ഗള്‍ഫന്‍ ആകാനുള്ള അടങ്ങാത്ത കൊതിയുമായി കുവൈറ്റില്‍ എത്തിയ കാലം. അധികമോന്നുമായിട്ടില്ല ഇപ്പോഴും ആദ്യമായി വിദേശത്തു വന്നിറങ്ങിയതിന്റെ ത്രില്‍ ഇന്നലെയെന്നവണ്ണം മായാതെ നില്‍ക്കുന്നു. വന്നു അധികം കഴിയാതെ തന്നെ ക്യാമ്പ് ജീവിതമായി പൊരുത്തപ്പെടുന്നതിന്റെ നിരവധി പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. സ്റ്റാഫ് കാറ്റഗറിയില്‍ നല്ല സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അല്‍പ്പം കര്‍ക്കശക്കാരനായ ജയില്‍ വാര്‍ഡന്റെ മുഖമുള്ള ക്യാമ്പ് ബോസ്സ് നാട്ടില്‍ നിന്നും അര്‍മാദിച്ചു തിമിര്‍ത്തുവന്ന എന്റെ സ്വാതന്ത്ര്യമോഹത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്നതാണ് വാസ്തവം. അതും പോരാഞ്ഞ് രാവിലെ ക്യാമ്പില്‍ നിന്ന് ഓഫീസിലേക്കുള്ള അരമണിക്കൂര്‍ യാത്രയില്‍ നാരീദര്‍ശന സൌഭാഗ്യം തന്നെ അത്യപൂര്‍വ്വം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം എന്നാ ഭാരതീയ അന്തരീക്ഷത്തില്‍ നിന്ന് പൂത്തത് പോയിട്ട് ഒണക്ക മരങ്ങള്‍ പോലുമില്ലാത്ത ഡ്രൈ അന്തരീക്ഷത്ത് താമസിക്കേണ്ടി വന്നത് ജീവിതത്തില്‍ അല്പം വിരസതകള്‍ വീഴ്ത്തി.
സിവില്‍ ഐ.ഡി.കൈവശം കിട്ടിക്കഴിഞ്ഞാണ് അല്പം സ്വാതന്ത്ര്യം കിട്ടിയത്. ഒഴിവു ദിവസങ്ങളില്‍ നേരെ അബ്ബാസിയയിലോട്ടു മുങ്ങും.പിന്നെ വ്യാഴം വെള്ളി രണ്ടു ദിവസം അര്‍മാദിച്ചു തിരികെ വരും. ക്യാമ്പ് ബോസ്സില്ലാത്ത ഈ അബ്ബാസിയ ജീവിതം വളരെയിഷ്ടമാണെങ്കിലും അങ്ങോട്ട് സ്ഥിരതാമസം മാറ്റല്‍ ഓഫീസിലേക്കുള്ള ദൂരവും,വെളിയിലെ താമസവും പിന്നെ ശമ്പളം നാട്ടിലേക്കു "ചവിട്ടി"ക്കഴിഞ്ഞാല്‍ പിന്നെ ക്ഷയരോഗ ബാധിതനെപ്പോലെ കൃശഗാത്രനാവുന്ന പേഴ്സും അത്തരം അതിമോഹങ്ങളില്‍ നിന്നെന്നെ വിലക്കി.
പതിവ് പോലെ ഒരു വ്യാഴാഴ്ച വൈകിട്ട് അബ്ബാസിയയിലോട്ടു തിരിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച അരദിവസം വെള്ളിയാഴ്ച്ച മുഴുദിവസവും ഒഴിവു തന്നെ.
അബ്ബാസിയയില്‍ നിറയെ കൂട്ടുകാരുണ്ട്. മിക്കവാറും നാട്ടുകാരും പരിചയക്കാരുമായതിനാല്‍ വീണ്ടുമൊരു സന്തോഷ സുദിനം സ്വപ്നം കണ്ടു നേരെ ബസില്‍ കയറി ഫഹഹീലില്‍ എത്തി ബംഗാളി ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഷെയറിംഗ് ടാക്സി പിടിച്ചു അബ്ബാസിയയില്‍ എത്തി.
നേരെ കൂട്ടുകാരുടെ മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ ആരും വാതില്‍ തുറക്കുന്നില്ല.. സെല്‍ഫോണില്‍ വിളിച്ചു എത്തിയകാര്യം പറഞ്ഞപ്പോള്‍ അകത്ത് നിന്ന് ആരോ ഓടിവരുന്ന ശബ്ദം കേട്ടു.
പേടിച്ചു വാതില്‍ തുറന്നു ചുറ്റും നോക്കി മുയലിനെ ചെവിയില്‍ തൂക്കി എറിയുന്നതുപോലെ എന്നെ അകത്തേക്ക് വലിച്ചിട്ടു കൂട്ടുകാരന്‍ വാതില്‍ അടച്ചപ്പോള്‍ ഞാന്‍ ഞെട്ടി.കാരണം അകത്തെന്തോ തരികിട പരിപാടികള്‍ നടക്കുന്നതുപോലെ ഒരു തോന്നല്‍.വല്ല പെണ്ണ് കേസുമാണെങ്കില്‍ ദൈവമേ ചതിച്ചു. മുടിമോട്ടയടിച്ചു കുവൈറ്റ് എയര്‍വേസ് വിമാനത്തില്‍ ഇരിക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പോലും വയ്യ. ഫാമിലി വിസയും,സല്‍സ്വഭാവിയുമായ സുന്ദരന് വിവാഹ കമ്പോളത്തില്‍ കിട്ടുന്ന ഡിമാണ്ട് നല്ലവണ്ണം അറിയാം. വല്ല പെണ്ണ് കേസിലും കുടുങ്ങി പി.ജെ.ജോസഫായി നാട്ടില്‍ വന്നാല്‍ ഡിമാണ്ട് പോയിട്ട് പെണ്ണ് കിട്ടില്ലെന്ന് മാത്രമല്ല സത്യം ഷെയര്‍ പോലെ ഒരു പട്ടിയ്ക്കും വേണ്ടാത്ത അവസ്ഥയില്‍ നട്ടം തിരിയേണ്ടി വരും.
