Saturday, February 21, 2009

55.അനാഥന്‍

വിമാനം ലാന്‍ഡ്‌ ചെയ്യുന്നൂവെന്നു അറിയിപ്പ് മുഴങ്ങി.സീറ്റ് ബെല്‍റ്റ്‌ മുറുക്കി ജനാലയിലൂടെ താഴേക്ക് നോക്കി.പക്ഷെ താഴെക്കാണുന്ന പച്ചപ്പ്‌ പ്രത്യേകിച്ചൊന്നും തോന്നിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പതിറ്റാണ്ടായിരിക്കുന്നു കേരളത്തില്‍ വന്നിട്ട്. പക്ഷെ കേരളത്തിലെ ജീവിതം ഒരു പക്ഷെ തന്നില്‍ പ്രത്യേകിച്ച് എന്ന് സ്വാധീനം ഉണ്ടാക്കാനാണ്?സൗദിയില്‍ എത്തിയിട്ട് നീണ്ട ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞു. ജിദ്ദയും യാംബൂവും ജീവിതത്തിന്‍റെ നല്ല സമയം അപഹരിച്ചുവെങ്കിലും ബാങ്ക് അക്കൌണ്ടില്‍ സമ്പാദ്യം പെരുത്തുകൊണ്ടിരുന്നു.

കഴിഞ്ഞ കാലം ഒരു സിനിമയുടെ തിരക്കഥ പോലെ ഓര്‍ക്കാനേ കഴിയൂ. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചു ജോലിയാവാതെ നക്സലിസം തലയ്ക്കു പിടിച്ചു ബന്ധുക്കളും കൂട്ടുകാരും അകറ്റി നിര്‍ത്തിയ കാലം.ഒടുവില്‍ അമ്മയുടെ കണ്ണീരിനു മുമ്പില്‍ ഇസങ്ങളോട് വിട ചൊല്ലി ഗള്‍ഫിലേക്ക് ഒളിച്ചോടുകയായിരുന്നു. ആറേഴു വര്‍ഷം കഴിഞ്ഞു അമ്മയുടെ മരണത്തോടെ നാടുമായി അവശേഷിച്ച ബന്ധവും അറ്റു.ബന്ധുക്കളില്‍ പലരും ഓരോ ആവശ്യങ്ങള്‍ക്ക് മാത്രം ഫോണ്‍ വിളികള്‍ വന്നപ്പോള്‍ പിന്നെ ആ ബന്ധവും നിര്‍ത്തേണ്ടി വന്നു.

പിന്നെ അങ്ങോട്ട് എല്ലാം വെട്ടിപിടിക്കാനുള്ള ഒരോട്ടമായിരുന്നു.പക്ഷെ എന്ത് നേടി എന്ന ചോദ്യത്തിന് ഇന്നും മറുപടിയില്ല.
വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി.വിമാനത്തില്‍ നിന്നും ഇറങ്ങി എമിഗ്രേഷന്‍ കഴിഞ്ഞു വെളിയിലിറങ്ങി ചുറ്റും നോക്കി.ആരും കൊണ്ടുപോകാന്‍ വരില്ലാത്തതുകൊണ്ട് ടാക്സി വിളിച്ചു.
ടാക്സിയില്‍ കയറി കണ്ണടച്ചു.

"സര്‍ എവിടെ പോകണം.പറഞ്ഞില്ല."

ഡ്രൈവറോട് എങ്ങോട്ട് പോകണമെന്നു പറഞ്ഞില്ല.ശേ.തിരക്കിനിടയില്‍ എല്ലാം മറന്നു.

"ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍."

ഡ്രൈവര്‍ ഒന്നു തിരിഞ്ഞു നോക്കി.
ചെറുതായി ഒന്നു മയങ്ങി.
ഡ്രൈവര്‍ വന്നു തട്ടി വിളിച്ചപ്പോഴാണ് ഹോസ്പിറ്റലില്‍ എത്തിയ വിവരം അറിഞ്ഞത്.
നേരം വെളുത്തു വരുന്നതേയുള്ളൂ.ഡ്രൈവറിനു പണം കൊടുത്തപ്പോള്‍ കുറെ ചോദ്യങ്ങള്‍ ആ കണ്ണില്‍ അലയടിക്കുന്നത് കണ്ടു. ഒന്നും ശ്രദ്ധിക്കാതെ നേരെ റിസപ്ഷനില്‍ ചെന്നു.റിസപ്ഷനില്‍ ചെന്നു ഡോക്ടര്‍ ജയന്റെ പേരു പറഞ്ഞപ്പോഴേ മൃദുമന്ദഹാസത്തോടെ റിസപ്ഷനിസ്റ്റ് മൊഴിഞ്ഞു.

"ഇന്നു ജയന്‍ ഡോക്ടര്‍ നേരത്തെ എത്തി.സാര്‍ വരുന്ന കാര്യം പറഞ്ഞിരുന്നു."

താങ്ക്സ് പറഞ്ഞു ജയന്‍ ഡോക്ടറിന്റെ മുറിയുടെ ഡോറില്‍ മുട്ടി.

"യെസ്.കമിന്‍."

ജയന്‍ ഡോക്ടറെ നേരിട്ടു പരിചയമില്ല.തന്റെ സ്ഥാപനത്തിലെ യദുവിന്റെ സഹോദരീ ഭര്‍ത്താവാണ്.ഇവിടെ എല്ലാ ഏര്‍പ്പാടും യദുവാണു ചെയ്തു തന്നത്.
ഡോക്ടറുടെ മുമ്പിലെ കസേരയില്‍ പതിയെ ഇരുന്നു.

"അപ്പോള്‍ അജയന്‍ നേരെ ഇങ്ങോട്ട് പൊന്നു അല്ലെ."

ഡോക്ടര്‍ സംസാരത്തിന് തുടക്കം കുറിച്ചു.

"അതെ ഡോക്ടര്‍.എനിക്കീ നാട്ടില്‍ ആരും തന്നെയില്ല. അത് കൊണ്ടു തന്നെ വേറെയെങ്ങും പോകാനുമില്ല.ചികിത്സ കഴിഞ്ഞു നേരെ തിരിച്ചുപോകണം."

ശബ്ദത്തിലെ പതറിച്ച ഡോക്ടര്‍ തിരിച്ചറിഞ്ഞുവോ എന്നറിയില്ല.

"നോക്കൂ മിസ്ടര്‍ അജയന്‍.നിങ്ങളുടെ സര്‍ജറി മൈനര്‍ അല്ലെങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ല.ഈ ഹോസ്പിറ്റലില്‍ ബൈ സ്റ്റാന്‍ടര്‍ ആരും വേണമെന്നില്ല.പക്ഷെ ഒരാള്‍ ഉള്ളത് എപ്പോഴും നല്ലതാ.കാരണം രോഗിയുടെ മനസ്സിന് ഒരാശ്വാസം നല്‍കാന്‍ നല്ലതാ.പിന്നെ നിങ്ങള്‍ക്കാരും ഇല്ലായെന്ന് പറഞ്ഞ സ്ഥിതിയ്ക്ക്‌ വേണമെങ്കില്‍ ഒരു ഹോംനേഴ്സ് ഏര്‍പ്പാടാക്കാം. തല്‍ക്കാലം ഹോസ്പിറ്റലില്‍ കഴിയുന്നത്‌ വരെ മതി.മുഴുവന്‍ മാസത്തെ പണം കൊടുക്കണമെന്ന് മാത്രം."

"പണം കുഴപ്പമില്ല.എന്താ വേണ്ടതെന്ന് വെച്ചാല്‍ ഡോക്ടര്‍ ചെയ്‌താല്‍ മതി.പിന്നെ യദു വിളിച്ചാല്‍ എനിക്ക് കുഴപ്പമില്ല എന്ന് പറയണം."

"ഓഫ് കോഴ്സ്..പിന്നെ പേടിക്കേണ്ട കാര്യം ഇല്ല.എന്നെയും യദുവിനെ പോലെ കണ്ടാല്‍ മതി."

