Saturday, March 7, 2009

57.യാത്രയ്ക്കുള്ള ഉത്തമ കണി വേശ്യ തന്നെ...

(കഥയില്‍ അല്പം ആഭാസം ഉണ്ട്.വായനക്കാര്‍ പ്രകോപിതരാവരുത്.ഒപ്പം എനിക്കെതിരെ കേസും കൊടുക്കരുത്‌.എന്റെ മറ്റൊരു ബ്ലോഗായ പരേതനിലെ രാവുണ്ണി നായരുടെ അളിയനായി വരും ഇതിലെ നായകന്‍.അതുകൊണ്ട് തന്നെ ഇതിലെ നായകനും അല്പം ആഭാസന്‍ തന്നെ. പ്രായപൂര്‍ത്തിയായവരും അശ്ലീലം ഇഷ്ടപ്പെടുന്നവരും മാത്രം തുടര്‍ന്ന് വായിക്കുക.)

"എടീ.വിലാസിനീ."

ശങ്കരന്‍ എമ്പ്രാന്തിരി നീട്ടി വിളിച്ചു.

"ഓ.."

വിളി കേട്ട് ഭാര്യ ഓടിയെത്തി.

"എടീ.ഞാന്‍ പട്ടണത്തില്‍ വരെ പോയി പെട്ടെന്ന് മടങ്ങാം."

"ഓ ."

ഇവള്‍ക്കെന്താ "ഓ" ന്നു മാത്രേ അറിയാവുള്ളൂ. പക്ഷെ എന്തായാലും ഇവളെ കണ്ടിട്ടെവിടെയെങ്കിലും പോയാല്‍ പോയ കാര്യം ഭംഗിയാവും.അതുകൊണ്ട് തന്നെ യാത്രപോവുമ്പോള്‍ ഇവളെ ഒന്ന് കണ്ടു കൊണ്ടേ പോവാറുള്ളൂ. വേശ്യദര്‍ശനം യാത്രയ്ക്ക് ശുഭമായ കണിയെന്നറിയാം. ഇനി ഇവള്‍ വല്ല ഞാനറിയാത്ത ഏര്‍പ്പാടുകളും ഉണ്ടോ.നേരിട്ട് ചോദിച്ചാല്‍ ഉപ്പു മാങ്ങ കുറ്റി പോലുള്ള അവളുടെ കൈയെടുത്ത് ഒന്ന് തന്നാല്‍ മുറ്റത്തു നില്‍ക്കുന്ന മാവ് വെട്ടി തന്നെ അങ്ങ് ചിതയിലോട്ടെടുത്താല്‍ മതി.അപ്പോള്‍ പിന്നെ ചോദ്യമോഴിവാക്കുന്നതാവും ബുദ്ധി.

ഉത്തരത്തില്‍ കിടന്ന കാലന്‍ കുടയുമെടുത്ത് കവലയിലേക്ക് വലിച്ചു വെച്ച് നടന്നു.
അധികം നില്‍ക്കേണ്ടി വന്നില്ല."ഷീബ" വന്നു. ഷീബ പട്ടണത്തിലേക്കുള്ള ബസാണ്. ഷീബയെന്ന പെരുള്ളതുകൊണ്ടാണോ എന്നറിയില്ല.എന്നും നല്ല തിരക്കാണ്. പത്തു വര്‍ഷം മുമ്പെങ്ങോ മാത്രമേ സീറ്റ് കിട്ടി ഇരുന്നതായി ഓര്‍മയുള്ളൂ.

ആരും ഇറങ്ങുവാനുണ്ടായില്ല.പിന്നിലെ ഫുട്ട് ബോര്‍ഡിലെ ഒരിഞ്ചു സ്ഥലവും ഒഴിവില്ല.ഒരുവിധത്തില്‍ വലിഞ്ഞു കയറി.കയറിയെന്ന് പറയാനാവില്ല കമ്പിയില്‍ തൂങ്ങി കിടന്നു.
ഒരു കണക്കില്‍ പെണ്ണായി ജനിച്ചാല്‍ മതിയാര്‍ന്നു.അതാവുമ്പോള്‍ മുമ്പിലെ "കിളി" വീഴാതെ താങ്ങുമല്ലോ.ഇവിടെ വീണാല്‍ താങ്ങുവാന്‍ ആരും വരില്ല.
വണ്ടിമുമ്പോട്ടു പോയപ്പോള്‍ കണ്ടക്ടര്‍ കൂവി വിളിച്ചു.

