ഗോതമ്പ് നിറമുള്ള സുന്ദരിയെ ഞാന്‍ വിവാഹം ചെയ്യുകയെന്നത് സത്യത്തില്‍ അമ്മയുടെ ആഗ്രഹമായിരുന്നു.ഒരു പക്ഷെ വാര്‍ധക്യത്തിലും സൌന്ദര്യം മങ്ങിപോവാത്ത അവരുടെ സുന്ദരനായ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയര്‍ മകന് ഒരു സുന്ദരിയെ കിട്ടാന്‍ കൊതിച്ചത്തിലെന്താ ഇത്ര തെറ്റ്..
പക്ഷെ അവര്‍ക്കിടയില്‍ വിധിയുടെരൂപത്തില്‍ അവനുണ്ടായിരുന്നു..ജാതകദോഷമെന്ന വില്ലന്‍..ചൊവ്വാദോഷം വിവാഹം നീട്ടികൊണ്ടുപോയപ്പോള്‍ ഇനിയും വിവാഹമേ കഴിക്കില്ലെന്ന് തീരുമാനിച്ചതാ..പക്ഷെ പേരകുഞ്ഞിനെ കാണാനുള്ള അമ്മയുടെ മോഹത്തിന് മുന്‍പില്‍ തോറ്റു കൊടുക്കേണ്ടി വന്നു..
ഒടുവില്‍ ഓവര്‍സീയര്‍ മാത്തച്ചന്‍ വഴിയാണ് ആ ആലോചന വന്നത്.ജലസേചന വകുപ്പില്‍ ജോലിചെയ്യുന്ന അരുന്ധതി..ആ പെണ്‍കുട്ടിയും ജാതകദോഷം കാരണം വിവാഹം മുടങ്ങിനില്‍ക്കുകയാത്രേ..ഒടുവില്‍ മാത്തച്ചനും അമ്മയും ഞാനും കൂടി അരുന്ധതിയെ കാണാന്‍ പോയദിവസം തീര്‍ത്തും ആഹ്ലാദവതിയായിരുന്നു അമ്മ.
അമ്മയുടെ മുഖം വളരെ തെളിഞ്ഞിരുന്നു...ഒരു പത്തുവയസ്സ് കുറഞ്ഞതുപോലെ..ചായയുമായി എത്തിയ കുട്ടിയെ ഞാന്‍ കാര്യമായി ശ്രദ്ധിക്കാനെ പോയില്ല..പക്ഷെ അമ്മയുടെ മുഖം ഇരുളുന്നത് കണ്ടാണ് ഞാന്‍ അരുന്ധതിയെ നോക്കിയത്..
നന്നേ കറുത്തകുട്ടി..പക്ഷെ ശാന്തമായ ആ മുഖം ആരെയും ആകര്‍ഷിക്കുന്നതാണ്..ആ മുഖത്തെ നിഷ്കളങ്കത ആരിലും ഒരിഷ്ടം ഒക്കെ തോന്നിക്കും..അമ്മയുടെ വായില്‍നിന്നു വീണ വാക്കുകള്‍ പതിയെയാണ് കേട്ടത്.."കാളി.."
ഞെട്ടലോടെ ഞാന്‍ അരുന്ധതിയെ നോക്കി..ഇല്ല അവള്‍ അതൊന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു.പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു യാത്രപറഞ്ഞു പോരുമ്പോഴും അമ്മയുടെ മുഖം തെളിഞ്ഞിരുന്നില്ലയെന്നത് ഞാന്‍ ശ്രദ്ധിച്ചു,പക്ഷെ ജനാലയിലൂടെ എന്നെ നോക്കികൊണ്ടിരുന്ന അരുന്ധതിയുടെ നേര്‍ത്ത എന്തോ പ്രതീക്ഷിക്കുന്ന കണ്ണുകള്‍ അമ്മയുടെ മുഖത്തെ കാളിമയെക്കാള്‍ എന്നെ ചിന്താകുലനാക്കി..
