Saturday, February 21, 2009

55.അനാഥന്‍

വിമാനം ലാന്‍ഡ്‌ ചെയ്യുന്നൂവെന്നു അറിയിപ്പ് മുഴങ്ങി.സീറ്റ് ബെല്‍റ്റ്‌ മുറുക്കി ജനാലയിലൂടെ താഴേക്ക് നോക്കി.പക്ഷെ താഴെക്കാണുന്ന പച്ചപ്പ്‌ പ്രത്യേകിച്ചൊന്നും തോന്നിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പതിറ്റാണ്ടായിരിക്കുന്നു കേരളത്തില്‍ വന്നിട്ട്. പക്ഷെ കേരളത്തിലെ ജീവിതം ഒരു പക്ഷെ തന്നില്‍ പ്രത്യേകിച്ച് എന്ന് സ്വാധീനം ഉണ്ടാക്കാനാണ്?സൗദിയില്‍ എത്തിയിട്ട് നീണ്ട ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞു. ജിദ്ദയും യാംബൂവും ജീവിതത്തിന്‍റെ നല്ല സമയം അപഹരിച്ചുവെങ്കിലും ബാങ്ക് അക്കൌണ്ടില്‍ സമ്പാദ്യം പെരുത്തുകൊണ്ടിരുന്നു.

കഴിഞ്ഞ കാലം ഒരു സിനിമയുടെ തിരക്കഥ പോലെ ഓര്‍ക്കാനേ കഴിയൂ. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചു ജോലിയാവാതെ നക്സലിസം തലയ്ക്കു പിടിച്ചു ബന്ധുക്കളും കൂട്ടുകാരും അകറ്റി നിര്‍ത്തിയ കാലം.ഒടുവില്‍ അമ്മയുടെ കണ്ണീരിനു മുമ്പില്‍ ഇസങ്ങളോട് വിട ചൊല്ലി ഗള്‍ഫിലേക്ക് ഒളിച്ചോടുകയായിരുന്നു. ആറേഴു വര്‍ഷം കഴിഞ്ഞു അമ്മയുടെ മരണത്തോടെ നാടുമായി അവശേഷിച്ച ബന്ധവും അറ്റു.ബന്ധുക്കളില്‍ പലരും ഓരോ ആവശ്യങ്ങള്‍ക്ക് മാത്രം ഫോണ്‍ വിളികള്‍ വന്നപ്പോള്‍ പിന്നെ ആ ബന്ധവും നിര്‍ത്തേണ്ടി വന്നു.

പിന്നെ അങ്ങോട്ട് എല്ലാം വെട്ടിപിടിക്കാനുള്ള ഒരോട്ടമായിരുന്നു.പക്ഷെ എന്ത് നേടി എന്ന ചോദ്യത്തിന് ഇന്നും മറുപടിയില്ല.
വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി.വിമാനത്തില്‍ നിന്നും ഇറങ്ങി എമിഗ്രേഷന്‍ കഴിഞ്ഞു വെളിയിലിറങ്ങി ചുറ്റും നോക്കി.ആരും കൊണ്ടുപോകാന്‍ വരില്ലാത്തതുകൊണ്ട് ടാക്സി വിളിച്ചു.
ടാക്സിയില്‍ കയറി കണ്ണടച്ചു.

"സര്‍ എവിടെ പോകണം.പറഞ്ഞില്ല."

ഡ്രൈവറോട് എങ്ങോട്ട് പോകണമെന്നു പറഞ്ഞില്ല.ശേ.തിരക്കിനിടയില്‍ എല്ലാം മറന്നു.

"ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍."

ഡ്രൈവര്‍ ഒന്നു തിരിഞ്ഞു നോക്കി.
ചെറുതായി ഒന്നു മയങ്ങി.
ഡ്രൈവര്‍ വന്നു തട്ടി വിളിച്ചപ്പോഴാണ് ഹോസ്പിറ്റലില്‍ എത്തിയ വിവരം അറിഞ്ഞത്.
നേരം വെളുത്തു വരുന്നതേയുള്ളൂ.ഡ്രൈവറിനു പണം കൊടുത്തപ്പോള്‍ കുറെ ചോദ്യങ്ങള്‍ ആ കണ്ണില്‍ അലയടിക്കുന്നത് കണ്ടു. ഒന്നും ശ്രദ്ധിക്കാതെ നേരെ റിസപ്ഷനില്‍ ചെന്നു.റിസപ്ഷനില്‍ ചെന്നു ഡോക്ടര്‍ ജയന്റെ പേരു പറഞ്ഞപ്പോഴേ മൃദുമന്ദഹാസത്തോടെ റിസപ്ഷനിസ്റ്റ് മൊഴിഞ്ഞു.