"കാര്‍ന്നോരെ .. ഇങ്ങോട്ട് കേറി വാ.അകത്ത് നിയമസഭ കൂടാന്‍ സ്ഥലം ഉണ്ടല്ലോ."

"എടൊ ..എങ്കില്‍ താന്‍ നിയമ സഭ കൂടിക്കോ.ഞാന്‍ വോട്ടു ചെയ്യുന്നവനല്ല."

തന്റെ മറുപടി കേട്ടപ്പോള്‍ കോളേജ് പയ്യന്മാര്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ ചെറിയ രസം തോന്നി.
പക്ഷെ ചമ്മിയ കണ്ടക്ടര്‍ വീണ്ടും പറഞ്ഞു.

"മൂപ്പീന്നെ..റോഡില്‍ വീണു ചത്താല്‍ പിന്നെ എന്റെ ട്രിപ്പ്‌ മുടങ്ങും."

" എന്റെ മോനെ ഞാന്‍ കുറെ നേരെമായി തെള്ളിക്കൊണ്ടിരിക്കുകയാണ് .അങ്ങോട്ട്‌ കയറാന്‍ പറ്റുന്നില്ല.പണ്ടത്തെ പോലെ പറ്റുന്നില്ല."

കോളേജ് പിള്ളേര്‍ ആര്‍ത്തു ചിരിച്ചു.അത് കേട്ടപ്പോള്‍ വീണ്ടും അല്പം ഉശിര് കിട്ടിയെന്നു തോന്നി.
ചുറ്റും നോക്കി.തൊട്ടു മുമ്പേ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു.തോളില്‍ വലിയ ബാഗും തൂക്കി നില്‍ക്കുന്നത് കൊണ്ടാണ് തനിക്കു അകത്തേക്ക് കയറാന്‍ പറ്റാത്തത്.

"എടീ കൊച്ചെ..നീ ഇങ്ങനെ നിന്നാല്‍ എങ്ങനാ.ഞാന്‍ ഒന്ന് കേറട്ടെ..."

പറഞ്ഞത് കേട്ട് പെണ്‍കുട്ടി ദേഷ്യത്തോടോന്നു നോക്കി.
പെട്ടെന്ന് ബസ് ഒന്ന് ചവിട്ടി നിര്‍ത്തി. വീഴാന്‍ പോയപ്പോള്‍ പിടികിട്ടിയത് പിടികിട്ടിയത് പെണ്ണിന്റെ വയറില്‍ ആണ്. പെണ്ണ് ദേഷ്യത്തോടെ ഒരെണ്ണം തന്നു.
പൊടുന്നനെ എല്ലാവരും ചുറ്റും കൂടി.

"എന്താ.എന്താ."

കോളേജ് കുമാരന്മാര്‍ പെണ്ണിനും ചുറ്റും രക്ഷകന്മാരായി അവതരിച്ചു.

"ഈ കെളവന്‍ എന്നെ കേറി പിടിച്ചു."

പെണ്ണ് മൂക്ക് ചീറ്റി പറഞ്ഞത് കേട്ട് ഇടനെഞ്ചില്‍ ഒരു കത്തല്‍ കയറിയെന്ന് തോന്നി.എവിടെന്നൊക്കെ കൈ പുറത്തു വീണെന്നറിഞ്ഞില്ല.
പൊടുന്നനെ രംഗം മാറി.

"രാജീവേ.. വണ്ടി സ്റ്റേഷനിലേക്ക്..ഇത് സംഭവം വേറെയാ.പീഢനം.എര്‍ത്ത് വെയ്ക്കല്‍.പെണ്ണിനെ ചൊറിഞ്ഞ കേസാ..വണ്ടി വിട്."

എന്റെ ദൈവമേ.. ആ കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതാ.പോലീസ് സ്റ്റെഷനിലേക്ക് വണ്ടി വിടാന്‍. ഇനി എന്ത് ചെയ്യും.
ചെറിയ തലകറക്കം. വണ്ടിയില്‍ തലകറങ്ങി വീണിട്ടും ചിലയിടത്തുനിന്നോക്കെ കൈയും കാലും ശരീരത്ത് വീഴുന്നത് അറിയുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ താന്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണും കൊണ്ട് പെണ്ണ് നില്‍പ്പുണ്ടായിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ബസ്സും ആള്‍ക്കാരും പുറത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.ചിലരൊക്കെ ജനാലയിലൂടെ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ തന്നെ ഒരെണ്ണം കിട്ടി.എസ്.ഐ.യുടെ വക.

