Friday, December 5, 2008

26.മറുക്ശാസ്ത്രം..

പക്ഷിശാസ്ത്രഞ്ജന്‍ പിതാവിന്‍റെ മകന് കുറഞ്ഞപക്ഷം പക്ഷിയിലെങ്കിലും താല്‍പര്യമുണ്ടായില്ലെങ്കിലെ അത്ഭുദം ഉള്ളൂ. മകന് പക്ഷിശാസ്ത്രത്തോട്‌ അത്ര മമതയില്ല..കിളിയ്ക്കെന്തറിയാം.പക്ഷെ അച്ഛന്‍ തനിയ്ക്കു ഓര്‍മവെച്ച നാള്‍മുതല്‍ തത്തയും കൂടുമായി നടക്കുകയാണ്.എത്രയോ തത്തകള്‍ മാറിയിരിക്കുന്നു..പക്ഷെ കൂടും അച്ഛന്‍റെ വിശ്വാസവും മാറിയിട്ടില്ല. ഒരു പക്ഷെ തൊഴില്‍ ആയതു കൊണ്ടാവും.

തമിഴ്‌നാട്ടില്‍ നിന്നു ഭാവി പറയാനായി എത്തിയ അച്ഛന്‍ ഭാവി പറയുന്നതു ശരിയായാലും ഇല്ലെങ്കിലും അമ്മയുടെ ഭാവികണ്ടിരുന്നു..പക്ഷെ നായര്‍ സ്ത്രീയെ വണ്ണിയ കുള്ളത്തു ക്ഷത്രിയനെങ്കിലും പക്ഷിയേം കൊണ്ടു ഊര് തെണ്ടുന്ന പാണ്ടിയ്ക്ക് കെട്ടിച്ചുകോടുക്കാന്‍ അമ്മാവന്മാര്‍ വിസമ്മതിച്ചു..പക്ഷെ തത്ത വിളിച്ചാല്‍ പോരാതിരിക്കാന്‍ ആവുമോ..?? ഏതായാലും അമ്മയെ പടിയടച്ചു പിണ്ഡം വെച്ചതുകൊണ്ട് അമ്മവീട് കാണാന്‍ തനിയ്ക്കു യോഗമില്ലാതായി...

പത്തുവര്‍ഷം മുമ്പത്തെ അമ്മയുടെ മരണം പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ പക്ഷി ശാസ്ത്രത്തില്‍ ഉണ്ടായിരുന്ന ചില്ലറവിശ്വാസവും നഷ്ടപ്പെട്ടു..ഇടയ്ക്ക് അച്ഛന്‍റെ രണ്ടു തത്തകളെ തുറന്നു വിട്ടതിന്‍റെ ചൊരുക്ക് അച്ചന് ഇനിയും മാറിയിട്ടില്ല..പിന്നീട് രണ്ടെണ്ണത്തിനെ എന്‍റെ പൂച്ചയും തിന്നു..പക്ഷെ അച്ഛന്‍ ആ പൂച്ചയെ തിന്നു ദേഷ്യം മാറ്റുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല..

സംസ്കൃതം പഠിയ്ക്കാന്‍ പോയവഴിയിലുള്ള പരിചയമാണ് ശ്രീഹരിമാഷുമായി തനിയ്ക്കുള്ളത്..ഒരു വൈകുന്നേരം ക്ഷേത്രനടയിലിരുന്നു മാഷാണ് പലതരം വിശ്വാസങ്ങളെയും അവയുടെ മനുഷ്യജീവിതത്തിലുള്ള സ്വാധീനത്തെയും പറ്റി പറഞ്ഞതു..അതില്‍ പക്ഷിശാസ്ത്രവും സാമുദ്രികാലക്ഷണങ്ങളും ഹസ്തരേഖശാസ്ത്രവും മന്ത്രവാദവും തുടങ്ങി എല്ലാത്തരം ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്ത മുറകളെയും പറ്റി വിശദമായ ഒരു ചര്‍ച്ചതന്നെ നടന്നു..ചര്‍ച്ചയെന്നു പറയാനാവില്ല താന്‍ വെറും ശ്രോതാവായിരുന്നല്ലോ..

