Saturday, December 27, 2008

36.ഒരു പാരഡി ഗാനം


ബഹു: പത്തനംതിട്ട ജില്ല കലക്ടര്‍
(പി.സി.സനല്‍കുമാര്‍.)

പലപ്പോഴും ഔദ്യോഗികരംഗത്തെ തിരക്കുമൂലം മിക്ക എഴുത്തുകാരും എഴുത്ത് നിര്‍ത്തുകയോ എഴുത്തിനു താല്‍കാലിക വിരാമം കൊടുക്കുകയോ ആണ് പതിവ്. എന്നാല്‍ എന്‍റെ നാടായ പത്തനംത്തിട്ടയുടെ ജില്ലാകളക്ടര്‍ ശ്രീ.പി.സി.സനല്‍കുമാര്‍ (ചിരികുമാര്‍ എന്ന് അറിയാവുന്നവര്‍ വിളിക്കും.) ഇതിനൊരു അപവാദം ആണ്..

വളരെയേറെ തിരക്കുള്ള ഇദ്ദേഹം നല്ലൊരു എഴുത്തുകാരനും നല്ല നര്‍മ്മബോധം ഉള്ളവനും ആണ്..

(സാഹിത്യ അക്കാദമിയുടെ 2004 ലെ അവാര്‍ഡ് ഇദ്ദേഹത്തിന്‍റെ കലക്ടര്‍ കഥ എഴുതുകയാണ് എന്ന കൃതിയ്ക്ക് ലഭിച്ചു.. 1998 ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ലഭിച്ച ഇദ്ദേഹം നല്ലൊരു ഗായകനും പ്രാസംഗികനും ആണ്..ടിവിയിലൂടെയും സുപരിചിതനായ ഇദ്ദേഹം നിരവധി പാരഡി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്..)


അദ്ദേഹം എഴുതിയ ഒരു പാരഡി ഗാനം ഞാന്‍ ഇവിടെ ചേര്‍ക്കുന്നു..

വ്യത്യസ്തയായൊരു ഭാര്യയാം ഭാമയെ
ഭര്‍ത്താവു കുട്ടപ്പന്‍ തിരിച്ചറിഞ്ഞില്ല
'മൊട'എടുക്കുന്നോര്‍ക്ക് 'മൊട'യായ ഭാമ
വെറുമൊരു ഭാമ അല്ലിവള്‍ ഒരു ഭീമ

ഭാമ ഒരു ഭീമ അടിമുടി സീമ നടിറോമ
ഗൃഹ പരിപാല പ്രിയതോഴി
നമ്മുടെ ഭാമ ഭാമ ഭാമ ഭാമ

പുളകം പതയുന്ന dye യുമായ്‌ എത്തി
ചികുരം കറുപ്പിക്കും കേശപ്രകാശി
ആമാശയത്തിന്റെ ആശ നിറവേറ്റാന്‍
ദോശ ആശയങ്ങള്‍ പരീക്ഷിച്ച ഭാമ

കല്പന ചേച്ചീടെ തോഴിയാം ഭാമ
വര്‍ക്കല നാട്ടീന്ന് വേരറ്റഭാമ
എന്തിനും പോരുന്ന അമ്മാവിയമ്മയെ
നന്നായ്‌ പതപ്പിച്ചു സുഖിപ്പിച്ച ഭാമ ...

കുടി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെപോലും
വരുതിക്ക് നിര്‍ത്തുന്ന മനസ്സാണ് ഭാമ
കപ്പയും മത്തിയും ഒന്നിച്ചു കാണുമ്പോള്‍
വയര്‍ മറക്കുന്നൊരു
ഭക്ഷ്യ പ്രവീണ

വ്യത്യസ്തയായൊരു ഭാര്യയാം ഭാമയെ
ഭര്‍ത്താവു കുട്ടപ്പന്‍ തിരിച്ചറിഞ്ഞപ്പോള്‍
ഈ നല്‍ നാടിന്‍റെ അഭിമാനമാകും
ഭാര്യയാം ഭാമേ നിനക്കഭിവാദ്യം..
ഭാമ ഒരുഭീമ അടിമുടിസീമ,
നടി റോമ ഗൃഹപരിപാല ,
പ്രിയ തോഴീ നമ്മുടെ ഭാമ ,ഭാമ ,ഭാമ ,ഭാമ .... .......

മയങ്ങിപ്പോയി ഞാന്‍ കിറുങ്ങിപ്പോയീ
ഇരുന്നൂറടിച്ചപ്പോള്‍ ഉറങ്ങിപ്പോയി
നീ വരുമ്പോള്‍ നിന്‍ വിരല്‍ തൊടുമ്പോള്‍
അറിയാതെ തെറി എന്തോ പറഞ്ഞും പോയീ ...


(താങ്കളുടെ എഴുത്തിലൂടെ ഞങ്ങളെ ഇനിയും വരും കാലങ്ങളില്‍ ചിരിപ്പിക്കട്ടെ എന്നാശംസിക്കുന്നു..)


(വേറെ ചില പാരഡികള്‍)

പാലേ പാലേ മില്‍മപാലേ
വിലയല്‍പ്പം കൂടുതലല്ലേ ?
കവറൊന്നിനിതെട്ടരരൂപാഅധികം അല്ലേ ?

പണ്ടേ പണ്ടേ പാലിതിനല്‍പ്പം
വില കൂടുതലാണറിയില്ലേ ?
കവറൊന്നിനിതെട്ടര രൂപാഅധികം അല്ലേ ?

ഇതു വെറും ഒരു പാലല്ല
ഗുണമുള്ളോരു പാലല്ലോ !
അതിരാവിലെ ബൂത്തില്‍ തള്ളല്ലോഓ.. ഓ... ഓ...
പാലുകള്‍ പല പല രൂപത്തില്‍വാങ്ങാന്‍ കിട്ടും

മാര്‍ക്കറ്റില്‍കള്ളമിയന്നൊരു
പാലല്ലതിലോഇല്ലാ വെള്ളം
കുട്ടികള്‍, സ്ത്രീകള്‍, വയസ്സന്മാര്‍ക്കി-
ഷ്ടമിയന്നൊരു പാലല്ലോകട്ടുകുടിക്കാന്‍ പോലും
തോന്നുംകട്ടിപ്പാലാ...

ആരിവള്‍ മില്‍മയോ ?
ധവള സൌന്ദര്യമോ ?
പാലെന്നാല്‍ മില്‍മഇതു നാടിന്നഭിമാനം.
ഓ... ഓ.... ഓ...

കട്ടന്‍ കാപ്പിയില്‍ അല്‍പ്പാല്‍പ്പംകട്ടിപ്പാലിതു
ചേര്‍ക്കുമ്പോള്‍കുട്ടികള്‍ പോലും ചൊല്ലും
അഛാഅല്‍പ്പം തായോപാലിതു നല്ലതാ..
ഏതിനും നല്ലതാ
ആര്‍ക്കും പോയി വാങ്ങാം
പാല്പായസമുണ്ടാക്കാം
ഓ... ഓ... ഓ...

(പൂവേ പൂവേ പാല പൂവേ മണമിത്തിരി കരളില്‍ തായോ എന്ന ഗാനത്തിന്റെ പാരഡിയാണ് പാലേ പാലേ എന്നത്.)


(ചെമ്മീ‍ന്‍ എന്നചിത്രത്തിലെ മാനസമൈനേ എന്നഗാനത്തിന്റെ പാരഡി)

വിഷയം: സ്വശ്രയ കോളേജുകള്‍

സ്വശ്രയമൈനേ വരൂ
സമവായം നുള്ളിത്തരൂ
നിന്‍ അരുമപൂംകോളേജുകള്‍തേടുവതാരെ ? ആരെ ?

(സ്വശ്രയമൈനേ വരൂ)

നിലാവുണ്ടെന്നോര്‍ത്തിട്ട്വെളുപ്പോളം
മോഷണംനടത്തരുതോമനേ നടത്തരുതേ

(സ്വശ്രയമൈനേ വരൂ)

ബ്ലെയിഡിന്റെ മോഹവും
പിരിവിന്റെ മൂര്‍ച്ചയും
ശമിക്കുകില്ലോമനേശമിക്കുകില്ല.

(സ്വശ്രയമൈനേ വരൂ)

(എന്‍റെ ഖല്‍ബിലെ എന്നഗാനം)

എന്‍റെ ക്ലാസ്സിലെ ഫ്രണ്ട്ബെഞ്ചിലെ നല്ലകൂട്ടുകാരീ
തൊട്ടുപിന്നില്‍ ഞാന്‍ വന്നിരുന്നതീ ശില്പഭംഗിയോളും
സ്ട്രക്ചര്‍ ഒന്നു കാണാന്‍
നിന്‍ സ്ട്രക്ചര്‍ ഒന്നുകാണാന്‍

തൊട്ടു തോണ്ടുവാന്‍
എന്‍റെ കൈവിരല്‍ മൊട്ടിടുന്ന പോലെ
തൊട്ടുപിന്നില്‍ ഞാന്‍ വന്നുവെങ്കിലും
തോട്ടതില്ല നിന്നെ

പേടിയാണേനിക്കോമലെ വല്ല
പീഡനക്കേസും ചാര്‍ത്തീടല്‍
വേണ്ട വേണ്ട എന്‍ ആഗ്രഹങ്ങളെ
മൂടിവച്ചിടുന്നു..

എന്‍റെ ക്ലാസ്സിലെ (രണ്ട്)..

Wednesday, December 24, 2008

35.ആഭാസന്‍റെ കുമ്പസാരം

ഷാപ്പിലിരുന്നു രണ്ടെണ്ണം വീശുമ്പോഴാണ് അടുത്തിരുന്നു കുടിച്ചുകൊണ്ടിരുന്ന ലിന്‍സന്‍ കുമ്പസാരകഥ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം കാണിച്ച പാപങ്ങള്‍ ഒക്കെതന്നെ ഒറ്റ കുമ്പസാരത്താല്‍ കഴുകി കളഞ്ഞത്രേ.. കേട്ടപ്പോള്‍ അവുസേപ്പിനും സംഭവം കൊള്ളാമെന്ന് തോന്നി..

ജനിച്ചു മാമോദീസയ്ക്ക് വേണ്ടിയാണ് ജീവിതത്തില്‍ ആകെയൊരിക്കല്‍ പള്ളിയില്‍ പോയത്. സാധാരണ ഇടത്തരം വിശ്വാസം മാത്രമുള്ള ക്രിസ്ത്യാനിയെപ്പോലെ കല്യാണത്തിന് പള്ളിയില്‍ പോകാമെന്ന് വെച്ചാല്‍ ചെല്ലുന്നിടം തറവാടും കിട്ടുന്നവള്‍ മണവാട്ടിയും ആക്കുന്ന തനിക്ക് അതിന്‍റെ ആവശ്യം വരുമെന്ന് തോന്നുന്നില്ല.. ഇനി മരിക്കുമ്പോള്‍ പോകാമെന്ന് വെച്ചാല്‍ കൈയിലിരുപ്പുമൂലം എപ്പോള്‍ എവിടെ കാറ്റുപോകും എന്നൊരു ഉറപ്പും ഇല്ല..

ഇനി ലിന്‍സന്‍ പറഞ്ഞപോലെ ഒന്നു പോയി കുമ്പസരിച്ചാലോ..പതിവ് പോലെ ഷാപ്പില്‍ കടം പറഞ്ഞു അവുസേപ്പ്‌ ഇറങ്ങി നടന്നു.. പെട്ടെന്ന് എന്തോ ഓര്‍ത്തു തിരിഞ്ഞു നിന്നു.. ഷാപ്പില്‍ കുടിച്ചു കൊണ്ടിരുന്ന എല്ലാവരുടെയും കണ്ണുകള്‍ അവുസേപ്പിലായിരുന്നു..

" എടാ ലിന്‍സാ... എന്‍റെയാ കൈലി ഷാപ്പിനുള്ളിലാ .. എടുത്തു കൊണ്ടു വാ..."

ഉറക്കെ വിളിച്ചു പറയണ്ട താമസം കൈലി കൊണ്ട് ലിന്‍സന്‍ ഹാജര്‍. അല്ലെങ്കിലും ഷാപ്പിലെ സീനിയര്‍ കുടിയനായ തന്നെ വെറുപ്പിക്കാന്‍ ലിന്‍സനാവുമോ..?കൈലി വാരിയുടുത്തു..

" ഡാ ലിന്‍സാ .. ഞാന്‍ നേരെ പള്ളിയില്‍ പോവുകയാ.. ഒന്നു കുമ്പസരിക്കണം.. എല്ലാ പാപങ്ങളും അങ്ങ് തീര്‍ത്തേക്കാം.. ഇനി അടുത്ത കൊല്ലം മുതല്‍ അല്പം ഡീസന്റായി ജീവിക്കണം."

ലിന്‍സന്‍ ഒന്നും മിണ്ടാതെ കൂടെ കൂടി.തൊട്ടടുത്താണ് പള്ളി.. ഷാപ്പിന്‍റെ നിയമാനുസൃതമായ പരിധിയുടെ തൊട്ടു വെളിയില്‍ ആണ് പള്ളി.. (പള്ളിയുടെ നിയമാനുസൃതമായ പരിധി എന്ന് വിശ്വാസികള്‍ പറയും..)ചെന്നപാടെ അച്ചനെ വിളിച്ചു..

"കൂയി.....ഓയി... അച്ചോ....."

ഫാദര്‍ വില്യം ഡിക്രൂസ് ഇറങ്ങി വന്നു..

"എന്താ മോനേ....അല്ല നീ അവുസേപ്പല്ലേ.. എന്‍റെ മരണത്തിനു മുമ്പെ നിന്നെ നേര്‍വഴി കാട്ടണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു... ഏതായാലും നീ വന്നല്ലോ.."

അവുസേപ്പോന്നു ഞെട്ടി..എടാ ഞാന്‍ വരുന്നെന്നു അച്ചനെങ്ങനെ അറിയാം..

" അച്ചോ അതൊക്കെ പോട്ടെ.. എനിക്കൊന്നു കുമ്പസരിക്കണം.."

"ഇപ്പോഴോ .."

" അതെന്താ അച്ചോ... സമയം നോക്കി കുമ്പസരിപ്പിക്കാന്‍ ഇതെന്താ സിനിമാ തീയേറ്റര്‍ ആണോ.."

കൂടുതല്‍ പറഞ്ഞാല്‍ കാര്യം വഷളാവും എന്നറിയാവുന്ന അച്ചന്‍ അവുസേപ്പിനെയും കൂട്ടി അകത്തേക്ക് പോയി..അവുസേപ്പ്‌ കുമ്പസാരം തുടങ്ങി.

" അച്ചോ.. ഞാന്‍ പാപിയാണ്.. ഇതു വരെ മനം നൊന്തു പ്രാര്‍ത്ഥനയോ കുമ്പസാരമോ നടത്തിയിട്ടില്ല.. എന്നെ നേരെയാക്കണേ.. കര്‍ത്താവ് കേട്ടില്ലാ എന്ന് വരും.. അച്ചന്‍ പറയണേ. പിന്നെ പണ്ടൊരിക്കല്‍ പള്ളിയില്‍ കയറി വഞ്ചി പൊളിച്ചതും പള്ളിവക പശുവിനെ മോഷ്ടിച്ചതും ഞാന്‍ തന്നെ.. "

കേട്ടുകൊണ്ടിരുന്ന അച്ചന്‍ ഞെളിപിരി കൊണ്ടു.

"അച്ചന്‍ പിണങ്ങരുത്.. അച്ചന്‍റെ മോളെ കമന്റടിച്ചു എന്നോ അവളുടെ കഴുത്തില്‍ കിടന്ന മാലയാരോ പറിച്ചു എന്നൊരു കേസില്ലേ.. അതും ഞാന്‍ തന്നെയായിരുന്നു..പിന്നെ അച്ചന്‍റെ ഭാര്യയുടെ രഹസ്യ കാമുകന്‍ ആരാണെന്നു പറഞ്ഞു എന്നും ഭാര്യയെ അടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തില്ലേ.....ആയ കാമുകനും ഞാന്‍ തന്നെ.."
അച്ചന്‍ ചാടി എഴുന്നേറ്റു.. നേരെ അവുസേപ്പിന്‍റെ കരണം നോക്കി ഒന്നു കൊടുത്തു..

"ഡാ കള്ളാ.. നിന്നെ .. പോലീസില്‍ ഏല്‍പ്പിക്കും.."

"ഓ പിന്നെ ഞോട്ടും. കുമ്പസാര രഹസ്യം വെളിയില്‍ പറയരുതെന്നല്ലേ.."

"ഒന്നാമത്തെ നീയൊക്കെ പറയുന്ന ആഭാസത്തരങ്ങള്‍ കേട്ടു കേട്ട് ഞങ്ങള്‍ പെഴച്ചു പോയി.. ഇനി വയ്യ.. പിന്നെ നീ ചെയ്ത പാപങ്ങള്‍ കേട്ടിട്ടും ഒന്നും ചെയ്തില്ലെങ്കില്‍ പിന്നെ .."

" അച്ചോ ... ഞാന്‍ കുമ്പസാരിച്ചു.. ഞാന്‍ വിശുദ്ധന്‍ ആയി.. ഇനി അച്ചന്‍ എന്നെ തല്ലിയാല്‍ അച്ചന്‍ പാപിയാവും..എന്ത് പറയുന്നു.."

അച്ചന്‍ ദേഷ്യത്തോടെ നോക്കി.. നേരെ പള്ളിയില്‍ നിന്നിറങ്ങി വീട്ടിലേക്ക് നടന്നു... അവിടെ ചെന്നിട്ടു വേണം ഭാര്യക്ക് രണ്ടു കൊടുക്കാന്‍.

" അച്ചോ... ഞാന്‍ വിശുദ്ധന്‍ ആണ് കേട്ടോ... തിരിച്ചു വരുമ്പോള്‍ കുമ്പസരിക്കണമെങ്കില്‍ എന്‍റെ വീട്ടിലോട്ടു വന്നാല്‍ മതി..പള്ളി പോലെ പരിശുദ്ധമല്ലേ എന്‍റെ വീടും. ങ്ങ പിന്നെ എന്‍റെ ചെരുപ്പ് അച്ചന്‍റെ വീട്ടില്‍ ഉണ്ടോന്നൊരു സംശയം. ഒന്നു നോക്കണേ. "

അവുസേപ്പ്‌ വീടിലേക്ക്‌ നടന്നു.....അഴിഞ്ഞു വീണ കൈലി എടുത്തുകൊണ്ടു ലിന്‍സന്‍ പിന്നാലെ നടന്നു..ആഭാസനില്‍ നിന്നു വിശുദ്ധനായ അവുസേപ്പ്‌ വീട്ടിലേക്ക് നടക്കുമ്പോള്‍ ഭാര്യക്ക് തല്ലു കൊടുത്തു ആഭാസന്‍ ആവാന്‍ അച്ചന്‍ തന്‍റെ വീട്ടിലേക്കും നടന്നു.

കള്ളനായാലും കള്ളുകുടിയനായാലും സത്യത്തില്‍ ഹൃദയം നൊന്തു പശ്ചാത്തപിക്കുന്നവനോട് കര്‍ത്താവ് പൊറുക്കും.. കുപ്പയമിട്ടാലും കൂതറപണി കാണിച്ചാല്‍ അവരോട് കര്‍ത്താവ് പൊറുക്കില്ല..

(കുമ്പസാരിച്ചാല്‍ പാപ വിമുക്തനാവും എന്ന വിശ്വാസത്തില്‍ കുമ്പസരിച്ച അവുസേപ്പിനോട് കര്‍ത്താവ് പൊറുത്തു മാപ്പു നല്കി... എന്നാല്‍ കല്ലുകുടിയന്‍റെ വാക്കു കേട്ടു ഭാര്യയെ തല്ലിയ അച്ചനോട് കര്‍ത്താവ് ക്ഷമിച്ചില്ല..)


എന്‍റെ ബ്ലോഗിന്‍റെ ആദ്യ ക്രിസ്മസ്. നാലുമാസം മുമ്പ് ഇതെഴുതി തുടങ്ങിയപ്പോള്‍ എങ്ങനെ മുമ്പോട്ട്‌ പോകണം എന്നുപോലും അറിയില്ലായിരുന്നു.. എന്തെഴുതണം.എങ്ങനെ എഴുതണം. എങ്ങനെ അഗ്ഗ്രികള്‍ക്ക് നേര്‍ച്ച ഇടണം. തുടങ്ങി നൂറു നൂറു സംശയങ്ങള്‍.. ഈ വര്‍ഷം ആയിരം ആളുകള്‍ എങ്കിലും ബ്ലോഗില്‍ വന്നുപോകണം എന്നൊരു മോഹം ഉണ്ടായിരുന്നു.. പക്ഷെ അതില്‍ കൂടുതല്‍ ആളുകള്‍ വരുകയും എനിക്ക് പ്രോത്സാഹനം തരുകയും ചെയ്തു.. എല്ലാവര്‍ക്കും നന്ദി.

ക്രിസ്മസ് ആശംസകള്‍ ഒപ്പം പുതുവത്സരാശംസകള്‍

സസ്നേഹം
(ദീപക് രാജ്)

ക്രിസ്മസ് കേക്ക്

(സൂപ്പറാണ് കേട്ടോ..)

Sunday, December 21, 2008

34.മരണത്തിനൊരു സല്യുട്ട്..

രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചു നോക്കി.. പ്രീഡിഗ്രീ തോറ്റു ഐ.ടി.ഐ.യും കഴിഞ്ഞശേഷം തുടങ്ങിയ കലാപരിപാടില്‍പ്പെടുന്ന ഒന്നാണ് കാലത്തെയുള്ള പത്രപാരായണം.. അത്രെയും നേരം അടുക്കളയില്‍ ശല്യം ചെയ്യില്ല എന്ന അമ്മച്ചിയുടെ ആശ്വാസം പറച്ചില്‍ പലപ്പോഴും കേട്ടിട്ടുണ്ട്..

പത്രത്തില്‍ തൊഴില്‍വാര്‍ത്തയും കായികവാര്‍ത്തകളും മാത്രമെ നോക്കാറുള്ളൂ.ഷക്കീല പടത്തിന്‍റെ പരസ്യം നോക്കിയാലും രാഷ്ട്രീയ വാര്‍ത്തകള്‍ വായിക്കരുതെന്ന അപ്പച്ചന്‍റെ കര്‍ശനനിയന്ത്രണം മൂലം രാഷ്ട്രീയ വാര്‍ത്തകള്‍ ഒന്നും വായിക്കാറില്ല. അതുകൊണ്ട് തന്നെ പിണങ്ങാറായി സഖാവോ, അച്ചുമാമനോ കൊടിയിറക്കിയ സഖാവോ ഒന്നും സ്വപ്നത്തില്‍ വന്നു പേടിപ്പിക്കാറില്ല..

പലപ്പോഴും ചിന്തിക്കാറുണ്ട്.. ഈ രാഷ്ട്രീയക്കാര്‍ തങ്ങള്‍ കാണിക്കുന്നതെന്തും വായിക്കാനുംഅറിയാനും ആളുകള്‍ക്ക് താല്‍പര്യം ഉണ്ടെന്നറിയാവുന്നതു കൊണ്ടാണോ ഈ ചവിട്ടുനാടകങ്ങള്‍ കാണിക്കുന്നത്.. വീണ്ടും പത്രത്തിന്‍റെ ഓരോ പേജുകളില്‍ കണ്ണോടിച്ചു.. യാദൃശ്ചികമായി പേജിന്‍റെ വലത്തേ മൂലയില്‍കിടന്ന ഒരു വാര്‍ത്ത‍ കണ്ണില്‍പെട്ടു.

" കോട്ടയം: കുറുപ്പുംതറ സ്വദേശി റോയി (29 വയസ്സ് ) ട്രെയിനിന്‍റെ മുമ്പില്‍ ചാടി ജീവനൊടുക്കി. ഒമാനില്‍ ജോലിയുണ്ടായിരുന്ന റോയി കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കന്യാകുമാരി എക്പ്രേസ്സിന്‍റെ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.ട്രെയിനിന്‍റെ മുമ്പിലേക്ക് സല്യൂട്ട് ചെയ്തു എടുത്തു ചാടിയ ഇയാളെ ആര്‍ക്കും രക്ഷിക്കാനാവുന്നതിനു മുമ്പെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.. ഒമാന്‍ മിനിസ്ട്രിയില്‍ ജോലിചെയ്യുന്ന സിസിലിയാണ് ഭാര്യ. പരേതനു കുട്ടികളില്ല.."

ആദ്യം ഒന്നു ഞെട്ടി.. ട്രെയിനിനു മുമ്പില്‍ എടുത്തിചാടി ആത്മഹത്യ ഒരു പുതുമയല്ല.. പക്ഷെ സല്യൂട്ട് ചെയ്തുകൊണ്ട് ചാടിയെന്നോ.. പേരും മറ്റും ഒന്നുകൂടി നോക്കി..കര്‍ത്താവേ ഇതു റോയിച്ചന്‍ അല്ലെ... വേഗം എഴുന്നേറ്റ് ഫോണിരിക്കുന്ന മുറിയിലേക്കോടി.

അമ്മച്ചി അവിടെ ഫോണ്‍ പിടിച്ചുകൊണ്ടു നില്‍പ്പുണ്ട്‌..

"അമ്മച്ചി.... റോയിച്ചന്‍.."

"അവന്‍ പോയി........."

അമ്മച്ചി അടുത്തുള്ള കസേരയിലെക്കിരുന്നു..ഞാന്‍ അടുത്ത് ചെന്നു അമ്മച്ചിയുടെ തോളില്‍ പിടിച്ചു..ഒരു നിമിഷം റോയിച്ചനെകുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തി..

അപ്പച്ചന്‍റെ ഏതോ വിദൂരബന്ധത്തിലുള്ള ഒരാളാണ് റോയിച്ചന്‍..
റോയിച്ചന്‍റെ ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചത് കൊണ്ടു കുറെനാള്‍ ഇവിടെ വന്നു താമസിച്ചു പഠിച്ചിട്ടുണ്ട്.. പഠനത്തില്‍ മിടുക്കനായിരുന്നു.പത്താം തരത്തില്‍ ഏഴാം റാങ്ക് വാങ്ങിയപ്പോള്‍ പത്രക്കാര്‍ വന്നതും മറ്റും ഇന്നും ഓര്‍മയുണ്ട്.അന്നിവിടെ താമസിച്ചായിരുന്നു പഠനം.പക്ഷെ ഇടയ്ക്കെപ്പോഴോ എന്തോ കാരണം പറഞ്ഞു ഇവിടെനിന്നുള്ള പഠനം നിര്‍ത്തി..ഒപ്പം ഇവിടെയ്ക്കുള്ള വരവും.


പിന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ആണ്.. ഒരു മഴയുള്ള രാത്രി.. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് വാതില്‍ തുറന്നു നോക്കിയത്..
റോയിച്ചന്‍ ആയിരുന്നു അത്..

"എടാ ഒരു തോര്‍ത്ത്‌ താ.. ഈ തലയൊന്നു തോര്‍ത്തട്ടെ.."

വന്നപാടെ തോര്‍ത്തു ചോദിച്ചു,.ഞാന്‍ തോര്‍ത്ത്‌ കൊടുത്തു..

"റോയിച്ചന്‍ എന്താ ഇപ്പോള്‍..."

"എന്താടാ ഇപ്പോള്‍ വരാന്‍ പറ്റത്തില്ലേ.. എന്‍റെ മനസ്സമ്മതം അടുത്ത ആഴ്ചയാ.. അത് പറയാനാ വന്നത്.."

ഞാന്‍ കൌതുകത്തോടെ നോക്കി..

"എടാ പെണ്ണ് ഒമാനിലാ..നേഴ്സ്..അപ്പോള്‍ ഞാനും കെട്ട് കഴിഞ്ഞാല്‍ അടുത്താല്‍ വിമാനത്തില്‍ പറക്കും.."

റോയിച്ചന്‍ വളരെ ഉത്സാഹത്തില്‍ ആയിരുന്നു.പിന്നെ റോയിച്ചനെ കാണുന്നത് കെട്ട് കഴിഞ്ഞു നാലുമാസമായപ്പോള്‍ ആയിരുന്നു.
അന്ന് അപ്പച്ചനും അമ്മച്ചിയും പള്ളിയില്‍ പോയിരിക്കുകായിരുന്നു.. ഒരു ഞായറാഴ്ച്ച.

വന്നപ്പോള്‍ തന്നോടു തീപ്പെട്ടി ആവശ്യപ്പെട്ടു..

"എന്താ അച്ചായ..?"

ഞാന്‍ അല്പം പേടിയോടെ ചോദിച്ചു..കാരണം റോയിച്ചന്‍ പുകവലിഉള്ള ആളല്ല എന്നറിയാമായിരുന്നു..