"ഇന്നു ജയന്‍ ഡോക്ടര്‍ നേരത്തെ എത്തി.സാര്‍ വരുന്ന കാര്യം പറഞ്ഞിരുന്നു."

താങ്ക്സ് പറഞ്ഞു ജയന്‍ ഡോക്ടറിന്റെ മുറിയുടെ ഡോറില്‍ മുട്ടി.

"യെസ്.കമിന്‍."

ജയന്‍ ഡോക്ടറെ നേരിട്ടു പരിചയമില്ല.തന്റെ സ്ഥാപനത്തിലെ യദുവിന്റെ സഹോദരീ ഭര്‍ത്താവാണ്.ഇവിടെ എല്ലാ ഏര്‍പ്പാടും യദുവാണു ചെയ്തു തന്നത്.
ഡോക്ടറുടെ മുമ്പിലെ കസേരയില്‍ പതിയെ ഇരുന്നു.

"അപ്പോള്‍ അജയന്‍ നേരെ ഇങ്ങോട്ട് പൊന്നു അല്ലെ."

ഡോക്ടര്‍ സംസാരത്തിന് തുടക്കം കുറിച്ചു.

"അതെ ഡോക്ടര്‍.എനിക്കീ നാട്ടില്‍ ആരും തന്നെയില്ല. അത് കൊണ്ടു തന്നെ വേറെയെങ്ങും പോകാനുമില്ല.ചികിത്സ കഴിഞ്ഞു നേരെ തിരിച്ചുപോകണം."

ശബ്ദത്തിലെ പതറിച്ച ഡോക്ടര്‍ തിരിച്ചറിഞ്ഞുവോ എന്നറിയില്ല.

"നോക്കൂ മിസ്ടര്‍ അജയന്‍.നിങ്ങളുടെ സര്‍ജറി മൈനര്‍ അല്ലെങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ല.ഈ ഹോസ്പിറ്റലില്‍ ബൈ സ്റ്റാന്‍ടര്‍ ആരും വേണമെന്നില്ല.പക്ഷെ ഒരാള്‍ ഉള്ളത് എപ്പോഴും നല്ലതാ.കാരണം രോഗിയുടെ മനസ്സിന് ഒരാശ്വാസം നല്‍കാന്‍ നല്ലതാ.പിന്നെ നിങ്ങള്‍ക്കാരും ഇല്ലായെന്ന് പറഞ്ഞ സ്ഥിതിയ്ക്ക്‌ വേണമെങ്കില്‍ ഒരു ഹോംനേഴ്സ് ഏര്‍പ്പാടാക്കാം. തല്‍ക്കാലം ഹോസ്പിറ്റലില്‍ കഴിയുന്നത്‌ വരെ മതി.മുഴുവന്‍ മാസത്തെ പണം കൊടുക്കണമെന്ന് മാത്രം."

"പണം കുഴപ്പമില്ല.എന്താ വേണ്ടതെന്ന് വെച്ചാല്‍ ഡോക്ടര്‍ ചെയ്‌താല്‍ മതി.പിന്നെ യദു വിളിച്ചാല്‍ എനിക്ക് കുഴപ്പമില്ല എന്ന് പറയണം."

"ഓഫ് കോഴ്സ്..പിന്നെ പേടിക്കേണ്ട കാര്യം ഇല്ല.എന്നെയും യദുവിനെ പോലെ കണ്ടാല്‍ മതി."

ഡോക്ടര്‍ അഡ്മിഷന്‍ ചെയ്യാനുള്ള ഫോര്‍മാലിറ്റി പെട്ടെന്ന് തന്നെ തീര്‍ത്തു.
ഡോക്ടറുടെ പരിചയക്കാരന്‍ എന്നുള്ളതാവും സിസ്റ്റെഴ്സ് എല്ലാം നന്നായി തന്നെ കാര്യങ്ങള്‍ ശ്രദ്ധിച്ചു.പക്ഷെ മിക്കവരുടെയും മുഖത്ത്‌ ഒരു സഹതാപം കാണാന്‍ കഴിഞ്ഞു .ഇനി തന്റെ രോഗത്തെപറ്റി അറിയുന്നത് കൊണ്ടാണോ അതോ ആരുമില്ലത്തത് കൊണ്ടാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
രണ്ടു ദിവസം കഴിഞ്ഞു രാവിലെ തന്നെകാണാന്‍ ഒരു വിസിറ്റര്‍ ഉണ്ടെന്നു സിസ്റ്റര്‍ വന്നു പറഞ്ഞപ്പോഴോന്നു ഞെട്ടി.തന്നെ കാണണോ?ചെലപ്പോള്‍ ആളുമാറിയാതാണോ എന്ന് ചോദിക്കാനോരുമ്പോള്‍ ഒരു യുവതി കയറി വന്നു.നന്നേ കരുത്തു മെല്ലിച്ച ഒരു യുവതി.