ഡോക്ടര്‍ അഡ്മിഷന്‍ ചെയ്യാനുള്ള ഫോര്‍മാലിറ്റി പെട്ടെന്ന് തന്നെ തീര്‍ത്തു.
ഡോക്ടറുടെ പരിചയക്കാരന്‍ എന്നുള്ളതാവും സിസ്റ്റെഴ്സ് എല്ലാം നന്നായി തന്നെ കാര്യങ്ങള്‍ ശ്രദ്ധിച്ചു.പക്ഷെ മിക്കവരുടെയും മുഖത്ത്‌ ഒരു സഹതാപം കാണാന്‍ കഴിഞ്ഞു .ഇനി തന്റെ രോഗത്തെപറ്റി അറിയുന്നത് കൊണ്ടാണോ അതോ ആരുമില്ലത്തത് കൊണ്ടാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
രണ്ടു ദിവസം കഴിഞ്ഞു രാവിലെ തന്നെകാണാന്‍ ഒരു വിസിറ്റര്‍ ഉണ്ടെന്നു സിസ്റ്റര്‍ വന്നു പറഞ്ഞപ്പോഴോന്നു ഞെട്ടി.തന്നെ കാണണോ?ചെലപ്പോള്‍ ആളുമാറിയാതാണോ എന്ന് ചോദിക്കാനോരുമ്പോള്‍ ഒരു യുവതി കയറി വന്നു.നന്നേ കരുത്തു മെല്ലിച്ച ഒരു യുവതി.

"സര്‍.ഞാന്‍ ജലജ.ഹോം നേഴ്സ് ആണ്.ഡോക്ടര്‍ ഏര്‍പ്പാടാക്കിയത് കൊണ്ടു വന്നതാണ്."

ഓ അല്പം ആശ്വാസം തോന്നി.ഒന്നു ദീര്‍ഘ നിശ്വാസം വിട്ടിട്ടു ചോദിച്ചു.

"എവിടെയാ വീട്."

ആ യുവതിയോന്നു ചിരിച്ചു.

"ഇപ്പോള്‍ ഇതാണ് വീട്."

"അതെന്തേ..?"
ഉദ്വേഗം അടക്കാനായില്ല.

"അനാഥയാണ്.കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥലയത്തില്‍ വളര്‍ന്നു.പിന്നീട് ഹോം നേഴ്സ് ആയി.ഇപ്പോള്‍ ചെല്ലുന്നിടം വീട്."

അവളുടെ വിഷാദം കലര്‍ന്ന ചിരി പക്ഷെ തന്നില്‍ എന്തോ നൊമ്പരം സമ്മാനിച്ചത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു .ഒരു പക്ഷെ തന്നെപോലെ ഒരു അനാഥജീവിതം നയിക്കുന്ന ഒരാളുടെ വേദന മനസ്സിലാക്കനാവുന്നത് കൊണ്ടാവും.

"പിന്നെ എന്റെ ഓപ്പറേഷന്‍ മറ്റന്നാള്‍ ആണ്.അതുകഴിഞ്ഞ് പത്തോ പതിനഞ്ചോ ദിവസം മാത്രമെ ഇവിടുണ്ടാവൂ.അതുവരെ മാത്രം മതി..."

ആ പെണ്ണ് തലകുലുക്കി.
ദിവസം പെട്ടെന്നാണ് കടന്നു പോയത്.
ഓപ്പറെഷന്റെ ദിവസം എന്തോ ഒരു ഭയമോ തോന്നിയില്ല.ഒരു പക്ഷെ മരണത്തിലോ ജീവിതത്തിലോ തന്നെ പ്രതീക്ഷിക്കാന്‍ ആരുമില്ലല്ലോ.
പക്ഷെ രാവിലെ മുതല്‍ ജലജയെ കണ്ടില്ലലോ എന്നോര്‍ത്തപ്പോള്‍ ജലജ കയറി വന്നു.

"സര്‍ ക്ഷമിക്കണം.ഞാന്‍ അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ പോയതായിരുന്നു.എല്ലാ വിഘ്നവും അവന്‍ മാറ്റിത്തരും.ഇതാ സര്‍ പ്രസാദം."

ഒന്നും മിണ്ടാതെ കണ്ണടച്ചു.
എന്താണെന്നു അറിയില്ല.ജലജതന്നെ പ്രസാദം നെറ്റിയില്‍ തൊടുവിച്ചു.
ജലജയുടെ വിരല്‍ നെറ്റില്‍ സ്പര്‍ശിച്ചപ്പോള്‍ തലയിലൂടെ ഒരു വിദ്യുത് തരംഗം പോയതുപോലെ തോന്നി.
അറിയാതെ കണ്ണ് നിറഞ്ഞു. പെട്ടെന്ന് കണ്ണ് തുടച്ചപ്പോള്‍ ജലജ വിഷാദത്തോടെ ചിരിച്ചു.

"സര്‍.ഒരു അനാഥന്റെ വേദന എനിക്കറിയാം.ഇന്നു സാറിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയപ്പോള്‍ അറിയാതെ ഞാന്‍ കരഞ്ഞുപോയി.ദൈവം സാറിനോന്നും വരുത്തില്ല.വിഷമിക്കേണ്ട."

ഇവള്‍ കരുതിയത്‌ തനിക്കെന്തെങ്കിലും വരുമെന്ന് പേടിച്ചാണ് താന്‍ കരഞ്ഞതെന്നാണോ.?

"ജലജ. എനിക്ക് എന്ത് വന്നാലും പേടിയില്ല.എന്നെ കാത്തിരിക്കാനും ആരുമില്ല.ജീവിച്ചാലും മരിച്ചാലും ഒരുപോലെ... പക്ഷെ അമ്മയ്ക്ക് ശേഷം ആദ്യമായിട്ടാ ഒരാള്‍ എനിക്കായി പ്രാത്ഥന നടത്തുന്നതും എനിക്ക് വേണ്ടി അമ്പലത്തില്‍ പോവുന്നതും.."

ജലജ കണ്ണീര്‍ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി.
ഓപ്പറേഷന്‍ തീയെറ്ററിലേക്ക് പോയപ്പോള്‍ സ്ട്രെച്ചറില്‍ പിടിച്ചു കണ്ണീര്‍ തുടയ്ക്കുന്ന ജലജയുടെ മുഖം എന്തോ തന്നെ അലോസരപ്പെടുത്തി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞു കണ്ണുകള്‍ ആദ്യം തേടിയത് ജലജയെ ആയിരുന്നു. പക്ഷെ ഐ.സി.യു.വില്‍ തെരഞ്ഞപ്പോള്‍ ആരെയും കണ്ടില്ല.പിന്നീട് വാര്‍ഡില്‍ കൊണ്ടുവന്നപ്പോള്‍ ജലജ ഓടിയെത്തി.

"സാര്‍ എങ്ങനെയുണ്ട്."

ആ ചോദ്യത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞു.

"കുഴപ്പമില്ല."

ഒറ്റവാക്കില്‍ ഉത്തരം കൊടുത്തപ്പോള്‍ എന്തോ ഒരു പ്രതീക്ഷയുടെ തിരി മനസ്സില്‍ കൊളുത്തിയതായി തോന്നി.
പതിനഞ്ച് ദിവസം വളരെ വേഗം ഓടി പോയി.ദിവസങ്ങള്‍ക്കു കുതിരയുടെ വേഗമുണ്ടെന്നു തോന്നിപോയി. പക്ഷെ ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും ജലജയിലൂടെ എന്ന് തോന്നിക്കുന്ന പതിനഞ്ച് ദിവസങ്ങള്‍.
ഒടുവില്‍ ആ ദിവസം വന്നു.തന്നെ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ജലജ വന്നു.

"സര്‍.ഡോക്ടര്‍ ഏജന്‍സിയില്‍ പണം കെട്ടി.ഇനി ഞാന്‍ പോകട്ടെ."

താന്‍ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത്‌ കൈയില്‍ വന്ന നോട്ടുകള്‍ ആ കൈയില്‍ ഏല്പിച്ചു.ജലജ കണ്ണ് തുടച്ചു ആ പണം മേശപ്പുറത്തു വച്ചു.

"സര്‍ വേണ്ട.പണം ഡോക്ടര്‍ ഏജന്‍സിയില്‍ അടച്ചു കഴിഞ്ഞു .ഞാന്‍ പോട്ടെ.."

വിടപറഞ്ഞു പോവുന്ന ജലജയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എന്തോ ജലജ പോയികഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ശൂന്യത തന്നെ പൊതിയുന്നതായി തോന്നി.
നേരെ ഡോക്ടറുടെ കാബിനിലേക്ക്‌ ഓടി.
ഡോറില്‍ മുട്ടനോന്നും പോവാതെ നേരെ ഉള്ളിലേക്ക് ചാടികയറി.

"എന്താ മിസ്റ്റര്‍ അജയന്‍.ആകെ പരിഭ്രാന്തന്‍ ആയപോലെ.എന്തെങ്കിലും കോംബ്ലിക്കെഷന്‍സ് ഉണ്ടോ.?"

"ഡോക്ടര്‍ ..ജലജ.."

"ആ കുട്ടി പോയി.പേടിക്കേണ്ട..ഞാന്‍ ഏജന്‍സിയിലെ ബില്‍ പേ ചെയ്തു..പിന്നീട് ഞാന്‍ അജയനില്‍ നിന്നും വാങ്ങിക്കോളാം.ഇപ്പോള്‍ അജയന്‍ പോയി റെസ്റ്റ് എടുക്കു."