ജീന്‍സിന്റെ പോക്കെറ്റില്‍ കൈയിട്ടു പി.റ്റി.ഉഷയെ പോലെ ഓടാന്‍ നില്‍ക്കുന്ന എന്നെ നോക്കി സുഹൃത്ത് ചോദിച്ചു..
"എന്താടാ നീയിങ്ങനെ ഓടാന്‍ തയ്യാറായി നില്‍ക്കുന്നെ.അകത്തെന്താ തൃശ്ശൂര്‍ പൂരത്തിന് തീകൊടുക്കുന്നുണ്ടോ.."
ശെടാ. ഓടാന്‍ അങ്ങനെയും ഒരു കാരണം ഉണ്ടല്ലേ.
ഞാന്‍ മുറിയില്‍ ചുറ്റും നോക്കി.ഒരു പ്രത്യേക മണം. മുമ്പോങ്ങും ഇവിടെ വന്നപ്പോള്‍ അനുഭവപ്പെടാത്ത ആ മണത്തിന്റെ ശ്രോതസ്സ് നോക്കി മൂക്കിന്റെ റെഡാര്‍ സെറ്റ് ചെയ്തപ്പോള്‍ കൂട്ടുകാരന്‍ എന്റെ ശ്വാസം നിലയ്ക്കുന്ന ആ വാര്‍ത്ത പറഞ്ഞു.
അകത്ത് സോമരസ നിര്‍മ്മാണമാണത്രേ.പച്ച മലയാളത്തില്‍ ചാരായം വാറ്റ്. എന്റെ നാട്ടില്‍ വളരെ നല്ലപോലെ പല ചെറുകിട ഭാഗ്യന്വേഷികളും പയറ്റുന്ന കാര്യം പക്ഷെ ഇവിടെ കേട്ടപ്പോള്‍ ഞെട്ടി.കാരണം പുറത്തോ ചന്തിയ്ക്കോ (ചന്തിയെന്ന വാക്ക് ചീപ് ആയെന്നു തോന്നുന്നവര്‍ക്ക് പൃഷ്ടത്തില്‍) അടികിട്ടുമെന്നു കേട്ടിട്ടുണ്ട്. പക്ഷെ എത്രയെന്നോ എവിടെ വെച്ചെന്നോ എന്നൊന്നും കേട്ടിട്ടില്ല. അതിന്റെ മണം വരാതിരിക്കാനാണത്രേ മുറിയില്‍ ഡറ്റൊളും റൂം ഫ്രെഷ്ണരും അടിച്ചു നശിപ്പിച്ചു മണം മനസ്സിലാക്കാത്ത രീതിയില്‍ ആക്കിയിരിക്കുന്നത്. ഞാന്‍ പതിയെ അടുക്കളയിലേക്കു അതായത് താല്‍ക്കാലിക ചാരായം നിര്‍മ്മാണ ശാലയിലേക്ക് കാലെടുത്തു വെച്ചു. നവവധു വരന്റെ ഗൃഹത്തിലേക്ക് പരിഭ്രമത്തോടെ കാലെടുത്തു വെയ്ക്കുന്ന അതെ രീതിയിലുള്ള എന്റെ വരവ് കണ്ടിട്ട് അകത്ത് വേറെ ചില കൂട്ടുകാരന്മാര്‍ ചെറിയ ചിരി ചിരിച്ചു.
ഞാന്‍ വിശദമായി ഒന്ന് നോക്കി. ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ചാരായ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. താഴെ ചെറിയ ഒരു പാത്രത്തില്‍ ചാരായം കളക്റ്റ് ചെയ്യുന്നുണ്ട്. എന്തായാലും എനിക്കവിടെ നില്‍ക്കാന്‍ അല്പം പേടിയുള്ളതു കൊണ്ട് മുകളിലെ നിലയില്‍ താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടിലേക്കു ചെന്നു. ചെന്നപ്പോള്‍ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്ക് പോവാന്‍ ഒരുങ്ങുന്നു കൂട്ടുകാരന്‍ കിച്ചണില്‍ നിന്നിറങ്ങി വന്നു. ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ടാണെന്നു തോന്നുന്നു പുള്ളി വളരെ സന്തോഷവാനായി കാണപ്പെട്ടു. കൂട്ടുകാരന്റെ ഭാര്യയുടെ പതിവ് കുശലം കഴിഞ്ഞു ഞാന്‍ സോഫയില്‍ ഇരുന്നു അധികം കഴിയുന്നതിനു മുമ്പേ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്കു പോയി.
അതുകഴിഞ്ഞ് കൂട്ടുകാരന്‍ വളരെ സന്തോഷത്തോടെ താഴെ സോമരസം നിര്‍മ്മിക്കുന്ന കാര്യം എന്നോട് പറഞ്ഞു.
