതുകൊണ്ട് ഞാന്‍ പയ്യന്‍ ആയതിന്റെ ലിസിയുടെ വായില്‍നിന്നു ആനന്ദദായകമായ വാക്കുവന്നല്ലോ എന്നൊരു സന്തോഷം തോന്നിയെങ്കിലും അത് അവന്റെ സങ്കടത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചെന്നു വേണം കരുതാന്‍.
ഏതായാലും അതില്‍ പിന്നെ ലിസിയുടെ ഭര്‍ത്താവിന്റെ സ്നേഹിതന്‍ ആകാനുള്ള അവകാശം എന്നില്‍ മാത്രം നിക്ഷിപ്തമായി. പക്ഷെ ലിസി ഡ്യൂട്ടിയ്ക്ക് പോവുമ്പോള്‍ നിയമപരമല്ലാതെ ബാച്ചികളുടെ ഫ്ലാറ്റില്‍ തെണ്ടി നടക്കുന്ന ലിസിയുടെ ഭര്‍ത്താവിനെ കുറിച്ച് ചില വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ അതില്‍ പിന്നെ അവര്‍ ഒരിക്കലും വെസ്റ്റ് ഡ്രമ്മില്‍ എറിഞ്ഞു കളിച്ചിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.
(സമര്‍പ്പണം: ക്യാമ്പുകളില്‍ വിരസമായ ജീവിതം ജീവിക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും)
Thursday, March 12, 2009
58.അല്പന് അമ്പത് കമന്റ് കിട്ടിയാല്‍ പട്ടാപ്പകലും അതൊരു പോസ്റ്റ് ആക്കും.
ചരിത്രത്തില്‍ ആദ്യമായി, ആദ്യമായി എന്ന് പറഞ്ഞാല്‍ ഞാന്‍ ബ്ലോഗ് എഴുതിത്തുടങ്ങിയിട്ടു അഞ്ചു കൊല്ലമൊന്നുമായിട്ടില്ല.കേവലം ആറുമാസം അഥവാ അരകൊല്ലം. അപ്പോള്‍ ആ ചരിത്രത്തില്‍ ആദ്യമായി എന്റെ ഒരു പോസ്റ്റിനു അമ്പത് കമന്റുകള്‍ കിട്ടിയിരിക്കുകയാണ്. അതായത് കമന്റുകള്‍ അര്‍ദ്ധ സെഞ്ചുറി തികച്ചിരിക്കുകയാണ്.ബൂലോകത്ത് അമ്പതോ നൂറോ അല്ല നാനൂറും അഞ്ഞൂറും കമന്റുകള്‍ വീഴുമ്പോള്‍ അമ്പതു പോസ്റ്റ് വീണപ്പോള്‍ ദീപക് അല്പത്തരം അല്ലെ കാണിക്കുന്നത് എന്ന് ചോദിച്ചാല്‍ പണക്കാരന്‍ റോള്‍സ് റോയിസ് കാറ് വാങ്ങുമ്പോള്‍ ആഹ്ലാദിക്കുന്നത് പോലെ പാവപ്പെട്ടവന് സൈക്കിള്‍ കിട്ടിയാലും ആഹ്ലാദം വരും.
ഇതിനിടയില്‍ എന്റെ അമ്പതാം പോസ്റ്റിനു കമന്റ് ഇട്ടവരേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഇതൊക്കെ സാമ്പത്തിക മാന്ദ്യം പോലെ ആശയ ദാരിദ്ര്യം ഉള്ളപ്പോള്‍ ഉണ്ടാവുന്ന നമ്പര്‍ അല്ലെ എന്ന് സംശയിക്കുന്നവരോട്, അതെ അതും നേരുതന്നെ.ആശയ ദാരിദ്ര്യം സാമ്പത്തിക മാന്ദ്യം പോലെ കടന്നുകൂടി തന്റെ നീരാളി പിടിത്തം നടത്തിയിരിക്കുന്നു.
അതുകൊണ്ട് പഴയതുപോലെ ഒരു ഗുമ്മില്ല.
എന്റെ ഈ ചെറിയ സന്തോഷത്തില്‍ നിങ്ങള്‍ ഏവരും പങ്കാളികള്‍ ആവണമെന്ന് താഴ്മയോടെ അപേക്ഷിച്ച് കൊള്ളുന്നു.എനിക്ക് നിങ്ങളില്ലാതെ എന്ത് ആഘോഷം.
സ്നേഹത്തോടെ
(ദീപക് രാജ്)
Saturday, March 7, 2009
57.യാത്രയ്ക്കുള്ള ഉത്തമ കണി വേശ്യ തന്നെ...
"എടീ.വിലാസിനീ."
ശങ്കരന്‍ എമ്പ്രാന്തിരി നീട്ടി വിളിച്ചു.
"ഓ.."
വിളി കേട്ട് ഭാര്യ ഓടിയെത്തി.
"എടീ.ഞാന്‍ പട്ടണത്തില്‍ വരെ പോയി പെട്ടെന്ന് മടങ്ങാം."
"ഓ ."
ഇവള്‍ക്കെന്താ "ഓ" ന്നു മാത്രേ അറിയാവുള്ളൂ. പക്ഷെ എന്തായാലും ഇവളെ കണ്ടിട്ടെവിടെയെങ്കിലും പോയാല്‍ പോയ കാര്യം ഭംഗിയാവും.അതുകൊണ്ട് തന്നെ യാത്രപോവുമ്പോള്‍ ഇവളെ ഒന്ന് കണ്ടു കൊണ്ടേ പോവാറുള്ളൂ. വേശ്യദര്‍ശനം യാത്രയ്ക്ക് ശുഭമായ കണിയെന്നറിയാം. ഇനി ഇവള്‍ വല്ല ഞാനറിയാത്ത ഏര്‍പ്പാടുകളും ഉണ്ടോ.നേരിട്ട് ചോദിച്ചാല്‍ ഉപ്പു മാങ്ങ കുറ്റി പോലുള്ള അവളുടെ കൈയെടുത്ത് ഒന്ന് തന്നാല്‍ മുറ്റത്തു നില്‍ക്കുന്ന മാവ് വെട്ടി തന്നെ അങ്ങ് ചിതയിലോട്ടെടുത്താല്‍ മതി.അപ്പോള്‍ പിന്നെ ചോദ്യമോഴിവാക്കുന്നതാവും ബുദ്ധി.
ഉത്തരത്തില്‍ കിടന്ന കാലന്‍ കുടയുമെടുത്ത് കവലയിലേക്ക് വലിച്ചു വെച്ച് നടന്നു.
അധികം നില്‍ക്കേണ്ടി വന്നില്ല."ഷീബ" വന്നു. ഷീബ പട്ടണത്തിലേക്കുള്ള ബസാണ്. ഷീബയെന്ന പെരുള്ളതുകൊണ്ടാണോ എന്നറിയില്ല.എന്നും നല്ല തിരക്കാണ്. പത്തു വര്‍ഷം മുമ്പെങ്ങോ മാത്രമേ സീറ്റ് കിട്ടി ഇരുന്നതായി ഓര്‍മയുള്ളൂ.
ആരും ഇറങ്ങുവാനുണ്ടായില്ല.പിന്നിലെ ഫുട്ട് ബോര്‍ഡിലെ ഒരിഞ്ചു സ്ഥലവും ഒഴിവില്ല.ഒരുവിധത്തില്‍ വലിഞ്ഞു കയറി.കയറിയെന്ന് പറയാനാവില്ല കമ്പിയില്‍ തൂങ്ങി കിടന്നു.
ഒരു കണക്കില്‍ പെണ്ണായി ജനിച്ചാല്‍ മതിയാര്‍ന്നു.അതാവുമ്പോള്‍ മുമ്പിലെ "കിളി" വീഴാതെ താങ്ങുമല്ലോ.ഇവിടെ വീണാല്‍ താങ്ങുവാന്‍ ആരും വരില്ല.
വണ്ടിമുമ്പോട്ടു പോയപ്പോള്‍ കണ്ടക്ടര്‍ കൂവി വിളിച്ചു.
"കാര്‍ന്നോരെ .. ഇങ്ങോട്ട് കേറി വാ.അകത്ത് നിയമസഭ കൂടാന്‍ സ്ഥലം ഉണ്ടല്ലോ."
"എടൊ ..എങ്കില്‍ താന്‍ നിയമ സഭ കൂടിക്കോ.ഞാന്‍ വോട്ടു ചെയ്യുന്നവനല്ല."
തന്റെ മറുപടി കേട്ടപ്പോള്‍ കോളേജ് പയ്യന്മാര്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ ചെറിയ രസം തോന്നി.
പക്ഷെ ചമ്മിയ കണ്ടക്ടര്‍ വീണ്ടും പറഞ്ഞു.
"മൂപ്പീന്നെ..റോഡില്‍ വീണു ചത്താല്‍ പിന്നെ എന്റെ ട്രിപ്പ് മുടങ്ങും."
" എന്റെ മോനെ ഞാന്‍ കുറെ നേരെമായി തെള്ളിക്കൊണ്ടിരിക്കുകയാണ് .അങ്ങോട്ട് കയറാന്‍ പറ്റുന്നില്ല.പണ്ടത്തെ പോലെ പറ്റുന്നില്ല."
കോളേജ് പിള്ളേര്‍ ആര്‍ത്തു ചിരിച്ചു.അത് കേട്ടപ്പോള്‍ വീണ്ടും അല്പം ഉശിര് കിട്ടിയെന്നു തോന്നി.
ചുറ്റും നോക്കി.തൊട്ടു മുമ്പേ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു.തോളില്‍ വലിയ ബാഗും തൂക്കി നില്‍ക്കുന്നത് കൊണ്ടാണ് തനിക്കു അകത്തേക്ക് കയറാന്‍ പറ്റാത്തത്.
"എടീ കൊച്ചെ..നീ ഇങ്ങനെ നിന്നാല്‍ എങ്ങനാ.ഞാന്‍ ഒന്ന് കേറട്ടെ..."
പറഞ്ഞത് കേട്ട് പെണ്‍കുട്ടി ദേഷ്യത്തോടോന്നു നോക്കി.
പെട്ടെന്ന് ബസ് ഒന്ന് ചവിട്ടി നിര്‍ത്തി. വീഴാന്‍ പോയപ്പോള്‍ പിടികിട്ടിയത് പിടികിട്ടിയത് പെണ്ണിന്റെ വയറില്‍ ആണ്. പെണ്ണ് ദേഷ്യത്തോടെ ഒരെണ്ണം തന്നു.
പൊടുന്നനെ എല്ലാവരും ചുറ്റും കൂടി.
"എന്താ.എന്താ."
കോളേജ് കുമാരന്മാര്‍ പെണ്ണിനും ചുറ്റും രക്ഷകന്മാരായി അവതരിച്ചു.
"ഈ കെളവന്‍ എന്നെ കേറി പിടിച്ചു."
പെണ്ണ് മൂക്ക് ചീറ്റി പറഞ്ഞത് കേട്ട് ഇടനെഞ്ചില്‍ ഒരു കത്തല്‍ കയറിയെന്ന് തോന്നി.എവിടെന്നൊക്കെ കൈ പുറത്തു വീണെന്നറിഞ്ഞില്ല.
പൊടുന്നനെ രംഗം മാറി.
"രാജീവേ.. വണ്ടി സ്റ്റേഷനിലേക്ക്..ഇത് സംഭവം വേറെയാ.പീഢനം.എര്‍ത്ത് വെയ്ക്കല്‍.പെണ്ണിനെ ചൊറിഞ്ഞ കേസാ..വണ്ടി വിട്."
എന്റെ ദൈവമേ.. ആ കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതാ.പോലീസ് സ്റ്റെഷനിലേക്ക് വണ്ടി വിടാന്‍. ഇനി എന്ത് ചെയ്യും.