"എടാ.. ഞാന്‍ ഇപ്പോള്‍ തുടങ്ങി...ഇതു വെറും പുകയല്ല..ഇവനിലൂടെ ഞാന്‍ എന്‍റെ ദുഖങ്ങളെ ഊതി പറപ്പിക്കുകയാ.......ശൂ .ശൂ..അങ്ങനെ പറന്നങ്ങ് പോവും.. ഈ പുകയിലൂടെ എന്‍റെ ആത്മാവിനെ അങ്ങനെ പറപ്പിക്കാമോ എന്ന് നോക്കുകയാണ്... നീ നോക്കിക്കേ.. പോകുന്നുണ്ടോ..?"

എനിക്കൊന്നും മനസ്സിലായില്ല..അല്ലെങ്കിലും റോയിച്ചന്‍റെ ചിന്തകളും ആശയങ്ങളും എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതിന്‍റെ അപ്പുറത്തായിരുന്നല്ലോ..

"എടാ നീ നോക്കിക്കോ.. ഞാന്‍ ഇങ്ങനെ എന്‍റെ വിഷമങ്ങളെയും ആത്മാവിനെയും ഈ പുകയിലൂടെ ഊതിവിടും..ഇങ്ങനെ അത് പറന്ന് പറന്ന് നടക്കും.. പിന്നെ ഇങ്ങനെ താഴെ നിശ്ചലമായി കിടക്കുന്ന എന്‍റെ ശവത്തിനെ സല്യൂട്ട് ചെയ്തു അങ്ങനെ പറന്ന് പോവും..അറിയാമോ.."

പിന്നെയും റോയിച്ചന്‍ എന്തെക്കൊയോ പറഞ്ഞുകൊണ്ടിരുന്നു..

"റോയിച്ചാ എനിക്കൊന്നും മനസ്സിലാവുന്നില്ല.."

ഞാന്‍ സത്യം തുറന്നു പറഞ്ഞു,,

"എടാ അലക്സേ .. നീ മുറ്റത്തേക്ക്‌ നോക്കിക്കേ...അവിടെ ഒരു വെട്ടികളഞ്ഞ കാപ്പിമരത്തിന്‍റെ കുറ്റി കണ്ടില്ലേ... നോക്കൂ.."

ഞാന്‍ വെളിയിലേക്ക് നോക്കി...

"കണ്ടോ...അതിലൊരു നഗ്നയായ സ്ത്രീ രൂപം കാണുന്നില്ലേ.ഇല്ലേ."

ഞാന്‍ ഒന്നും കണ്ടില്ല..പിന്നെയും ഏറെ നേരം റോയിച്ചന്‍ ആ സ്ത്രീ രൂപത്തെയും അവളുടെ സൌന്ദര്യത്തെയും പറ്റി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു..അവസാനം റോയിച്ചന്‍റെ സമാധാനത്തിനു വേണ്ടി ഞാന്‍ സമ്മതിച്ചു.മുറ്റത്തെ കുറ്റിയില്‍ സ്ത്രീരൂപം ഉണ്ടെന്നു പറഞ്ഞു..പെട്ടെന്ന് എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് റോയിച്ചന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു..

"എടാ ഇതു പോലെ എന്‍റെ ഭാര്യ എന്നെ നായ എന്ന് വിളിക്കാറുണ്ട് .. ഞാന്‍ നന്ദിയില്ലാത്ത നായ ആണത്രേ...അവസാനം നീ എന്‍റെ സമാധാനത്തിനു അവിടെ സ്ത്രീ രൂപം ഉണ്ടെന്നു സമ്മതിച്ചപോലെ ഞാനും അവളുടെ സമാധാനത്തിനു വേണ്ടി നായയാണെന്നു സമ്മതിക്കാറുണ്ട്.. പക്ഷെ എനിക്ക് കൊരയ്ക്കാനവില്ലെടാ.കൊരയ്ക്കാനവില്ലാ.. ഇനി വാലാട്ടാനാവില്ല.."

പിന്നെയും റോയിച്ചന്‍ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
പക്ഷെ അമ്മച്ചിയും അപ്പച്ചനും പള്ളിയില്‍ നിന്നു വരുന്നതിനു മുമ്പെ റോയിച്ചന്‍ പോയി..വഴിയില്‍ അമ്മച്ചിയെ കണ്ടിരുന്നുന്നെന്നു അമ്മച്ചി പറഞ്ഞു ഞാന്‍ അറിഞ്ഞു.പക്ഷെ റോയിച്ചന്‍ ഇവിടെ വന്നിരുന്നുവെന്ന് എന്തുകൊണ്ടോ എനിക്ക് പറയാന്‍ തോന്നിയില്ല..

"എടാ ഞാന്‍ റോയിച്ചനെ കണ്ടിരുന്നു,..വഴിയില്‍ വെച്ച്.. നിന്നോട് എന്തോ വാങ്ങി വെയ്കാന്‍ പറഞ്ഞു...അവന്‍ ഇനിയും ഈ ആഴ്ചയില്‍ വരുന്നുണ്ടത്രേ..."

അമ്മച്ചി പറഞപ്പോള്‍ എന്താണ് കാര്യമെന്ന് അറിഞ്ഞില്ല..പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ റോയിച്ചന്‍ വിളിച്ചു..

"എടാ..നീ വാങ്ങിയോ..."

എന്തിനെ പറ്റിയാ ചോദിക്കുന്നതെന്ന് മനസ്സിലായില്ല..

"എന്താ റോയിച്ചാ... എനിക്കൊന്നും മനസ്സിലായില്ല.."

ഞാന്‍ തുറന്നു പറഞ്ഞു..

"എടാ.. ചുമ്മതാ.. നിന്നെയൊന്നു പറ്റിക്കാന്‍ പറഞ്ഞതാ..പിന്നെ ഒരു കാര്യം പറയട്ടെ..പുകയിലൂടെ ആത്മാവിനെ ഊതി വിടാന്‍ പറ്റുമത്രേ.... ആത്മാവിനെ ഊതിവിട്ടു മരണത്തെ സല്യുട്ട് അടിച്ചൊരു യാത്ര..കൊള്ളാം അല്ലെ..."

എനിക്കൊന്നും മനസ്സിലായില്ല.പക്ഷെ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..മരണത്തിലും ആര്‍ക്കും റോയിച്ചനെ മനസ്സിലാക്കാനായില്ല..

അന്ന് അമ്മച്ചിയോട്‌ വാങ്ങിവയ്ക്കാന്‍ ആവശ്യപ്പെട്ടത് ...ഇനി ആ ശവത്തില്‍ ചാര്‍ത്താന്‍ ഒരു പനിനീര്‍ പുഷ്പമാണോ.......? മരണത്തിലും ആര്‍ക്കും മനസ്സിലാക്കുവാനാകാതെ ഒരുപിടി സംശയങ്ങള്‍ അവശേഷിപ്പിച്ചൊരു മരണം..

ആത്മാവിനെ പുകയിലൂടെ ഊതിവിട്ട റോയിച്ചനു വേണ്ടി ഒരു പനിനീര്‍ പുഷ്പം സമര്‍പ്പിക്കട്ടെ..

Friday, December 19, 2008

33.കൈക്കാരനും ശ്മശാനത്തിലെ പ്രേതവും.

ചെറുപ്പത്തിലെ മകനെ അച്ചനാക്കാന്‍ വീട്ടുകാര്‍ നേര്‍ന്നിരുന്നു. പക്ഷെ വളര്‍ന്നുവന്നപ്പോള്‍ മകന്‍റെ മുഖത്തെ രൂപവും ഭാവവും കണ്ടു മാതാപിതാക്കള്‍ നേര്‍ച്ച മാറ്റി. അതിന് പകരം പള്ളിയ്ക്ക് ഒരു മണിവാങ്ങികൊടുത്തു നേര്‍ച്ച കൊടുക്കാത്തതിന്‍റെ പാപത്തില്‍ നിന്നു രക്ഷനേടാന്‍ ആ പാവങ്ങള്‍ ശ്രമിച്ചു..

പക്ഷെ അവര്‍ക്കുണ്ടോ അറിയൂ ... ഇവനെ അച്ചനാക്കാതിരിക്കാന്‍ കര്‍ത്താവിനും നേര്‍ച്ചയുണ്ടായിരുന്നു. കാരണം ഈ മാന്യദേഹം അച്ചനായാല്‍ കര്‍ത്താവിന്‍ പ്രതിരൂപമാണല്ലോ അച്ചന്‍ എന്ന വകയില്‍ അച്ചനിലൂടെ കര്‍ത്താവിനും വേണ്ടുവോളം തെറി കിട്ടും. ഭൂമിയിലെ പാപികള്‍ ചെയ്ത പാപത്തിനു കുരിശു വരിച്ച കര്‍ത്താവിനു ഇനിയും ശമുവേലിന്‍റെ രൂപത്തില്‍ മറ്റൊരു കുരിശ് ചുമക്കാന്‍ പദ്ധതിയില്ലായിരുന്നു എന്നതാണ് വാസ്തവം.

പക്ഷെ കര്‍ത്താവിനെയും നമ്മുടെ കഥാനായകന്‍റെ മാതാപിതാക്കളുടെയും നേര്‍ച്ചയെ പറ്റി അറിയുമായിരുന്ന ദൈവം പക്ഷെ വിധിയുടെ രൂപത്തില്‍ വന്നു കഥാനായകനെ പള്ളിയിലെ കൈക്കാരന്‍ ആക്കി മാറ്റി..അങ്ങനെ ദൈവം കര്‍ത്താവിനോടും ടിയാന്‍റെ മാതാപിതാക്കളോടും ഒരു സമദൂരം പാലിച്ചു എന്ന് പറഞ്ഞാല്‍ മതി.

ഇനി കഥാനായകനെ പരിചയപ്പെടാം.പേരു ശമുവേല്‍.. പേരിന്‍റെ വാലില്‍ ഒരു വേല്‍ ഉണ്ടെങ്കിലും മാന്യദേഹത്തിനു പളനി ശ്രീമുരുകനുമായോ അദ്ദേഹത്തിന്‍റെ വേലുമായോ യാതൊരു ബന്ധവും ഇല്ല.. അഥവാ ആരെങ്കിലും ഉണ്ടെന്നു പറഞ്ഞാല്‍ ശമുവേല്‍ മിണ്ടില്ലെങ്കിലും ശ്രീമുരുകന്‍ തന്‍റെ വേലിനെ അപകീര്‍ത്തിപെടുത്തി എന്ന് പറഞ്ഞു കേസുകൊടുക്കും..ആന മണ്ടത്തരങ്ങളുടെ ആകെ തുകയെന്നോ മണ്ടത്തരങ്ങളുടെ പര്യായം എന്നോ ചില ദോഷൈകദൃക്കുകള്‍ വിളിക്കുമെങ്കിലും ചില വിവരദോഷത്തിന് മണ്ടത്തരങ്ങള്‍ എന്ന പേരു കൊടുത്താല്‍ ശമുവേല്‍ എന്ത് ചെയ്യും..

ഇനി കഥയുടെ റൂട്ട് മാറുന്നു... നേരെ കാര്യത്തിലേക്ക് കടക്കട്ടെ.. കഥതുടങ്ങുന്നത് ഇങ്ങനെ.. ആകെപ്പാടെ ഇരുപതു വീടുകള്‍ മാത്രമുള്ള ഇടവകയിലേക്ക് പുതിയതായി എത്തിയാതാണ് ഫാദര്‍ തെക്കുംമൂടന്‍ എന്നറിയപ്പെടുന്ന ജോണ്‍ അച്ചന്‍.ചെറുപ്പക്കാരനും ടൌണിലെ കോളേജില്‍ മലയാളം വായിക്കുന്നവനും (റീഡര്‍ എന്ന് ആംഗലേയം) ആയ ജോണ്‍ അച്ചന്‍ പ്രേത കഥകളുടെ സ്ഥിരംവായനക്കാരന്‍ ആയിര‌ുന്നു. പരേതന്‍,കുറുമാന്‍ തുടങ്ങിയവരുടെ ബ്ലോഗും വായിക്കുമത്രേ.ഒപ്പം തന്‍റെ വിശാലമായ വായനകൊണ്ട്‌ കിട്ടുന്ന പ്രേതാനുഭവങ്ങള്‍ ശമുവേലിന്‍റെ തുടങ്ങി പലരുടെയും പേരില്‍ പ്രേതനോവലുകള്‍ ആക്കി മംഗളം,മനോരമ വാരിക തുടങ്ങിയ "മ" പ്രസിദ്ധീകരങ്ങളിലും അച്ചടി മഷി പുരട്ടുമായിരുന്നത്രേ..

ശമുവേലിന്‍റെ പേരില്‍ തങ്ങളുടെ കഥകള്‍ പ്രസിദ്ധീകരിച്ചതിനാല്‍ പ്രേതങ്ങള്‍ക്കും ശമുവേലിനോട് ഒരു നീരസം ഉണ്ടെന്നത് ഇതിനിടെ ശമുവേല്‍ തിരിച്ചറിഞ്ഞു..നമ്മുടെ അച്ചന്‍ കൊണ്ടു വച്ചിരുന്ന മുഴുവന്‍ പ്രേതകഥകളും വാരികകളില്‍ എഴുതുന്ന പ്രേതനോവലുകളും വായിക്കുകയായിരുന്നു നമ്മുടെ ശമുവേലിന്‍റെ പകല്‍സമയങ്ങളിലെ വിനോദം.അല്ലാതെ പ്രത്യേകിച്ച് പള്ളിയില്‍ പണിയും ഇല്ല. പിന്നെ വായിച്ചു മടുക്കുമ്പോള്‍ വിശാലമായി ഉറങ്ങി ബോറടി മാറ്റുന്നതും ചെറിയ വിനോദങ്ങളില്‍പ്പെടുന്നു.

കുഗ്രാമം ആയിരുന്നതും പ്രത്യേകിച്ച് പള്ളിയ്ക്ക് തെമ്മാടിക്കുഴി ഇല്ലായിരുന്നതിന്നത് കൊണ്ടും എല്ലാവരെയും ഒരേ സെമിത്തേരിയില്‍ ആയിരുന്നു അടക്കിയിരുന്നത്‌.. അതുകൊണ്ട് തന്നെ തൂങ്ങി മരിച്ചവരും വിഷമടിച്ചു നരകലോകം പ്രാപിച്ചവരും മാന്യമായി കര്‍തൃസന്നിധിയില്‍ പോയവരും തമ്മില്‍ പ്രശ്നമുണ്ടാകാതെ ഒരേ സെമിത്തേരിയില്‍ ഉറങ്ങുന്നുണ്ടായിരുന്നു.

അന്നൊരു വെള്ളിയാഴ്ച.. കഥകളില്‍ പറയുന്ന പോലെ പ്രേതങ്ങള്‍ ഇറങ്ങി വിഹരിക്കുന്ന ദിവസം.. ശമുവേല്‍ മുറ്റത്തു മുള്ളാന്‍ ഇറങ്ങിയപ്പോള്‍ ശവക്കോട്ടയില്‍ ഒരനക്കം.. കണ്ണ് തിരുമ്മി നോക്കി... ഇനി കുറുമാന്‍റെയോ പരേതന്‍റെയോ പ്രതങ്ങള്‍ കഥകളില്‍ നിന്നു വന്നതാണോ.. അതോ ഇനി ജോണ്‍ അച്ചന്‍ സൃഷ്‌ടിച്ച പ്രേതങ്ങളാണോ..? അതോ ഇനി വെറും തോന്നലാണോ..??അല്ല സത്യമായും കല്ലറയില്‍ അനക്കം ഉണ്ട്..കണ്ടിട്ട് ഒന്നിലധികം പ്രേതങ്ങള്‍ ഉണ്ടെന്നു തോന്നുന്നു... നല്ലവണ്ണം വിറയ്ക്കുന്നുണ്ടായിരുന്നെങ്കിലും പ്രേതങ്ങളെ ഓടിയ്ക്കാന്‍ തന്നെ തീരുമാനിച്ചു..

"കര്‍ത്താവിന്‍റെ നാമത്തില്‍ ശക്തിയായി നിന്നോട് കല്‍പ്പിക്കുന്നു..പോ..പോ സാത്താനെ.."

പക്ഷെ അച്ചന്‍ പറയാതെ കൈക്കാരന്‍ പറഞ്ഞാല്‍ പ്രേതമുണ്ടോ പോകുന്നു...അല്ലെങ്കില്‍ തന്നെ കൈക്കാരന്‍ കടമറ്റത്ത്‌ കത്തനാരകാന്‍ ശ്രമിച്ചാല്‍ പ്രേതങ്ങള്‍ കേള്‍ക്കുമോ ..?? പ്രേതങ്ങള്‍ക്കും അതിന്‍റെതായ നിലവാരം ഇല്ലേ.. ആപ്പയും ഊപ്പയും പറഞ്ഞാല്‍ കേള്‍ക്കാന്‍ പ്രേതങ്ങള്‍ എന്താ രാഷ്ട്രീയക്കാരനോ..

ശമുവേല്‍ അച്ചനെ നീട്ടി വിളിച്ചു..

"അച്ചാ,..............."

പക്ഷെ ശബ്ദം തൊണ്ടയില്‍ കുടുങ്ങി..അവസാനം അടുത്ത സുഹൃത്തും പണ്ടു കാലത്തു ഷാപ്പിലെ സ്ഥിരം കൂട്ടു കുടിയനുമായിരുന്ന സദാശിവന്‍ പഠിപ്പിച്ച വേലയിലേക്ക് തിരിഞ്ഞു.. സാത്താനെ മുണ്ടുപൊക്കി കാണിച്ചു...കൈ വെള്ളയില്‍ മൂത്രം ഒഴിച്ച് സാത്താന് നേരെ എറിഞ്ഞു..ഒപ്പം

"അര്‍ജുനന്‍,ഫല്‍ഗുനന്‍ തുടങ്ങിയ നാമങ്ങളും.."

ഏതായാലും വിദ്യ ഫലിച്ചു..ഒരു പക്ഷെ ഹിന്ദു പ്രേതങ്ങള്‍ ആണെന്ന് തോന്നുന്നു .. വഴിമാറി കേറിയതാവം. പ്രേതങ്ങളെ കണ്ടില്ല. പോയെന്ന് തോന്നി.പ്രേതങ്ങളെ ഓടിച്ചു കഴിഞ്ഞപ്പോള്‍ വന്ന ധൈര്യവും കൊണ്ടു ശമുവേല്‍ നേരെ കുഴിമാടത്തില്‍ ചെന്നു.. പുതിയതായി ഒരാളെ മറവു ചെയ്ത കുഴിമാടത്തിലെ മണ്ണ് അല്പം ഇളകി കിടന്നിടത്ത് എന്നതോ കിടന്നു തിളങ്ങുന്നു..ശമുവേല്‍ കുനിഞ്ഞു ആ സാധനം കൈയിലെടുത്തു നേരെ അച്ചന്‍റെ അടുത്തേക്ക് നടന്നു..

പക്ഷെ ശമുവേല്‍ അച്ചന്‍റെ അടുത്ത് വരുന്നതിനു മുമ്പെ അച്ചന്‍ മുറി തുറന്നു ശമുവേലിന്‍റെ അടുത്തേക്ക്‌ വന്നു..വന്ന പാടെ അച്ചന്‍ ചോദിച്ചു...

"എന്താടോ രാത്രിയില്‍ ശവക്കോട്ടയില്‍ നിന്നു വരുന്നതു.. എന്തിനാ വെറുതെ തൊള്ള തുറന്നു കൂവിയത് .."

"അച്ചോ ഞാന്‍ ശവക്കല്ലറയില്‍..."

അച്ചന്‍ ദേഷ്യത്തോടെ ആക്രോശിച്ചു..

" എന്താടോ ഇത്..ഒന്നാമതെ അച്ചന്മാരും സഭയും പേരുദോഷം കേട്ടിരിക്കുകയ.. ഇനി ഇപ്പോള്‍ കൈക്കാരനും തുടങ്ങിക്കോ..നാണം ഇല്ലാതെ..."

"അച്ചാ പ്രേതം....ഞാന്‍ കല്ലറയില്‍..."

ഒരു വിധത്തില്‍ ശമുവേല്‍ പറഞ്ഞൊപ്പിച്ചു..

"പ്രേതം ആയിരുന്നെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യം എന്തായിരുന്നു...."

കൈയിലിരുന്ന സാധനത്തെ ചൂണ്ടി അച്ചന്‍ ചോദിച്ചപ്പോള്‍ ശമുവേല്‍ അച്ചന്‍റെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ തന്‍റെ കൈയില്‍ ഇരുന്ന സാധനം നോക്കി... ഒരു കോണ്ടം......

"പറഞ്ഞപോലെ പ്രേതങ്ങള്‍ക്കു ഇതെന്തിനാ അച്ചോ..??"

പതിയെ ശമുവേല്‍ ചോദിച്ചു

പിറുപിറുത്തുകൊണ്ട് നടക്കുന്ന അച്ചന്‍റെ പിന്നാലെ നടക്കുന്ന ശമുവേലിന്‍റെയും സംശയം പിന്നെയും അതുതന്നെയായിരുന്നു..

"പ്രേതങ്ങള്‍ക്കെന്തിനാ ........."

പാവം ശമുവേലിനോട് കര്‍ത്താവേ പൊറുക്കണം.. അറിയാത്ത കാര്യത്തിനു ശമുവേലിനെ തെറിപറഞ്ഞ അച്ചനോടും..

Thursday, December 18, 2008

32.കൂടോത്രം സോഫ്റ്റ് വേയര്‍ v1.0 (Beta)

"അപ്പോള്‍ അടുത്തത് എന്താ രാജേ...? മൊത്തത്തില്‍ പ്രശ്നം ആണെന്നാ കേട്ടത്."

ഗോപിയുടെ ചോദ്യം കേട്ടെങ്കിലും പെട്ടെന്നൊരു മറുപടി കൊടുക്കാനായില്ല. എക്കണോമിക് ക്രൈസിസ് ആണെത്രേ.. ഈയാഴ്ചയില്‍ തന്നെ മുന്നൂറിലധികം ജോലിക്കാരെയാ പിരിച്ചുവിട്ടത്.. രണ്ടു വര്‍ഷം മുമ്പ് ബാഗ്ലൂര്‍ എന്ന സോഫ്റ്റ് വെയര്‍ തൊഴിലാളികളുടെ സ്വര്‍ഗം എന്ന ഈ നാട്ടില്‍ വരുമ്പോള്‍ എന്തെല്ലാം സ്വപ്നങ്ങളായിരുന്നു. ഇരുപതിനായിരത്തിലധികം രൂപ ശമ്പളം. കമ്പനിയുടെ ഹോസ്റ്റല്‍ ..പക്ഷെ കിട്ടിയതില്‍ അധികം പബ്ബിലും ക്രെഡിറ്റ് കാര്‍ഡിലും ചെലവാക്കി.. ഒന്നു പച്ചപിടിച്ചു വരുമ്പോള്‍ ആണ് ഈ കഷ്ടകാലം..

"അപ്പോള്‍ അടുത്ത പ്ലാന്‍ എന്താ."

ഗോപി വിടാന്‍ ഉദ്ദേശമില്ല.. ഗോപി തട്ടുകട നടത്തുകയാണ്. ലോകത്തില്‍ സാമ്പത്തിക മാന്ദ്യം ആയാലും ഇറാക്കില്‍ അണുബോംബ് വീണാലും ഇവനെന്താ.. ജീവിതം സുഖം..

"ഗോപി ..സത്യത്തില്‍ എനിക്കൊരു പേടിയും ഇല്ല..ആകെയുള്ള വിഷമം നാട്ടില്‍ ഞാന്‍ ചെയ്തുകൊണ്ടിരുന്ന ബിസിനസ് കളഞ്ഞാ ഇവിടെ വന്നതെന്നാ.. ഇനിയും അവിടെ ചെന്നാല്‍ പഴയ ആളുകളെ ഒക്കെ ഒന്നു പിടിക്കാനാ പ്രശ്നം.."

"അതെയോ ..അപ്പോള്‍ അവിടെ നല്ല ബിസിനസ് കളഞ്ഞിട്ടാണോ വന്നത്..."

ഗോപിയ്ക്ക് ആശ്ചര്യം.

"ഞാന്‍ കാട്ടില്‍ നിന്നു തേന്‍ എടുത്തു കട്ടപ്പന ചന്തയില്‍ വില്‍ക്കുമായിരുന്നല്ലോ.. ഇനി..പുതിയ തെനീച്ചകൂട്ടങ്ങളെ തപ്പി കണ്ടു പിടിക്കണം..."

ഗോപിയുടെ മുഖത്തെ പുശ്ചം കണ്ടില്ലാന്നു നടിച്ചു...

"അപ്പോള്‍ നാട്ടില്‍ പോയാല്‍ വീണ്ടും തേന്‍ എടുപ്പ് തന്നെ.അല്ലെ..?"

ഗോപി വിടാന്‍ ഉദ്ദേശമില്ല..

"അല്ല ഗോപി.. അച്ഛന്‍ എനിക്ക് ജീവിക്കാന്‍ ഉള്ള വക ഉണ്ടാക്കിയിട്ടുണ്ട്.. പക്ഷെ ഞാന്‍ അച്ഛനെ കേള്‍ക്കാതെയാ പോന്നത്.."

"അതെന്താ.."

"ഗോപി... ആറു കിലോയുടെ ഒരു തൂമ്പ(മണ്‍വെട്ടി) അച്ഛന്‍ വാങ്ങി വെച്ചിട്ടുണ്ട്...ജീവിക്കാന്‍ അതുമാത്രം ധാരാളം.."

ഗോപിയോടെ കൂടുതല്‍ഒന്നും പറയാതെ ഇരുപതുരൂപ എടുത്തു കൊടുത്തിട്ട് തിരികെ നടന്നു.. ഗോപി കാര്‍ക്കിച്ചു നീട്ടിതുപ്പുന്നത് കേട്ടു...

പിറ്റേന്ന് രാവിലെ ഓഫീസില്‍ ചെന്നു അരമണിക്കൂര്‍ കഴിഞ്ഞപ്പോഴെക്ക്‌ പ്യൂണ്‍ വന്നു വിളിച്ചു..

"പന്തന്‍ ചാലെക്കനിയാണ്.." കമ്പനിയുടെ എം.ഡി.

ഡോര്‍ മുട്ടാനോന്നും പോയില്ല..സ്വതവേ വളിപ്പന്‍ മുഖമുള്ള പന്തന്‍ അല്പം വികൃതമായി ചുണ്ടുകള്‍ കൊട്ടികൊണ്ടു പറഞ്ഞു..

"ലുക്ക് മിസ്റ്റര്‍ രാജ്. .. വീ ആര്‍ ഗോയിംഗ് ത്രൂ എ ടഫ്‌ ടൈം.. എന്താ പറയുക എന്നറിയുക എന്നറിയില്ല.. വീ ഹാവ് ടൂ റെഡ്യൂസ് അവര്‍ വര്‍ക്ക്ഫോഴ്സ്.. സോ...യു നോ വാട്ട് ഐ മീന്‍."

അപ്പോള്‍ എന്‍റെ കുറി വീണു കഴിഞ്ഞു ..

"അപ്പോള്‍ രാജ് എന്തെങ്കിലും പറയാനുണ്ടോ.."

"ഉണ്ട്..സര്‍.."

ഒരു നിമിഷം ആലോചിച്ചു...എന്താ പറയുക... മുണ്ടല്ല ഉടുത്തിരുന്നത്.. അല്ലെങ്കില്‍ പൊക്കികാണിക്കാമായിരുന്നു..

"സാര്‍ ഇത്രയേ ഉള്ളൂ.."

കൈയുടെ നടുവിരല്‍ പൊക്കിക്കാണിച്ചു കസേരയ്ക്കു ഒരു ചവിട്ടുകൊടുത്തു ഇറങ്ങി നടന്നു..കാബിനില്‍ പന്തന്‍ ബുള്‍ഡോഗിനെപോലെ കുരയ്ക്കുന്നത് കേട്ടു.അങ്ങനെ ജോലി പോയി അടുത്തത് എന്തെന്ന് അറിയില്ല..ഒരു നിമിഷം ബാല്യകാലം ഓര്‍മവന്നു.. എന്തെങ്കിലും ദേഷ്യം വന്നാല്‍ ആളുകളെ പ്രാകുന്ന തന്നെ കൂടോത്രക്കാരന്‍ എന്നുആളുകള്‍ വിളിച്ചിരുന്നു..തലയിലൂടെ പലവിധചിന്തകള്‍ പാഞ്ഞുപോയി..താമസിക്കുന്ന റൂമില്‍ വന്നപ്പോള്‍ അടുത്തത് എന്തെന്ന് എന്നതിന് പകരം പന്തനു കൂടോത്രം ചെയ്താലോ എന്നായിരുന്നു..

പക്ഷെ രാത്രി ഒത്തിരി താമസിച്ചു ഉറങ്ങിയപ്പോളെക്കും മനസ്സില്‍ അടുത്തത് എന്ത് ചെയ്യും എന്നവ്യക്തമായ തീരുമാനം ഉണ്ടായിരുന്നു..തീരുമാനം ഒരു പത്രപരസ്യമായി അടുത്ത ദിവസത്തെ പത്രത്തില്‍ വന്നു..