"സര്‍.ഞാന്‍ ജലജ.ഹോം നേഴ്സ് ആണ്.ഡോക്ടര്‍ ഏര്‍പ്പാടാക്കിയത് കൊണ്ടു വന്നതാണ്."

ഓ അല്പം ആശ്വാസം തോന്നി.ഒന്നു ദീര്‍ഘ നിശ്വാസം വിട്ടിട്ടു ചോദിച്ചു.

"എവിടെയാ വീട്."

ആ യുവതിയോന്നു ചിരിച്ചു.

"ഇപ്പോള്‍ ഇതാണ് വീട്."

"അതെന്തേ..?"
ഉദ്വേഗം അടക്കാനായില്ല.

"അനാഥയാണ്.കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥലയത്തില്‍ വളര്‍ന്നു.പിന്നീട് ഹോം നേഴ്സ് ആയി.ഇപ്പോള്‍ ചെല്ലുന്നിടം വീട്."

അവളുടെ വിഷാദം കലര്‍ന്ന ചിരി പക്ഷെ തന്നില്‍ എന്തോ നൊമ്പരം സമ്മാനിച്ചത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു .ഒരു പക്ഷെ തന്നെപോലെ ഒരു അനാഥജീവിതം നയിക്കുന്ന ഒരാളുടെ വേദന മനസ്സിലാക്കനാവുന്നത് കൊണ്ടാവും.

"പിന്നെ എന്റെ ഓപ്പറേഷന്‍ മറ്റന്നാള്‍ ആണ്.അതുകഴിഞ്ഞ് പത്തോ പതിനഞ്ചോ ദിവസം മാത്രമെ ഇവിടുണ്ടാവൂ.അതുവരെ മാത്രം മതി..."

ആ പെണ്ണ് തലകുലുക്കി.
ദിവസം പെട്ടെന്നാണ് കടന്നു പോയത്.
ഓപ്പറെഷന്റെ ദിവസം എന്തോ ഒരു ഭയമോ തോന്നിയില്ല.ഒരു പക്ഷെ മരണത്തിലോ ജീവിതത്തിലോ തന്നെ പ്രതീക്ഷിക്കാന്‍ ആരുമില്ലല്ലോ.
പക്ഷെ രാവിലെ മുതല്‍ ജലജയെ കണ്ടില്ലലോ എന്നോര്‍ത്തപ്പോള്‍ ജലജ കയറി വന്നു.

"സര്‍ ക്ഷമിക്കണം.ഞാന്‍ അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ പോയതായിരുന്നു.എല്ലാ വിഘ്നവും അവന്‍ മാറ്റിത്തരും.ഇതാ സര്‍ പ്രസാദം."

ഒന്നും മിണ്ടാതെ കണ്ണടച്ചു.
എന്താണെന്നു അറിയില്ല.ജലജതന്നെ പ്രസാദം നെറ്റിയില്‍ തൊടുവിച്ചു.
ജലജയുടെ വിരല്‍ നെറ്റില്‍ സ്പര്‍ശിച്ചപ്പോള്‍ തലയിലൂടെ ഒരു വിദ്യുത് തരംഗം പോയതുപോലെ തോന്നി.
അറിയാതെ കണ്ണ് നിറഞ്ഞു. പെട്ടെന്ന് കണ്ണ് തുടച്ചപ്പോള്‍ ജലജ വിഷാദത്തോടെ ചിരിച്ചു.

"സര്‍.ഒരു അനാഥന്റെ വേദന എനിക്കറിയാം.ഇന്നു സാറിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയപ്പോള്‍ അറിയാതെ ഞാന്‍ കരഞ്ഞുപോയി.ദൈവം സാറിനോന്നും വരുത്തില്ല.വിഷമിക്കേണ്ട."

ഇവള്‍ കരുതിയത്‌ തനിക്കെന്തെങ്കിലും വരുമെന്ന് പേടിച്ചാണ് താന്‍ കരഞ്ഞതെന്നാണോ.?

"ജലജ. എനിക്ക് എന്ത് വന്നാലും പേടിയില്ല.എന്നെ കാത്തിരിക്കാനും ആരുമില്ല.ജീവിച്ചാലും മരിച്ചാലും ഒരുപോലെ... പക്ഷെ അമ്മയ്ക്ക് ശേഷം ആദ്യമായിട്ടാ ഒരാള്‍ എനിക്കായി പ്രാത്ഥന നടത്തുന്നതും എനിക്ക് വേണ്ടി അമ്പലത്തില്‍ പോവുന്നതും.."