ചെറിയ തലകറക്കം. വണ്ടിയില്‍ തലകറങ്ങി വീണിട്ടും ചിലയിടത്തുനിന്നോക്കെ കൈയും കാലും ശരീരത്ത് വീഴുന്നത് അറിയുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ താന്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണും കൊണ്ട് പെണ്ണ് നില്‍പ്പുണ്ടായിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ബസ്സും ആള്‍ക്കാരും പുറത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.ചിലരൊക്കെ ജനാലയിലൂടെ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ തന്നെ ഒരെണ്ണം കിട്ടി.എസ്.ഐ.യുടെ വക.
"എടൊ ...... മോനെ നീ ഈ പെണ്ണിനെ പീഡിപ്പിച്ചോ..?"
"ഇല്ല സാറേ ... ഞാന്‍ വീഴാന്‍പോയപ്പോള്‍ ഇങ്ങനെ പിടിച്ചതാ."
അടുത്ത അടിയ്ക്ക് എസ്.ഐ.കൈ ഉയര്‍ത്തിയപ്പോള്‍ എന്തോ സംശയത്തോടെ ഒന്ന് നോക്കി.
"എടൊ താന്‍ അകത്തേക്ക് വാ."
എസ്.ഐ. തന്നെയും കൂട്ടി അകത്തേക്ക് പോയി.
"താന്‍ ശങ്കരന്‍ എമ്പ്രാന്തിരി അല്ലെ.വാരികയില്‍ വാരഫലം എഴുതുന്ന ആള്.."
"അതെ സാര്‍. പക്ഷെ ഈ ഏടാകൂടം ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നില്ല."
ഇന്‍സ്പെക്ടര്‍ ഒരു നിമിഷം സൂക്ഷിച്ചു നോക്കി.
"എടൊ എമ്പ്രാന്തിരി ഞാന്‍ എല്ലാ ആഴ്ചയും തന്റെ വാരഫലം മുടങ്ങാതെ വായിക്കും. തന്റെ പ്രവചനങ്ങള്‍ എന്റെ ജീവിതത്തില്‍ അച്ചട്ടാ.മൂന്നു മാസം മുമ്പ് എനിക്ക് വിദേശയാത്രയും കുടുംബകലഹവും മാനഹാനിയും കുടുംബത്തില്‍ അശാന്തിയും തിരികെ ജോലിയില്‍ കയറ്റവും ഒക്കെ താന്‍ വാരഫലത്തില്‍ പറഞ്ഞിരുന്നല്ലോ."
ദൈവമേ അത് കേട്ട് വീണ്ടും ഒന്ന് ഞെട്ടി.ഇനി ഇയാള്‍ അതൊക്കെ പറഞ്ഞു വീണ്ടും അടിക്കാനുള്ള പുറപ്പാടാണോ.
"ഞാന്‍ ആദ്യം അതൊക്കെ വായിച്ചിട്ട് വെറുതെയെന്നൊക്കെ കരുതി. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തില്ല.എന്നിട്ട് ഞാന്‍ എന്റെ ഭാര്യയുടെ അടുത്തേക്ക് പോയി.അവള്‍ അങ്ങ് ജെര്‍മ്മനിയില്‍ ആണ്.അങ്ങനെ വിദേശയാത്ര ശരിയായി."
ഓ സമാധാനമായി.ഒന്നെങ്കിലും ഒത്തല്ലോ.അപ്പോള്‍ അടി കുറവായിരിക്കും.
"എന്നിട്ട് .."
ഞാന്‍ നല്ലൊരു കേള്‍വിക്കാരനായി.
"എന്നിട്ട് ഞാന്‍ അവളുടെ കൂട്ടുകാര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നേഴ്സ്മാര്‍ തേനീച്ചകള്‍ ആണെന്ന് ഒന്ന് പറഞ്ഞുപോയി. അവര്‍ ഹോസ്പിറ്റലിനു ചുറ്റും തേനീച്ച പോലെ താമസിക്കുമെന്നും ഇപ്പോഴും തേനീച്ച പോലെ മൂളി കൊണ്ടിരിക്കുമെന്നും ഒക്കെ അങ്ങ് പറഞ്ഞു.ഒരു തമാശ പോലെ പറഞ്ഞതാ. പക്ഷെ സംഭവം അങ്ങ് കൊളമായി."
"എന്നിട്ട് എന്ത് പറ്റി.. "
"എന്തോ പറ്റാനാ.. തേനീച്ച മൂളുക മാത്രമല്ല കുത്തുകയും ചെയ്യുമെന്ന് എന്റെ ഭാര്യ തെളിയിച്ചു തന്നു.അത് വലിയ ഇഷ്യൂ ആയി.അവസാനം എമ്പ്രാന്തിരി പറഞ്ഞപോലെ കുടുംബ വഴക്കും ഒക്കെയായി.ഞാന്‍ തിരികെ വന്നു ജോലിയിലും കയറി."
"സര്‍.. ഞാന്‍ ഇങ്ങനെ ദൈവകാര്യം ഒക്കെയായി ജീവിക്കുന്ന ഒരാള്‍ ആണ്. ഈ കേസില്‍ നിന്നെന്നെ ഊരി തരണേ."
ഇന്‍സ്പെക്ടര്‍ ഒരു നിമിഷം ഒന്ന് നോക്കി.
"താന്‍ പേടിക്കേണ്ട..ഞാന്‍ എല്ലാം പറഞ്ഞു ശരിയാക്കാം"
ഇന്‍സ്പെക്ടര്‍ എല്ലാം പറഞ്ഞു പെണ്ണിനെ സമാധാനിച്ചു പറഞ്ഞയച്ചു.
" പിന്നെ എമ്പ്രാന്തിരി .ഞാന്‍ തന്റെ വീട്ടില്‍ വരുന്നുണ്ട്.എന്റെ വിവാഹ ജീവിതം ആകെ പ്രശ്നമായി ഇരിക്കുകയാണ് .എല്ലാം വിശദമായി ഒന്ന് നോക്കണം.ഞാന്‍ ഞാറാഴ്ച അവിടെ വരാം."
കാര്യങ്ങള്‍ എല്ലാം രമ്യമായി പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ പട്ടണത്തിലേക്ക് പോവാതെ നേരെ വീട്ടിലേക്ക് നടന്നു.
പക്ഷെ നടന്നപ്പോള്‍ യാത്ര തുടങ്ങിയപ്പോഴത്തെ സംശയം വീണ്ടും തലപൊക്കി.
ഭാര്യ അപ്പോള്‍ വേശ്യ അല്ല.കാരണം പോയ കാര്യം നടന്നില്ല.പക്ഷെ ഇത്രയും വലിയ കുഴപ്പങ്ങള്‍ നടന്നിട്ടും ഒന്നും സംഭവിക്കാതെ തലയൂരി പോയല്ലോ.അപ്പോള്‍ ഇനി അവള്‍ ശരിക്കും ..................................................ആണോ... കാരണം വേശ്യദര്‍ശനമുണ്ടെങ്കില്‍ യാത്രയിലെ കുഴപ്പങ്ങള്‍ മാറി എല്ലാം ഭംഗിയാവുമെന്നാണല്ലോ.
Sunday, March 1, 2009
56.എന്റെ ബ്ലോഗില്‍ ഞാന്‍ എന്തെഴുതണം
ഉദാഹരണത്തിന് പണ്ട് അശ്വമേധത്തില്‍ ടി.എസ്.പ്രദീപ് ചോദിച്ചത് പോലെ രാജാവ്,പടയാളി,രാഷ്ട്രീയ പ്രവര്‍ത്തകന്‍,സ്വാതന്ത്ര്യ സമരസേനാനി. ഇങ്ങനെ വല്ലതും എഴുതാമോ.അതോ വേറെ എന്തെഴുതണം.നൂറായിരം സംശയങ്ങള്‍.കാരണം ചൈതന്യ കുന്തേയെന്ന ബ്ലോഗര്‍ എന്‍.ഡി.ടി.വി.ഹോസ്റ്റെസ് ബര്‍ഖ ദത്തിനെതിരെ എഴുതിയ ബ്ലോഗ് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ഒരു പക്ഷെ എന്‍.ഡി.ടിവി.പോലെ ഒരു മാദ്ധ്യമത്തോട് പിടിച്ചു നില്‍ക്കാനവില്ലയെന്നത് കൊണ്ടാവാം. പ്രസ്തുത ബ്ലോഗില്‍ ഇന്ത്യന്‍ മാദ്ധ്യമകാരോടൊപ്പം രാജ്യരക്ഷ,കമാന്‍ഡോ ഫോഴ്സ് തുടങ്ങിയവരെയും ചെറിയ തോതില്‍ എങ്കിലും വിമര്‍ശിച്ചതായി അറിയാന്‍ കഴിഞ്ഞു.അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിനും അതിനെതിരെ കേസ് എടുക്കാം എന്നാണു തോന്നുന്നത്.
പക്ഷെ മതപരമായ കാര്യത്തില്‍,ഉദാഹരണത്തിന് ഒരാള്‍ ഹിന്ദിയില്‍ ഹൈന്ദവ ദൈവത്തിനെതിരെ എഴുതിയെന്നിരിക്കട്ടെ.അതെ വ്യക്തി ഹിന്ദി സംസാരിക്കുന്നതും,ഹിന്ദുവും എന്നാല്‍ ഭാരതമല്ലാത്ത ഹിന്ദി സംസാരിക്കുന്ന രാജ്യത്തിലെ (നേപ്പാള്‍, സുരിനാം, മൌറീഷ്യസ്, ട്രിനിടാഡ് ആന്‍ഡ് ടൊബാഗോ, ഫിജി തുടങ്ങിയ) പ്രജയോ അല്ലെങ്കില്‍ ഭാരതീയ വംശജനും എന്നാല്‍ തലമുറകളായി മറ്റൊരു വിദേശമണ്ണില്‍ വസിക്കുകയും ചെയ്യുന്ന ഒരാളാണ് എങ്കില്‍ കേസെങ്ങനെ എടുക്കും.
ഇവിടെ പേറ്റന്റ് പ്രോട്ടെക്ഷന്‍ പോലെ ഒരു നിയമമാണ് അനുവര്‍ത്തിക്കുന്നതെങ്കില്‍ ഹിന്ദു മതവും,ഹിന്ദിയും തങ്ങളുടെ പേറ്റന്റ് ഉള്ള സംഗതികള്‍ ആണെന്ന് വാദിക്കേണ്ടി വരും.കാരണം ഭാരതത്തില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നുള്ളതുകൊണ്ട് മറ്റുരാജ്യങ്ങളില്‍ പെട്ടവര്‍ അതെപറ്റി മിണ്ടിപോവരുത് എന്നില്ലല്ലോ. അതൊരു തെങ്ങുള്ള നാട്ടിലൂടെ തേങ്ങ കൊണ്ടുപോവരുത് എന്ന് പറയുന്നത് പോലെയാവും.
അതേപോലെ മഹാവിഷ്ണുവും,ഗരുഡനും,കുബേരനും എല്ലാം ഹിന്ദുമതത്തില്‍ ആണ് അതുകൊണ്ട് ഇന്തോനേഷ്യന്‍ ബാങ്കായ കുബേരയും,വിമാനമായ ഗരുഡയും ഞങ്ങള്‍ക്ക് റോയല്‍റ്റി അടക്കണം എന്നും വാദിക്കാനാവുമോ.അല്ലെങ്കില്‍ ബുദ്ധന്റെ ജന്മനാട് നേപ്പാള്‍ ആയതിനാല്‍ നാളെ തായ് ലണ്ടിലോ, ശ്രീലങ്കയിലോ ആരെങ്കിലും ബുദ്ധമതത്തെ തെറി വിളിച്ചാല്‍ നേപ്പാള്‍ കോടതിയില്‍ വന്നോണം എന്ന് പറയാന്‍ കഴിയുമോ.?