"എടൊ ...... മോനെ നീ ഈ പെണ്ണിനെ പീഡിപ്പിച്ചോ..?"

"ഇല്ല സാറേ ... ഞാന്‍ വീഴാന്‍പോയപ്പോള്‍ ഇങ്ങനെ പിടിച്ചതാ."

അടുത്ത അടിയ്ക്ക് എസ്.ഐ.കൈ ഉയര്‍ത്തിയപ്പോള്‍ എന്തോ സംശയത്തോടെ ഒന്ന് നോക്കി.

"എടൊ താന്‍ അകത്തേക്ക് വാ."

എസ്.ഐ. തന്നെയും കൂട്ടി അകത്തേക്ക് പോയി.

"താന്‍ ശങ്കരന്‍ എമ്പ്രാന്തിരി അല്ലെ.വാരികയില്‍ വാരഫലം എഴുതുന്ന ആള്.."

"അതെ സാര്‍. പക്ഷെ ഈ ഏടാകൂടം ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നില്ല."

ഇന്‍സ്പെക്ടര്‍ ഒരു നിമിഷം സൂക്ഷിച്ചു നോക്കി.

"എടൊ എമ്പ്രാന്തിരി ഞാന്‍ എല്ലാ ആഴ്ചയും തന്റെ വാരഫലം മുടങ്ങാതെ വായിക്കും. തന്റെ പ്രവചനങ്ങള്‍ എന്റെ ജീവിതത്തില്‍ അച്ചട്ടാ.മൂന്നു മാസം മുമ്പ് എനിക്ക് വിദേശയാത്രയും കുടുംബകലഹവും മാനഹാനിയും കുടുംബത്തില്‍ അശാന്തിയും തിരികെ ജോലിയില്‍ കയറ്റവും ഒക്കെ താന്‍ വാരഫലത്തില്‍ പറഞ്ഞിരുന്നല്ലോ."

ദൈവമേ അത് കേട്ട് വീണ്ടും ഒന്ന് ഞെട്ടി.ഇനി ഇയാള്‍ അതൊക്കെ പറഞ്ഞു വീണ്ടും അടിക്കാനുള്ള പുറപ്പാടാണോ.

"ഞാന്‍ ആദ്യം അതൊക്കെ വായിച്ചിട്ട് വെറുതെയെന്നൊക്കെ കരുതി. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തില്ല.എന്നിട്ട് ഞാന്‍ എന്റെ ഭാര്യയുടെ അടുത്തേക്ക്‌ പോയി.അവള്‍ അങ്ങ് ജെര്‍മ്മനിയില്‍ ആണ്.അങ്ങനെ വിദേശയാത്ര ശരിയായി."

ഓ സമാധാനമായി.ഒന്നെങ്കിലും ഒത്തല്ലോ.അപ്പോള്‍ അടി കുറവായിരിക്കും.

"എന്നിട്ട് .."

ഞാന്‍ നല്ലൊരു കേള്‍വിക്കാരനായി.

"എന്നിട്ട് ഞാന്‍ അവളുടെ കൂട്ടുകാര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നേഴ്സ്മാര്‍ തേനീച്ചകള്‍ ആണെന്ന് ഒന്ന് പറഞ്ഞുപോയി. അവര്‍ ഹോസ്പിറ്റലിനു ചുറ്റും തേനീച്ച പോലെ താമസിക്കുമെന്നും ഇപ്പോഴും തേനീച്ച പോലെ മൂളി കൊണ്ടിരിക്കുമെന്നും ഒക്കെ അങ്ങ് പറഞ്ഞു.ഒരു തമാശ പോലെ പറഞ്ഞതാ. പക്ഷെ സംഭവം അങ്ങ് കൊളമായി."