പക്ഷെ അന്ന് ശ്രീഹരിമാഷിന്‍റെ വീട്ടില്‍പോയി പഴകുളം നാണുക്കുറുപ്പിന്‍റെ സാമുദ്രികലക്ഷണങ്ങളുടെ പുസ്തവും മോഴിയൂര്‍ മാധവന്‍ നമ്പൂതിരിയുടെ മറുക്ശാസ്ത്രവും എടുത്തു വീട്ടില്‍ കൊണ്ടുവന്നത് കേവലകൌതുകത്തിന് മാത്രമായിരുന്നു.പക്ഷെ സാമുദ്രികലക്ഷണങ്ങളെക്കാള്‍ തന്നെ ആകര്‍ഷിച്ചത് മറുക്ശാസ്ത്രം തന്നെയായിരുന്നു..കേവലം എന്നുപറഞ്ഞ്‌ തള്ളിക്കളയുന്ന മറുകുകള്‍ക്ക് വലിയ അര്‍ത്ഥം ഉണ്ടത്രേ..പക്ഷെ അച്ഛനോട് സംസാരിച്ചപ്പോള്‍ അച്ഛന്‍ വളരെ നിസ്സാരമായി തള്ളിക്കളയുകാണ് ഉണ്ടായത്..

കൂട്ടില്‍ കിടന്ന തത്ത ചിലച്ചു..

"പൊട്ടന്‍.."

"കേട്ടോടാ ..തത്ത പറഞ്ഞതു കേട്ടോ...ഇതിലോങ്ങും ഒരര്‍ത്ഥവും ഇല്ല..ങ്ങ പിന്നെ പറയാന്‍മറന്നു..നീയാ ജാനകിയുടെ കൂടെ ഒന്നു പോകണം..ഏതോ ഒരു നല്ല ആലോചനയുണ്ടാത്രേ.."

അച്ഛന്‍ അല്പം ഗൌരവമായായാണ് പറഞ്ഞതു.ഇടക്കാരിയാണ് ജാനകി...കുറെനാളായി തന്നെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്നു...അച്ചന് അവരുമായി എന്തെങ്കിലും ഏടാകൂടം ഉണ്ടോ...ആ ആര്‍ക്കറിയാം..

ഞായറാഴ്ച ജാനകിയുടെ കൂടെ പെണ്ണുകാണാന്‍ പോയി..

"രശ്മി.അതാ ഇവളുടെ പേര്."

ജാനകി പെണ്ണിനെ പരിചയപ്പെടുത്തി. പെണ്ണിന്‍റെ കവിളിലെ കാക്കപ്പുള്ളിയാണ് ആദ്യം കാഴ്ചയില്‍പ്പെട്ടത്..മറുക് ശാസ്ത്രപ്രകാരം മാളികയില്‍ വാഴാന്‍ യോഗം ഉള്ളവള്‍..അപ്പോള്‍ ഇവള്‍ തന്‍റെ സമ്പന്നതിയിലെക്കുള്ള താക്കോലായി മാറാമല്ലോ..പക്ഷെ വീടും ചുറ്റുപാടും നോക്കിയിട്ട് നാഴിയരി തികച്ചെടുക്കുവാന്‍ ത്രാണിയുള്ളവരാണ് എന്ന് തോന്നുന്നില്ല..പക്ഷെ മറുക് ശാസ്ത്രത്തില്‍ വിശ്വസിക്കണമല്ലോ..ജനകിയേം അമ്പരപ്പെടുത്തി പെട്ടെന്ന് സമ്മതം മൂളുമ്പോള്‍ പെണ്ണിന്‍റെ മുഖത്ത് ഒരുപ്രകാശം പരന്നത് ശ്രദ്ധിച്ചു..