ഞാന്‍ അവിടെ പോയിട്ട് വന്നകാര്യം പറഞ്ഞപ്പോള്‍ അല്പം പതിയെ ആ പ്രോജക്ടില്‍ കാശ് മുടക്കുന്നത് ഇഷ്ടനാണ് എന്നറിയിച്ചു. ഭാര്യപോയതിന്റെ സന്തോഷത്തിലാണ് ആശാന്‍. കാരണം ഇനി വാമഭാഗം പിറ്റേന്ന് രാവിലെ മാത്രമേ വരുള്ളൂ എന്നറിയാം.അപ്പോള്‍ രാത്രി മുഴുവന്‍ അടിച്ചു പൊളിക്കാനുള്ള പദ്ധതിയില്‍ മത്തുപിടിച്ചിരിക്കുന്ന കൂട്ടുകാരനെ കണ്ടു എനിക്ക് ചിരിവന്നു. ചിലപ്പോഴൊക്കെ ഇദ്ദേഹത്തിന്റെ ഭാര്യ ഉള്ളപ്പോള്‍ ബാച്ചിലര്‍ കൂട്ടുകാരുടെ വരുന്ന ഇയാളെ ഭാര്യ മൂത്രമൊഴിക്കാന്‍ തുടല്‍ അഴിച്ചുവിട്ടതാണെന്ന് പറഞ്ഞു വളരെ കളിയാക്കുക പതിവായിരുന്നു.ഭാര്യ അല്പം സ്ട്രിക്റ്റ് ആയതിനാല്‍ ഇഷ്ടനെ അധികം കറങ്ങാന്‍ വിടില്ലായിരുന്നു.പ്രത്യേകിച്ച് താഴത്തെ നിലയില്‍ താമസിക്കുന്ന ബാച്ചികളുടെ കൂടെ.
അതുകൊണ്ട് തന്നെ ഭാര്യയുടെ ഓഫ് ദിവസങ്ങളില്‍ അവരുടെ കണ്ണുവെട്ടിച്ചു താഴത്തെ നിലയിലെ ബാച്ചികളുടെ മുറിയില്‍ വരുന്ന സുഹൃത്തിന്റെ മുള്ളാന്‍ അഴിച്ചു വിട്ടതാണോഡാ എന്നും പറഞ്ഞു പ്രകോപിക്കല്‍ പതിവായിരുന്നു. പക്ഷെ പതിവിനു വിപരീതമായി താഴത്തെ നിലയില്‍ നിന്നും നമ്മുടെ സോമരസ നിര്‍മ്മാതാക്കള്‍ മൂന്നുപേരും ഒരു കുപ്പി പൊതിഞ്ഞു മുകളില്‍ വന്നു. അവിടെ ഇരുന്നു അവര്‍ ആദ്യ പ്രൊഡക്ടിന്റെ ഉത്ഘാടനം നടത്തി. മദ്യം വിഷമാണ് അതുണ്ടാക്കരുത് കൊടുക്കരുത് കുടിക്കരുതെന്ന സിദ്ധന്തകാരനായ ഞാന്‍ മാത്രം കൂട്ടത്തില്‍ കൂടിയില്ല.
പക്ഷെ കുടിച്ചു അരമണിക്കൂര്‍ കഴിഞ്ഞു വൈകിട്ട് വല്ലതും കഴിക്കണമെന്ന ചിന്ത തലപൊക്കി. അവസാനം "ഫൈവ് സ്റ്റാര്‍ തട്ടുകടയില്‍" നിന്നും വല്ലതും വാങ്ങാമെന്ന നിര്‍ദ്ദേശം തലപൊക്കി.
അങ്ങനെ ഞങ്ങള്‍ അഞ്ചുപേരും കൂടി അബ്ബാസിയക്കാരുടെ പ്രിയ ഭക്ഷണശാലയായ ഫൈവ് സ്റ്റാര്‍ തട്ടുകടയിലേക്ക് വിട്ടു. പക്ഷെ മദ്യപിച്ച നാലുപേരുടെ കൂടെ പോകാന്‍ അല്പം പേടിയുണ്ടെങ്കിലും വിട്ടു നിന്നില്ല. ഒരു ചെറിയ വാനരപ്പടയുടെ കൂട്ട് ഞങ്ങള്‍ റോഡിലെത്തി.
സമയം ഏകദേശം ഒമ്പത് മണി. നൈറ്റ് ഡ്യൂട്ടികാരായ മലയാളി നേഴ്സ്മാരെക്കൊണ്ട് റോഡ് നിറഞ്ഞു. ഈ സുന്ദരീകളുടെ ദര്‍ശനവും അബ്ബാസിയ യാത്രയുടെ ഒരു ഹിഡന്‍ അജണ്ട ആണ്. അവിവാഹിതനും സുന്ദരനും സര്‍വ്വോപരി ഒരു വിവാഹ കമ്പോളത്തിലെ ഉദ്യോഗാര്‍ഥിയുമായ ഞാന്‍ ഇടയ്ക്കിടെ എനിക്ക് പറ്റിയ ഉരുപ്പടികള്‍ ആ കൂട്ടത്തിലുണ്ടോ എന്നൊക്കെ ചെറിയ നിരീക്ഷണങ്ങള്‍ നടത്തിയെന്നതും ഇതിന്റ കൂടെ പറയാം.
