Thursday, December 11, 2008

29.സരസ്വതീ യന്ത്രം

"സാറേ.. മാനേജര്‍ സര്‍ വിളിക്കുന്നു."

മുഖമുയര്‍ത്തി നോക്കി. പ്യൂണ്‍ രാജുവാണ്.

"എന്താ കാര്യം...'

"അറിയില്ല..എന്തോ സീരിയസ് ആണെന്ന് തോന്നുന്നു.."

പറഞ്ഞിട്ട് രാജു തിരിഞ്ഞു നടന്നു.ഉള്ളൊന്നു കാളി.ഇവിടെ ജോയിന്‍ ചെയ്തിട്ട് നാലുമാസമേ ആയുള്ളൂ..ഇപ്പോഴും പ്രൊബേഷന്‍ പീരിയഡില്‍ തന്നെ.അഞ്ചു മാസത്തെ വിശേഷങ്ങള്‍ കണ്‍മുന്നിലൂടെ ഓടിമറഞ്ഞു..തന്‍റെ പേരിനു മുന്നിലെ നമ്പൂതിരിയെന്ന വാലു മുറിച്ചു കമ്മ്യൂണിസ്റ്റ് ആയതിന്‍റെ പേരില്‍ അച്ഛനോടുവഴക്കിട്ടു വീട് വിടുമ്പോള്‍ ഏറണാകുളത്ത് ജോലിയുള്ള ഒറ്റമൂലിയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന അനില്‍ മാത്രമെ മനസ്സില്‍ വന്നുള്ളൂ.അവനോടു കാര്യമെല്ലാം പറഞ്ഞപ്പോള്‍ കെട്ടിപിടിച്ചു പൊട്ടിച്ചിരിച്ചതും അവന്‍റെ പരിചയക്കാരന്‍ വഴി ഈ ജോലികിട്ടിയതും എല്ലാം ഇന്നലെയെന്നോണം മായാതെ നില്ക്കുന്നു.

വിറയ്ക്കുന്ന കാലുകളോടെ മാനേജരുടെ കാബിന്‍റെ മുന്നിലെത്തി. പ്രൊബേഷന്‍ പീരിയഡില്‍ തന്നെ ആളുകളെ പിരിച്ചുവിടുന്നവന്‍ എന്ന് പേരെടുത്ത മാനേജര്‍ ജയരാജിന്‍റെ കാബിന്‍ ഡോറില്‍ ഒന്നു മുട്ടി.

"മേ ഐ കമിന്‍ സര്‍."

വിറയ്ക്കുന്ന ശബ്ദത്തോടെ ഒന്നു ചോദിച്ചു..

"യെസ്"

മുഴക്കമുള്ള ആ ശബ്ദം പേടി അല്പം കൂട്ടാനേ സഹായിച്ചുള്ളൂ..കറുത്ത് കുറിയ മനുഷ്യന്‍..കണ്ടാല്‍ തന്നെ ക്രൂരന്‍ എന്ന് തോന്നുന്ന മുഖം..

"ങ്ങ.അനന്ത..ഇരിക്ക്..അല്പം പേര്‍സണല്‍ കാര്യം പറയാനാ വിളിച്ചത്."

പേടിയോടെ കസേര വലിച്ചിട്ടു ഇരുന്നു.

"എന്താ സര്‍."

"ഡോ അനന്ത..എന്‍റെ മകന്‍ ഈ വര്‍ഷം പത്താം ക്ലാസ്സില്ലാ..ഇന്നലെ നമ്മുടെ പ്യൂണ്‍ രാജു പറഞ്ഞാ ഞാന്‍ അറിഞ്ഞത് തന്‍റെ അച്ഛനാ പ്രശസ്തനായ താഴൂര്‍ വാമദേവന്‍ നമ്പൂതിരിയെന്നു..ഒരു ചെറിയ സഹായം വേണം.. അത് കൊണ്ടാ വിളിച്ചത്.."

മാനേജര്‍ തന്‍റെ കാര്യത്തിലോട്ടു കടന്നു..