"അല്ല ഡോക്ടര്‍ ..എനിക്കാ കുട്ടിയെ കാണണം.ഇപ്പോള്‍ തന്നെ.."

ഡോക്ടര്‍ ഒന്നു ചിരിച്ചു..

"എനിക്കും ആ കുട്ടി പോവാനിറങ്ങിയപ്പോള്‍ എന്തോ തോന്നിയിരുന്നു.പിന്നെ നിങ്ങള്‍ പേടിക്കേണ്ട.ഇപ്പോള്‍ എനിക്ക് ഫ്രീ ടൈം ആണ്.ഞാന്‍ വരാം."

തന്റെ പരിഭ്രമം കണ്ടു ഡോക്ടര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടു.ഡോക്ടറുടെ കാര്‍ തന്നെയും കയറ്റി മുമ്പോട്ട്‌ പോവുമ്പോള്‍ ചുറ്റം തന്റെ കണ്ണുകള്‍ ജലജയെ തേടുകയായിരുന്നു.
ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ പെട്ടെന്ന് കാര്‍ ചവിട്ടി നിര്‍ത്തി.

"എന്താ ഡോക്ടര്‍.എന്താ കാര്‍ നിര്‍ത്തിയത്."

ഡോക്ടര്‍ ഒന്നും പറയാതെ വശത്തേക്ക് കൈ ചൂണ്ടി.
അങ്ങോട്ട് നോക്കിയപ്പോള്‍ വിശ്വസിക്കാനായില്ല.
കൈയില്‍ ഒരു ചെറിയ ബാഗുമായി ബസ് കാത്തു നില്‍ക്കുന്ന ജലജ.
ഓടിയെത്തി ആ കൈയില്‍ കടന്നു പിടിച്ചു.

"വാ..വാ എന്റെ കൂടെ.."

ജലജ ഒന്നും മിണ്ടാതെ പിറകെ നടന്നു വരുന്നതു കണ്ടു ഡോക്ടര്‍ മന്ദഹസിച്ചു.

Friday, February 13, 2009

54.പൂച്ച റോസ്റ്റ്

കഴിഞ്ഞ പോസ്റ്റില്‍ പൂച്ചയിറച്ചിയെപ്പറ്റി ഞാന്‍ പറഞ്ഞിരുന്നുവല്ലോ.ചിലരെങ്കിലും അതിനെ തമാശയായി കണ്ടെങ്കിലും ഗൗരവമായി കണ്ടവര്‍ക്കുവേണ്ടി അതിനെ ഉണ്ടാക്കുന്ന വിധം ഇവിടെ വിവരിക്കുന്നു.

മുന്നറിയിപ്പ്

നിയമപരം :

മൃഗസംരക്ഷണവകുപ്പോ അല്ലെങ്കില്‍ മറ്റേതെങ്കിലും സംഘടനകളോ ഇതിനെതിരെ പ്രതികരിക്കുമോ എന്നറിയില്ല.സ്വന്തം റിസ്ക്കില്‍ ഉണ്ടാക്കുക.

ആരോഗ്യപരം:

പൂച്ചയിറച്ചിയുടെ ശാസ്ത്രീയ ഗുണദോഷങ്ങളെപറ്റി എനിക്ക് യാതൊരു വിവരവും ഇല്ല.പൂച്ചയെ കൊന്നാല്‍ കൈവിറയ്ക്കുമെന്നു ചിലരെങ്കിലും പറയുന്നു.അതും എനിക്കറിയില്ല.

മതപരം: ഏതെങ്കിലും മതത്തില്‍ ഇതിനെ നിഷിദ്ധമായി പറഞ്ഞിട്ടുണ്ടോ എന്നറിയില്ല.അതുകൊണ്ട് സ്വന്തം റിസ്ക്കില്‍ അതിനെപറ്റി അറിഞ്ഞിട്ടു കഴിക്കുക.

(മുസ്ലിം സഹോദരങ്ങളുടെ ശ്രദ്ധയ്ക്ക് : പൂച്ചയെ സാധാരണഗതിയില്‍ ചാക്കില്‍ കെട്ടി വെള്ളത്തില്‍ മുക്കിയാണ് കൊല്ലുന്നത്.അതുകൊണ്ട് തന്നെ ബിസ്മി ചൊല്ലി ഹലാല്‍ ആക്കാന്‍ കഴിയില്ല.അതുകൊണ്ട് ഹലാല്‍ ആക്കി കൊല്ലാന്‍ കഴിയുമെങ്കില്‍ അങ്ങനെ ചെയ്യുക.പൂച്ചയിറച്ചി ഹറാം ആണോ എന്നും എനിക്കറിയില്ല.)

പൂച്ചയെ കൊല്ലുന്ന വിധം :

ഒരു ചാക്കില്‍കെട്ടി ബക്കറ്റില്‍ വെള്ളം നിറച്ചു അതില്‍ മുക്കി കൊല്ലുകയാണ് സാധാരണ രീതി.

തൊലിയുരിക്കേണ്ട രീതി:

ടാപ്പിന്റെ കീഴില്‍ വെച്ചു തൊലിയുരിക്കുക.അല്ലെങ്കില്‍ തോട്ടിലോ നദിയിലോ ചെയ്യുക.പൂച്ചരോമം വയറ്റില്‍ ചെന്നാല്‍ ആരോഗ്യത്തിന് പ്രശ്നമുണ്ടെന്നു കേള്‍ക്കുന്നു.(കേട്ടു കേള്‍വി മാത്രമാണ്.അതിനെപറ്റി ശാസ്ത്രീയമായ അറിവുള്ളവര്‍ പറഞ്ഞു തന്നു തിരുത്തുക.)

ചേരുവകള്‍

ഇടത്തരം പൂച്ച ഇടത്തരം വലിപ്പത്തില്‍ കഷണങ്ങള്‍ ആക്കിയത് - ഒന്ന് (കുന്നന്‍/കണ്ടന്‍ പൂച്ച )

ചുവന്ന ഉള്ളി (ചെറുത്‌) - കാല്‍ കിലോ

ചെറുനാരങ്ങ - രണ്ടെണ്ണം

സാവാള -രണ്ടെണ്ണം

കറിവേപ്പില -അല്‍പ്പം

പഴുത്ത തക്കാളി -ഒന്ന്

ഇഞ്ചി/വെളുത്തുള്ളി അരച്ചത് - രണ്ടു ടേബിള്‍ സ്പൂണ്‍

പച്ചമുളക് അരച്ചത് - അര ടേബിള്‍ സ്പൂണ്‍

മുളക് പൊടി -ആവശ്യത്തിന്

മല്ലി പൊടി : രണ്ടു ടേബിള്‍ സ്പൂണ്‍

ഗരം മസാല - രണ്ടു ടേബിള്‍ സ്പൂണ്‍

കുരുമുളക് പൊടി - അര ടീസ് സ്പൂണ്‍

ഉപ്പ് - പാകത്തിന്

മഞ്ഞള്‍ പൊടി - ഒരു ടേബിള്‍ സ്പൂണ്‍

എണ്ണ -ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം
1)നന്നായി തൊലിയുരിച്ചു ഇടത്തരം കഷണങ്ങള്‍ ആക്കിയ പൂച്ചയിറച്ചിയില്‍ നാരങ്ങ പിഴിഞ്ഞ നീര് ചേര്‍ത്ത് കഴുകി എടുക്കുക.(ചെറിയ ഒരു ഗന്ധം മാറി ക്കിട്ടും).അതിന് ശേഷം ഒരു ഉരുളിയില്‍ എണ്ണ ചൂടാക്കി അതില്‍ നന്നായി കൊത്തിയരിഞ്ഞ ചെറിയ ഉള്ളി വഴട്ടുക. അതില്‍ വെളുത്തുള്ളി/ഇഞ്ചി പേസ്റ്റ് ചേര്‍ത്തിളക്കുക.നന്നായി വഴറ്റിയ ഇതിലേക്ക് മഞ്ഞള്‍,ഗരം മസാല,മല്ലിപ്പൊടി എന്നിവ ചേര്‍ക്കുക.മസാല ചെറുതായി വെന്തശേഷം അതില്‍ പൂച്ചയിറച്ചി ചേര്‍ക്കുക.വഴറ്റിയ ശേഷം അതില്‍ അരക്കപ്പ് വെള്ളം ചേര്‍ക്കുക.അതില്‍ ആവശ്യത്തിന് ഉപ്പ് ചേര്‍ത്ത് വെന്ത് വാങ്ങുക.