ബ്ലോഗില്‍ സഭ്യമായി എഴുതുക,സഭ്യമല്ലാത്തതും രാജ്യദ്രോഹപരമോ സൈബര്‍ നിയമത്തിനു അനുസരിച്ചല്ലാത്തവയോ ആണെങ്കില്‍ ഡിലീറ്റ് ചെയ്യുക എന്നതെല്ലാം നല്ലത് തന്നെ.കാരണം ഇന്ന് ബ്ലോഗ് കേവലം ഒരു ഡയറികുറിപ്പ് എന്നതിലുപരി ഒരു മാദ്ധ്യമം എന്നാ രീതിയിലേക്ക് മാറിയിരിക്കുന്നു (?). പക്ഷെ മതപരമായ ഒരു കാര്യം എഴുതിയാല്‍ മേല്പറഞ്ഞപോലെ വിദേശമണ്ണിലെ പ്രജയും ഒരു റിബലുമായ ഹിന്ദു ഹിന്ദുമതത്തിനെതിരെ എഴുതിയാല്‍ എങ്ങനെ ഭാരതത്തിന് ഇടപെടാന്‍ കഴിയും.നേപ്പാള്‍ പോലെ ഇന്ത്യ ഒരു ഹൈന്ദവ രാജ്യമോ അല്ലെങ്കില്‍ ഹൈന്ദവരക്ഷ,അല്ലെങ്കില്‍ ഹൈന്ദവവികാസം എന്നതല്ല പകരം മതേതര രാഷ്ട്രം എന്നാ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്.മതേതരം എന്നുവച്ചാല്‍ മറ്റു മതത്തിന്റെ മേല്‍ കുതിര കയറുക എന്നല്ല ഇവിടെ പറഞ്ഞിതിന്റെ പൊരുള്‍.
ഒരു പ്രോഡക്റ്റ് പേറ്റന്റ് എടുത്തു മറ്റു രാജ്യങ്ങളില്‍ വില്‍ക്കുമ്പോള്‍ പേറ്റന്റ് നിയമങ്ങള്‍ അതി ലംഘനം നടക്കുകയാണെങ്കില്‍ ഇടപെടുന്നതുപോലെ മതത്തെയും ആ രീതിയില്‍ കാണാന്‍ കഴിയുമോ.അങ്ങനെയെങ്കില്‍ ഹിന്ദു മതങ്ങളും ദൈവങ്ങളും തങ്ങളുടെ പ്രോഡക്റ്റ് ആണെന്നും അതിന്റെ പേറ്റന്റ് തങ്ങളുടെതാണെന്നും അതിനെ ആരെങ്കിലും അപമാനിച്ചാല്‍ ഭാരതത്തിലെ കോടതിയില്‍ ഹാജരാകണമെന്നും വാദിക്കാനാവുമോ.?
അതേപോലെ ഓര്‍ക്കുട്ടില്‍ ശിവസേനയ്ക്കെതിരെ എഴുതിയപ്പോള്‍ കേസ് കൊടുത്തത് ശിവസേന ഒരു രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ടാണ്.അവര്‍ക്കെതിരെ എഴുതിയാല്‍ കേസ് കൊടുക്കാം.സ്വാഭാവികം.പക്ഷെ സാക്ഷാല്‍ ശിവനെതിരെ എഴുതിയാല്‍ കേസ് കൊടുക്കണമെങ്കില്‍ ശിവന്‍ ഭാരതീയന്‍ ആയിരുന്നുവെന്നും അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെന്നും തെളിയിക്കേണ്ടി വരും. അതല്ല പുരാണങ്ങളിലെ ശിവനെ അധിക്ഷേപിച്ചു എന്നതാണെങ്കില്‍ ഞങ്ങള്‍ ഭാരതത്തിലെ ശിവനെ അല്ല വിദേശശിവനെയാണ് (മുമ്പ് പറഞ്ഞ ഹിന്ദി സംസാരിക്കുന്നവരും ഹിന്ദുക്കളും ധാരാളം ഉള്ള രാജ്യത്തെ) എഴുതിയത് എന്നുപറഞ്ഞ് അഭിനവ ശ്രീ നാരായണീയ ബ്ലോഗ്ഗര്‍ വന്നാല്‍ നിയമത്തിനു അവര്‍ക്കെതിരെ ഫത്വ വിളിക്കാന്‍ കഴിയുമോ.
ഒരു ഉദാഹരണം സഹിതം പറയാം.
വേശ്യാവൃത്തി ഭാരതത്തില്‍ നിയമനുസൃണം അല്ല നടക്കുന്നത്.അത് പ്രോത്സാഹിപ്പിച്ച് പരസ്യം കൊടുത്താലോ പ്രോല്‍സാഹനമോ പരസ്യമോ കൊടുത്താല്‍ ഒരു പക്ഷെ അകത്താവും.എന്നാല്‍ പിമ്പിംഗ് ഇല്ലാത്ത വേശ്യാവൃത്തി നിയമാനുസൃതമായ രാജ്യങ്ങള്‍ ഉണ്ട്.അവിടെ വേശ്യയ്ക്ക് പരസ്യമോ ഫോണ്‍ നമ്പരോ ഒക്കെ കൊടുത്ത് പരസ്യം ചെയ്യാം. അത് ഇന്ത്യന്‍ നിയമത്തില്‍ കുറ്റമാണ് എന്ന് കരുതി കേസ് എടുക്കാന്‍ കഴിയുമോ. ഇതില്‍ നിന്ന് ഒരു കാര്യം മാത്രമേ വെക്തമാവുന്നുള്ളൂ.രാജ്യ താല്പര്യത്തിനെതിരായി ഒരാള്‍ ബ്ലോഗ് എഴുതിയാല്‍ നിയമപരമായി കേസ് എടുക്കാം.അല്ലാത്ത ഭാരതീയനല്ലാത്ത ഒരാള്‍ മതത്തിനെതിരായി എഴുതിയാല്‍ അതിനെതിരെ കേസ് കൊടുത്താല്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പ്രഖ്യാപിച്ചത് പോലെയാവും.
ഇതേ പോലെ ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കാര്യവും ഉണ്ട്.ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് ഏതോ ഗള്‍ഫ് രാജ്യത്തില്‍ ബ്ലോക്ക് ചെയ്തു എന്നറിയാന്‍ കഴിഞ്ഞു..ആ നാടിന്റെ നിയമപ്രകാരം അത് തെറ്റായത് കൊണ്ട് ജബ്ബാര്‍ മാഷിനെ ആ നാട്ടില്‍ രാജ്യാന്തര കുറ്റവാളി കൈമാറ്റ കരാര്‍ അനുസരിച്ച് കൊണ്ട് വന്നു തല വെട്ടാന്‍ കഴിയുമോ.ഇല്ല.കാരണം ആ നാട്ടിലെ നിയമപ്രകാരം കുറ്റമാണെങ്കിലും ഭാരതത്തില്‍ കുറ്റമായിരുന്നെങ്കില്‍ മാത്രമേ അദ്ധേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ.കാരണം ജബ്ബാര്‍ മാഷ് ഭാരതീയനാണ്,ഭാരതത്തില്‍ അദ്ധേഹം എഴുതിയത് കുറ്റമല്ല.പിന്നെ ചെയ്യുവാന്‍ കഴിയുന്നത് മേല്‍പ്പറഞ്ഞ ഗള്‍ഫ് രാജ്യം ആ ബ്ലോഗ് ആ രാജ്യത്തിലെ പൗരന്മാര്‍ക്കോ,നിവാസികള്‍ക്കോ വായിക്കാന്‍ കഴിയാത്ത രീതിയില്‍ ബ്ലോക്ക് ചെയ്യുക എന്നുള്ളത് മാത്രമാണ്.അങ്ങനെയാണ് നിരവധി സൈറ്റുകള്‍ ഗള്‍ഫില്‍ ബ്ലോക്ക് ചെയ്തത്(യു.എ.ഇ.യില്‍ ഓര്‍ക്കുട്ട് അങ്ങനെയാണത്രേ ബ്ലോക്ക് ചെയ്തത്) .
വിവര സാങ്കേതിക രംഗത്ത് കുതിച്ചു ചാട്ടം നടത്തിയ (?) ഭാരതം അത്തരം കുറ്റം ചെയ്യുന്നവരെ തങ്ങളുടെ രാജ്യത്ത് കൊണ്ട് വന്നു ശിക്ഷ കൊടുക്കാന്‍ തുനിഞ്ഞാല്‍?
അതേപോലെ പലപ്പോഴും ഭാരതീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന കാര്യങ്ങള്‍ വിദേശത്തു ഉണ്ടായപ്പോള്‍ അന്നാട്ടിലെ ഭാരതീയരും,സംഘടനകളുമാണ് അതില്‍ ഇടപെട്ടത്.അല്ലാതെ ഇന്ത്യന്‍ കോടതികള്‍ കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും ചെയ്തതായിട്ടോ അല്ലെങ്കില്‍ അതിനു ശ്രമിച്ചതായിട്ടോ അറിയില്ല.അപ്പോള്‍ പാവം ബ്ലോഗര്‍മാരെയാണോ ശിക്ഷിക്കുന്നത്.അങ്ങനെയെങ്കില്‍ എം.എഫ്.ഹുസൈന്‍ സാഹിബ് എന്നെ തീഹാര്‍ ജയിലില്‍ ഉണ്ട തിന്നേനെ.
അല്ലെങ്കില്‍ ഇതൊക്കെ വായിക്കുന്നവന്‍ ഭാരതീയ സൈബര്‍ നിയമവും താലീബാനീകരണം നടത്തുകയാണോ എന്ന് സംശയിക്കും.
Saturday, February 21, 2009
55.അനാഥന്‍
കഴിഞ്ഞ കാലം ഒരു സിനിമയുടെ തിരക്കഥ പോലെ ഓര്‍ക്കാനേ കഴിയൂ. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചു ജോലിയാവാതെ നക്സലിസം തലയ്ക്കു പിടിച്ചു ബന്ധുക്കളും കൂട്ടുകാരും അകറ്റി നിര്‍ത്തിയ കാലം.ഒടുവില്‍ അമ്മയുടെ കണ്ണീരിനു മുമ്പില്‍ ഇസങ്ങളോട് വിട ചൊല്ലി ഗള്‍ഫിലേക്ക് ഒളിച്ചോടുകയായിരുന്നു. ആറേഴു വര്‍ഷം കഴിഞ്ഞു അമ്മയുടെ മരണത്തോടെ നാടുമായി അവശേഷിച്ച ബന്ധവും അറ്റു.ബന്ധുക്കളില്‍ പലരും ഓരോ ആവശ്യങ്ങള്‍ക്ക് മാത്രം ഫോണ്‍ വിളികള്‍ വന്നപ്പോള്‍ പിന്നെ ആ ബന്ധവും നിര്‍ത്തേണ്ടി വന്നു.
പിന്നെ അങ്ങോട്ട് എല്ലാം വെട്ടിപിടിക്കാനുള്ള ഒരോട്ടമായിരുന്നു.പക്ഷെ എന്ത് നേടി എന്ന ചോദ്യത്തിന് ഇന്നും മറുപടിയില്ല.
വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി.വിമാനത്തില്‍ നിന്നും ഇറങ്ങി എമിഗ്രേഷന്‍ കഴിഞ്ഞു വെളിയിലിറങ്ങി ചുറ്റും നോക്കി.ആരും കൊണ്ടുപോകാന്‍ വരില്ലാത്തതുകൊണ്ട് ടാക്സി വിളിച്ചു.
ടാക്സിയില്‍ കയറി കണ്ണടച്ചു.
"സര്‍ എവിടെ പോകണം.പറഞ്ഞില്ല."