ജലജ കണ്ണീര്‍ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി.
ഓപ്പറേഷന്‍ തീയെറ്ററിലേക്ക് പോയപ്പോള്‍ സ്ട്രെച്ചറില്‍ പിടിച്ചു കണ്ണീര്‍ തുടയ്ക്കുന്ന ജലജയുടെ മുഖം എന്തോ തന്നെ അലോസരപ്പെടുത്തി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞു കണ്ണുകള്‍ ആദ്യം തേടിയത് ജലജയെ ആയിരുന്നു. പക്ഷെ ഐ.സി.യു.വില്‍ തെരഞ്ഞപ്പോള്‍ ആരെയും കണ്ടില്ല.പിന്നീട് വാര്‍ഡില്‍ കൊണ്ടുവന്നപ്പോള്‍ ജലജ ഓടിയെത്തി.

"സാര്‍ എങ്ങനെയുണ്ട്."

ആ ചോദ്യത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞു.

"കുഴപ്പമില്ല."

ഒറ്റവാക്കില്‍ ഉത്തരം കൊടുത്തപ്പോള്‍ എന്തോ ഒരു പ്രതീക്ഷയുടെ തിരി മനസ്സില്‍ കൊളുത്തിയതായി തോന്നി.
പതിനഞ്ച് ദിവസം വളരെ വേഗം ഓടി പോയി.ദിവസങ്ങള്‍ക്കു കുതിരയുടെ വേഗമുണ്ടെന്നു തോന്നിപോയി. പക്ഷെ ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും ജലജയിലൂടെ എന്ന് തോന്നിക്കുന്ന പതിനഞ്ച് ദിവസങ്ങള്‍.
ഒടുവില്‍ ആ ദിവസം വന്നു.തന്നെ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ജലജ വന്നു.

"സര്‍.ഡോക്ടര്‍ ഏജന്‍സിയില്‍ പണം കെട്ടി.ഇനി ഞാന്‍ പോകട്ടെ."

താന്‍ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത്‌ കൈയില്‍ വന്ന നോട്ടുകള്‍ ആ കൈയില്‍ ഏല്പിച്ചു.ജലജ കണ്ണ് തുടച്ചു ആ പണം മേശപ്പുറത്തു വച്ചു.

"സര്‍ വേണ്ട.പണം ഡോക്ടര്‍ ഏജന്‍സിയില്‍ അടച്ചു കഴിഞ്ഞു .ഞാന്‍ പോട്ടെ.."

വിടപറഞ്ഞു പോവുന്ന ജലജയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എന്തോ ജലജ പോയികഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ശൂന്യത തന്നെ പൊതിയുന്നതായി തോന്നി.
നേരെ ഡോക്ടറുടെ കാബിനിലേക്ക്‌ ഓടി.
ഡോറില്‍ മുട്ടനോന്നും പോവാതെ നേരെ ഉള്ളിലേക്ക് ചാടികയറി.

"എന്താ മിസ്റ്റര്‍ അജയന്‍.ആകെ പരിഭ്രാന്തന്‍ ആയപോലെ.എന്തെങ്കിലും കോംബ്ലിക്കെഷന്‍സ് ഉണ്ടോ.?"

"ഡോക്ടര്‍ ..ജലജ.."

"ആ കുട്ടി പോയി.പേടിക്കേണ്ട..ഞാന്‍ ഏജന്‍സിയിലെ ബില്‍ പേ ചെയ്തു..പിന്നീട് ഞാന്‍ അജയനില്‍ നിന്നും വാങ്ങിക്കോളാം.ഇപ്പോള്‍ അജയന്‍ പോയി റെസ്റ്റ് എടുക്കു."

"അല്ല ഡോക്ടര്‍ ..എനിക്കാ കുട്ടിയെ കാണണം.ഇപ്പോള്‍ തന്നെ.."

ഡോക്ടര്‍ ഒന്നു ചിരിച്ചു..

"എനിക്കും ആ കുട്ടി പോവാനിറങ്ങിയപ്പോള്‍ എന്തോ തോന്നിയിരുന്നു.പിന്നെ നിങ്ങള്‍ പേടിക്കേണ്ട.ഇപ്പോള്‍ എനിക്ക് ഫ്രീ ടൈം ആണ്.ഞാന്‍ വരാം."

തന്റെ പരിഭ്രമം കണ്ടു ഡോക്ടര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടു.ഡോക്ടറുടെ കാര്‍ തന്നെയും കയറ്റി മുമ്പോട്ട്‌ പോവുമ്പോള്‍ ചുറ്റം തന്റെ കണ്ണുകള്‍ ജലജയെ തേടുകയായിരുന്നു.
ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ പെട്ടെന്ന് കാര്‍ ചവിട്ടി നിര്‍ത്തി.

"എന്താ ഡോക്ടര്‍.എന്താ കാര്‍ നിര്‍ത്തിയത്."