ഈ അരയന്നങ്ങളെ കണ്ടപ്പോള്‍ (മാടപ്രാവ് എന്നൊക്കെ പറയുന്നത് കുറച്ചിലാണ് . ഗള്‍ഫിലെ കോഴിയും കാളയും കഴിച്ചു തടിവേച്ച ഇവരെ കുറഞ്ഞപക്ഷം അരയന്നം എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ ദൈവദോഷം കിട്ടും.) എന്റെ കൂടെ വന്ന ഒരാള്‍ക്ക് അല്പം ഉത്തേജനം കൂടി. ആശാന്‍ അല്പം കൈവീശി ഈ അരയന്നങ്ങളെഎങ്ങനെ ഇമ്പ്രെസ്സ് ചെയ്യുമെന്ന കാര്യത്തില്‍ ഓരോന്ന് ആലോചിച്ചു തുടങ്ങി.ഞങ്ങള്‍ അഞ്ചു പേരുണ്ടെങ്കിലും നാലുപേരും അക്യൂട്ട് ,ക്രോണിക് തുടങ്ങിയ വിഭാഗങ്ങളില്‍ പെടുത്താവുന്ന ബാച്ചികളാണ്.
പെട്ടെന്ന് എന്റെ കൂടെ വന്ന ഒരു സഹോദരന് ഒരു ബുദ്ധി തോന്നി. കഷ്ടകാലത്തു കാളകൂടം കുടിക്കാനും ബുദ്ധി തോന്നുമെന്ന് കേട്ടിട്ടുണ്ട്.
അവിടെ ഒരു മൂലയില്‍ വച്ചിരിക്കുന്ന വലിയ വെസ്റ്റ് ഡ്രമ്മില്‍ കല്ലെറിയാം പോലും.അതില്‍ മിക്കപ്പോഴും പൂച്ചകളുണ്ടാവും. ഏറു കൊണ്ട് പൂച്ചകളുടെ കരച്ചില്‍ കേള്‍ക്കാനുള്ള ഒരു രസം. അതോടൊപ്പം അവിടെയും ഇവിടെയും നില്‍ക്കുന്ന തരുണീമണികളും നോക്കും. പറഞ്ഞു തീര്‍ന്നില്ല അതിനു മുമ്പേ ഏറു പറ്റിച്ചു.
ഞങ്ങളെ അഞ്ചു പേരെയും അമ്പരപ്പിച്ചു ബംഗാളിഭാഷയില്‍ സൂപ്പര്‍ തെറി വിളികേട്ടു. ആ ഭാഷയിലെ തെറികള്‍ പരിചയമുള്ളതുകൊണ്ട് കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ ഞാന്‍ ഓടി.പക്ഷെ വിപദി ധൈര്യം അത്ര പെട്ടെന്ന് കിട്ടഞ്ഞതുകൊണ്ടാവും അവര്‍ ആരും ഓടിയില്ല. പിന്നീട് ഉണ്ടായ കാര്യങ്ങള്‍ കേട്ടത് പറയാം.ബംഗാളിയുടെ തെറി വിളികേട്ടു മറ്റു ബംഗ്ലാദേശി സഹോദരങ്ങള്‍ ഒത്തുകൂടി. ആകെ പ്രക്ഷുബ്ദമായി എന്നുവേണം പറയാന്‍. അവസാനം ബംഗാളികള്‍ നമ്മുടെ സുഹൃത്തുകളെ കൈവേക്കുമെന്ന സ്ഥിതിയില്‍ എത്തി. നമ്മുടെ ചേട്ടന്മാരുടെ മലയാളവും ഇംഗ്ലീഷും ബംഗാളി മാത്രം അറിയാവുന്ന ചേട്ടന്മാര്‍ക്ക് മനസ്സിലായില്ല.അവസാനം അവിടെ നിന്ന ഒരു മലയാളി നേഴ്സ് അറബി അറിയാവുന്നതുകൊണ്ട് ക്ഷമ പറഞ്ഞു ചേട്ടന്മാരെ മോചിപ്പിച്ചു.പക്ഷെ പ്രശ്നം അവിടെ കൊണ്ട് തീര്‍ന്നില്ല ആ നേഴ്സ് ചേച്ചിയ്ക്ക് നമ്മുടെ വിവാഹിതന്‍ സുഹൃത്തിന്റെ ഭാര്യയെ അറിയാം.അതുകൊണ്ട് പോവാന്‍ നേരം "ലിസിയുടെ ഹസ്" അല്ലെ എന്നൊരു ചോദ്യം ചോദിച്ചിട്ടാണ് വിട്ടത്.
മറ്റു ക്രോണിക്.അക്യൂട്ട് ബാച്ചികള്‍ പ്രശ്നം കുഴപ്പമില്ലാതെ പിരിഞ്ഞതില്‍ സന്തോഷത്തോടെ പോയെങ്കിലും ലിസിയുടെ ഭര്‍ത്താവ് പേടിച്ചു പേടിച്ചു രാത്രി കഴിച്ചു കൂട്ടി. എന്തായാലും പിറ്റേന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ അത്യന്തം അപകടകാരിയായ പൊടിക്കാറ്റ്പോലെ ലിസിയെത്തി. രാജ്യം വിട്ടാലും കളയാത്ത മലയാളികളുടെ ബി.ബി.സി. നെറ്റ് വര്‍ക്ക് രാത്രി തന്നെ ലിസിയെ വിവരം അറിയിച്ചു കഴിഞ്ഞിരുന്നു.