യാത്രയ്ക്കിടയിലും അമ്മ ഒന്നും മിണ്ടിയില്ല..ഇടയ്ക്കെപ്പോഴോ കാളിയെന്നുരുവിട്ടോ എന്നൊരു സംശയം.വീട്ടില്‍ വണ്ടിയെതിയപ്പോഴേ അമ്മ വണ്ടിയില്‍ നിന്നിറങ്ങി വീട് തുറന്നു പൂജാമുറിയിലെക്കോടി..പിന്നാലെ ഞാനും ചെന്നു..
"എന്താ അമ്മേ..?"
എന്‍റെ ചോദ്യത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു..
"ജയ...അവളെ കണ്ടപ്പോള്‍ എനിക്ക് കാളിയെയ ഓര്‍മ വന്നത്..ചോരകുടിക്കുന്ന ഭദ്രകാളിയെ..വേണ്ട മോനേ നമുക്കത് വേണ്ടാ.."
അമ്മ വിഭ്രമത്തോടെ പറഞ്ഞു നിര്‍ത്തി..അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല..ഒരുപക്ഷെ അവളുടെ നിറമാകാം അമ്മയെ അങ്ങനൊരു തീരുമാനത്തില്‍ എത്തിച്ചത്.ഇനി സൌകര്യപൂര്‍വ്വം അമ്മയെ പറഞ്ഞുമനസ്സിലാക്കാം..പക്ഷെ പിന്നീട് അമ്മ അതേപ്പറ്റി ഒന്നും സംസാരിച്ചില്ല..തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണോ എന്ന് ശങ്കിച്ചു..പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അമ്മ ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചു..
അങ്ങനെ അരുന്ധതി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു...ഒരു നാലാംതീയതി..തിങ്കളാഴ്ച..അവള്‍ വീട്ടിലേക്ക് വലതുകാല്‍ വച്ചത് ഇന്നും ഓര്‍മ്മയുണ്ട്..നല്ല തെളിഞ്ഞുനിന്ന ആകാശം പെട്ടെന്ന് മൂടിക്കെട്ടി...ഒരു കാറ്റുവീശിയടിച്ചു..അരുന്ധതിയുടെ കൈയില്‍ ഇരുന്ന വിളക്കണഞ്ഞു..ചുറ്റും ഉണ്ടായിരുന്നവര്‍ പിറുപിറുക്കന്നത് കേട്ടു..അമ്മയുടെ വായില്‍ നിന്നു വീണത് കേട്ടു ഞാന്‍ ഒന്നു നടുങ്ങി..
"കാളി.."
പക്ഷെ എല്ലാവരെയും സമാധാനിപ്പിച്ചു ഞാന്‍ സന്ദര്‍ഭത്തിന് ഒരയവ് കൊടുക്കാന്‍ ശ്രമിച്ചു...വളരെപ്പെട്ടെന്നാണ് അവള്‍ അമ്മയോടടുത്തത്,..എന്തിനും ഏതിനും അമ്മയ്ക്ക് അരുന്ധതിമതിയെന്നായി..അമ്മ ആത്സ്മയുടെ അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഊണും ഉറക്കവും മറന്നു അരുന്ധതി ഒപ്പം കൂടി..അമ്മയുടെ സ്നേഹം വര്‍ദ്ധിക്കുകകയായിരുന്നു..ആഴ്ചകള്‍ ഓടി നീങ്ങി..ഒരുദിവസം വളരെ തിരക്കുള്ള സമയത്താണ്..ഓവര്‍സീയര്‍ മാത്തച്ചന്‍ വന്നത്..
"സാര്‍ ..വീട്ടില്‍ നിന്നു ഫോണ്‍.സാര്‍ വേഗം ചെല്ലണം എന്ന്..."