ഡ്രൈവറോട് എങ്ങോട്ട് പോകണമെന്നു പറഞ്ഞില്ല.ശേ.തിരക്കിനിടയില്‍ എല്ലാം മറന്നു.
"ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍."
ഡ്രൈവര്‍ ഒന്നു തിരിഞ്ഞു നോക്കി.
ചെറുതായി ഒന്നു മയങ്ങി.
ഡ്രൈവര്‍ വന്നു തട്ടി വിളിച്ചപ്പോഴാണ് ഹോസ്പിറ്റലില്‍ എത്തിയ വിവരം അറിഞ്ഞത്.
നേരം വെളുത്തു വരുന്നതേയുള്ളൂ.ഡ്രൈവറിനു പണം കൊടുത്തപ്പോള്‍ കുറെ ചോദ്യങ്ങള്‍ ആ കണ്ണില്‍ അലയടിക്കുന്നത് കണ്ടു. ഒന്നും ശ്രദ്ധിക്കാതെ നേരെ റിസപ്ഷനില്‍ ചെന്നു.റിസപ്ഷനില്‍ ചെന്നു ഡോക്ടര്‍ ജയന്റെ പേരു പറഞ്ഞപ്പോഴേ മൃദുമന്ദഹാസത്തോടെ റിസപ്ഷനിസ്റ്റ് മൊഴിഞ്ഞു.
"ഇന്നു ജയന്‍ ഡോക്ടര്‍ നേരത്തെ എത്തി.സാര്‍ വരുന്ന കാര്യം പറഞ്ഞിരുന്നു."
താങ്ക്സ് പറഞ്ഞു ജയന്‍ ഡോക്ടറിന്റെ മുറിയുടെ ഡോറില്‍ മുട്ടി.
"യെസ്.കമിന്‍."
ജയന്‍ ഡോക്ടറെ നേരിട്ടു പരിചയമില്ല.തന്റെ സ്ഥാപനത്തിലെ യദുവിന്റെ സഹോദരീ ഭര്‍ത്താവാണ്.ഇവിടെ എല്ലാ ഏര്‍പ്പാടും യദുവാണു ചെയ്തു തന്നത്.
ഡോക്ടറുടെ മുമ്പിലെ കസേരയില്‍ പതിയെ ഇരുന്നു.
"അപ്പോള്‍ അജയന്‍ നേരെ ഇങ്ങോട്ട് പൊന്നു അല്ലെ."
ഡോക്ടര്‍ സംസാരത്തിന് തുടക്കം കുറിച്ചു.
"അതെ ഡോക്ടര്‍.എനിക്കീ നാട്ടില്‍ ആരും തന്നെയില്ല. അത് കൊണ്ടു തന്നെ വേറെയെങ്ങും പോകാനുമില്ല.ചികിത്സ കഴിഞ്ഞു നേരെ തിരിച്ചുപോകണം."
ശബ്ദത്തിലെ പതറിച്ച ഡോക്ടര്‍ തിരിച്ചറിഞ്ഞുവോ എന്നറിയില്ല.
"നോക്കൂ മിസ്ടര്‍ അജയന്‍.നിങ്ങളുടെ സര്‍ജറി മൈനര്‍ അല്ലെങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ല.ഈ ഹോസ്പിറ്റലില്‍ ബൈ സ്റ്റാന്‍ടര്‍ ആരും വേണമെന്നില്ല.പക്ഷെ ഒരാള്‍ ഉള്ളത് എപ്പോഴും നല്ലതാ.കാരണം രോഗിയുടെ മനസ്സിന് ഒരാശ്വാസം നല്‍കാന്‍ നല്ലതാ.പിന്നെ നിങ്ങള്‍ക്കാരും ഇല്ലായെന്ന് പറഞ്ഞ സ്ഥിതിയ്ക്ക് വേണമെങ്കില്‍ ഒരു ഹോംനേഴ്സ് ഏര്‍പ്പാടാക്കാം. തല്‍ക്കാലം ഹോസ്പിറ്റലില്‍ കഴിയുന്നത് വരെ മതി.മുഴുവന്‍ മാസത്തെ പണം കൊടുക്കണമെന്ന് മാത്രം."
"പണം കുഴപ്പമില്ല.എന്താ വേണ്ടതെന്ന് വെച്ചാല്‍ ഡോക്ടര്‍ ചെയ്‌താല്‍ മതി.പിന്നെ യദു വിളിച്ചാല്‍ എനിക്ക് കുഴപ്പമില്ല എന്ന് പറയണം."
"ഓഫ് കോഴ്സ്..പിന്നെ പേടിക്കേണ്ട കാര്യം ഇല്ല.എന്നെയും യദുവിനെ പോലെ കണ്ടാല്‍ മതി."
ഡോക്ടര്‍ അഡ്മിഷന്‍ ചെയ്യാനുള്ള ഫോര്‍മാലിറ്റി പെട്ടെന്ന് തന്നെ തീര്‍ത്തു.
ഡോക്ടറുടെ പരിചയക്കാരന്‍ എന്നുള്ളതാവും സിസ്റ്റെഴ്സ് എല്ലാം നന്നായി തന്നെ കാര്യങ്ങള്‍ ശ്രദ്ധിച്ചു.പക്ഷെ മിക്കവരുടെയും മുഖത്ത് ഒരു സഹതാപം കാണാന്‍ കഴിഞ്ഞു .ഇനി തന്റെ രോഗത്തെപറ്റി അറിയുന്നത് കൊണ്ടാണോ അതോ ആരുമില്ലത്തത് കൊണ്ടാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
രണ്ടു ദിവസം കഴിഞ്ഞു രാവിലെ തന്നെകാണാന്‍ ഒരു വിസിറ്റര്‍ ഉണ്ടെന്നു സിസ്റ്റര്‍ വന്നു പറഞ്ഞപ്പോഴോന്നു ഞെട്ടി.തന്നെ കാണണോ?ചെലപ്പോള്‍ ആളുമാറിയാതാണോ എന്ന് ചോദിക്കാനോരുമ്പോള്‍ ഒരു യുവതി കയറി വന്നു.നന്നേ കരുത്തു മെല്ലിച്ച ഒരു യുവതി.
"സര്‍.ഞാന്‍ ജലജ.ഹോം നേഴ്സ് ആണ്.ഡോക്ടര്‍ ഏര്‍പ്പാടാക്കിയത് കൊണ്ടു വന്നതാണ്."
ഓ അല്പം ആശ്വാസം തോന്നി.ഒന്നു ദീര്‍ഘ നിശ്വാസം വിട്ടിട്ടു ചോദിച്ചു.
"എവിടെയാ വീട്."
ആ യുവതിയോന്നു ചിരിച്ചു.
"ഇപ്പോള്‍ ഇതാണ് വീട്."
"അതെന്തേ..?"
ഉദ്വേഗം അടക്കാനായില്ല.
"അനാഥയാണ്.കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥലയത്തില്‍ വളര്‍ന്നു.പിന്നീട് ഹോം നേഴ്സ് ആയി.ഇപ്പോള്‍ ചെല്ലുന്നിടം വീട്."
അവളുടെ വിഷാദം കലര്‍ന്ന ചിരി പക്ഷെ തന്നില്‍ എന്തോ നൊമ്പരം സമ്മാനിച്ചത് മനസ്സിലാക്കാന്‍ കഴിഞ്ഞു .ഒരു പക്ഷെ തന്നെപോലെ ഒരു അനാഥജീവിതം നയിക്കുന്ന ഒരാളുടെ വേദന മനസ്സിലാക്കനാവുന്നത് കൊണ്ടാവും.
"പിന്നെ എന്റെ ഓപ്പറേഷന്‍ മറ്റന്നാള്‍ ആണ്.അതുകഴിഞ്ഞ് പത്തോ പതിനഞ്ചോ ദിവസം മാത്രമെ ഇവിടുണ്ടാവൂ.അതുവരെ മാത്രം മതി..."
ആ പെണ്ണ് തലകുലുക്കി.
ദിവസം പെട്ടെന്നാണ് കടന്നു പോയത്.
ഓപ്പറെഷന്റെ ദിവസം എന്തോ ഒരു ഭയമോ തോന്നിയില്ല.ഒരു പക്ഷെ മരണത്തിലോ ജീവിതത്തിലോ തന്നെ പ്രതീക്ഷിക്കാന്‍ ആരുമില്ലല്ലോ.
പക്ഷെ രാവിലെ മുതല്‍ ജലജയെ കണ്ടില്ലലോ എന്നോര്‍ത്തപ്പോള്‍ ജലജ കയറി വന്നു.
"സര്‍ ക്ഷമിക്കണം.ഞാന്‍ അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ പോയതായിരുന്നു.എല്ലാ വിഘ്നവും അവന്‍ മാറ്റിത്തരും.ഇതാ സര്‍ പ്രസാദം."
ഒന്നും മിണ്ടാതെ കണ്ണടച്ചു.
എന്താണെന്നു അറിയില്ല.ജലജതന്നെ പ്രസാദം നെറ്റിയില്‍ തൊടുവിച്ചു.
ജലജയുടെ വിരല്‍ നെറ്റില്‍ സ്പര്‍ശിച്ചപ്പോള്‍ തലയിലൂടെ ഒരു വിദ്യുത് തരംഗം പോയതുപോലെ തോന്നി.
അറിയാതെ കണ്ണ് നിറഞ്ഞു. പെട്ടെന്ന് കണ്ണ് തുടച്ചപ്പോള്‍ ജലജ വിഷാദത്തോടെ ചിരിച്ചു.
"സര്‍.ഒരു അനാഥന്റെ വേദന എനിക്കറിയാം.ഇന്നു സാറിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയപ്പോള്‍ അറിയാതെ ഞാന്‍ കരഞ്ഞുപോയി.ദൈവം സാറിനോന്നും വരുത്തില്ല.വിഷമിക്കേണ്ട."
ഇവള്‍ കരുതിയത് തനിക്കെന്തെങ്കിലും വരുമെന്ന് പേടിച്ചാണ് താന്‍ കരഞ്ഞതെന്നാണോ.?
"ജലജ. എനിക്ക് എന്ത് വന്നാലും പേടിയില്ല.എന്നെ കാത്തിരിക്കാനും ആരുമില്ല.ജീവിച്ചാലും മരിച്ചാലും ഒരുപോലെ... പക്ഷെ അമ്മയ്ക്ക് ശേഷം ആദ്യമായിട്ടാ ഒരാള്‍ എനിക്കായി പ്രാത്ഥന നടത്തുന്നതും എനിക്ക് വേണ്ടി അമ്പലത്തില്‍ പോവുന്നതും.."
ജലജ കണ്ണീര്‍ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി.
ഓപ്പറേഷന്‍ തീയെറ്ററിലേക്ക് പോയപ്പോള്‍ സ്ട്രെച്ചറില്‍ പിടിച്ചു കണ്ണീര്‍ തുടയ്ക്കുന്ന ജലജയുടെ മുഖം എന്തോ തന്നെ അലോസരപ്പെടുത്തി.
അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞു കണ്ണുകള്‍ ആദ്യം തേടിയത് ജലജയെ ആയിരുന്നു. പക്ഷെ ഐ.സി.യു.വില്‍ തെരഞ്ഞപ്പോള്‍ ആരെയും കണ്ടില്ല.പിന്നീട് വാര്‍ഡില്‍ കൊണ്ടുവന്നപ്പോള്‍ ജലജ ഓടിയെത്തി.
"സാര്‍ എങ്ങനെയുണ്ട്."
ആ ചോദ്യത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞു.
"കുഴപ്പമില്ല."
ഒറ്റവാക്കില്‍ ഉത്തരം കൊടുത്തപ്പോള്‍ എന്തോ ഒരു പ്രതീക്ഷയുടെ തിരി മനസ്സില്‍ കൊളുത്തിയതായി തോന്നി.