"നിങ്ങള്‍ക്കും കാണില്ലേ ഒരു ശത്രു.. നിങ്ങളുടെ ജീവിതത്തെ താറുമാറാക്കാന്‍ നടക്കുന്ന ഒരുവന്‍.. പക്ഷെ അവനെ നേരിടാന്‍ നിങ്ങള്‍ക്കാവുമോ.. എന്തിന് ഒരു മന്ത്രവാദിയെകാണണം.. നിങ്ങളുടെ ആവശ്യം എന്തുമാവട്ടെ.. ശത്രുസംഹാരമോ പ്രേമമോ എന്തും .... ഞങ്ങളുടെ കമ്പനി മാര്‍ക്കെറ്റില്‍ എത്തിച്ചിരിക്കുന്ന സോഫ്റ്റ് വെയര്‍ വാങ്ങുക.. കൂടോത്രം ചെയ്യാനുള്ള ഏറ്റവും പുതിയാ മാര്‍ഗം.. കള്ളന്മാരായ മന്ത്രവാദികളുടെ കെണിയില്‍ പെടാതിരിക്കുക.. നിങ്ങളുടെ വീട്ടില്‍ സ്വന്തം സ്വകാര്യതയുടെ മറവില്‍ കൂടോത്രം ചെയ്യാനുള്ള മാര്‍ഗം.സോഫ്റ്റ് വെയര്‍ വിലയായി രണ്ടായിരം രൂപയുടെ ഡി.ഡി.അയക്കുക.."

വലിയ പ്രതീക്ഷ ഇല്ലായിരുന്നു.. പക്ഷെ അയല്‍വാസികള്‍ നന്നാകുന്നതിലുള്ള മലയാളികളുടെ അസ്കിത...അതുമാത്രമായിരുന്നു ആകെ പ്രതീക്ഷ..ഒരാഴ്ച അങ്ങനെ കടന്നുപോയി.. അതിനിടയില്‍ കൂടോത്രത്തിനു ഒരു സോഫ്റ്റ് വെയര്‍ തയ്യാറാക്കിയിരുന്നു..ഇതിനിടയില്‍ വാങ്ങിയിരുന്ന സി.ഡി. ഡൂപ്ലിക്കെറ്ററില്‍ സി.ഡി.കള്‍ നൂറു കണക്കിന് കോപ്പി ചെയ്തുകൊണ്ടിരുന്നു..

പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ ആകെ പേടിയായി.. ദൈവമേ കേരളത്തില്‍ എല്ലാവര്‍ക്കും മാനസാന്തരമായോ..ആര്‍ക്കും അയലവക്കകാരനെ ദ്രോഹിക്കാന്‍ ആഗ്രഹം ഇല്ലേ.. ഇതെന്നാ മാവേലിനാടായോ..മുറ്റത്ത്‌ ഒരു ട്രക്ക് വന്നു നില്ക്കുന്നത് കണ്ടു..വാതില്‍ തുറന്നു..

"എന്‍ ബെകു.."

വാതില്‍ തുറന്നു.. മുമ്പില്‍ നില്ക്കുന്ന കറുത്ത്കുറിയആളോടു അല്പം ദേഷ്യത്തിലാണ് ചോദിച്ചത്..

"സാറേ ഞാന്‍ മലയാളിയാ..ഞാന്‍ ടി.വി.എസ്.പാഴ്സല്‍ സര്‍വീസില്‍ നിന്നു വരികയാ...ആ ട്രാക്കില്‍ കിടക്കുന്നത് മുഴുവന്‍ സാറിനുള്ള പാര്‍സലുകള്‍ ആണ്.."

ട്രക്ക് കാലിചെയ്യാന്‍ ഞാനും ഡ്രൈവറെയും കൊറിയര്‍മാനെയും സഹായിച്ചു..കൊറിയര്‍മാന് നൂറു രൂപ കൊടുത്തു..വാതില്‍ അടച്ചു കുറ്റി ഇട്ടു.പാര്‍സല്‍ ഓരോന്നായി തുറന്നു നോക്കി..എല്ലാം സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ടുള്ള ഡി.ഡി.പിന്നീടുള്ള കാര്യങ്ങള്‍ എല്ലാം പെട്ടെന്നായിരുന്നു..സൈക്കിളില്‍ നിന്നു ബി.എം.ഡബ്ല്യു.കാറില്‍ പെട്ടെന്ന് മാറി..

ഇടയ്ക്കെപ്പോഴോ പണ്ടു പഠിച്ച ഓലപ്പീപ്പി ഊതി ചെയ്തുകൂട്ടുന്ന പാപങ്ങളില്‍ നിന്നു രക്ഷനേടാന്‍ ഓരോ വൃഥാശ്രമം നടത്തി.. പക്ഷെ അപ്പന്‍ വാങ്ങി വച്ചിരിക്കുന്ന മണ്‍വെട്ടിയുമായി ഇനി മണ്ണിനോട് മല്ലിടാന്‍ വയ്യ.. എന്താ ചെയ്യുക...

ആവശ്യം ലക്ഷ്യത്തെ സാധൂകരിക്കുമല്ലോ.പക്ഷെ ഏത് ദുര്‍കര്‍മ്മങ്ങള്‍ക്കും ഒരവസാനം ഉണ്ടാവുമല്ലോ..അഥര്‍വവേദം തന്നെച്ചതിച്ചു തുടങ്ങിയെന്നു മനസ്സിലായത് പിന്നീടാണ്.. ദുര്‍മന്ത്രവാദികള്‍ എന്നും അതിന്‍റെ ഭവിഷ്യത്ത് അനുഭവിച്ചിട്ടും ഉണ്ട്..

പക്ഷെ വിവാഹിതനാകാത്തത്‌ കൊണ്ടു ദോഷങ്ങള്‍ ആദ്യം ബാധിച്ചത് വീട്ടിലെ പട്ടിയെ ആണ്.. എന്‍റെ ഡിറ്റി.. ഇപ്പോള്‍ വീട്ടുകാരെ കാണുമ്പോള്‍ കലിയാണ്.. നാട്ടുകാരോട് പ്രശ്നമില്ല..പക്ഷെ വീട്ടുകാരോട് ദേഷ്യം..എന്താ ചെയ്യുക.. എന്‍റെതായ രീതിയില്‍ സാമ്പത്തികമാന്ദ്യത്തിനു എന്‍റെ ജീവിതത്തില്‍ പരിഹാരം കണ്ടാല്‍ അതിനും ദൈവകൊപമോ.. വേണ്ടാ..എല്ലാം നിര്‍ത്തണം...

ഇനി എന്‍റെ ജീവിതത്തില്‍ ഓലപ്പീപ്പി മാത്രം മതി.. ഈ പണം മുഴുവന്‍ പാവങ്ങള്‍ക്ക് ദാനമായി നല്‍കണം.. ആ തേന്‍ശേഖരണവും മണ്‍വെട്ടിയും എന്‍റെ പീപ്പിയും മതി...

അപ്പോഴും ഡിറ്റി വെളിയില്‍ഉച്ചത്തില്‍ കുരച്ചുകൊണ്ടിരുന്നു.. അവളുടെ കണ്ണുകള്‍ വന്യമായി തിളങ്ങുന്നുണ്ടായിരുന്നു..

Sunday, December 14, 2008

31.പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...

(നയന്‍താരയുടെ ജട്ടി എന്ന സൂപ്പര്‍ഹിറ്റ് പോസ്റ്റിനുശേഷം ദീപക് രാജ് ഒരുക്കിയ അടുത്ത മെഗാഹിറ്റ് പോസ്റ്റ് -ചുമ്മാതെ ഒരു പോലുപ്പിക്കാന്‍ സിനിമസ്റ്റൈലില്‍ കിടന്നോട്ടെ..ചെലവില്ലല്ലോ-. വായനക്കാരുടെ ചെരുപ്പേറുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു. എല്ലായിപ്പോഴും സ്വന്തം മണ്ടത്തരങ്ങള്‍ വല്ലവന്‍റെ തലയിലോ കൂട്ടുകാരുടെ നെഞ്ചത്തോ കയറ്റിവച്ചു സ്വയം ആളാകുന്നവന്‍ എന്ന ദുഷ്പേര് മാറ്റാന്‍ ഈ പോസ്റ്റിലെ കഥ എന്നെകുറിച്ചു തന്നെയാണ്.. ഞാന്‍ ഉള്‍പ്പെട്ട കഥ.. മാനിപ്പുലേറ്റട്, ഫാബ്രിക്കേറ്റട് എന്നൊന്നും പറയല്ലേ..വല്ലതും സാദൃശ്യങ്ങള്‍ തോന്നിയാല്‍ യാദൃശ്ചികം മാത്രമല്ല പരമാര്‍ത്ഥം ആണ്.. അപ്പോള്‍ തുടങ്ങട്ടെ..)


പടുക്ക..അഥവാ ശബരിമലയ്ക്ക് കെട്ടുമുറുക്കല്‍...

പടുക്ക..പേരു കേട്ടിട്ട് ഞെട്ടേണ്ട..എന്‍റെ നാട്ടില്‍ ശബരിമലയ്ക്ക് പോകാനായി കെട്ട് മുറുകുന്ന ചടങ്ങിനു ഇങ്ങനെയൊരു പേരുണ്ട്..ഇനി അഥവാ നിങ്ങളുടെ നാട്ടിലും ഇങ്ങനെതന്നാ പറയുന്നതില്‍ അങ്ങനെ കിടന്നോട്ടെ..ഇനി അഥവാ അല്ലെങ്കില്‍ ഞാന്‍ എന്നാചെയ്യാനാ.പേരു മാറ്റാനൊന്നും പോകേണ്ട..വെറുതെ എന്തിനാ ഒരുപാമ്പിനെ എടുത്തു ഡിക്കിയില്‍ വെയ്ക്കുന്നെ..

അപ്പോള്‍ നമ്മുടെ പടുക്കയെക്കുറിച്ച് പറയാം.. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പെ... കൃത്യമായ നാളോ തീയതിയോ പറയാന്‍ പറ്റില്ല.. പണ്ട്പണ്ട് എന്ന് പറയാന്‍ അദാമിന്‍റെയും ഹവ്വചേച്ചിയുടെയും കാലത്തൊന്നുമല്ല ഏതാണ്ട് ആറേഴു വര്‍ഷം മുമ്പ്.. ഞാന്‍ മൂന്നു തവണ ശബരിമലയില്‍ പോയ ആളാണ്..പക്ഷെ അതിനെകുറിച്ചു പറഞ്ഞാല്‍ ഒരുപക്ഷെ വിശ്വഹിന്ദു പരിഷത്ത് സാറന്മാരുടെ അടി എന്‍റെ പൊറത്തൂന്നു ഒഴിഞ്ഞനേരം കാണില്ല എന്നത്കൊണ്ടു പറയാന്‍പറ്റില്ല..


എന്‍റെ ചെറുപ്പത്തിലെ എ.ടി.കോവൂര്‍.,ഇടമറുക് തുടങ്ങിയ ചെകുത്താന്മാരും സനല്‍ ഇടമറുക് എന്ന കുട്ടിച്ചാത്തനും ബാധിച്ചതുകൊണ്ട്‌ ദൈവ വിശ്വാസം അല്പം കുറവായിരുന്നു. അപ്പോള്‍ വിശ്വാസം ഉണ്ടാകാനും മേല്‍പ്പറഞ്ഞവരുടെ ബാധയകറ്റാനും എന്നെ ഇത്തരം ചടങ്ങുകളില്‍ വീട്ടില്‍ നിന്നു നിര്‍ബന്ധിച്ചു വിടുക പതിവായിരുന്നു..

അങ്ങനെ എന്നെ തള്ളി വിടുന്നതില്‍ എന്‍റെ പ്രീയപ്പെട്ട മാതാശ്രീ ആയിരുന്നു മുമ്പില്‍.

അതിന് മുമ്പെ മാതാശ്രീയെപ്പറ്റി രണ്ട് വാക്കു.

ചെറുപ്പത്തിലെ അപാരമായ മുഖ സൌന്ദര്യത്തിനുടമയായ ഞാന്‍ കുളിക്കുന്നതിനു മുമ്പെ എന്‍റെ വീടിന്‍റെ ടെറസില്‍ അല്പം കടുകെണ്ണയൊക്കെ പുരട്ടി വ്യായാമമെന്ന പേരില്‍ ചില നമ്പറുകള്‍ നടത്തിയിരുന്നു.. വീടിന്‍റെ മുമ്പിലൂടെയുള്ള റോഡിലൂടെപോകുന്ന സുന്ദരികളായ തരുണീമണികളെ കാണിക്കാനാണ് അഭ്യാസം എന്ന് മാതാശ്രീ പറയുമെങ്കിലും മാന്യനായ ഞാന്‍ ആരോഗ്യമുള്ള ശരീരം പുഷ്ടിപ്പിക്കാനാണ് നില്ക്കുന്നത് എന്ന് എല്ലാവര്‍ക്കും അറിയാം.

എന്‍റെ നില്‍പ്പിനെ പറ്റി കവിതകള്‍ വരെ ഉണ്ടായി.. അത് പെണ്‍കുട്ടികള്‍ പാടി നടക്കുമായിരുന്നു. പിന്നെ ഏതോ വൃത്തികെട്ടവന്മാര്‍ ആ പാട്ടു സിനിമയില്‍ ഉപയോഗിച്ചെന്നു കെട്ടു..

ഏതായാലും പാട്ടിതാണ്.

"കളരി വിളക്ക് തെളിഞ്ഞതാണോ
കുന്നത് സൂര്യന്‍ ഉദിച്ചതാണോ
മാനത്ത് നിന്നെങ്ങാന്‍ വന്നതാണോ
കൊന്നമരം പൂത്തുലഞ്ഞതാണോ.."

സത്യം..!! പെണ്‍കുട്ടികള്‍ പാടിനടക്കുമായിരുന്നു.. അതില്‍ ഒരു വരി എന്നോട് ചോദിച്ചിട്ടുകൂടി ഉണ്ട്...

" നീയെന്താ മാനത്ത് നിന്നെങ്ങാന്‍ വന്നതാണോടാ..??

അപ്പോള്‍ മനസ്സിലായില്ലേ ഞാന്‍ കള്ളം പറയില്ലെന്ന്..മാതാശ്രീ വളരെ അച്ചടക്കത്തിലെ വളര്‍ത്തിയതാ എന്ന് പറയാന്‍ കാരണം ഉണ്ട്.. പ്രേമിച്ചേ ഞാന്‍ കെട്ടൂ എന്ന് എന്‍റെ ജാതകത്തില്‍ ഉണ്ടായിരുന്നു പോലും.. (ഒടുവില്‍ സംഭവിച്ചതും അങ്ങനെ തന്നെ..)

ഞാന്‍ പെണ്‍കുട്ടികളെ നോക്കാനോ സംസാരിക്കാനോ ഉള്ള സാഹചര്യങ്ങള്‍ പ്രിയ മാതാശ്രീ ഒഴിവാക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു..അതിന് കാരണമായി പറയുന്നതു..

"ഒരുനോട്ടം ..പലനോട്ടം.. ,പലനോട്ടം... ഒരുപുഞ്ചിരി...
ഒരുപുഞ്ചിരി..... പലപുഞ്ചിരി... പലപുഞ്ചിരി.... ഒരുടച്ച്..
ഒരുടച്ച്.....പലടച്ച്............ പലടച്ച് .......ഒരുകൊച്ച്....."

അങ്ങനെ വെറുതെ കുഴപ്പം ഒഴിവാക്കുകായായിരുന്നത്രേ..
അപ്പോള്‍ കാര്യങ്ങള്‍ കാടുകയറാതെ നേരെ നമ്മുടെ പടുക്കയിലേക്ക് പോകാം.. എന്നെ ഉന്തി തെള്ളി ആ പടുക്കയില്‍ വിട്ടു എന്ന് പറഞ്ഞാല്‍ മതിയല്ലോ.. അല്ലെങ്കില്‍ തന്നെ മൈക്ക് സെറ്റ് വെച്ചു നാട്ടാരെ കിടത്തി ഉറക്കാതെ ആ വീട്ടുകാര്‍ തങ്ങള്‍ ശബരിമലയ്ക്ക് പോകുന്നത് നാട്ടുകാര്‍ക്ക് വേണ്ടിയാണെന്നമട്ടില്‍ അഭ്യാസങ്ങള്‍ തുടങ്ങിയിരുന്നു...

അങ്ങനെ ഞാനും പ്രസ്തുത ചടങ്ങില്‍ പങ്കാളിയായി.ഭക്തന്‍മാര്‍ ആര്‍പ്പു വിളിച്ചും കൈകൊട്ടിയും അവിടെ ഇരുപ്പുണ്ട്‌.. ഒരു സൈഡില്‍ മാറ്റി വച്ചിരുന്ന നാടന്‍ വാറ്റ്ചാരായവും.(സംഭവം ഇവിടെ സുലഭമാണ്).. ഈ വിശിഷ്ട പാനീയം അടുത്തുതന്നെ കന്നാസില്‍ വച്ചിട്ടുണ്ടാവും.. ബാറ്ററി,ഇഞ്ചാ പട്ട, തുടങ്ങി അമോണിയം വരെ ഇട്ടു വാറ്റിയ പേയം പാനം ചെയ്യാനാണ് മിക്ക പുരുഷ ഭക്തജനവും ഇവിടെ വരിക..കാരണം കുപ്പിയ്ക്ക് നൂറു രൂപയ്ക്ക് കിട്ടുന്ന ഈ ഔഷധം ഈയവസരത്തില്‍ ഓസിനു കിട്ടുമെന്ന് മാത്രമല്ല കൂടെ കപ്പപ്പുഴുക്ക്,മുളക് ചമ്മന്തി, മുതലായവയും കിട്ടും.


ചില യുവാക്കളും ഓസിനു കിട്ടിയ ഈ പാനീയം അടിച്ച് പ്രസ്തുത വീട്ടിലെ അയ്യപ്പന്മാരെ തങ്ങളുടെ വരവ് അറിയിച്ചിരുന്നു..
ഈപടുക്ക പരിപാടി ജനകീയമാക്കാനും നാട്ടിലെ കുട്ടിഭക്തന്മാരെ ആകര്‍ഷിക്കാനും അവരെകൂടി ഉള്‍പെടുത്തി പടുക്ക വന്‍വിജയം ആക്കാന്‍ അരിപായസവും ഉണ്ടാക്കിയിട്ടുണ്ട്.. അതുകുടിച്ചു എഴുനേറ്റു പോകാന്‍ വയ്യാത്ത കുട്ടികള്‍ അടുത്ത് തന്നെ ഒരു പായയില്‍ കിടക്കുന്നുണ്ട്‌.. എഴുന്നേറ്റു വരുമ്പോള്‍ വീണ്ടും കുടിയ്ക്കാന്‍ കണ്ണ് പായസംവച്ചിരിക്കുന്ന പാത്രത്തില്‍ നിന്നെടുക്കാതെയാണ് ഇവരുടെ കിടപ്പ്.

ഏതാണ്ട് സമയം ഏഴരയായി. കെട്ട്മുറുക്കുമ്പോള്‍ ഏകദേശം പതിനൊന്നു മണിയാവും.. ശബരിമലയിലേക്ക് പോകാന്‍ ഉള്ള ജീപ്പും ഡ്രൈവറും നേരത്തെ തന്നെ എത്തിയിട്ടുണ്ട്.. ഒരെണ്ണം പിടിപ്പിച്ചു ഇഷ്ടന്‍ സീറ്റില്‍ നേരത്തെ ഉറക്കം പിടിച്ചിട്ടുണ്ട്..മൈക്കിലൂടെ തമിഴ് മലയാളം ഭാഷകളില്‍ അയ്യപ്പഭക്തിഗാനം ഒഴുകിനടന്നു ആളുകളെ മുഴുവന്‍ ഭക്തിയിലേക്ക് പിടിച്ചു കൊണ്ടുവരാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു..


പെട്ടെന്ന് തന്നെ നമ്മുടെ ഗീവര്‍ഗീസ്‌ അച്ചായന്‍ (മൈക്ക് സെറ്റ് പുള്ളിയുടെതാണ്) നമ്മുടെ പടുക്ക സ്പോണ്‍സര്‍ ചെയ്ത വീട്ടിലെ അമ്മാവനോട് എന്തോ പറയുന്നതു കേട്ടു.

സംഭവം ഇതാണ്..

"അവിടെ കൂടിയിരിക്കുന്ന കുട്ടികളെ പാട്ടുകള്‍ പാടാന്‍ വിളിക്കണം" ..

ഭൂമിയ്ക്ക് ഭാരമായി ഇങ്ങനെ സൃഷ്ടിച്ചുവിട്ടിരിക്കുന്ന വാനരകൂട്ടങ്ങളെ കൊണ്ടു പാട്ടുപാടിച്ചു കുട്ടികളുടെ മാതാപിതാക്കളെ ഒന്നു സുഖിപ്പിക്കാനും അവിടെ കൂടി നില്ക്കുന്ന മറ്റുള്ളവരുടെ ക്ഷമയെ ഒന്നു പരീക്ഷിക്കാനും ഉള്ള കുറുക്കു വഴി..

ഒമ്പത് മണിയോട് കൂടി അവിടെ മേജര്‍സെറ്റ് പാര്‍ട്ടികള്‍ ഭജന എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന മറ്റൊരു ഭക്തിഗാന കൊലപാതകം നടത്തുവാന്‍ പോകുകയാണ്..അതിന് മുമ്പുള്ള ഈ ഗാപ്പിലാണ് ഇത്തരം ഒരു ക്രൂരകൃത്യം കുട്ടികളെ കൊണ്ടു നടത്തുവാന്‍ ഇഷ്ടന്‍ പ്ലാന്‍ ഇട്ടതു..

മൈക്കിനെ കടിച്ചു കീറാനുള്ള അവസരം കൈവിടാന്‍ താത്പര്യം ഇല്ലായിരുന്ന കുട്ടികള്‍ ഒരു ആറെഴെണ്ണം മൈക്കിനു മുമ്പില്‍ നിരന്നു കഴിഞ്ഞു ..ഒമ്പത് മണിക്ക് ഭജനനടത്താനുള്ള മേജര്‍സെറ്റ് വെള്ളമടി തുടങ്ങി കഴിഞ്ഞു .. പകല്‍ സമയങ്ങളില്‍ പാക്ക് പറിക്കാനും, ചൂണ്ടയിടാനും, മാവേലെറിയാനും പോകുന്ന മേജര്‍സെറ്റ് ഭജനക്കാര്‍ ഇവിടെ ഫ്രീ ആയിട്ടല്ല പാടുന്നത്.. വയറില്‍ നിറയ്ക്കാവുന്നിടത്തോളം വാറ്റ് ചാരായവും കപ്പപുഴുക്കും കൂടെ ഇരുനൂറു രൂപയും( ഓരോരുത്തര്‍ക്കും) കിട്ടുമെന്ന് മാത്രമല്ല തങ്ങളുടെ പാടാനുള്ള അസാധാരണ വൈഭവം നാട്ടിലെ പാവങ്ങളെ കാണിക്കുകയും ചെയ്യാം .

അഥവാ പാടി കൊളം ആക്കിയാലും ഒരു പടുക്കനടക്കുന്ന പുണ്യസ്ഥലം ആയതിനാല്‍ അടി വീഴില്ല.. ഭജന മാത്രം ആയിരം രൂപ വീട്ടുകാരന് ചെലവ് വരുന്ന ഇടപാടാണ് . തെറ്റുപാടിയാലും ഇവിടെ അടികിട്ടില്ല.. അമ്പല മില്ലാതെ ആല്‍ത്തറയില്‍ വാഴുമെന്ന പാട്ടില്‍ ഊമനും,ബധിരനും എന്നത് , വികലാംഗനും എന്ന് പാടിയിട്ടും തല്ലു കിട്ടിയില്ല എന്ന് പറയുമ്പോള്‍ കാര്യം ഊഹിക്കാവുന്നതെ ഉള്ളൂ.) വാറ്റ് ചാരായം ഇവിടെ അവശ്യഘടകം ആണ്..

അങ്ങനെ നമ്മുടെ മൈനര്‍സെറ്റ് ഭജനപ്പാട്ടുകള്‍ തുടങ്ങി. "ഒന്നാംതിരുപ്പടി ശരണം പൊന്നയ്യപ്പ.." എന്ന് തുടങ്ങുന്ന പ്രസിദ്ധഗാനം.. പതിനെട്ടാം പടിയെ പ്രകീര്‍ത്തിക്കുന്ന പ്രശസ്തമായ ഭക്തിഗാനം..പക്ഷെ പാട്ടു തുടങ്ങി ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും സംഭവം തീരുന്നില്ലല്ലോ എന്ന് മനസ്സിലായപ്പോഴാണ്‌ ഞാന്‍ പാട്ടു ശ്രദ്ധിച്ചത്.. സംഭവം പതിനെട്ടാം പടി കടന്നു നാല്പതോ അമ്പതോ പടികള്‍ ആയി.നമ്മുടെ ഗീവര്‍ഗീസ്‌ അച്ചായന്‍ എഴുന്നേറ്റ് കുട്ടികളോടെ ഒന്നും പറയാതെ നേരെ വീട്ടുകാരനോട് കാര്യം പറഞ്ഞു.

"ചേട്ടാ.. ക്രിസ്ത്യാനി ആണെങ്കിലും ശബരിമലയില്‍ പടി പതിനെട്ടേ ഉള്ളൂ എന്നെനിക്കറിയാം.. പിള്ളേരോട് നിര്‍ത്താന്‍ പറ.. അല്ലെങ്കില്‍ അവര്‍ ശബരി മലയില്‍ പടി ആയിരത്തൊന്നു പണിയും.... "

നമ്മുടെ വീട്ടുകാരന്‍ അടിച്ച് പൂസായി നില്‍ക്കുകയാണ്‌.. പാടുന്നതില്‍ രണ്ട് പേര്‍ ആ വീട്ടിലെ തന്നെ കുട്ടികള്‍ ആണ്.

"അവര്‍ പാടട്ടെടോ.. അഥവാ ആ പിള്ളേര്‍ അഞ്ചോ ആറോ പടികള്‍ കൂടുതല്‍ കെട്ടിയാല്‍ ആ കാശ് ഞാനങ്ങ് കൊടുത്തേക്കാം.. താന്‍ പോടാ മാപ്ലേ..ദൈവം സഹായിച്ചു ഇന്നെനിക്കു അതിനുള്ള ആമ്പിയറുണ്ട്.. അല്ലാതെ പിന്നെ.."

ഞാന്‍ പിന്നെ അവിടെ നിന്നില്ല..പിള്ളേര്‍ വേറെയും പടികള്‍ സൃഷ്ടിച്ചു അതിനെയും പുകഴ്ത്തുന്നത് ഞാന്‍ കേട്ടു...പക്ഷെ അവിടെ കൂടിയവര്‍ മിക്കവാറും നാടന്‍വാറ്റിന്‍റെ ലഹരിയില്‍ ആയിരുന്നത്കൊണ്ടു കുട്ടികള്‍ കെട്ടുന്ന അമ്പതാമത്തെയും അറുപതാമത്തെയും പടികളെ കുറിച്ചു ആലോചിക്കാതെ വീണ്ടും ഓസിനു കിട്ടുന്ന വാറ്റടിക്കുന്ന തിരക്കില്‍ ആയിരുന്നു..

ഞാന്‍ ഇനി മേജര്‍സെറ്റിന്‍റെ ഭജനകൂടി കേള്‍ക്കാനുള്ള ധൈര്യം ഇല്ലാഞ്ഞതിനാല്‍ ചൂട്ടും കത്തിച്ചു നേരെ വീട്ടിലേക്ക് നടന്നു... ഇടയ്ക്ക് ചെവിയോര്‍ത്തപ്പോള്‍ പടികള്‍ നൂറു കടെന്നൂ എന്നാ ഓര്‍മ...

Friday, December 12, 2008

30.നയന്‍താരയുടെ ജട്ടി.

(പേരു കണ്ടിട്ട് ആഭാസം എന്ന് എഴുതി തല്ലല്ലേ..വേറെ എന്ത് പേരിടും എന്നറിയില്ല.. വായിച്ചു ഗുണപാഠം മനസ്സിലാക്കിയാല്‍ ഞാന്‍ കൃതാര്‍ഥനായി.)

പതിവ് പോലെ തീന്മേശയിലെ സംസാരത്തിനിടയിലാണ് അനീഷ് വീണ്ടും നയന്‍താരയുടെ സിനിമയെക്കുറിച്ചും അവരുടെ വേഷത്തെക്കുറിച്ചും സംസാരിച്ചത്‌.. എന്നും സംസാരത്തിനിടയില്‍ സിനിമയെ കൂട്ടികലര്‍ത്തി വിടുന്ന അവന്‍റെ സ്വഭാവത്തെ പലപ്രാവശ്യം വഴക്കിലൂടെ ഒതുക്കാന്‍ നോക്കിയതാണ്. പിള്ളേര് പെഴച്ചുപോകാന്‍ പോകാന്‍ അധികംനേരം വേണോ.

