Sunday, November 23, 2008

22.ഒരു ഹൈജാക്ക് സ്വപ്നം

കാല്‍ അല്പം നീട്ടിവയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല.അല്ലെങ്കിലും എക്കണോമി ക്ലാസ്സിലെ യാത്ര പണ്ടേ തനിക്ക് ഇഷ്ടമല്ല..പക്ഷെ കനം കുറഞ്ഞ പോക്കെറ്റ്‌ തന്നെ എക്സികുട്ടിവ് ടിക്കറ്റ് എടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയും ചെയ്യുന്നു.

വിമാനം ന്യൂഡല്‍ഹി എയര്‍പോര്‍ടില്‍ ഇറങ്ങാന്‍ പോകുന്നുവെന്ന അറിയിപ്പുണ്ടായി..എയര്‍ ചൈനയുടെ ഈ വിമാനത്തില്‍ ബിജിങ്ങില്‍ നിന്നു കയറിയിട്ട് നേരം കുറേയായി..ഹൊ വലിയ ഒരു ട്രിപ്പ്‌ ആയിരുന്നു..കുങ്ങ്ഫുവില്‍ ഒരു സ്പെഷ്യല്‍ പരിശീലനം....അതും ചൈനീസ് സര്‍ക്കാര്‍ ചിലവില്‍.പരിശീലനം തന്നെ വളരെ മാറ്റിയിരിക്കുന്നു.വിമാനം താഴാന്‍ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്.

എല്ലാവരോടും സീറ്റ് ബെല്‍റ്റ്‌ ഇടാനുള്ള അറിയിപ്പ് മുഴങ്ങി കേട്ടു. പെട്ടെന്ന് രണ്ടുപേര്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ നിന്നു ചാടിയെഴുന്നേറ്റു..

"ഹേ...സിറ്റ് ഡൌണ്‍.."

ഹോസ്ടസ് അവരെ ഇരുത്തുവാന്‍ ശ്രമിച്ചു.. പെട്ടെന്ന് അതിലില്‍ ഒരുവന്‍ റിവോള്‍വര്‍ എടുത്തു.

"ഞങ്ങള്‍ ഈ വിമാനം ഹൈജാക്ക് ചെയ്തിരിക്കുകയാണ്..ആരും തങ്ങളുടെ സീറ്റില്‍ നിന്നും അനങ്ങി പോകരുത്.."

പെട്ടെന്ന് യാത്രക്കാരുടെ ഇടയില്‍ നിന്നു കുറേപേര്‍ എഴുനേറ്റു..

"ഓ അപ്പോള്‍ ഇതൊരു ഗ്രൂപ്പ് ഉണ്ടല്ലേ.."

ഞാന്‍ മനസ്സില്‍ ഓര്‍ത്തു..ഒരാള്‍ തോക്കുമായി നേരെ കോക്പിറ്റില്‍ കയറി..വിമാനം നേരെ മംഗോളിയയിലേക്ക് തിരിച്ചു പറത്താന്‍ ആജ്ഞാപിച്ചു..വിസമ്മതിച്ച പൈലറ്റിന്‍റെ കരണത്ത് ഒന്ന്‍ പുകച്ചു..നടന്ന സംഭവങ്ങള്‍ ഉടന്‍ തന്നെ കണ്ട്രോള്‍ റൂമില്‍ അറിയിക്കപ്പെട്ടു..ഒരു എമര്‍ജന്‍സി ലാണ്ടിങ്ങിന് ഡല്‍ഹിയിലെ ഇന്ദിരഗാന്ധി ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഒരുങ്ങി കഴിഞ്ഞു .താഴെ ഒരു പൊട്ടുപോലെ പാലം എയര്‍പോര്‍ട്ട് കാണാം.