പതിനഞ്ച് ദിവസം വളരെ വേഗം ഓടി പോയി.ദിവസങ്ങള്‍ക്കു കുതിരയുടെ വേഗമുണ്ടെന്നു തോന്നിപോയി. പക്ഷെ ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും ജലജയിലൂടെ എന്ന് തോന്നിക്കുന്ന പതിനഞ്ച് ദിവസങ്ങള്‍.
ഒടുവില്‍ ആ ദിവസം വന്നു.തന്നെ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ജലജ വന്നു.
"സര്‍.ഡോക്ടര്‍ ഏജന്‍സിയില്‍ പണം കെട്ടി.ഇനി ഞാന്‍ പോകട്ടെ."
താന്‍ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത് കൈയില്‍ വന്ന നോട്ടുകള്‍ ആ കൈയില്‍ ഏല്പിച്ചു.ജലജ കണ്ണ് തുടച്ചു ആ പണം മേശപ്പുറത്തു വച്ചു.
"സര്‍ വേണ്ട.പണം ഡോക്ടര്‍ ഏജന്‍സിയില്‍ അടച്ചു കഴിഞ്ഞു .ഞാന്‍ പോട്ടെ.."
വിടപറഞ്ഞു പോവുന്ന ജലജയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എന്തോ ജലജ പോയികഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ശൂന്യത തന്നെ പൊതിയുന്നതായി തോന്നി.
നേരെ ഡോക്ടറുടെ കാബിനിലേക്ക് ഓടി.
ഡോറില്‍ മുട്ടനോന്നും പോവാതെ നേരെ ഉള്ളിലേക്ക് ചാടികയറി.
"എന്താ മിസ്റ്റര്‍ അജയന്‍.ആകെ പരിഭ്രാന്തന്‍ ആയപോലെ.എന്തെങ്കിലും കോംബ്ലിക്കെഷന്‍സ് ഉണ്ടോ.?"
"ഡോക്ടര്‍ ..ജലജ.."
"ആ കുട്ടി പോയി.പേടിക്കേണ്ട..ഞാന്‍ ഏജന്‍സിയിലെ ബില്‍ പേ ചെയ്തു..പിന്നീട് ഞാന്‍ അജയനില്‍ നിന്നും വാങ്ങിക്കോളാം.ഇപ്പോള്‍ അജയന്‍ പോയി റെസ്റ്റ് എടുക്കു."
"അല്ല ഡോക്ടര്‍ ..എനിക്കാ കുട്ടിയെ കാണണം.ഇപ്പോള്‍ തന്നെ.."
ഡോക്ടര്‍ ഒന്നു ചിരിച്ചു..
"എനിക്കും ആ കുട്ടി പോവാനിറങ്ങിയപ്പോള്‍ എന്തോ തോന്നിയിരുന്നു.പിന്നെ നിങ്ങള്‍ പേടിക്കേണ്ട.ഇപ്പോള്‍ എനിക്ക് ഫ്രീ ടൈം ആണ്.ഞാന്‍ വരാം."
തന്റെ പരിഭ്രമം കണ്ടു ഡോക്ടര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടു.ഡോക്ടറുടെ കാര്‍ തന്നെയും കയറ്റി മുമ്പോട്ട് പോവുമ്പോള്‍ ചുറ്റം തന്റെ കണ്ണുകള്‍ ജലജയെ തേടുകയായിരുന്നു.
ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ പെട്ടെന്ന് കാര്‍ ചവിട്ടി നിര്‍ത്തി.
"എന്താ ഡോക്ടര്‍.എന്താ കാര്‍ നിര്‍ത്തിയത്."
ഡോക്ടര്‍ ഒന്നും പറയാതെ വശത്തേക്ക് കൈ ചൂണ്ടി.
അങ്ങോട്ട് നോക്കിയപ്പോള്‍ വിശ്വസിക്കാനായില്ല.
കൈയില്‍ ഒരു ചെറിയ ബാഗുമായി ബസ് കാത്തു നില്‍ക്കുന്ന ജലജ.
ഓടിയെത്തി ആ കൈയില്‍ കടന്നു പിടിച്ചു.
"വാ..വാ എന്റെ കൂടെ.."
ജലജ ഒന്നും മിണ്ടാതെ പിറകെ നടന്നു വരുന്നതു കണ്ടു ഡോക്ടര്‍ മന്ദഹസിച്ചു.
Friday, February 13, 2009
54.പൂച്ച റോസ്റ്റ്
മുന്നറിയിപ്പ്
നിയമപരം :
മൃഗസംരക്ഷണവകുപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകളോ ഇതിനെതിരെ പ്രതികരിക്കുമോ എന്നറിയില്ല.സ്വന്തം റിസ്ക്കില്‍ ഉണ്ടാക്കുക.
ആരോഗ്യപരം:
പൂച്ചയിറച്ചിയുടെ ശാസ്ത്രീയ ഗുണദോഷങ്ങളെപറ്റി എനിക്ക് യാതൊരു വിവരവും ഇല്ല.പൂച്ചയെ കൊന്നാല്‍ കൈവിറയ്ക്കുമെന്നു ചിലരെങ്കിലും പറയുന്നു.അതും എനിക്കറിയില്ല.
മതപരം: ഏതെങ്കിലും മതത്തില്‍ ഇതിനെ നിഷിദ്ധമായി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.അതുകൊണ്ട് സ്വന്തം റിസ്ക്കില്‍ അതിനെപറ്റി അറിഞ്ഞിട്ടു കഴിക്കുക.
(മുസ്ലിം സഹോദരങ്ങളുടെ ശ്രദ്ധയ്ക്ക് : പൂച്ചയെ സാധാരണഗതിയില്‍ ചാക്കില്‍ കെട്ടി വെള്ളത്തില്‍ മുക്കിയാണ് കൊല്ലുന്നത്.അതുകൊണ്ട് തന്നെ ബിസ്മി ചൊല്ലി ഹലാല്‍ ആക്കാന്‍ കഴിയില്ല.അതുകൊണ്ട് ഹലാല്‍ ആക്കി കൊല്ലാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക.പൂച്ചയിറച്ചി ഹറാം ആണോ എന്നും എനിക്കറിയില്ല.)
പൂച്ചയെ കൊല്ലുന്ന വിധം :
ഒരു ചാക്കില്‍കെട്ടി ബക്കറ്റില്‍ വെള്ളം നിറച്ചു അതില്‍ മുക്കി കൊല്ലുകയാണ് സാധാരണ രീതി.
തൊലിയുരിക്കേണ്ട രീതി:
ടാപ്പിന്റെ കീഴില്‍ വെച്ചു തൊലിയുരിക്കുക.അല്ലെങ്കില്‍ തോട്ടിലോ നദിയിലോ ചെയ്യുക.പൂച്ചരോമം വയറ്റില്‍ ചെന്നാല്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടെന്നു കേള്‍ക്കുന്നു.(കേട്ടു കേള്‍വി മാത്രമാണ്.അതിനെപറ്റി ശാസ്ത്രീയമായ അറിവുള്ളവര്‍ പറഞ്ഞു തന്നു തിരുത്തുക.)
ചേരുവകള്‍
ഇടത്തരം പൂച്ച ഇടത്തരം വലിപ്പത്തില്‍ കഷണങ്ങള്‍ ആക്കിയത് - ഒന്ന് (കുന്നന്‍/കണ്ടന്‍ പൂച്ച )
ചുവന്ന ഉള്ളി (ചെറുത്) - കാല്‍ കിലോ
ചെറുനാരങ്ങ - രണ്ടെണ്ണം
സാവാള -രണ്ടെണ്ണം
കറിവേപ്പില -അല്‍പ്പം
പഴുത്ത തക്കാളി -ഒന്ന്
ഇഞ്ചി/വെളുത്തുള്ളി അരച്ചത് - രണ്ടു ടേബിള്‍ സ്പൂണ്‍
പച്ചമുളക് അരച്ചത് - അര ടേബിള്‍ സ്പൂണ്‍
മുളക് പൊടി -ആവശ്യത്തിന്
മല്ലി പൊടി : രണ്ടു ടേബിള്‍ സ്പൂണ്‍
ഗരം മസാല - രണ്ടു ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി - അര ടീസ് സ്പൂണ്‍
ഉപ്പ് - പാകത്തിന്
മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍
എണ്ണ -ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
1)നന്നായി തൊലിയുരിച്ചു ഇടത്തരം കഷണങ്ങള്‍ ആക്കിയ പൂച്ചയിറച്ചിയില്‍ നാരങ്ങ പിഴിഞ്ഞ നീര് ചേര്‍ത്ത് കഴുകി എടുക്കുക.(ചെറിയ ഒരു ഗന്ധം മാറി ക്കിട്ടും).അതിന് ശേഷം ഒരു ഉരുളിയില്‍ എണ്ണ ചൂടാക്കി അതില്‍ നന്നായി കൊത്തിയരിഞ്ഞ ചെറിയ ഉള്ളി വഴട്ടുക. അതില്‍ വെളുത്തുള്ളി/ഇഞ്ചി പേസ്റ്റ് ചേര്‍ത്തിളക്കുക.നന്നായി വഴറ്റിയ ഇതിലേക്ക് മഞ്ഞള്‍,ഗരം മസാല,മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.മസാല ചെറുതായി വെന്തശേഷം അതില്‍ പൂച്ചയിറച്ചി ചേര്‍ക്കുക.വഴറ്റിയ ശേഷം അതില്‍ അരക്കപ്പ് വെള്ളം ചേര്‍ക്കുക.അതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വെന്ത് വാങ്ങുക.
2)വേറെ ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി അതില്‍ അറിഞ്ഞ സാവാള വഴട്ടുക. അതില്‍ അല്പം ഇഞ്ചി/വെളുത്തുള്ളി,മസലാകള്‍ ചേര്‍ത്ത് വഴറ്റി എടുക്കുക.കുരുമുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്ത് മുമ്പ് വേവിച്ച് വെച്ചിരുന്ന പൂച്ചയിറച്ചി ചേര്‍ത്ത് വരട്ടി എടുക്കുക.
ഇതിനെ കപ്പയുടെ കൂടെ (വേവിച്ച അല്ലെങ്കില്‍ പുഴുങ്ങിയ ) കഴിക്കുന്നതാണ് ഏറ്റവും നല്ലത്.ഒപ്പം കള്ള്,ബീയര്‍,വിദേശ/സ്വദേശ മദ്യവും ആവാം.
മദ്യപാനം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല.പൂച്ച റോസ്റ്റ് ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കുമെന്ന ഉറപ്പ് മാത്രം നല്‍കാനെ എനിക്ക് സാധിക്കു.സ്വാനുഭവം തന്നെ ഗുരു.എല്ലാവര്‍ക്കും ഹാപ്പി വാലന്റൈന്‍ ഡേ.ഒരു വെത്യസ്തമായ വിഭവം ആസ്വദിക്കുക.