"അവന്‍ ഈയിടെയായി പഠനത്തില്‍ വളരെ മോശം..ഭാര്യയാ പറഞ്ഞതു അറിയാവുന്നവരെ കൊണ്ടു ഒരു സരസ്വതി യന്ത്രം എഴുതി കെട്ടിക്കാന്‍..അപ്പോഴാ നമ്മുടെ രാജു പറഞ്ഞതു തന്‍റെ അച്ഛന്‍റെ കാര്യം..ഞാന്‍ നേരത്തെ അദ്ദേഹത്തെ പറ്റി കേട്ടിരുന്നു..പക്ഷെ തന്‍റെ അച്ഛന്‍ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്..".

ഞാന്‍ ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു..അച്ഛനും ഞാനും തമ്മില്‍ കണ്ടിട്ട് മാസം അഞ്ചു കഴിഞ്ഞു ..അല്ലെങ്കില്‍ തന്നെ കമ്മ്യുണിസവും വിപ്ലവും തലയ്ക്കു പിടിച്ചു അച്ഛന്‍റെ മന്ത്രവാദത്തെ പുച്ഛിച്ചു പറയുന്നതു കൊണ്ടു അച്ചന് തന്നെ പണ്ടേ ചതുര്‍ഥിയാ.. പക്ഷെ ഒന്നും ഇയാളോട് മറുത്തു പറയാനും വയ്യ.

"സര്‍ തകിട്.... എനിക്ക്.."

പതുക്കെ പറയാനുള്ള ശ്രമം തുടങ്ങി..

" ഡോ വേണ്ട.."

മാനേജര്‍ മേശയുടെ വലിപ്പ് തുറന്നു ഒരു പൊതിക്കെട്ടു തന്‍റെ നേരെ നീട്ടി..

"മിസ്റ്റര്‍ ആനന്തു.. ഇതില്‍ ഒരു സ്വര്‍ണ തകിടുണ്ട്..ആ കവറില്‍ കുറച്ചു പൈസയും..ദക്ഷിണയ.. എത്രയും വേഗം അച്ഛനേം കൊണ്ടു എല്ലാം ശരിയാക്കി തരണം.."

കവറും വാങ്ങി വെളിയില്‍ വരുമ്പോള്‍ പ്യൂണ്‍ രാജു അടുത്ത് വന്നു..

"സാറേ ..ഞാനാ പറഞ്ഞെ സാറിന്‍റെ അച്ഛന്‍റെ കാര്യം.."

"ങും.."

എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു..വൈകിട്ട് മുറിയിലേക്ക് പോകുമ്പൊള്‍ മനസ്സു വളരെ അസ്വസ്ഥമായിരുന്നു. നോര്‍ത്ത് സ്റ്റെഷനോട് ചേര്‍ന്നുള്ള ഉടുപ്പി ലോഡ്ജില്‍ ഒറ്റമൂലി അനിലിനോടപ്പമായിരുന്നു താമസം..വൈകിട്ട് അനില്‍ വന്നപാടെ സംഭവം വള്ളി പുള്ളിവിടാതെ പറഞ്ഞു..കാര്യം എല്ലാം കേട്ടപാടെ അനില്‍ മാനേജര്‍ തന്ന പോതിവാങ്ങി അഴിച്ചു നോക്കി..ഒരു സ്വര്‍ണ തകിടും കുറച്ചു പൈസയും.. അവനതു എണ്ണി നോക്കി..

"അളിയാ ഇതു രണ്ടായിരം രൂപയുണ്ടല്ലോ..ഏതായാലും ഈമാസത്തെ വട്ടചിലവിനായി.."

അവന്‍ സ്ഥിരം ശൈലിയില്‍ പറഞ്ഞു..

"എന്‍റെ ഒറ്റമൂലി.. ഞാന്‍ അച്ഛനെ പറഞ്ഞു എങ്ങനെ ഈ തകിടോണ്ടാക്കും..ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞല്ലേ പോന്നത്..ഇനി ഇതും പറഞ്ഞങ്ങോട്ടു ഞാനില്ല..ഒണ്ടാക്കാതെ ചെന്നാല്‍ ജോലിയും കാണില്ല..എന്തോ ചെയ്യും എന്നൊരു പിടിയും ഇല്ല.."