ഈ സംഭവങ്ങള്‍ ഒന്നും അറിയാതെ അതായത് ലിസിയുടെ മാനസിക,ശാരീരിക (?) പീഡനങ്ങള്‍ സഹിച്ചു മൃതപ്രായനായ ലിസിയുടെ ഭര്‍ത്താവിനെ തിരക്കി ഞാന്‍ അവരുടെ മുറിയിലെത്തി. പീഡനമുറകള്‍ ഞാന്‍ ചെന്നിട്ടാണ് അറിഞ്ഞത്. "ഞാന്‍ ശരിക്ക് കൊടുത്തിട്ടുണ്ട് ദീപക്കിന്റെ കൂട്ടുകാരന് " എന്ന് ലിസി പറഞ്ഞപ്പോള്‍ ശാരീരിക മര്‍ദ്ദനം ഉണ്ടെന്നു ഞാന്‍ ഊഹിച്ചതാണ് അല്ലാതെ എന്റെ കൈയില്‍ സോളിഡ് പ്രൂഫ് ഒന്നുമില്ല.പക്ഷെ കൂട്ടുകാരന്റെ കിടപ്പ് കണ്ടപ്പോള്‍ എന്റെ ഊഹത്തിനു ബലം കൂടിയെന്ന് മാത്രം.എന്നെ കണ്ടു അവശനായി ഒന്ന് ചിരിച്ചപ്പോള്‍ വീണ്ടും അവനു മര്‍ദ്ദനം ഏറ്റു എന്നുള്ള സംശയം ബലപ്പെട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്ന് എനിക്ക് ഒരു ഗ്ലാസ് ചായയുമായി വന്ന ലിസി വീണ്ടും താടക വേഷമണിഞ്ഞു.
"നാണമില്ലാല്ലോ ഇങ്ങനെ കിടക്കാന്‍. താഴെ ആ പിള്ളേര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്കു കൂടെ തുള്ളാന്‍ പോയിരിക്കുന്നു.സീന പറഞ്ഞപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി."
തൊലി ഉരിഞ്ഞുപോകാന്‍ ഇവളെന്താ പാമ്പാണോ എന്നൊരു സംശയം എന്റെ മനസ്സില്‍ രൂപപ്പെട്ടെങ്കിലും സാഹചര്യത്തിലെ പ്രതികൂലാവസ്ഥ കണ്ടപ്പോള്‍ സംശയത്തില്‍ ഉടലെടുത്ത ചോദ്യം വിഴുങ്ങി. തികട്ടി വന്ന സംശയം വീണ്ടും വിഴുങ്ങി.
"നോക്ക് ദീപക്കിനെ കണ്ടു പടിക്ക്. അവനും ബാച്ചി അല്ലെ നിങ്ങളുടെ കൂട്ട് തോന്ന്യവാസം കാണിക്കാന്‍ വന്നോ.പയ്യന്‍ ആണെങ്കിലും അവനു വിവരം ഉണ്ട്.അതാണ് നിങ്ങള്‍ക്കില്ലാതെ പോയതും."
എന്റെ അതെ ക്ലാസ്സില്‍ പഠിച്ചെങ്കിലും അവന്‍ നേരത്തെ കാലത്തേ പെണ്ണ് കെട്ടിയതുകൊണ്ട് ഞാന്‍ പയ്യന്‍ ആയതിന്റെ ലിസിയുടെ വായില്‍നിന്നു ആനന്ദദായകമായ വാക്കുവന്നല്ലോ എന്നൊരു സന്തോഷം തോന്നിയെങ്കിലും അത് അവന്റെ സങ്കടത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചെന്നു വേണം കരുതാന്‍.
ഏതായാലും അതില്‍ പിന്നെ ലിസിയുടെ ഭര്‍ത്താവിന്റെ സ്നേഹിതന്‍ ആകാനുള്ള അവകാശം എന്നില്‍ മാത്രം നിക്ഷിപ്തമായി. പക്ഷെ ലിസി ഡ്യൂട്ടിയ്ക്ക് പോവുമ്പോള്‍ നിയമപരമല്ലാതെ ബാച്ചികളുടെ ഫ്ലാറ്റില്‍ തെണ്ടി നടക്കുന്ന ലിസിയുടെ ഭര്‍ത്താവിനെ കുറിച്ച് ചില വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ അതില്‍ പിന്നെ അവര്‍ ഒരിക്കലും വെസ്റ്റ് ഡ്രമ്മില്‍ എറിഞ്ഞു കളിച്ചിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.
(സമര്‍പ്പണം: ക്യാമ്പുകളില്‍ വിരസമായ ജീവിതം ജീവിക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും)
Wednesday, March 18, 2009
Subscribe to:
Post Comments (Atom)
26 comments:
!!! ((((ഠോ))))) !!!
ഞാനും ഒന്ന് എറിഞ്ഞു നോക്കട്ടെ വല്ല പൂച്ചയും ഉണ്ടോ എന്ന് എന്റെ ഭാര്യ നാട്ടിലാ.
പ്രവാസ കാലത്തെ ഓര്‍മ്മകള്‍ കൊള്ളാം
saji
ഇവിടെ നോക്കൂ
good one.. this is different from some of ur previous post.. interesting..
പ്രവാസികളുടെ ഓരോ വിക്രിയകള്‍ കാണുമ്പോള്‍ തമാശ തോന്നുന്നു.ചാരായം വാറ്റല്‍ ഉഗ്രനായി.ഞാന്‍ പ്രവാസിയല്ലാത്തതിനാല്‍ എനിക്കിതൊക്കെ വായിക്കുന്നത് ഒരു ഹരമാണ്.പിന്നെ തന്റെ കൂട്ടുകാരുടെ കമന്റ്റുകളും.ഏതായാലും ഇതൊക്കെ ഭാര്യയെ നിര്‍ബ്ബന്ധിച്ച് വായിപ്പിക്കണം,പുതിയ ബ്ലോഗിന്നുള്ള വിഷയം കിട്ടും!”ദീപകിന്റെ ഭാര്യയും ബ്ലോഗും”
ആ പൂച്ചകളെ കറിവെച്ചു തിന്നോ ?