2)വേറെ ഒരു ഫ്രൈയിംഗ് പാനില്‍ എണ്ണ ചൂടാക്കി അതില്‍ അറിഞ്ഞ സാവാള വഴട്ടുക. അതില്‍ അല്പം ഇഞ്ചി/വെളുത്തുള്ളി,മസലാകള്‍ ചേര്‍ത്ത് വഴറ്റി എടുക്കുക.കുരുമുളകുപൊടിയും കറിവേപ്പിലയും ചേര്‍ത്ത് മുമ്പ് വേവിച്ച് വെച്ചിരുന്ന പൂച്ചയിറച്ചി ചേര്‍ത്ത് വരട്ടി എടുക്കുക.

ഇതിനെ കപ്പയുടെ കൂടെ (വേവിച്ച അല്ലെങ്കില്‍ പുഴുങ്ങിയ ) കഴിക്കുന്നതാണ് ഏറ്റവും നല്ലത്.ഒപ്പം കള്ള്,ബീയര്‍,വിദേശ/സ്വദേശ മദ്യവും ആവാം.

മദ്യപാനം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല.പൂച്ച റോസ്റ്റ് ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും കഴിക്കുമെന്ന ഉറപ്പ് മാത്രം നല്‍കാനെ എനിക്ക് സാധിക്കു.സ്വാനുഭവം തന്നെ ഗുരു.എല്ലാവര്‍ക്കും ഹാപ്പി വാലന്റൈന്‍ ഡേ.ഒരു വെത്യസ്തമായ വിഭവം ആസ്വദിക്കുക.

Tuesday, February 10, 2009

53.പൂച്ചയിറച്ചി

സഖാവ്.സഖാവെന്നായിരുന്നു അവന്റെ പേര്.തൊട്ടടുത്തെ വീട്ടിലെ ഗോപാലന്‍ വളര്‍ത്തുന്ന കുന്നന്‍ പൂച്ച.ഒരു പക്ഷെ ഗോപാലന്‍ കോണ്‍ഗ്രസ്കാരന്‍ ആയിരുന്നതിനാലാവാം ഇടതന്മാരെ കളിയാക്കാന്‍ പൂച്ചയ്ക്കിങ്ങനെയൊരു പേരിട്ടത്.പക്ഷെ ആ പേരിനോടൊരു പരിഭവുമില്ലെങ്കിലും അവന്റെ ചെയ്തികള്‍ എനിക്ക് കുറെ തലവേദനകള്‍ തന്നിട്ടുണ്ട്.

സഖാവ് ജീവിച്ചിരുന്ന കാലഘട്ടത്തില്‍ എന്റെ വീട്ടില്‍ ജിമ്മിയെന്നുപെരുള്ള ഒരു നായയുണ്ടായിരുന്നു.ഒരു ജര്‍മ്മന്‍ ഷേപ്പേട് ക്രോസ്. അളുങ്കുജാതിയെന്നും അല്‍സേഷ്യന്‍ എന്നൊക്കെ വിളിക്കുന്നതുമായ ഒരു കുരവീരന്‍.(അളുങ്കു മാസ്റ്റിഫ് വേറെയിനം നായയാണ്‌) കുരതുടങ്ങിയാല്‍ സുകുമാര്‍ അഴീകോടിന്റെ പ്രസംഗം പോലെ നിര്‍ത്താന്‍ മടിയുള്ളയിനം.നമ്മുടെ സഖാവ് ഇടയ്ക്കിടെ എന്റെ വീട്ടിലെത്തി ജിമ്മിയെ കണ്ണുരുട്ടി കാണിക്കുമായിരുന്നു.ഒരുപക്ഷെ സഖാവ് എന്ന് പേരുള്ളതുകൊണ്ട് സ്വതന്ത്ര ചിന്താഗതിയുള്ള പൂച്ചയായതിനാലവും ബന്ധനത്തില്‍ കിടക്കുന്ന ജിമ്മിയെ പ്രകോപിക്കാന്‍ കണ്ണുരുട്ടികാണിക്കുന്നത്.(ഒരു പക്ഷെ ബന്ധുരകാഞ്ചന കൂട്ടിലാണേങ്കിലും ബന്ധനം ബന്ധനം തന്നെയെന്നുള്ള പാട്ടു സഖാവിനറിയാമോ എന്ന് ഈ അവസരത്തില്‍ ഞാന്‍ ശങ്കിക്കുന്നു.) പക്ഷെ എന്റെ വീട്ടില്‍ ജിമ്മിയെ കണ്ണുരുട്ടി പോകുന്ന സഖാവിന്റെ കളിയാക്കല്‍ കൊണ്ടാവാം ജിമ്മി നിര്‍ത്താതെ കുരയ്ക്കുകയും അതോടെ ഞങ്ങളുടെ വീട്ടിലെ എല്ലാവരും ഉറക്കം നായനക്കിയതു പോലെയാവും.

പക്ഷെ സഖാവിന്റെ ഉടമ പരിചയക്കാരനായത് കൊണ്ട് ഞങ്ങള്‍ ഇതു ഒരു പരിധിവരെ സഹിച്ചിരുന്നു.എന്നാല്‍ സഖാവ് ഇവിടുത്തെ കലാപരിപാടി കഴിഞ്ഞാല്‍ നേരെ എന്റെ അച്ഛന്റെ കുടുംബത്തെക്കും പോകും.അവിടെ നായ ഇല്ലാത്തത് കൊണ്ട് അല്ലറ ചില്ലറ മോഷണവും പതിവായിരുന്നു.അങ്ങനെ അവരും ഇവനെകൊണ്ട് പോരുതിമുട്ടിയെന്നു പറഞ്ഞാല്‍ മതിയല്ലോ.ഇവന് തിന്നാന്‍ വച്ചിരുന്ന വിഷം തിന്നു ഞങ്ങളുടെ നാലഞ്ചു കോഴി ചത്തപ്പോള്‍ അങ്ങനെയുള്ള ആക്രമണരീതികളില്‍ നിന്നു ഞങ്ങള്‍ വിടവാങ്ങി. ഇത്രയും സഖാവിനെകുറിച്ചുള്ള ആമുഖം.

ഇനി നേരെ വിഷയത്തിലേക്ക് വരാം.എന്റെ ചെറുപ്പത്തില്‍ വളരെ ശോഷിച്ച എന്റെ പ്രകൃതം മൂലം എന്തും കഴിക്കുമെന്ന സുപ്രധാനപ്രതിജ്ഞ ഞാന്‍ എടുത്തിരുന്നു. ഇഴഞ്ഞു പോവുന്നതില്‍ ഞാഞ്ഞൂലും പറന്നു പോവുന്നതില്‍ അപ്പൂപ്പന്‍ താടിയും ഒഴിവാക്കി എന്തും തിന്നുമെന്ന തീരുമാനം മതപരമായിരുന്നില്ല.തീര്‍ത്തും വണ്ണം വയ്ക്കുകയെന്ന ന്യായമായതും ഒരു ചെറുപ്പകാരന്‍ ആഗ്രഹിക്കുന്ന ഒരു ചെറിയ ആവശ്യം. പാമ്പിനെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷണം തിന്നണം എന്ന് വളരെ ചെറുപ്പത്തില്‍ തന്നെ എന്റെ പിതാശ്രീ എന്നെ പഠിപ്പിച്ചിരുന്നു.കാരണം നടുകഷണം കഴിക്കാന്‍ മടികാണിച്ചാല്‍ ഒടുവില്‍ കഴിക്കാന്‍ മാനസ്സുവരുമ്പോള്‍ ചെന്നാല്‍ അത്ര രസമില്ലാത്ത തലയോ വാലോ കഴിക്കേണ്ടി വരും.

ഒരു ദിവസം എന്റെ അപ്പന്റെ കുടുംബത്തില്‍ ചെന്നപ്പോള്‍ ചിറ്റപ്പനും ഒന്നു രണ്ടു കൂട്ടുകാരും എന്തോ കഴിക്കാനുള്ള ഒരുക്കത്തില്‍ ആയിരുന്നു.എന്നെ കണ്ടപ്പോള്‍ എന്നെയും കൂട്ടി.വെടിയിറച്ചി ആണെന്ന് പറഞ്ഞു ഇതുവിളമ്പി തരികയും ചെയ്തു.
ചിറ്റപ്പന്‍ നല്ല വെടിവെപ്പ് വീരനാണ്.(ഇതിനെ തെറ്റായി എടുക്കണ്ട.കാട്ടില്‍ വെടിവെയ്ക്കാന്‍ പോകുമായിരുന്നുവെന്നു അര്‍ത്ഥം എടുത്താല്‍ മതി.ഇന്നു ഷാര്‍ജയില്‍ താമസിക്കുന്ന അദ്ദേഹത്തിനെതിരെ ആരും പരാതി കൊടുക്കല്ലേ.രണ്ടു കുട്ടികളുടെ പിതാവാണ് .ജീവിച്ചോട്ടെ.)

