Wednesday, September 17, 2008

4. 150 യുറോയും പട്ടിയുടെ അപ്പിയും

ചെറുപ്പം മുതലേ ഞാന്‍ ഒരു ശുനക പ്രേമിയായിരുന്നതിനാല്‍ അയര്‍ലണ്ടില്‍ വന്നപ്പോള്‍ മുതല്‍ ഒരു നായെ വാങ്ങാന്‍ പ്ലാന്‍ ഇട്ടിരുന്നു ..പിന്നെ എല്ലാ ഐറിഷ് കാരന്മാരും കാരികളും എവിടെ പോയാലും പട്ടിയേം തൂക്കിയെ പോകു എന്നതും കൂടി കണ്ടപ്പോള്‍ എനിക്കും മോഹം കൂടി ...പക്ഷെ പട്ടിയെ വാങ്ങിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പറഞ്ഞു ഭാര്യ എന്നെ വിരട്ടാന്‍ നോക്കി. കാരണം പട്ടിയ്ക്കു ചിപ്പ് ചെയ്യിക്കണം , രെജിസ്ട്രേഷന്‍ തുടങ്ങിയ ലീഗല്‍ പ്രശ്നങ്ങള്‍ ... പിന്നെ പട്ടി വഴിയില്‍ അപ്പിയിട്ടാല്‍ 150 യുറോ പിഴ അതല്ല ഇനി പട്ടി ആരെയെങ്കിലും കടിക്കാന്‍ ഓടിച്ചാല്‍ 3000 യുറോ പിഴ ..

ഒടുവില്‍ ആ മോഹം ഉപേക്ഷിച്ചു രാവിലെ തനിയെ ഓടാന്‍ പോയിത്തുടങ്ങി...എന്നാലും വഴിയില്‍ കാണുന്ന പട്ടികളെ ഒന്നു ചിരിച്ചു കാണിച്ചും ഹലോ പറഞ്ഞും എന്‍റെ ശുനക സ്നേഹം അവരെ അറിയിക്കാന്‍ മറന്നില്ല..

അന്നും പതിവുപോലെ രാവിലെ ഓടാന്‍ പോയി. മുടിഞ്ഞ തണുപ്പ് ഒപ്പും മഴയും കാറ്റും ഉണ്ട്... എന്‍റെ ഭാര്യെ പോലെയാണ് കാലാവസ്ഥയും . ഒന്നും പ്രവചിക്കാന്‍ പറ്റില്ല .. എപ്പോഴാ മാറുന്നത് എന്നത് പ്രവചിക്കാനേ പറ്റില്ല....

രാവിലെ എഴുന്നേറ്റു 100 യുറോയുടെ ഷൂവും ട്രാക്ക് സ്യുട്ടും ഇട്ടു ഓടാന്‍ പോകുന്നതിനു മുമ്പെ കണ്ണാടിയില്‍ നോക്കി...." ഡോ .... മുഖം മിനുക്കി മിനുക്കി എന്നെ പറ്റിച്ചതാ.. ഇനി ഒന്നും വേണ്ട ..ഓടി ഓടി ആ മേദസ്സ് കള...ചുമ്മാതെ തിന്നു തിന്നു പന്നി പോലെയായി .." ഓ ഭാര്യ തുടങ്ങി ... ഇതു കേള്‍ക്കുന്നതിലും നല്ലത് തണുപ്പത്ത് ഒടുന്നതാ .. രാവിലെ വീട്ടില്‍ നിന്നും സ്റ്റാര്‍ ബിങ്കോ വരെ ഓടും... അവിടെ അന്തപ്പന്‍ ചേട്ടന്‍ വരും ...പുള്ളിയും ഒരു സുന്ദരി പെണ്ണിനെ കെട്ടി ഇവിടെ എത്തിയതാ...... പിന്നെ കുറെ നേരം അവിടെയും ഇവിടെയും നോക്കി നടക്കും ... സ്റ്റാര്‍ ബിങ്കോ ഒരു ചൂതാട്ട കേന്ദ്രം ആണ് ... രാത്രി ചൂതാടനും മറ്റു കലാപരിപടികള്‍ക്കുമായി ധാരാളം ആളുകള്‍ എത്താറുണ്ട് .