മാത്തച്ചന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി..പക്ഷെ എല്ലാം തോന്നലല്ലേ എന്ന് മനസ്സു ചോദിക്കുന്നു..വീട്ടിലേക്ക് പലവട്ടം വിളിച്ചു...പക്ഷെ ആരും ഫോണ്‍ എടുക്കുന്നില്ല..കാര്‍ എടുത്തു വീട്ടിലേക്ക് കുതിച്ചു..വീട്ടിലെത്തിയപ്പോള്‍ വീടും തൊടിയും നിറയെ ജനം.
"ദൈവമേ ..അമ്മയെക്കെന്തെങ്കിലും.."
വീടിനുള്ളിലേക്ക് ഓടിക്കയറി...അമ്മ തറയില്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു.....തലയ്ക്കുപുറകില്‍ കത്തിച്ചുവച്ചിരിക്കുന്ന സാമ്പ്രാണിതിരികള്‍ക്കും നിലവിളക്കിനും അടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞ അരുന്ധതി.......
"എടാ..അവള്‍ പോയി.....കാളി..അവള്‍ നിന്‍റെ ജീവനെടുത്തില്ല..സ്വയം....ശാപം ഏറ്റുവാങ്ങി..."
എനിക്ക് ഒന്നും മനസ്സിലായില്ല....ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് നിലത്തേക്ക് വീണു...
10 comments:
ചിന്ത.കോമിന്‍റെ "തര്‍ജ്ജനി" മാസികയില്‍ (ഡിസംബര്‍ 08 ലക്കം)പ്രസീദ്ധികരിച്ച എന്‍റെ കാളിയെന്ന ചെറുകഥ വായിക്കുക
കഥ പറഞ്ഞതെല്ലാം രസമായി.എങ്കിലും,ഇത്ര പെട്ടെന്ന് കാളിയെ കൊല്ലേണ്ടിയിരുന്നോ ?
ഒരു പളുങ്കു പിഞ്ഞാണം കയ്യില്‍ നിന്നും വീണുടഞ്ഞതുപോലെ കഥ അവസാനിച്ചിരിക്കുന്നു.
ബ്രേക്ക് പോയ ജീപ്പ് കയ്യാലയില്‍ ഇടിച്ച് മറിഞ്ഞ പോലെയായി പോയി അവസാനം. എന്നലും കുഴപ്പമില്ല.
തര്‍ജ്ജനിയില്‍ ഒക്കെ കഥ വന്നു അല്ലെ. കൊച്ചു കള്ളന്‍. [ഏതാ ഈ തര്‍ജ്ജനി]
സസ്നേഹം,
പഴമ്പുരാണംസ്
കഥ..നല്ല ഒഴുക്കോടെ വായിച്ചു വന്നതാ..അപ്പോഴേയ്ക്കും അവസാനിപ്പിച്ചു പൂട്ടിക്കെട്ടി പോയല്ലോ..എന്താ..എന്താ പറ്റിയേ?
ഇങ്ങനെ അവസാനിപ്പിക്കെണ്ടായിരുന്നു..
കഥ നന്നായി കേട്ടോ
കഥ കൊള്ളാം.
എന്നാലും ഇതൊരുമാതിരി.... പൂഞ്ഞാറ്റിലെ ട്വിസ്റ്റായിപ്പോയി, :(
ചിത്രകാരന്‍
സത്യത്തില്‍ കഥയെ കീറിമുറിച്ച് ചെറുകഥ ആകിയപ്പോള്‍ പറ്റിയ ഒരു പിശകാണ് ഈ സംഭവിച്ചത്..
സൈനു ഈപ്പന്‍ അച്ചായ...
തര്‍ജ്ജനിയില്‍ ഒക്കെ കഥ വന്നു അല്ലെ. കൊച്ചു കള്ളന്‍. [ഏതാ ഈ തര്‍ജ്ജനി]... ചിരി നിര്‍ത്തിയിട്ടു മറുപടി എഴുതാം എന്ന് വിചാരിച്ചു.. കൊള്ളാം കിടിലന്‍...ഹ ഹ ഹ
സ്മിത ആദര്‍ശ്.