ഞാന്‍ ഏതായാലും ഭക്ഷണം ഒക്കെ കഴിഞ്ഞു ഏമ്പക്കവും വിട്ടു വീട്ടിലെത്തി.പക്ഷെ കുറെ ദിവസത്തേക്ക് സഖാവിന്റെ ശല്യമുണ്ടാവാഞ്ഞപ്പോള്‍ ഞങ്ങളും പതിയെ സഖാവിനെ തിരക്കി.കാരണം ശല്യക്കാരന്‍ ആയിരുന്നെങ്കിലും സ്ഥിരം വരുന്നവന്‍ ആയിരുന്നല്ലോ.
പക്ഷെ സാധാരണ കുന്നന്‍പൂച്ച കാടുകയറി പോവുമെന്നും കാട്ടില്‍ ചെന്നു കാട്ടുപൂച്ചയാവുമെന്നും അന്ന് വിശ്വസിച്ചിരുന്നതുകൊണ്ടു അങ്ങനെവല്ലതുമായിരുന്നുവെന്നു കരുതി സമാധാനിച്ചു.

പക്ഷെ അന്നൊക്കെ കാട്ടുമൃഗങ്ങള്‍ വളരെയേറെ ഉള്‍ക്കാട്ടില്‍ പോയാല്‍ മാത്രമെ കിട്ടിയിരുന്നുള്ളൂ.കാരണം മിക്കവാറും ആളുകള്‍ വെടിവെച്ചു അതിനെയൊക്കെ കൊന്നിരുന്നതുകൊണ്ട് അവയുടെ സംഖ്യ വരെ കുറവായിരുന്നു.ഇന്നിപ്പോള്‍ വീടിന്‍റെ മുറ്റത്തു വന്നു പന്നിയും മുയലും തിരുവാതിര കളിച്ചാലും വെറുതെ ഇവയുടെ പ്രകടനം കാണാനെ കഴിയൂ. . എന്റെ വീട്ടില്‍ കൃഷി ഒന്നുമില്ലാത്തതിനാല്‍ വരുന്ന പന്നിയുടെ ദേഷ്യം വീട്ടിലെ പട്ടിയെ തെറിവിളിച്ചു തീര്‍ത്തിട്ടാവും പന്നി തിരിച്ചുപോവുന്നത്.പന്നിയ്ക്കും സാക്ഷരത ആയി എന്നുതോന്നുന്നു.അഥവാ വല്ലതും ചെയ്തുപോയാല്‍ ഫോറസ്റ്റ് കാര്‍ മുതുകത്ത് ചവിട്ടു നാടകം കളിക്കുകയും പിന്നീട് ജീവിതം ജയിലിലോട്ടു മാറ്റേണ്ടി വരുകയും ചെയ്യും.

പിന്നീട് ഒരു ദിവസം ചിറ്റപ്പന്‍ വിളിച്ചപ്പോഴാണ് ഞാന്‍ കുടുംബത്തേക്ക് പോയത്.ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ ഞെട്ടിച്ചു.ഒരു പൂച്ചയുടെ തോല്‍ ടാപ്പിന്റെ കീഴില്‍ ഉരിഞ്ഞുകൊണ്ടിരിക്കുന്ന ചിറ്റപ്പന്‍. ഞാന്‍ ഞെട്ടിത്തരിച്ചു എന്താ ഈ തോന്ന്യവാസം കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ എന്തെടാ നേരത്തെ സഖാവിനെ തിന്നപ്പോള്‍ തോന്ന്യവാസം അല്ലായിരുന്നോ എന്ന് ചോദിച്ചപ്പോഴാണ് സഖാവിനെ ഞാന്‍ കഴിച്ച വിവരം അറിഞ്ഞത്.
പൂച്ചയുടെ ആത്മാവ് ബ്രഹ്മരക്ഷസ് ആണെന്ന് മുത്തച്ചന്‍ പറഞ്ഞതു കേട്ടിട്ടുള്ളത് കൊണ്ട് പിന്നീടുള്ള ദിവസങ്ങളില്‍ ഞാന്‍ പലപ്പോഴും ഞെട്ടിയുണര്‍ന്നിട്ടുണ്ട്.ഞെട്ടിയുണര്‍ന്നു മ്യാവൂ എന്ന് വിളിച്ചോയെന്നറിയില്ല.എന്നാല്‍ സഖാവിന്റെ തിരോധാനം എന്റെ ജിമ്മിയുടെ ജീവിതം സന്തോഷപൂര്‍വ്വം ആക്കിയെന്നു വേണം പറയാന്‍.കാരണം അവനെ കണ്ണുരുട്ടാന്‍ പിന്നീട് സഖാവ് വന്നിട്ടില്ലല്ലോ.

വാല്‍കഷണം
ഏതായാലും അതോടെ ഞാന്‍ പൂച്ചയിറച്ചി തീറ്റ തുടങ്ങി.ഈ അടുത്ത സമയത്താണ് നിര്‍ത്തിയത്.എന്തായാലും ഇപ്പോള്‍ പൊതുവെ മാംസാഹാരം ഭാരം കുറയ്ക്കാന്‍ വേണ്ടി ഒഴിവാക്കിയതുകൊണ്ട് ഇനി പൂച്ചയെന്നല്ല മാംസം പൊതുവെ കഴിക്കാന്‍ താത്പര്യം ഇല്ല.

Saturday, February 7, 2009

52.ചാരായം വാറ്റുന്ന കുട്ടിചാത്തന്‍

പ്രേത ഭൂത പിശാചുകളെ പണ്ടു മുതല്‍ അല്പം പേടിയോടെയാണ് കണ്ടിരുന്നത്‌.കണ്ടിരുന്നത്‌ എന്ന് പറഞ്ഞത് എന്നെങ്കിലും കണ്ടിട്ടുണ്ട് എന്നര്‍ത്ഥത്തില്‍ അല്ല..ഒരിക്കലും കണ്ടിട്ടില്ല. എന്നാല്‍ ചിലനേരത്ത് കണ്ണാടിയില്‍ നോക്കുമ്പോള്‍ ഇതാവുമോ എന്നൊരു സംശയം ഇല്ലാതില്ല.ചെറുപ്പത്തില്‍ യുക്തിവാദവും നിരീശ്വരവാദവും ചെറിയരീതിയില്‍ ഉണ്ടായിരുന്നതിനാല്‍ ഇത്തരം ശക്തികളെ തള്ളി പറഞ്ഞിരുന്നുവെങ്കിലും ഇനിയുണ്ടോ അഥവാ ഉണ്ടെങ്കില്‍ ഞാന്‍ ഇവരൊന്നും ഇല്ലായെന്ന് പറഞ്ഞു നടക്കുന്നതിന്റെ ചൊരുക്ക് തീര്‍ക്കുമോ എന്നൊരു ഭയവുമുണ്ടായിരുന്നു.

എന്നാല്‍ പിന്നീട് ജീവിതത്തില്‍ നിരീശ്വരവാദം പൂര്‍ണ്ണമായും വെടിഞ്ഞെങ്കിലും യുക്തിവാദ സങ്കല്‍പ്പത്തോടെയുള്ള ഒരു പ്രപഞ്ചശക്തിയില്‍ വിശ്വാസം സ്വീകരിച്ചു. യാഥാസ്ഥിതിക വിശ്വാസത്തില്‍ (വിഗ്രഹാരാധന,ക്ഷേത്രദര്‍ശനം) വലിയ പ്രതിപത്തി ഇല്ലെങ്കിലും പ്രേതങ്ങളെ അങ്ങനെ ഒഴിവാക്കി ആ പേടിയില്‍ നിന്നും പൂര്‍ണ്ണമായും മുക്തി ലഭിച്ചിട്ടില്ല.
പക്ഷെ ഒരിക്കല്‍ സംഭവിച്ച ഒരു സംഭവം എന്റെ പ്രേതങ്ങളിലുള്ള ഭയം മാറ്റാന്‍ അല്പം സഹായിച്ചുവെന്ന് മാത്രം. അത് നിങ്ങളുമായി പങ്കുവെയ്ക്കാം.