താനാണെങ്കില്‍ ആത്മീയതയിലൂടെ പ്രബുദ്ധത നേടുവാന്‍ എന്നും കരയോഗത്തില്‍ കുട്ടികളെ അവധിദിന ക്ലാസുകളില്‍ ഉപദേശിക്കുന്നവനും. സ്കൂള്‍ മാഷിന്‍റെ ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത അന്നുതുടങ്ങിയതാ ഈ പണി. പക്ഷെ മോനേ മാത്രം നേരെയാക്കാന്‍ പറ്റിയില്ല..

"എടാ അനീഷേ..മേലില്‍ ഞാന്‍ അവളെ ക്കുറിച്ച് ഈ ഊണുമേശയില്‍ കേള്‍ക്കാന്‍ ഇടവന്നാല്‍ പിന്നെ ഈ വീട്ടില്‍ നിന്നും പോയ്ക്കോണം..പിന്നെ അവളുടെ വീട്ടില്‍ പോയി താമസിച്ചോണം. നാണോം മാനോം ഇല്ലാത്ത ഒരു പെഴച്ച പെണ്ണിന്‍റെ കാര്യം കൊണ്ടു വരും ഊണുമേശയില്‍.. നമ്മുടെ ജില്ലയില്‍ തന്നെയുള്ളവല്ലേ ആ പാവം മീരജാസ്മിന്‍ കൊച്ചും. അവളെ പറ്റി നീ പറയാറില്ലല്ലോ..ഇതു മുണ്ടും തുണീം ഇല്ലാത്ത ഒരു ...... ഞാന്‍ വല്ലതും പറഞ്ഞാല്‍ ഉണ്ടല്ലോ.. "

ദേഷ്യപ്പെട്ടപ്പോള്‍ മിണ്ടാതെ ഊണുകഴിക്കുന്ന അനീഷിനെ അല്പം സ്നേഹത്തോടെ ഉപദേശിച്ചു.

"മോനേ... ജീവിതം പാളിപ്പോകാന്‍ ഒരു ദിവസം മതി.. ഇവളുമാരു കാണിക്കുന്ന കോപ്രായങ്ങള്‍ കണ്ടില്ല കേട്ടില്ല എന്ന് കരുതണം.. അമ്മനും ആശാനും ഇല്ലാതെ വളര്‍ന്ന ഇനങ്ങള്‍..നീയൊരു കാര്യം ചെയ്യ്..അകത്തു ഞാന്‍ എഴുതിയ കുറെ പുസ്തകങ്ങള്‍ ഇരുപ്പുണ്ട്‌... അത് വായിച്ചു പഠിയ്ക്ക്.."

അനീഷ് മിണ്ടാതെ തലയും കുനിച്ചു എഴുന്നേറ്റു പോയി.

"കണ്ടോടി.. പിള്ളേരെ ചോറ് മാത്രമല്ല അല്പം ചൊല്ലും കൊടുത്തു വേണം വളര്‍ത്താന്‍."

ഭാര്യ തലകുലുക്കി.പിന്നെ കുറെ ദിവസത്തേക്ക് നയന്‍താരെയേ കുറിച്ചോ അവളുടെ വേഷത്തെകുറിച്ചോ അനീഷ് മിണ്ടിയില്ല..അന്നൊരു ഞായറാഴ്ചയായിരുന്നു.. പതിവിനു വിപരീതമായി അനീഷ് വീണ്ടും ഊണുമേശയില്‍ പറഞ്ഞു..

"എന്നാലും അവള്‍ ആള് മഹാപിശകാ.. ആ ട്വെന്റി ട്വന്റി ഫിലിമിലും മഹാമോശമായിട്ടാ വേഷമിട്ടെക്കുന്നെ.. അവളുടെ ..ശ്ശെ.. പറയാന്‍ നാണം ആകുന്നു.."

ഭാര്യ എന്‍റെ നേരെ നോക്കി..ഞാന്‍ ചാടി എഴുന്നേറ്റു..അനീഷിന്‍റെ കരണക്കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിച്ചു..

"ഡാ.. മിണ്ടരുത്.ഇനി മിണ്ടിയാല്‍ കൊന്നുകളയും..തെണ്ടി...ഞാന്‍ എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു ആ നായിന്‍റെ മോളെപ്പറ്റി പറയരുതെന്ന്.. നീ കേള്‍ക്കില്ല അല്ലെ..കൊല്ലും ഞാന്‍.."

എന്‍റെ ഭാവമാറ്റത്തിലും ദേഷ്യത്തിലും അനീഷ് ഭയന്ന് വിറച്ചിരുന്നു..ഭാര്യ എന്നെ പിടിച്ചു മാറ്റി..

"നിങ്ങള്‍ എന്താ ഈ കാണിക്കുന്നത്.. അവന്‍ എന്തോ പറഞ്ഞൂന്നു വെച്ചു അവനെ കൊല്ലണോ...അവന്‍ നയന്‍താരയുടെ ജട്ടി എന്നൊന്ന് പറഞ്ഞതല്ലേ ഉള്ളൂ.. അതിന് ഇങ്ങനെ അവളെ കൊല്ലണ്ട കാര്യം ഉണ്ടോ.."

ഭാര്യ സാഹചര്യത്തെ തണുപ്പിക്കാന്‍ നോക്കി..

"ഭ .. നിനക്കങ്ങനെ പറയാം..ഇവന്‍ പറയുന്നതു കേട്ട് ഞാന്‍ ആ ട്വന്റി ട്വെന്റിയും ഏകനും രണ്ടു പ്രാവശ്യം വീതം കണ്ടു..അതില്‍ അവളുടെ ജട്ടിയുമില്ല ഒരു കോപ്പുമില്ല...."

ഞാന്‍ കോപം കൊണ്ടു വിറച്ചുകൊണ്ട് പറഞ്ഞു..

"അച്ഛാ അതിന് ഞാന്‍ ആ പടം കണ്ടില്ല..സിനിമാ മംഗളത്തില്‍ പടം കണ്ടതെ ഉള്ളൂ.. അച്ഛന്‍ പോയി പടവും കണ്ടോ..?"

അനീഷിന്‍റെ നിഷ്കളങ്കമായ ചോദ്യം കേട്ട് ഭാര്യ ദേഷ്യത്തില്‍ പിറുപിറുത്തോണ്ട് അടുക്കളയിലേക്കു പോകുന്നത് കണ്ടു..അനീഷിന്‍റെ കൈയിലിരുന്ന സിനിമമംഗളവും തട്ടിപ്പറിച്ചു ഞാനും എന്‍റെ മുറിയിലേക്ക് നടന്നു.ഇനി സിനിമാമംഗളത്തില്‍ വന്നോ എന്ന് നോക്കണമല്ലോ..

(ഗുണപാഠം.. കുട്ടികളെ ഉപദേശിക്കുമ്പോള്‍ സ്വന്തം ജീവിതത്തില്‍ അത് എത്ര നടപ്പില്‍ വരുത്തുന്നു എന്ന് ആലോചിക്കുക..)

Thursday, December 11, 2008

29.സരസ്വതീ യന്ത്രം

"സാറേ.. മാനേജര്‍ സര്‍ വിളിക്കുന്നു."

മുഖമുയര്‍ത്തി നോക്കി. പ്യൂണ്‍ രാജുവാണ്.

"എന്താ കാര്യം...'

"അറിയില്ല..എന്തോ സീരിയസ് ആണെന്ന് തോന്നുന്നു.."

പറഞ്ഞിട്ട് രാജു തിരിഞ്ഞു നടന്നു.ഉള്ളൊന്നു കാളി.ഇവിടെ ജോയിന്‍ ചെയ്തിട്ട് നാലുമാസമേ ആയുള്ളൂ..ഇപ്പോഴും പ്രൊബേഷന്‍ പീരിയഡില്‍ തന്നെ.അഞ്ചു മാസത്തെ വിശേഷങ്ങള്‍ കണ്‍മുന്നിലൂടെ ഓടിമറഞ്ഞു..തന്‍റെ പേരിനു മുന്നിലെ നമ്പൂതിരിയെന്ന വാലു മുറിച്ചു കമ്മ്യൂണിസ്റ്റ് ആയതിന്‍റെ പേരില്‍ അച്ഛനോടുവഴക്കിട്ടു വീട് വിടുമ്പോള്‍ ഏറണാകുളത്ത് ജോലിയുള്ള ഒറ്റമൂലിയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന അനില്‍ മാത്രമെ മനസ്സില്‍ വന്നുള്ളൂ.അവനോടു കാര്യമെല്ലാം പറഞ്ഞപ്പോള്‍ കെട്ടിപിടിച്ചു പൊട്ടിച്ചിരിച്ചതും അവന്‍റെ പരിചയക്കാരന്‍ വഴി ഈ ജോലികിട്ടിയതും എല്ലാം ഇന്നലെയെന്നോണം മായാതെ നില്ക്കുന്നു.

വിറയ്ക്കുന്ന കാലുകളോടെ മാനേജരുടെ കാബിന്‍റെ മുന്നിലെത്തി. പ്രൊബേഷന്‍ പീരിയഡില്‍ തന്നെ ആളുകളെ പിരിച്ചുവിടുന്നവന്‍ എന്ന് പേരെടുത്ത മാനേജര്‍ ജയരാജിന്‍റെ കാബിന്‍ ഡോറില്‍ ഒന്നു മുട്ടി.

"മേ ഐ കമിന്‍ സര്‍."

വിറയ്ക്കുന്ന ശബ്ദത്തോടെ ഒന്നു ചോദിച്ചു..

"യെസ്"

മുഴക്കമുള്ള ആ ശബ്ദം പേടി അല്പം കൂട്ടാനേ സഹായിച്ചുള്ളൂ..കറുത്ത് കുറിയ മനുഷ്യന്‍..കണ്ടാല്‍ തന്നെ ക്രൂരന്‍ എന്ന് തോന്നുന്ന മുഖം..

"ങ്ങ.അനന്ത..ഇരിക്ക്..അല്പം പേര്‍സണല്‍ കാര്യം പറയാനാ വിളിച്ചത്."

പേടിയോടെ കസേര വലിച്ചിട്ടു ഇരുന്നു.

"എന്താ സര്‍."

"ഡോ അനന്ത..എന്‍റെ മകന്‍ ഈ വര്‍ഷം പത്താം ക്ലാസ്സില്ലാ..ഇന്നലെ നമ്മുടെ പ്യൂണ്‍ രാജു പറഞ്ഞാ ഞാന്‍ അറിഞ്ഞത് തന്‍റെ അച്ഛനാ പ്രശസ്തനായ താഴൂര്‍ വാമദേവന്‍ നമ്പൂതിരിയെന്നു..ഒരു ചെറിയ സഹായം വേണം.. അത് കൊണ്ടാ വിളിച്ചത്.."

മാനേജര്‍ തന്‍റെ കാര്യത്തിലോട്ടു കടന്നു..

"അവന്‍ ഈയിടെയായി പഠനത്തില്‍ വളരെ മോശം..ഭാര്യയാ പറഞ്ഞതു അറിയാവുന്നവരെ കൊണ്ടു ഒരു സരസ്വതി യന്ത്രം എഴുതി കെട്ടിക്കാന്‍..അപ്പോഴാ നമ്മുടെ രാജു പറഞ്ഞതു തന്‍റെ അച്ഛന്‍റെ കാര്യം..ഞാന്‍ നേരത്തെ അദ്ദേഹത്തെ പറ്റി കേട്ടിരുന്നു..പക്ഷെ തന്‍റെ അച്ഛന്‍ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്..".

ഞാന്‍ ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു..അച്ഛനും ഞാനും തമ്മില്‍ കണ്ടിട്ട് മാസം അഞ്ചു കഴിഞ്ഞു ..അല്ലെങ്കില്‍ തന്നെ കമ്മ്യുണിസവും വിപ്ലവും തലയ്ക്കു പിടിച്ചു അച്ഛന്‍റെ മന്ത്രവാദത്തെ പുച്ഛിച്ചു പറയുന്നതു കൊണ്ടു അച്ചന് തന്നെ പണ്ടേ ചതുര്‍ഥിയാ.. പക്ഷെ ഒന്നും ഇയാളോട് മറുത്തു പറയാനും വയ്യ.

"സര്‍ തകിട്.... എനിക്ക്.."

പതുക്കെ പറയാനുള്ള ശ്രമം തുടങ്ങി..

" ഡോ വേണ്ട.."

മാനേജര്‍ മേശയുടെ വലിപ്പ് തുറന്നു ഒരു പൊതിക്കെട്ടു തന്‍റെ നേരെ നീട്ടി..

"മിസ്റ്റര്‍ ആനന്തു.. ഇതില്‍ ഒരു സ്വര്‍ണ തകിടുണ്ട്..ആ കവറില്‍ കുറച്ചു പൈസയും..ദക്ഷിണയ.. എത്രയും വേഗം അച്ഛനേം കൊണ്ടു എല്ലാം ശരിയാക്കി തരണം.."

കവറും വാങ്ങി വെളിയില്‍ വരുമ്പോള്‍ പ്യൂണ്‍ രാജു അടുത്ത് വന്നു..

"സാറേ ..ഞാനാ പറഞ്ഞെ സാറിന്‍റെ അച്ഛന്‍റെ കാര്യം.."

"ങും.."

എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു..വൈകിട്ട് മുറിയിലേക്ക് പോകുമ്പൊള്‍ മനസ്സു വളരെ അസ്വസ്ഥമായിരുന്നു. നോര്‍ത്ത് സ്റ്റെഷനോട് ചേര്‍ന്നുള്ള ഉടുപ്പി ലോഡ്ജില്‍ ഒറ്റമൂലി അനിലിനോടപ്പമായിരുന്നു താമസം..വൈകിട്ട് അനില്‍ വന്നപാടെ സംഭവം വള്ളി പുള്ളിവിടാതെ പറഞ്ഞു..കാര്യം എല്ലാം കേട്ടപാടെ അനില്‍ മാനേജര്‍ തന്ന പോതിവാങ്ങി അഴിച്ചു നോക്കി..ഒരു സ്വര്‍ണ തകിടും കുറച്ചു പൈസയും.. അവനതു എണ്ണി നോക്കി..

"അളിയാ ഇതു രണ്ടായിരം രൂപയുണ്ടല്ലോ..ഏതായാലും ഈമാസത്തെ വട്ടചിലവിനായി.."

അവന്‍ സ്ഥിരം ശൈലിയില്‍ പറഞ്ഞു..

"എന്‍റെ ഒറ്റമൂലി.. ഞാന്‍ അച്ഛനെ പറഞ്ഞു എങ്ങനെ ഈ തകിടോണ്ടാക്കും..ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞല്ലേ പോന്നത്..ഇനി ഇതും പറഞ്ഞങ്ങോട്ടു ഞാനില്ല..ഒണ്ടാക്കാതെ ചെന്നാല്‍ ജോലിയും കാണില്ല..എന്തോ ചെയ്യും എന്നൊരു പിടിയും ഇല്ല.."

അനില്‍ എന്നെ ആകെ സൂക്ഷിച്ചു നോക്കി തന്‍റെ കൈയില്‍ ഇരുന്ന സിഗറേറ്റ് ആഞ്ഞു വലിച്ചു.. പെട്ടെന്ന് ബാത്ത് റൂമിലേക്കോടി തിരികെ ഒരു കത്രികയുമായി വന്നു.

"ഡാ ആനന്തു ..നീ ആ കൈ ഒന്നു പോക്കിക്കെ"

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും കൈ പൊക്കി.. പെട്ടെന്ന് അനില്‍ കത്രിക കൊണ്ടു എന്‍റെ കക്ഷത്തില്‍ നിന്നു കുറെ രോമം കണ്ടിച്ചു കയില്‍ ഇട്ടു തിരുമ്മി..ആ രോമഉണ്ട തകിട് തുറന്നു ഉള്ളില്‍ കുത്തി തിരുകി..ഒപ്പം സിഗരെറ്റ്‌ ചാരവും..ഭംഗിയായി തകിട് അടച്ചു കൈയില്‍ തന്നു.

"ഡാ നാളെ കൊണ്ടു നിന്‍റെ മാനേജര്‍ക്ക് കൊടുത്തോ..ഇതാ സരസ്വതി യന്ത്രം.."

വളരെ നിസ്സാരമായി അനില്‍ പറഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ ഇരുന്നു..പിറ്റേന്ന് രാവിലെ മാനേജരുടെ കാബിനില്‍ ചെന്നപ്പോള്‍ വളരെ സന്തോഷത്തോടെ പുള്ളി അകത്തേക്ക് വിളിച്ചു..

"എന്താ ആനന്തു അച്ഛനെ കണ്ടിരുന്നോ.."

"ഉവ്വ് സര്‍.. സാറിന്‍റെ ആവശ്യമായതുകൊണ്ട് ഇന്നലെ തന്നെ ഞാന്‍ പോയി..ദാ അച്ഛന്‍ തന്നു വിട്ടിട്ടുണ്ട്..കുളിച്ചിട്ടു സരസ്വതി ദേവിയെ പൂജിച്ചു അരയില്‍ കെട്ടാന്‍ പറഞ്ഞു.."

കള്ളം പറയുമ്പോള്‍ അല്പം വിറയല്‍ ഉണ്ടായിരുന്നു.

"താങ്ക്സ് ആനന്തു.. എങ്കില്‍ പൊയ്ക്കോളൂ.. ങാ പിന്നെ തന്നെ കണ്‍ഫേം അക്കുന്നകാര്യം ഞാന്‍ മാനേജ്മെന്റിന് റെക്കമെന്റ് ചെയ്യാം..പേടിക്കേണ്ട കേട്ടോ.."'

മാനേജര്‍ വളരെ സന്തോഷത്തില്‍ തന്നെ...തിരികെ സീറ്റിലേക്ക് പോകുമ്പൊള്‍ എന്തോ..ഒരു ചെറിയ മനസാക്ഷി കുത്ത് അനുഭവപ്പെട്ടു..വൈകിട്ട് റൂമില്‍ എത്തിയപ്പോള്‍ അനില്‍ രണ്ടു ബീയറും ചിക്കന്‍ ഫ്രൈയുമായി പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.വന്നപാടെ ചിരിച്ചുകൊണ്ട് അനില്‍ പറഞ്ഞു..

"ആനന്തു..ജീവിതത്തില്‍ ഒരു യന്ത്രം ഉണ്ടാക്കിയതിന്‍റെ ആഘോഷമാ കേട്ടോ..പിന്നെ ഇതിന്‍റെ കാശങ്ങു തരണം.."

ബീയര്‍ കുടിക്കുമ്പോള്‍ ബീയറിലെ പതയോടൊപ്പം അല്പം പേടിയും നുരഞ്ഞു പൊന്തുന്നത്‌ പോലെ തോന്നി..അനില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ ഒന്നിനും തന്‍റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ മനസ്സനുവദിച്ചില്ല..പിറ്റേന്ന് മാനേജരോട് എല്ലാം തുറന്നു പറയാന്‍ എഴുനേറ്റപ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് സീറ്റില്‍ ഇരുന്നു..അങ്ങനെ രണ്ടുമാസം കഴിഞ്ഞുപോയി..

ഒരു ദിവസം രാവിലെ പതിവ് പോലെ കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നപ്പോള്‍ വീണ്ടും പ്യൂണ്‍ രാജു വന്നു മാനേജര്‍ വിളിക്കുന്നു എന്നറിയിച്ചു..കാബിന്‍റെ പുറത്തു മുട്ടിയപ്പോള്‍ അകത്തുനിന്നു മാനേജര്‍ ഇറങ്ങി വന്നു..

"എടൊ എസ്.എസ്.എല്‍.സി.യുടെ റിസള്‍ട്ട് വന്നു..എല്ലാത്തിനും മോന് A+ .തനിക്കറിയാമോ മോഡല്‍ പരീക്ഷയ്ക്ക് നാലു സബ്ജക്ടിനാ അവന്‍ തോറ്റത്..എല്ലാം താന്‍ ശരിയാക്കിച്ചു കൊണ്ടു വന്ന ആ തകിട് കാരണമാ..ങ്ങ പിന്നെ..തനിക്കും ഞാന്‍ ഒരു ഹാപ്പി ന്യൂസ് തരുന്നുണ്ട്."

മാനേജര്‍ കൈയിലിരുന്ന കവര്‍ തന്‍റെ നേരെ നീട്ടി..

"എന്താ സാര്‍ ഇതു.."

"എടൊ തന്നെ ഇവിടെ കണ്‍ഫേം ചെയ്തു കൊണ്ടുള്ള കണ്‍ഫര്‍മേഷന്‍ ഓര്‍ഡാര്‍ ആണിത്.."

സന്തോഷത്തോടെ തോളില്‍ തട്ടിക്കൊണ്ടു മാനേജര്‍ പറഞ്ഞു..എന്ത് പറയണം എന്നറിയില്ലായിരുന്നു..

"ങാ പിന്നെ അനന്തൂ..ഈ കവര്‍ കണ്ടോ..ഇതു തന്‍റെ അച്ചന് കൊടുക്കാനുള്ളതാ..എല്ലാം അദ്ദേഹത്തിന്‍റെ കാരുണ്യം..നമുക്കു വൈകിട്ട് ഒന്നിച്ചു തന്‍റെ അച്ഛനെ കാണാന്‍ പോകാം.. എനിക്ക് നേരിട്ടു കാണണം..എങ്കില്‍ ആനന്തു പൊയ്ക്കോ...വൈകിട്ട് കാണാം.."

മാനേജറോട് യാത്ര പറഞ്ഞു സീറ്റിലേക്ക് പോകുമ്പൊള്‍ മനസ്സു അടുത്തത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു..

Monday, December 8, 2008

28.സൈബര്‍ ഭിക്ഷു..

"അതിരാവിലെ തന്നെ ലാപ്ടോപ്പിന് മുമ്പില്‍ തെണ്ടല്‍ തുടങ്ങിയോ"യെന്ന ഭാര്യയുടെ ചോദ്യംകേട്ടാണ്‌ ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നത്‌.

വളരെപ്പെട്ടെന്ന് തന്നെ സൈബര്‍ ഭിക്ഷാടനതിലേക്ക് കടന്നു..

ഡയല്‍അപ്പ് ചെരുപ്പായതിനാല്‍ വളരെ പതിയെമാത്രമേ നടക്കാനാവൂ. ബ്രോഡ്ബാന്‍ഡ് ഉള്ള തെണ്ടികള്‍ പാഞ്ഞുനടന്നാ തെണ്ടുന്നത്‌..പൊതുവെ എല്ലാവരും വലിയ ജാടക്കാരാ..സ്നേഹം എന്നൊന്നില്ല..തെണ്ടിയാനെങ്കിലും എനിക്കുമില്ലേ ഒരന്തസ്സ്..

"ഡെബോണേയര്‍ബ്ലോഗ്", "ദേശിബാബ" തുടങ്ങിയവളുമാരുടെ വീടുകളില്‍ ഞാന്‍ പോകാറെ ഇല്ല..വല്ലവനും എന്നെ അവിടെവച്ചു കണ്ടാല്‍ പിന്നെ എനിക്കല്ലേ അതിന്‍റെ കുറച്ചില്‍.തന്നെയുമല്ല ഭിക്ഷയുടെ കൂടെ ചില വൈറസുകളും,വോര്‍മുകളും മാത്രമല്ലത്രെ ട്രോജനുകളും തരുമത്രേ.... അവളുടെയൊക്കെ തലയില്‍ വെള്ളിടി വെട്ടും. ഞാന്‍ മാക്അഫീ അമ്മാവനൊരു ഫ്ലോപ്പി നേര്‍ന്നിട്ടുണ്ട്‌. നോക്കിക്കോ അവളുമാരുടെ വീട് പൂട്ടും..

കഴിഞ്ഞാഴ്ച അവിടെ തെണ്ടാന്‍പോയ എന്‍റെ ചെങ്ങാതിയെ വൈറസ് ബാധിച്ചു അത്യാസന്ന നിലയിലാണത്രെ നമ്മുടെ "സിമാന്‍ടെക്ക്" ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.."നോര്‍ട്ടന്‍" ഡോക്ടര്‍ അവസാനം ആവുന്നത് ശ്രമിച്ചാ അവന്‍റെ ജീവന്‍ രക്ഷിച്ചത്‌..ഇതിനിടയില്‍ അവന്‍റെ ഗോസ്റ്റ് എടുത്തെന്നോ,ബാക്കപ്പ് അടിചെന്നോ എന്ന് വേണ്ട അവനെ ഫോര്‍മാറ്റ് വരെ ചെയ്തെന്നാ കേള്‍വി..എന്തായാലും ഞാന്‍ അവിടെങ്ങും തെണ്ടാന്‍ പോകുന്ന പ്രശ്നമില്ല..

ചിലപുത്തന്‍ പണക്കാര്‍ "മലയാളം പടമെന്നും","മല്ലുവിഷന്‍" എന്നുംചില വീട്പണിഞ്ഞു വെച്ചിട്ടുണ്ട്..തെണ്ടാന്‍ ചെന്നാല്‍ പൈസ എടുത്തു കാണിക്കുക ഒക്കെ ചെയ്യും..പക്ഷെ വാങ്ങണമെങ്കില്‍ അവന്‍റെ പിന്നാമ്പുറത്ത് ചെല്ലണം. ഞാന്‍ അവന്മാരുടെ ഗോഡൌണ്‍ തോറും "റാപിഡ്ഷെയറിലും","മെഗാഷെയറി"ലുമായി എത്രനേരം വായിനോക്കി നിന്നിരിക്കുന്നു..ചിലപ്പോഴെക്കെ വല്ലതും തരുമ്മേന്നല്ലാതെ വല്ല്യമേനി പറയാനോന്നുമില്ല..

ചിലവീട്ടില്‍ ചെല്ലാനെ പറ്റില്ല.. "പിസിസില്ലിന്‍","പാണ്ട", "കസ്പെര്‍സ്കി" തുടങ്ങി എത്രയിനം പട്ടികളെയാ അവര്‍ വളര്‍ത്തി നിര്‍ത്തിയിരിക്കുന്നത്..ചിലയിടത്ത് തീമതിലെന്നു പറയുന്ന "ഫയര്‍വാളും" "ഡിഫെണ്ടര്‍" മതിലും കെട്ടി,അങ്ങോട്ട് നമുക്കു കയറാനെപറ്റില്ല..ഈ തെണ്ടലുകള്‍ക്കിടയില്‍ വല്ല പത്രവും വായിക്കാം എന്ന് വച്ചാല്‍ ദാ കിടക്കുന്നു അച്ചുതാന്ദനും പട്ടിയും ഉണ്ണികൃഷ്ണനും സന്ദീപും എന്ന് വേണ്ട അഭയും ജോമോനും തുടങ്ങി കൊട്ടൂരാനും പൂത്രുക്കയും വരെ..ഒന്നു സൌകര്യമായി വായിക്കാന്‍ ഒന്നുംഇല്ല..

അതെല്ലാം വായിച്ചാല്‍ മനസമാധാനമായി തെണ്ടാനുള്ള മൂഡും പോകും.. അല്‍പം സായിപ്പന്മാരുടെ വീട്ടിലെ തെണ്ടലില്‍ വിദേശ വാര്‍ത്തകളും കിട്ടുമെന്നതുകൊണ്ടു അതുമാത്രം ഇപ്പോള്‍ നോക്കാറുണ്ട്..ബി.ബി.സി.സായിപ്പും സി.എന്‍.എന്‍.സായിപ്പും വലിയ കുഴപ്പം ഇല്ല..അല്ലെങ്കിലും മിക്കയിടവും യാചകനിരോധനമേഖല ആയതിനാല്‍ പണ്ടത്തെപോലെ ഒന്നും നടക്കുന്നില്ല.

ചില കൊച്ചുപയ്യന്മാരുടെ ബ്ലോഗ് വീട്ടില്‍ ചെന്നാല്‍ ചെലപ്പോള്‍ ചിരിക്കാനും കീശയില്‍ ഇടാനും വല്ലതും കിട്ടും..പക്ഷെ അവന്മാരും കൌണ്ടര്‍ സെറ്റ് ചെയ്തു വെച്ചിട്ടുണ്ട്...എത്രതവണ ചെന്നു എവിടുന്നു ചെന്നു എല്ലാം അവന്മാര്‍ കണ്ടുപിടിക്കും..വേഷം മാറിചെന്നാലും ഗുണമില്ല.തെണ്ടലിന്‍റെ സ്വഭാവം കണ്ടു എതുനാട്ടില്‍നിന്നെന്നു മാത്രമല്ല ഏത് വീട്ടുനമ്പര്‍ വരെയെന്നു അവന്മാര്‍ കണ്ടുപിടിക്കും..