"എന്നിട്ട് എന്ത് പറ്റി.. "

"എന്തോ പറ്റാനാ.. തേനീച്ച മൂളുക മാത്രമല്ല കുത്തുകയും ചെയ്യുമെന്ന് എന്റെ ഭാര്യ തെളിയിച്ചു തന്നു.അത് വലിയ ഇഷ്യൂ ആയി.അവസാനം എമ്പ്രാന്തിരി പറഞ്ഞപോലെ കുടുംബ വഴക്കും ഒക്കെയായി.ഞാന്‍ തിരികെ വന്നു ജോലിയിലും കയറി."

"സര്‍.. ഞാന്‍ ഇങ്ങനെ ദൈവകാര്യം ഒക്കെയായി ജീവിക്കുന്ന ഒരാള്‍ ആണ്. ഈ കേസില്‍ നിന്നെന്നെ ഊരി തരണേ."

ഇന്‍സ്പെക്ടര്‍ ഒരു നിമിഷം ഒന്ന് നോക്കി.

"താന്‍ പേടിക്കേണ്ട..ഞാന്‍ എല്ലാം പറഞ്ഞു ശരിയാക്കാം"

ഇന്‍സ്പെക്ടര്‍ എല്ലാം പറഞ്ഞു പെണ്ണിനെ സമാധാനിച്ചു പറഞ്ഞയച്ചു.

" പിന്നെ എമ്പ്രാന്തിരി .ഞാന്‍ തന്റെ വീട്ടില്‍ വരുന്നുണ്ട്.എന്റെ വിവാഹ ജീവിതം ആകെ പ്രശ്നമായി ഇരിക്കുകയാണ് .എല്ലാം വിശദമായി ഒന്ന് നോക്കണം.ഞാന്‍ ഞാറാഴ്ച അവിടെ വരാം."

കാര്യങ്ങള്‍ എല്ലാം രമ്യമായി പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ പട്ടണത്തിലേക്ക് പോവാതെ നേരെ വീട്ടിലേക്ക് നടന്നു.
പക്ഷെ നടന്നപ്പോള്‍ യാത്ര തുടങ്ങിയപ്പോഴത്തെ സംശയം വീണ്ടും തലപൊക്കി.
ഭാര്യ അപ്പോള്‍ വേശ്യ അല്ല.കാരണം പോയ കാര്യം നടന്നില്ല.പക്ഷെ ഇത്രയും വലിയ കുഴപ്പങ്ങള്‍ നടന്നിട്ടും ഒന്നും സംഭവിക്കാതെ തലയൂരി പോയല്ലോ.അപ്പോള്‍ ഇനി അവള്‍ ശരിക്കും ..................................................ആണോ... കാരണം വേശ്യദര്‍ശനമുണ്ടെങ്കില്‍ യാത്രയിലെ കുഴപ്പങ്ങള്‍ മാറി എല്ലാം ഭംഗിയാവുമെന്നാണല്ലോ.

12 comments:

എം.എസ്. രാജ്‌ | M S Raj said...

{{{{{പ്‌ഠേഏ...}}}}

ഇതു തേങ്ങാ..

ഇത്രേം കിട്ടിയിട്ടും എന്റെ എമ്പ്രാന്തിരീ ങ്ങളാ പെണ്ണുമ്പിള്ളേനെ സംശയിക്കുന്നല്ലോ..!!
പ്‌ഠക്ക്... പ്‌ധക്ക്...[അതുകൊണ്ട് ഇത് എമ്പ്രാന്തിരിക്ക്]

നീര്‍വിളാകന്‍ said...

കഥയില്‍ കാര്യമായി ഒന്നും കണ്ടില്ല എന്നു പറയുന്നതില്‍ വിഷമം തോന്നരുത്.... ആമുഖത്തില്‍ ഒരു “A" സര്ട്ടിഫിക്കേറ്റ് ചാര്‍ത്തിക്കൊടുത്തത് എന്തിനാണെന്നും പിടികിട്ടിയില്ല!!!കോളം തികക്കാനായി ദീപക്ക് കഥയെഴുതരുത് എന്നൊരപേക്ഷ!

Unknown said...

poooy oru samsayam ee sheeba bus KSRTC bus ano privat bus anenkil randu door undakille pinnengina footboard il nilkkunna embranthiriyude munnil pennu vannathu allenkil munniloode embranthi kayariyathenkil vayaril pidichathu samsayikkendiyirikkunnu
enikku prayapoorthi ayeetooo pinne njan abasananennu swayam parayunnilla enthayalum sangathi muzhuvan vaayichooottooo

Muralee Mukundan , ബിലാത്തിപട്ടണം said...