കഥയെ വലിച്ചു നീട്ടണ്ട എന്ന് കരുതിപോയി.. പക്ഷെ പാവത്തിന് ജീവിച്ചു കൊതിതീരും മുമ്പെ കൊന്നുകളഞ്ഞു..
എം എസ് രാജ്..
ഓടുന്ന കാളയെ മൂക്കുകയര്‍ ഇട്ടു പിടിച്ചു നിര്‍ത്തിയത് പോലെയായി..
എല്ലാവര്‍ക്കും നന്ദി..
NB:അഗ്രിയ്ക്കും മറുമോഴിയ്ക്കും നേര്‍ച്ച ഇട്ടിട്ടുണ്ട്..ഭഗവാന്‍മാര്‍ പ്രസാദിക്കുമോ ആവോ..
വീണ്ടും എല്ലാവരും വരണം... തന്നത് തന്നത് തിന്നീടുമ്പോള്‍ വീണ്ടും ഞാന്‍ തന്നീടും എന്ന് കേട്ടിട്ടില്ല.. വേറെയും കഥകളെ ഞാന്‍ അടുപ്പത്ത് വച്ചിട്ടുണ്ട്...ചൂടോടെ വിളമ്പാം..
ഉപ്പുനോക്കി അഭിപ്രായം പറയാന്‍ ഞാന്‍ ഇപ്പോഴേ വിളിച്ചിരിക്കുന്നു.
അല്ല എന്തിനാ ഇപ്പൊ ആ കുട്ടിയെ കൊന്നത് ??? വെറുതെ നീട്ടി നീട്ടി നമുക്ക് ഒരു നോവല്‍ അക്കാരുന്നു. :)
കഥ .....
അപ്പോള്‍ എന്താ പറഞ്ഞു വരുന്നത് ?
ചൊവ്വദോഷമാണോ അരുദ്ധതിയെ തട്ടി കൊണ്ടു പോയത്?
പിന്നെ കോമ്പസിഷന് കഥ എഴുതും പോലെ
“ഒന്നര പുറത്തില്‍ കവിയാതെ എഴുതുക.”
എന്ന് നിബന്ധന വെയ്ക്കരുത് , ഇതിപ്പോ സദ്യാ ഉണ്ടിരിക്കുമ്പോള്‍ ഇല വലിച്ച പോലെ ആയീ കഥാവസാനം.....
വായിച്ചു തീര്‍ന്നപ്പോള്‍ വിഷമം ആയി.
നല്ല കഥ.
അരുദ്ധതിയെ ഒത്തിരി ഇഷ്ടായി.
അതു കൊണ്ടാ പരിഭവം....
പ്രിയ നവരുചിയാ ...
ഒരു നോവലിനുള്ള സ്കോപ്പ് ഇതില്‍ ഉണ്ടായിരുന്നോ..??
പ്രിയ മാണിക്യം.
സത്യത്തില്‍ ഞാന്‍ ഇത് തര്‍ജ്ജനിയ്ക്ക് വേണ്ടി എഴുതിയതാണ്..അവിടെ ഒരു വാക്കുകളുടെ നിബന്ധന ഉണ്ടെന്നാ കേട്ടത്.. ഒരു ആയിരം മുതല്‍ ആയിരത്തി അഞ്ഞൂറ് വരെ .. ആ കടുംപിടുത്തത്തില്‍ ലോപിച്ച് ലോപിച്ച് സംഭവം ഒരു മിനിക്കഥ പോലെയായി..
നന്ദി...വീണ്ടും വരണേ... വന്നിട്ട് ഇതേപോലെ കമന്റും പറയണം ..ഇതല്ലേ നമ്മുടെ വീണ്ടും എഴുതാനുള്ള ഇന്ധനം...
ദീപക്കേ!
ആദ്യം മുതലേ വായിച്ചു വരികയായിരുന്നു.ഇതൊരുമാതിരി കോപ്പിലെ എടപാട് ആയിപ്പോയി.!!!
Post a Comment