Wednesday, November 12, 2008

16.അയര്‍ലണ്ടിലെ ദരിദ്രവാസി

എയര്‍പോര്‍ട്ടില്‍ ഭാര്യ എത്തിയിരുന്നു..ടാക്സി വിളിച്ചു നേരെ വീട്ടില്‍ എത്തി.വീണ്ടും പഴയ ജീവിതം തന്നെ.

ഇനി പറയുന്ന കഥ ഒരു നടന്ന സംഭവം തന്നെയാണ് .പക്ഷെ ടിയാന്‍ ഇപ്പോഴും ഡബ്ലിനില്‍ ഉള്ളതിനാലും മേപ്പടിയാന്‍റെ വിവാഹാലോചന ഊര്‍ജ്ജിതമായി നടക്കുന്നതിനാലും അവനോടുള്ള എന്‍റെ സൌഹൃദം ഈ പോസ്റ്റും കൊണ്ടു തകര്‍ക്കാന്‍ ആവില്ലത്തതും കൊണ്ടു ഞാന്‍ ഇവിടെ അവന്‍റെ പേരു ചേര്‍ക്കുന്നില്ല..

എങ്കിലും അവനെ നമുക്കു മിസ്റ്റര്‍ ബി. എന്ന് വലിക്കാം.ബിനുവെന്നോ,ബിജു വെന്നോ ഇനി അല്ല ബൈജു എന്നോ നിങ്ങളുടെ സൌകര്യം പോലെ വിളിക്കാം ഇനി അതല്ല മറ്റു വല്ലതും വേണമെങ്കില്‍ അതും ആകാം..

ഈ കക്ഷി ആലപ്പുഴ ജില്ലയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗം ആണ്. ഒരു കയര്‍ വ്യവസായിയുടെ രണ്ടാമത്തെ പുത്രന്‍..ആദ്യത്തെ പുത്രന്‍ അല്പം അകലെ സ്കോട്ട്ലണ്ടില്‍ (യു.കെ) മെഡിസിന്‍ പഠനം..
ഇവിടെ കുറെ ബാച്ചിലര്‍ പയ്യന്മാരുടെ കൂടെ താമസം.ആമുഖം ഇത്രമതി.
ഇവിടെ അയര്‍ലണ്ടില്‍ ഐറിഷ് ജനത ചാരിറ്റി വളരെ ഗൌരവമോടെ കാണുന്നവരാണ്. ഒരു പക്ഷെ യുറോപ്യന്‍ യുണിയന്‍റെ സഹായം വാങ്ങി അതിന്‍റെ ഗുണം മനസ്സിലാക്കിയത് കൊണ്ടാണോ അതോ അതിലെ നന്മ കണ്ടു കൊണ്ടാണോ എന്തോ അവര്‍ മറ്റുള്ളവരെ സഹായിക്കാനും ചാരിറ്റി നല്‍കാനും മടിക്കാത്തവരാണ്..

മേപ്പടിയാന്‍ (മിസ്റ്റര്‍ ബി.) അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ മുതല്‍ മിക്കപ്പോഴും വാതിലില്‍ ചാരിറ്റിയ്ക്കുവേണ്ടിയുള്ള വസ്ത്ര സംഭരണ നോട്ടിസുകള്‍ ശ്രദ്ധിച്ചിരുന്നു എങ്കിലും ഒരിക്കലും ഒന്നും കൊടുത്തിരുന്നില്ല ..പക്ഷെ അദ്ദേഹത്തിന്‍റെ സഹമുറിയന്മാര്‍ (കൂടെ താമസിച്ചിരുന്നവര്‍ ) മിക്കപ്പോഴും പഴയ തുണികള്‍ കൊടുക്കുമായിരുന്നു.
(കൂടെ താമസിക്കുന്നവരില്‍ ചിലര്‍ ഐറിഷും,ചിലര്‍ യുറോപ്യന്‍ കുട്ടികളും പിന്നെ അപൂര്‍വ്വം മലയാളികളും ഉണ്ട്)

ഒരു ദിവസം നാട്ടില്‍ നിന്നും നമ്മുടെ മിസ്റ്റര്‍ ബിയുടെ അമ്മ വിളിച്ചു അവന്‍റെ സമയം ശരിയല്ലെന്നും അല്പം പ്രാര്‍ഥനയും ദൈവ വിചാരവും ദാന ധര്‍മങ്ങളും വേണമെന്നു ഉപദേശിച്ചു..ഒന്നാമത്തെ പരീക്ഷ ഒക്കെ ആയി വരുന്ന സമയം ആയതുകൊണ്ട് അദ്ദേഹം അത് ശിരസാ വഹിച്ചു പിറ്റേന്ന് പള്ളിയില്‍ പോയി രണ്ടു തിരിയും കത്തിച്ചു.