Bhaarya Nurse ano bhayi?

"എന്നിട്ട് ഞാന്‍ അവളുടെ കൂട്ടുകാര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നേഴ്സ്മാര്‍ തേനീച്ചകള്‍ ആണെന്ന് ഒന്ന് പറഞ്ഞുപോയി. അവര്‍ ഹോസ്പിറ്റലിനു ചുറ്റും തേനീച്ച പോലെ താമസിക്കുമെന്നും ഇപ്പോഴും തേനീച്ച പോലെ മൂളി കൊണ്ടിരിക്കുമെന്നും ഒക്കെ അങ്ങ് പറഞ്ഞു.ഒരു തമാശ പോലെ പറഞ്ഞതാ. പക്ഷെ സംഭവം അങ്ങ് കൊളമായി."

മുക്കുവന്‍ said...

ഇഷ്ടായി തമ്പ്രാ!

Mohamedkutty മുഹമ്മദുകുട്ടി said...

ശ്ശി നേരമ്പോ‍ക്കൊക്കെ ഉണ്ടാവുമെന്നു കരുതി,ഒന്നും തരായില്ല!ഏഭ്യന്‍ ആളെ പറ്റിച്ചു...നമ്പൂരിയെ അഫമാനിച്ചത് മാത്രം ബാക്കി...

കനല്‍ said...

പ്രതീക്ഷിച്ചതൊന്നും കണ്ടില്ലാ.
പറ്റിച്ചതാണല്ലേ?
എങ്കിലും കലക്കീ..ട്ടോ?

Pongummoodan said...

അശ്ലീലം ഇത്തിരികൂടി ഉണ്ടായിരുന്നേൾ ഒന്നൂടി ഗുമ്മായേനേ.. :)

smitha adharsh said...

എമ്പ്രാന്തിരീ എത്രയും പെട്ടെന്ന് ഒരു സൈക്ക്യാട്രിസ്ട് നെ കാണുന്നതാ നല്ലത്..
അല്ല,ഭാര്യേനെ ഇനീം സംശയം തോന്നി...വീണ്ടും,പുലിവാല് പിടിയ്ക്കണ്ടല്ലോ..യേത്?
സംഭവം കലക്കി കേട്ടോ..

വേണു venu said...

എഴുത്ത് ഒന്നാം തരം ഹാസ്യമെഴുതാന്‍ കഴിവുണ്ടെന്ന് തെളിയിക്കുന്നു.
നിരപരാധിയെ അപരാധിയാക്കി മാറ്റാന്‍ എന്തെളുപ്പം .!

yousufpa said...

എന്‍റെ നാട്ടില്‍ ഇങ്ങനെയുള്ള ഒരാള്‍ ഉണ്ടായിരുന്നു. ചൌക്കി ബാപ്പുക്ക. പുള്ളി ദ്വയാര്‍ത്ഥഭാഷി ആയിരുന്നു.

ദീപക് രാജ്|Deepak Raj said...

പ്രിയ എം.എസ്.രാജ്
ആദ്യ തേങ്ങയ്ക്ക് നന്ദി.

പ്രിയ നീര്‍വിളാകാന്‍,
എന്തിനു "എ" സര്‍ട്ടിഫിക്കറ്റ് കൊടുത്തുവെന്ന് മനസ്സിലാവുന്ന ഒരാളെങ്കിലും കമന്റ് ഇട്ടിട്ടേ ഈ പോസ്റ്റിനു മറുപടി എഴുതൂ എന്ന് ഞാന്‍ കരുതിയിരുന്നു. ഇപ്പോള്‍ ശ്രീ യൂസേഫ് അത് മനസ്സിലാക്കിയത് കൊണ്ടാണ് ഇപ്പോള്‍ മറുപടി എഴുതുന്നത്‌. മലയാളത്തില്‍ ചൊറിച്ചുമല്ലല്‍ പോലെ ദ്വയാര്‍ത്ഥ പ്രയോഗവും തെറി പറയാന്‍ ഉപയോഗിക്കുന്നുണ്ട്‌. ഇതിലെ ചില വാചകങ്ങളും വാക്കുകളും അതെ അര്‍ത്ഥത്തില്‍ ഉള്ളതാണ്.അത് പിടിച്ചാല്‍ മുന്‍‌കൂര്‍ ജാമ്യമെന്ന നിലയില്‍ ആണ് മുന്നറിയിപ്പ് കൊടുത്തത്. പക്ഷെ ഒരു പൂര്‍ണ്ണ ആഭാസ സാഹിത്യം നോക്കിയത് കൊണ്ടാണ് ഒന്നും ഇല്ലെന്നു തോന്നിയത്. നന്ദി.