ഡോക്ടര്‍ ഒന്നും പറയാതെ വശത്തേക്ക് കൈ ചൂണ്ടി.
അങ്ങോട്ട് നോക്കിയപ്പോള്‍ വിശ്വസിക്കാനായില്ല.
കൈയില്‍ ഒരു ചെറിയ ബാഗുമായി ബസ് കാത്തു നില്‍ക്കുന്ന ജലജ.
ഓടിയെത്തി ആ കൈയില്‍ കടന്നു പിടിച്ചു.

"വാ..വാ എന്റെ കൂടെ.."

ജലജ ഒന്നും മിണ്ടാതെ പിറകെ നടന്നു വരുന്നതു കണ്ടു ഡോക്ടര്‍ മന്ദഹസിച്ചു.

32 comments:

Mohamedkutty മുഹമ്മദുകുട്ടി said...

സാധാരണ ദീപകിന്റെ വക ഒരു കമന്റുണ്ടാവുമായിരുന്നു,ഇത്തവണ അതില്ല?എന്റെതു തന്നെയാവട്ടെ ആദ്യം.കഥ വളരെ ഹൃദയ സ്പര്‍ശിയായി.കഥയില്‍ ബേബി മെമോറിയല്‍ ഹോസ്പിറ്റല്‍ എന്നു വായിച്ചപ്പോള്‍ ഞാനൊന്നു ഞെട്ടി,കാരണം അവിടെ വെച്ചാണു എന്റെ ജമീല എന്നെ വിട്ടു പോയത്.2003 മേയ് 29നു.അതിന്നു ശേഷം ആ ഹോസ്പിറ്റലില്‍ പോവുന്നത് കഴിയുന്നതും ഒഴിവാക്കാറാണ് ഞാന്‍.പിന്നെ ഹോം നേഴ്സിന്റെ കാര്യം ,അത് വളരെ ടച്ചിങ്ങായി തോന്നി.നല്ല കഥ.ഇനിയും എഴുതണം.

ശ്രീ said...

നന്നായി, എന്നാലും അവസാനം കുറച്ചു കൂടി നന്നാക്കാമായിരുന്നോ?

ഉപ ബുദ്ധന്‍ said...

കൂട്ടുകാരന്‍ മണ്ടനാട്ടാ

നിരക്ഷരൻ said...

കഥ ഇഷ്ടമായി ദീപക് :)

ചില്ലറ അക്ഷരപ്പിശാചുക്കള്‍ (ദീര്‍ഗ്ഗ നിശ്വാസം,
വിഗ്നവും)കടന്നുവന്നിട്ടുള്ളത് തിരുത്തുമല്ലോ ?

എം.എസ്. രാജ്‌ | M S Raj said...

:(

നല്ല തീം

നീര്‍വിളാകന്‍ said...

കഥ വളരെ നന്നായിട്ടുണ്ട് കഥനരീതിയും....ഓരോ കഥകള്‍ കഴിയുന്തോറും ദീപക് നല്ല സാഹിത്യകാരനായി വരുന്നു. വീണ്ടും, വീണ്ടും എഴുതൂ....

മാണിക്യം said...

ആരുമില്ലാത്തോര്‍ക്ക്
ദൈവം തുണ.. ദൈവം എപ്പോള്‍ എവിടെ ആരുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടും എന്ന് പ്രവചിക്കാന്‍ മനുഷ്യബുദ്ധിക്ക് ആവുന്നില്ലന്ന് മാത്രം...
ആരും അന്നഥനല്ല.
ആള്‍കൂട്ടത്തില്‍ തനിയെ
എന്ന് ഇത്തിരി നേരം തോന്നും ..
പക്ഷെ ആ ആള്‍ക്കുട്ടത്തില്‍ തനിച്ചല്ല എന്ന തിരിച്ചറിവ് അതാണ് ഈശ്വര കടാക്ഷം....
ദീപകിന്റെ എഴുത്ത് നന്നാവുന്നുണ്ട്
ആശംസകള്‍....

Typist | എഴുത്തുകാരി said...

കഥ നന്നായി. ജലജ വന്നപ്പഴേ അവസാനം ഇങ്ങനെ ആയിരിക്കുമെന്നു മനസ്സിലായി.

പകല്‍കിനാവന്‍ | daYdreaMer said...

ദീപക് നന്നായി എഴുതി കേട്ടോ.. ആശംസകള്‍...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

കഥ നന്നായിരിക്കുന്നു.ശ്രീ പറഞ്ഞപ്പോലെ അവസാനം കുറച്ച് ധൃതികൂ‍ടിയെന്നോരു തോന്നല്

Anonymous said...

നന്നായിട്ടുണ്ട്‌...ഇഷ്ടമായി....

sreeNu Lah said...

നന്നായി ദീപക്

ജോ l JOE said...