(പുള്ളി ഹിന്ദു ആണെങ്കിലും അടുത്ത് അമ്പലമില്ലാത്തത്തിനാല്‍ കര്‍ത്താവിനോടു റെക്കമെണ്ടേഷന്‍ ചെയ്യുകയാ പതിവ്)

പിന്നെ ഉണ്ടായിരുന്ന കുറെ പഴയ തുണികള്‍ (വീട്ടില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന) പ്ലാസ്ടിക് ചാക്കിലാക്കി ചാരിറ്റി ബോക്സില്‍ നിക്ഷേപിച്ചു..

അന്ന് പതിവു പോലെ കടന്നു പോയി..പിറ്റേന്ന് രാവിലെ വാതില്‍ തുറക്കുമ്പോള്‍ ഒരു കെട്ട് അവിടെ ഉണ്ടായിരുന്നു..കൂടെ ഒരു ലെറ്ററും..

"പ്രിയ മിത്രമേ.താങ്കളുടെ തുണി കിട്ടി..ഇങ്ങനെയുള്ള തുണികള്‍ മാത്രം ഉണ്ടായിട്ടും ചാരിറ്റിയ്ക്ക് കാട്ടിയ താങ്കളുടെ നല്ല മനസ്സിന് നന്ദി.. ആഫ്രിക്കയിലെയും കിഴക്കന്‍ യുറോപ്പിലേയും ഉടുതുണിയില്ലാത്ത പാവങ്ങളുടെ ബുദ്ധിമുട്ട്‌ മാറ്റാന്‍ നടക്കുന്നതിനിടെ അയര്‍ലണ്ടില്‍ തന്നെയുള്ള താങ്കളെ പോലെയുള്ള പാവങ്ങളെ കാണുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല..അതുകൊണ്ട് ഈ പായ്ക്കിലുള്ള വസ്ത്രങ്ങള്‍ താങ്കള്‍ എടുത്തു താങ്കളുടെ വസ്ത്ര ദാരിദ്ര്യം മാറ്റുവാന്‍ കഴിയട്ടെ..ഇനിയും എപ്പോഴെങ്കിലും ആവശ്യമുള്ളപ്പോള്‍ വിളിക്കുവാന്‍ നമ്പരും താഴെ കൊടുക്കുന്നു.."

എഴുത്ത് ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ കൂടെ താമസിക്കുന്നവര്‍ ഇതു വായിച്ചിരിക്കുമെന്നു ഉറപ്പുണ്ടായിരുന്നു..പിന്നെ ഇപ്പോള്‍ ഈയുള്ളവന്‍ അറിഞ്ഞതുകൊണ്ട്‌ നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുന്നു..

കൂട്ടുകാരാ നിന്‍റെ പേരു ഞാന്‍ വച്ചിട്ടില്ല..അതൊകൊണ്ട് തന്നെ എന്നോട് പിണങ്ങില്ല എന്നുമറിയാം..

പിന്നെ നിങ്ങളുടെ വിവാഹോലോചന നടക്കുന്നത് എനിക്കറിയാം..എല്ലാ ഭാവുകങ്ങളും നേരുന്നു..

5 comments:

krisssam said...

hi deepak your story is good and humorous..

വിനോദ് said...

നന്നായിരിക്കുന്നു മാഷേ ...

മുസാഫിര്‍ said...

തുടക്കം മുതലെ വായിച്ചു.നടന്‍ ശ്രീനിവാസനെന്റെ സ്റ്റൈല്‍ (സ്വയം പരിഹാസ്യനായി മറ്റുള്ളവരെ ചിരിപ്പിക്കുന്നത് ) ഇടയ്ക്ക് ഉണ്ടെങ്കിലും പൊതുവെ രസകരമായി വായിച്ചു പോകാം.ഹോളണ്‍ടിലെ നമ്മുടെ ആള്‍ക്കാരുടെ ജീവിതത്തിന്റ്റെ ഒരു പരിഛേദവും കാണാനായി.

ദീപക് രാജ്|Deepak Raj said...

നന്ദി ഷിജു.....
വിനോദെ ഇനിയും വരാനുണ്ട്.വരണം ..കമന്റണം ,,
മുസാഫിറെ..സ്വയം ചിരിക്കാന്‍ എളുപ്പമാണ്..മറ്റുള്ളവരെ അത്ര എളുപ്പമല്ല.പിന്നെ നമ്മള്‍ വിഡ്ഢി ആയിട്ട് മറ്റുള്ളവര്‍ ചിരിച്ചാലും അത് പുണ്യം. വീണ്ടും വരുമല്ലോ...വരുമ്പോള്‍ ഒന്നു കമന്റിയിട്ട് പോകണേ

സുധി അറയ്ക്കൽ said...

ആലപ്പുഴകാരൻ തന്നെ.