വീണ്ടും നോക്കിയപ്പോള്‍ അവളുടെ നെറ്റിയുടെ ഇടതുഭാഗത്തും ഒരു കാക്കപ്പുള്ളി.മറുക് ലക്ഷണപ്രകാരം അതും ഉത്തമംതന്നെ.എല്ലാം പെട്ടന്നാണ് നടന്നത്.. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയുള്ള വിവാഹം.. ആദ്യരാത്രിയിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് കൂട്ടുകാരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ തോന്നിയില്ല..ഓടിചെന്നു മറുക്ശാസ്ത്രം ഒന്നുകൂടി നോക്കി..സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി..

ഒടുവില്‍ കാത്തിരുപ്പിനു വിരാമമിട്ടു അവള്‍വന്നു...ആവേശം കൂടിയെന്നോണം അവളെ വലിച്ചുതന്നിലെക്കിടുകയായിരുന്നു...ആദ്യം ഒന്നു പരിഭ്രമിച്ചെന്നാലും പെട്ടെന്ന് തന്നെ അവളും സമനില വീണ്ടെടുത്തു..വിളിക്കണയ്ക്കാന്‍ സമ്മതിക്കാതെ ശരീരം മുഴുവന്‍ പരതുന്ന ഭര്‍ത്താവിന്‍റെ വിക്രിയ അല്പം പേടിയോടെയാണ് അവള്‍ നോക്കിയത്..സമയം വീണ്ടും കടന്നുപോയി..

രാവിലെ ചെമ്പന്‍ കോഴി സൂര്യനെ കൂവിയുണര്‍ത്തി..രാവിലെ രശ്മി പോയികുളിച്ചു ചായയുമായി എത്തിയപ്പോള്‍ കവിളില്‍ ഒരു ചുവന്നപാട്.. പക്ഷെ ചുവന്നപാട് ഇന്നലെയില്ലയിരുന്നല്ലോ..ചുവന്ന പാടുകള്‍ ഗുണത്തെക്കാള്‍ ദോഷമാണ്ഉണ്ടാക്കുകയെന്നു ശാസ്ത്രം..

"എടി.. രശ്മി ഈ പാടെങ്ങേനെ വന്നു..."

അവള്‍ കണ്ണാടിയിലേക്ക് നോക്കി നാണിച്ചു ചുണ്ടുകടിച്ചു കൊണ്ടു പുറത്തേക്കോടി..പുതിയ ഈ പാടിനെക്കുറിച്ചു കൂടുതല്‍ തന്‍റെ പുസ്തകത്തില്‍ ഇല്ലല്ലോ..അച്ഛന്‍റെ അടുത്തേക്ക് നടന്നു..പുറത്തേക്ക് നോക്കി മരുമകള്‍ കൊണ്ടുവന്ന ചായ ഊതിക്കുടിക്കുകയായിരുന്നു അച്ഛന്‍.തന്നെകണ്ടു രശ്മി ഓടിമറഞ്ഞു..

"അച്ഛാ .. കവിളിലെ ചുവന്നപാടിന്‍റെ ശാസ്ത്രം എന്നതാ..??"

അച്ഛന്‍ സൂക്ഷിച്ചൊന്നു നോക്കി..

"പൊട്ടന്‍ ..പൊട്ടന്‍.."

കൂട്ടില്‍ കിടന്നുകൊണ്ട് അച്ഛന്‍റെ തത്ത ശബ്ദം ഉണ്ടാക്കി..അച്ഛന്‍ ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി നടന്നു..തിരിഞ്ഞു നോക്കിയപ്പോള്‍ രശ്മി വായ്പോത്തിചിരിക്കുന്നത് കണ്ടു..

"ഇനി ഇതിന് വല്ല ചിരിക്കാനുള്ള കാരണം കാണുമോ..? അതോ ഈ പാടിന്‍റെ ഫലം നാണക്കേടോ നാശനഷ്ടങ്ങളോ ഉണ്ടാക്കുമോ.?"

വീണ്ടും മറുക് ശാസ്ത്രത്തില്‍ നോക്കാന്‍ ഉള്ളിലോട്ടു നടന്നു..

9 comments:

ദീപക് രാജ്|Deepak Raj said...