നന്നായി ദീപക്

Unknown said...

Dear Deepak

I have been following ur blog for a long time but commenting for the first time. I feel this story lacks the spirit of ur earlier posts especially the 'parethan' posts. The theme so cliched that it fails to generate any kind of excitement or surprise. I really like to read ur blogs but preferably not of this category. I hope u will take my comments in its spirit. Expecting more quality works from u which bec you are really capable of delivering those.

regards

manoj

ചാണക്യന്‍ said...

നല്ല കഥ ദീപക്..
ആശംസകള്‍....

കനല്‍ said...

നല്ല വായനാസുഖം തന്നു.
നന്ദി!

Sureshkumar Punjhayil said...

Jalajayum manassilekkethunnu ... Deepu, Valare manoharam. Ashamsakal.

ഇഞ്ചൂരാന്‍ said...

വളരെ ഹൃദയ സ്പര്‍ശിയായി....

Unknown said...

deepakke frankily telling entho oru poraymayundu ,ayalude manassil ithrayum depthil jalaja kayaripattiya nimishangale detail akkamayirunnu,avalude abhavathil ayal avale patti orkkunna nimishamenkilum

നവരുചിയന്‍ said...

കഥ അത്ര നല്ലത് എന്ന് ഞാന്‍ പറയില്ല .. കഥനം നന്ന് .... തുടരുക ..

Jijo .V. Mathew said...

Lalitham.Ennal Valare azhamuntuthanum. Valare nannayittunt. Manassullavarkk ishtapedum. iniyum ithupolullath pratheekshikkunnu.

Snehapoorvam
Jijo.

Senu Eapen Thomas, Poovathoor said...

അയാള്‍ , സോറി, ദീപക്‌ കഥ എഴുതുകയാണു എന്ന ബോര്‍ഡ്‌ വല്ലതും ഭാര്യ എഴുതാന്‍ കൊടുത്തോ? കൊള്ളാം.. ദീപക്കിന്റെ കഥ എഴുതാനുള്ള കഴിവ്‌ കൂടി കൂടി വരുന്നു.

ആശംസകളോടെ,
സെനു, പഴമ്പുരാണംസ്‌.

Anonymous said...

deepak,kadha nannayi....hridayashparshiyaya aakhyanam....iniyum ithupolulla kadhakal prathekkshikkunnu....

Muralee Mukundan , ബിലാത്തിപട്ടണം said...

enthayalum katha eshttappettu..
keep posting

G.MANU said...

നല്ലൊരു കഥ..ദീപക്

കുറുമാന്‍ said...

കഥ ഇഷ്ടായി ദീപക്ക്. ആരുമില്ലാത്തവന് ദൈവം ഉണ്ട് (ഇപ്പോ ജലജയും)

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ദീപക്,
വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക.
ജലജയെ കാണാന്‍ ആര്‍ക്കാ കൊതി തോന്നതിരിക്കുക.
(പ്രത്യേകിച്ചും അനാഥമായ മനസ്സുള്ളവര്‍ക്ക്).
എന്നാല്‍, പരിണാമഗുപ്തി വായനക്കാരന്‍ പ്രതീക്ഷിക്കുന്നതായാല്‍ സുഖം കുറയും.
ഞാനും ഇതുതന്നെയാണ് പ്രതീക്ഷിച്ചത്.
അക്കാര്യം ഇനിയുള്ള രചനയില്‍ ഒന്ന് ഓര്‍ത്തുവയ്ക്കുക.

ശുഭമസ്തു.

ഞാന്‍ ആചാര്യന്‍ said...

വളരെ ഹൃദയ സ്പര്‍ശിയായ കഥ

chithrakaran ചിത്രകാരന്‍ said...

വളരെ നല്ല കഥ.

ദീപക് രാജ്|Deepak Raj said...

പ്രിയ മുഹമ്മദ് കുട്ടി ഇക്കാ,

അല്പം ഒരു മാറ്റം ചിന്തിച്ചുവെന്നു മാത്രം.പിന്നെ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ ഉടമകളുടെ തറവാട് എന്റെ നാട്ടില്‍ ആണ്.അതുകൊണ്ട് അല്പം പരിചിതമാണ് ആ പേര്.ഒപ്പം കുറെ അടുത്ത സുഹൃത്തുകളും അവിടെ ജോലിചെയ്യുന്നുണ്ട്. പിന്നെ ഇക്കയ്ക്ക് ഇങ്ങനെയൊരു അറ്റാച്മെന്റ് ആ ഹോസ്പിറ്റലിനോട് ഉണ്ടായിരുന്നുവെന്നു അറിഞ്ഞിരുന്നെങ്കില്‍ ആ പേര് ഉപയോഗിക്കില്ലായിരുന്നു.
നന്ദി.