കൈയില്‍ കാശില്ലാത്തത്‌ കൊണ്ടു ഒന്നും ആടാനുമില്ല ആട്ടാനുംമില്ല..... പക്ഷെ ദോഷം പറയരുതല്ലോ രാവിലെ ഓടാന്‍ വരുന്ന ഐറിഷ് സുന്ദരികളെ കാണുമ്പൊള്‍ തന്നെ ഓടാന്‍ ഒരു മൂഡ് ഉണ്ടാവും...പിന്നെ പതിവുപോലെ തിരിച്ചു വീട്ടിലേക്ക്. .. ഓ ഇന്നു അവള്‍ക്കു ഡ്യൂട്ടി ഉള്ള ദിവസം ആണ് ..വേഗം ചെല്ലണം അല്ലെങ്കില്‍ ചൂടു ബ്രേക്ക് ഫാസ്റ്റ് കിട്ടില്ല ..പിന്നെ ചത്ത ആഹാരം ചൂടാക്കി കഴിക്കേണ്ടി വരും ...വന്ന വഴിക്ക് ഒരു ബോര്‍ഡ് കണ്ടു....പട്ടി അപ്പി ഇട്ടാല്‍ 150 യുറോ പിഴ.. കടിക്കാന്‍ ഓടിച്ചാല്‍ 3000 യുറോ പിഴ .. അമ്മേ ഒരു പട്ടി കടിക്കാന്‍ ഓടിച്ചാല്‍ മതിയായിരുന്നു. ... ആ പണം മതി നാട്ടില്‍ ഒരു മാരുതി കാര്‍ വാങ്ങാന്‍.. എനിക്ക് പട്ടിയേം പട്ടിയ്ക്കു എന്നേം ഇഷ്ടം ആയതിനാല്‍ കടിക്കാന്‍ പോയിട്ട് ഒന്നു കുരയ്ക്കുക പോലും ഇല്ല ...ഇനി ഞാന്‍ പട്ടിയെ കടിച്ചാല്‍ പിഴ ഉണ്ടോ എന്നറിയില്ല....

വീട്ടില്‍ എത്തി ...ഭാര്യ കോപത്തോടെ ചോദിച്ചു .. " എവിടെ ചത്തുകിടക്കുകയായിരുന്നു.... 2 മണിക്കൂര്‍ ആയല്ലോ പോയിട്ട് ...
അതെങ്ങനെ തൊലി വെളുത്ത ഒന്നിനെ കണ്ടാല്‍ പിന്നെ വായില്‍ നോക്കി നിക്കുമല്ലോ .." ഓ സമാധാനം ആയി ഇന്നത്തെ ഡോസ് കഴിഞ്ഞു ...
പെട്ടെന്ന് അവള്‍ എന്‍റെ ഷൂവില്‍ നോക്കി.. ആ മുഖത്ത് കോപം ഇരച്ചു കേറുന്നത് കാണാമായിരുന്നു ..."കാവിലമ്മേ കാത്തോണേ" മനസ്സില്‍‌ പ്രാര്‍ത്ഥിച്ചു എന്നിട്ട് പതിയെ ചോദിച്ചു .." എന്താടി"
"നിങ്ങള്‍ ആ ഷൂവില്‍ നോക്കിക്കേ ....... മൊത്തം പട്ടിയുടെ അപ്പി അല്ലെ ..ആരുടെ വായില്‍ നോക്കിയ നടന്നത് ....ഇനി ഈ കാര്‍പെറ്റ് ആരാ ക്ലീന്‍ ചെയ്യുന്നത് ..." പിന്നെ പറഞ്ഞതൊന്നും എഴുതാന്‍ കൊള്ളില്ല ....പട്ടി അപ്പി ഇട്ടാല്‍ 150 യുറോ പിഴ ഉണ്ടല്ലോ .. അതാര്‍ക്കാ കിട്ടുക ...അപ്പിയുള്ള ഷൂ കൊണ്ടുപോയാല്‍ എനിക്ക് കിട്ടുമോ ?? ഇനി അപ്പി ഇട്ട പട്ടിയെ എങ്ങനെ കണ്ടെത്തും .. അതിന് വല്ല ശാസ്ത്രീയ മാര്‍ഗ്ഗം ഉണ്ടോ എന്നറിയാന്‍ ഇന്‍റര്‍നെറ്റിലേക്ക് കേറി.....

അപ്പോഴും കിച്ചണില്‍ ഭാര്യയുടെ തൃശൂര്‍ പൂരം ഇടതടവില്ലാതെ മുഴങ്ങി കൊണ്ടിരുന്നു..............

3 comments:

Unknown said...

supper keepit upz

Anonymous said...

its really good to read your article.

Ennaaalum ellaaa saadhanangaludeyum vila inganaee parayanooo?

Pinnaee bhaaryayaee oru bheekara jeevi aakenoo?

http://itgalarysongs.blogspot.com

ദീപക് രാജ്|Deepak Raj said...

bharya pavama...