ഈയിടെയായി തെണ്ടിനടക്കുന്നതിനിടയില്‍ "ഫ്രീലോട്ടോ"യുടെ ചൂതാട്ട കേന്ദ്രത്തില്‍ വളരെ സമയം കളയുന്നത് പതിവാക്കിയിട്ടുണ്ട്.. അവിടെ വെറുതെ സമയം മെനക്കെടല്ലാതെ ഒന്നും കിട്ടിയിട്ടില്ല..ഈയിടെ ആരോ പറയുന്നതു കേട്ടു.ഏതോ ഒരു മെഗാക്ലിക്ക്കാരന്‍ ചേട്ടന്‍റെ വീട്ടില്‍ ചെന്നു ഇടയ്ക്കിടെ ബെല്ലില്‍ ഞെക്കാമെങ്കില്‍ പണം കിട്ടുമത്രേ..വന്നു തെണ്ടിക്കോ എന്ന് പറഞ്ഞു ബാനറുകളും കെട്ടിയിട്ടുണ്ടത്രേ..എങ്കില്‍ നമ്മുടെ കൂട്ടുകാരെ മുഴുവന്‍ കൊണ്ടു ഞെക്കിക്കണം.വല്ലതും കിട്ടുകയാണേങ്കില്‍ കിട്ടട്ടെ..

"യാഹൂ"അച്ചായന്‍റെ സ്വഭാവവും മാറിയിട്ടുണ്ട്..പണ്ടൊക്കെ പൈസയോ മെയിലോ മാത്രമെ തരുമായിരുന്നുള്ളൂ ..ഇപ്പോള്‍ കള്ളനോട്ടാ മുഴുവന്‍..ഏതാണ്ട് "സ്പാം" എന്നോ "ജങ്ക്" എന്നോ മറ്റോ...ആര്‍ക്കറിയാം. ചുമ്മാതല്ല അയാള്‍ പൊട്ടി പാളീസ് ആയത്‌. ഇനി അങ്ങരോട് ഒരിടപാടും വേണ്ട...അക്കാര്യത്തില്‍ പുത്തന്‍പണക്കാരന്‍ ആണെങ്കിലും ആ "ഗൂഗിള്‍" മേനോന്‍ ഡീസന്റ് തന്നെ.. മെയില്‍ എന്നാല്‍ മെയില്‍ മാത്രം..ജങ്ക് തന്നുകളിപ്പിക്കുന്ന പ്രശ്നമില്ല..

ഈയിടെ ഞാന്‍ തെണ്ടിയല്ല കള്ളനാ എന്നുംപറഞ്ഞു എന്നെ പിടിച്ചു എന്‍റെ ക്രെഡിറ്റ് കാര്‍ഡ് നമ്പര്‍ വാങ്ങി എന്തോരം ചതിയാ ചിലഅവന്മാര്‍ ചെയ്തത്..തെണ്ടി ആണെന്ന് മനസ്സിലാക്കിയിട്ടും തെണ്ടിത്തരമല്ലേ കാണിച്ചത്..കുറെ കാശ് അടിച്ച് മാറ്റി..ആരോട് പറയാനാ.ഇനി ഈ തൊഴില്‍ നിര്‍ത്തണം,

പക്ഷെ വേറെജോലി എവിടെക്കിട്ടാനാ.. ആ "മോണ്‍്സ്റ്റാര്‍" ചേട്ടനോടും "നൌക്കരി" ചേച്ചിയോടും വല്ലജോലിയും ചോദിക്കണം."ജോബ്സ്ട്രീറ്റില്‍" ജോലിയും ഇല്ല ഒരു വാഴക്കായും ഇല്ല. ഇപ്പോള്‍ ആ "യുടുബ്" നായരുടെ കടയാ വല്ലആശ്വാസം..വല്ല പാട്ടോ,സിനിമയോ ഒക്കെക്കാണാം.. അയാള്‍ കുടംബത്തില്‍ പിറന്നോനാ..പാവങ്ങള്‍ വന്നു പടംകണ്ടിട്ട് പോകുന്നതിനെ കാശെ ചോദിക്കാറില്ല..

ഞാന്‍ തെണ്ടി കുറെകാശുണ്ടാക്കിയപ്പോള്‍ കുറെഅവന്മാര്‍ക്ക് വലിയ ചൊറിച്ചില്‍. കാണിച്ചു കൊടുക്കാം. .അവന്‍റെയെല്ലാം വീടിന്‍റെ മുമ്പില്‍ ഞാന്‍ "ബ്ലോഗ്" സമരപ്പന്തല്‍ കെട്ടി അവന്‍റെയെല്ലാം തന്തയ്ക്കു വിളിയ്ക്കും..ഒന്നും അല്ലെങ്കില്‍ ചുമ്മാതെ പോയി ബ്ലോഗ്പന്തല്‍ കെട്ടാനുള്ള സ്ഥലവും ഓലയും "ബ്ലോഗര്‍" പിള്ള തരുന്നല്ലോ..അതയാളുടെ നല്ല മനസ്സു..ഈ ഭൂമിയില്‍ നന്മ എന്നെന്നേക്കുമായി വേരറ്റുപോയില്ലല്ലോ.. നമ്മുടെ "ഗൂഗിള്‍ "മേനോന്‍റെ അനന്തിരവന്‍ അല്ലെ..ആ തറവാട്ടു മഹിമ കാണിക്കാതിരിക്കുമോ. അത്രയെങ്കിലും സമാധാനം.

കൂടുതല്‍ കളിഎടുതല്‍ അവന്‍റെയൊക്കെ അമ്മ പെങ്ങളുടെ കുളിസീന്‍ ഞാന്‍ "യുടുബ്" നായരുടെ കടയിലൂടെ നാലാളെകാണിക്കും.സകല തെണ്ടികളോടും "ജിടോക്കില്‍" മിണ്ടീം പറഞ്ഞും ഇരിക്കാം എന്നതുസുഖം ഉള്ള ഏര്‍പ്പാടാ... ആ "സ്കൈപ്പന്‍" പിള്ള "ജിടോക്കിന്" പണികൊടുക്കും എന്ന് കേട്ടു. എന്താണാവോ ആവോ.അല്ലെങ്കിലും അയാള്‍ക്കല്പം കൊതിക്കെറുവ്‌ ഉള്ള കൂട്ടത്തിലാ. അങ്ങേരുടെ കാലം കഴിഞ്ഞല്ലോ.അതാ ഇത്ര ചൊരുക്ക്.

ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യമാണല്ലോ..ഞാന്‍ മാത്രമെന്താ വിഷമിക്കുന്നത്..

അയ്യോ കരണ്ട് പോയല്ലോ..ഓ ബൂലോകവലയില്‍ തെണ്ടാന്‍ ഇലക്ട്രിസിറ്റിവകുപ്പും സമ്മതിക്കില്ലേ..

ഇനി നാളെ തെണ്ടാം.

Sunday, December 7, 2008

27.കാളി

(ചിന്ത.കോമിന്‍റെ "തര്‍ജ്ജനി" മാസികയില്‍ (ഡിസംബര്‍ 08 ലക്കം)പ്രസീദ്ധികരിച്ച എന്‍റെ കാളിയെന്ന ചെറുകഥ വായിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. കാളി )

ഗോതമ്പ് നിറമുള്ള സുന്ദരിയെ ഞാന്‍ വിവാഹം ചെയ്യുകയെന്നത് സത്യത്തില്‍ അമ്മയുടെ ആഗ്രഹമായിരുന്നു.ഒരു പക്ഷെ വാര്‍ധക്യത്തിലും സൌന്ദര്യം മങ്ങിപോവാത്ത അവരുടെ സുന്ദരനായ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയര്‍ മകന് ഒരു സുന്ദരിയെ കിട്ടാന്‍ കൊതിച്ചത്തിലെന്താ ഇത്ര തെറ്റ്..

പക്ഷെ അവര്‍ക്കിടയില്‍ വിധിയുടെരൂപത്തില്‍ അവനുണ്ടായിരുന്നു..ജാതകദോഷമെന്ന വില്ലന്‍..ചൊവ്വാദോഷം വിവാഹം നീട്ടികൊണ്ടുപോയപ്പോള്‍ ഇനിയും വിവാഹമേ കഴിക്കില്ലെന്ന് തീരുമാനിച്ചതാ..പക്ഷെ പേരകുഞ്ഞിനെ കാണാനുള്ള അമ്മയുടെ മോഹത്തിന് മുന്‍പില്‍ തോറ്റു കൊടുക്കേണ്ടി വന്നു..
ഒടുവില്‍ ഓവര്‍സീയര്‍ മാത്തച്ചന്‍ വഴിയാണ് ആ ആലോചന വന്നത്.ജലസേചന വകുപ്പില്‍ ജോലിചെയ്യുന്ന അരുന്ധതി..ആ പെണ്‍കുട്ടിയും ജാതകദോഷം കാരണം വിവാഹം മുടങ്ങിനില്‍ക്കുകയാത്രേ..ഒടുവില്‍ മാത്തച്ചനും അമ്മയും ഞാനും കൂടി അരുന്ധതിയെ കാണാന്‍ പോയദിവസം തീര്‍ത്തും ആഹ്ലാദവതിയായിരുന്നു അമ്മ.

അമ്മയുടെ മുഖം വളരെ തെളിഞ്ഞിരുന്നു...ഒരു പത്തുവയസ്സ് കുറഞ്ഞതുപോലെ..ചായയുമായി എത്തിയ കുട്ടിയെ ഞാന്‍ കാര്യമായി ശ്രദ്ധിക്കാനെ പോയില്ല..പക്ഷെ അമ്മയുടെ മുഖം ഇരുളുന്നത് കണ്ടാണ്‌ ഞാന്‍ അരുന്ധതിയെ നോക്കിയത്..

നന്നേ കറുത്തകുട്ടി..പക്ഷെ ശാന്തമായ ആ മുഖം ആരെയും ആകര്‍ഷിക്കുന്നതാണ്..ആ മുഖത്തെ നിഷ്കളങ്കത ആരിലും ഒരിഷ്ടം ഒക്കെ തോന്നിക്കും..അമ്മയുടെ വായില്‍നിന്നു വീണ വാക്കുകള്‍ പതിയെയാണ് കേട്ടത്.."കാളി.."

ഞെട്ടലോടെ ഞാന്‍ അരുന്ധതിയെ നോക്കി..ഇല്ല അവള്‍ അതൊന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു.പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു യാത്രപറഞ്ഞു പോരുമ്പോഴും അമ്മയുടെ മുഖം തെളിഞ്ഞിരുന്നില്ലയെന്നത് ഞാന്‍ ശ്രദ്ധിച്ചു,പക്ഷെ ജനാലയിലൂടെ എന്നെ നോക്കികൊണ്ടിരുന്ന അരുന്ധതിയുടെ നേര്‍ത്ത എന്തോ പ്രതീക്ഷിക്കുന്ന കണ്ണുകള്‍ അമ്മയുടെ മുഖത്തെ കാളിമയെക്കാള്‍ എന്നെ ചിന്താകുലനാക്കി..

യാത്രയ്ക്കിടയിലും അമ്മ ഒന്നും മിണ്ടിയില്ല..ഇടയ്ക്കെപ്പോഴോ കാളിയെന്നുരുവിട്ടോ എന്നൊരു സംശയം.വീട്ടില്‍ വണ്ടിയെതിയപ്പോഴേ അമ്മ വണ്ടിയില്‍ നിന്നിറങ്ങി വീട് തുറന്നു പൂജാമുറിയിലെക്കോടി..പിന്നാലെ ഞാനും ചെന്നു..

"എന്താ അമ്മേ..?"

എന്‍റെ ചോദ്യത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു..

"ജയ...അവളെ കണ്ടപ്പോള്‍ എനിക്ക് കാളിയെയ ഓര്‍മ വന്നത്..ചോരകുടിക്കുന്ന ഭദ്രകാളിയെ..വേണ്ട മോനേ നമുക്കത് വേണ്ടാ.."

അമ്മ വിഭ്രമത്തോടെ പറഞ്ഞു നിര്‍ത്തി..അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല..ഒരുപക്ഷെ അവളുടെ നിറമാകാം അമ്മയെ അങ്ങനൊരു തീരുമാനത്തില്‍ എത്തിച്ചത്.ഇനി സൌകര്യപൂര്‍വ്വം അമ്മയെ പറഞ്ഞുമനസ്സിലാക്കാം..പക്ഷെ പിന്നീട് അമ്മ അതേപ്പറ്റി ഒന്നും സംസാരിച്ചില്ല..തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണോ എന്ന് ശങ്കിച്ചു..പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അമ്മ ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചു..

അങ്ങനെ അരുന്ധതി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു...ഒരു നാലാംതീയതി..തിങ്കളാഴ്ച..അവള്‍ വീട്ടിലേക്ക് വലതുകാല്‍ വച്ചത് ഇന്നും ഓര്‍മ്മയുണ്ട്..നല്ല തെളിഞ്ഞുനിന്ന ആകാശം പെട്ടെന്ന് മൂടിക്കെട്ടി...ഒരു കാറ്റുവീശിയടിച്ചു..അരുന്ധതിയുടെ കൈയില്‍ ഇരുന്ന വിളക്കണഞ്ഞു..ചുറ്റും ഉണ്ടായിരുന്നവര്‍ പിറുപിറുക്കന്നത് കേട്ടു..അമ്മയുടെ വായില്‍ നിന്നു വീണത്‌ കേട്ടു ഞാന്‍ ഒന്നു നടുങ്ങി..

"കാളി.."
പക്ഷെ എല്ലാവരെയും സമാധാനിപ്പിച്ചു ഞാന്‍ സന്ദര്‍ഭത്തിന് ഒരയവ് കൊടുക്കാന്‍ ശ്രമിച്ചു...വളരെപ്പെട്ടെന്നാണ് അവള്‍ അമ്മയോടടുത്തത്,..എന്തിനും ഏതിനും അമ്മയ്ക്ക് അരുന്ധതിമതിയെന്നായി..അമ്മ ആത്സ്മയുടെ അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഊണും ഉറക്കവും മറന്നു അരുന്ധതി ഒപ്പം കൂടി..അമ്മയുടെ സ്നേഹം വര്‍ദ്ധിക്കുകകയായിരുന്നു..ആഴ്ചകള്‍ ഓടി നീങ്ങി..ഒരുദിവസം വളരെ തിരക്കുള്ള സമയത്താണ്..ഓവര്‍സീയര്‍ മാത്തച്ചന്‍ വന്നത്..

"സാര്‍ ..വീട്ടില്‍ നിന്നു ഫോണ്‍.സാര്‍ വേഗം ചെല്ലണം എന്ന്..."

മാത്തച്ചന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി..പക്ഷെ എല്ലാം തോന്നലല്ലേ എന്ന് മനസ്സു ചോദിക്കുന്നു..വീട്ടിലേക്ക് പലവട്ടം വിളിച്ചു...പക്ഷെ ആരും ഫോണ്‍ എടുക്കുന്നില്ല..കാര്‍ എടുത്തു വീട്ടിലേക്ക് കുതിച്ചു..വീട്ടിലെത്തിയപ്പോള്‍ വീടും തൊടിയും നിറയെ ജനം.

"ദൈവമേ ..അമ്മയെക്കെന്തെങ്കിലും.."

വീടിനുള്ളിലേക്ക് ഓടിക്കയറി...അമ്മ തറയില്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു.....തലയ്ക്കുപുറകില്‍ കത്തിച്ചുവച്ചിരിക്കുന്ന സാമ്പ്രാണിതിരികള്‍ക്കും നിലവിളക്കിനും അടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞ അരുന്ധതി.......
"എടാ..അവള്‍ പോയി.....കാളി..അവള്‍ നിന്‍റെ ജീവനെടുത്തില്ല..സ്വയം....ശാപം ഏറ്റുവാങ്ങി..."

എനിക്ക് ഒന്നും മനസ്സിലായില്ല....ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് നിലത്തേക്ക്‌ വീണു...

Friday, December 5, 2008

26.മറുക്ശാസ്ത്രം..

പക്ഷിശാസ്ത്രഞ്ജന്‍ പിതാവിന്‍റെ മകന് കുറഞ്ഞപക്ഷം പക്ഷിയിലെങ്കിലും താല്‍പര്യമുണ്ടായില്ലെങ്കിലെ അത്ഭുദം ഉള്ളൂ. മകന് പക്ഷിശാസ്ത്രത്തോട്‌ അത്ര മമതയില്ല..കിളിയ്ക്കെന്തറിയാം.പക്ഷെ അച്ഛന്‍ തനിയ്ക്കു ഓര്‍മവെച്ച നാള്‍മുതല്‍ തത്തയും കൂടുമായി നടക്കുകയാണ്.എത്രയോ തത്തകള്‍ മാറിയിരിക്കുന്നു..പക്ഷെ കൂടും അച്ഛന്‍റെ വിശ്വാസവും മാറിയിട്ടില്ല. ഒരു പക്ഷെ തൊഴില്‍ ആയതു കൊണ്ടാവും.

തമിഴ്‌നാട്ടില്‍ നിന്നു ഭാവി പറയാനായി എത്തിയ അച്ഛന്‍ ഭാവി പറയുന്നതു ശരിയായാലും ഇല്ലെങ്കിലും അമ്മയുടെ ഭാവികണ്ടിരുന്നു..പക്ഷെ നായര്‍ സ്ത്രീയെ വണ്ണിയ കുള്ളത്തു ക്ഷത്രിയനെങ്കിലും പക്ഷിയേം കൊണ്ടു ഊര് തെണ്ടുന്ന പാണ്ടിയ്ക്ക് കെട്ടിച്ചുകോടുക്കാന്‍ അമ്മാവന്മാര്‍ വിസമ്മതിച്ചു..പക്ഷെ തത്ത വിളിച്ചാല്‍ പോരാതിരിക്കാന്‍ ആവുമോ..?? ഏതായാലും അമ്മയെ പടിയടച്ചു പിണ്ഡം വെച്ചതുകൊണ്ട് അമ്മവീട് കാണാന്‍ തനിയ്ക്കു യോഗമില്ലാതായി...

പത്തുവര്‍ഷം മുമ്പത്തെ അമ്മയുടെ മരണം പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ പക്ഷി ശാസ്ത്രത്തില്‍ ഉണ്ടായിരുന്ന ചില്ലറവിശ്വാസവും നഷ്ടപ്പെട്ടു..ഇടയ്ക്ക് അച്ഛന്‍റെ രണ്ടു തത്തകളെ തുറന്നു വിട്ടതിന്‍റെ ചൊരുക്ക് അച്ചന് ഇനിയും മാറിയിട്ടില്ല..പിന്നീട് രണ്ടെണ്ണത്തിനെ എന്‍റെ പൂച്ചയും തിന്നു..പക്ഷെ അച്ഛന്‍ ആ പൂച്ചയെ തിന്നു ദേഷ്യം മാറ്റുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല..

സംസ്കൃതം പഠിയ്ക്കാന്‍ പോയവഴിയിലുള്ള പരിചയമാണ് ശ്രീഹരിമാഷുമായി തനിയ്ക്കുള്ളത്..ഒരു വൈകുന്നേരം ക്ഷേത്രനടയിലിരുന്നു മാഷാണ് പലതരം വിശ്വാസങ്ങളെയും അവയുടെ മനുഷ്യജീവിതത്തിലുള്ള സ്വാധീനത്തെയും പറ്റി പറഞ്ഞതു..അതില്‍ പക്ഷിശാസ്ത്രവും സാമുദ്രികാലക്ഷണങ്ങളും ഹസ്തരേഖശാസ്ത്രവും മന്ത്രവാദവും തുടങ്ങി എല്ലാത്തരം ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്ത മുറകളെയും പറ്റി വിശദമായ ഒരു ചര്‍ച്ചതന്നെ നടന്നു..ചര്‍ച്ചയെന്നു പറയാനാവില്ല താന്‍ വെറും ശ്രോതാവായിരുന്നല്ലോ..

പക്ഷെ അന്ന് ശ്രീഹരിമാഷിന്‍റെ വീട്ടില്‍പോയി പഴകുളം നാണുക്കുറുപ്പിന്‍റെ സാമുദ്രികലക്ഷണങ്ങളുടെ പുസ്തവും മോഴിയൂര്‍ മാധവന്‍ നമ്പൂതിരിയുടെ മറുക്ശാസ്ത്രവും എടുത്തു വീട്ടില്‍ കൊണ്ടുവന്നത് കേവലകൌതുകത്തിന് മാത്രമായിരുന്നു.പക്ഷെ സാമുദ്രികലക്ഷണങ്ങളെക്കാള്‍ തന്നെ ആകര്‍ഷിച്ചത് മറുക്ശാസ്ത്രം തന്നെയായിരുന്നു..കേവലം എന്നുപറഞ്ഞ്‌ തള്ളിക്കളയുന്ന മറുകുകള്‍ക്ക് വലിയ അര്‍ത്ഥം ഉണ്ടത്രേ..പക്ഷെ അച്ഛനോട് സംസാരിച്ചപ്പോള്‍ അച്ഛന്‍ വളരെ നിസ്സാരമായി തള്ളിക്കളയുകാണ് ഉണ്ടായത്..

കൂട്ടില്‍ കിടന്ന തത്ത ചിലച്ചു..

"പൊട്ടന്‍.."

"കേട്ടോടാ ..തത്ത പറഞ്ഞതു കേട്ടോ...ഇതിലോങ്ങും ഒരര്‍ത്ഥവും ഇല്ല..ങ്ങ പിന്നെ പറയാന്‍മറന്നു..നീയാ ജാനകിയുടെ കൂടെ ഒന്നു പോകണം..ഏതോ ഒരു നല്ല ആലോചനയുണ്ടാത്രേ.."

അച്ഛന്‍ അല്പം ഗൌരവമായായാണ് പറഞ്ഞതു.ഇടക്കാരിയാണ് ജാനകി...കുറെനാളായി തന്നെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്നു...അച്ചന് അവരുമായി എന്തെങ്കിലും ഏടാകൂടം ഉണ്ടോ...ആ ആര്‍ക്കറിയാം..

ഞായറാഴ്ച ജാനകിയുടെ കൂടെ പെണ്ണുകാണാന്‍ പോയി..

"രശ്മി.അതാ ഇവളുടെ പേര്."

ജാനകി പെണ്ണിനെ പരിചയപ്പെടുത്തി. പെണ്ണിന്‍റെ കവിളിലെ കാക്കപ്പുള്ളിയാണ് ആദ്യം കാഴ്ചയില്‍പ്പെട്ടത്..മറുക് ശാസ്ത്രപ്രകാരം മാളികയില്‍ വാഴാന്‍ യോഗം ഉള്ളവള്‍..അപ്പോള്‍ ഇവള്‍ തന്‍റെ സമ്പന്നതിയിലെക്കുള്ള താക്കോലായി മാറാമല്ലോ..പക്ഷെ വീടും ചുറ്റുപാടും നോക്കിയിട്ട് നാഴിയരി തികച്ചെടുക്കുവാന്‍ ത്രാണിയുള്ളവരാണ് എന്ന് തോന്നുന്നില്ല..പക്ഷെ മറുക് ശാസ്ത്രത്തില്‍ വിശ്വസിക്കണമല്ലോ..ജനകിയേം അമ്പരപ്പെടുത്തി പെട്ടെന്ന് സമ്മതം മൂളുമ്പോള്‍ പെണ്ണിന്‍റെ മുഖത്ത് ഒരുപ്രകാശം പരന്നത് ശ്രദ്ധിച്ചു..

വീണ്ടും നോക്കിയപ്പോള്‍ അവളുടെ നെറ്റിയുടെ ഇടതുഭാഗത്തും ഒരു കാക്കപ്പുള്ളി.മറുക് ലക്ഷണപ്രകാരം അതും ഉത്തമംതന്നെ.എല്ലാം പെട്ടന്നാണ് നടന്നത്.. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയുള്ള വിവാഹം.. ആദ്യരാത്രിയിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് കൂട്ടുകാരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ തോന്നിയില്ല..ഓടിചെന്നു മറുക്ശാസ്ത്രം ഒന്നുകൂടി നോക്കി..സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി..

ഒടുവില്‍ കാത്തിരുപ്പിനു വിരാമമിട്ടു അവള്‍വന്നു...ആവേശം കൂടിയെന്നോണം അവളെ വലിച്ചുതന്നിലെക്കിടുകയായിരുന്നു...ആദ്യം ഒന്നു പരിഭ്രമിച്ചെന്നാലും പെട്ടെന്ന് തന്നെ അവളും സമനില വീണ്ടെടുത്തു..വിളിക്കണയ്ക്കാന്‍ സമ്മതിക്കാതെ ശരീരം മുഴുവന്‍ പരതുന്ന ഭര്‍ത്താവിന്‍റെ വിക്രിയ അല്പം പേടിയോടെയാണ് അവള്‍ നോക്കിയത്..സമയം വീണ്ടും കടന്നുപോയി..

രാവിലെ ചെമ്പന്‍ കോഴി സൂര്യനെ കൂവിയുണര്‍ത്തി..രാവിലെ രശ്മി പോയികുളിച്ചു ചായയുമായി എത്തിയപ്പോള്‍ കവിളില്‍ ഒരു ചുവന്നപാട്.. പക്ഷെ ചുവന്നപാട് ഇന്നലെയില്ലയിരുന്നല്ലോ..ചുവന്ന പാടുകള്‍ ഗുണത്തെക്കാള്‍ ദോഷമാണ്ഉണ്ടാക്കുകയെന്നു ശാസ്ത്രം..

"എടി.. രശ്മി ഈ പാടെങ്ങേനെ വന്നു..."

അവള്‍ കണ്ണാടിയിലേക്ക് നോക്കി നാണിച്ചു ചുണ്ടുകടിച്ചു കൊണ്ടു പുറത്തേക്കോടി..പുതിയ ഈ പാടിനെക്കുറിച്ചു കൂടുതല്‍ തന്‍റെ പുസ്തകത്തില്‍ ഇല്ലല്ലോ..അച്ഛന്‍റെ അടുത്തേക്ക് നടന്നു..പുറത്തേക്ക് നോക്കി മരുമകള്‍ കൊണ്ടുവന്ന ചായ ഊതിക്കുടിക്കുകയായിരുന്നു അച്ഛന്‍.തന്നെകണ്ടു രശ്മി ഓടിമറഞ്ഞു..

"അച്ഛാ .. കവിളിലെ ചുവന്നപാടിന്‍റെ ശാസ്ത്രം എന്നതാ..??"

അച്ഛന്‍ സൂക്ഷിച്ചൊന്നു നോക്കി..

"പൊട്ടന്‍ ..പൊട്ടന്‍.."

കൂട്ടില്‍ കിടന്നുകൊണ്ട് അച്ഛന്‍റെ തത്ത ശബ്ദം ഉണ്ടാക്കി..അച്ഛന്‍ ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി നടന്നു..തിരിഞ്ഞു നോക്കിയപ്പോള്‍ രശ്മി വായ്പോത്തിചിരിക്കുന്നത് കണ്ടു..

"ഇനി ഇതിന് വല്ല ചിരിക്കാനുള്ള കാരണം കാണുമോ..? അതോ ഈ പാടിന്‍റെ ഫലം നാണക്കേടോ നാശനഷ്ടങ്ങളോ ഉണ്ടാക്കുമോ.?"

വീണ്ടും മറുക് ശാസ്ത്രത്തില്‍ നോക്കാന്‍ ഉള്ളിലോട്ടു നടന്നു..

Tuesday, December 2, 2008

25.കോര ഉപദേശിയും കര്‍ത്താവും.

(പലരും കേട്ടുപഴകിയ കഥയാവും.പക്ഷെ കേള്‍ക്കാത്തവര്‍ ഒന്നുകൂടെ കേട്ടോളു.ആരോ എഴുതിയ ഒരു പഴങ്കഥ..ഞാന്‍ ഒന്നു മിനുക്കിയെടുത്തു എന്ന് മാത്രം.ആരെയും കളിയാക്കാനല്ല..ഇതിലുള്ളവര്‍ ജീവിച്ചിരിക്കുന്നവരോ ജീവിച്ചുമരിച്ചവരോ അല്ല..സാദൃശ്യം തോന്നിയാല്‍ കര്‍ത്താവ് സമാധാനം പറയട്ടെ..)