അനില്‍ എന്നെ ആകെ സൂക്ഷിച്ചു നോക്കി തന്‍റെ കൈയില്‍ ഇരുന്ന സിഗറേറ്റ് ആഞ്ഞു വലിച്ചു.. പെട്ടെന്ന് ബാത്ത് റൂമിലേക്കോടി തിരികെ ഒരു കത്രികയുമായി വന്നു.

"ഡാ ആനന്തു ..നീ ആ കൈ ഒന്നു പോക്കിക്കെ"

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും കൈ പൊക്കി.. പെട്ടെന്ന് അനില്‍ കത്രിക കൊണ്ടു എന്‍റെ കക്ഷത്തില്‍ നിന്നു കുറെ രോമം കണ്ടിച്ചു കയില്‍ ഇട്ടു തിരുമ്മി..ആ രോമഉണ്ട തകിട് തുറന്നു ഉള്ളില്‍ കുത്തി തിരുകി..ഒപ്പം സിഗരെറ്റ്‌ ചാരവും..ഭംഗിയായി തകിട് അടച്ചു കൈയില്‍ തന്നു.

"ഡാ നാളെ കൊണ്ടു നിന്‍റെ മാനേജര്‍ക്ക് കൊടുത്തോ..ഇതാ സരസ്വതി യന്ത്രം.."

വളരെ നിസ്സാരമായി അനില്‍ പറഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ ഇരുന്നു..പിറ്റേന്ന് രാവിലെ മാനേജരുടെ കാബിനില്‍ ചെന്നപ്പോള്‍ വളരെ സന്തോഷത്തോടെ പുള്ളി അകത്തേക്ക് വിളിച്ചു..

"എന്താ ആനന്തു അച്ഛനെ കണ്ടിരുന്നോ.."

"ഉവ്വ് സര്‍.. സാറിന്‍റെ ആവശ്യമായതുകൊണ്ട് ഇന്നലെ തന്നെ ഞാന്‍ പോയി..ദാ അച്ഛന്‍ തന്നു വിട്ടിട്ടുണ്ട്..കുളിച്ചിട്ടു സരസ്വതി ദേവിയെ പൂജിച്ചു അരയില്‍ കെട്ടാന്‍ പറഞ്ഞു.."

കള്ളം പറയുമ്പോള്‍ അല്പം വിറയല്‍ ഉണ്ടായിരുന്നു.

"താങ്ക്സ് ആനന്തു.. എങ്കില്‍ പൊയ്ക്കോളൂ.. ങാ പിന്നെ തന്നെ കണ്‍ഫേം അക്കുന്നകാര്യം ഞാന്‍ മാനേജ്മെന്റിന് റെക്കമെന്റ് ചെയ്യാം..പേടിക്കേണ്ട കേട്ടോ.."'

മാനേജര്‍ വളരെ സന്തോഷത്തില്‍ തന്നെ...തിരികെ സീറ്റിലേക്ക് പോകുമ്പൊള്‍ എന്തോ..ഒരു ചെറിയ മനസാക്ഷി കുത്ത് അനുഭവപ്പെട്ടു..വൈകിട്ട് റൂമില്‍ എത്തിയപ്പോള്‍ അനില്‍ രണ്ടു ബീയറും ചിക്കന്‍ ഫ്രൈയുമായി പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.വന്നപാടെ ചിരിച്ചുകൊണ്ട് അനില്‍ പറഞ്ഞു..

"ആനന്തു..ജീവിതത്തില്‍ ഒരു യന്ത്രം ഉണ്ടാക്കിയതിന്‍റെ ആഘോഷമാ കേട്ടോ..പിന്നെ ഇതിന്‍റെ കാശങ്ങു തരണം.."

ബീയര്‍ കുടിക്കുമ്പോള്‍ ബീയറിലെ പതയോടൊപ്പം അല്പം പേടിയും നുരഞ്ഞു പൊന്തുന്നത്‌ പോലെ തോന്നി..അനില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ ഒന്നിനും തന്‍റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ മനസ്സനുവദിച്ചില്ല..പിറ്റേന്ന് മാനേജരോട് എല്ലാം തുറന്നു പറയാന്‍ എഴുനേറ്റപ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് സീറ്റില്‍ ഇരുന്നു..അങ്ങനെ രണ്ടുമാസം കഴിഞ്ഞുപോയി..