Tuesday, February 10, 2009
53.പൂച്ചയിറച്ചി
സഖാവ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ എന്റെ വീട്ടില്‍ ജിമ്മിയെന്നുപെരുള്ള ഒരു നായയുണ്ടായിരുന്നു.ഒരു ജര്‍മ്മന്‍ ഷേപ്പേട് ക്രോസ്. അളുങ്കുജാതിയെന്നും അല്‍സേഷ്യന്‍ എന്നൊക്കെ വിളിക്കുന്നതുമായ ഒരു കുരവീരന്‍.(അളുങ്കു മാസ്റ്റിഫ് വേറെയിനം നായയാണ്) കുരതുടങ്ങിയാല്‍ സുകുമാര്‍ അഴീകോടിന്റെ പ്രസംഗം പോലെ നിര്‍ത്താന്‍ മടിയുള്ളയിനം.നമ്മുടെ സഖാവ് ഇടയ്ക്കിടെ എന്റെ വീട്ടിലെത്തി ജിമ്മിയെ കണ്ണുരുട്ടി കാണിക്കുമായിരുന്നു.ഒരുപക്ഷെ സഖാവ് എന്ന് പേരുള്ളതുകൊണ്ട് സ്വതന്ത്ര ചിന്താഗതിയുള്ള പൂച്ചയായതിനാലവും ബന്ധനത്തില്‍ കിടക്കുന്ന ജിമ്മിയെ പ്രകോപിക്കാന്‍ കണ്ണുരുട്ടികാണിക്കുന്നത്.(ഒരു പക്ഷെ ബന്ധുരകാഞ്ചന കൂട്ടിലാണേങ്കിലും ബന്ധനം ബന്ധനം തന്നെയെന്നുള്ള പാട്ടു സഖാവിനറിയാമോ എന്ന് ഈ അവസരത്തില്‍ ഞാന്‍ ശങ്കിക്കുന്നു.) പക്ഷെ എന്റെ വീട്ടില്‍ ജിമ്മിയെ കണ്ണുരുട്ടി പോകുന്ന സഖാവിന്റെ കളിയാക്കല്‍ കൊണ്ടാവാം ജിമ്മി നിര്‍ത്താതെ കുരയ്ക്കുകയും അതോടെ ഞങ്ങളുടെ വീട്ടിലെ എല്ലാവരും ഉറക്കം നായനക്കിയതു പോലെയാവും.
പക്ഷെ സഖാവിന്റെ ഉടമ പരിചയക്കാരനായത് കൊണ്ട് ഞങ്ങള്‍ ഇതു ഒരു പരിധിവരെ സഹിച്ചിരുന്നു.എന്നാല്‍ സഖാവ് ഇവിടുത്തെ കലാപരിപാടി കഴിഞ്ഞാല്‍ നേരെ എന്റെ അച്ഛന്റെ കുടുംബത്തെക്കും പോകും.അവിടെ നായ ഇല്ലാത്തത് കൊണ്ട് അല്ലറ ചില്ലറ മോഷണവും പതിവായിരുന്നു.അങ്ങനെ അവരും ഇവനെകൊണ്ട് പോരുതിമുട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ഇവന് തിന്നാന്‍ വച്ചിരുന്ന വിഷം തിന്നു ഞങ്ങളുടെ നാലഞ്ചു കോഴി ചത്തപ്പോള്‍ അങ്ങനെയുള്ള ആക്രമണരീതികളില്‍ നിന്നു ഞങ്ങള്‍ വിടവാങ്ങി. ഇത്രയും സഖാവിനെകുറിച്ചുള്ള ആമുഖം.
ഇനി നേരെ വിഷയത്തിലേക്ക് വരാം.എന്റെ ചെറുപ്പത്തില്‍ വളരെ ശോഷിച്ച എന്റെ പ്രകൃതം മൂലം എന്തും കഴിക്കുമെന്ന സുപ്രധാനപ്രതിജ്ഞ ഞാന്‍ എടുത്തിരുന്നു. ഇഴഞ്ഞു പോവുന്നതില്‍ ഞാഞ്ഞൂലും പറന്നു പോവുന്നതില്‍ അപ്പൂപ്പന്‍ താടിയും ഒഴിവാക്കി എന്തും തിന്നുമെന്ന തീരുമാനം മതപരമായിരുന്നില്ല.തീര്‍ത്തും വണ്ണം വയ്ക്കുകയെന്ന ന്യായമായതും ഒരു ചെറുപ്പകാരന്‍ ആഗ്രഹിക്കുന്ന ഒരു ചെറിയ ആവശ്യം. പാമ്പിനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷണം തിന്നണം എന്ന് വളരെ ചെറുപ്പത്തില്‍ തന്നെ എന്റെ പിതാശ്രീ എന്നെ പഠിപ്പിച്ചിരുന്നു.കാരണം നടുകഷണം കഴിക്കാന്‍ മടികാണിച്ചാല്‍ ഒടുവില്‍ കഴിക്കാന്‍ മാനസ്സുവരുമ്പോള്‍ ചെന്നാല്‍ അത്ര രസമില്ലാത്ത തലയോ വാലോ കഴിക്കേണ്ടി വരും.
ഒരു ദിവസം എന്റെ അപ്പന്റെ കുടുംബത്തില്‍ ചെന്നപ്പോള്‍ ചിറ്റപ്പനും ഒന്നു രണ്ടു കൂട്ടുകാരും എന്തോ കഴിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു.എന്നെ കണ്ടപ്പോള്‍ എന്നെയും കൂട്ടി.വെടിയിറച്ചി ആണെന്ന് പറഞ്ഞു ഇതുവിളമ്പി തരികയും ചെയ്തു.
ചിറ്റപ്പന്‍ നല്ല വെടിവെപ്പ് വീരനാണ്.(ഇതിനെ തെറ്റായി എടുക്കണ്ട.കാട്ടില്‍ വെടിവെയ്ക്കാന്‍ പോകുമായിരുന്നുവെന്നു അര്‍ത്ഥം എടുത്താല്‍ മതി.ഇന്നു ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹത്തിനെതിരെ ആരും പരാതി കൊടുക്കല്ലേ.രണ്ടു കുട്ടികളുടെ പിതാവാണ് .ജീവിച്ചോട്ടെ.)
ഞാന്‍ ഏതായാലും ഭക്ഷണം ഒക്കെ കഴിഞ്ഞു ഏമ്പക്കവും വിട്ടു വീട്ടിലെത്തി.പക്ഷെ കുറെ ദിവസത്തേക്ക് സഖാവിന്റെ ശല്യമുണ്ടാവാഞ്ഞപ്പോള്‍ ഞങ്ങളും പതിയെ സഖാവിനെ തിരക്കി.കാരണം ശല്യക്കാരന്‍ ആയിരുന്നെങ്കിലും സ്ഥിരം വരുന്നവന്‍ ആയിരുന്നല്ലോ.
പക്ഷെ സാധാരണ കുന്നന്‍പൂച്ച കാടുകയറി പോവുമെന്നും കാട്ടില്‍ ചെന്നു കാട്ടുപൂച്ചയാവുമെന്നും അന്ന് വിശ്വസിച്ചിരുന്നതുകൊണ്ടു അങ്ങനെവല്ലതുമായിരുന്നുവെന്നു കരുതി സമാധാനിച്ചു.
പക്ഷെ അന്നൊക്കെ കാട്ടുമൃഗങ്ങള്‍ വളരെയേറെ ഉള്‍ക്കാട്ടില്‍ പോയാല്‍ മാത്രമെ കിട്ടിയിരുന്നുള്ളൂ.കാരണം മിക്കവാറും ആളുകള്‍ വെടിവെച്ചു അതിനെയൊക്കെ കൊന്നിരുന്നതുകൊണ്ട് അവയുടെ സംഖ്യ വരെ കുറവായിരുന്നു.ഇന്നിപ്പോള്‍ വീടിന്‍റെ മുറ്റത്തു വന്നു പന്നിയും മുയലും തിരുവാതിര കളിച്ചാലും വെറുതെ ഇവയുടെ പ്രകടനം കാണാനെ കഴിയൂ. . എന്റെ വീട്ടില്‍ കൃഷി ഒന്നുമില്ലാത്തതിനാല്‍ വരുന്ന പന്നിയുടെ ദേഷ്യം വീട്ടിലെ പട്ടിയെ തെറിവിളിച്ചു തീര്‍ത്തിട്ടാവും പന്നി തിരിച്ചുപോവുന്നത്.പന്നിയ്ക്കും സാക്ഷരത ആയി എന്നുതോന്നുന്നു.അഥവാ വല്ലതും ചെയ്തുപോയാല്‍ ഫോറസ്റ്റ് കാര്‍ മുതുകത്ത് ചവിട്ടു നാടകം കളിക്കുകയും പിന്നീട് ജീവിതം ജയിലിലോട്ടു മാറ്റേണ്ടി വരുകയും ചെയ്യും.
പിന്നീട് ഒരു ദിവസം ചിറ്റപ്പന്‍ വിളിച്ചപ്പോഴാണ് ഞാന്‍ കുടുംബത്തേക്ക് പോയത്.ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.ഒരു പൂച്ചയുടെ തോല്‍ ടാപ്പിന്റെ കീഴില്‍ ഉരിഞ്ഞുകൊണ്ടിരിക്കുന്ന ചിറ്റപ്പന്‍. ഞാന്‍ ഞെട്ടിത്തരിച്ചു എന്താ ഈ തോന്ന്യവാസം കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്തെടാ നേരത്തെ സഖാവിനെ തിന്നപ്പോള്‍ തോന്ന്യവാസം അല്ലായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് സഖാവിനെ ഞാന്‍ കഴിച്ച വിവരം അറിഞ്ഞത്.
പൂച്ചയുടെ ആത്മാവ് ബ്രഹ്മരക്ഷസ് ആണെന്ന് മുത്തച്ചന്‍ പറഞ്ഞതു കേട്ടിട്ടുള്ളത് കൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ പലപ്പോഴും ഞെട്ടിയുണര്‍ന്നിട്ടുണ്ട്.ഞെട്ടിയുണര്‍ന്നു മ്യാവൂ എന്ന് വിളിച്ചോയെന്നറിയില്ല.എന്നാല്‍ സഖാവിന്റെ തിരോധാനം എന്റെ ജിമ്മിയുടെ ജീവിതം സന്തോഷപൂര്‍വ്വം ആക്കിയെന്നു വേണം പറയാന്‍.കാരണം അവനെ കണ്ണുരുട്ടാന്‍ പിന്നീട് സഖാവ് വന്നിട്ടില്ലല്ലോ.
വാല്‍കഷണം
ഏതായാലും അതോടെ ഞാന്‍ പൂച്ചയിറച്ചി തീറ്റ തുടങ്ങി.ഈ അടുത്ത സമയത്താണ് നിര്‍ത്തിയത്.എന്തായാലും ഇപ്പോള്‍ പൊതുവെ മാംസാഹാരം ഭാരം കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കിയതുകൊണ്ട് ഇനി പൂച്ചയെന്നല്ല മാംസം പൊതുവെ കഴിക്കാന്‍ താത്പര്യം ഇല്ല.
Saturday, February 7, 2009
52.ചാരായം വാറ്റുന്ന കുട്ടിചാത്തന്‍
എന്നാല്‍ പിന്നീട് ജീവിതത്തില്‍ നിരീശ്വരവാദം പൂര്‍ണ്ണമായും വെടിഞ്ഞെങ്കിലും യുക്തിവാദ സങ്കല്‍പ്പത്തോടെയുള്ള ഒരു പ്രപഞ്ചശക്തിയില്‍ വിശ്വാസം സ്വീകരിച്ചു. യാഥാസ്ഥിതിക വിശ്വാസത്തില്‍ (വിഗ്രഹാരാധന,ക്ഷേത്രദര്‍ശനം) വലിയ പ്രതിപത്തി ഇല്ലെങ്കിലും പ്രേതങ്ങളെ അങ്ങനെ ഒഴിവാക്കി ആ പേടിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തി ലഭിച്ചിട്ടില്ല.
പക്ഷെ ഒരിക്കല്‍ സംഭവിച്ച ഒരു സംഭവം എന്റെ പ്രേതങ്ങളിലുള്ള ഭയം മാറ്റാന്‍ അല്പം സഹായിച്ചുവെന്ന് മാത്രം. അത് നിങ്ങളുമായി പങ്കുവെയ്ക്കാം.