പ്രിയ ശ്രീ.
ഒരു പോസ്റ്റില്‍ ഒതുക്കാന്‍ കാട്ടിയ സാഹസം അവസാന ഭാഗത്തെ നശിപ്പിച്ചുവേന്നതാണ് സത്യം. അല്ലെങ്കില്‍ കൂടുതല്‍ നീളം കൂട്ടണമായിരുന്നു. പെട്ടെന്ന് ഇങ്ങനെ ഒരു അവസാനം കൊടുത്തതില്‍ ഖേദമുണ്ട്‌,
നന്ദി.

പ്രിയ ഉപ ബുദ്ധന്‍
അതെയോ.അതെന്തേ. അനാഥന്‍ അല്ലെ അപ്പോള്‍ അനാഥരെ സ്നേഹിക്കാനുള്ള മനസ്സുണ്ടായി എന്ന് മാത്രം. നന്ദി.

പ്രിയ നിരക്ഷരന്‍
അക്ഷരതെറ്റുകള്‍ തീര്‍ച്ചയായും എന്റെ തെറ്റുകള്‍ തന്നെ.ഇനിയും കൂടുതല്‍ ശ്രദ്ധിക്കാം.ചൂണ്ടി കാണിച്ച തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. ഇത്തരം മറുപടികള്‍ ആണ് കഥയെ കൂടുതല്‍ വായനാസുഖമുള്ളതാക്കുന്നത്. വളരെ നന്ദി.

പ്രിയ എം.എസ്.രാജ്.
ആഖ്യാന രീതി അല്പം കുളമായി.അല്ലെ.അതോ മുഴുവന്‍ കുളമായോ.?
നന്ദി.

പ്രിയ നീര്‍വിളാകന്‍
നന്ദി. ഇടയ്ക്ക് അല്പം സാഹിത്യവും എഴുതാനുള്ള ശ്രമമാണ്. തെറ്റുകള്‍ കാണിച്ചു തരണം എങ്കിലേ കൂടുതല്‍ നന്നാക്കാനാവൂ.

പ്രിയ മാണിക്യം ചേച്ചി.
അനാഥന്‍ ആവുന്നതാണ് ഏറ്റവും വലിയ ശാപം എന്ന് കേട്ടിട്ടുണ്ട്.ഒപ്പം അവരെ സനാഥന്‍ ആക്കുന്നത് ഏറ്റവും വലിയ പുണ്യമെന്നും. നന്ദി ചേച്ചി.

പ്രിയ ടൈപ്പിസ്റ്റ്/എഴുത്തുകാരി
സത്യത്തില്‍ ക്ലൈമാക്സ് ഊഹിക്കാന്‍ കഴിഞ്ഞാല്‍ എഴുത്തുകാരന്‍ പരാജയപ്പെട്ടെന്നാണ് അര്‍ത്ഥം.പക്ഷെ ജലജയെയോ നായകനെയോ കൊന്നു കഥയില്‍ ട്വിസ്റ്റ് കൊടുക്കണമെന്ന് ആദ്യം കരുതി.പക്ഷെ അത്രയും ക്രൂരത കാട്ടാന്‍ കഴിഞ്ഞില്ല.എഴുത്തുകാരന്‍ എന്നാ നിലയില്‍ എന്റെ പരാജയം തന്നെ.കാരണം കഥാപാത്രങ്ങളോട് കഥാകൃത്ത്‌ മമത കാട്ടരുത്.നന്ദി.

പ്രിയ പകല്‍കിനാവന്‍
നന്ദി.വീണ്ടും വരിക.വായിക്കുക.

പ്രിയ മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍
അതെ.നീളം കുറയ്ക്കാനും ഒപ്പം ഒരു പോസ്റ്റില്‍ ഒതുക്കാനുമുള്ള സാഹസത്തില്‍ വന്നു പോയ പിഴവാണ്. ഇനിയും ശ്രദ്ധിക്കാം.നന്ദി.

പ്രിയ വേറിട്ടശബ്ദം,
വീണ്ടും ഈ വഴി വരിക.നന്ദി.

പ്രിയ ശ്രീനു ഗൈ
നന്ദി.വീണ്ടും വരിക.

പ്രിയ ജോ
വീണ്ടും ഈ വഴി വരിക.അഭിപ്രായം പറയണം.പിന്നെ ഇപ്പോള്‍ തിരക്കായോ.എഴുത്തുകള്‍ കുറഞ്ഞെന്നു തോന്നുന്നു.

ദീപക് രാജ്|Deepak Raj said...

പ്രിയ മനോജ്/ചെഗ്
സത്യം തന്നെ.പിന്നെ പരേതന്‍ വേറെ ഒരു രീതിയില്‍ ഉള്ള ബ്ലോഗ് ആയിരുന്നുവല്ലോ.ഇടയ്ക്കിടെ ഓരോ കഥയും ഇടുമെന്ന് മാത്രം.വീണ്ടും പഴയരീതിയിലുള്ള കഥകള്‍ എഴുതാം.നന്ദി.