പ്രിയ ഞാനും എന്റെ ലോകവും.
അതെ അത് തന്നെയാണ് ഇതിലെ ഒരു പ്രധാന ചോദ്യവും.പക്ഷെ ഗ്രാമപ്രദേശങ്ങളില്‍ ചിലപ്പോഴൊക്കെ ആ ക്രമം മറികടന്ന് പിന്നിലൂടെ കുട്ടികള്‍ ബസില്‍ കയറാറുണ്ട്.
നന്ദി.

പ്രിയ ബിലാത്തിപട്ടണം.
ഇതേ ചോദ്യം അങ്ങോട്ടും ചോദിക്കുന്നു.ഭാര്യ നേഴ്സ് ആണല്ലേ.ഹഹഹ. ചുമ്മാ ചിരിച്ചതാ കേട്ടോ.
കൊച്ചു കള്ളന്‍ .മനസ്സിലായി അല്ലെ.
നന്ദി.

പ്രിയ മുക്കുവാ
നന്ദി.

പ്രിയ മുഹമ്മദ് കുട്ടി ഇക്കാ.
നന്ദി.അപമാനിക്കല്‍ അല്ല. അയാള്‍ അല്പം ആഭാസന്‍ ആണെന്ന് മാത്രം.

പ്രിയ കനല്‍
നന്ദി.വീണ്ടും വരണം.സാഹചര്യം കൊണ്ട് ഉണ്ടായ തെറ്റിദ്ധാരണയില്‍ നമ്പൂതിരി പെട്ടുപോയെന്നെ ഉള്ളൂ. പോലീസകാരന്‍ നല്ലവന്‍ ആയതിനാല്‍ രക്ഷപ്പെട്ടു.

പ്രിയ പൊങ്ങുംമൂടന്‍
അത് വേണോ. എന്നെ ആളുകളെ കൊണ്ട് കൈവേപ്പിച്ചേ അടങ്ങൂ അല്ലെ. നമ്മുടെ നട്ടപിരാന്തന്‍ ചേട്ടന്റെ ശിഷ്യത്തം കൂടാന്‍ ഒരു പ്ലാന്‍ ഉണ്ട്. നന്ദി.

പ്രിയ സ്മിത ആദര്‍ഷ്
നന്ദി.സംശയം ഒരു രോഗമാണ്, ചില മാമൂലുകളും അന്ധവിശ്വാസവും മൂലം ഉണ്ടായ സംശയം.അത് തീര്‍ച്ചയായും ചികില്സിച്ചാലെ മാറൂ.

പ്രിയ വേണൂ.
ഇഷ്ടപ്പെട്ടതില്‍ സന്തോഷം.വീണ്ടും വരണം.പുതിയ പുതിയ പോസ്റ്റുകളുമായി വരാം.
നന്ദി.

പ്രിയ യൂസേഫ്
സത്യത്തില്‍ എന്തിനു ഞാന്‍ "എ"സര്‍ട്ടിഫിക്കറ്റ് കൊടുത്തത് എന്ന് താങ്കള്‍ മാത്രമേ പറഞ്ഞിട്ടുള്ളൂ.ഇതില്‍ പ്രയോഗിച്ച ദ്വയാര്‍ത്ഥ ചുവയുള്ള വാക്കുകളും വാചകങ്ങളും സത്യത്തില്‍ അങ്ങനെ ഒരു ചോദ്യം ഉണ്ടായാല്‍ മുന്‍‌കൂര്‍ ജാമ്യം എന്നനിലയില്‍ അങ്ങനെ മുന്‍കൂട്ടി മുന്നറിയിപ്പ് കൊടുത്തുവെന്ന് മാത്രം.
നന്ദി.
എല്ലാര്‍ക്കും ഒരിക്കല്‍ കൂടി നന്ദി

സ്നേഹത്തോടെ
(ദീപക് രാജ്)