പൊടുന്നനെ എന്‍ജിന്‍ ഫുള്‍ത്രോട്ടില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.ആഴ്ചയില്‍ അഞ്ചുദിവസം വിമാനയാത്ര ചെയ്തുശീലമുള്ള തനിക്ക് അതൊരു നല്ല രീതിയായി തോന്നിയില്ല..ഇനി വിമാനം സത്യമായും മംഗോളിയയിലേക്ക് പോകുകയാണോ..അങ്ങോട്ടാണെങ്കില്‍ പ്രശ്നമില്ല..താന്‍ വരുന്നുണ്ട് എന്നറിഞ്ഞാല്‍ തന്‍റെ കമ്പനി ലിമോസിനുമായി ഡ്രൈവറെത്തും.പക്ഷെ അറിയിക്കാന്‍ മാര്‍ഗമോന്നുമില്ലല്ലോ.

സാറ്റലൈറ്റ് ഫോണ്‍ വര്‍ക്കുചെയ്യുന്നില്ല എന്ന വിവരം ബിജിങ്ങില്‍ വച്ചു തന്നെ പറഞ്ഞിരുന്നല്ലോ..ഇനി എന്താ ചെയ്യുക..ന്യൂഡല്‍ഹി എയര്‍പോട്ടില്‍ തന്നെകാത്തു തന്‍റെ ഡാസാള്‍ട്ട് ഫാല്‍ക്കന്‍ വിമാനം കിടപ്പുണ്ട്..അതിന്‍റെ ടയര്‍ പഞ്ചര്‍ ആയതു ഒട്ടിച്ചോ എന്നറിയില്ല..ചെന്നിട്ടു വേണം രാജസ്ഥാനിലേക്ക് പറക്കാന്‍..സവായ് മാധവ്പൂരിലുള്ള കൊട്ടാരം വാങ്ങാനുള്ള ഡീല്‍ ഇന്നാണല്ലോ.. അത് വാങ്ങിയശേഷംവേണം അതിനെ ഒരു ഹെരിറ്റേജ് ഹോട്ടല്‍ ആക്കാന്‍..

ഇനി ഇതു നോക്കി ഇരിക്കാന്‍ വയ്യ..പണ്ടൊരു വിമാനം കണ്ടഹാറില്‍ തട്ടിക്കൊണ്ട് പോയത് ഓര്‍മവന്നു. അന്ന് യാത്രക്കാര്‍ വിമാനത്തില്‍ ഒന്നര മാസം കഴിഞ്ഞത്രേ..ഞാന്‍ പതിയെ എഴുന്നേറ്റു..ടോയിലെറ്റില്‍ പോകണമെന്നു ആന്ഗ്യം കാട്ടി..തന്നെ കണ്ടാലെ മാന്യലക്ഷണം ഉള്ളതുകൊണ്ടാനെന്നു തോന്നി അവര്‍ ഒന്നും പറഞ്ഞില്ല.നേരെ ടോയിലെറ്റില്‍ എത്തി..

വാച്ച്ഊരി പോക്കറ്റില്‍ നിക്ഷേപിച്ചു..രണ്ടര ലക്ഷം വിലയുള്ള റോളെക്സ് ആണ്..ഫോണ്‍ ടോയിലെറ്റിന്‍റെ ചെറിയ കബോര്‍ഡില്‍ വച്ചു..വെര്‍ടു ആണ്..ലക്ഷങ്ങള്‍ വിലയുള്ളതാണല്ലോ..നേരെ സീറ്റില്‍ ചെന്നു ..ഇരിക്കുന്നത് മുമ്പെ ചുറ്റും നോക്കി...മൊത്തം നാല് പേരുണ്ട്..മുമ്പില്‍ രണ്ടു പേരുണ്ട്..