പ്രിയ ചാണക്യന്‍
നന്ദി.വീണ്ടും വരിക.

പ്രിയ കനല്‍.
ഇവിടെ ആദ്യം വരികയാണ്‌.ഇനിയും വരണം.നന്ദി.

പ്രിയ സുരേഷ്കുമാര്‍ പുഞ്ഞയില്‍
നന്ദി.വീണ്ടും വരണം.

പ്രിയ ഇഞ്ചൂരന്‍
നന്ദി.വീണ്ടും വരിക.

പ്രിയ ഞാനും എന്റെ ലോകവും.
അതെ.ഒരു പോസ്റ്റില്‍ ഒതുക്കാനുള്ള ശ്രമത്തില്‍ വന്ന കുഴപ്പങ്ങള്‍ ആണ്.
എങ്ങനെ അവര്‍ ഇത്ര അടുത്തു.അവസാനഭാഗം തുടങ്ങിയവ,അതില്‍ ഖേദമുണ്ട്‌.
നന്ദി.

പ്രിയ നവരുചിയന്‍
നന്ദി.വീണ്ടും വരണം.
ഓഫ് : ബാഗ്ലൂര്‍ ജീവിതം എങ്ങനെ ?

പ്രിയ ജിജോ വി.മാത്യു.
നന്ദി.സത്യത്തില്‍ ഒരു അനാഥന്റെ വിഷമവും ഒപ്പം പണത്തെക്കള്‍ സ്നേഹിക്കാന്‍ ഒരാള്‍ ആണ് പ്രധാനമെന്നതും ഒപ്പം ഒരു അനാഥന്/അനാഥയ്ക്ക്‌ ജീവിതം കൊടുക്കുന്നതിനേക്കാള്‍ വലുതായി ഒന്നില്ല എന്നതുമാണ്‌ ഇതിലെ സന്ദേശം.നന്ദി.വീണ്ടും വരിക.

പ്രിയ സേനു ഈപ്പന്‍ അച്ചായ
നന്ദി.അങ്ങനെയൊന്നും ഇല്ല.ഇടയ്ക്കിടെ ഓരോ കഥകളും എഴുതാന്‍ ആഗ്രഹം ഉണ്ട്.അത്കൊണ്ട് എഴുതുന്നു അത്രതന്നെ.നന്ദി.

പ്രിയ നടരാജന്‍
:)

പ്രിയ ബിലാത്തിപട്ടണം
നന്ദി.ഇനിയും എഴുതാം.വീണ്ടും വായിക്കുക,

പ്രിയ മനുചേട്ടാ.
നന്ദി. ഇടയ്ക്കിടെ സമയം കിട്ടുമ്പോള്‍ വായിക്കണം.ഒപ്പം തിരുത്തി തരണം.നന്ദി.

പ്രിയ കുറുമാന്‍ ചേട്ടാ.
നന്ദി.നിങ്ങളെ പോലുള്ളവരുടെ കമന്റുകള്‍ വീണ്ടും എഴുതാന്‍ പ്രചോദനം തരാറുണ്ട്.സമയമുള്ളപ്പോള്‍ വരണം ഇതുവഴി.

പ്രിയ ശിവേട്ടാ,
എന്നും എന്നെ തിരുത്താറുള്ള ചേട്ടന്‍ പറഞ്ഞത് സത്യം തന്നെ.കഥാകാരന്‍ നായകനോട് കാണിച്ച മമതയാണ്‌ അത്തരം ഒരു അവസാനത്തിനു കാരണം.അത് തെറ്റാണു എന്നെറിയാം.
പക്ഷെ ഒരു അനുകമ്പ കഥയുടെ അവസാനം വായനാകര്‍ കരുതുന്ന രീതിയിലാക്കി.
നന്ദി.

പ്രിയ ആചാര്യാ.
നന്ദി.വീണ്ടും വരണം.

പ്രിയ ചിത്രകാര
നന്ദി.വീണ്ടും വരണം,

എല്ലാവര്‍ക്കും വീണ്ടും ഒരിക്കല്‍ കൂടി നന്ദി.
വീണ്ടും ഈ വഴി വരണം .

സ്നേഹത്തോടെ
(ദീപക് രാജ്)

സുധി അറയ്ക്കൽ said...

ആദ്യം മുതലുള്ള പോസ്റ്റുകൾ വായിച്ചു വരികയാണു...ഈ കുഞ്ഞു കഥ ഇഷ്ടപ്പെട്ടു.അവസാനം കുറച്ചൂടെ നന്നാക്കാമായിരുന്നു.