പത്തനംതിട്ടയിലുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല.അതേപോലെ സമീപജില്ലയായ കൊല്ലംജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവില്‍.എന്റെ നാട്ടില്‍നിന്നും അച്ചന്‍കൊവിലിലേക്ക് ധാരാളം ആളുകള്‍ കാല്‍നടയായി പോവാറുണ്ട്. (അത്ര അടുത്തല്ല.. എങ്കിലും നാല്പതു കിലോമീറ്ററില്‍ താഴെയേ വരൂ)
ഒരുപ്രാവശ്യം എന്റെ അടുത്ത ഒരു സുഹൃത്തും ഭാര്യയും സഹോദരിയും സഹോദരീ ഭര്‍ത്താവും കൂടി കാല്‍നടയായി അമ്പലത്തിലേക്ക് പോയി. സാധാരണഗതിയില്‍ രാത്രിയില്‍ യാത്രയായി ഇടയ്ക്ക് അച്ചന്‍കോവിലാറിന്റെ തീരത്ത് വിശ്രമിച്ചു പിറ്റേന്ന് ക്ഷേത്രത്തില്‍ എത്തി ദര്‍ശനവും നടത്തി അടുത്തുള്ള തിരുമലക്കൊവിലും (തമിഴ്നാട് ) കണ്ട് കുറ്റാലവും ചുറ്റി തിരിച്ചുവരികയാണ് പതിവ്. പക്ഷെ യാത്രയുടെ തുടക്കത്തില്‍ തന്നെ ഞങ്ങളുടെ ഗ്രാമത്തിന്റെ അടുത്തുള്ള ചെറിയ കാട്ടിലൂടെ കയറിയാണ് പോകേണ്ടത്.. ആ വഴിതെരഞ്ഞെടുത്താല്‍ കുറെ കിലോമീറ്റര്‍ നടപ്പ് ലാഭിക്കാന്‍ സാധിക്കും.
ഇന്നുവരെ സാമൂഹ്യവിരുദ്ധാരോ കാട്ടുമൃഗങ്ങളോ പ്രശ്നമുണ്ടാക്കിയ ചരിത്രമില്ലത്തതിനാല്‍ സ്ത്രീകളുടെ ഒപ്പം അതിലെ പോവാന്‍ ആരും പേടിക്കാറുമില്ല. തന്നെയുമല്ല ക്ഷേത്രദര്‍ശനത്തിനു പോവുമ്പോള്‍ ദുര്‍ഭൂതങ്ങളെ ഭയക്കെണ്ടല്ലോ.
നമ്മുടെ യാത്രക്കാര്‍ രാത്രിയില്‍ ഈ കാട്ടില്‍ കയറിയപ്പോള്‍ മുതല്‍ അല്പം ഭയത്തിലായിരുന്നു. ഒന്നാമത് ഒപ്പം രണ്ടു സ്ത്രീകള്‍.പിന്നീട് വിജനമായ വഴി. കൈയില്‍ മെഴുകുതിരിയും ഒരു ചെറിയ ടോര്‍ച്ചും ഭക്ഷണപൊതിയും മാത്രം. കുറെദൂരം ചെന്നപ്പോള്‍ അല്പം ദൂരെ ഒരു ചെറിയ വെട്ടം കണ്ടൂ. പെട്ടെന്ന് ഇവരുടെ കൈയിലിരുന്ന ചെറിയ ടോര്‍ച്ചും പ്രവര്‍ത്തനം നിര്‍ത്തി. അതോടെ ഇവര്‍ നാലുപേരും ഭയത്തിലായി. ഇവരുടെ കൈയിലെ ടോര്‍ച്ച് നിന്നപ്പോള്‍ അകലെയുള്ള വെളിച്ചവും നിന്നു. പെട്ടെന്ന് തന്നെ എന്റെ സുഹൃത്ത് കൈയിലിരുന്ന മെഴുതിരി കത്തിച്ചു.
ചുറ്റും ചീവീടുകളുടെ കരച്ചിലും കാറ്റും തണുപ്പും ഒപ്പം കൂരിരുട്ടും ഒരു ഭയഭീതമായ അന്തരീക്ഷം കൊടുത്തുവെന്ന് പ്രത്യേകം പറയണ്ടല്ലോ. പക്ഷെ മെഴുതുതിരി കത്തിച്ചപ്പോള്‍ ദൂരെയുള്ള പ്രകാശം വീണ്ടും കണ്ടൂ.എന്തായാലും ഇവര്‍ നാലും മുമ്പോട്ട് നടക്കുമ്പോള്‍ ആ പ്രകാശവും മുമ്പോട്ടും ഇവര്‍ നില്‍ക്കുമ്പോള്‍ പ്രകാശവും ഒപ്പം നില്ക്കും.. നാലുപേരും ഭയഭീതരായി അറിയാവുന്ന മന്ത്രങ്ങളും ചൊല്ലി മുമ്പോട്ട് നടന്നു. എന്തായാലും രണ്ടു കിലോമീറ്റര്‍ നടന്നാലേ അടുത്ത ഗ്രാമം എത്തു എന്നറിയാവുന്നതുകൊണ്ട് വേറെ മാര്‍ഗമില്ലാതെ നടക്കേണ്ടി വന്നു. ഇടയ്ക്കെപ്പോഴോ മുമ്പില്‍ കണ്ട പ്രകാശം അപ്രത്യക്ഷമായി.
പക്ഷെ അടുത്ത ഗ്രാമത്തിലെ ആദ്യം കണ്ടവീട്ടില്‍ അഭയം തേടിയ എന്റെ ചെങ്ങാതികള്‍ വീട്ടുകാരോട് സംഭവം വിശദീകരിച്ചു. വീട്ടുകാരുടെ അഭിപ്രായത്തില്‍ അതൊരു കുട്ടിച്ചാത്തന്‍ ആണത്രേ.. വഴിയാത്രക്കാരെ വഴിതെറ്റിച്ചു മരണത്തിലേക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിച്ചാത്തന്‍. പക്ഷെ എന്റെ കൂട്ടുകാര്‍ ഇന്നേവരെ ആ കുട്ടിച്ചാത്തനെ പറ്റി കേട്ടിട്ടില്ലയെങ്കിലും ശരിക്കും പേടിച്ചു.ഈ കുട്ടിച്ചാത്തനെ പറ്റി ഞാനും ഇതുവരെ കേട്ടിട്ടില്ല.
എന്തായാലും കുട്ടിച്ചാത്തന്‍ ഇവരുടെ ജീവന്‍ എടുക്കാഞ്ഞത് ദൈവഭാഗ്യമെന്നും പറഞ്ഞപ്പോള്‍ ഏതായാലും നമ്മുടെ തീര്‍ത്ഥയാത്രാസംഘം ദൈവത്തിനു നന്ദി പറഞ്ഞു.രസകരമായ സംഗതി ഇവര്‍ അച്ചന്‍ കോവിലില്‍ പോയിവന്ന ശേഷം ഇവരില്‍ രണ്ടുപേര്‍ക്ക് നന്നായി പനിയായി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഒരാള്‍ മൂന്നു ദിവസവും ഒരാള്‍ ഒരു ദിവസവും ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് ആശുപത്രി വാസം കഴിഞ്ഞെത്തിയശേഷം വീട്ടില്‍ ചെറിയ ഹോമവും ഒക്കെ നടന്നുവെന്നതും ഒരു രസകരമായ സംഗതി. പിന്നീട് ഈ യാത്രയിലെ നാല്‍വരും ചില പ്രത്യേക പൂജകള്‍ കൂടി നടത്തി.ഒപ്പം ഓരോ തകിടും പൂജിച്ചു ധരിക്കുകയും ചെയ്തു.
ഈ സംഭവം കഴിഞ്ഞു എന്റെ പേടി ഒന്നുകൂടി കൂടിയെന്ന് പറയേണ്ടതില്ലല്ലോ. കാരണം ധൈര്യം പുറത്തു കാണിക്കുമെങ്കിലും കുറച്ചൊക്കെ പേടി മനസ്സിലുണ്ട്.എന്നാല്‍ ഈ സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞു എന്റെ രണ്ടു പരിചയക്കാര്‍ ഇതെസ്ഥലത്ത് നാലു പേരെ കണ്ട കഥ പറഞ്ഞു. വാറ്റ് ചാരായം വില്‍ക്കുകയും അല്പം വാറ്റുകയും ചെയ്യുന്ന ഇവര്‍ പക്ഷെ നമ്മുടെ നാല്‍വര്‍ സംഘത്തെ എക്സൈസ് ആണെന്നാണ് കരുതിയത്. കാരണം അവര്‍ നില്‍ക്കുമ്പോള്‍ ഈ നാലുപേര്‍ നില്‍ക്കുകയും ഒക്കെ കണ്ടപ്പോള്‍ ഭയന്ന അവര്‍ അവസാനം കാട്ടിലൂടെ ഓടുകയായിരുന്നു.
പക്ഷെ അങ്ങനെ ചാരായം വാറ്റുന്ന കുട്ടിചാത്തന്മാരെ കണ്ടതോടെ എന്റെ കുറെ പേടി മാറിയെങ്കിലും ഈ സംഭവം പറഞ്ഞപ്പോള്‍ നമ്മുടെ കുട്ടിച്ചാത്ത ദര്‍ശനം കിട്ടിയ സുഹൃത്തകള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. കാരണം അവരൊക്കെ കുട്ടിച്ചാത്തന്‍ പുകയായി മറയുന്നതും കുട്ടിച്ചാത്തന്റെ അലര്‍ച്ചയും ഒക്കെ കേട്ടത്രേ.പക്ഷെ ഇതെല്ലാം പേടിമൂലമുണ്ടായ തോന്നലുകള്‍ ആണെന്ന് തിരിച്ചരിഞ്ഞതുകൊണ്ട് ഇപ്പോള്‍ എനിക്ക് അധികം ഭയമില്ല.
തൃശ്ശൂര്‍ ഉള്ള ചാത്തന്‍ മഠം ചാത്തന്റെ ഉപദ്രവം മാറ്റാന്‍ നന്നെന്നു അറിഞ്ഞ എന്റെ സുഹൃത്തും സംഘവും അങ്ങോട്ടുള്ള വഴിതിരക്കുന്നതായി അടുത്തിടെ അറിഞ്ഞു. നേരത്തെ തന്നെ കുട്ടിച്ചാത്തന്‍ സംഭവം ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടില്ലെന്നു മനസ്സിലായി.എന്റെ കുട്ടിച്ചാത്താ ഇതെഴുതിയതിന്റെ പേരില്‍ എന്നോട് പിണങ്ങല്ലേ.
Monday, February 2, 2009
51.ഗോതമ്പ് മണി കല്യാണം മുടക്കുമോ ?
കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവം. ജീവിതത്തില്‍ വളരെ അടുത്തതെന്ന് പറയാന്‍ വളരെ കുറച്ചു സുഹൃത്തുക്കളേ എനിക്കുണ്ടായിരുന്നുള്ളൂ. ബ്ലോഗെഴുതി തുടങ്ങിയതില്‍ പിന്നെ നല്ല കുറെ കൂട്ടുകാരെ കിട്ടി.. അവരുടെ പേരുകള്‍ പറയുന്നില്ല.
എന്റെ അടുത്ത ഒരു സുഹൃത്ത് വിവാഹിതനാവാന്‍ ആഗ്രഹിക്കുന്ന വിവരം എന്നോട് പറഞ്ഞു. ഇനി എന്നോട് പറയാന്‍ കാര്യം എന്തെന്ന് ചോദിച്ചാല്‍ സ്ഥിരം പത്രത്തില്‍ ഉള്ള എല്ലാ അക്ഷരങ്ങളെയും നക്കി തിന്നുന്നവന്‍ എന്നതില്‍ കവിഞ്ഞു ഇന്റെര്‍നെറ്റിലും സ്ഥിരം താവളം ഉറപ്പിച്ചവന്‍ എന്ന് അവന് നന്നായി അറിയാം.