പിന്നെ നടന്നതൊന്നും പറയാന്‍ കഴിയില്ല.തന്‍റെ കുങ്ങ്ഫു ഇവിടെ യാത്രക്കര്‍ക്കൊരു വിരുന്നാകുകയായിരുന്നു.സിനിമയില്‍ ജാകിച്ചാന്‍ കാട്ടിയിരുന്ന വിദ്യ ലൈവ് ആയി എല്ലാവരും കണ്ടു..പതിനച്ചു മിനിട്ടത്തെ അഭ്യാസം..ഹൈജാകേര്സ് എല്ലാം വാടിയ ചേമ്പിന്‍ തണ്ട് പോലെ താഴെ കിടക്കുന്നു.

വിമാനം വീണ്ടും ന്യൂഡല്‍ഹിയിലേക്കു തിരിച്ചു പറക്കുന്നതായി അറിയിപ്പുണ്ടായി.ഒപ്പം തട്ടിയെടുക്കപ്പെട്ട വിമാനത്തെയും തന്നെയും കാത്തു പ്രസ്സും മന്ത്രിമാരും നില്‍പ്പുണ്ടത്രെ..പ്രധാനമന്ത്രി വരാനും ചാന്‍സ് ഉണ്ടത്രേ..തന്‍റെ വിമാനത്തിന്‍റെ ടയര്‍ പഞ്ചര്‍ ഒട്ടിച്ച കാര്യവും പറഞ്ഞു..

"ഹൊ .. സമാധാനമായി.."

എല്ലാവരും നന്ദി പറയാന്‍ വന്നു.ഇതെന്‍റെ കടമ മാത്രം എന്ന് പറഞ്ഞു എല്ലാവരെയും ഇരുത്തി.വിമാനം താഴ്ന്നു..റണ്‍വേയിലൂടെ ഓടി വിമാനം നിന്നു...ആദ്യം പുറത്തേക്ക് ഇറങ്ങിയത്‌ താന്‍ തന്നെ.....പൊടുന്നനെ ഒരായിരം ഫ്ലാഷുകള്‍ മിന്നി...ഓ പത്രക്കാര്‍ തന്‍റെ ചിത്രം എടുക്കാന്‍ മല്‍സരിക്കുകയാണ്‌..

"ഹൊ തണുക്കുന്നല്ലോ"

.. കണ്ണ് തുറന്നു നോക്കി....ഭാര്യ ഒരു ഒഴിഞ്ഞ ബക്കറ്റുമായി മുമ്പില്‍ നില്ക്കുന്നു......എല്ലാം സ്വപ്നം ആയിരുന്നോ..ശേ ...പത്രക്കാരോട് സംസാരിക്കാന്‍ തയ്യാറെടുക്കുകയായിരുന്നു..

"ദേ..വേഗം എഴുന്നെക്ക്.......ഒന്നാമതെ പാര്‍ട്ട് ടൈം ജോലിയാ..ഇനി താമസിച്ചാല്‍ അതും പോകും..."

ഭാര്യ അല്പം ചൂടിലാണ്.കണ്ണും തിരുമ്മി ബാത്ത്റൂമിലേക്ക്‌ നടന്നു..

9 comments:

ദീപക് രാജ്|Deepak Raj said...

ഒരു ഹൈജാക്ക് സ്വപ്നം
കാല്‍ അല്പം നീട്ടിവയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കുന്നില്ല.അല്ലെങ്കിലും എക്കണോമി ക്ലാസ്സിലെ യാത്ര പണ്ടേ തനിക്ക് ഇഷ്ടമല്ല..പക്ഷെ കനം കുറഞ്ഞ പോക്കെറ്റ്‌ തന്നെ എക്സികുട്ടിവ് ടിക്കറ്റ് എടുക്കുന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയും ചെയ്യുന്നു

മാണിക്യം said...

കുഴപ്പമില്ല,
സ്വപ്നം കാണുന്നെങ്കില്‍
മാഹാരാജാവെന്ന് തന്നെ അല്ലാതെ ഇളയരാജാവായിന്ന് കണ്ടിട്ടെന്താവനാ..