പറപ്പന്‍ പോസ്റ്റ്. :)
ഈ പ്രഷര്‍കുക്കര്‍ വാറ്റ് ഇപ്പൊഴും ചിലയിടങ്ങളില്‍ നടക്കുന്നു എന്നു കേള്‍ക്കുന്നതില്‍ വാസ്തവം ഉണ്ടോ ദീപക്കേ...:)
1:"അതുകൊണ്ട് തന്നെ ഭാര്യയുടെ ഓഫ് ദിവസങ്ങളില്‍ അവരുടെ കണ്ണുവെട്ടിച്ചു താഴത്തെ നിലയിലെ ബാച്ചികളുടെ മുറിയില്‍ വരുന്ന സുഹൃത്തിന്റെ മുള്ളാന്‍ അഴിച്ചു വിട്ടതാണോഡാ എന്നും പറഞ്ഞു പ്രകോപിക്കല്‍ പതിവായിരുന്നു."
=== ഈ ഭാഗം പെരുത്തിഷ്ടമായി കേട്ടോ...
2:“നൈറ്റ് ഡ്യൂട്ടികാരായ മലയാളി നേഴ്സ്മാരെക്കൊണ്ട് റോഡ് നിറഞ്ഞു. ഈ സുന്ദരീകളുടെ ദര്‍ശനവും അബ്ബാസിയ യാത്രയുടെ ഒരു ഹിഡന്‍ അജണ്ട ആണ്. അവിവാഹിതനും സുന്ദരനും സര്‍വ്വോപരി ഒരു വിവാഹ കമ്പോളത്തിലെ ഉദ്യോഗാര്‍ഥിയുമായ ഞാന്‍ ഇടയ്ക്കിടെ എനിക്ക് പറ്റിയ ഉരുപ്പടികള്‍ ആ കൂട്ടത്തിലുണ്ടോ എന്നൊക്കെ ചെറിയ നിരീക്ഷണങ്ങള്‍ നടത്തിയെന്നതും ഇതിന്റ കൂടെ പറയാം.“
====ശരിയ്ക്കും മുംബൈയിലെ പഴയ ബാച്ചിലർ കാലം ഓർത്തു പോയി ദീപക്..
നർമ്മത്തിനു വേണ്ടി നർമ്മം എഴുതാതെ , വരികളിൽ ഒളിപ്പിച്ചു വച്ച ഗൂഢാർത്ഥങ്ങളിലൂടെയുള്ള അവതരണം അസലായി..
വായിച്ചു കഴിഞ്ഞിട്ടും ചുണ്ടിൽ ഒരു നേർമ്മയുള്ള പുഞ്ചിരി ബാക്കി നിൽക്കുന്നു...നന്ദി ദീപക്
അപോ വാറ്റാനും അറിയാം അല്ലെ . എന്നാ പിന്നെ നമുക്കങ്ങു തുടങ്ങിയാലോ ,
ഗള്‍ഫ് ജീവിതത്തിന്റെ ഒരു ചെറിയ കഷ്ണം നന്നായി അനാവരണം ചെയ്തു .
1)തൃശ്ശൂര്‍ പൂരത്തിന് തീ കൊടുത്തതായി കേട്ടിട്ടില്ല.
തൃശ്ശൂര്‍ പൂരത്തിന്‍റെ വെടിക്കെട്ടിന് തീ കൊടുക്കാറുണ്ട് ട്ടോ..
2)ലിസിയെ പാമ്പ് എന്ന് പറഞ്ഞത് തീരെ ഇഷ്ടപെട്ടില്ല.
3)സോളിഡ് പ്രൂഫ് ഒന്നുമില്ലാതെ ലിസിയെ ഒരു പുരുഷ പീഡനക്കാരിയാക്കിയത് തീരെ ശരിയായില്ല.
4)നിങ്ങള്ക്ക് ചാരായം വാറ്റാം...ഞങ്ങള്‍ക്ക് ഭര്‍ത്താവിനെ വരച്ച വരയില്‍ നിര്‍ത്താന്‍ പാടില്ല അല്ലെ?
5)ഈ പോസ്ടിനെതിരെ പ്രതിഷേധിച്ച് ദീപക്കിന്റെ ബ്ലോഗിലേയ്ക്ക് ഒരു പന്തം കൊളുത്തിപ്പട ഉടന്‍ പ്രതീക്ഷിക്കാം.
പോസ്റ്റ് പതിവ് പോലെ നന്നായി..
!!! ((((ഠോ))))) !!!
ദീപക്കെ,
ഇതു നന്നായല്ലോ? ( പല മുന്‍ പോസ്റ്റുകളില്‍ നിന്ന് ഇത് വ്യത്യസ്ഥപ്പെട്ടു നില്‍ക്കുന്നു. )സുനില്‍ കൃഷ്ണന്‍ പറഞ്ഞ പോലെ വായിച്ചു കഴിഞ്ഞിട്ടും ചുണ്ടിൽ ഒരു നേർമ്മയുള്ള പുഞ്ചിരി ബാക്കി നിൽക്കുന്നു. ഗുഡ്
കൊള്ളാം ദീപക്.
തൊലിയുരിഞ്ഞു പോകാന്‍ ഇവളെന്താ പാമ്പാണോ എന്ന ചിന്ത ചിരിപ്പിച്ചു.
:)
പീഡിതപ്രവാസി ഹസ്സുമാരേ
സംഘടിക്കുവിന്‍
നഷ്ടപ്പെടുവാനില്ലായൊന്നും
പീഡന പകലുകളല്ലാതെ
ദീപക്കേട്ടാ,
ഞാൻ ഒരു പുതിയ ആളാണ്.ബ്ലോഗിലെ
സംഗതികളൊക്കെ പഠിച്ചു വരുന്നതേയുള്ളു.