ഒരു ദിവസം രാവിലെ പതിവ് പോലെ കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നപ്പോള്‍ വീണ്ടും പ്യൂണ്‍ രാജു വന്നു മാനേജര്‍ വിളിക്കുന്നു എന്നറിയിച്ചു..കാബിന്‍റെ പുറത്തു മുട്ടിയപ്പോള്‍ അകത്തുനിന്നു മാനേജര്‍ ഇറങ്ങി വന്നു..

"എടൊ എസ്.എസ്.എല്‍.സി.യുടെ റിസള്‍ട്ട് വന്നു..എല്ലാത്തിനും മോന് A+ .തനിക്കറിയാമോ മോഡല്‍ പരീക്ഷയ്ക്ക് നാലു സബ്ജക്ടിനാ അവന്‍ തോറ്റത്..എല്ലാം താന്‍ ശരിയാക്കിച്ചു കൊണ്ടു വന്ന ആ തകിട് കാരണമാ..ങ്ങ പിന്നെ..തനിക്കും ഞാന്‍ ഒരു ഹാപ്പി ന്യൂസ് തരുന്നുണ്ട്."

മാനേജര്‍ കൈയിലിരുന്ന കവര്‍ തന്‍റെ നേരെ നീട്ടി..

"എന്താ സാര്‍ ഇതു.."

"എടൊ തന്നെ ഇവിടെ കണ്‍ഫേം ചെയ്തു കൊണ്ടുള്ള കണ്‍ഫര്‍മേഷന്‍ ഓര്‍ഡാര്‍ ആണിത്.."

സന്തോഷത്തോടെ തോളില്‍ തട്ടിക്കൊണ്ടു മാനേജര്‍ പറഞ്ഞു..എന്ത് പറയണം എന്നറിയില്ലായിരുന്നു..

"ങാ പിന്നെ അനന്തൂ..ഈ കവര്‍ കണ്ടോ..ഇതു തന്‍റെ അച്ചന് കൊടുക്കാനുള്ളതാ..എല്ലാം അദ്ദേഹത്തിന്‍റെ കാരുണ്യം..നമുക്കു വൈകിട്ട് ഒന്നിച്ചു തന്‍റെ അച്ഛനെ കാണാന്‍ പോകാം.. എനിക്ക് നേരിട്ടു കാണണം..എങ്കില്‍ ആനന്തു പൊയ്ക്കോ...വൈകിട്ട് കാണാം.."

മാനേജറോട് യാത്ര പറഞ്ഞു സീറ്റിലേക്ക് പോകുമ്പൊള്‍ മനസ്സു അടുത്തത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു..

21 comments:

ദീപക് രാജ്|Deepak Raj said...

ഡാ ആനന്തു ..നീ ആ കൈ ഒന്നു പോക്കിക്കെ"

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും കൈ പൊക്കി.. പെട്ടെന്ന് അനില്‍ കത്രിക കൊണ്ടു എന്‍റെ കക്ഷത്തില്‍ നിന്നു കുറെ രോമം കണ്ടിച്ചു കയില്‍ ഇട്ടു തിരുമ്മി..ആ രോമഉണ്ട തകിട് തുറന്നു ഉള്ളില്‍ കുത്തി തിരുകി..ഒപ്പം സിഗരെറ്റ്‌ ചാരവും..ഭംഗിയായി തകിട് അടച്ചു കൈയില്‍ തന്നു.

"ഡാ നാളെ കൊണ്ടു നിന്‍റെ മാനേജര്‍ക്ക് കൊടുത്തോ..ഇതാ സരസ്വതി യന്ത്രം.."

മാളൂ said...

ബെസ്റ്റ് ! ഒക്കെ ഒരു വിശ്വാസം ..
എന്തായാലും ഒന്നു നന്നായി ചിരിച്ചു

ദീപക് രാജ്|Deepak Raj said...