ഫോണ്‍ ടോയിലെറ്റിന്‍റെ
ചെറിയ കബോര്‍ഡില്‍ വച്ചു..
വെര്‍ടു ! അതെടുത്തോ?
അതോ അവിടെ ഇരിക്കുവാണോ? :)
ആന്നെങ്കില്‍ പറ ഞാന്‍ പോയി എടുത്താളാം..

അനില്‍@ബ്ലോഗ് // anil said...

ഹ ഹ.
കൊള്ളാം , ഏതായാലും വെളുപ്പാന്‍ കാലത്ത് കാണുന്ന സ്വപ്നങ്ങള്‍ ഭലിക്കുമെന്നാണ്.

ദീപക് രാജ്|Deepak Raj said...

താങ്ക്സ് മാണിക്യം ... കാണുമ്പോള്‍ നല്ല സ്വപ്നം കാണാം ..സ്വപ്നത്തിനു ടാക്സ് ഇല്ലല്ലോ..പിന്നെ വെര്‍ടു അവിടെ ആണോ എന്ന് സംശയം....ഇപ്പോള്‍ എന്‍റെ കൈയില്‍ കാണുന്നില്ല..
അനിലേ ഫലിക്കണം എന്നാ പ്രാര്‍ത്ഥന...നടന്നാല്‍ രക്ഷപ്പെട്ടില്ലേ.

Unknown said...

മാഷെ...സ്വപ്നം എന്നു വേണ്ടായിരുന്നു. കളഞ്ഞില്ലെഅതിന്റെ ഗുട്ടന്‍സ്. നല്ല പടക്കം... ഭാവുകങ്ങള്‍. കുഞ്ഞുബി

നവരുചിയന്‍ said...

ദിവസോം ഇതു പോലെ ഓരോന്ന് കണ്ടോ ..അവസാനം ഏതേലും സ്ക്രൂ ലൂസ് ആയി കൊള്ളും ....

ശ്രീ said...

സ്വപ്നം കാണുകയാണെങ്കില്‍ ഇങ്ങനെ കാണണം.
:)

എം.എസ്. രാജ്‌ | M S Raj said...

അതേയ്.. ഇതിങ്ങനെ തന്നെ വേണം. സ്വപ്നം കാണുന്നതിനു ടാക്സ് ഒന്നും കൊടുക്കണ്ടല്ലോ.. അപ്പോപ്പിന്നെ ലാവിഷായിട്ടു തന്നെ..

ദീപക് രാജ്|Deepak Raj said...

പ്രിയ കുഞ്ഞുബി ...നന്ദി...സ്വപ്നം സ്വപ്നമായി ഇരുന്നോട്ടെ...ജീവിതത്തില്‍ ഇങ്ങനെ ആയാല്‍ ആകെ ബഹളമയം ആവും...സുഖമായി അങ്ങ് ജീവിച്ചുപോയാല്‍ മതിയെന്നാ മോഹം..

പ്രിയ നവരുചിയ ...ഇനി സ്ക്രൂ ഇളകിയതുകൊണ്ടാണോ ഇത്തരം സ്വപ്‌നങ്ങള്‍ എന്നും ഞാന്‍ ഒന്നു ചിന്തിക്കുന്നുണ്ട്..
നന്ദി...വീണ്ടും വരുക...

ശ്രീ..എന്താ ചെയ്യുക...ആഗ്രഹങ്ങള്‍ ദൈവം രാത്രിയില്‍ സ്വപ്നങ്ങളായി കൊണ്ടുത്തരുന്നു എന്ന് സമാധാനിക്കാം..നന്ദി..

പ്രിയ എം.എസ്,രാജ്..സാമ്പത്തിക മാന്ദ്യം മൂലം കാണുന്ന സ്വപ്നത്തിനും നിയന്ത്രണങ്ങള്‍ വരുമോ എന്നറിയില്ല,,അതുവരെയെങ്കിലും സുഭിക്ഷമായി കാണാം...താങ്ക്സ്.