പത്തനംതിട്ടയിലുള്ള ഏറ്റവും പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് ശബരിമല.അതേപോലെ സമീപജില്ലയായ കൊല്ലംജില്ലയിലെ പ്രശസ്തമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് അച്ചന്‍കോവില്‍.എന്റെ നാട്ടില്‍നിന്നും അച്ചന്‍കൊവിലിലേക്ക് ധാരാളം ആളുകള്‍ കാല്‍നടയായി പോവാറുണ്ട്. (അത്ര അടുത്തല്ല.. എങ്കിലും നാല്പതു കിലോമീറ്ററില്‍ താഴെയേ വരൂ)

ഒരുപ്രാവശ്യം എന്റെ അടുത്ത ഒരു സുഹൃത്തും ഭാര്യയും സഹോദരിയും സഹോദരീ ഭര്‍ത്താവും കൂടി കാല്‍നടയായി അമ്പലത്തിലേക്ക് പോയി. സാധാരണഗതിയില്‍ രാത്രിയില്‍ യാത്രയായി ഇടയ്ക്ക് അച്ചന്‍കോവിലാറിന്റെ തീരത്ത്‌ വിശ്രമിച്ചു പിറ്റേന്ന് ക്ഷേത്രത്തില്‍ എത്തി ദര്‍ശനവും നടത്തി അടുത്തുള്ള തിരുമലക്കൊവിലും (തമിഴ്നാട് ) കണ്ട് കുറ്റാലവും ചുറ്റി തിരിച്ചുവരികയാണ് പതിവ്. പക്ഷെ യാത്രയുടെ തുടക്കത്തില്‍ തന്നെ ഞങ്ങളുടെ ഗ്രാമത്തിന്റെ അടുത്തുള്ള ചെറിയ കാട്ടിലൂടെ കയറിയാണ് പോകേണ്ടത്.. ആ വഴിതെരഞ്ഞെടുത്താല്‍ കുറെ കിലോമീറ്റര്‍ നടപ്പ് ലാഭിക്കാന്‍ സാധിക്കും.

ഇന്നുവരെ സാമൂഹ്യവിരുദ്ധാരോ കാട്ടുമൃഗങ്ങളോ പ്രശ്നമുണ്ടാക്കിയ ചരിത്രമില്ലത്തതിനാല്‍ സ്ത്രീകളുടെ ഒപ്പം അതിലെ പോവാന്‍ ആരും പേടിക്കാറുമില്ല. തന്നെയുമല്ല ക്ഷേത്രദര്‍ശനത്തിനു പോവുമ്പോള്‍ ദുര്‍ഭൂതങ്ങളെ ഭയക്കെണ്ടല്ലോ.

നമ്മുടെ യാത്രക്കാര്‍ രാത്രിയില്‍ ഈ കാട്ടില്‍ കയറിയപ്പോള്‍ മുതല്‍ അല്പം ഭയത്തിലായിരുന്നു. ഒന്നാമത് ഒപ്പം രണ്ടു സ്ത്രീകള്‍.പിന്നീട് വിജനമായ വഴി. കൈയില്‍ മെഴുകുതിരിയും ഒരു ചെറിയ ടോര്‍ച്ചും ഭക്ഷണപൊതിയും മാത്രം. കുറെദൂരം ചെന്നപ്പോള്‍ അല്പം ദൂരെ ഒരു ചെറിയ വെട്ടം കണ്ടൂ. പെട്ടെന്ന് ഇവരുടെ കൈയിലിരുന്ന ചെറിയ ടോര്‍ച്ചും പ്രവര്‍ത്തനം നിര്‍ത്തി. അതോടെ ഇവര്‍ നാലുപേരും ഭയത്തിലായി. ഇവരുടെ കൈയിലെ ടോര്‍ച്ച് നിന്നപ്പോള്‍ അകലെയുള്ള വെളിച്ചവും നിന്നു. പെട്ടെന്ന് തന്നെ എന്റെ സുഹൃത്ത് കൈയിലിരുന്ന മെഴുതിരി കത്തിച്ചു.

ചുറ്റും ചീവീടുകളുടെ കരച്ചിലും കാറ്റും തണുപ്പും ഒപ്പം കൂരിരുട്ടും ഒരു ഭയഭീതമായ അന്തരീക്ഷം കൊടുത്തുവെന്ന് പ്രത്യേകം പറയണ്ടല്ലോ. പക്ഷെ മെഴുതുതിരി കത്തിച്ചപ്പോള്‍ ദൂരെയുള്ള പ്രകാശം വീണ്ടും കണ്ടൂ.എന്തായാലും ഇവര്‍ നാലും മുമ്പോട്ട്‌ നടക്കുമ്പോള്‍ ആ പ്രകാശവും മുമ്പോട്ടും ഇവര്‍ നില്‍ക്കുമ്പോള്‍ പ്രകാശവും ഒപ്പം നില്ക്കും.. നാലുപേരും ഭയഭീതരായി അറിയാവുന്ന മന്ത്രങ്ങളും ചൊല്ലി മുമ്പോട്ട്‌ നടന്നു. എന്തായാലും രണ്ടു കിലോമീറ്റര്‍ നടന്നാലേ അടുത്ത ഗ്രാമം എത്തു എന്നറിയാവുന്നതുകൊണ്ട് വേറെ മാര്‍ഗമില്ലാതെ നടക്കേണ്ടി വന്നു. ഇടയ്ക്കെപ്പോഴോ മുമ്പില്‍ കണ്ട പ്രകാശം അപ്രത്യക്ഷമായി.

പക്ഷെ അടുത്ത ഗ്രാമത്തിലെ ആദ്യം കണ്ടവീട്ടില്‍ അഭയം തേടിയ എന്റെ ചെങ്ങാതികള്‍ വീട്ടുകാരോട് സംഭവം വിശദീകരിച്ചു. വീട്ടുകാരുടെ അഭിപ്രായത്തില്‍ അതൊരു കുട്ടിച്ചാത്തന്‍ ആണത്രേ.. വഴിയാത്രക്കാരെ വഴിതെറ്റിച്ചു മരണത്തിലേക്ക് കൊണ്ടുപോകുന്ന ഒരു കുട്ടിച്ചാത്തന്‍. പക്ഷെ എന്റെ കൂട്ടുകാര്‍ ഇന്നേവരെ ആ കുട്ടിച്ചാത്തനെ പറ്റി കേട്ടിട്ടില്ലയെങ്കിലും ശരിക്കും പേടിച്ചു.ഈ കുട്ടിച്ചാത്തനെ പറ്റി ഞാനും ഇതുവരെ കേട്ടിട്ടില്ല.

എന്തായാലും കുട്ടിച്ചാത്തന്‍ ഇവരുടെ ജീവന്‍ എടുക്കാഞ്ഞത് ദൈവഭാഗ്യമെന്നും പറഞ്ഞപ്പോള്‍ ഏതായാലും നമ്മുടെ തീര്‍ത്ഥയാത്രാസംഘം ദൈവത്തിനു നന്ദി പറഞ്ഞു.രസകരമായ സംഗതി ഇവര്‍ അച്ചന്‍ കോവിലില്‍ പോയിവന്ന ശേഷം ഇവരില്‍ രണ്ടുപേര്‍ക്ക് നന്നായി പനിയായി ആശുപത്രിയില്‍ അഡ്മിറ്റ് ആയി. ഒരാള്‍ മൂന്നു ദിവസവും ഒരാള്‍ ഒരു ദിവസവും ആശുപത്രിയില്‍ കഴിഞ്ഞു. പിന്നീട് ആശുപത്രി വാസം കഴിഞ്ഞെത്തിയശേഷം വീട്ടില്‍ ചെറിയ ഹോമവും ഒക്കെ നടന്നുവെന്നതും ഒരു രസകരമായ സംഗതി. പിന്നീട് ഈ യാത്രയിലെ നാല്‍വരും ചില പ്രത്യേക പൂജകള്‍ കൂടി നടത്തി.ഒപ്പം ഓരോ തകിടും പൂജിച്ചു ധരിക്കുകയും ചെയ്തു.

ഈ സംഭവം കഴിഞ്ഞു എന്റെ പേടി ഒന്നുകൂടി കൂടിയെന്ന് പറയേണ്ടതില്ലല്ലോ. കാരണം ധൈര്യം പുറത്തു കാണിക്കുമെങ്കിലും കുറച്ചൊക്കെ പേടി മനസ്സിലുണ്ട്.എന്നാല്‍ ഈ സംഭവം നടന്നു രണ്ടാഴ്ച കഴിഞ്ഞു എന്റെ രണ്ടു പരിചയക്കാര്‍ ഇതെസ്ഥലത്ത് നാലു പേരെ കണ്ട കഥ പറഞ്ഞു. വാറ്റ് ചാരായം വില്‍ക്കുകയും അല്പം വാറ്റുകയും ചെയ്യുന്ന ഇവര്‍ പക്ഷെ നമ്മുടെ നാല്‍വര്‍ സംഘത്തെ എക്സൈസ് ആണെന്നാണ്‌ കരുതിയത്‌. കാരണം അവര്‍ നില്‍ക്കുമ്പോള്‍ ഈ നാലുപേര്‍ നില്‍ക്കുകയും ഒക്കെ കണ്ടപ്പോള്‍ ഭയന്ന അവര്‍ അവസാനം കാട്ടിലൂടെ ഓടുകയായിരുന്നു.