അധികം ബ്ലോഗുകളെയൊന്നും പരിചയമില്ലെങ്കിലും
എനിക്കിഷ്ടപ്പെട്ട ഒരു ബ്ലോഗാണിത്.
keep it up.all the best
ദീപക്കേ കലക്കന്‍...
ഈ പ്രഷര്‍കുക്കര്‍ വാറ്റ് കൊള്ളാല്ലോ... !!
:)
ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ചാരായ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. താഴെ ചെറിയ ഒരു പാത്രത്തില്‍ ചാരായം കളക്റ്റ് ചെയ്യുന്നുണ്ട്. ........വിശദീകരിച്ചെഴുതി ഇനി ഇതെടുത്ത് പരീക്ഷിക്കുന്നവര്‍ ആപ്പിലാവും...
**ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ആ ഹോസ് ഐസില്‍ മുക്കി വച്ച് ട്യൂബ് തണുത്ത് ബാഷ്പം താഴെയുള്ള കന്നാസില്‍ ശേഖരിക്കണം മിശ്രുതം ഒരിക്കലും 80 ഡിഗ്രിക്ക് മുകളിലാവരുത് ചൂട് ആ വിധം ക്രമീകരിക്കണം തിളച്ചാല്‍ മീതൈല്‍ ആല്‍ക്കഹാള്‍ ഉണ്ടാവും അതു വിഷമാണ്.
ഈ പ്രക്രീയ നടക്കുമ്പോള്‍ മണം വരാതിരിക്കാനായി നല്ല ഉണക്കമീന്‍ വറുക്കുക ജനലും തുറന്നിടുക
‘മൂക്കിന്റെ റെഡാര്‍ സെറ്റ് ചെയ്തലും ഇവനെ ജയിക്കാന്‍ പറ്റില്ല!!
ദീപക് !
മാള്‍ട്ട് കൊണ്ട് ബിയര്‍
ഗ്രേപ് ജ്യൂസ് കൊണ്ട് വൈന്‍
നാരങ്ങ, ഓറഞ്ച്, ഗ്രേപ് ഫ്രൂട്ട് ഇവ ചേര്‍ത്ത് ജിന്‍
ദക്ഷിണയും കൊണ്ട് വാ ബാക്കി അപ്പോള്‍ പറയാം
നന്നായിട്ടുണ്ടു മനോഹരം
അഭിനന്ദനങ്ങള്‍
പ്രണയ മില്ലാത്തയീ ജീവിതപൊയ്കയില്‍
പൊങ്ങിക്കിടക്കുന്നിതാ ഞാന്‍ ,
കണ്ണ്ചിമ്മിയാര്‍ക്കും വേണ്ടത്തോരനാഥപ്രേതം
കണക്കെ വെറുമൊരു-
പിണമായി ദുര്‍മണംവരിച്ചെല്ലാവര്‍ക്കും
ഒരസഹ്യമായിങ്ങനെ............
കണവര്‍ക്കെല്ലാം ഇതു തന്നെയോ വിധിയെന്‍
ദൈവമേ -കല്യാണ ശേഷം ?
ഹോ കല്യാണം കഴിച്ചാലത്തെ ഓരോ ബുദ്ധിമുട്ടേ...:):):)
കൊള്ളാം ദീപക്.
Adipoli... Ashamsakal...!!!
deepakm
whatis this
good
പ്രിയ ഞാനും എന്റെ ലോകവും,
ആദ്യ കമന്റിനു നന്ദി.
പ്രിയ മലയാളം സോങ്ങ്സ്
ആദ്യം മുതലേ ഇതേ രീതിയില്‍ ആയിരുന്നു. ഇടയ്ക്ക് അല്പം മാറ്റം വന്നേയുള്ളൂ.
നന്ദി.
പ്രിയ മുഹമ്മദ്കുട്ടി ഇക്കാ
ഇപ്പോള്‍ ഭാര്യയും വായിച്ചു തുടങ്ങി. ഞാന്‍ എന്താ ഇത്ര തിരക്കിട്ടെഴുതുന്നത് എന്ന് നോക്കാറുണ്ട്.
എല്ലാ പോസ്റ്റുകളും വായിച്ചാല്‍ കുടുംബം കുട്ടിചോര്‍ ആകില്ലേ.
നന്ദി.
പ്രിയ എം.എസ്.രാജ്.
ആ പൂച്ചകളെ വിടാറായില്ലേ. കള്ളാ പണ്ട് പൂച്ച പോയതിന്റെ വിഷമം മാറിയില്ല അല്ലെ.
നന്ദി.
പ്രിയ മനുചേട്ടാ
ചേട്ടനെപോലുള്ള ഒരാള്‍ കൊള്ളാം എന്ന് പറഞ്ഞാല്‍ അവാര്‍ഡ് കിട്ടുന്നത് പോലെയാണ്. കാരണം നര്‍മ്മം എഴുതാന്‍ ആശാനായ ഒരാള്‍ കൊള്ളാമെന്ന് പറഞ്ഞാല്‍ പിന്നെ ഊഹിക്കാമല്ലോ.
നന്ദി.