നമ്മുടെ കഥാനായകന്‍റെ പേരു കോര.കോര ഉപദേശി.വിശ്വാസം മൊത്തമായും ചില്ലറയായും വ്യാപാരം ചെയ്യുന്ന ഒരു കര്‍ത്ത്രുദാസന്‍. പത്താം ക്ലാസ്സില്‍ എട്ടുനിലയില്‍ പൊട്ടി തന്നെകൊണ്ട് ഇനി പഠിക്കാനോ ആ നിലയില്‍ വല്ലതും നേടാനോ ആവില്ലെന്ന് തിരിച്ചറിഞ്ഞു സുവിശേഷവേല സ്വീകരിച്ച ഒരു വലിയആട്. (ഈ മഹാനുഭാവന്‍റെ കൂടെ നടക്കുന്നവര്‍ കുഞ്ഞാടുകള്‍..) സ്വയം ആട്ടിടയന്‍ എന്ന് പറഞ്ഞാലും കര്‍ത്താവാണ് ഏറ്റവും വലിയ ആട്ടിടയന്‍ എന്നതുകൊണ്ട് ഇദ്ദേഹത്തെ വലിയാടെന്നു വിളിക്കാനെ എനിക്കാവൂ..

കാര്യം നൂറു പറഞ്ഞാലും പഠിക്കാന്‍ പിന്നോക്കമായിരുന്നെങ്കിലും തിയോളജി പഠിച്ചു (ഇടയ്ക്ക് മറു ഭാഷയും കിട്ടിയത്രേ..ആ വകയില്‍ മഗുടെ,ഷഗുടെ,സന്തല സല സല,ലാമ ലാമ തുടങ്ങിയ ചില മഹത് വാക്കുകളും മലയാളഭാഷയ്ക്ക് കോര ഉപദേശിയുടെതായിട്ടുണ്ട്.(ഇനി അതല്ല ഇവ മലയാളം അല്ലെന്നും മറുഭാഷ എന്നൊരു ഭാഷയില്ലെന്നും വാദിക്കുന്നവരോട് എനിക്കൊന്നെ പറയാനുള്ളൂ...പ്രയ്സ്‌ ദ ലോര്‍ഡ്..ഇവന്‍ പറയുന്നതോ ചെയ്യുന്നതോ ഞങ്ങള്‍ക്കറിയില്ല..നീയെങ്കിലും പറഞ്ഞു തരണേ.)

അങ്ങനെ പതിനാറാം വയസ്സില്‍ തുടങ്ങിയ ദൈവവിളി ഇപ്പോള്‍ നാല്‍പ്പതാംവയസ്സിലും അനസ്യൂതം തുടരുന്നു..പക്ഷെ റാലി സൈക്കിളില്‍ നിന്നു സഞ്ചാരം ബെന്‍സ് കാറിലോട്ടു മാറിയെന്നു മാത്രം..ഇടയ്ക്ക് പലേ കാരണങ്ങളാല്‍ (കടുത്ത മത്സരം മൂലവും,ചില വിദേശ ശക്തികളുടെ കടന്നുകയറ്റം മൂലവും,അതല്ല ചില പ്രാര്‍ത്ഥന സിന്‍ഡിക്കെറ്റുകളുടെ കൂട്ടായ തന്ത്രങ്ങള്‍ മൂലം താഴെക്കിടയിലുള്ള വിശ്വാസികളെ ബ്രാണ്ടേട് വിശ്വാസികള്‍ ആകിയെന്നും വിദേശകുത്തക ഉപദേശികള്‍ ചാനലുകള്‍ വഴിയും പ്രാര്‍ത്ഥനമേളകള്‍ വഴിയും) വമ്പന്‍ ഡിസ്കൌണ്ടുകള്‍ നല്‍കി വിശ്വാസികളെ ചാക്കിലാക്കുന്നുവെന്നും കോര ഉപദേശിയ്ക്ക് ആക്ഷേപം ഉണ്ട്..

തന്മൂലം പ്രവര്‍ത്തന തട്ടകം മാറ്റി നേരെ ഇടുക്കിയിലെ ആദിവാസി കോളനിയിലേക്ക് ഒരു യാത്രനടത്തി..ഒരു കൂട്ടം വിശ്വാസികളും ഉപഉപദേശികളും കൂടി കോരഉപദേശിയുടെ എസി ടൂറിസ്റ്റ് ബസിലായിരുന്നു യാത്ര..അങ്ങനെ പാടിയും ആടിയും സ്വര്‍ഗ്ഗരാജ്യത്തുള്ള തങ്ങളുടെ പ്രിയനേ സന്തോഷിപ്പിച്ചൊരു യാത്ര..(സന്തോഷിച്ചോ അതോ ദൈവ പുത്രനായി ഭൂമിയില്‍ അവതരിച്ചതില്‍ പശ്ചാതപിച്ചോ എന്ന് കര്‍ത്താവ് തിരുമേനിക്ക് മാത്രമെ അറിയൂ..)പൊടുന്നനെ ഡ്രൈവര്‍ (മറ്റൊരു കുഞ്ഞാട്) പാട്ടു നിര്‍ത്തുകയും വണ്ടിയുടെ ബ്രേക്ക് പോയതായി എല്ലാവരെയും വെപ്രാളത്തോടെ അറിയിക്കുകയും ചെയ്തു..

അങ്ങനെ തങ്ങള്‍ അപകടത്തിന്‍റെ നടുക്കടലില്‍ ആണെന്ന് കോരഉപദേശിയ്ക്കും വിശ്വാസിക്കൂട്ടങ്ങള്‍ക്കും അറിയാന്, മനസ്സിലാക്കാന്,അല്ലെങ്കില്‍ വെപ്രാളപ്പെടുവാന് സാധിച്ചു..ഒരു സൈഡില്‍ അഗാധമായ കൊക്ക..മറുവശത്ത് ചെങ്കുത്തായ മല..സാത്താനും കടലിനും ഇടയ്ക്കായ അവസ്ഥ. പെട്ടെന്ന് എതിരെ വന്ന ഒരു ട്രക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ ഡ്രൈവര്‍ ഇടത്തേയ്ക്ക് ബസ് വെട്ടിച്ചു..പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടല്‍ തെറ്റിച്ചുകൊണ്ട് ബസ് കൊക്കയിലേക്ക് പതിച്ചു..

ആയിരക്കണക്കിന് അടി താഴ്ചയിലേക്ക് ബസ് പതിയ്ക്കുന്നതിനിടയില്‍ നമ്മുടെ കോര ഉപദേശി വെളിയിലേക്ക് തെറിച്ചു..താഴേക്ക് പതിയ്ക്കുന്ന ബസിന്‍റെ കൂടെ കോരയും താഴേക്ക് പതിച്ചു..പക്ഷെ അത്ഭുദം എന്നെ പറയേണ്ടു..ആ കൊക്കയുടെ വശത്ത് നിന്നിരുന്ന ഒരു വടവൃക്ഷത്തിന്‍റെ ശാഖയില്‍ മൂപ്പര്‍ക്ക് പിടികിട്ടി..കിട്ടിയ പിടി മുറുകെ പിടിച്ചു താഴേക്ക് നോക്കി..താഴെ ആയിരക്കണക്കിന് അടി താഴെ പാറയും കാടും അവ്യെക്തമായി കാണാം.. പെട്ടെന്ന് കോരഉപദേശി കര്‍ത്താവിനെ വിളിച്ചു..

വിളിച്ചു എന്ന് പറഞ്ഞാല്‍ പോര..അലറി വിളിച്ചു...കൂടെ മറുഭാഷയും..(തെറിയല്ല. നമ്മുടെ മഗുടെ.ഷഗുടെ..)ഒടുവില്‍ കര്‍ത്താവ് പ്രത്യക്ഷപ്പെട്ടു..

"പ്രിയ മകനെ ...ഞാന്‍ വന്നിരിക്കുന്നു..പറഞ്ഞോളു.."

കര്‍ത്താവിനെ കണ്ട കോര ആകെ കുപിതനായി..

"എന്നാ പണിയാ എന്നാലും കാണിച്ചേ..എന്‍റെ മുഴുവന്‍ സെറ്റ്അപ്പും പോയി..വണ്ടീം വിശ്വാസികളും പോയി..ഇപ്പോള്‍ നിനക്കു വേണ്ടി പാടി പാടി ഞാന്‍ ഇപ്പോള്‍ ഇവിടെ തൂങ്ങി കിടക്കുന്നു.."

കര്‍ത്താവ് സ്നേഹത്തോടെ പറഞ്ഞു.

" എനിക്ക് വേണ്ടി പാടി പ്രവര്‍ത്തിച്ചതിനാല്‍ നീ ഇപ്പോഴും ജീവനോടെ ഇരിക്കുന്നു..അല്ലെങ്കില്‍ നീയും ആ ബസ്സിനുള്ളില്‍ മറ്റുള്ളവരോട് കൂടി താഴേക്ക് പതിച്ചേനെ.."

"കര്‍ത്താവേ കഥാപ്രസംഗംനിര്‍ത്ത്‌.. എന്നെയൊന്നു നീ താഴെയിറക്കൂ.. എനിക്ക് അധികം നേരം ഇങ്ങനെ തൂങ്ങി കിടക്കാന്‍ വയ്യ..ഞാന്‍ എന്നാ വവ്വാലോ..??"

കോര ഉപദേശിയ്ക്ക് കോപവും സങ്കടവും ഒന്നിച്ചു വന്നു.കര്‍ത്താവ് ഉപദേശരൂപേണ പറഞ്ഞു..

"മകനെ..നീ കൈകൂപ്പി പ്രാര്‍ത്തിച്ചു കൊള്ളൂ..ഞാന്‍ നിന്നെ താഴെയിറക്കാം..ങ്ങ പിന്നെ നിന്‍റെ നിന്‍റെ മറുഭാഷ വേണ്ട... അത് പറഞ്ഞു എന്നെ പറ്റിക്കാന്‍ നോക്കേണ്ട...ഞാന്‍ എത്ര കോരമാരെ കണ്ടിരിക്കുന്നു.."

കര്‍ത്താവിന്‍റെ മുഖത്ത് പ്രസന്നത മാറി കോപം പ്രകടമായി.. പെട്ടെന്ന് കോര കുപിതനായി കര്‍ത്താവിനോടു പറഞ്ഞു..

"ദേ..ഇമ്മാതിരി കന്നത്തരം എന്നോട് പറയല്ലേ..കര്‍ത്താവ് ആണെന്ന് നോക്കുകേല നല്ല പുളിച്ചതെറി ഞാന്‍ പറയും.."

വീണ്ടും ശാന്തനായ കര്‍ത്താവ് കൊരയോടായി പറഞ്ഞു..

"എന്നില്‍ വിശ്വാസമില്ലാത്തവന്‍ നീയെന്നു നമുക്കറിയാമായിരുന്നു..പക്ഷെ ഇത്രയും നാള്‍ എന്നെ പാടിപുകഴ്ത്തിയത് കൊണ്ടു നിനക്കു ഇത്തരം ഒരവസരം തന്നു..വിശ്വാസമില്ലാത്ത നിന്നെ രക്ഷിക്കാന്‍ ദൈവവും വരില്ല.."

കര്‍ത്താവ് അപ്രത്യക്ഷനായി..

"കര്‍ത്താവേ പോകല്ലേ.."

എന്നും പറഞ്ഞു കൈവിട്ടു കൈകൊട്ടി ദൈവത്തെ വിളിച്ച കോരഉപദേശി താഴേക്ക് പതിച്ചു..

"വിശ്വസിക്കേണ്ട സമയത്തു വിശ്വസിക്കണം..പ്രാര്‍ഥിക്കേണ്ട സമയത്തു സമയത്ത് അതാകേണം..അവിശ്വാസികളെ നരകരാജ്യം നിനക്കുള്ളതാകുന്നു.." ഒരശരീരി മുഴങ്ങിക്കേട്ടു.

ഇതില്‍ നിന്നും കിട്ടിയത്..നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ.

Saturday, November 29, 2008

24.കണ്ടകശനി ..

(കുറെ നുണയും കുറെ നേരും..)


കൂട്ടുകാരന്‍റെ ഇമെയില്‍ വളരെ ആകാംക്ഷയോടെയാണ് തുറന്നത്..സബ്ജക്റ്റില്‍ "ലോക സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കേരളം പരിഹാരം കണ്ടെത്തി." എന്ന മോഹനവാചകം എന്നില്‍ അല്പം കൌതുകം ഉണര്‍ത്തി എന്ന് പറയുന്നതാവും ശരി.തുറന്നു ഉള്ളടക്കത്തില്‍ കണ്ണോടിച്ചു..

രണ്ടുമാര്‍ഗ്ഗങ്ങള്‍ ആണത്രേ..

ഒന്നാമത്തേത്..

ഡോക്ടര്‍.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തരുന്ന ധനാഗമനയന്ത്രം ധരിക്കൂ..."രാധാകൃഷ്ണായ നമഃ" എന്ന് ജപിക്കുക...പണം തന്നത്താനെ പണപ്പെട്ടിയില്‍ നിറയുമത്രേ.കൂടെ ഒരു വളിപ്പന്‍ ചിരിയുമായി ഡോക്ടര്‍.ശ്രീ..ആറ്റുകാല്‍ രാധാകൃഷ്ണന്‍റെ ഒരു ഫോട്ടോയും.

രണ്ടാമത്തേത്..

കാനാടിയിലെ കുട്ടിച്ചാത്തന്‍ സേവാമഠത്തില്‍ നിന്നു അനുഗ്രഹം വാങ്ങുക..കുട്ടിച്ചാത്തന്‍ ബാങ്ക് ലോക്കറുകള്‍ നിറയ്ക്കുമത്രേ..

(തൃശ്ശൂരെ ചാത്തന്‍ ഭക്തര്‍ ക്ഷമിക്കുക..) വായില്‍ വന്ന പരത്തെറി ഇവിടെ കുറിച്ചാല്‍ വായനക്കാര്‍ അയര്‍ലണ്ട് വിസിറ്റ് വിസ എടുത്തു ഇവിടെവന്നു എന്നെ എറിഞ്ഞുകൊല്ലും എന്നറിയാമെന്നതിനാല്‍ അങ്ങനെയൊരു സാഹസത്തിനു മുതിരുന്നില്ല..

വാച്ചില്‍ സമയം നോക്കി..ആറായെങ്കിലും നേരം വെളുത്തിട്ടില്ല..ജനാലയിലൂടെ വെളിയിലോട്ട്‌ നോക്കി..വെളിയില്‍ മഞ്ഞു പൊഴിയുന്നു..സിനിമയില്‍ കാണാന്‍ സുഖമാണെങ്കിലും മഞ്ഞിലൂടെ ഈ തണുപ്പത്ത് ബസ്സ്റ്റോപ്പ് വരെയുള്ള നടപ്പ് അത്ര രസമുള്ള ഏര്‍പ്പാടല്ല.കാലിലൂടെ അരിച്ചുകയറുന്ന തണുപ്പ് തലയിലെത്തി തലച്ചോറിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കാറുണ്ടോ എന്ന സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്..പക്ഷെ ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ക്ക് അടിസ്ഥാനം ഇല്ലെന്നറിയാമെന്നതിനാല്‍ അവയെല്ലാം അങ്ങനെത്തന്നെ വിഴുങ്ങുകയാണ് പതിവ്.

കൈയിലിരുന്ന സെല്‍ഫോണ്‍ ചിലച്ചു..രാവിലെ ആരെന്നറിയാനുള്ള കൌതുകത്തെക്കാള്‍ രാവിലെ സമയമില്ലാത്തപ്പോള്‍ വിളിച്ചുബുദ്ധിമുട്ടിച്ച ആളെ അരിശത്തോടെ നോക്കി..ഓ ..നാട്ടില്‍ നിന്നാണ്..പക്ഷെ ഇവിടുത്തെ സമയവെത്യാസത്തെപ്പറ്റി അറിയാമെന്നതിനാല്‍ രാവിലെ വീട്ടില്‍നിന്നു വിളിക്കുന്ന പതിവില്ല..അല്പം പേടിയോടെയാണ് ചോദിച്ചത്..

"എന്താ അമ്മേ.."

"ഇന്നലെ നമ്മുടെ അമ്പലത്തിലെ പോറ്റിയുടെ അടുത്തു പോയിരുന്നു.അടുത്ത ജാനുവരിവരെ നിനക്കു സമയം ശരിയല്ലത്രേ..കണ്ടക ശനിയുടെ മൂര്‍ദ്ധന്യം ആണ്.കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ.. .. ഒന്നു ശ്രദ്ധിച്ചെക്കാന്‍ പറയാന്‍ വിളിച്ചതാ.."

ആ വാക്കുകളിലെ പരിഭ്രമം മനസ്സിലായി..തനിക്കൊരു നല്ലജോലി ലഭിക്കാന്‍ എന്നും പൂജയും പ്രാര്‍ഥനയും ആണ്..ലോകസാമ്പത്തിക തകര്‍ച്ചയാണ് തന്‍റെ ജോലിയ്ക്ക്‌ വിഘാതം എന്ന് എങ്ങനെ പറയാനാണ്..പാവം രാഹുവിന്‍റെയും കേതുവിന്‍റെയും ശനിയുടെയും കുഴപ്പം കൊണ്ടാണെന്ന് വിശ്വസിച്ചു അവരെ പ്രീതിപ്പെടുത്താന്‍ നേര്‍ച്ചയും നിറപറയും...

"ങ്ങ..നാട്ടിലെ കര്‍മ്മികള്‍ക്കും ജീവിക്കേണ്ടേ."

പക്ഷെ പതിവില്‍ കൂടുതല്‍ ശ്രദ്ധിച്ചാണ് ഓരോ കാര്യവും ചെയ്തത്..എന്തിന് വെറുതെ ഒരു പരീക്ഷണം..ആര്‍ക്കറിയാം ഇനി കാലദോഷത്തിന് ശനി വന്നാലോ.??തന്നെയുമല്ല ഇവിടുത്തെ തണുപ്പ് താങ്ങാന്‍ ശനിയ്ക്കോ രാഹുവിനോ ശക്തിയുണ്ടാകുമോ..വെറുതെ അവരെ ബുദ്ധിമുട്ടിക്കേണ്ട..വൈകിട്ട് വന്നപാടെ വീട്ടില്‍ വിളിച്ചു...നാട്ടില്‍ പാതിരാത്രി ആയെന്നറിയാം എന്നാലും എന്തോ ഒരു ഭീതി..

"അമ്മ എവിടെ..ചുറ്റും വല്ലാത്ത ഒച്ച കേള്‍ക്കുന്നുണ്ടല്ലോ.."

"അതോ അച്ഛന്‍ ബൈക്കില്‍ നിന്നൊന്നു വീണു..എനിക്കും നല്ല പനിയും വയറുവേദനയും..ഞങ്ങള്‍ രണ്ടാളും ആശുപത്രിയിലാ.."

അമ്മ അല്പം ക്ഷീണിതയാണെന്ന് ശബ്ദത്തില്‍ നിന്നു മനസ്സിലായി..

"ങാ..മോനേ പറയാന്‍ വിട്ടുപോയി...നമ്മുടെ അമ്പലത്തിലെ പോറ്റി ഇന്നലെ ഇന്നു രാവിലെ മരിച്ചുപോയി..ഹാര്‍ട്ട്അറ്റാക്ക്‌ ആയിരുന്നു.."

കൂടുതല്‍ ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..

"ഒറ്റദിവസം കൊണ്ടു ഇത്രയും ശനിയുടെ ആക്രമണമോ..??"

അതിന് കണ്ടകശനി എനിക്കല്ലേ.കുറെ ചോദ്യങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി നേരെ അടുക്കളയിലേക്കു നടന്നു..കണ്ടകശനി കൂടെയുണ്ടെങ്കിലും ഭക്ഷണം കഴിക്കാതെ ഉറക്കം വരില്ലല്ലോ..

Tuesday, November 25, 2008

23.കോയയും കോട്ടും..

ബീവാത്തു തന്ന പനിനീര്‍ പൂവും കോയ തന്‍റെ കോട്ടിന്‍റെ ബട്ടന്‍ഹോളില്‍ തിരുകികയറ്റി.. അങ്ങനെ ജീവിതകാല അഭിലാഷം പൂവണിയാന്‍ പോകുകയാണ്.. എത്രനാളായി ശ്രമിച്ചപ്പോളാണ് ഒത്തു വന്നത്..

അതും ബീവാത്തുന്‍റെ വകയില്‍ ഒരു വല്ല്യാപ്പ അറബീന്‍റെ കൊട്ടാരത്തില്‍ പെരുത്ത ഉദ്യോഗം ഉള്ള ആളാണ്..അങ്ങാര്‍ വഴി വന്ന ഒരു ജോലി.. അറബിനാട്ടില്‍ ജോലി ശരിയായി എന്നറിഞ്ഞപ്പോള്‍ കോഴിക്കോട്ടു അങ്ങാടിയില്‍ നിന്നു ബീവാത്തു വാങ്ങിയതാ ഈ കോട്ട്..

"ന്‍റെ കെട്ട്യോന്‍ കൊട്ടും സ്യുട്ടും പത്രാസും ആയിട്ട് ചെല്ലുമ്പോള്‍ അറബിച്ചികള്‍ നോക്കണംത്രെ.."

അവള്‍ക്കു ആകെ ഹാലിളകി നില്‍ക്കുകയാണല്ലോ..അല്ലെങ്കിലും കോന്തന്‍കോയ ഒരു ഉപയോഗമില്ലാത്ത നാണയം ആണെന്ന് ദുഷ്പേര് മാറ്റണം എന്ന് അവള്‍ക്കാ വാശി,,ജീവിതത്തില്‍ ഒന്നും നേടാത്തവന്‍ പക്ഷെ അറബിനാട്ടില്‍ പൊന്നും വാരി വരുന്നതു കാട്ടികൊടുക്കാന്‍ വാശിയാണ് അവള്‍ക്കു..

ഒടുവില്‍ കോയയെ കയറ്റി എയര്‍ ഇന്ത്യയുടെ വിമാനം അങ്ങനെ റിയാദ് എയര്‍പോട്ടില്‍ എത്തി..കസ്റംസ്കാര്‍ ഏതോ അത്ഭുദജീവിയെപ്പോലെ നോക്കുന്നത് കണ്ടു. പെട്ടെന്ന് തന്നെ വെളിയില്‍ ഇറങ്ങി..വെളിയില്‍ ബീവാത്തുന്‍റെ വല്ല്യുപ്പ വണ്ടീം കൊണ്ടു വന്നിട്ടുണ്ട്..തന്‍റെ കോട്ടിലും പത്രാസിലും മൂപ്പര്‍ വീണു എന്ന് തോന്നുന്നു..പക്ഷെ ഇടയ്ക്കിടെ മൂപ്പര്‍ ഊറി ഊറി ചിരിക്കുന്നത് എന്താണെന്ന് എത്ര വിചാരിച്ചിട്ടും മനസ്സിലാക്കാന്‍ കഴിയുന്നില്ല.

വണ്ടി ഒരു കൊട്ടാരത്തിന്‍റെ വെളിയില്‍ എത്തി..

"ഹൊ ഇതിലാണോ താമസിക്കാന്‍ പോകുന്നത്..ചുമ്മാതല്ല പേര്‍ഷ്യയില്‍ പോയിട്ടുവന്ന ചങ്ങായിമാര്‍ വെല്യ ബഡായി അടിച്ച് നടക്കുന്നത്."

കോയയുടെ മനസ്സിലൂടെ നൂറു ചിന്തകള്‍ കടന്നു പോയി..വണ്ടിയില്‍ നിന്നും കോയയും വല്ല്യുപ്പയും ഇറങ്ങി..വല്ല്യുപ്പ പോയി അറബിയെ വിളിച്ചു കൊണ്ടു വന്നു..അറബി തന്നെ സൂക്ഷിച്ചു നോക്കുന്നു..എന്തോ പറഞ്ഞു അട്ടഹസിക്കുന്നു..പക്ഷെ ഹിമാര്‍ എന്ന വാക്കു എങ്ങോ കേട്ടിട്ടുണ്ടല്ലോ.."ങ്ങ പോട്ടെ..എന്തായാല്‍ എനിക്കെന്താ."

"അന്നേം കൊണ്ടു ഇന്നു തന്നെ ജോലിയ്ക്ക്‌ കയറാന്‍ മൂപ്പര് പറഞ്ഞു..ഓന് അന്നേ പുടിചൂന്നാ തോന്നണേ..."

വല്ല്യുപ്പ സന്തോഷത്തോടെ പറഞ്ഞു..

"അപ്പോള്‍ പള്ളില്‍ ഇട്ട പൈസയും നേര്‍ച്ച കൊടുത്ത കോഴിയും ഗുണം ചെയ്തു...പടച്ചോനെ കാത്തോണേ."

മനസ്സാ പ്രാര്‍ത്ഥിച്ചു..നേരെ അടുത്ത ഗെറ്റി നുള്ളിലേക്ക് കയറി..ഇതൊരു കൃഷിയിടം ആണല്ലോ..അങ്ങിങ്ങു കുറെ ആടുകളും നില്‍ക്കുന്നുണ്ട്‌..

"ഡാ കൊയെ.........നീ അപ്പോള്‍ പണി തുടങ്ങിക്കോ.."

വല്ല്യുപ്പ വേഗം തന്നെ കാര്യത്തിലോട്ടു കടന്നു..ഞാന്‍ ആകെ ബേജാറായി.

"ഡാ നിന്‍റെ കൊട്ടും സ്യുട്ടും ഒക്കെ ഊരി വല്ല്യ കൈലിം മുണ്ടും ഉടുത്തു വാ..ആ തൂമ്പ എടുത്തു ഇവിടുത്തെ അല്പം പുല്ലു ചെത്തിക്കളഞാട്ടെ.."

പതിയെ കൈലി ഉടുത്തു വന്നപ്പോള്‍ വല്ല്യുപ്പാന്‍റെ മൊബൈല്‍ ചിലച്ചു..

"ഡാ അനക്കാ..ബീവാത്തു.."

ഫോണ്‍ കൈയില്‍ കിട്ടി..

"ഇക്ക എന്തായി..അങ്ങ് ചെന്നോ..ജോലിയില്‍ കയറിയോ..??"

നൂറു ചോദ്യങ്ങള്‍ ഒരു വായില്‍..

"ഡീ..ജോലില്‍ ആണ് ..സുഖം തന്നെ...."

എന്തു പറയണം എന്നറിയില്ല....വന്ന ഉടനെ ജോലിയ്ക്ക്‌ കയറിയ കെട്ടിയോനെ മനസ്സില്‍ വച്ചു അവളെങ്കിലും സന്തോഷിക്കട്ടെ..ഫോണ്‍ തിരികെ കൊടുത്തു കൈയില്‍ ഇരുന്ന മണ്‍വെട്ടി തറയില്‍ ആഞ്ഞു വെട്ടി..

Sunday, November 23, 2008

22.ഒരു ഹൈജാക്ക് സ്വപ്നം

കാല്‍ അല്പം നീട്ടിവയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല.അല്ലെങ്കിലും എക്കണോമി ക്ലാസ്സിലെ യാത്ര പണ്ടേ തനിക്ക് ഇഷ്ടമല്ല..പക്ഷെ കനം കുറഞ്ഞ പോക്കെറ്റ്‌ തന്നെ എക്സികുട്ടിവ് ടിക്കറ്റ് എടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

വിമാനം ന്യൂഡല്‍ഹി എയര്‍പോര്‍ടില്‍ ഇറങ്ങാന്‍ പോകുന്നുവെന്ന അറിയിപ്പുണ്ടായി..എയര്‍ ചൈനയുടെ ഈ വിമാനത്തില്‍ ബിജിങ്ങില്‍ നിന്നു കയറിയിട്ട് നേരം കുറേയായി..ഹൊ വലിയ ഒരു ട്രിപ്പ്‌ ആയിരുന്നു..കുങ്ങ്ഫുവില്‍ ഒരു സ്പെഷ്യല്‍ പരിശീലനം....അതും ചൈനീസ് സര്‍ക്കാര്‍ ചിലവില്‍.പരിശീലനം തന്നെ വളരെ മാറ്റിയിരിക്കുന്നു.വിമാനം താഴാന്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

എല്ലാവരോടും സീറ്റ് ബെല്‍റ്റ്‌ ഇടാനുള്ള അറിയിപ്പ് മുഴങ്ങി കേട്ടു. പെട്ടെന്ന് രണ്ടുപേര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ നിന്നു ചാടിയെഴുന്നേറ്റു..

"ഹേ...സിറ്റ് ഡൌണ്‍.."

ഹോസ്ടസ് അവരെ ഇരുത്തുവാന്‍ ശ്രമിച്ചു.. പെട്ടെന്ന് അതിലില്‍ ഒരുവന്‍ റിവോള്‍വര്‍ എടുത്തു.

"ഞങ്ങള്‍ ഈ വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണ്..ആരും തങ്ങളുടെ സീറ്റില്‍ നിന്നും അനങ്ങി പോകരുത്.."

പെട്ടെന്ന് യാത്രക്കാരുടെ ഇടയില്‍ നിന്നു കുറേപേര്‍ എഴുനേറ്റു..

"ഓ അപ്പോള്‍ ഇതൊരു ഗ്രൂപ്പ് ഉണ്ടല്ലേ.."