പക്ഷെ അങ്ങനെ ചാരായം വാറ്റുന്ന കുട്ടിചാത്തന്മാരെ കണ്ടതോടെ എന്റെ കുറെ പേടി മാറിയെങ്കിലും ഈ സംഭവം പറഞ്ഞപ്പോള്‍ നമ്മുടെ കുട്ടിച്ചാത്ത ദര്‍ശനം കിട്ടിയ സുഹൃത്തകള്‍ വിശ്വസിക്കാന്‍ തയ്യാറായില്ല. കാരണം അവരൊക്കെ കുട്ടിച്ചാത്തന്‍ പുകയായി മറയുന്നതും കുട്ടിച്ചാത്തന്റെ അലര്‍ച്ചയും ഒക്കെ കേട്ടത്രേ.പക്ഷെ ഇതെല്ലാം പേടിമൂലമുണ്ടായ തോന്നലുകള്‍ ആണെന്ന് തിരിച്ചരിഞ്ഞതുകൊണ്ട് ഇപ്പോള്‍ എനിക്ക് അധികം ഭയമില്ല.

തൃശ്ശൂര്‍ ഉള്ള ചാത്തന്‍ മഠം ചാത്തന്റെ ഉപദ്രവം മാറ്റാന്‍ നന്നെന്നു അറിഞ്ഞ എന്റെ സുഹൃത്തും സംഘവും അങ്ങോട്ടുള്ള വഴിതിരക്കുന്നതായി അടുത്തിടെ അറിഞ്ഞു. നേരത്തെ തന്നെ കുട്ടിച്ചാത്തന്‍ സംഭവം ഞാന്‍ മറന്നെങ്കിലും അവര്‍ മറന്നിട്ടില്ലെന്നു മനസ്സിലായി.എന്റെ കുട്ടിച്ചാത്താ ഇതെഴുതിയതിന്റെ പേരില്‍ എന്നോട് പിണങ്ങല്ലേ.

Monday, February 2, 2009

51.ഗോതമ്പ് മണി കല്യാണം മുടക്കുമോ ?

മാര്‍ക്കറ്റിംഗ് മാനേജ്മെന്റ് പഠിച്ചതുകൊണ്ടാകാം പട്ടിതീട്ടത്തെയും പഞ്ചാമൃതമായി വില്‍ക്കാന്‍ ഞാന്‍ കൂടെ നിന്നെന്നെരിക്കും. അര്‍ത്ഥവ്യാപ്തിയെകുറിച്ചോ വരുംവരാഴികയെകുറിച്ചോ ആലോചിക്കാതെ വായില്‍നിന്നും വീഴുന്ന പല വാക്കുകളുടെയും പ്രത്യാഘാതങ്ങള്‍ എന്തൊക്കെയെന്നും നാം ചിന്തിക്കാറില്ല. പക്ഷെ നമ്മുടെ പ്രീയപ്പെട്ടവര്‍ക്ക് വല്ലതും പറ്റുമ്പോള്‍ നോവുമെങ്കിലും അല്ലാത്തവരുടെ കാര്യം നമ്മളെ ബോധവാന്‍മാര്‍ അക്കുന്നില്ലയെന്നതാണ് സത്യം. ജീവിതത്തില്‍ സംഭവിച്ച ചെറിയ ഒരു സംഭവത്തിലൂടെ വിശദമാക്കാം.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ഒരു സംഭവം. ജീവിതത്തില്‍ വളരെ അടുത്തതെന്ന്‌ പറയാന്‍ വളരെ കുറച്ചു സുഹൃത്തുക്കളേ എനിക്കുണ്ടായിരുന്നുള്ളൂ. ബ്ലോഗെഴുതി തുടങ്ങിയതില്‍ പിന്നെ നല്ല കുറെ കൂട്ടുകാരെ കിട്ടി.. അവരുടെ പേരുകള്‍ പറയുന്നില്ല.

എന്റെ അടുത്ത ഒരു സുഹൃത്ത് വിവാഹിതനാവാന്‍ ആഗ്രഹിക്കുന്ന വിവരം എന്നോട് പറഞ്ഞു. ഇനി എന്നോട് പറയാന്‍ കാര്യം എന്തെന്ന് ചോദിച്ചാല്‍ സ്ഥിരം പത്രത്തില്‍ ഉള്ള എല്ലാ അക്ഷരങ്ങളെയും നക്കി തിന്നുന്നവന്‍ എന്നതില്‍ കവിഞ്ഞു ഇന്റെര്‍നെറ്റിലും സ്ഥിരം താവളം ഉറപ്പിച്ചവന്‍ എന്ന് അവന് നന്നായി അറിയാം.

കൂടുതല്‍ ഒന്നും നോട്ടമില്ല.. മിക്ക മലയാളികളെയും പോലെ ഗള്‍ഫില്‍ പോകാന്‍ ആഗ്രഹിക്കുന്ന ഇഷ്ടന് "വരനെ കൊണ്ടുപോകും " എന്നുള്ള പരസ്യത്തില്‍ പ്രത്യേക ഇഷ്ടം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അത്തരത്തിലുള്ള ഒരു പരസ്യവും വിടരുതെന്ന കര്‍ക്കശമായ നിര്‍ദ്ദേശവും നമ്മുടെ കൂട്ടുകാരന്‍ എനിക്ക് നല്‍കിയിരുന്നു.

ആ സമയത്ത് പ്രത്യേകപണിയൊന്നു മില്ലാഞ്ഞതിനാല്‍ ഈ കടമ വളരെ സന്തോഷത്തോടെ ഞാന്‍ ഏറ്റു. എന്നാല്‍ അതേസമയത്ത് ചക്കപ്പഴം ഉണ്ടായാല്‍ മണികണ്ഠന്‍ ഈച്ച വരുമെന്ന് പറയുമെന്ന് പറയുന്നതുപോലെ ഞങ്ങളുടെ നാട്ടിലെ ആസ്ഥാന ബ്രോക്കര്‍ വര്‍ഗീസ്‌ അച്ചായനും എന്റെ സുഹൃത്തിനെ പറ്റി കൂടാന്‍ നോക്കി.

മേല്‍പ്പടിയാന്‍ നാട്ടില്‍ നല്ലൊരു കല്യാണം നടത്തിയതായിട്ടോ എനിക്കറിവില്ല. എന്നാല്‍ നാട്ടിലുള്ള സകലമാന ആണ്‍ /പെണ്‍ കുട്ടികളുടെയും ഫോട്ടോയും ഭൂമിശാസ്ത്രവും പുള്ളിക്കാരന്‍ തന്റെ ഡയറിയില്‍ കൊണ്ടുനടക്കാറുണ്ട്. മുപ്പതുവര്‍ഷം പഴക്കമുള്ള ഡയറിയില്‍ വച്ചിട്ടുള്ള പല പെണ്‍കുട്ടികള്‍ക്കും കൊച്ചുമക്കള്‍ വരെയുണ്ടെന്നു എനിക്ക് പിന്നീട് മനസ്സിലായി.
എന്തായാലും ഞാന്‍ ഊര്‍ജ്ജിതമായി നെറ്റിലും പത്രത്തിലുമായി എന്റെ സുഹൃത്തിനു വിവാഹം ആലോചിച്ചു.

ഏതായാലും തൊട്ടടുത്ത ഞായറാഴ്ച നമ്മുടെ റബ്ബര്‍പാല്‍ പത്രത്തില്‍ ഒരു പരസ്യം വന്നു." ഇരുപതു വയസ്സുള്ള ഗോതമ്പിന്റെ നിറമുള്ള ദീനിയായ ഷാര്‍ജയിലെ ബിസിനസ് കുടുംബത്തിലെ മുസ്ലിം സുന്ദരിയ്ക്ക് വരനെ ആവശ്യമുണ്ട്. ദീനിയബോധമുള്ള ചെറുപ്പക്കാരുടെ ആലോചനകള്‍ ക്ഷണിക്കുന്നു. വരനെ കൊണ്ടുപോകും."
ഞാന്‍ എന്തായാലും ദീനിയായ പെണ്‍കുട്ടിയുടെ കാര്യം സുഹൃത്തിനോട് പറഞ്ഞു..സംഭവം ഞങ്ങളുടെ അടുത്ത്‌ പത്തനാപുരം എന്ന സ്ഥലത്താണ്. വെറും പന്ത്രണ്ടു കിലോമീറ്റര്‍ മാത്രം. പക്ഷെ പെണ്‍കുട്ടിയ്ക്ക് എന്താണ് ദീനം എന്നുമാത്രം മനസ്സിലായില്ല. എന്ത് ദീനമായാലും എന്റെ സുഹൃത്തിനെ ഷാര്‍ജയില്‍ കൊണ്ടുപോകുമല്ലോ. അപ്പന്റെ പണം കൊണ്ടു ദീനവും ചികില്‍സിച്ചു ഭേദമാക്കമല്ലോ.