പ്രിയ സുനില്‍കൃഷ്ണന്‍
ആദ്യ ഭാഗത്തെ കളിയാക്കലില്‍ സത്യത്തില്‍ അതൊരു പൂട്ടിയിടല്‍ ആണെന്നൊക്കെ തോന്നിയിരുന്നു. പക്ഷെ വിവാഹം കഴിഞ്ഞപ്പോള്‍ അതിലെ രസം മനസ്സിലായി. അതുപോലെ റോഡരുകില്‍ കാണുന്ന ഇതു അവിവാഹിതരായ (അങ്ങനെ തോന്നുന്ന) മലയാളികളിലും നമ്മുടെ ഭാവി വധുവിനെ തെരഞ്ഞിരുന്നു. കാരണം ഒരു ബാച്ചിയുടെ ബുദ്ധിമുട്ട് തന്നെ.
നന്ദി,
പ്രിയ സ്മിത
വാറ്റാന്‍ അറിയില്ല.
രണ്ടു മൂന്നു തവണ നേരിട്ട് കണ്ടു.പക്ഷെ ഗള്‍ഫില്‍ പിടിച്ചാല്‍ ഉള്ള പേടി കാരണം വിശദമായി നോക്കാന്‍ ഉള്ള ധൈര്യം ഉണ്ടായില്ല
നന്ദി.
പ്രിയ സ്മിത ആദര്‍ശ്
1)കണ്ടോ കണ്ടോ പൂരത്തെ പറഞ്ഞപ്പോള്‍ തൃശൂര്‍ സ്നേഹം .കൊള്ളാം. എല്ലാം കരിമരുന്നല്ലേ. കത്തി കഴിഞ്ഞാല്‍ വെറും പോക. ഞാന്‍ കണ്ടിട്ടില്ല ഈ പൂരം കേട്ടോ.
2)ഇതെന്നെ വീണ്ടും ചിരിപ്പിച്ചു.
3)അപ്പോള്‍ ഫെമിനിസം തലപൊക്കി
4) ഞാന്‍ വാറ്റില്ല കൊടുക്കില്ല കുടിക്കില്ല.പിന്നെ ഇപ്പോള്‍ ഭാര്യ അധികം നിയന്ത്രിക്കില്ല എങ്കിലും അങ്ങനെ ചെയ്യുന്നത് ഇഷ്ടമാണ്.
5) ഹഹഹഹഹ്
നന്ദി.
പ്രിയ ബ്രിബിന്‍
നന്ദി,
പ്രിയ നന്ദകുമാര്‍ ചേട്ടന്‍
ഇതിന്റെ ക്രെഡിറ്റ് ചേട്ടന് തന്നെ. കാരണം അല്പം കൂടി ശ്രദ്ധിച്ചാണ് എഴുതിയത്.നന്ദി.
പ്രിയ ശ്രീ.
നന്ദി. കാരണം ഇന്നും ഈ ഡയലോഗ് ആരെങ്കിലും പറഞ്ഞാല്‍ ആദ്യം മനസ്സില്‍ വരുന്നത് ഇതാണ്.
പ്രിയ നിത്യന്‍
നല്ല മുദ്രാവാക്യം .നന്ദി.
പ്രിയ വേറിട്ടശബ്ദം
നന്ദി.വീണ്ടും വായിക്കുക.
പ്രിയ പകല്‍കിനാവാന്‍
ഇത് ഗള്‍ഫില്‍ സ്ഥിരം നടക്കുന്ന കാര്യം ആണെങ്കിലും ഞാന്‍ രണ്ടോ മൂന്നോ പ്രാവശ്യം മാത്രമേ കണ്ടുള്ളൂ. പക്ഷെ വിശദമായി കാണാന്‍ ധൈര്യം പോരായിരുന്നു, ഇത് പിടിച്ചാല്‍ അവടെ ചെയ്യുന്നവനും കാണുന്നവനും എല്ലാം അകത്താവും. നന്ദി.
പ്രിയ മാണിക്യം ചേച്ചി.
കൊള്ളാമല്ലോ. പിന്നെ ഇതിന്റെ ശാസ്ത്രീയം എനിക്കറിയില്ല. പിന്നെ ഇത് നാടന്‍ഫുഡ് ബ്ലോഗില്‍ ഇടുന്നോ. നമ്മളെല്ലാം വിദേശത്തു ആണല്ലോ. അപ്പോള്‍ ഒന്ന് ശ്രമിച്ചു നോക്കാം അല്ലെ.
നന്ദി.
പ്രിയ പാവപ്പെട്ടവന്‍
നന്ദി.
പ്രിയ ബിലാത്തിപട്ടണം
നല്ല കവിയാണല്ലോ. അതും ക്ഷിപ്ര കവി. കൊള്ളാം കേട്ടോ. നന്ദി.
പ്രിയ കൂട്ട്കാരാ
നന്ദി.
പ്രിയ ചാണക്യാ
കഴിച്ചിട്ടില്ല അല്ലെ. മിടുക്കന്‍. സമയം വരട്ടെ. നന്ദി.
പ്രിയ ജോ
നന്ദി. ഇപ്പോള്‍ എഴുത്ത് കാണാറില്ലല്ലോ. തിരക്കാണോ.?
പ്രിയ സുരേഷ് കുമാര്‍ പുഞ്ഞയില്‍.
നന്ദി സുഹൃത്തെ.
പ്രിയ ഡാഫൊഡില്‍സ് നെവെര്‍ ടൈ
നന്ദി.,
ഉസാര്‍
പ്രിയ കാട്ടിപ്പരുത്തി
നന്ദി വീണ്ടും വായിക്കുക.
വെസ്റ്റ് ഡ്രം എന്നതാണെന്ന് ഓർത്തു തല പുകയ്ക്കുവാരുന്നു ഈ പാതിരാത്രിയിൽ.ഹും!!!
Post a Comment