ഞാന്‍ മനസ്സില്‍ ഓര്‍ത്തു..ഒരാള്‍ തോക്കുമായി നേരെ കോക്പിറ്റില്‍ കയറി..വിമാനം നേരെ മംഗോളിയയിലേക്ക് തിരിച്ചു പറത്താന്‍ ആജ്ഞാപിച്ചു..വിസമ്മതിച്ച പൈലറ്റിന്‍റെ കരണത്ത് ഒന്ന്‍ പുകച്ചു..നടന്ന സംഭവങ്ങള്‍ ഉടന്‍ തന്നെ കണ്ട്രോള്‍ റൂമില്‍ അറിയിക്കപ്പെട്ടു..ഒരു എമര്‍ജന്‍സി ലാണ്ടിങ്ങിന് ഡല്‍ഹിയിലെ ഇന്ദിരഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരുങ്ങി കഴിഞ്ഞു .താഴെ ഒരു പൊട്ടുപോലെ പാലം എയര്‍പോര്‍ട്ട് കാണാം.

പൊടുന്നനെ എന്‍ജിന്‍ ഫുള്‍ത്രോട്ടില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ആഴ്ചയില്‍ അഞ്ചുദിവസം വിമാനയാത്ര ചെയ്തുശീലമുള്ള തനിക്ക് അതൊരു നല്ല രീതിയായി തോന്നിയില്ല..ഇനി വിമാനം സത്യമായും മംഗോളിയയിലേക്ക് പോകുകയാണോ..അങ്ങോട്ടാണെങ്കില്‍ പ്രശ്നമില്ല..താന്‍ വരുന്നുണ്ട് എന്നറിഞ്ഞാല്‍ തന്‍റെ കമ്പനി ലിമോസിനുമായി ഡ്രൈവറെത്തും.പക്ഷെ അറിയിക്കാന്‍ മാര്‍ഗമോന്നുമില്ലല്ലോ.

സാറ്റലൈറ്റ് ഫോണ്‍ വര്‍ക്കുചെയ്യുന്നില്ല എന്ന വിവരം ബിജിങ്ങില്‍ വച്ചു തന്നെ പറഞ്ഞിരുന്നല്ലോ..ഇനി എന്താ ചെയ്യുക..ന്യൂഡല്‍ഹി എയര്‍പോട്ടില്‍ തന്നെകാത്തു തന്‍റെ ഡാസാള്‍ട്ട് ഫാല്‍ക്കന്‍ വിമാനം കിടപ്പുണ്ട്..അതിന്‍റെ ടയര്‍ പഞ്ചര്‍ ആയതു ഒട്ടിച്ചോ എന്നറിയില്ല..ചെന്നിട്ടു വേണം രാജസ്ഥാനിലേക്ക് പറക്കാന്‍..സവായ് മാധവ്പൂരിലുള്ള കൊട്ടാരം വാങ്ങാനുള്ള ഡീല്‍ ഇന്നാണല്ലോ.. അത് വാങ്ങിയശേഷംവേണം അതിനെ ഒരു ഹെരിറ്റേജ് ഹോട്ടല്‍ ആക്കാന്‍..

ഇനി ഇതു നോക്കി ഇരിക്കാന്‍ വയ്യ..പണ്ടൊരു വിമാനം കണ്ടഹാറില്‍ തട്ടിക്കൊണ്ട് പോയത് ഓര്‍മവന്നു. അന്ന് യാത്രക്കാര്‍ വിമാനത്തില്‍ ഒന്നര മാസം കഴിഞ്ഞത്രേ..ഞാന്‍ പതിയെ എഴുന്നേറ്റു..ടോയിലെറ്റില്‍ പോകണമെന്നു ആന്ഗ്യം കാട്ടി..തന്നെ കണ്ടാലെ മാന്യലക്ഷണം ഉള്ളതുകൊണ്ടാനെന്നു തോന്നി അവര്‍ ഒന്നും പറഞ്ഞില്ല.നേരെ ടോയിലെറ്റില്‍ എത്തി..

വാച്ച്ഊരി പോക്കറ്റില്‍ നിക്ഷേപിച്ചു..രണ്ടര ലക്ഷം വിലയുള്ള റോളെക്സ് ആണ്..ഫോണ്‍ ടോയിലെറ്റിന്‍റെ ചെറിയ കബോര്‍ഡില്‍ വച്ചു..വെര്‍ടു ആണ്..ലക്ഷങ്ങള്‍ വിലയുള്ളതാണല്ലോ..നേരെ സീറ്റില്‍ ചെന്നു ..ഇരിക്കുന്നത് മുമ്പെ ചുറ്റും നോക്കി...മൊത്തം നാല് പേരുണ്ട്..മുമ്പില്‍ രണ്ടു പേരുണ്ട്..

പിന്നെ നടന്നതൊന്നും പറയാന്‍ കഴിയില്ല.തന്‍റെ കുങ്ങ്ഫു ഇവിടെ യാത്രക്കര്‍ക്കൊരു വിരുന്നാകുകയായിരുന്നു.സിനിമയില്‍ ജാകിച്ചാന്‍ കാട്ടിയിരുന്ന വിദ്യ ലൈവ് ആയി എല്ലാവരും കണ്ടു..പതിനച്ചു മിനിട്ടത്തെ അഭ്യാസം..ഹൈജാകേര്സ് എല്ലാം വാടിയ ചേമ്പിന്‍ തണ്ട് പോലെ താഴെ കിടക്കുന്നു.

വിമാനം വീണ്ടും ന്യൂഡല്‍ഹിയിലേക്കു തിരിച്ചു പറക്കുന്നതായി അറിയിപ്പുണ്ടായി.ഒപ്പം തട്ടിയെടുക്കപ്പെട്ട വിമാനത്തെയും തന്നെയും കാത്തു പ്രസ്സും മന്ത്രിമാരും നില്‍പ്പുണ്ടത്രെ..പ്രധാനമന്ത്രി വരാനും ചാന്‍സ് ഉണ്ടത്രേ..തന്‍റെ വിമാനത്തിന്‍റെ ടയര്‍ പഞ്ചര്‍ ഒട്ടിച്ച കാര്യവും പറഞ്ഞു..

"ഹൊ .. സമാധാനമായി.."

എല്ലാവരും നന്ദി പറയാന്‍ വന്നു.ഇതെന്‍റെ കടമ മാത്രം എന്ന് പറഞ്ഞു എല്ലാവരെയും ഇരുത്തി.വിമാനം താഴ്ന്നു..റണ്‍വേയിലൂടെ ഓടി വിമാനം നിന്നു...ആദ്യം പുറത്തേക്ക് ഇറങ്ങിയത്‌ താന്‍ തന്നെ.....പൊടുന്നനെ ഒരായിരം ഫ്ലാഷുകള്‍ മിന്നി...ഓ പത്രക്കാര്‍ തന്‍റെ ചിത്രം എടുക്കാന്‍ മല്‍സരിക്കുകയാണ്‌..

"ഹൊ തണുക്കുന്നല്ലോ"

.. കണ്ണ് തുറന്നു നോക്കി....ഭാര്യ ഒരു ഒഴിഞ്ഞ ബക്കറ്റുമായി മുമ്പില്‍ നില്ക്കുന്നു......എല്ലാം സ്വപ്നം ആയിരുന്നോ..ശേ ...പത്രക്കാരോട് സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു..

"ദേ..വേഗം എഴുന്നെക്ക്.......ഒന്നാമതെ പാര്‍ട്ട് ടൈം ജോലിയാ..ഇനി താമസിച്ചാല്‍ അതും പോകും..."

ഭാര്യ അല്പം ചൂടിലാണ്.കണ്ണും തിരുമ്മി ബാത്ത്റൂമിലേക്ക്‌ നടന്നു..

Friday, November 21, 2008

21.ആവാഹനം

സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തശേഷം പി.എച്ച്.ഡി. യ്ക്കായി അമേരിക്കയില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍റെ മുഖത്തെ അനിഷ്ടം ശ്രദ്ധിച്ചതാണ്.പക്ഷെ ചോദിക്കുന്നതിനു മുന്‍പേ അമേരിക്കയില്‍ സീറ്റ് കരസ്തമാക്കിയതിനാല്‍ ചോദ്യം കേവലം ഔപചാരികത്വം മാത്രമായിരുന്നു..

ചെറുപ്പത്തില്‍ തന്നെ ഈ വീട്ടില്‍ വളര്‍ന്നതുകൊണ്ടാകാം കാവും നാഗത്താന്മാരും മറ്റു സുഹൃത്തുക്കളേക്കാള്‍ തന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു..ചെറുപ്പത്തില്‍ തന്നെ കൈപിടിച്ചു കാവില്‍ കൊണ്ടു വന്നു അവിടെ കുടിയിരുത്തിയിരിക്കുന്ന ദേവി ദേവന്മാരെയും നാഗത്താന്മാരെയും മാത്രമല്ല കാവിലെ കാഞ്ഞിരത്തില്‍ ആവാചിച്ചിരുന്ന ആത്മാക്കളെയുംക്കുറിച്ച് പറഞ്ഞുതന്നിട്ടുള്ളത്തില്‍ ആത്മാക്കള്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ചു..

അവയെക്കുറിച്ച് പഠിക്കണം എന്ന തന്‍റെ തീരുമാനം പക്ഷെ അച്ചന് ഇഷ്ടപ്പെട്ടില്ല..ഒരുപക്ഷെ അവയെ അവരുടെ വഴിക്ക് വിടാന്മാത്രം തീരുമാനിച്ച അച്ചന് തന്‍റെയുള്ളിലെ ത്വര പക്ഷെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല..ഒരു പക്ഷെ മന്ത്രവാദത്തില്‍ സാത്വികവും ആഭിചാരവും ഒരുപോലെ പഠിച്ചിരുന്ന അച്ചന് തന്നെ ആവഴിയില്‍ കൊണ്ടുവരാന്‍ താത്പര്യം ഇല്ലായിരുന്നു..തറവാട്ടിലെ മറ്റുള്ളവരെപ്പോലെ സിവില്‍ സര്‍വീസ് മേഖലയായി തെരഞ്ഞെടുക്കാന്‍ ഉപദേശിച്ചതും അത്കൊണ്ടാവും..


ഒടുവില്‍ അച്ഛന്‍റെയും അമ്മയുടെയും സമ്മതം വാങ്ങി യാത്രതിരിക്കാന്‍ ഇറങ്ങിയ നേരം അച്ഛന്‍ മന്ത്രിച്ചത് ഓര്‍ത്തു..


പ്രേതങ്ങളെ അതിന്‍റെ വഴിക്ക് വിട്ടോളൂ..വന്നാല്‍ ഒരു പക്ഷെ പോകാന്‍ മടിക്കും..പോയാലോ ഒരു പക്ഷെ നിന്നെയും കൂടെ കൂട്ടിയേക്കും.വെറുതെ......ഓരോന്ന്....ങ്ങ .അരയില്‍ കിടക്കുന്ന ശക്തി യന്ത്രം അങ്ങനെ കിടക്കട്ടെ.."

അച്ഛന്‍ ഒന്നു തേങ്ങിയോ എന്നൊരു തോന്നല്‍..ന്യുയോര്‍ക്ക് ജെ,എഫ്,കെ. എയര്‍പോട്ടില്‍ തന്നെ തകിട് തനിക്ക് കളയേണ്ടി വന്നു..പക്ഷെ അപ്പോള്‍ത്തന്നെ ചെവിയില്‍ അച്ഛന്‍ മന്ത്രിക്കുന്നത് പോലെ തോന്നി......

നി നീ നിന്നെ രക്ഷിക്കുക....."

തോന്നലാണെന്ന് കരുതാനാണ്‌ ഇഷ്ടപ്പെട്ടത്..കാര്‍ വളരെ വേഗം ഓടിക്കൊണ്ടിരുന്നു..എല്ലാം ഇന്നലത്തെപോലെ തോന്നുന്നു.ഇവിടെ വന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു..ഫ്രണ്ട് സീറ്റില്‍ അടുത്തിരിക്കുന്ന അറുമുഖത്തെ നോക്കി.തമിഴനനാണ്..കൂടെ താമസ്സിക്കുന്നതില്‍ കവിഞ്ഞു ഒരു സഹോദരബന്ധം ആണ് തനിക്കവനോട്.
റോഡിലൂടെ എന്തോ ഒന്നു ഇഴഞ്ഞു പോകുന്നതുപോലെ തോന്നി. പെട്ടെന്ന് ബ്രേക്ക് ഇട്ടു..

ഒരു മുരള്‍ച്ചയോടെ കാര്‍ നിന്നു..ഇറങ്ങി നോക്കി.....ഒരു പാമ്പ്.റാറ്റില്‍ സ്നേക് എന്നറിയപ്പെടുന്ന ഇനം..ആകെ മൂഡ് ഔട്ട് ആയി.ഇന്നുവരെ പാമ്പിനെ കൊന്നിട്ടില്ല...പാമ്പിനെ പാലുകൊടുക്കുന്ന തറവാട്ടില്‍ നാഗന്മാര്‍ ദൈവങ്ങളായിരുന്നല്ലോ..അറുമുഖം തോളില്‍ തട്ടി..എന്ത് ചെയ്യണം എന്നറിയില്ല..മനസ്സാകെ ശൂന്യം ആയതുപോലെ..

"യോ ...ഇതു നൊര്‍മല്‍ ഡാ .."

അറുമുഖം തന്നെ സമാധാനിച്ചു..തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ആകെ അപ്സെറ്റ് ആയിരുന്നു..ഊണിലും ഉറക്കത്തിലും ആ പാമ്പ് തന്നെ വേട്ടയാടുന്നത് പോലെ.അല്പം താമസിച്ചാണ് ഉറങ്ങാന്‍ കിടന്നത്..മെല്ലെ കണ്ണുകളെ നിദ്ര തഴുകി....സ്വപത്തില്‍ അവള്‍ വന്നു...മുഖം വ്യെക്തമല്ല......പക്ഷെ പറയുന്നതു നന്നായി കേള്‍ക്കാം..

"ഞാന്‍ നീ കരുതുന്നത് പോലെ പാമ്പല്ല..നിന്നെ ഇവിടുന്നു കൊണ്ടു പോകാന്‍ വന്നതാ..ഞാന്‍ "

"ആരാ നീ.."

"ഞാന്‍ വനജ.....നിന്‍റെ അച്ഛനാ എന്നെ നിന്‍റെ കാവിലെ കാഞ്ഞിരത്തില്‍ തറച്ചിരിക്കുന്നത്...പക്ഷെ തറവാട്ടിലെ വിവാഹം കഴിക്കാത്ത സന്തതി എന്നും എനിക്ക് വിളക്ക് വെക്കാം എന്നായിരുന്നു എന്നെ കാഞ്ഞിരത്തില്‍ തറയ്ക്കുമ്പോള്‍ നിന്‍റെ അച്ഛന്‍റെ വാക്ക്..പക്ഷെ നീ അച്ഛന്‍റെ വാക്ക് മറികടന്ന് ഇവിടെയെത്തി...നിന്നെ കൊണ്ടല്ലാതെ എനിക്ക് പോകാന്‍ കഴിയില്ല.വാ നിന്‍റെ കൊണ്ടു പോയെ പറ്റൂ.."

അവള്‍ ചിരിച്ചൂ.തന്‍റെ കൈയില്‍ പിടിച്ചു അവള്‍ മുന്നോട്ടു നടന്നു.തന്‍റെ ചേതനയറ്റ ശരീരം കട്ടിലില്‍ കിടക്കുന്നത് തനിക്ക് കാണാമായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു..അറുമുഖം കണ്ണ് തിരുമ്മി എഴുന്നേല്‍ക്കുന്നത്‌ കണ്ടു.

"എന്നയ്യ എന്ന പ്രച്ന..."

ഒന്നും ഇല്ലെന്നു പറഞ്ഞെങ്കിലും കണ്ണുകള്‍ അവളെ തേടുകയായിരുന്നു.... പെട്ടെന്ന് മൊബൈല്‍ഫോണ്‍ ശബ്ദിച്ചു..

"മോനേ......ഞാനാ.....നിനക്കു തിരിച്ചു വരാന്‍ സമയമായി എന്ന് തോന്നുന്നു..."

അച്ഛന്‍റെ ശബ്ദം വിറപൂണ്ടിരുന്നോ എന്ന് സംശയം..
ഒന്നും പറയാതെതന്നെ ഫോണ്‍ കട്ട് ചെയ്തു..മുറിയ്ക്കുള്ളില്‍ അവളുടെ ചിരി മുഴങ്ങി കേള്‍ക്കുന്നത് പോലെ..

Wednesday, November 19, 2008

20.പേരില്ലാകഥ..

(ഇതു തികച്ചും സാങ്കല്‍പ്പികം മാത്രം..ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവും ഇല്ല.ഉണ്ടെങ്കില്‍ തികച്ചു യാദൃശ്ചികമായിരിക്കും..)


പുതിയ വീട്ടിലേക്കുള്ള പറിച്ചുനടല്‍ വളരെ പ്രയാസം തന്നെയായിരുന്നു..അല്ലെങ്കിലും ആരെ പഴിക്കാനാണ്.സര്‍ക്കാര്‍ വാദ്ധ്യാര്‍ എന്നും ഒരിടത്ത് ജോലിചെയ്യാനാവില്ലല്ലോ..വീടിനടുത്തുള്ള സ്കൂളില്‍ ആയിരുന്നു അഞ്ചുവര്‍ഷമായി..പക്ഷെ അതും ഒരുകണക്കിന് നന്നായി..ആകെയുണ്ടായിരുന്ന മുത്തശ്ശിയുടെ മരണശേഷം ആരോരുമില്ലാതെ ഒരേകാന്തവാസം.പക്ഷെ വീടിനോടുള്ള ആത്മ ബന്ധം തന്നെ ആ വീട്ടില്‍ തളച്ചിടുകയായിരുന്നു..

ആ മണം.... ആ ചുറ്റുപാടുകള്‍..ഏവയ്ക്കും തന്നെ അറിയാമെന്നൊരു തോന്നല്‍..അല്ലെങ്കില്‍ ആ വീട്ടിലെ കസേരകളോടും കട്ടിലിനോടും പോലും ആശയവിനിമയം നടത്താന്‍ തക്കവണ്ണം ഉള്ള ഒരു ബന്ധം..മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്തു തോന്നിക്കുന്ന ഒരു പ്രത്യേക ജീവിത രീതിയായിരുന്നല്ലോ തന്‍റെതു..അടച്ചിട്ട മുറികളില്‍ നിന്നു രക്ഷനേടുവാന്‍ ആയിരുന്നല്ലോ തന്‍റെ ഈ സ്ഥലംമാറ്റ ശ്രമം പോലും.

പലപ്പോഴും തന്‍റെയീ ജീവിതം ഒന്നുമാറ്റുവാന്‍ അല്ലെങ്കില്‍ വിവാഹം കഴിച്ചു ഒരു സാധാരണ ജീവിതം നയിക്കുവാനുള്ള മറ്റുള്ളവരുടെ ഉപദേശങ്ങളെ ചെവിക്കൊണ്ടില്ല.സ്റ്റാഫ്റൂമില്‍ പലപ്പോഴും തന്നെ നോക്കികൊണ്ടിരുന്ന രമണി ടീച്ചറെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നു..എപ്പോഴും തന്നെ വിടാതെ പിന്തുടരുന്ന ആ കണ്ണുകളുടെ അര്‍ത്ഥം അറിയാമെന്നിട്ടും അവരോട് സംസാരിക്കാനോ തന്നിലേക്കടുപ്പിക്കാനോ ശ്രമിച്ചില്ല.

ഓര്‍മവച്ച നാള്‍ മുതല്‍ ഒറ്റപ്പെടലിന്‍റെയും വേര്‍പാടിന്‍റെയും വേദന നന്നായി അറിയാം...മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു..സഹോദരങ്ങളായി ആകെ പറയാന്‍ ഉണ്ടാവുമായിരുന്നയാള്‍ അമ്മയുടെ ഗര്‍ഭത്തില്‍ അമ്മയോടൊപ്പം പരലോകത്തേക്കുള്ള യാത്രയില്‍ കൂട്ടായി.ഈ വിഷമം തീര്‍ക്കാന്‍ ഉത്തരത്തില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയ അച്ഛന്‍ പക്ഷെ തന്നെകുറിചോര്‍ത്തില്ല.

പിന്നീട് വയസായ മുത്തശ്ശിയുടെ കൂടെ ഒരു ബാല്യം.മുത്തശ്ശി കാട്ടിത്തരുന്ന അമ്പിളിമാമനും നക്ഷത്രങ്ങളും ഒക്കെയായി കൂട്ട്.നഗരത്തില്‍ ആയിരുന്നു വീടെങ്കിലും കൂട്ടുകാര്‍ നന്നേകുറവായിരുന്നു..അല്ലെങ്കില്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം.ജോസഫ് ...അവനായിരുന്നു ആകെ ആശ്വാസം..അവനെയും ടൈഫോയിഡിന്‍റെ രൂപത്തില്‍ വന്ന മരണം തന്നില്‍നിന്നകറ്റി..

അവസാനം കാലത്തിന്‍റെ കുത്തൊഴിക്കില്‍ താന്‍ ഇവിടെയെത്തി..നല്ല ഗ്രാമം,പക്ഷെ പരിചയക്കുറവു കൊണ്ടു അല്പം പ്രശ്നങ്ങള്‍.ഇടയ്ക്കെപ്പോഴോ തന്‍റെ മിത്രമായി എത്തിയ മദ്യപാനം ഇടയ്ക്ക് തന്നെവിട്ടു പോയിരുന്നു..പണ്ടെങ്ങോ വാങ്ങി വച്ച ഒരു കുപ്പി ഇരിപ്പുണ്ട്.അതും എടുത്തുകൊണ്ടു നേരെ നടന്നു..ചെറിയ ഒരു കുപ്പി റാം..മൂന്നാലു മാസം മുമ്പ് വാങ്ങിയതാണ്.

നേരെയുള്ള റോഡിലൂടെ നടന്നു.. റോഡിനു മുകള്‍വശം ഒരുമലയാണ്..പച്ചപ്പ്‌ പോകാത്ത ഒരു ചെറിയ മല..പതിയെ അങ്ങോട്ട് കയറി.കുറെ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ അരുവി... അടുത്ത് ചെറിയ പാറക്കൂട്ടം..അതില്‍ ഇരുന്നു..എത്ര നേരം ഇരുന്നുവെന്നറിയില്ല..നേരം സധ്യയായി തുടങ്ങി..പരിചയമില്ലാത്ത സ്ഥലം.കൈയില്‍ കരുതിയിരുന്ന കുപ്പിയെടുത്തു കുടിയ്ക്കുവാന്‍ തുടങ്ങിയപ്പോള്‍ ആരോ വരുന്നതുപോലെ തോന്നി..

സൂക്ഷിച്ചു നോക്കി..അതൊരു യുവതിയായിരുന്നു..ലേശം കറുത്ത ഒരു പെണ്ണ്.അവള്‍ അടുത്ത് വന്നു..

"എന്താ ഇവിടെ ഇരിക്കുന്നത്."

അവള്‍ ചോദിച്ചു.

"ചുമ്മാ..ഞാന്‍ ഇവിടെ പുതിയ ആളാ..ചുമ്മാതെ കാണുവാന്‍ കയറി എന്നെ ഉള്ളൂ."

"ഇവിടെ അധികം ഇരിക്കേണ്ട..നല്ല സ്ഥലം അല്ല ഇതു..എന്‍റെ മധുവേട്ടന്‍റെ ജീവന്‍ എടുത്ത പാറയാ ഇതു."

അവളുടെ കാമുകന്‍ ആയിരുന്നത്രെ മധു.രണ്ടുപേരും സ്ഥിരമായി വരാറുണ്ടായിരുന്ന സ്ഥലം..ഒരിക്കല്‍ കാല്‍വഴുതി താഴെവീണ മധു അങ്ങനെ ജീവന്‍ വെടിഞ്ഞു.താഴേക്ക് നോക്കി..ദൈവമേ നല്ല താഴ്ച.ചെറിയ പേടി തോന്നി.

"ഇയാളെന്നും വരുമോ."

ഞാന്‍ തിരക്കി..

"ഞാന്‍ എന്നും വരും.എന്‍റെ മധുവേട്ടനെ കാണാന്‍..ഒരിക്കലും എന്നെ വിട്ടുപോവാന്‍ ആവില്ല എന്‍റെ മധുവേട്ടന്.."

ആ കണ്ണുകള്‍ ഈറനണിഞ്ഞു..അവള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് യാത്ര തുടച്ചു..പതിയെ തിരികെ നടന്നു..ഞാനും പതിയെ തിരിച്ചു നടന്നു..തിരികെ വരുമ്പോള്‍ ഒരാള്‍ തോളില്‍ തട്ടി..

"ആരാ .."

ഞാന്‍ ചോദിച്ചു.

"ഞാന്‍ ഭരതന്‍..അടുത്തുള്ള ആളാ.നിങ്ങള്‍ മുകളില്‍ നിന്നു വരുന്നതു കണ്ടു..അവിടെ ആരും പോകാറില്ല.അതുകൊണ്ട് ചോദിച്ചതാ......."

താന്‍ അവിടെ കണ്ട പെണ്‍കുട്ടിയേം അവളുടെ കഥയും പറഞ്ഞു..ആ വൃദ്ധന്‍റെ കണ്ണുകള്‍ തിളങ്ങി..

"അവളെ കണ്ടുവോ..?? അതാ രജനി..മധുവിന്‍റെ രജനി..മധു എന്‍റെ മകനാ.അവന്‍ ആ പാറക്കൂട്ടത്തില്‍ നിന്നു വീണു മരിക്കുകയായിരുന്നു...അവള്‍ അവനോടൊപ്പം ചാടിമരിച്ചു..രണ്ടും അങ്ങനെ മരണത്തിലും ഒന്നായി.."

വൃദ്ധന്‍ മിഴി തുടച്ചു...

"ഞാന്‍ പോട്ടെ...? "

അയാള്‍ തിരിഞ്ഞു നടന്നു.....എന്ത് ചെയ്യും എന്നറിയാതെ ഞാന്‍ നടന്നു..ഒടുവില്‍ മധുവിനെയും രാജനിയേം ഒന്നിപ്പിച്ച ആ പാറക്കൂട്ടത്തിലേക്ക് ഞാന്‍ നടന്നു...

Tuesday, November 18, 2008

19.ഫൈലക്ക ദ്വീപില്‍ (കുവൈറ്റ്)

മിനി ബസ് പതിനഞ്ച് മിനുട്ടുകൊണ്ട് ഞങ്ങളെ ദ്വീപിന്‍റെ ഉള്ളിലെത്തിച്ചു..വഴിയരികില്‍ ഉള്ള ഓരോ കെട്ടിടങ്ങളും തകര്‍ച്ചയുടെ സാക്ഷിപത്രങ്ങള്‍ തന്നെ..

വെടിയുണ്ടകള്‍ തറച്ചിട്ടില്ലാത്ത ഒന്നുപോലും (ചിലത് കാണുന്നുവെങ്കില്‍ അത് ദ്വീപില്‍ വന്നുപോകുന്ന സഞ്ചാരികളെ മനസ്സില്‍ കണ്ടുകൊണ്ടു പുനരുദ്ധരിച്ചവ ആണ്..) കാണാം സാധിക്കില്ല..ദ്വീപില്‍ കുവൈറ്റിന്‍റെ ആര്‍മിയാണ് നിയന്ത്രണം നടത്തുന്നത്..കരയില്‍നിന്നു സൈനികരെ വഹിച്ചുകൊണ്ടുള്ള ഹെലികോപ്ടറുകള്‍ ഇടയ്ക്കിടെ വരുകയും പോകുകയും ചെയ്യുന്നുണ്ടായിരുന്നു..ചിലയിടങ്ങളില്‍ ടാങ്കുകളും കവചിത വാഹനങ്ങളും കിടപ്പുണ്ട്..ഒരു യുദ്ധം ശവപറമ്പാക്കിയ ഒരു ഗ്രാമം.

ഇപ്പോള്‍ ഇതൊരു ഹെരിട്ടെജ് വില്ലേജ് ആക്കാനുള്ള കുവൈറ്റ് സര്‍ക്കാരിന്‍റെ ശ്രമം നടന്നുവരുന്നു..ഇടയില്‍ എങ്ങും ഒരു മനുഷ്യാവാസത്തിന്‍റെയോ ഒന്നും ലക്ഷണം പോലും ഇല്ല..പക്ഷെ ഇന്നും ദ്വീപില്‍ കുറെ കുടുംബങ്ങള്‍ താമസിക്കുന്നു...(വിരലില്‍ എണ്ണാന്‍ മാത്രം ചില കുടുംബങ്ങള്‍ ..അവര്‍ക്ക് നഷ്ടപരിഹാരം സര്‍ക്കാര്‍ കൊടുത്തിട്ടും കുവൈറ്റിലെ നഗരഅന്തരീക്ഷത്തില്‍ നിന്നു ഒഴിഞ്ഞു താമസ്സിക്കുന്ന ഫൈലക്കാന്‍മാര്‍ ആണവര്‍.മറ്റുചില മുന്‍ ദ്വീപുവാസികള്‍ വാരാന്ത്യം ചിലവിടാന്‍ ദ്വീപില്‍ എത്തുന്നു.