കൂടുതല്‍ ഒന്നും നോട്ടമില്ല.. മിക്ക മലയാളികളെയും പോലെ ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇഷ്ടന് "വരനെ കൊണ്ടുപോകും " എന്നുള്ള പരസ്യത്തില്‍ പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു പരസ്യവും വിടരുതെന്ന കര്‍ക്കശമായ നിര്‍ദ്ദേശവും നമ്മുടെ കൂട്ടുകാരന്‍ എനിക്ക് നല്‍കിയിരുന്നു.
ആ സമയത്ത് പ്രത്യേകപണിയൊന്നു മില്ലാഞ്ഞതിനാല്‍ ഈ കടമ വളരെ സന്തോഷത്തോടെ ഞാന്‍ ഏറ്റു. എന്നാല്‍ അതേസമയത്ത് ചക്കപ്പഴം ഉണ്ടായാല്‍ മണികണ്ഠന്‍ ഈച്ച വരുമെന്ന് പറയുമെന്ന് പറയുന്നതുപോലെ ഞങ്ങളുടെ നാട്ടിലെ ആസ്ഥാന ബ്രോക്കര്‍ വര്‍ഗീസ് അച്ചായനും എന്റെ സുഹൃത്തിനെ പറ്റി കൂടാന്‍ നോക്കി.
മേല്‍പ്പടിയാന്‍ നാട്ടില്‍ നല്ലൊരു കല്യാണം നടത്തിയതായിട്ടോ എനിക്കറിവില്ല. എന്നാല്‍ നാട്ടിലുള്ള സകലമാന ആണ്‍ /പെണ്‍ കുട്ടികളുടെയും ഫോട്ടോയും ഭൂമിശാസ്ത്രവും പുള്ളിക്കാരന്‍ തന്റെ ഡയറിയില്‍ കൊണ്ടുനടക്കാറുണ്ട്. മുപ്പതുവര്‍ഷം പഴക്കമുള്ള ഡയറിയില്‍ വച്ചിട്ടുള്ള പല പെണ്‍കുട്ടികള്‍ക്കും കൊച്ചുമക്കള്‍ വരെയുണ്ടെന്നു എനിക്ക് പിന്നീട് മനസ്സിലായി.
എന്തായാലും ഞാന്‍ ഊര്‍ജ്ജിതമായി നെറ്റിലും പത്രത്തിലുമായി എന്റെ സുഹൃത്തിനു വിവാഹം ആലോചിച്ചു.
ഏതായാലും തൊട്ടടുത്ത ഞായറാഴ്ച നമ്മുടെ റബ്ബര്‍പാല്‍ പത്രത്തില്‍ ഒരു പരസ്യം വന്നു." ഇരുപതു വയസ്സുള്ള ഗോതമ്പിന്റെ നിറമുള്ള ദീനിയായ ഷാര്‍ജയിലെ ബിസിനസ് കുടുംബത്തിലെ മുസ്ലിം സുന്ദരിയ്ക്ക് വരനെ ആവശ്യമുണ്ട്. ദീനിയബോധമുള്ള ചെറുപ്പക്കാരുടെ ആലോചനകള്‍ ക്ഷണിക്കുന്നു. വരനെ കൊണ്ടുപോകും."
ഞാന്‍ എന്തായാലും ദീനിയായ പെണ്‍കുട്ടിയുടെ കാര്യം സുഹൃത്തിനോട് പറഞ്ഞു..സംഭവം ഞങ്ങളുടെ അടുത്ത് പത്തനാപുരം എന്ന സ്ഥലത്താണ്. വെറും പന്ത്രണ്ടു കിലോമീറ്റര്‍ മാത്രം. പക്ഷെ പെണ്‍കുട്ടിയ്ക്ക് എന്താണ് ദീനം എന്നുമാത്രം മനസ്സിലായില്ല. എന്ത് ദീനമായാലും എന്റെ സുഹൃത്തിനെ ഷാര്‍ജയില്‍ കൊണ്ടുപോകുമല്ലോ. അപ്പന്റെ പണം കൊണ്ടു ദീനവും ചികില്‍സിച്ചു ഭേദമാക്കമല്ലോ.
പക്ഷെ പിന്നീട് സുഹൃത്ത് പറഞ്ഞാണ് ദീനിയെന്നാല്‍ മതബോധമുള്ളത് എന്നതാണെന്നും അല്ലാതെ ആരോഗ്യപ്രശ്നങ്ങള്‍ അല്ലെന്നും മനസ്സിലായി.
എന്തായാലും അടുത്ത വ്യാഴാഴ്ച ഞാനും സുഹൃത്തും നമ്മുടെ ബ്രോക്കറും (ഒരു പ്രായമുള്ള കാരണവര്‍ കൂടെയിരിക്കട്ടെ എന്ന് കരുതി.. ഒപ്പം വല്ല കൊടുക്കല്‍ വാങ്ങല്‍ ഉണ്ടെങ്കില്‍ ഇഷ്ടന്‍ കൈകാര്യം ചെയ്തോളും. ഇരുനൂറു രൂപയും ചിലവും കൊടുത്താല്‍ എല്ലാം സസന്തോഷം ചെയ്തോളും.) എന്റെ സുഹൃത്തിന്റെ ടവേര വണ്ടിയില്‍ രാജകീയമായി തന്നെ പെണ്ണുകാണാന്‍ ചെന്നു.
രാവിലെ പതിനൊന്നുമണിയോടെ പെണ്ണിന്റെ വീട്ടിലെത്തി.. ഒരു ഗള്‍ഫ്കാരന്റെ എല്ലാ പ്രൌഡിയുള്ള മനോഹരമായ വീട്. അതുകണ്ടപ്പോള്‍ തന്നെ എന്റെ സുഹൃത്തിന് ഈ കല്യാണം മതിയെന്നായി.പെണ്ണ് കണ്ടില്ലെങ്കിലും വീട് കണ്ടല്ലോ.
പുറത്ത് ബെല്ലടിക്കാതെ തന്നെ ഗൃഹനാഥന്‍ വാതില്‍ തുറന്നു.കാണാന്‍ മാന്യത തുളുമ്പുന്ന അദ്ദേഹം ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഞങ്ങള്‍ക്ക് കുടിക്കാന്‍ ശര്‍ബത്തും നല്‍കി. അവസാന ചടങ്ങായി കുട്ടിയുമെത്തി. കുട്ടിയുടെ അമ്മയെകണ്ടാല്‍ വളരെ ചെറുപ്പം . പക്ഷെ സുന്ദരിയായ ഗോതമ്പ് നിറമുള്ള പെണ്‍കുട്ടി പക്ഷെ ഗോതമ്പ് എന്റെ എനിക്കത്ര പിടിച്ചില്ല.. എന്നാല്‍ സ്വീകരണ മുറിയ്ക്കുള്ളില്‍ കണ്ണും പായിച്ചുകൊണ്ടിരിക്കുന്ന എന്റെ സുഹൃത്ത് പെണ്‍കുട്ടിയെ കാണാന്‍ കൂടുതല്‍ ശ്രദ്ധിചില്ലായെന്നു വേണം പറയാന്‍. കൂടുതല്‍ ഒന്നും സംസാരിച്ചില്ല പക്ഷെ പയ്യന്റെ മുഖത്തെ ഭാവം തന്നെ സമ്മതം വ്യക്തമാക്കുന്നതായിരുന്നു.
ഞങ്ങള്‍ തിരികെപോരാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കൂടെ വന്ന ബ്രോക്കറെ വീട്ടുകാരന്‍ വിളിച്ചു എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
എല്ലാം തലകുലുക്കി കേള്‍ക്കുന്ന ബ്രോക്കറെ എന്തോ എനിക്കത്ര പിടിച്ചില്ല.
തിരിച്ചിങ്ങോട്ടുള്ള യാത്രയില്‍ ബ്രോക്കര്‍ പെണ്‍കുട്ടിയുടെ സ്വഭാവത്തെപറ്റിയും സൌന്ദര്യത്തെയും പറ്റി വര്‍ണിക്കുകയായിരുന്നു.
പരസ്യത്തിലെ ഗോതമ്പ് നിറം ഇടയ്ക്ക് ബ്രോക്കര്‍ പറഞ്ഞപ്പോള്‍ "കറുത്ത നിറത്തിലും ഗോതമ്പ് മണികള്‍ ഉള്ളതുകൊണ്ടാണോ അങ്ങനെ പരസ്യത്തില്‍ കൊടുത്തതെന്നും ഞങ്ങള്‍ മൂന്നുപേരും കാണാത്ത എന്ത് സൌന്ദര്യമാണ് വര്‍ഗീസ് അച്ചായന്‍ അവിടെ കണ്ടത് " എന്ന് ഞാന്‍ അറിയാതെ ചോദിച്ചു..
പക്ഷെ ആ ചോദ്യം കേട്ട ബ്രോക്കര്‍ മുഖം തിരിച്ചു.
പക്ഷെ എന്റെയാ വാചകം കേട്ട സുഹൃത്ത് പെട്ടെന്ന് എന്നെയൊന്നു നോക്കി. പിന്നീട് ആരും അധികം സംസാരിച്ചില്ല.. പിന്നീട് ഫോണില്‍പെണ്‍കുട്ടിയുടെ അപ്പനോട് ഇങ്ങനെയുള്ളതിനെയും ഗോതമ്പ് നിറമെന്നു പറയാമോ എന്നോ ചോദിച്ചെന്നു ഞാന്‍ അറിഞ്ഞു.. എന്തായാലും അങ്ങനെ ആ കല്യാണആലോചന പോളിഞ്ഞുവേന്നതാണ് ഖേദകരമായ കാര്യം
പക്ഷെ കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍ കുഞ്ഞു എന്നത് സത്യമെന്നു കരുതി അങ്ങനെ പരസ്യം കൊടുക്കാമോയെന്നു വേണമെങ്കില്‍ നമുക്കു ചോദിക്കാം. അതല്ല കൂട്ടുകാരന്റെ ഒരു ഡയലോഗില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അവന്‍ ശുംഭനോ എന്ന് വേണമെങ്കിലും ചോദിക്കാം. പരസ്യം കൊടുക്കുന്നവര്‍ അതിശയോക്തി കലരാതെ പരസ്യം കൊടുക്കണം പക്ഷെ അങ്ങനെ കൊടുത്താല്‍ തിരിച്ചു കൊടുത്ത വ്യക്തി ആ കുട്ടിയുടെ അച്ഛനാണ് എന്നുപോലും ചിന്തിക്കാതെ അതിനെ ചോദിക്കണോ എന്നൊക്കെ പറയാം.
എന്തായാലും സുഹൃത്ത് അതീവ സുന്ദരിയെ തന്നെ കെട്ടി ഇന്നു സൌദിയിലെ ജിദ്ദയില്‍ സുഖമായി കഴിയുന്നു.. ആ പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞോയെന്നറിയില്ല. അത് തിരക്കേണ്ട ബാധ്യതയും എനിക്കില്ല.. പക്ഷെ അതോടെ എന്തിന്റെ പേരിലായാലും അനാവശ്യ കമന്റ് അല്ലെങ്കില്‍ അഭിപ്രായം ഞാന്‍ നിര്‍ത്തി.
ഓഫ് ടോക്. : സ്ത്രീകളുടെ സൌന്ദര്യം ചര്‍മ്മ സൗന്ദര്യം അല്ല. മറിച്ചു അവരുടെ മനസ്സിന്റെ നൈര്‍മ്മല്ല്യവും സ്വഭാവവും പെരുമാറ്റവും ആണ്. സുന്ദരിയും ഒപ്പം സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ പെണ്ണ് കെട്ടിയ എന്റെ സുഹൃത്തിന് ഇന്നുവരെ അന്ന് പറഞ്ഞതില്‍ വിഷമമില്ല.. പക്ഷെ ഇന്നും പത്രത്തില്‍ ഗോതമ്പ് നിറമുള്ള പെണ്‍കുട്ടിയെന്നു കാണുമ്പോള്‍ അല്പം വിഷമം തോന്നും.