ഒടുവില്‍ കാത്തിരുപ്പിനു വിരാമമിട്ടു അവള്‍വന്നു...ആവേശം കൂടിയെന്നോണം അവളെ വലിച്ചുതന്നിലെക്കിടുകയായിരുന്നു...ആദ്യം ഒന്നു പരിഭ്രമിച്ചെന്നാലും പെട്ടെന്ന് തന്നെ അവളും സമനില വീണ്ടെടുത്തു..വിളിക്കണയ്ക്കാന്‍ സമ്മതിക്കാതെ ശരീരം മുഴുവന്‍ പരതുന്ന ഭര്‍ത്താവിന്‍റെ വിക്രിയ അല്പം പേടിയോടെയാണ് അവള്‍ നോക്കിയത്..സമയം വീണ്ടും കടന്നുപോയി..

സുഗേഷ് said...

ദീപക്കേട്ടാ

എന്തായാലും ആ ചുവന്ന പാട് എന്റെ കവിളും ഒന്നു ചുവപ്പിച്ചു

പിന്നെ ഒന്നു ചിന്തിപ്പിച്ചു മറുകുശാസ്ത്രം മാത്രമല്ല എല്ലാ സയന്‍സും ഇങ്ങനെ തന്നെ എന്താ ന്നു വച്ചാല്‍

സയന്‍സ് എല്ലാത്തിനെയും സാധാരണ കാര്യങ്ങളെയും നിറ്വചിക്കും, വിമര്‍ശിക്കും എന്നാലൊ അടിസ്ഥാന സംഗതികള്ക്ക് ഒന്നിനും ഒരു പരിഹാരം ഉണ്ടാക്കാന്‍ സയന്‍സിന് ഇന്നും കഴിഞ്ഞിട്ടില്ല

ശ്രീജ എന്‍ എസ് said...

nannayirikkunnu deepak...

Kvartha Test said...

വളരെ നന്നായിരിക്കുന്നു. ഈയുള്ളവന്‍ പൊട്ടിച്ചിരിച്ചു പോയി! എന്തൊരു നിഷ്കളങ്കനായ മറുക് ശാസ്ത്ര വിദഗ്ധന്‍!

എം.എസ്. രാജ്‌ | M S Raj said...

പണി പറ്റിച്ചു അല്ലേ??

ദീപക് രാജ്|Deepak Raj said...

സുഗേഷേ..
സത്യം പിന്നെ കുറെപ്പേര്‍ക്ക് ഒരു ജീവിത മാര്‍ഗം കൂടിയാണല്ലോ..
ശ്രീദേവി
നന്ദി..
ശ്രീ @ശ്രേയസ്..
താങ്ക്സ്..സത്യത്തില്‍ കാഥാനായകന്‍ നിഷ്കളങ്കന്‍ ആണ്..കേട്ടോ.പക്ഷെ അത് ഞാനല്ല..
എം.എസ്.രാജെ..
സത്യത്തില്‍..ആ ചുവന്ന പാട് സ്വാനുഭാവം..ആരോടും ചോദിച്ചില്ല എന്നത് മാത്രം..ബാക്കിയെല്ലാം ഭാവന

എല്ലാവരും വീണ്ടും വീണ്ടും വീണ്ടും വരിക..എഴുതാന്‍ ഞാനുണ്ട്..കമന്റാന്‍ നിങ്ങളില്ലേ.....?

smitha adharsh said...

അപ്പൊ,മറുകും ഭാഗ്യം കൊണ്ടു വരും ല്ലേ?
ആ ചുവന്ന പാട്.. എനിക്ക് മനസ്സിലായില്ല (???) കേട്ടോ :)
super post.

പകല്‍കിനാവന്‍ | daYdreaMer said...

ഈ മറുക് പുരാണം മറു കരയില്‍ എത്തിച്ചു... ആശംസകള്‍...

ദീപക് രാജ്|Deepak Raj said...

സ്മിത ...
ആ പാടല്ലേ ദന്തക്ഷതം..ഹ ഹ ഹ
പകല്‍ കിനാവാന്‍...
താങ്ക്സ്... വീണ്ടും വായിക്കുക..