പക്ഷെ പിന്നീട് സുഹൃത്ത് പറഞ്ഞാണ് ദീനിയെന്നാല്‍ മതബോധമുള്ളത് എന്നതാണെന്നും അല്ലാതെ ആരോഗ്യപ്രശ്നങ്ങള്‍ അല്ലെന്നും മനസ്സിലായി.
എന്തായാലും അടുത്ത വ്യാഴാഴ്ച ഞാനും സുഹൃത്തും നമ്മുടെ ബ്രോക്കറും (ഒരു പ്രായമുള്ള കാരണവര്‍ കൂടെയിരിക്കട്ടെ എന്ന് കരുതി.. ഒപ്പം വല്ല കൊടുക്കല്‍ വാങ്ങല്‍ ഉണ്ടെങ്കില്‍ ഇഷ്ടന്‍ കൈകാര്യം ചെയ്തോളും. ഇരുനൂറു രൂപയും ചിലവും കൊടുത്താല്‍ എല്ലാം സസന്തോഷം ചെയ്തോളും.) എന്റെ സുഹൃത്തിന്റെ ടവേര വണ്ടിയില്‍ രാജകീയമായി തന്നെ പെണ്ണുകാണാന്‍ ചെന്നു.
രാവിലെ പതിനൊന്നുമണിയോടെ പെണ്ണിന്റെ വീട്ടിലെത്തി.. ഒരു ഗള്‍ഫ്കാരന്റെ എല്ലാ പ്രൌഡിയുള്ള മനോഹരമായ വീട്. അതുകണ്ടപ്പോള്‍ തന്നെ എന്റെ സുഹൃത്തിന് ഈ കല്യാണം മതിയെന്നായി.പെണ്ണ് കണ്ടില്ലെങ്കിലും വീട് കണ്ടല്ലോ.

പുറത്ത്‌ ബെല്ലടിക്കാതെ തന്നെ ഗൃഹനാഥന്‍ വാതില്‍ തുറന്നു.കാണാന്‍ മാന്യത തുളുമ്പുന്ന അദ്ദേഹം ഞങ്ങളെ അകത്തേക്ക് ആനയിച്ചു. ഞങ്ങള്‍ക്ക് കുടിക്കാന്‍ ശര്‍ബത്തും നല്‍കി. അവസാന ചടങ്ങായി കുട്ടിയുമെത്തി. കുട്ടിയുടെ അമ്മയെകണ്ടാല്‍ വളരെ ചെറുപ്പം . പക്ഷെ സുന്ദരിയായ ഗോതമ്പ് നിറമുള്ള പെണ്‍കുട്ടി പക്ഷെ ഗോതമ്പ് എന്റെ എനിക്കത്ര പിടിച്ചില്ല.. എന്നാല്‍ സ്വീകരണ മുറിയ്ക്കുള്ളില്‍ കണ്ണും പായിച്ചുകൊണ്ടിരിക്കുന്ന എന്റെ സുഹൃത്ത് പെണ്‍കുട്ടിയെ കാണാന്‍ കൂടുതല്‍ ശ്രദ്ധിചില്ലായെന്നു വേണം പറയാന്‍. കൂടുതല്‍ ഒന്നും സംസാരിച്ചില്ല പക്ഷെ പയ്യന്റെ മുഖത്തെ ഭാവം തന്നെ സമ്മതം വ്യക്തമാക്കുന്നതായിരുന്നു.

ഞങ്ങള്‍ തിരികെപോരാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങളുടെ കൂടെ വന്ന ബ്രോക്കറെ വീട്ടുകാരന്‍ വിളിച്ചു എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
എല്ലാം തലകുലുക്കി കേള്‍ക്കുന്ന ബ്രോക്കറെ എന്തോ എനിക്കത്ര പിടിച്ചില്ല.
തിരിച്ചിങ്ങോട്ടുള്ള യാത്രയില്‍ ബ്രോക്കര്‍ പെണ്‍കുട്ടിയുടെ സ്വഭാവത്തെപറ്റിയും സൌന്ദര്യത്തെയും പറ്റി വര്‍ണിക്കുകയായിരുന്നു.
പരസ്യത്തിലെ ഗോതമ്പ് നിറം ഇടയ്ക്ക് ബ്രോക്കര്‍ പറഞ്ഞപ്പോള്‍ "കറുത്ത നിറത്തിലും ഗോതമ്പ് മണികള്‍ ഉള്ളതുകൊണ്ടാണോ അങ്ങനെ പരസ്യത്തില്‍ കൊടുത്തതെന്നും ഞങ്ങള്‍ മൂന്നുപേരും കാണാത്ത എന്ത് സൌന്ദര്യമാണ് വര്‍ഗീസ്‌ അച്ചായന്‍ അവിടെ കണ്ടത് " എന്ന് ഞാന്‍ അറിയാതെ ചോദിച്ചു..

പക്ഷെ ആ ചോദ്യം കേട്ട ബ്രോക്കര്‍ മുഖം തിരിച്ചു.
പക്ഷെ എന്റെയാ വാചകം കേട്ട സുഹൃത്ത് പെട്ടെന്ന് എന്നെയൊന്നു നോക്കി. പിന്നീട് ആരും അധികം സംസാരിച്ചില്ല.. പിന്നീട് ഫോണില്‍പെണ്‍കുട്ടിയുടെ അപ്പനോട് ഇങ്ങനെയുള്ളതിനെയും ഗോതമ്പ് നിറമെന്നു പറയാമോ എന്നോ ചോദിച്ചെന്നു ഞാന്‍ അറിഞ്ഞു.. എന്തായാലും അങ്ങനെ ആ കല്യാണആലോചന പോളിഞ്ഞുവേന്നതാണ് ഖേദകരമായ കാര്യം

പക്ഷെ കാക്കയ്ക്കും തന്‍കുഞ്ഞു പൊന്‍ കുഞ്ഞു എന്നത് സത്യമെന്നു കരുതി അങ്ങനെ പരസ്യം കൊടുക്കാമോയെന്നു വേണമെങ്കില്‍ നമുക്കു ചോദിക്കാം. അതല്ല കൂട്ടുകാരന്റെ ഒരു ഡയലോഗില്‍ ഇങ്ങനെ ഒരു തീരുമാനം എടുക്കാന്‍ അവന്‍ ശുംഭനോ എന്ന് വേണമെങ്കിലും ചോദിക്കാം. പരസ്യം കൊടുക്കുന്നവര്‍ അതിശയോക്തി കലരാതെ പരസ്യം കൊടുക്കണം പക്ഷെ അങ്ങനെ കൊടുത്താല്‍ തിരിച്ചു കൊടുത്ത വ്യക്തി ആ കുട്ടിയുടെ അച്ഛനാണ് എന്നുപോലും ചിന്തിക്കാതെ അതിനെ ചോദിക്കണോ എന്നൊക്കെ പറയാം.

എന്തായാലും സുഹൃത്ത് അതീവ സുന്ദരിയെ തന്നെ കെട്ടി ഇന്നു സൌദിയിലെ ജിദ്ദയില്‍ സുഖമായി കഴിയുന്നു.. ആ പെണ്‍കുട്ടിയുടെ കല്യാണം കഴിഞ്ഞോയെന്നറിയില്ല. അത് തിരക്കേണ്ട ബാധ്യതയും എനിക്കില്ല.. പക്ഷെ അതോടെ എന്തിന്റെ പേരിലായാലും അനാവശ്യ കമന്റ് അല്ലെങ്കില്‍ അഭിപ്രായം ഞാന്‍ നിര്‍ത്തി.

ഓഫ് ടോക്. : സ്ത്രീകളുടെ സൌന്ദര്യം ചര്‍മ്മ സൗന്ദര്യം അല്ല. മറിച്ചു അവരുടെ മനസ്സിന്റെ നൈര്‍മ്മല്ല്യവും സ്വഭാവവും പെരുമാറ്റവും ആണ്. സുന്ദരിയും ഒപ്പം സ്വഭാവഗുണങ്ങളും ഒത്തിണങ്ങിയ പെണ്ണ് കെട്ടിയ എന്റെ സുഹൃത്തിന് ഇന്നുവരെ അന്ന് പറഞ്ഞതില്‍ വിഷമമില്ല.. പക്ഷെ ഇന്നും പത്രത്തില്‍ ഗോതമ്പ് നിറമുള്ള പെണ്‍കുട്ടിയെന്നു കാണുമ്പോള്‍ അല്പം വിഷമം തോന്നും.