മാളു.
എന്തിനേയും വിശ്വസിക്കാനുള്ള മനസ്സാണ് മാറേണ്ടത്... നിന്‍റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ എന്നല്ലേ പ്രമാണം... അങ്ങനെ ഫലങ്ങള്‍ സംഭവിക്കുന്നു..
വീണ്ടും വരിക..

പകല്‍കിനാവന്‍ | daYdreaMer said...

ങാ പിന്നെ അനന്തൂ..ഈ കവര്‍ കണ്ടോ..ഇതു തന്‍റെ അച്ചന് കൊടുക്കാനുള്ളതാ..എല്ലാം അദ്ദേഹത്തിന്‍റെ കാരുണ്യം..നമുക്കു വൈകിട്ട് ഒന്നിച്ചു തന്‍റെ അച്ഛനെ കാണാന്‍ പോകാം.. എനിക്ക് നേരിട്ടു കാണണം..എങ്കില്‍ ആനന്തു പൊയ്ക്കോ...വൈകിട്ട് കാണാം.."


ഹെന്റമ്മോ...എന്ത് ചെയ്യും....? കൊള്ളാം കേട്ടോ...

എം.എസ്. രാജ്‌ | M S Raj said...

ഡിഗ്രിപഠനകാലത്തെ ഒരനുഭവം:

അജയും ഹരീഷും സഹമുറിയന്മാരാണ്. ബിജു ചേട്ടന്റെ വീട്ടിലാണു താമസം. ഒരു ദിവസം ക്ലാസില്‍ വന്നപ്പോള്‍ അജയ്ന്റെ കൈത്തണ്ടയില്‍ ഒരു കറുത്ത ചരട് കെട്ടിയിരിക്കുന്നു. ഞാന്‍ ചോദിച്ചു : ഇതെവിടുന്ന് ഒപ്പിച്ചു?
അജയ്: ഒക്കെയുണ്ട്!
ഞാന്‍: ജപിച്ചു കെട്ടിയതാണോ?
അജയ്: ഹും.. അതെ!
ഞാന്‍: കൊള്ളാമല്ലൊ?
അജയ്: ആരാ ജപിച്ചതെന്നറിയാവോ? നമ്മുടെ ബിജു ചേട്ടന്‍! എന്താ ജപിച്ചതെന്നറിയാവോ?
മണിമുറ്റത്താവണിപ്പന്തല്‍..
മേലാപ്പുപോലെ , അണിയാരത്തമ്പിളിപ്പന്തല്‍...

ദീപക് രാജ്|Deepak Raj said...

പ്രിയ പകല്‍കിനാവാന്‍..

അതാണ്‌ കഥയിലെ വാല്‍കഷണം... അല്‍പ ലാഭത്തിനായാലും ചെയ്യുന്ന ഉടായിപ്പിനെ സാധൂകരിക്കുമ്പോള്‍ പിന്നീട് വരുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടും..?

നന്ദി...വീണ്ടും വരിക.

പ്രിയ എം.എസ്.രാജ്..

സത്യം പറഞ്ഞാല്‍ മിത്രമേ...ഞാന്‍ താങ്കളുടെ കമന്റ് കണ്ടു ചിരിച്ചുപോയി..കാരണം ഞാന്‍ കഥയില്‍ എഴുതിയ കാര്യം അത്രയും ഇല്ലെങ്കിലും ഒരു സ്വകാര്യ അനുഭവം ആണ്. (ഞാനല്ല അത് ചെയ്തത്... ദൈവത്തിനെ വെച്ചു കളിക്കാന്‍ തല്‍കാലം ഞാനില്ല )... അതേപോലെ അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടെന്നറിഞ്ഞ് ഞാന്‍ ധന്യനായി..
നന്ദി..വീണ്ടും വരിക..

ആവോലിക്കാരന്‍ said...

ഹി ഹി ഹി. കൊള്ളാം. ഈ സാന്പത്തിക മാന്ദ്യം മാറ്റാന്‍ വല്ല യന്ത്രവും ഉണ്ടോ ആവോ ! ! വളരെ നല്ല പോസ്റ്റ്. :)

ദീപക് രാജ്|Deepak Raj said...