ഞങ്ങള്‍ ഉള്ളിലെത്തി...ഇവിടെ കുറെ നല്ല മോട്ടലുകളും ഭക്ഷണശാലകളും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാന്‍ നാല്ചക്രമോട്ടോര്‍ സൈക്കിളും വാടകയ്ക്ക് കാര്‍,ബൈക്ക്,തുടങ്ങി എന്തും കിട്ടും..പക്ഷെ താരതമ്യേന ചിലവ് കൂടുതല്‍ ആണ്.കുവൈറ്റ് കറന്‍സിയുടെ മൂല്യം തന്നെ കാരണം..ഒത്തനടുവില്‍ ഒരു തടാകം ഉണ്ട്..അവിടെ ചിലടത്ത് ഇരിക്കാന്‍ ബഞ്ചുകളും ഇട്ടിട്ടുണ്ട്.ഫൈലക്കവാസികള്‍ ഉപയോഗിച്ചിരുന്ന വള്ളത്തിന്‍റെ ഒരു പുതുക്കിപണിഞ്ഞ മോഡലും വച്ചിട്ടുണ്ട്.തടാകത്തില്‍ പെഡല്‍ ബോട്ടുകള്‍ ഉണ്ട്.അതില്‍ കയറാന്‍ പണം കൊടുക്കണം..

ഞങ്ങള്‍ നാല്പേരും കൂടി ഒരു ക്വാട്ര സൈക്കിള്‍ വാടകയ്ക്ക് എടുത്തു..ദ്വീപിന്‍റെ ഉള്ളിലേക്ക് പോകാന്‍ ഇതാവശ്യമാണ്..കാരണം നാലഞ്ച് മണിക്കൂര്‍ കഴിഞ്ഞാല്‍ ഞങ്ങള്‍ക്ക് തിരികെ പോകാന്‍ ഫെറി തയ്യാറാകും.മടക്കയാത്രയുടെ ടിക്കറ്റ് എടുത്തിട്ടുള്ളതിനാല്‍ ഏത് ഫെറിയിലും കയറാം.(ആകെ രണ്ടെണ്ണം..)അഥവാ ദ്വീപില്‍ തങ്ങണം എന്നുള്ളവര്‍ക്ക് ഏതെങ്കിലും മോട്ടലില്‍ കഴിയാം.പക്ഷെ നൂറു ദിനറോളം വരും..ദ്വീപില്‍ കാട്ടുഒട്ടകങ്ങള്‍ ധാരാളം ഉണ്ട്.(ഉള്ളിലേക്ക് പോകണം )
റോഡിലാകെ വെടിയുണ്ടകള്‍ ചിതറികിടക്കുന്നു..വെടിയുണ്ടകളില്‍ ചവുട്ടാതെ നടക്കാന്‍ പറ്റില്ല..

ദ്വീപില്‍ അന്നുണ്ടായിരുന്ന ബാങ്കിന്‍റെ ഉള്ളില്‍ കയറി.ലോക്കര്‍ റൂമിലും കയറി..കുറെ ഇറാക്കികള്‍ കൊള്ളയടിച്ചു ബാക്കിയെല്ലാം യുദ്ധത്തില്‍ തകര്‍ന്നു..ദ്വീപില്‍ നിന്നു കുവൈറ്റികളെ ഓടിച്ചു അവിടം സ്വന്തമാക്കിയ ഇറാക്കികളെ തുരത്താന്‍ അമേരിക്കന്‍ സഖ്യസേന നടത്തിയ ബോംബിങ്ങുകളും വെടിവയ്പ്പുമാണ് സത്യത്തില്‍ ദ്വീപിനെ തകര്‍ത്തത്‌..കാരണം അവിടെ കിടക്കുന്നതും കാണുന്നതുമായ വെടിയുണ്ടകള്‍ എല്ലാം തന്നെ അമേരിക്കന്‍ നിര്‍മ്മിതം തന്നെ.ഭിത്തികള്‍ മുഴുവന്‍ വെടിയുണ്ട പാടുകള്‍ തന്നെ..ഇപ്പോഴും ചില അവിടെ തറചിരിപ്പുണ്ട്‌.

ദ്വീപിലെ വെടിയുണ്ട കൊള്ളാത്ത ഏകകെട്ടിടം ഒരു മുസ്ലിം പള്ളിയുടെതാണ്..ഇനി ഇറാക്കികള്‍ പള്ളികള്‍ ആക്രമില്ല എന്ന്കാണിക്കാനും ബാക്കിയെല്ലാം ഇറാക്കികള്‍ വരുത്തിവെച്ചതാണെന്ന് കാട്ടാന്‍ അമേരിക്ക നടത്തിയ കുരുട്ടുബുദ്ധി ആണെന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും.പിന്നീട് ഞങ്ങള്‍ ദ്വീപ് മുഴുവന്‍ നടന്നു കണ്ടു.

കുവൈറ്റില്‍ നിന്നും വിഭിന്നമായ ഒരു അന്തരീക്ഷവും ഭൂപ്രകൃതിയും.കൃഷിയ്ക്ക് യോജിക്കാത്ത കുവൈറ്റ് പോലെയല്ല ഫൈലക്ക..ചിലവീടുകള്‍ അമേരിക്കന്‍ ബോംബിങ്ങില്‍ തീപിടിച്ചിരുന്നു..വീടുകളുടെ ഉള്ളില്‍ ചെല്ലുമ്പോള്‍ (എവിടെ വേണമെങ്കിലും കയറിനടന്നു കാണാം.) നാശനഷ്ടങ്ങളുടെ അവശേഷിപ്പ് കാണാമായിരുന്നു. പെട്ടെന്ന് തന്നെ നേരം ഇരുട്ടി..

ഞങ്ങള്‍ക്ക് പോകാനുള്ള ഫെറിയില്‍ കയറാന്‍ വീണ്ടും മിനി ബസില്‍ പോകണം.ഞങ്ങള്‍ വേഗം യാത്രയായി..

ഒരായിരം മുറിപ്പാടുകള്‍ ചങ്കില്‍ പതിഞ്ഞ യാത്ര..


ഒരു ചെറിയ പഴങ്കഥ

ഇറാന്‍ ഇറാക്ക് യുദ്ധത്തില്‍ ഇറക്കിനോടോപ്പമായിരുന്ന കുവൈറ്റ് ഇറാക്കിന് നാല്‍പ്പതു ബില്യന്‍ ഡോളര്‍ കടമായി നല്കി.എന്നാല്‍ യുദ്ധം കൊണ്ടു സാമ്പത്തികമായി തകര്‍ന്ന ഇറക്കിന്‍റെ ഈ പണം എഴുതിത്തള്ളണം എന്നവാദം (ഈയുദ്ധം ഇറാന്‍റെ അറബ്നാട്ടില്‍ ഉണ്ടായികൊണ്ടിരിക്കുന്ന പ്രഭാവത്തെ കുറച്ചു അതിനാല്‍ സാമ്പത്തിക എഴുതിതള്ളണം എന്ന വാദം കുവൈറ്റ് ചെവിക്കൊണ്ടില്ല.)

ഇതുമൂലം രണ്ടു രാജ്യങ്ങളുടെയും ബന്ധം വഷളാകുകയും ക്രൂഡ്ഓയിലിന്‍റെ വിലകൂട്ടി സമാഹരിക്കുന്ന അധികം പണം കുവൈറ്റിനു കൊടുക്കാനുള്ള ഇറാക്കിന്‍റെ ശ്രമങ്ങള്‍ക്ക് വിള്ളല്‍ വച്ചു കുവൈറ്റ് എണ്ണവില കുറയ്ക്കുകയും ചെയ്തു..തന്മൂലം വര്‍ഷം പതിനാലു ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഇറാക്കിനുണ്ടായി .കുവൈറ്റിന്‍റെ ഈ നയം ഇറാക്കിനെ ചൊടിപ്പിച്ചു..

തന്നെയുംമല്ല രുമയല ഓയില്‍ ഫീല്‍ഡില്‍ (രണ്ടു രാജ്യത്തിന്‍റെയും കൂടിയാണിത്..കുറെ ഭാഗം കുവൈറ്റിലും കുറെ ഇറാക്കിലും) കുവൈറ്റ് ചരിഞ്ഞ എണ്ണക്കിണര്‍ കുത്തി ഇറക്കിന്‍റെ എണ്ണ ചോര്‍ത്തുന്നു എന്നും ഇറാക്ക് ആരോപിച്ചു..ഇതുമൂലം ഇറാക്കിന് രണ്ടര ബില്യന്‍ ഡോളറിന്‍റെ നഷ്ടം ഉണ്ടായി എന്നും ഇറാക്ക് അവകാശപ്പെട്ടു. (ചരിഞ്ഞ കിണര്‍ അഥവാ സ്ലാന്റ്റ് ഡ്രില്ലിംഗ് സാധാരണ എണ്ണകിണര്‍ കുഴിക്കുന്നതില്‍ നിന്നു - വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗ് അഥവാ തൂക്കായ കുഴിക്കല്‍.- വെത്യസ്തമാണ്.)

വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടുള്ള അവസരം ഇറാക്കിനെ മറ്റൊരു ചിന്തയിലേക്ക് നയിച്ചു..പണ്ടു കുവൈറ്റ് ഇറാക്കിന്‍റെ (ബസ്ര പ്രവിശ്യയുടെ )ഭാഗം ആയിരുന്നുവെന്നും ഇംഗ്ലീഷ് സാമ്രാജ്യത്തിന്റെ സമ്മര്‍ദ്ധങ്ങള്‍ക്ക് വഴങ്ങി 1913 ലെ ആന്ഗ്ലോ ഓട്ടോമന്‍ കരാറിന്‍ പ്രകാരം രണ്ടു രാജ്യങ്ങള്‍ ആക്കുകായിരുന്നു.അതുകൊണ്ട് തന്നെ കുവൈറ്റിനെ മറ്റൊരു രാജ്യമായി കാണാന്‍ അനുവദിക്കാന്‍ ആവില്ല എന്നും പറഞ്ഞായിരുന്നു യുദ്ധം.

പക്ഷെ എന്തുതന്നെ അനന്തര ഫലങ്ങള്‍ ഉണ്ടായിട്ടും യുദ്ധത്തില്‍ ചിലവായ മുഴുവന്‍ പണം അമേരിക്കയ്ക്ക് തിരികെകൊടുത്തിട്ടും അമേരിക്കയുടെ ആടിനെ കൂട്ടിയിടിപ്പിച്ചു രക്തം കുടിയ്ക്കുന്ന കുറുനരിയുടെ ശീലം മാറിയില്ല..പിന്നീട് അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഉണ്ടാക്കിയ യുദ്ധം അവരെ സാമ്പത്തികമായി തളര്‍ത്തുകയും ഇന്നുള്ള കടുത്ത സാമ്പത്തിക അരാജകത്വത്തിന്റെ കാരണങ്ങളില്‍ പ്രധാനമാകുകയും ചെയ്തു..-

ആദ്യ ഇറാക്ക് യുദ്ധത്തില്‍ ചെലവായ അമേരിക്കന്‍ പണം കുവൈറ്റ് തിരികെ നല്‍കിയെങ്കില്‍ രണ്ടാമത് തീവ്രവാദത്തിനു എതിരെ എന്ന് പറഞ്ഞ യുദ്ധം എണ്ണപ്പണം കുവൈറ്റില്‍ നിന്നും കിട്ടാതെ കളസം കീറുകയാണ് ചെയ്തത്..വിയത്നാമിനെതിരെ തോല്‍വി സമ്മതിച്ച അമേരിക്ക ഇന്നു ഈയുദ്ധതോടെ സാമ്പത്തികമായി തകര്‍ച്ചയില്‍ ആയി..ഒരു യുദ്ധകൊതിയന്മാരായ അപ്പനും മകനും ചേര്‍ന്ന് വരുത്തിവച്ചത് ലോകം മുഴുവന്‍ അനുഭവിക്കുന്നു..

ഗുണപാഠം

പൊട്ടനെ ചെട്ടി ചതിച്ചാല്‍ ചെട്ടിയെ ദൈവം ചതിക്കും.

(ഇന്ത്യക്കാരോട് പ്രത്യേക സ്നേഹം ഉണ്ടായിരുന്ന ഇറാക്കിനെ സഹായിക്കാന്‍ നമുക്കും കഴിഞ്ഞില്ല..ഭാരതീയരോട് പൊതുവെ അത്ര നല്ല സഹകരണം അല്ല കുവൈറ്റികള്‍ക്കുള്ളത്.)

Sunday, November 16, 2008

18.ഫൈലക്ക ദ്വീപിലെക്കൊരു യാത്ര-(കുവൈറ്റ്)

ഞാന്‍ കുവൈറ്റില്‍ വന്നനാള്‍ മുതല്‍ ഫൈലക്ക (ഫൈലച എന്ന് കുവൈറ്റികള്‍ വിളിക്കും- Failaka Island) ദ്വീപ് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ഓരോ കാരണത്താല്‍ പിന്നത്തേക്ക് നീട്ടി ഒടുവില്‍ ആ ആഗ്രഹവും നടന്നു..അതിന്‍റെ ചില കാഴ്ചയിലേക്ക്.


ഒരല്‍പം ചരിത്രം

എണ്ണ സമ്പന്നമായ കുവൈറ്റിന് സമ്പന്നമായ സംസ്കാര പാരമ്പര്യവും ഉണ്ടായിരുന്നുവെന്നതിന് തെളിവാണ് ഈ ദ്വീപ്.3000 BC മുതല്‍ രൂപപ്പെട്ടു വന്ന ജീവിത രീതികളും പ്രാര്‍ത്ഥനാ സമ്പ്രദായങ്ങളും ഇവിടെ ചരിത്രകാരന്മാര്‍ കണ്ടെടുത്തിട്ടുണ്ട്.

ക്രിസ്തു വര്‍ഷം മൂന്നാം നൂറ്റാണ്ടില്‍ മഹാനായ അലക്സാണ്ടര്‍ തന്‍റെ റോമില്‍ നിന്നും ഭാരത്തിലെക്കുള്ള യാത്രയില്‍ ഈ ദ്വീപിനെ കൊളനിയാക്കുകയും ഐക്കരാസ് (ഒരു ഗ്രീക്ക് ദേവന്‍റെ പേര്) നല്‍കുകയും ചെയ്തു..പണ്ടു ഇവിടെ സൂര്യനെ ആരാധിചിരുന്നുവെന്നും തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

തൊണ്ണൂറിലെ കുവൈറ്റ് ആക്രമണത്തില്‍ ഇറക്കികള്‍ ഈ ദ്വീപിനെ കൈയടക്കുകയും ദ്വീപ് നിവാസികളെ അവിടെനിന്നും ഓടിക്കുകയും ചെയ്തു.രണ്ടായിരത്തോളം ഉണ്ടായിരുന്ന ദ്വീപ് നിവാസികള്‍ കുവൈറ്റ് മെയിന്‍ലാന്‍ഡില്‍ എത്തി..പിന്നീട് തൊണ്ണൂറ്റി ഒന്നില്‍ അമേരിക്കന്‍ സഖ്യസേന ദ്വീപിലുള്ള ഇറാക്കികളെ ആക്രമിച്ചു ദ്വീപ് തിരികെപിടിച്ചു..

അന്നുണ്ടായിരുന്ന സ്കൂളുകളും ബാങ്കും എല്ലാ വലിയ കെട്ടിടങ്ങളും ആക്രമണത്തില്‍ നശിച്ചു......
യാത്ര...ഒരു വ്യാഴാഴ്ച ഞാന്‍ എന്‍റെ കുറെ അടുത്ത സുഹൃത്തുകളുമായി അതിരാവിലെ യാത്രയായി.സാല്‍മിയയില്‍ നിന്നാണ് ഫെറി.

ഓരോ ദിവസം ഓരോ നേരത്താണ് ഫെറി യാത്രയാകുന്നത്..(നമ്മുടെ നാട്ടിലെ കെ.എസ്.ആര്‍.ടി.സി.പോലെ അഹങ്കാരി ആയിട്ടല്ല.വേലിയിറക്കവും വേലിയേറ്റവും നോക്കിമാത്രമേ ദ്വീപില്‍ ഫെറി അടുപ്പിക്കാനാവൂ.)ഞങ്ങള്‍ അതിരാവിലെ തന്നെ ഭക്ഷണ സാമഗ്രികളും വാരിക്കെട്ടി സാല്‍മിയയില്‍ എത്തി.

കോന്തന്‍ കൊല്ലത്ത് പോയതുപോലെ അവിടെയും ഇവിടെയും ചോദിച്ചു പറഞ്ഞു (അറബി മാത്രമെ ചോദിയ്ക്കാന്‍ ആവൂ..ദൈവ കൃപയാല്‍ ഞങ്ങള്‍ക്കാര്‍ക്കും അറിയുകയും ഇല്ല..).ഒടുവില്‍ ഫെറി പോക്കുന്ന ജട്ടി കണ്ടെത്തി..പക്ഷെ എട്ടുമണിക്ക് അവിടെയെത്തിയ ഞങ്ങളെ കാത്തിരുന്നത് ഫെറി ഉച്ചയ്ക്ക് ഒന്നരയ്ക്ക് മാത്രമെ പോകൂ എന്നറിയിപ്പായിരുന്നു..

അവിടെ കൈയിലുള്ള ഭക്ഷണം കഴിച്ചു ഉച്ചവരെ നത്തുപോലെ കുത്തിയിരുന്നു,.ഉച്ചയ്ക്ക് കണ്ണിനു കുളിരായി ഞങ്ങളുടെ ഫെറി എത്തി"ഫെറി ഐക്കരാസ്"വാഹനങ്ങളും കൂടെ കൊണ്ടുപോകാവുന്ന ഇവയില്‍ (കാശ് പ്രത്യേകം കൊടുക്കണം.ഇരുപതു ദിനാര്‍..സാധാരണ ടിക്കറ്റ് രണ്ടര ദിനാര്‍)ഞങ്ങള്‍ നേരെ ഡെക്കില്‍ കയറി ചുറ്റുപാടും നോക്കി പതിയെ ചയ്യ ചയ്യ പാടി ആടാന്‍ തുടങ്ങി...

ജീവിതത്തിലെ ആദ്യത്തെ ഫെറിയാത്ര അങ്ങനെ ആഘോഷം ആക്കുമ്പോള്‍ കുവൈറ്റികളും മറ്റു യാത്രക്കാരും ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് ഞങ്ങള്‍ മറന്നു.അങ്ങനെ ഫെറി സാല്‍മിയ വിട്ടു ഉള്‍കടലില്‍ പ്രവേശിച്ചു..ദൂരെ കുവൈറ്റ് സിറ്റി കാണാമായിരുന്നു..ഫെറി ഇപ്പോള്‍ പോകുന്നത് കപ്പല്‍ ചാലിലൂടെയാണ്..നല്ല ആഴമുള്ള കടല്‍..യാത്രക്കാരുടെ രക്ഷയ്ക്ക് പടച്ചവന്‍ മാത്രം...

ദൂരെ ഒരു ചരക്കു കപ്പല്‍ പോകുന്നത് കണ്ടു..മെയിന്‍ ലാന്‍ഡില്‍ നിന്നും ഇരുപതു കിലോമീറ്റര്‍ കിഴക്ക് മാറിയാണ് ദ്വീപ്..ഫെറിയില്‍ ഒന്നര മണിക്കൂര്‍ യാത്ര. (എന്‍റെ എല്ലാ യാത്രകളുടെയും ഫോട്ടോകള്‍ എന്‍റെ ഫോട്ടോബ്ലോഗില്‍ ഉടനെ പബ്ലിഷ് ചെയ്യും.)ഫെറി ആദമിന്‍റെ കാലത്തിലെയാണ്..ആകെയുള്ള രണ്ടു ഫെറിയും ഇത്തരത്തില്‍ ഉള്ളത് തന്നു..മുങ്ങിയാല്‍ മരണം നിശ്ചയം.ഈ ഓര്‍മ്മ എന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിപ്പിച്ചു..തണുത്ത കാറ്റു ശരീരത്തിലേക്ക് അരിച്ചരിച്ചു കയറി..

നല്ല താളത്തില്‍ കൊട്ടുകെള്‍ക്കാം..ചെമ്പട ത്രിപുട പടപട എല്ലാം ഉണ്ടല്ലോ..ഓ..എന്‍റെ കാല്‍മുട്ടുകള്‍ തന്നെ..പേടിയും തണുപ്പും അതിന്‍റെ ജോലികള്‍ കൃത്യമായി ചെയ്യുന്നുണ്ട്..ദ്വീപിലേക്ക് പോകാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ ആഡംബര നൌകകള്‍ ലഭ്യമാക്കുന്നുണ്ട്..അതില്‍ ചിലതില്‍ അരമണിക്കൂര്‍ കൊണ്ടു ദ്വീപില്‍ എത്താം,.വലിയ നൌകകള്‍ വാടകയ്ക്കെടുക്കാന്‍ ഈയുള്ളവന്‍റെ വീടും കുടുംബവും എഴുതിവിറ്റാലും സാധിക്കില്ല..

നല്ല തിരയുണ്ട്..ആടിയുലഞ്ഞു യാത്ര...ഒന്നര മണിക്കൂര്‍ കഴിഞ്ഞു .ദൂരെ ദ്വീപ് കാണാറായി..ഫൈലക്ക ദ്വീപിലെ ജട്ടിയിലേക്ക് ഞങ്ങളുടെ ഫെറി അടുത്തു.ആര്‍പ്പോയി......ഞങ്ങള്‍ ആര്‍ത്തട്ടഹസിച്ചു..കുവൈറ്റികള്‍ ഞങ്ങളെ നോക്കുന്നുണ്ടെന്നു ഞങ്ങള്‍ ഗൌനിച്ചതെ ഇല്ല..താഴെയിറങ്ങി ഞങ്ങള്‍ മിനി ബസില്‍ ദ്വീപിന്‍റെ ഉള്ളിലേക്ക് യാത്രയായി.

മനസ്സില്‍ നിന്നൊരിക്കലും മറക്കാത്ത മറക്കാന്‍ ഒക്കില്ലാത്ത കാഴ്ചകള്‍ സമ്മാനിച്ച യാത്ര..

Friday, November 14, 2008

17.പ്രേമം= പത്തു ദിനാര്‍

ഇതു ഞാന്‍ നേരത്തെ കുവൈറ്റില്‍ താമസിക്കുമ്പോള്‍ നടന്ന ചെറിയ സംഭവം.

അന്ന് എന്‍റെ ഏറണാകുളം ജില്ലക്കാരനായ ഒരു സുഹൃത്ത്(സന്തോഷ്..കൂടുതല്‍ പറയാനാവില്ല..ഇപ്പോള്‍ ഇഷ്ടന്‍ ഭാര്യയുമൊത്ത് കുവൈറ്റില്‍ ഉണ്ട്..വളരെ കഷ്ടപ്പെട്ട് കണ്ടെത്തിയ ഭാര്യയാണ് ഞാന്‍ വിവാഹമോചനകാരണം ആകുന്നില്ല) പെണ്ണുകാണല്‍ വളരെ ഊര്‍ജ്ജിതമായി നടത്തുന്ന സമയം..

ഇഷ്ടന് ഫാമിലി വിസയ്ക്കുള്ള ബേസിക് സാലറി (അടിസ്ഥാന ശമ്പളം കുറഞ്ഞത് ഇരുനൂറ്റിഅമ്പത് ദിനാര്‍ എങ്കിലും വേണം എന്നാണ് അവിടുത്തെ നിയമം.) ഇല്ലാത്തതിനാല്‍ അവിടെ ജോലിയുള്ള കുട്ടികളെയാണ് നോക്കികൊണ്ടിരുന്നത്..ഒപ്പം തന്നെ പ്രേമിച്ചു (പച്ച മലയാളത്തില്‍ ലൈന്‍അടിച്ച് കെട്ടാനും ശ്രമിക്കുന്നുണ്ടായിരുന്നു..)

മേപ്പടിയാന്‍റെ കൂടെ ഞാനും കുറെ പെണ്ണുകാണാന്‍(എനിക്കല്ല) പോയിട്ടുണ്ട്..അത്തരത്തില്‍ ഉള്ള ഒരെണ്ണം ഉടനെ ഞാന്‍ പിന്നീട് എഴുതുന്നതാണ്..ഒരുദിവസം അതിയാന്‍ അടുത്തുള്ള ബാക്കാലയില്‍ (പലചരക്ക് കട) നിന്നപ്പോള്‍ ഒരു കടമിഴിയാളെ കണ്ടു മുട്ടി.ഒരു സുന്ദരി മലയാളി കുട്ടി..

അഞ്ചോ പത്തോ മിനിട്ടു സംസാരിച്ചു എന്തിന് പറയുന്നു ഒടുവില്‍ അവളുടെ ഫോണ്‍ നമ്പരും ഇഷ്ടന്‍ കൈക്കലാക്കി.ഞങ്ങള്‍ എല്ലാവരും തന്നെ അവന്‍റെ പിന്നീടുള്ള ദിനങ്ങളിലെ ഭാവമാറ്റം ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒന്നും വിട്ടു പറയാന്‍ അവന്‍ തയ്യാറായില്ല..

പക്ഷെ ചില ന്യുസ് ഏജന്‍സി കൂട്ടുകാരെ (ഇത്തരക്കാര്‍ ഇവിടെ വളരെ ഉണ്ട്..ഒരു ദിവസം അവധി എടുത്തും ഇങ്ങനത്തെ കാര്യങ്ങള്‍ ശുഷ്കാന്തിയോടെ ചെയ്യും) വെച്ചു തിരക്കിയപ്പോള്‍ അവള്‍ അടുത്തുള്ള ഹോസ്പിറ്റലില്‍ ആണ് ജോലി ചെയ്യുന്നത് എന്നറിഞ്ഞു..ലാബില്‍ ആണെങ്കിലും കുവൈറ്റില്‍ ജോലി ഉള്ളതാണല്ലോ..ഫാമിലി വിസയുടെ കുഴപ്പവും ഇല്ല. വളരെ സന്തോഷവാനായി ഞങ്ങളെ ഞെട്ടിക്കാന്‍ തയ്യാറെടുത്തു..

പക്ഷെ വരാനുള്ളത്‌ ദൈവത്തിനു മാത്രമല്ലെ അറിയാവൂ.ഒടുവില്‍ ഒരു വെള്ളിയാച്ച അവളെയും കൂട്ടി ഫഹഹീലില്‍ ഉള്ള ഉടുപ്പി ഹോട്ടലില്‍ പോയി..അവിടെ വെച്ചു അവന്‍റെ ഹൃദയം അവള്‍ക്കായി തുറന്നിട്ടു.കേട്ടില്ല എങ്കിലും അവന്‍റെ പറച്ചിലില്‍ നിന്നു രൂപപ്പെടുത്തിയ ചിലത് ഇവിടെ ചേര്‍ക്കുന്നു..

"ഇങ്ങനെ എന്നും ഫോണ്‍ വിളിച്ചു നടക്കാന്‍ ആവില്ല .ഇവിടുത്തെ കോള്‍ ചാര്‍ജ് അറിയാമല്ലോ.എനിക്കിഷ്ടമാ ..അവിടെയും അങ്ങനെയെങ്കില്‍ കാര്യങ്ങള്‍ മുറപോലെ നടത്താമായിരുന്നു.."

"എനിക്കും കുഴപ്പമില്ല..പക്ഷെ പ്രശ്നം ഇല്ലാത്ത ഇടം ആയിരിക്കണം..പിന്നെ പറഞ്ഞില്ല എന്ന് വേണ്ട.പിന്നീട് കശപിശ പറയുകയും ചെയ്യരുത്...ഞാന്‍ പത്തു ദിനാറില്‍ കുറഞ്ഞ് വരില്ല..തന്നെയുമല്ല അവിടെ നിങ്ങളല്ലാതെ വേറാരും ഉണ്ടാകാനും പാടില്ല.."
തരുണി മൊഴിഞ്ഞു.

എന്‍റെ കൂട്ടുകാരന്‍ എങ്ങനെ അവിടെ നിന്നോടിയെന്നു അവന് മാത്രമെ അറിയൂ..പിന്നീട് വീട്ടുകാരെ അറിയിച്ചു അവര്‍ കണ്ടെത്തിയ കുട്ടിയേം വിവാഹം കഴിച്ചു ഇപ്പോഴും കുവൈറ്റില്‍ സസുഖം താമസിക്കുന്നു..

സന്തോഷേ എനിക്കറിയാം അബദ്ധം പറ്റിയത് ഇങ്ങനെ എഴുതരുതെന്ന്..പക്ഷെ വേറെ ആര്‍ക്കും പറ്റാതിരിക്കാനാ ഇവിടെ പോസ്റ്റ് ചെയ്തത്..