പ്രിയ ചേട്ടായി..

ഇതുപോലെ ഒരെണ്ണം അങ്ങ് ഒണ്ടാക്കി തരട്ടെ..
ഹ ഹ ഹ ഹ
വീണ്ടും വരിക..കമന്റുകള്‍ തരിക..

സസ്നേഹം
ദീപക് രാജ്

കുറുമാന്‍ said...

എല്ലാ പോസ്റ്റും മനസ്സിരുത്തി വായിക്കണം......നാളെയോ മറ്റന്നാളോ അതിനു സാധിക്കുമെന്ന് കരുതുന്നു.......

എന്തായാലും ശരി........

എഴുത്ത് നിറുത്താതെ തുടരട്ടെ.....

ഒരു ഷാമ്പേയ്ന്‍ പൊട്ടിക്കട്ടെ...ശൂഊഊ........ശു ........ശു.സ്സ്സ്സ്സ്സ്സ്സ്സ്

മാണിക്യം said...

ദീപക്
ഒരോ പോസ്റ്റും ഒന്നിനൊന്ന് കേമംആവുന്നുണ്ട് ...
“....ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞല്ലേ പോന്നത്..ഇനി ഇതും പറഞ്ഞങ്ങോട്ടു ഞാനില്ല..ഒണ്ടാക്കാതെ ചെന്നാല്‍ ജോലിയും കാണില്ല..എന്തോ ചെയ്യും....”
ഇതു റിയാലിറ്റി അതേസമയം ഒന്ന് ഓര്‍ത്തുനോക്ക് ആ അച്ചന്റെ പേരില്‍ തന്നാ ജോലിയുടെ കണ്‍ഫര്‍മേഷന്‍ ഓര്‍ഡര്‍ തരപ്പെടുന്നതും...
ദേവി മഹാമായേ!!

ദീപക് രാജ്|Deepak Raj said...

പ്രിയ കുറുമാന്‍ ചേട്ടാ...

സുസ്വാഗതം..വീണ്ടും വീണ്ടും വരണം വായിക്കണം..പോസ്റ്റുകള്‍ വായിച്ചു അഭിനന്ദനമോ കല്ലേറോ തരാം..
ഷാംപൈന്‍ പൊട്ടിക്കുന്ന കാര്യം എന്‍റെ ഭാര്യ അറിയേണ്ട...ഇവിടെ വളരെ ചീപ് ആയി കിട്ടുമെങ്കിലും കുടിക്കാന്‍ അനുവാദമില്ല..
എങ്കിലും ഷാംപെയ്നു നന്ദി..

പ്രിയ മാണിക്യം..

നിങ്ങളെ പോലെയുള്ള ആളുകളുടെ സഹകരണവും പ്രോല്‍സാഹനവും ആണ് എന്നെ എഴുതുവാന്‍ വീണ്ടും പ്രേരിപ്പിക്കുന്നത്... വീണ്ടും വരണം ..കമന്റണം... അതില്ലയില്ല എങ്കില്‍ ഞാന്‍ എങ്ങനെ വീണ്ടും എഴുത്തും..

നന്ദി...വീണ്ടും വരിക..

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat said...

കൊള്ളാം.. ഉഗ്രന്‍.
എന്തായാലും രോമവും സിഗരെറ്റു ഭസ്മവും ചേര്‍ന്ന ഈ യന്ത്രത്തിനു എന്താണാവോ പേരു..
ക്ലാസ്സിഫൈഡ്സില്‍ പരസ്യം ചെയ്തു നോക്ക്.. നാളെ തന്നെ ഒരു നൂറ് ഓര്‍ഡെര്‍ കിട്ടും...

ദീപക് രാജ്|Deepak Raj said...

പ്രിയ കിഷോര്‍ ലാല്‍..

അതല്ലേ ലാലേ പുതിയ സരസ്വതീ യന്ത്രം..

നന്ദി വീണ്ടും വരിക..അഭിപ്രായം ഇടാന്‍ മറക്കല്ലേ..

nandakumar said...

ഗഡ്യേ...സൂപ്പറായിട്ടുണ്ട്. ഇതെങ്ങിനെ വല്ല്യൊരു സംഭവം ഇത്രേം ചെറുതാക്കി എഴുതാന്‍ പറ്റ്ണു? ഞാനാണെങ്കീ ഈ സംഭവം രണ്ടു പോസ്റ്റാക്കി തുടരന്‍ ആയി എഴുത്യേനെ :) ഇമ്മളെക്കൊണ്ട് പറ്റാണ്ട്ണ് ട്ടാ..

വിശ്വാസം ഒരു ആശ്വാസം. ദത്രേള്ളൂ.. :)

നന്ദന്‍/നന്ദപര്‍വ്വം

ദീപക് രാജ്|Deepak Raj said...

പ്രിയ നന്ദകുമാര്‍
ഇനിയും വരണം. പരമാവധി വലിച്ചു നീട്ടാതിരിക്കാന്‍ ശ്രമിക്കാറുണ്ട്.. പിന്നെ ഇതിലെ വാല്‍കഷണം വെറുമൊരു വിശ്വാസം... അത്രതന്നെ.....

വരണം...കമന്റണം...
സസ്നേഹം
ദീപക്..

ശ്രീ said...

ഹ ഹ. സംഗതി കലക്കി. ഒറ്റമൂലി എന്നത് അനിലിനു പറ്റിയ പേരു തന്നെ.
:)

ദീപക് രാജ്|Deepak Raj said...

പ്രിയ ശ്രീ ..

സത്യത്തില്‍ അനിലിനു പേരു ചിന്തിച്ചപ്പോള്‍ അധികം ചിന്തിക്കേണ്ടി വന്നില്ല.. കാരണം പണ്ടു ഇതേ പേരില്‍ ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു..

നന്ദി... വീണ്ടും വരിക...
സസ്നേഹം
ദീപക് രാജ്

smitha adharsh said...

ഇതിപ്പഴാ കണ്ടേ?
ഇത്തരം ആളുകള്‍ നമുക്കു ചുറ്റും ഉണ്ട് ഇപ്പോഴും..ഉദാഹരണം..വേണ്ട..ഞാന്‍ പറയുന്നില്ലേ..എങ്ങാനും പറഞ്ഞാല്‍..എന്റെ അമ്മായിയമ്മയുടെ വിശ്വാസങ്ങളെ ഞാന്‍ ചുറ്റിക എടുത്തു തല്ലിതകര്ത്തു എന്നാവും.. ഞാനില്ലേ..
പോസ്റ്റ് കിടുക്കന്‍ !

ദീപക് രാജ്|Deepak Raj said...

പ്രിയ സ്മിത ആദര്‍ശ്
അമ്മായി അമ്മയുടെ വിശ്വാസമോ.. അമ്മായി അമ്മയ്ക്ക് ഡൂക്ലി യന്ത്രം ഉണ്ടാക്കികിട്ടിയ കാശുകൊണ്ട് സാരിവാങ്ങിയോ..
എന്‍റെ ഭാര്യ ഈ പോസ്റ്റ് കണ്ടപ്പോള്‍ പിന്നെ എന്നെ അല്പം സംശയത്തോടെയാണ് നോക്കുന്നത്.. കാരണം കഴുത്തില്‍ കിടക്കുന്ന ഞാന്‍ കൊടുത്ത യന്ത്രത്തില്‍ കൃത്രിമം ഉണ്ടോ എന്ന ഇപ്പോള്‍ സംശയം..

നന്ദി.. സ്മിതാ വീണ്ടും വരിക..

സന്‍ജ്ജു said...

Sigarate valikkarilla alle?

ദീപക് രാജ്|Deepak Raj said...

പ്രിയ ചമ്പു...

വലി തുടങ്ങിയില്ല... തന്നെയുമല്ല അതിനോട് ഒരു വെറുപ്പും ഉണ്ട്..അതുകൊണ്ട് വലിക്കില്ലാ എന്നാ തീരുമാനം..

നന്ദി,..വീണ്ടും വരണം